കാലിച്ചാംപൊതിയുടെ സിനിമാക്കാരന്‍

കാലിച്ചാംപൊതിയുടെ കഥാകാരനായ പി വി ഷാജി കുമാര്‍ ചെറുപ്രായത്തിലെ ഏറെ നിരൂപക പ്രശംസയേറ്റു വാങ്ങിയ എഴുത്തുകാരനാണ്. അദ്ദേഹം സിനിമയുടെ ലോകത്തിലേക്ക് കടന്നപ്പോഴും അവിടേയും സ്വന്തം മുദ്ര പതിപ്പിച്ചു. കന്യക ടാക്കീസിനും ടേക്ക് ഓഫിനും തിരക്കഥയൊരുക്കിയ അദ്ദേഹം സിനിമാ ജീവിതത്തെ കുറിച്ച് രാജി രാമന്‍കുട്ടിയുമായി സംസാരിക്കുന്നു.

ടേക്ക് ഓഫ് ഐഎഫ്എഫ്‌ഐയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ കുറിച്ച്

ടേക്ക് ഓഫ് ഇന്ത്യന്‍ പനോരമയില്‍ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു എന്നുള്ളത് ഏറെ സന്തോഷകരമായ കാര്യമാണ്. അതിലുമപ്പുറം അത്യന്തികമായി ഈ സിനിമ വളരെയധികം പ്രതിസന്ധികള്‍ക്കിടയിലും ജീവിക്കാന്‍ കഷ്ടപ്പെടുന്ന, സഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന കേരളത്തിലെ നഴ്സുമാര്‍ക്ക് സമര്‍പ്പിക്കപ്പെട്ട ചിത്രമാണ്. അതുകൊണ്ട് തന്നെ ഈ ചിത്രം അംഗീകരിക്കപ്പെടുമ്പോള്‍ അവരനുഭവിച്ചിട്ടുള്ള യാതനകള്‍ക്കും ത്യാഗങ്ങള്‍ക്കും കൂടിയുള്ള അംഗീകാരമായി കാണാനാണ് ഞാനിഷ്ടപ്പെടുന്നത്. സിനിമ ഇറങ്ങിയ സമയത്ത് പല നഴ്സുമാരും ഇതേ കുറിച്ച് എന്നോട് സംസാരിച്ചിരുന്നു.

മത്സരവിഭാഗത്തിലാണല്ലോ ടേക്ക് ഓഫിന്റെ സ്ഥാനം. സുവര്‍ണ്ണമയൂര പ്രതീക്ഷയിലാണോ എല്ലാവരും?

സുവര്‍ണ്ണമയൂരം ലഭിക്കണം, ലഭിക്കുമെന്നുള്ള പ്രതീക്ഷയും ആഗ്രഹവും എല്ലാവര്‍ക്കും ഉണ്ട്. കാരണം ടേക്ക് ഓഫിന് അത്തരത്തിലുള്ള ഒരു പുരസ്‌കാരം ലഭിക്കുകയാണെങ്കില്‍ അത് മലയാള സിനിമയ്ക്കും കേരളത്തിനും തീര്‍ച്ചയായിട്ടും അഭിമാനിക്കാവുന്ന ഒരു മുഹൂര്‍ത്തം തന്നെയായിരിക്കും അത്.

ചിത്രത്തിന്റെ അന്താരാഷ്ട്ര പശ്ചാത്തലം മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കുന്നതിന് സഹായകരമായിട്ടുണ്ടോ?

അങ്ങനെയൊരു വസ്തുതയും മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് സ്വാധീനിക്കപ്പെട്ടിട്ടുണ്ടാകാം എന്ന് തോന്നുന്നു. കാരണം അന്താരാഷ്ട്രമായ ഇറാഖിലെ ജീവിതാവസ്ഥകളിലൂടെയും ടേക്ക് ഓഫ് വളരെ നന്നായി തന്നെ അതിന്റേതായ രീതികളിലൂടെ കടന്നുപോകുന്നുണ്ട്. അപ്പോള്‍ അന്താരാഷ്ട്രതലത്തിലുള്ള പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം അത് കുറച്ചുകൂടെ അടുത്ത് നിന്ന് കാണാനുള്ള സാധ്യത ആ സിനിമയ്ക്ക് തീര്‍ച്ചയായും ഉണ്ട്. അതുകൊണ്ട് കൂടെയാവാം മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതെന്ന് തോന്നുന്നു.

