പാതിരാക്കാലം: വര്‍ത്തമാനകാലത്തിന്റെ പ്രതിരോധം

പ്രിയനന്ദനന്‍. മലയാള സിനിമയില്‍ ഓഫ് ബീറ്റ് സിനിമകളിലൂടെ തന്റേതായ സാന്നിദ്ധ്യമുറപ്പിച്ചയാള്‍. പ്രമേയം കൊണ്ടും കഥാപരിസരം കൊണ്ടും വ്യത്യസ്തമായ കൈവിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ സംവിധാനം ചെയ്ത് സിനിമാലോകത്ത് സ്വന്തമായി ഇടം അദ്ദേഹം കണ്ടെത്തി. ദേശീയ അവാര്‍ഡുവരെ നേടിയ സംവിധായകന്‍. സാധാരണക്കാരിലും സാധാരണക്കാരനായി തന്റെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ ടിക്കറ്റ് വില്‍ക്കാന്‍ വരെ സന്നദ്ധനായ സംവിധായകന്‍. അദ്ദേഹം തന്റെ സിനിമാ സങ്കല്‍പ്പങ്ങളെ കുറിച്ച് സംസാരിക്കുന്നു. പുതിയ സിനിമയായ പാതിരാക്കാലത്തെ കുറിച്ച്. ഇനിയും പുലരാനുള്ള തന്റെ സിനിമാ അനുഭവങ്ങളെകുറിച്ച് അദ്ദേഹം ധനശ്രീയുമായി സംസാരിക്കുന്നു.

പാതിരാക്കാലം തിയേറ്ററിലെത്തുകയാണ്. എന്താണ് പാതിരാക്കാലത്തിന്റെ സമകാലിക പ്രസക്തി?.

ആദ്യമേ പറയട്ടെ വര്‍ത്തമാനകാലത്തെ പ്രതിരോധത്തിന്റെ ഒരു രൂപമെന്ന നിലയിലാണ് ഈ സിനിമയെത്തുന്നത്. കൊല്‍ക്കത്ത, പുനെ, ജയ്പൂര്‍, ബംഗളുരു അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഗോവ സെറന്റിപിറ്റി ആര്‍ട് ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിച്ചു. പക്ഷേ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ നമ്മുടെ ചലച്ചിത്രോത്സവ വേദിയില്‍ പ്രദര്‍ശനത്തിന് അവസരമുണ്ടായില്ല. ചിലപ്പോള്‍ ഇവിടെയുള്ള തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങളിലെ മാറ്റമാകാം കാരണമെന്ന് വിശ്വസിക്കുന്നു. സമകാലിക പ്രശ്നങ്ങളാണ് ഈ ചിത്രം കൈകാര്യം ചെയ്യുന്നത്. അന്തരീക്ഷത്തില്‍ സഹാനുഭൂതിയുള്ളവരില്‍ ഒരു ഭയത്തിന്റെ മൂടല്‍ നിറഞ്ഞിരിക്കുന്ന കാലമാണിത്. തോല്‍ക്കുന്നവരോട്, സഹാനുഭൂതി തോന്നുന്നവരെ സമൂഹം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് ചര്‍ച്ച ചെയ്യുകയാണ് ഈ സിനിമ.

സമരമുഖത്ത് നിസഹായയായവരോട് കൂട്ടുചേരുന്നവരെല്ലാം തീവ്രവാദികളാകുകയാണ്. സമരപാതയിലൂടെയാണ് കേരളം നവോത്ഥാനകാലത്തിലേക്ക് കാലെടുത്തുവച്ചത്. ജന്മികള്‍ക്കെതിരെ, കുത്തകകള്‍ക്കെതിരെ എന്നും സമരമുഖം തീര്‍ത്ത ഭൂതകാലമാണ് നമ്മുടേത്. പക്ഷേ ഇന്ന് ഇന്ത്യ തന്നെ കോര്‍പറേറ്റുകള്‍ക്ക് അടിയറവ് വയ്ക്കുന്നു. വികസനത്തില്‍ നിന്ന് സാധാരണക്കാരന്‍ പുറത്താകുന്നു. ചോദ്യം ചെയ്യുന്നവരെല്ലാം ഭരണകൂടത്തിന്റെ ശത്രുപക്ഷത്താണ്.

