കിരീടം നേടാന്‍ പെണ്‍കുട്ടികള്‍ തന്നെ വേണ്ടി വന്നു, ലക്ഷ്യം ഇന്ത്യന്‍ ടീം: സജ്ന

ദേശീയ അണ്ടര്‍ 23 കിരീടം നേടിയ കേരള വനിതാ ക്രിക്കറ്റ് ടീം നാട്ടിലെത്തിയത് ചരിത്ര നേട്ടവുമായാണ്. ക്രിക്കറ്റിലെ ഒരു ദേശീയ ടൂര്‍ണമെന്റില്‍ ആദ്യമായാണ് കേരളം ചാമ്പ്യന്മാരാകുന്നത്. മത്സരത്തെ കുറിച്ചും വിജയത്തെ കുറിച്ചും പ്രതീക്ഷകളെ പറ്റിയും ടീം ക്യാപ്റ്റന്‍ എസ് സജ്ന സംസാരിക്കുന്നു. രാജി രാമന്‍കുട്ടിയുമായി നടത്തിയ അഭിമുഖം.

ക്രിക്കറ്റ് ദേശീയ ടൂര്‍ണമെന്റില്‍ ആദ്യമായി കേരളത്തെ ചാമ്പ്യന്മാരാക്കിയ ക്യാപ്റ്റനാണ്. ഈ വിജയത്തെ എങ്ങനെ കാണുന്നു?

സത്യത്തില്‍ വിജയിക്കാന്‍ വേണ്ടി മാത്രം കളിച്ച ഒരു ടൂര്‍ണമെന്റായിരുന്നില്ല ഇത്. കളിക്കുന്ന എല്ലാ മാച്ചിലും ഓരോ കളിക്കാരും അവരുടേതായ സംഭാവന ടീമിനു കൊടുക്കണം എന്നു തീരുമാനിച്ചാണ് ടൂര്‍ണമെന്റിന് ടീം ഒരുങ്ങിയത് തന്നെ. കപ്പടിക്കണമെന്ന മനസ്സോടെയല്ല പോകേണ്ടത്, മറിച്ച് ഓരോരുത്തരും അവരുടെ പെര്‍ഫോമന്‍സ് നന്നാക്കണമെന്നായിരുന്നു കോച്ച് തന്ന ഉപദേശവും. അത് എല്ലാ കളിക്കാര്‍ക്കും നല്ല ആത്മവിശ്വാസം തന്നു.കാരണം എല്ലാ ടീമുകളും കപ്പടിക്കണം എന്ന് കരുതിയാണ് കളിക്കാനിറങ്ങുന്നത്. ഞങ്ങള്‍ മറിച്ചായിരുന്നു. അത് തന്നെയാണ് വിജയരഹസ്യവും. ഇത്തരമൊരു വിജയം നേടിയ ടീമിന്റെ ക്യാപ്ടനാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ഈ വര്‍ഷത്തേത് ഏറ്റവും മികച്ച ടീമായിരുന്നു. എല്ലാവരും തമ്മില്‍ നല്ല ഏകോപനമുണ്ടായിരുന്നു. ബൗളിങ്ങിലും ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും ഒക്കെ മികച്ച താരങ്ങളുമായി ഫുള്‍ പാക്കേജ് ടീമുമായാണ് കളിക്കാനിറങ്ങിയത്.

വനിതാ ടീമിന്റെ വിജയത്തെ ചരിത്ര നേട്ടമായാണ് വിലയിരുത്തുന്നത്.

നമ്മുടെ ചേട്ടന്മാരൊക്കെ രഞ്ജിയില്‍ ഒക്കെ കളിച്ചിട്ടുണ്ടെങ്കിലും കേരളത്തിന്റെ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു ട്രോഫി ലഭിക്കുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷനില്‍ ഇത്തരമൊരു ട്രോഫി ആദ്യമായി എത്തിക്കാന്‍ വനിതാ ടീം തന്നെ വേണ്ടി വന്നു എന്നതില്‍ വലിയ അഭിമാനമുണ്ട്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമുണ്ട് കേരള ക്രിക്കറ്റ് ചരിത്രത്തിന്റെ ഭാഗമായി മാറിയതില്‍.

നേട്ടത്തെ തുടര്‍ന്ന് ലഭിക്കുന്ന പ്രതികരണങ്ങള്‍ എങ്ങനെയാണ്?