ഇറാഖിലെ നഴ്‌സുമാരുടെ അവസ്ഥയെ കുറിച്ച് എഴുതാന്‍ സഹായകരമായതെന്തൊക്കെയാണ്?

ഈ പശ്ചാത്തലത്തെ കുറിച്ച് എഴുതുമ്പോള്‍ ആ ഒരു അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ള , സംഘര്‍ഷ സമയത്ത് അവിടെ ജോലി ചെയ്തിരുന്ന ഇറാഖിലെ നഴ്സുമാരായിട്ടുള്ള മെര്‍ലിന്‍ ജോസുമായും മറ്റ് പല നഴ്സുമാരായി സംസാരിക്കുകയും ചെയ്തിരുന്നു. മെര്‍ലിന്‍ ജോസാണ് ഏറ്റവും കൂടുതല്‍ സംസാരിച്ചിട്ടുള്ളത്. അവിടുത്ത രാഷ്ട്രീയ, സാമൂഹികാവസ്ഥ മനസിലാക്കാന്‍ വേണ്ടി ശ്രമിച്ചിരുന്നു. പിന്നെ യൂട്യൂബില്‍ നിന്ന് ലഭിച്ച പലതരം ഡോക്യുമെന്ററികള്‍, സംഘര്‍ഷ സമയത്ത് വന്ന റിപ്പോര്‍ട്ടുകള്‍, പലരുടേയും അഭിപ്രായങ്ങള്‍, പത്രപ്രവര്‍ത്തകരായിട്ടുള്ള സുഹൃത്തുക്കളുമായുള്ള സംസാരങ്ങള്‍ ഒക്കെ തന്നെയാണ് നഴ്സുമാരുടെ അവസ്ഥ വിഷ്വലൈസ് ചെയ്യപ്പെടുന്നത്.

സിനിമ കണ്ടതിന് ശേഷം നഴ്‌സുമാരുടെ പ്രതികരണം എങ്ങനെയായിരുന്നു?

സിനിമ കണ്ട് നഴ്സുമാരുടെ വളരെ സന്തോഷകരമായ അഭിപ്രായങ്ങളാണ് ഉണ്ടായിട്ടുള്ളത്. കാരണം അത് അവരുടെ ജീവിതമാണ് ടേക്ക് ഓഫിലുടെ അവതരിപ്പിക്കപ്പെട്ടതെന്ന് സിനിമ കണ്ട നഴ്സുമാര്‍ വ്യക്തിപരമായും അവരുമായി ബന്ധപ്പെട്ട പരിപാടികളില്‍ പങ്കെടുക്കുന്ന സമയത്തും പറഞ്ഞിട്ടുണ്ട്. തങ്ങളുടെ അന്തസ് ഉയര്‍ത്തിപിടിക്കാന്‍ ടേക്ക് ഓഫിനു കഴിഞ്ഞുവെന്നും അവര്‍ പറഞ്ഞിരുന്നു. പൊതുവെ പല മുഖ്യധാരസിനിമകളും നഴ്്സുമാരെ താഴ്ത്തിക്കെട്ടുന്ന സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്. പല ചിത്രങ്ങളിലേയും ആവിഷ്‌കാരവും അങ്ങനെയായിരുന്നു. അതില്‍ നിന്ന് വ്യത്യസ്തമായി അവരുടെ പ്രശ്നങ്ങളും അനുഭവിക്കുന്ന സംഘര്‍ഷങ്ങളും അതിജീവനും ത്യാഗവും ഒക്കെ അവതരിപ്പിക്കാന്‍ ടേക്ക് ഓഫിനു കഴിഞ്ഞുവെന്നും അവര്‍ പറഞ്ഞു.