ഹുസൈന്‍ എന്ന മൂല്യബോധങ്ങളുള്ള പാവം മനുഷ്യന്റെ തിരോധാനമാണ് ഈ കഥയുടെ പ്രമേയം. തോറ്റവര്‍ക്കൊപ്പം നില്‍ക്കുക എന്നത് ഹുസൈന്റെ തിരഞ്ഞെടുപ്പാണ്. അതിന് ആയാള്‍ക്ക് നഷ്ടം സഹിക്കേണ്ടി വരുന്നു. അയാളെതേടി മകളിറങ്ങുകയാണ്. ജഹനാര എന്ന പെണ്‍കുട്ടി സ്വന്തം ആണ്‍സുഹൃത്തിന് ഒപ്പം യാത്ര ചെയ്യുന്നു. താലിയില്ലാത്തതിനാല്‍ അവര്‍ക്ക് ഹോട്ടലില്‍ പോലും മുറി ലഭിക്കുന്നില്ല. സദാചാരത്തിന്റെ മറ്റൊരു കേരള മാതൃക അവര്‍ തിരിച്ചറിയുന്നത് അപ്പോഴാണ്.

നെയ്ത്തുകാരന്‍, പുലി ജന്മം, സൂഫി പറഞ്ഞ കഥ, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് വ്യത്യസ്തമായ വിശ്വാസങ്ങളുടെ കഥയാണ് എല്ലാം… വിശ്വാസങ്ങളെ കുറിച്ചുള്ള പ്രിയന്റെ കാഴ്ചപ്പാടെന്താണ്?.

ഇന്ന് വിശ്വാസം കച്ചവടത്തിനൊപ്പമാണ് ചേര്‍ത്ത് വച്ചിരിക്കുന്നത്. യോഗ പോലും കച്ചവടവത്കരിക്കപ്പെട്ടിരിക്കുന്നു. അതില്‍ ക്വാളിറ്റി, ക്വാണ്ടിറ്റി എന്നിവയ്ക്ക് ഒരു സ്ഥാനവുമില്ല. അത് പരിശോധിക്കപ്പെടുന്നില്ല. വിശ്വാസം അധികാരത്തിനുള്ള വഴി മാത്രമാണ്. വിശ്വാസത്തെ വോട്ടാക്കുകയാണ് പ്രധാനം. ഹിന്ദുവെന്ന് പറയുമ്പോള്‍ നാം ദളിതനെ പുറത്തു നിറുത്തും. അശാന്തനെന്താണ് ഹിന്ദുവല്ലേ, കുരീപ്പുഴ ഹിന്ദുവല്ലേ… വിശ്വാസത്തെക്കുറിച്ച് തുറന്ന് പറയുമ്പോള്‍ വെടിയൊച്ച നിങ്ങള്‍ക്കു പിന്നിലുണ്ടാകുമെന്നതാണ് വര്‍ത്തമാനകാല അനുഭവങ്ങള്‍.

