മനുഷ്യനല്ലേ, ഇവോള്‍വ് ചെയ്തുകൊണ്ടിരിക്കും: ഷെയ്ന്‍ നിഗം

ടാലന്റുണ്ടായിട്ടും രക്ഷപ്പെട്ടില്ല എന്നാണ് നടനും മിമിക്രി താരവുമായ അബിയെ കുറിച്ച് പൊതുവായുള്ള അഭിപ്രായം. പക്ഷേ, മകന്‍ ഷെയ്ന്‍ നിഗമിനെ നാച്ചുറല്‍ ആക്ടര്‍ എന്നാണ് സിനിമാ പ്രേമികള്‍ വിശേഷിപ്പിക്കുന്നതും. ഇഷ്ടമില്ലാതെ എഞ്ചിനീയറിങ്ങിന് പഠിക്കാന്‍ പോയി സപ്ലികളുടെ കൂടാരത്തിനുമേല്‍ ഇരിക്കുന്ന ഷെയ്‌നിന് സിനിമ യാതൊരു പ്ലാനിങ്ങും കൂടാതെ സംഭവിച്ചതാണ്. സപ്ലികള്‍ എഴുതിയെടുക്കാമെന്നുള്ള ആത്മവിശ്വാസത്തോടെ ഷെയ്ന്‍ ഒരു പിടി നല്ല സിനിമകളുടെ ഭാഗമാകുകയാണ്. ഷെയ്ന്‍ വിശേഷങ്ങള്‍ മീരാ നളിനിയുമായി പങ്കുവയ്ക്കുന്നു.

ഷെയ്ന്‍ നിഗം, അച്ഛന്റെ സിനിമാജീവിതം കണ്ട് ഇഷ്ടം തോന്നിയിട്ടാണോ സിനിമയിലേക്ക് വന്നത്?

അങ്ങനെ ഇഷ്ടം തോന്നിയിട്ടും പ്‌ളാന്‍ ചെയ്തിട്ടുമൊന്നുമല്ല സിനിമയിലേക്ക് വരുന്നത്. ചെറുപ്പത്തിലെ ഞാന്‍ ഡാന്‍സ് ഒക്കെ കളിക്കുമായിരുന്നു. പഠിച്ചിട്ടൊന്നുമില്ല. അമൃത ടി.വിയിലെ സൂപ്പര്‍ ഡാന്‍സര്‍ ജൂനിയര്‍ എന്ന റിയാലിറ്റി ഷോയില്‍ ഞാന്‍ പങ്കെടുത്തിരുന്നു. അത് കഴിഞ്ഞ് ഹലോ കുട്ടിച്ചാത്തന്‍ എന്ന ഒരു സീരിയലില്‍ അഭിനയിച്ചു.

പിന്നീടാണ് അമല്‍ നീരദിന്റെ അന്‍വര്‍ എന്ന സിനിമയിലേക്ക് ഒരു ചെറിയ വേഷം ചെയ്യാന്‍ സൗബിന്‍ സാഹിര്‍ എന്നെ വിളിക്കുന്നത്. പുള്ളി അമലേട്ടന്റെ സംവിധാന സഹായി ആയിരുന്നു. ഞാന്‍ ചെയ്യുന്ന ഷോര്‍ട്ട് ഫിലിമൊക്കെ കാണാന്‍ വരുമായിരുന്നു. ആയിടയ്ക്ക് പുള്ളിയ്ക്ക് അന്നയും റസൂലിലും അഭിനയിക്കാന്‍ ചാന്‍സ് കിട്ടിയെന്നൊക്കെ പറഞ്ഞിരുന്നു.

ഒരു ദിവസം, രാജീവ് രവിയെ പരിചയപ്പെടാം വാ എന്ന് പറഞ്ഞു. എനിക്ക് ഒരുപാട് ഇഷ്ടമുള്ള ആളായിരുന്നു അദ്ദേഹം. ദേവ് ഡിയൊക്കെ കണ്ടപ്പോള്‍ കാമറ കണ്ട് അന്തിച്ച് ഇതിന്റെ കാമറാമാനാരാണെന്ന് പിന്നെയും ക്രെഡിറ്റ് ലിസ്റ്റില്‍ പോയി നോക്കിയിട്ടുണ്ട്.