എല്ലാവരും സന്തോഷത്തോടെ വിളിക്കുകയും മെസ്സേജ് അയക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ക്രിക്കറ്റ് ടീമിലെ ചേട്ടന്‍മാരൊക്കെ വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്തിരുന്നു. അര്‍ഹിക്കുന്ന വിജയമാണ് ഞങ്ങള്‍ക്ക് കിട്ടിയത് എന്നാണ് എല്ലാരും പറയുന്നത്. കാരണം ഇതിന് പിന്നില്‍ ഞങ്ങളുടെ കഠിന പ്രയ്തനമുണ്ട്. പിന്നെ മീഡിയയുടെ നല്ല പിന്തുണയും കിട്ടുന്നുണ്ട്. വനിതാ ടീമിനെ കുറിച്ച് എല്ലാവരും അറിഞ്ഞു തുടങ്ങി എന്നതു തന്നെയാണ് ഏറ്റവും വലിയ കാര്യം.

ഫൈനല്‍ മത്സരത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴെന്തു തോന്നുന്നു?

മത്സരത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്പോഴും ആവേശം തന്നെയാണ്. ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. ചെയ്സിങ്ങായിരുന്നു ഫൈനലില്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. 120 ബോളില്‍ മഹാരാഷ്ട്ര 115 റണ്ണെടുത്തു. ചേസിങ്ങിന് പോകുമ്പോള്‍ ഇതില്‍ ഒരു ബോളും നമ്മുക്ക് പാഴാക്കാനില്ല. 115 റണ്ണെടുക്കാന്‍ വേണ്ടി ഓരോ ഓവറിലും എത്ര റണ്‍സെടുക്കണമെന്ന് ഞങ്ങള്‍ കണക്കുകൂട്ടി. ഫുള്‍ പ്ലാനിങ്ങിലായിരുന്നു കളിച്ചത്. പിന്നെ അവസാനം വരെ എനിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞതും വലിയ ഭാഗ്യമായി. അങ്ങനെ ടീമിനൊപ്പം നിന്ന് വിജയത്തില്‍ പങ്കാളിയായി. മഹാരാഷ്ട്രയുടേത് മികച്ച ബാറ്റിങ്ങായിരുന്നു. 115 റണ്‍സെടുത്തപ്പോള്‍ തന്നെ അവര്‍ നല്ല ആത്മവിശ്വാസത്തിലായിരുന്നു. പിന്നെ സ്റ്റേഡിയത്തില്‍ മഹാരാഷ്ട്രയ്ക്ക് നല്ല സപ്പോര്‍ട്ടുണ്ടായിരുന്നു. ചില സമയങ്ങളിലൊക്കെ കേരള ടീമിനെ തരംതാഴ്ത്തുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് സപ്പോര്‍ട്ടേഴ്സിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇതിനു കൂടിയുള്ള തിരിച്ചടിയായാണ് ഞങ്ങള്‍ അവസാനം വരെ കളി പിരിമുറുക്കത്തില്‍ നിര്‍ത്തിയത്. കേരളം ജയിച്ചതിന് ശേഷം ഈ സപ്പോര്‍ട്ടേഴ്സിന്റെ ഒരു പൊടിപോലും എവിടേയും കണ്ടില്ല.

എങ്ങനെയാണ് ക്രിക്കറ്റിലേക്ക് എത്തുന്നത്?

പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് ക്രിക്കറ്റിലേക്ക് തിരിയുന്നത്. മാനന്തവാടി ഹയര്‍ സെക്കന്ററി സ്‌കൂളിലെ കായിക അധ്യാപികയായ എല്‍സമ്മ ടീച്ചറാണ് ക്രിക്കറ്റിലേക്ക് എന്നെ തിരിച്ചു വിടുന്നത്. ചെറുപ്പത്തിലെ ക്രിക്കറ്റ് കളിക്കും. പക്ഷെ വനിതാ ക്രിക്കറ്റിന്റെ സാധ്യതകള്‍ മനസ്സിലായിരുന്നില്ല. ടീനേജിലാണ് അതെ കുറിച്ച് അറിയുന്നത്. പിന്നെ ക്രിക്കറ്റായി ലോകം. ചെറിയ ക്ലാസ് മുതല്‍ അത്ലറ്റായിരുന്നു. 200 മീറ്റര്‍, 400 മീറ്റര്‍ ഓട്ടം, ജാവലിന്‍ ത്രോ, ഷോര്‍ട്ട്പുട്ട്, ഹൈജംപ് എല്ലാം ചെയ്യുമായിരുന്നു. യു.പി ക്ലാസില്‍ പഠിക്കുമ്പോള്‍ ഹൈജംപിന് സംസ്ഥാന തലത്തില്‍ സമ്മാനം കിട്ടിയിട്ടുണ്ട്. അത്ലറ്റിക്സിന്റെ ബാക്ക്ഗ്രൗണ്ടുള്ളത് ക്രിക്കറ്റില്‍ നന്നായി ഗുണം ചെയ്യുന്നുണ്ട്. ഫിറ്റ്നസ് ചലഞ്ച് വരാറേയില്ല.