സാങ്കേതിക വിദ്യയും ശാസ്ത്രവും കാലത്തിനൊപ്പം അപ്ഡേറ്റ് ചെയ്യപ്പെട്ടു. പക്ഷേ വിശ്വാസത്തിന്റെ കാര്യത്തില്‍ മനുഷ്യന്‍ അപ്ഡേറ്റ് ചെയ്യപ്പെടുന്നില്ല. അതാണ് പ്രശ്നം. പന്തിഭോജനം നടന്ന സഹോദന്‍ അയ്യപ്പന്റെ നാട്ടിലാണ് അശാന്തന്റെ മൃതദേഹത്തോട് നാം അനാദരവ് കാട്ടുന്നത്. ആള്‍ദൈവങ്ങളാണ് നമുക്ക് ചുറ്റിലും. പണക്കാരുടെ പണം പാവപ്പെട്ടവര്‍ക്കായി വിതരണം ചെയ്യുന്നുവെങ്കില്‍ അവരെ ഞാന്‍ അംഗീകരിക്കും. പക്ഷേ നാം കാണുന്നതോ. നഴ്സുമാര്‍ക്ക് പോലും ശമ്പളം കൊടുക്കില്ല. അവര്‍ സമരം നടത്തിയാല്‍ കൈയും കാലും തല്ലിയൊടിക്കും. വിശ്വാസത്തെ മൂല്യവത്തായി ഉപയോഗിക്കുന്നില്ല എന്നു തന്നെ നമുക്ക് കാണാം. ശ്രീനാരായണ ഗുരു ഇത്തരം പൗരോഹിത്യ പ്രവണതകളെ വെല്ലുവിളിച്ചാണ് ശിവനെ പ്രതിഷ്ഠിച്ചത്. ആള്‍ദൈവങ്ങള്‍ക്ക് അദ്ഭുതങ്ങള്‍ സാധിക്കുമെങ്കില്‍ നമുക്ക് ധ്യാനകേന്ദ്രങ്ങള്‍ നിര്‍മ്മിച്ചാല്‍ പോരേ. എന്തിനാണ് ഇത്തരം എല്ലാ ആളുകളും ആശുപത്രികള്‍ സ്ഥാപിക്കുന്നത്.

മറ്റ് കാലങ്ങളെ അപേക്ഷിച്ച് ഓഫ് ബീറ്റ് സിനിമകള്‍ തിയേറ്ററില്‍ ചലനമുണ്ടാക്കുന്നുണ്ട്. തൊണ്ടി മുതലും ഈടെയും പോലുള്ളവയുടെ പ്രമേയം ചര്‍ച്ച ചെയ്യപ്പെടുന്നു. ശുഭപ്രതീക്ഷയുണ്ടോ ?.

സമാന്തര സിനിമ കൊമേഴ്സ്യല്‍ സിനിമ എന്ന വേര്‍തിരിവുകള്‍ സിനിമയില്‍ പാടില്ല എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. യുക്തിബോധമുള്ള സിനിമകളാണ് ഞാന്‍ സംവിധാനം ചെയ്യാറ്. യാഥാര്‍ത്ഥ്യങ്ങളെ ഒളിച്ചുകടത്താന്‍ തയ്യാറല്ല തന്നെ. പാതിരാക്കാലം മനുഷ്യര്‍ക്കൊപ്പം നില്‍ക്കുന്ന സിനിമയാണ്. ഞങ്ങളെപോലുള്ളവര്‍ ബാഹുബലിയോടാണ് മത്സരിക്കുന്നത്. ഭ്രമിപ്പിക്കുന്ന ഒന്നും ചിലപ്പോള്‍ നിങ്ങള്‍ക്കിതില്‍ കാണാനാകില്ല. സാങ്കേതിക വിദ്യയുടെ അതിപ്രസരമുണ്ടാകില്ല. പക്ഷേ ഉള്‍ക്കാമ്പുള്ള, സത്തയുള്ള ദൃശ്യമാണ് ഞങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. മത്സരിക്കേണ്ടി വരുന്നത് കുത്തകകളോടാണ്. ആ അര്‍ത്ഥത്തില്‍ ഇത് ശരിക്കും ഒരു പ്രതിരോധം കൂടിയാണ്. തോറ്റവര്‍ക്കൊപ്പം നില്‍ക്കാനാണ് ഞങ്ങള്‍ നീന്തുന്നത്. അതുകൊണ്ട് തന്നെ സമൂഹവും ഞങ്ങളെ പിന്തുണക്കേണ്ടതുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.