അത്ര അടിപൊളി വര്‍ക്കാണ്. അദ്ദേഹത്തെ പരിചയപ്പെടാനുള്ള അവസരമല്ലേ എന്നാലോചിച്ചാണ് ഞാന്‍ പോയത്. അവര്‍ ശരിക്കും ആ കഥാപാത്രത്തിന് (അന്നയുടെ സഹോദരന്‍) വേണ്ടി ആളെ കാണാനായിട്ടാണ് വിളിപ്പിച്ചത്. അങ്ങനെയാണ് ഞാന്‍ ശരിക്കും സിനിമയിലേക്ക് വരുന്നത്.

അപ്പോഴൊന്നും സിനിമ സ്വപ്നം കാണാനോ ചിന്തിക്കാനോ പറ്റിയ സമയം പോലുമില്ലായിരുന്നു. പഠിത്തമല്ലേ, ഓട്ടത്തിലായിരുന്നു. മര്യാദയ്ക്ക് സിനിമ കാണാന്‍ പോലും സമയമുണ്ടായിട്ടില്ല. അങ്ങനെ ചിന്തിക്കാന്‍ പോലുമുള്ള ജീവിതമായിരുന്നില്ല ഞങ്ങളുടേത്. അങ്ങനത്തെ സാഹചര്യമായിരുന്നില്ല. പറവ വരെ സംഭവിച്ചതാണ്. സംഭവിച്ചതൊക്കെ അടിപൊളിയായതു കൊണ്ട് വളരെ സന്തോഷം.

അബിയെ കുറിച്ച് ടാലന്റുണ്ടായിട്ടും രക്ഷപ്പെട്ടില്ല എന്നൊക്കെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച കാണാറുണ്ട്. അച്ഛന് എത്തപ്പെടാന്‍ പോയിടത്ത് നേടാനായി എന്ന സന്തോഷമുണ്ടോ?

അങ്ങനെയൊന്നുമില്ല. വാപ്പച്ചി നേടേണ്ടതെല്ലാം നേടിയിട്ടുണ്ട്. കുറവും കൂടുതലും എനിക്ക് തോന്നുന്നില്ല. മലയാളികള്‍ എവിടെ ചെന്നാലും അബിയുടെ മോന്‍ എന്നാണ് പറയുന്നത്. എല്ലാവരും വാപ്പച്ചിയെ സ്‌നേഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വര്‍ക്ക് ഇഷ്ടപ്പെടുന്നുണ്ട്. വാപ്പച്ചി ചെയ്യുന്നതെന്താണോ അത് അടിപൊളിയാണ്.

ഇപ്പോഴും സ്റ്റേജില്‍ ഒരു മണിക്കൂറൊക്കെ നിന്ന് ആള്‍ക്കാരെ കയ്യിലെടുത്ത് കയ്യടിയും മേടിച്ച് ഇറങ്ങുന്നുണ്ട്. അതൊന്നും എനിക്കൊരിക്കലും ചെയ്യാനാവില്ല, ചിന്തിക്കാന്‍ പോലും പറ്റില്ല. നേടാന്‍ പറ്റിയില്ല എന്നുള്ളതൊക്കെ ആളുകള്‍ വെറുതെ സെന്റിയടിച്ചിറക്കുന്നതാണ്.

സോഷ്യല്‍ മീഡിയയിലൊക്കെ ആക്ടീവാണോ?

ഞാന്‍ ഇന്‍സ്റ്റഗ്രാമിലോ ഫേസ്ബുക്കിലോ ഒന്നുമില്ല. എന്റെ ഫ്രണ്ട്‌സ് എനിക്ക് കാണിച്ചു തരും. നിന്റെ പേരില്‍ ഇന്നലെ തുടങ്ങിയ ഒഫിഷ്യല്‍ പേജാണ് ഇതൊക്കെ എന്ന്. അതൊന്നും ഞാനല്ല. എനിക്ക് ഒരു സമയം രണ്ട് കാര്യം ചെയ്യാനാവില്ല. ഇന്‍സ്റ്റഗ്രാമോ ഫേസ്ബുക്കോ നോക്കാന്‍ തുടങ്ങിയാല്‍ മണിക്കൂറുകളോളം ഇരിക്കും.