കിരീടവുമായി എത്തിയപ്പോള്‍ നാട്ടുകാരുടെ പ്രതികരണം എങ്ങനെയാണ്?

വിമാനത്താവളത്തില്‍ വെച്ച് കെ.സി.എ തന്ന സ്വീകരണമൊക്കെ വയറലായിരുന്നു. എല്ലാവരും അറിഞ്ഞു കപ്പും കൊണ്ടാണ് വന്നതെന്ന്. പിന്നെ നാട്ടിലെ ക്ലബ്ബില്‍ നിന്നൊക്കെ വിളിയായി. വലിയ സ്വീകരണം തരുന്നുണ്ട് എന്നൊക്കെ പറഞ്ഞു. പക്ഷെ നാട്ടിലെത്തിയത് പാതിരാത്രിക്കാണ്. അതുകൊണ്ട് സ്വീകരണം മിസ്സായി. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഞാന്‍ കെ.സി.എയുടെ വുമന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയറായിരുന്നു. അതുകൊണ്ട് തന്നെ നാട്ടിലൊക്കെ എന്നെ നന്നായി അറിയാം. എല്ലാവരും നല്ല സപ്പോട്ടാണ്. നാട്ടില്‍ പിള്ളേരുടെ കൂടെയൊക്കെ ക്രിക്കറ്റ് കളിക്കാന്‍ പോകും. ആ സമയത്ത് അവര്‍ സംശയമൊക്കെ ചോദിക്കും.

ക്രിക്കറ്റില്‍ വനിതാ താരങ്ങള്‍ക്ക് വേണ്ടത്ര പരിഗണന കിട്ടുന്നുണ്ടോ?

രണ്ട് മൂന്ന് വര്‍ഷം മുമ്പ് വരെ പുരുഷ ടീമിന് കിട്ടുന്ന ഒരു പരിഗണന വനിതകള്‍ക്ക് കിട്ടിയിരുന്നില്ല. സത്യമാണ് അത്. ശരിക്കും പറഞ്ഞാല്‍ ലോകകപ്പില്‍ ഇന്ത്യന്‍ വനിതാ ടീം ഫൈനലില്‍ എത്തിയതോടെയാണ് വനിതാ ടീമുകള്‍ക്ക് ശ്രദ്ധ കിട്ടി തുടങ്ങുന്നത്. കെ.സി.എ നല്‍കുന്ന ക്യാമ്പുകളിലായാലും വനിതാ ടീമിന് വേണ്ടത്ര പരിഗണന കിട്ടാറുണ്ടായിരുന്നില്ല. ഒരു മാച്ചിന് മുമ്പ് 10 ദിവസത്തെ ക്യാമ്പൊക്കെയാണ് വനിതാ ടീമിന് കിട്ടിയിരുന്നത്. ഇങ്ങനെ ലഭിക്കുന്നത് വെച്ചാണ് ടീം മത്സരങ്ങളില്‍ പങ്കെടുത്തിരുന്നത്. കെ.സി.എ ഇപ്പോള്‍ വനിതാ ടീമിനേയും പരിഗണിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എല്ലാ മാസവും 15 ദിവസത്തെ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

വനിതാ താരങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്താണ്?

ക്രിക്കറ്റ് താരങ്ങള്‍ക്ക് ജോലി കിട്ടാനുള്ള സാധ്യതകള്‍ വളരെ കുറവാണ്. കിട്ടിയാല്‍ തന്നെ അത് റെയില്‍വേയിലായിരിക്കും. സ്പോര്‍ട്സ് കൗണ്‍സിലും കെ.സി.എയും ഒരുമിച്ചു ശ്രമിക്കുകയാണെങ്കില്‍ ഇതിനൊരു മാറ്റം വരും. എങ്കിലേ ക്രിക്കറ്റിനോടുള്ള മനോഭാവത്തില്‍ മാറ്റം വരൂ. ഇപ്പോഴത്തെ ഞങ്ങളുടെ നേട്ടത്തിന് പിന്നിലും എല്ലാ കളിക്കാരുടേയും കഠിന പ്രയത്നമുണ്ട്. അത് സര്‍ക്കാരൊന്നും കണ്ടില്ലാന്ന് നടിക്കരുത്. സന്തോഷ് ട്രോഫി നേടിയ താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തു. അതുപോലെ ക്രിക്കറ്റിനേയും പരിഗണിക്കണം. ഞങ്ങളും കഷ്ടപ്പെട്ട് കളിച്ചാണ് ട്രോഫി നേടിയത്. ക്രിക്കറ്റിനേയും പരിഗണിച്ചാലേ നമ്മുടെ നാട്ടില്‍ ക്രിക്കറ്റ് വളരൂ.