നമ്മുടെയൊന്നും സിനിമകളില്‍ സൂപ്പര്‍ സ്റ്റാറുകളില്ല. നമ്മുടെ ബഡ്ജറ്റില്‍ അവരെ സഹകരിപ്പിച്ചാല്‍ കൈയിലുള്ള പണം മുഴുവന്‍ അവര്‍ക്ക് തന്നെ നല്‍കേണ്ടി വരും. വന്‍ബഡ്ജറ്റ് പടങ്ങളല്ല എന്റേത്. പലപ്പോഴും കൂടെ ജോലിയെടുക്കുന്നവര്‍ക്ക് മുഴുവനായി ശമ്പളം നല്‍കാനാകുന്നില്ല. ബ്രിട്ടീഷുകാരെ വാരിക്കുന്തം കൊണ്ട് നേരിട്ട ചരിത്രമില്ലേ. അതേപോലെയാണ് നമ്മുടെ സിനിമാപ്രവര്‍ത്തനവും. മുതലാളിത്തത്തിന്റെ കലയാണ് സിനിമ. ആ ഇടത്തില്‍ ചെറുത്തുനില്‍പ്പാണ് ഞങ്ങളെപ്പോലുള്ള കുറച്ചുപേരുടെ സിനിമ. നവംബര്‍ 2, 3 തീയതികളില്‍ തൃശൂര്‍ ഗിരിജയില്‍ ഈ ചിത്രത്തിന്റെ ഷോ ഉണ്ടായിരുന്നു. ഞാന്‍ തന്നെ ടിക്കറ്റ് വിറ്റു. രണ്ട് ദിവസം ഹൗസ് ഫുള്ളായിരുന്നു. അതോടെ ചിലര്‍ സഹായിക്കാനെത്തി. കാര്‍ണിവല്‍ ഗ്രൂപ്പിന്റെ തിയേറ്ററുകളില്‍ രണ്ട് ഷോ തരാമെന്നേറ്റിട്ടുണ്ട്. സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള 30 ഓളം തിയേറ്ററുകളിലും പ്രദര്‍ശിപ്പിക്കും. കേരളം ഒട്ടാകെ പ്രദര്‍ശിപ്പിക്കാനാകുമെന്നാണ് വിശ്വസിക്കുന്നത്. എന്നെപ്പോലെ പലരും ഇന്ന് ഇത്തരത്തില്‍ സിനിമകളെടുക്കുന്നവരുണ്ട്. സനല്‍കുമാര്‍, സുദേവന്‍ അങ്ങനെ പലരും അവരെല്ലാം നേരിടുന്ന പ്രശ്നം ഇതാണ്.

സാമൂഹിക മാദ്ധ്യമങ്ങളും സിനിമാ കൂട്ടായ്മകളും സിനിമയ്ക്ക് സഹായകമാകുന്നുണ്ടോ?.

ഫിലിം സൊസൈറ്റികള്‍ക്കും സര്‍ക്കാറിനുമെല്ലാം ഇക്കാര്യത്തില്‍ കാര്യമായി ചെയ്യാനാകും. ഐ.എഫ്.എഫ്.കെയിലേക്ക് സിനിമ തെരഞ്ഞെടുത്താല്‍ രണ്ട് ലക്ഷമാണ് ലഭിക്കുക. എന്നാല്‍ അവരുടെ കീഴില്‍ ചിത്രം എല്ലായിടത്തും പ്രദര്‍ശനങ്ങള്‍ക്കായി നല്‍കണം. ഓരോ ഫിലിം സൊസൈറ്റികളും ഇത്തരം ചിത്രങ്ങള്‍, അമ്പത് രൂപയെങ്കിലും ഈടാക്കി പ്രദര്‍ശിപ്പിച്ചാല്‍ സംവിധായകനും അണിയറക്കാര്‍ക്കും അത് ഏറെ ഗുണം ചെയ്യും. ഇത്തരം പ്രതിരോധങ്ങള്‍ക്ക് പ്രോത്സാഹനവുമാകും. ഞങ്ങള്‍ക്കൊന്നും ഉദ്ഘാടനത്തിന് പോയാല്‍ പോലും വണ്ടിക്കാശ് പോലും ലഭിക്കാറില്ല.

തെരുവ് പ്രദര്‍ശനങ്ങള്‍ വരെ സംഘടിപ്പിക്കുന്ന രീതി ജോണ്‍ എബ്രഹാമൊക്കെ ചെയ്തിരുന്നു?.