പക്ഷേ, ഇതിലൊന്നും എനിക്ക് പ്രയോജനമുള്ളത് ഒന്നും ഞാന്‍ കണ്ടില്ല. ഇതിലൊക്കെ വരുന്ന വിവരങ്ങള്‍ എത്രത്തോളം വിശ്വസനീയമാണെന്ന് അറിയില്ല.

അതേസമയം, ഒരു പ്രിന്റഡ് മീഡിയയില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍ വിശ്വസനീയവുമാണ്. സോഷ്യല്‍ മീഡിയയില്‍ ഇരിക്കുന്ന സമയം രണ്ട് പുസ്തകം വായിച്ചാല്‍ അറിവ് കൂടുമെന്നാണ് ഞാന്‍ കരുതുന്നത്.

ഷെയിന്‍ പതുങ്ങിയ സ്വഭാവക്കാരനാണോ?

വേണ്ടിടത്ത് വേണ്ട പോലെയാണ്. എന്റെടുത്ത് എങ്ങനെയാണോ അങ്ങനെ. ഓരോ നിമിഷവും പുതിയതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

മനുഷ്യനല്ലേ, ഇവോള്‍വ് ചെയ്തുകൊണ്ടിരിക്കും. പാസ്റ്റ്, ഫ്യൂച്ചര്‍ ഒക്കെ നോക്കാണ്ട് ഇപ്പോള്‍ നമ്മള്‍ ജീവിച്ചു പോയാല്‍ അടിപൊളിയല്ലേ. ഞാനിങ്ങനത്തെ ഒരാളാണ് ഇങ്ങനെയെ ജീവിക്കൂ… അങ്ങനെയൊന്നുമില്ല.

പുറത്തിറങ്ങുമ്പോള്‍ ആളുകള്‍ തിരിച്ചറിയുന്നില്ലേ. ജീവിതം മാറിയോ?

അങ്ങനെയൊന്നുമില്ല. സാധാരണ രീതിയില്‍ കണ്ട് സിനിമ നന്നായി എന്ന് പറഞ്ഞ്, സെല്‍ഫി എടുത്ത്… അതൊന്നും കുഴപ്പമില്ല. പക്ഷേ, കിസ്മത്ത് ഒക്കെ കഴിഞ്ഞപ്പോള്‍ മൂന്നാര്‍ വട്ടവട കഴിഞ്ഞ് കോവിലൂര്‍ എന്ന സ്ഥലമുണ്ട്. കൃഷിഗ്രാമമാണ്. കൂട്ടുകാരന്‍ പറഞ്ഞ് കേട്ട് പോയതാണ്. അന്ന് എറണാകുളത്ത് നിന്ന് ബസിലാണ് പോകുന്നത്.

ആ യാത്രയ്ക്കിടെ തിരുവനന്തപുരം ഭാഷയില്‍ ചെറയുക എന്നൊക്കെ പറയുന്ന ഒരു അനുഭവം ഉണ്ടായി. അപ്പോഴാണ് ഇതിന്റെ പ്രശ്‌നം എനിക്ക് മനസ്സിലായത്. അപ്പോഴും ഇങ്ങനെ യാത്ര പോകാന്‍ പറ്റില്ലേ എന്നൊക്കെയുള്ള പേടിയേ ഉള്ളൂ.

രാജീവ് രവി സ്‌കൂളിലെ ഒന്നാമനാണ് ഷെയിന്‍. എന്താണ് അദ്ദേഹത്തില്‍ നിന്ന് പഠിച്ചത്?

പുതിയ ആളുകള്‍ സിനിമയിലേക്ക് വരാന്‍ വേണ്ടി ശ്രമിക്കുന്ന ആളാണ് രാജീവ് രവി സര്‍. സിനിമ ഒരു കൂട്ടരില്‍ ഒതുങ്ങാതെ എല്ലാവരിലും എത്തിക്കുക എന്ന മൂവ്‌മെന്റിന്റെ ഭാഗം. എഫക്ടീവാണോ അല്ലയോ എന്ന് ജഡ്ജ് ചെയ്യാന്‍ എനിക്കറിയില്ല.

നല്ലതും മോശവുമുണ്ടാകാം. പക്ഷേ, എന്നെ പോലെ ഒരു രീതിയിലും സിനിമയിലേക്ക് വരാന്‍ പറ്റാതിരിക്കുന്ന ആളുകള്‍ക്ക് എത്തിപ്പെടാന്‍ സാഹചര്യമൊരുക്കുകയാണവര്‍. ഞാനൊന്നും നായകനാകുമെന്ന് ചിന്തിച്ച ആളല്ല.