എന്താണ് ക്യാപ്റ്റന്റെ സ്വപ്നം?

ഇന്ത്യന്‍ ടീമില്‍ ഇടം നേടുക തന്നെയാണ് ഏറ്റവും വലിയ സ്വപ്നം. ടീമില്‍ ഇടം നേടാതെ ഇനി ഉറക്കമില്ല. കളി തുടങ്ങിയപ്പോള്‍ മുതലുള്ള ലക്ഷ്യം ഇന്ത്യന്‍ ടീം തന്നെയാണ്. ആ ജേഴ്സി അണിയണം എന്നു തന്നെയാണ് മോഹം.

കേരളത്തില്‍ നിന്നുള്ള താരങ്ങള്‍ ദേശീയ ടീമില്‍ ഇടം നേടാത്തത് എന്തുകൊണ്ടാണ്?

ദേശീയ ടീമില്‍ കളിക്കാന്‍ കഴിവുള്ള താരങ്ങള്‍ കേരളത്തിലുണ്ട്. പക്ഷെ മത്സരങ്ങളില്‍ സ്ഥിരമായ പെര്‍ഫോമന്‍സ് കാഴ്ചവെയ്ക്കാന്‍ പറ്റാത്തതാണ് പ്രധാന പ്രശ്നം. മത്സരങ്ങളിലുണ്ടാവുന്ന കുറവാണ് ഇതിനൊരു കാരണം. കൂടുതല്‍ പരിശീലനം നല്‍കുകയും മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം കിട്ടുകയും ചെയ്താല്‍ ഉറപ്പായും കേരള താരങ്ങള്‍ക്ക് ദേശീയ തലത്തില്‍ കളിക്കാനുള്ള അവസരങ്ങള്‍ ലഭിക്കും.

മറക്കാനാവാത്ത ക്രിക്കറ്റ് അനുഭവം

ടി20 മാച്ചില്‍ ചെന്നൈ എംആര്‍എഫ് പേസ് ഫൗണ്ടേഷന്‍ സ്റ്റേഡിയത്തില്‍ വെച്ച് ഹൈദരാബാദിനെതിരെ നടന്ന മത്സരം ഒരിക്കലും മറക്കാന്‍ പറ്റില്ല. ഒരു ബോളില്‍ നാല് റണ്‍സ് വേണ്ടപ്പോഴാണ് ക്രീസിലെത്തുന്നത്. ആ നാല് റണ്‍സിന് വേണ്ടി ബൗണ്ടറി അടിച്ചാണ് കേരള ടീമില്‍ ഞാന്‍ ശ്രദ്ധിക്കപ്പെടുന്നത്.

കുടുംബത്തിന്റെ പിന്തുണ

വീട്ടുകാര്‍ സ്പോര്‍ട്സിന് എപ്പോഴും സപ്പോട്ടാണ്. പഠനത്തോടൊപ്പം ക്രിക്കറ്റും മുന്നോട്ട് കൊണ്ടു പോകണം. തൃശ്ശൂര്‍ കേരള വര്‍മ്മയില്‍ നിന്ന് ബിഎ പൊളിറ്റിക്സ് പൂര്‍ത്തിയാക്കി. ഇനി പിജിക്ക് ചേരണം. നന്നായി പ്രാക്ടീസ് ചെയ്യാന്‍ പറ്റുന്ന സ്ഥലത്ത് പിജി ചെയ്യും. വയനാട് മാനന്തവാടിയിലാണ് വീട്. അച്ഛന്‍ സജീവന്‍ ഓട്ടോ ഡ്രൈവറാണ്. അമ്മ ശാരദ മുന്‍സിപാലിറ്റി കൗണ്‍സിലറാണ്. ഒരു അനിയനുണ്ട്. സച്ചിന്‍. ഫസ്റ്റ് ഇയര്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയിറിംഗ് വിദ്യാര്‍ത്ഥിയാണ്. ഞാന്‍ വീട്ടിലെത്തുമ്പോള്‍ കൃഷ്ണിഗിരി സ്റ്റേഡിയത്തില്‍ വന്നാണ് പ്രാക്ടീസ് ചെയ്യുന്നത്.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More