തെരുവ് പ്രദര്‍ശനങ്ങള്‍ ഫലമുണ്ടാക്കില്ലെന്നാണ് എന്റെ അഭിപ്രായം. ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍ ചെറുപ്പത്തില്‍ തെരുവില്‍ കണ്ടയാളാണ് ഞാന്‍. പക്ഷേ അത് പിന്നീട് കണ്ടപ്പോഴാണ് അതിന്റെ മേന്മ അറിയുന്നത്. ശബ്ദം, ഇരുട്ട് അങ്ങനെയുള്ള ഹാളില്‍ ഇരുന്ന് സിനിമ കാണുന്നതും തെരുവിലിരുന്ന് സിനിമ കാണുന്നതും രണ്ട് അനുഭവമാണ്. തിയേറ്ററില്‍ സിനിമ കണ്ടാലേ അതിന്റെ മേന്മ നമുക്ക് മനസിലാക്കാനാകൂ.

പാര്‍വതിയുടെ പരാമര്‍ശങ്ങള്‍, പത്മാവത് വിവാദം എന്തു തോന്നുന്നു ഇത്തരം വിവാദങ്ങളെ സംബന്ധിച്ച് ?.

പലപ്പോഴും ഇത്തരം പല വിവാദങ്ങളും ബോധപൂര്‍വ്വം ഉണ്ടാക്കുന്നതാണെന്നാണ് എന്റെ പക്ഷം. വിപണിയെ മാത്രം ലാക്കാക്കി മാത്രമുള്ള വിവാദങ്ങള്‍. പത്മാവതിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദം അത് തെളിയിച്ചതാണ്. കുത്തകകളാണ് ആ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചത്. അരാഷ്ട്രീയമാണ് അത്തരം സിനിമകളുടെ ഉള്ളടക്കമെല്ലാം.

പക്ഷേ മറ്റൊന്നില്ലേ ജാതീയമായ കാര്യങ്ങള്‍ സിനിമയില്‍ പ്രശ്നമുണ്ടാക്കുന്നില്ലേ. കറുത്ത നായകന്മാര്‍ തമിഴില്‍ മാസ് ഹീറോകളാകുമ്പോള്‍ മലയാളത്തില്‍ അങ്ങനെയുള്ള നായകന്മാര്‍ ഉണ്ടാകുന്നില്ല. എന്തു തോന്നുന്നു ?.

അതൊക്കെ ശരിയാകാം. തമിഴില്‍ നായകന്മാര്‍ക്ക് കറുപ്പാകാം. പക്ഷേ നായികമാരുടെ നിറം വെളുപ്പ് തന്നെയാണ്. പിന്നെ മറ്റൊരു കാര്യമുണ്ട്. സിനിമയില്‍ കറുപ്പിന് പിന്നിലും ഒരു രാഷ്ട്രീയമുണ്ട്. കലാഭവന്‍ മണി മികച്ച നടനായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ നായികയാകാന്‍ വിസമ്മതിച്ച നായികമാരുണ്ട്. അതിനും കാരണമുണ്ട്. മണിയുടെ നായികയായ പലരും പിന്നെ പ്രത്യക്ഷപ്പെടുന്നത് പ്രമുഖ നടന്മാരുടെ അമ്മയും മൂത്തസഹോദരിയും ആയാണ്. പക്ഷേ മറ്റൊന്നുണ്ട്. പോയ കാലത്ത് കൊണ്ടാടിയില്ലെങ്കിലും കൊട്ടാരക്കര ശ്രീധരന്‍ നായരും പി.ജെ ആന്റണിയുമെല്ലാം മികച്ച നടന്മാരായിരുന്നു. അവരുടെ അഭിനയത്തെ ഇന്നത്തെക്കാലത്തും നമുക്ക് പരിഹസിക്കാന്‍ കഴിയുമോ?. പലപ്പോഴും നടന്മാരല്ല, അവരുടെ സംഭാവനകളാണ് ചരിത്രത്തില്‍ പ്രസക്തമാകുക. മുരളിയുടെ കാര്യം തന്നെയെടുക്കുക. കൊമേഴ്സ്യല്‍ സിനിമകളില്‍ കത്തിനില്‍ക്കുമ്പോഴാണ് അദ്ദേഹം എന്റെ സിനിമകളില്‍ പ്രത്യക്ഷപ്പെടുന്നത്. പണത്തിനു വേണ്ടിയായിരുന്നില്ല അദ്ദേഹത്തിന്റെ അഭിനയം. അദ്ദേഹമില്ലായിരുന്നില്ലെങ്കില്‍ നെയ്ത്തുകാരനോ പുലിജന്മമോ ഉണ്ടാകില്ല. ആ മൂല്യബോധം ഇന്നുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്.