എനിക്ക് കിസ്മത്ത് എന്ന സിനിമ കിട്ടിയത്, എന്നെ ആളുകള്‍ വിളിക്കുന്നതുമെല്ലാം രാജീവ് രവി സാറിന്റെ പേരുള്ളത് കൊണ്ടാണ്. ഡൗണ്‍ ടു എര്‍ത്തായ ആളാണ് അദ്ദേഹം. എല്ലാവരെയും ഒരുപോലെ കാണുന്നയാള്‍. അതാണ് അദ്ദേഹത്തില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടതും.

സിനിമ തിരഞ്ഞെടുക്കുന്നത് എങ്ങനെയാണ്?

കഥ കേട്ട്, തിരക്കഥ വായിച്ചാണ് സിനിമ തിരഞ്ഞെടുക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട് എനിക്ക് വിശ്വാസമുള്ള ചിലരുണ്ട്. നല്ല കഥ കേട്ടാല്‍ അവരോട് ചര്‍ച്ച ചെയ്യും.

അതിനോട് സാമ്യമുള്ള ഇംഗ്‌ളീഷ് സിനിമയൊക്കെ ഉണ്ടെങ്കില്‍ അവര്‍ പറഞ്ഞു തരും. പിന്നെ, ആ സിനിമ ഞാന്‍ കണ്ട് സാമ്യമൊന്നുമില്ലെന്ന് ഉറപ്പിക്കും. ലോകത്ത് എല്ലായിടത്തും നമ്മുടെ സിനിമ എത്തണമെന്ന് ആഗ്രഹിക്കുന്ന കുറേ പേരില്‍ ഒരാളാണ് ഞാനും.

മലയാളത്തില്‍ എണ്‍പതുകളിലെ സിനിമകളൊക്കെ ഇന്റര്‍നെറ്റില്‍ നോക്കിയാല്‍ കാണാം. ഇംഗ്‌ളീഷിലും അറബിക്കിലുമൊക്കെയാണ് സബ് ടൈറ്റില്‍.

നാച്ചുറല്‍ ആക്ടര്‍ എന്നാണ് ഷെയിനിനെ ആളുകള്‍ വിശേഷിപ്പിക്കുന്നത്. അഭിനയത്തില്‍ സ്വാധീനിച്ച നടന്മാരുണ്ടോ?

ഞാന്‍ അത്ര വലിയൊരു അഭിനേതാവൊന്നുമല്ല. എനിക്കറിയാവുന്നതാണ് ഞാന്‍ ചെയ്യുന്നത്. അല്ലാതെ, അഭിനയിക്കാന്‍ പറഞ്ഞാല്‍ എനിക്ക് അറിയില്ല. ഒരു കാരക്ടര്‍ കിട്ടിയാല്‍ അത് ഞാനാണെങ്കില്‍ എന്ന് ചിന്തിച്ചാണ് അത് ചെയ്യുന്നത്. നമ്മുടെ അഭിനയം കാണുമ്പോള്‍ അവനൊന്നും ചെയ്തില്ല എന്ന് പറയുന്നവരുമുണ്ട്.

ഉദാഹരണത്തിന് കെയര്‍ ഒഫ് സൈറാബാനുവിന്റെ ഒരു റിവ്യൂവില്‍ എന്നെ കുറിച്ച് ഒരാള്‍ പറഞ്ഞത്, ഞാനറിഞ്ഞത് പറയാം. ‘ഷെയിനോ അത് നമ്മുടെ അവിടെ കാമറയൊക്കെ പിടിച്ചു നടക്കുന്ന ഒരു പയ്യന്‍. അല്ലാതെ, വല്യ അഭിനയിച്ചതായിട്ട് തോന്നിയില്ല’ എന്നായിരുന്നു. എന്നെ സംബന്ധിച്ച് വളരെ പോസറ്റീവ് ആണത്. പക്ഷേ, പറഞ്ഞയാള്‍ വളരെ സങ്കടത്തിലാണ് പറഞ്ഞത്.