സിനിമയിലെ കേന്ദ്ര കഥാപാത്രമായി പാര്‍വതിയുടെ അഭിനയത്തെ കുറിച്ച്

പാര്‍വതിയുടെ അഭിനയത്തെ കുറിച്ച് ഞാന്‍ പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാം. അതിഗംഭീരമായിട്ടാണ് സമീറ എന്ന കേരളത്തില്‍ നിന്ന് ഇറാഖിലേക്ക് പലായനം ചെയ്യേണ്ടി വന്ന കഥാപാത്രമായി അവര്‍ പകര്‍ന്നാടിയത്. സിനിമ കണ്ട ആര്‍ക്കും അവരുടെ അഭിനയത്തെ കുറിച്ച് എതിരഭിപ്രായം ഉണ്ടാവില്ല. കാരണം അത്രയും അത്യുജ്വലമായിട്ടാണ് പാര്‍വതി അഭിനയിച്ചിരിക്കുന്നത്. ആ സിനിമ കൊണ്ടു പോയത് സമീറയാണ്. പാര്‍വതിയാണ് ചിത്രത്തിനെ വേറെ ഒരു ലെവലിലേക്ക് എത്തിച്ചിട്ടുള്ളത്.

കന്യകാ ടാക്കീസിന് നിന്ന് വിഭിന്നമായി ഒരു കൊമേഷ്യല്‍ സിനിമയുടെ ഭാഗമായതായിരുന്നു ടേക്ക് ഓഫിലൂടെ അതേകുറിച്ച്

കന്യകാ ടാക്കീസും ടേക്ക് ഓഫും എന്നെ രണ്ടു തരത്തില്‍ എല്ലാത്തലത്തിലും ഇഷ്ടപ്പെടുത്തിയിട്ടുള്ള സിനിമകളാണ്. കൊമേഷ്യല്‍ സിനിമ, ഓഫ് ബീറ്റ് സിനിമ എന്ന വേര്‍തിരിവുകളില്‍ സിനിമയെ കാണാന്‍ എനിക്ക് സാധിക്കില്ല. നല്ല സിനിമകളുടെ ഭാഗമായിരിക്കണം എന്നാഗ്രഹിക്കുന്ന ആളാണ് ഞാന്‍. ജീവിതം പറയുന്ന അല്ലെങ്കില്‍ എന്തെങ്കിലും പറയാനുണ്ടായിരിക്കണം ഒരു സിനിമയുടെ ഭാഗമാകുമ്പോള്‍ എന്ന താല്‍പര്യം ഉണ്ട്.

മുമ്പ് കന്യകാ ടാക്കീസിനും മികച്ച പ്രതികരണമായിരുന്നല്ലോ ഗോവയിലെ പ്രേക്ഷകര്‍ നല്‍കിയത്. ആ ഓര്‍മ്മകള്‍ എങ്ങനെയാണ്?

കന്യക ടാക്കീസ് ഇന്ത്യന്‍ പനോരമയില്‍ ഉദ്ഘാടന ചിത്രമായിരുന്നു. ഏറെ സന്തോഷമുള്ളത് എഴുതിയ രണ്ട് സിനിമകളും ഗോവ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു എന്നുള്ളതാണ്. കന്യകാ ടാക്കീസിനെ ആ സമയത്ത് ഏറെ സ്നേഹത്തോടെയാണ് ഗോവയിലെ പ്രേക്ഷകര്‍ എതിരേറ്റത്. ആ സിനിമ ഉന്നയിക്കുന്ന ജീവിതവും അതിന്റെ രാഷ്ട്രീയവും അതിമനോഹരമായ വിഷ്വലൈസേഷനും ശബ്ദവും ഒക്കെ പലതലത്തില്‍ ആ സിനിമയെ അനുഭവിക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിഞ്ഞിരുന്നു എന്നാണ്‌ വിശ്വാസം.

ഇത്തവണത്തെ ഗോവമേളയില്‍ മലയാള ചിത്രങ്ങളുടെ സാന്നിദ്ധ്യം ശുഷ്‌കമാണ്. എന്താണ് കാരണം?