ഇന്നത്തെ നമ്മുടെ പലസിനിമകളും തന്നെ യുക്തിബോധത്തെ ചോദ്യം ചെയ്യുന്നവയാണ്. വാണിജ്യബോധമാണ് അവരെ നയിക്കുന്നത്. അത് വേണ്ടെന്ന് ഞാന്‍ പറയുന്നില്ല. ഒരു ദിവസമെന്നാല്‍ 24 മണിക്കൂറാണ്. 22 മണിക്കൂര്‍ നമുക്ക് ചോറിനുവേണ്ടി പണിയെടുക്കാം. ബാക്കി രണ്ട് മണിക്കൂറെങ്കിലും ചോരയ്ക്ക് വേണ്ടി പണിയെടുക്കണം. നാടകത്തില്‍ നിന്ന് സിനിമയിലെത്തിയ ആളാണ് ഞാന്‍. നൂറോളം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ നെയ്ത്തുകാരന്‍ എന്ന സിനിമയ്ക്ക് ശേഷമാണ് അറിയപ്പെടുന്നത്. അത് കഴിഞ്ഞതോടെ ഉദ്ഘാടന പരിപാടികളില്‍ ക്ഷണിതാവായി തുടങ്ങി. പക്ഷേ അപ്പോഴും പണം ലഭിക്കുക എന്നത് ഞങ്ങള്‍ക്കൊക്കെ സ്വപ്നം മാത്രമാണ്. ഞാനൊക്കെ ചെറുപ്പത്തില്‍ കെ.ജി ജോര്‍ജ്ജിന്റെയും അടൂരിന്റെയും കെ.ആര്‍ മോഹനന്റെയും സിനിമയൊക്കെ കണ്ടാണ് വളരുന്നത്. അന്ന് ഉച്ചപ്പടമെന്നൊക്കെയാണ് ഇത്തരം പടങ്ങള്‍ അറിയപ്പെട്ടിരുന്നത് തന്നെ. പക്ഷേ എനിക്ക് ചെറുപ്പക്കാരോട് ഒന്നേ പറയാനുള്ളൂ . പ്ളീസ് നിങ്ങള്‍ ഇത്തരം സിനിമകളൊന്ന് കാണാന്‍ ശ്രമിക്കൂ.. പുസ്തകത്തിന് അവാര്‍ഡ് കിട്ടിയാല്‍ വായനക്കാര്‍ അതിന് പിന്നാലെ പോകുന്നുണ്ട്. നാടകത്തിന് അവാര്‍ഡ് കിട്ടിയാലും അതിന് കൂടുതല്‍ കാഴ്ചക്കാരുണ്ടാകും. പക്ഷേ സിനിമയുടെ ദുര്യോഗമൊന്നു നോക്കൂ. അവാര്‍ഡ് കിട്ടിയാല്‍ അപ്പോള്‍ പറയും. അത് അവാര്‍ഡ് പടമാണിഷ്ടായെന്ന്. . . പിന്നെ ആളുമുണ്ടാകില്ല. അര്‍ത്ഥവുമുണ്ടാകില്ല. അതാണ് കാര്യം.

പൃഥ്വിരാജും ഒത്തുള്ള അത് മന്ദാരപ്പൂവല്ല സിനിമ ഇടയ്ക്ക് വച്ച് നിറുത്തേണ്ടി വന്നിരുന്നു. എന്തായിരുന്നു പ്രശ്നം ?.