ആല്‍പച്ചീനോ, റോബോര്‍ട്ട് ഡി നീറോ, വിന്‍സെന്റ് കാസല്‍, ടോം ഹാങ്ക്‌സ്, ജോണി ഡെപ്പ്, ഡി കാപ്രിയോ ഇവരൊക്കെ അസാധ്യ നടന്മാരാണ്. ഇന്ത്യന്‍ സിനിമയിലേതും നീണ്ട ലിസ്റ്റാണ്. പറഞ്ഞാല്‍ തീരില്ല.

സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍?

എഞ്ചിനീയര്‍ ആയി, ആയില്ല എന്നൊരു ഘട്ടത്തിലാണ്. എഞ്ചിനീയറിംഗ് കഴിഞ്ഞുവെന്ന് പറയാം. മൂന്ന് വര്‍ഷം വരെ കറക്ടായിട്ട് പോയി. പിന്നെ, കുറേ സപ്‌ളിയൊക്കെയായി. അതൊക്കെ എഴുതിയെടുത്താല്‍ പൂര്‍ത്തിയാകും. ചിലപ്പോള്‍ എഴുതും, ചിലപ്പോള്‍ എഴുതില്ല. ഇഷ്ടമില്ലാതെ പോയതാണ് എഞ്ചിനീയറിംഗ് പഠിക്കാന്‍.

സിനിമയിലേക്ക് പോകാമെന്ന തീരുമാനത്തിന് കോളേജിലെ ഒരു സാറിനോടും നന്ദി പറയണം. സൈറാബാനുവിനൊക്കെ മുമ്പാണ് കെട്ടോ. കോളേജിലേക്ക് വന്ന ഉമ്മച്ചിയോട് എന്നെ പഠിപ്പിച്ച മനസില്‍ നന്മയുള്ള ഏതോ സര്‍ ചോദിച്ചു.

‘ഇപ്പോള്‍ ഷെയിനിന് സിനിമയിലേക്ക് അഭിനയിക്കാന്‍ ചാന്‍സ് വന്നിട്ടുണ്ടല്ലേ. പരീക്ഷ അടുത്ത കൊല്ലവും വരും. പക്ഷേ, സിനിമയിലെ ചാന്‍സ് അടുത്ത കൊല്ലവും വരുമെന്ന് ഉറപ്പില്ലല്ലോ’ എന്ന്. അപ്പോഴാണ് ഉമ്മയ്ക്കും തോന്നിയത് അത് ശരിയാണല്ലോ എന്ന്. എന്നാലും ഇതിന്റെ ഇടയ്ക്ക് ഞാന്‍ സപ്‌ളിയെല്ലാം എഴുതിയെടുത്താല്‍ ഉമ്മച്ചിയ്ക്ക് സന്തോഷം.

വിദ്യാഭ്യാസം പുതുതലമുറയ്ക്ക് ബാധ്യതയാവുന്നുണ്ടോ?

പഠിത്തവുമായി ബന്ധപ്പെട്ട് എക്‌സ്ട്രീമിലി പത്തെറ്റിക് കണ്ടീഷനിലാണ് സമൂഹവും പാരന്റിംഗും പോകുന്നത്. കോളേജുകള്‍ അതിലേറെ.

സ്‌കൂള്‍ കഴിഞ്ഞിട്ടും യൂണിഫോമും ഇട്ട്, മനസ്സിലാകാത്ത കുറേ കാര്യങ്ങള്‍ കേട്ടു കൊണ്ടിരിക്കുന്നത്. ഞാനൊക്കെ പ്രോഗ്രാമിംഗ് കാണാതെ പഠിച്ചു പോയിട്ടുണ്ട്. എഞ്ചിനീയറിംഗിനൊക്കെ വരുന്നതില്‍ 30 ശതമാനവും ഇഷ്ടമില്ലാതെ വരുന്നവരാണ്. ഇഷ്ടപ്പെട്ട് വരുന്ന, മിടുക്കരായ എഴുപത് ശതമാനം കുട്ടികളുണ്ട്.

അവരെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. പോട്ടറി, ആര്‍ട്ട് വര്‍ക്ക് ഒക്കെ ചെയ്യാന്‍ താല്‍പര്യമുള്ള കുട്ടികളുണ്ട്. അതൊക്കെ ഇന്റര്‍നാഷണലി നല്ല ഫീല്‍ഡാണ്. അതിലൊക്കെ ടോപ്പായാല്‍ പൈസ മാത്രമല്ല, നമുക്ക് ഇഷ്ടമുള്ള ജോലി ചെയ്യുകയാണെന്ന സന്തോഷവും കിട്ടും.