മലയാള ചലച്ചിത്രങ്ങള്‍ കുറയാന്‍ കാരണം സെലക്ഷന്റെ പ്രശ്നമാണ്. ജഡ്ജമെന്റ് പല തരത്തിലാണല്ലോ. ജഡ്ജിങ്ങ് പാനല്‍ സിനിമ തെരഞ്ഞെടുക്കുന്നത് അവരുടേതായ സിനിമാ അഭിരുചികളും വിഷ്വല്‍ അവസ്ഥവെച്ചുമാണ്. പക്ഷെ വളരെ മികച്ച സിനിമകള്‍ മലയാളത്തില്‍ പുതിയകാലത്തില്‍ ഉണ്ടാകുന്നുണ്ട്. തൊണ്ടി മുതലും ദൃക്ഷിയും പോലെയുള്ളവ. ജീവിതം പറയുന്ന രാഷ്ട്രീയം പറയുന്ന സിനിമകള്‍ ഉണ്ടായിട്ടുമുണ്ട്. പക്ഷെ മേളയിലേക്ക് അവ തെരഞ്ഞെടുക്കാത്തത് വളരെ നിര്‍ഭാഗ്യകരായി എന്നാണ് അഭിപ്രായം.

സെക്സി ദുര്‍ഗ, ന്യൂഡ് പോലുള്ള ചിത്രങ്ങളെ മേളയില്‍ നിന്ന് ഒഴിവാക്കിയതിനോട് എങ്ങനെ പ്രതികരിക്കുന്നു

സനല്‍കുമാര്‍ ശശിധരന്റെ സെക്സി ദുര്‍ഗ അധികാരികളുടെ ഇടപെടലിനെ തുടര്‍ന്ന് ഒഴിവാക്കപ്പെടുക എന്നത് നമ്മുടെ സാംസ്‌കാരിക ഇടങ്ങള്‍ക്ക് മേല്‍ ഭരണകൂടം ഇടപെടുന്നുവെന്നതിന്റെ ഭീകരാത്മകമായിട്ടുള്ള ദുരന്താത്മകമായിട്ടുള്ള അനുഭവപ്പെടലാണ്. ഇതിനെ രാഷ്ട്രീയമായും സാംസ്‌കാരികമായും എതിര്‍ക്കണം.കലയെ കലയായി കാണാനുള്ള ഒരു കണ്ണ് ജനാധിപത്യത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഭാരതത്തിലുള്ളതാണ്. പക്ഷെ അഹസിഷ്ണുത മനോഭാവം വളരെ വര്‍ധിച്ചുവരുന്നതിന്റെ ഏറ്റവും സമീപകാല ഉദാഹരണമാണ് സനലിന്റെ സെക്സി ദുര്‍ഗ ഗോവ ഫിലിം ഫെസ്റ്റിവലില്‍ നിന്ന് ഒഴിവാക്കപ്പെട്ട സംഭവം. കൂടാതെ മറ്റൊരു ചിത്രം ന്യൂഡ് ഒഴിവാക്കപ്പെടുന്നു. കലയുടെ മേല്‍ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നു, ഭരണാധികാരികള്‍ കൂടുതല്‍ ഇടപെടുന്നുവെന്നതിന്റെ അര്‍ത്ഥം അത് ഫാസിസത്തിലേക്കുള്ള വഴി കൂടുതല്‍ കൂടുതല്‍ വലുതായി വരുന്നു എന്നതിന്റെ സൂചനയാണ്. ഇതിന്റെ മുന്‍കാല ഉദാഹരണങ്ങള്‍ ജര്‍മനിയിലും മറ്റ് സ്വേച്ഛാധിപത്യ രാഷ്ട്രങ്ങളില്‍ ഒക്കെ കാണാം. അവര്‍ ആദ്യം നിശബ്ദമാക്കിയത് കലാകാരന്മാരെയാണ്.അത്‌ ഇന്ത്യയിലും വന്നുതുടങ്ങിയിരിക്കുന്നു എന്നുള്ളതാണ് ഏറ്റവും ഭീകരമായിട്ടുള്ള ഒരവസ്ഥ. കല്‍ബുര്‍ഗി, നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ പന്‍സാരെ, ഒടുവില്‍ ഗൗരി ലങ്കേഷ് അതായത് സാമൂഹികമായ ഉച്ഛനീചത്വങ്ങള്‍ക്കെതിരെ രാഷ്ട്രീയമായി പ്രതികരിക്കുന്ന സാമൂഹികമായി അല്ലെങ്കില്‍ സര്‍ഗ്ഗാത്മകമായി, സാംസ്‌കാരികമായി പ്രതികരിക്കുന്ന മനുഷ്യരെ ഇല്ലാതാക്കുന്ന ഭീകരമായ ഒരവസ്ഥ ഇന്ത്യയില്‍ വന്നു കഴിഞ്ഞിരിക്കുന്നു. അപ്പോള്‍ അതിന്റെ തുടര്‍ച്ചയായി രാഷ്ട്രീയം പറയുന്ന സിനിമകള്‍, രാഷ്ട്രീയം പറയുന്ന കഥകള്‍, കലാരൂപങ്ങള്‍, നിരോധിക്കുക അല്ലെങ്കില്‍ അത് മുഖ്യധാരയില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടത്തുക എന്നുള്ളത് നമ്മള്‍ ഏറ്റവും കൂടുതല്‍ പേടിക്കേണ്ട സംഭവമാണ്. കാരണം ഇത് ജനാധിപത്യ സമൂഹത്തില്‍ ഒട്ടും അഭിലഷണീയമായ കാര്യമല്ല. ഇതിനെതിരെ സര്‍ഗ്ഗാത്മകമായിട്ടും സാംസ്‌കാരികമായിട്ടും പ്രതികരിക്കേണ്ടതുണ്ട്.