അങ്ങനെ പല സിനിമകളും പെട്ടിയിലായിട്ടുണ്ട്. ഒടിയന്‍ അത്തരത്തിലൊന്നാണ്. പൃഥ്വിരാജിന് അന്ന് സിനിമയില്‍ അഭിനയിക്കുന്നതിന് വിലക്ക് വന്നു. സ്വാഭാവികമായി പ്രൊഡ്യൂസര്‍മാര്‍ പിന്മാറി. അങ്ങനെ ആ പ്രൊജക്ട് ഉപേക്ഷിക്കേണ്ടി വന്നു. പക്ഷേ പൃഥ്വി അതിനെയെല്ലാം മറികടന്ന് പുറത്തുവന്നു.

സാധാരണ സാഹചര്യങ്ങളില്‍ നിന്ന് വന്ന് സിനിമ സംവിധാനം ചെയ്ത് ദേശീയ അവാര്‍ഡ് വരെ നേടിയ ആളാണ് പ്രിയനന്ദനന്‍. സിനിമയുടെ രാഷ്ട്രീയം അതെന്തായിരിക്കണമെന്നാണ് കരുതുന്നത്?.

തോറ്റവര്‍, ചരിത്രത്തില്‍ അവര്‍ക്കെന്താണ് സ്ഥാനം. തോറ്റവര്‍ക്കുമുണ്ട് ചരിത്രത്തില്‍ സ്ഥാനം. എനിക്ക് ഒരു അനുഭവമുണ്ട്. തൃശൂര്‍ സാഹിത്യ അക്കാഡമിയില്‍ നിന്ന് അജിതന്‍ എന്നയാളെ അറസ്റ്റ് ചെയ്യുന്നു. എന്താണ് കുറ്റം. തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്ന പോസ്റ്റര്‍ പതിച്ചതാണ് കുറ്റം. 33 ശതമാനം മാത്രം വോട്ടുകിട്ടി നിലവില്‍ വരുന്ന ഭരണകൂടത്തെ ചോദ്യം ചെയ്യുന്നത് തന്നെ ഇപ്പോള്‍ കുറ്റമാകുന്നു. തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ പറഞ്ഞതിന് യു.എ.പി.എ ചുമത്തുന്നു. ഇതാണ് ഇന്നത്തെ അവസ്ഥ. ചോദ്യങ്ങളൊന്നും ചോദിക്കാന്‍ പാടില്ലെന്ന അവസ്ഥയാണ് ചുറ്റിലും. ഭയമാണ് ഇന്ന് ഉല്‍പാദിപ്പിക്കുന്നത്. തീവ്രവാദിയെന്ന് മുദ്രകുത്തപ്പെടാന്‍ അവസരങ്ങളേറുന്നു. നിലമ്പൂര്‍ കൊലപാതകമുണ്ടായി. എന്തിനാണ് അതെന്ന് ചോദിക്കാന്‍ പോലും പാടില്ലെന്ന അവസ്ഥ സംജാതമായിരിക്കുന്നു. പൊലീസ് ജനത്തെ സഹായിക്കാനുള്ളതാണ്. പൊതുജനത്തിന്റെ അഭയകേന്ദ്രമാണത്. നീതി നടപ്പിലാക്കാനുള്ള സംവിധാനം. പക്ഷേ നടപ്പിലാക്കുന്നതോ. മുടിവളര്‍ത്തുന്നവരെ കൊല്ലാന്‍, തീവ്രവാദികളെന്ന് മുദ്രകുത്താന്‍ അവര്‍ക്ക് ആരാണ് അവകാശം കൊടുത്തത്. ഇന്ന് മതഗ്രന്ഥങ്ങള്‍ക്കെതിരെ സംസാരിക്കാനേ പാടില്ല. യുക്തിയാണ് കുട്ടികളെ പഠിപ്പിക്കേണ്ടതെന്ന പക്ഷക്കാരനാണ് ഞാന്‍. വിമര്‍ശിച്ചില്ലെങ്കില്‍ കെട്ടിക്കിടക്കുന്ന വെള്ളമാകും നമ്മുടെ സമൂഹം. ഒഴുക്കുണ്ടാകാതെ കെട്ടിക്കിടക്കുന്ന വെള്ളം.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More