ഇപ്പോള്‍ സന്തോഷമല്ലേ?

ജീവിതത്തിന്റെ ഡാര്‍ക്ക് സീനിലൂടെ കടന്ന് പോയിട്ടുണ്ട് ഞാന്‍. ഇതിനപ്പുറം ഒന്നുമില്ല എന്ന അവസ്ഥ. സപ്‌ളി വന്നാല്‍ വര്‍ഷം മിസാകും എന്ന പേടി. പ്‌ളേസ്‌മെന്റില്‍ ഇരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജീവിതമില്ലെന്ന തോന്നല്‍. അതില്‍ നിന്ന് പുറത്തു കടന്നു എന്ന സന്തോഷമുണ്ട്.

രക്ഷപ്പെട്ടോ ഇല്ലയോ എന്ന് അറിയില്ല. ഇതല്ലെങ്കില്‍ വേറെന്തെങ്കിലും ജോലിയ്ക്ക് പോകാമെന്ന ചങ്കൂറ്റമുണ്ട്. പക്ഷേ, ഇപ്പോഴും ഇതൊക്കെ അനുഭവിക്കുന്ന എന്റെ കുറേ കൂട്ടുകാരുണ്ട്. അവരെ ആലോചിക്കുമ്പോള്‍ സങ്കടമാണ്.

ചെയ്യാനായി ഏറ്റവും ഇഷ്ടമുള്ള കാര്യമെന്താ?

സന്തോഷമായി ജീവിച്ചിരിക്കുക. നമ്മള്‍ കാരണം മറ്റൊരാള്‍ കൂടി സന്തോഷിച്ചാല്‍ അടിപൊളി. അതില്‍ കൂടുതല്‍ ഒന്നുമില്ല. പത്ത് പതിനായിരം പടം ചെയ്തിട്ട് കാര്യമില്ല.

ഭൂമിയ്ക്ക് ഭാരമാകാതെ, ഒരില പോലും പറിയ്ക്കാതെ ജീവിച്ചിരിക്കണം. അത്രേയുള്ളൂ. എനിക്കും ഇനിയും എന്തൊക്കെയോ ചെയ്യണമെന്നുണ്ട്. അതിനായി ഞാന്‍ എന്നെത്തന്നെ ഓപണ്‍ ആക്കി വച്ചിരിക്കുകയാണ്. ഇപ്പോള്‍ അഭിനയം അതിന്റെ ഭാഗമാണ്.

എന്താണ് അടുത്ത പ്‌ളാന്‍? പുതിയ സിനിമകള്‍?

അങ്ങനെ പ്രത്യേകിച്ച് പ്‌ളാനൊന്നുമില്ല. അടുത്ത കൊല്ലം കുറച്ച് പടങ്ങള്‍ ചെയ്യണം. അത് മാത്രം ചിന്തിച്ച് ജീവിക്കുന്നു. ഈടയാണ് ഇനി റിലീസ് ആവാനുള്ളത്. നോര്‍ത്ത് മലബാറില്‍ നടക്കുന്ന കഥയാണ്.

റോമിയോ ആന്റ് ജൂലിയറ്റിന്റെ ഇന്‍ഡിപെന്‍ഡന്റ് അഡാപ്‌റ്റേഷന്‍ ആണ്. വടക്കന്‍ കേരളത്തില്‍ ഇവിടെ എന്നുള്ളതിന് പറയുന്നതാണ് ഈട. എഡിറ്റര്‍ ബി. അജിത്കുമാറാണ് ഇത് സംവിധാനം ചെയ്യുന്നത്. നിമിഷ വിജയന്‍ ആണ് നായിക.

രാജീവ് സാറിന്റെ കളക്ടീവ് ഫേസിന്റെതാണ് പ്രൊഡക്ഷന്‍. ഓള്, വല്യ പെരുന്നാള്‍, പൈങ്കിളി, കുമ്പളങ്ങി ഡയസ് തുടങ്ങിയ സിനിമകളാണ് അത് കഴിഞ്ഞ് വരാനുള്ള അടുത്ത സിനിമകള്‍.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More