സിനിമയില്‍ സജീവമാകുന്നത് കഥയെഴുത്തിനെ ബാധിക്കുന്നുണ്ടോ? ഒരു കഥ ആലോചിക്കുമ്പോള്‍ സിനിമയാക്കണോ ചെറുകഥയാക്കണോ എന്ന സംഘര്‍ഷം സ്വാഭാവികമല്ലേ?

കഥയെഴുതാനുള്ള ഒരുപാട് പ്രമേയങ്ങള്‍ ഉള്ളിലുണ്ട് പക്ഷെ അത് എഴുതാനുള്ള ഒരു സാഹചര്യം കിട്ടാതെ വന്നിട്ടുണ്ട് പലപ്പോഴും. ആദ്യം ഒരു പ്രശ്നം ഉണ്ടായിരുന്നു. ഇപ്പോള്‍ അങ്ങനെ ഒരവസ്ഥയില്ല. ഇപ്പോള്‍ വീണ്ടും കഥയെഴുത്ത് സിനിയെഴുത്തിനൊപ്പം കൊണ്ടുപോകാന്‍ കഴിയുന്നുണ്ട്.

താങ്കളുടെ കഥകളിലെല്ലാം ദൃശ്യബിംബങ്ങള്‍ നിരവധി ഉണ്ടാകാറുണ്ട്. വായനക്കാരന് കഥ മനസ്സില്‍ കാണാനും അവസരം തരുന്ന സാധ്യതകള്‍ ആണ് അത് നല്‍കുന്നത്. എങ്ങനെയാണ് വായനയെ കാഴ്ചാനുഭവമാക്കി മാറ്റുന്നത്?

കഥയില്‍ ദൃശ്യബിംബങ്ങള്‍ ഉണ്ടാവാനുള്ള കാരണം കാഴ്ചകള്‍ എല്ലാം ദൃശ്യബിംബങ്ങളായി കാണാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. ചെറുപ്പത്തിലെ ഉള്ളൊരു ശീലമാണത്. തീര്‍ത്തും ഗ്രാമമായ ജീവിതാവസ്ഥയില്‍ നിന്ന് കടന്നുവന്നിട്ടുള്ള ആളാണ് ഞാന്‍. അവിടെ കാണുന്നതൊക്കെ അത്ഭുതത്തോടെ വീക്ഷിച്ചിരുന്ന ഒരു കുട്ടിക്കാലമായിരുന്നു. ഇപ്പോഴും ഉണ്ട് ആ ശീലം. എല്ലാത്തിലും ആശ്ചര്യം തോന്നുന്ന കൗതുകം തോന്നുന്ന പ്രകൃതമാണ് എന്റേത്. അതുകൊണ്ട് ഒരു എഴുതുമ്പോള്‍ ഒരു കഥാപാത്രത്തിന്റെ രൂപം സ്വഭാവം ഇതൊക്കെ മനസ്സില്‍ ഉണ്ടാവും. കഥയുടെ പശ്ചാത്തലമായി വരുന്ന സ്ഥലം ഒക്കെ വിഷ്വലായി ഞാന്‍ കാണാറുണ്ട്.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് രാജി രാമന്‍കുട്ടി)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More