വെങ്കിടാചലം: പൂരങ്ങളുടെ പൂരത്തിന്റെ ഓഡിറ്റര്‍
പാട്ടമാളിമഠം വെങ്കിടാചലം എംകോം കഴിഞ്ഞ് ഓഡിറ്റിംഗിനിറങ്ങി. ബാലന്‍സ് ഷീറ്റിന്റെ ഇങ്ങേപ്പുറം പൂരക്കണക്കുകളെല്ലാം നിരത്തിയെഴുതി. അങ്ങേപ്പുറത്ത് പൂരം ബലികൊടുത്ത നിരപരാധികളുടെയും കൊമ്പന്മാരുടെയും കണക്ക്. ബാലന്‍സ് ഷീറ്റില്‍ ആകെ തെളിഞ്ഞത് അനാഥമാക്കപ്പെട്ട കുറെ കുടുംബങ്ങളുടെ കണ്ണീര്. ‘ ഭക്തിയുടെ വൈകാരികത കൊണ്ട് തായ് വേരറ്റ കുടുംബങ്ങളുടെ ചുടുകണ്ണീരിനെ എത്ര മറയ്ക്കാനാകും’. തൃശൂര്‍ പൂരത്തിന്റെ ഘടകക്ഷേത്രങ്ങളിലൊന്നായ തിരുവമ്പാടി ക്ഷേത്രത്തിന്റെ ഒരു വിളിപ്പാടു മാത്രം അകലെയുള്ള വീട്ടിലിരുന്ന് വെങ്കിടാചലം ചോദിക്കുന്നു. നിരപരാധികളുടെ ചോരയില്‍ മുങ്ങി നിവര്‍ന്നാണ് ഇക്കണ്ട പൂരങ്ങളെല്ലാം പൂരങ്ങളായതെന്ന കഥ പറയുകയാണ് വെങ്കിടാചലം.
പല പുസ്തകങ്ങളും തൃശൂരിന്റെ വെടിക്കെട്ടിന്റെ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. വെടിക്കെട്ടിന്റെ ചരിത്രം ക്രിസ്ത്യന്‍, പട്ടികജാതി പട്ടികവിഭാഗങ്ങളുടെ ചരിത്രമാണ്. അവരാണ് ഈ മേഖലയില്‍ പണിയെടുക്കുന്നവര്‍.
സവര്‍ണ്ണ നായന്മാരും വിശിഷ്യാ പൂരക്കമ്മിറ്റിക്കാരായ മേനോന്മാരാരും ഇതിന് ഇറങ്ങിയിട്ടില്ല. അവര്‍ക്ക് മരിക്കാന്‍ പേടിയാണ്. പണ്ട് വിദഗ്ദ്ധനായ ഒരു വെടിക്കെട്ടുകാരന്‍ ഉണ്ടായിരുന്നു. ചേലപ്പാടന്‍ അന്തോണി റപ്പായി. അദ്ദേഹം ഇതേക്കുറിച്ച് കാര്യമായി പഠിച്ച് നിലയമിട്ട് ഉണ്ടാക്കി. അന്ന് അവര്‍ക്ക് ഒന്നും രസതന്ത്രത്തില്‍ പ്രാഥമിക ജ്ഞാനമില്ല. ചില ആളുകളെ ചെന്നുകണ്ട് പ്രേരിപ്പിച്ച് റോക്കറ്റിന്റെ വിദ്യ കരസ്ഥമാക്കി അത്രതന്നെ.
ചേലപ്പാടനെക്കുറിച്ച് രസകരമായ ഒരു കഥയുണ്ട്. വിയ്യൂരാണ് അദ്ദേഹത്തിന്റെ സ്ഥലം. തൃശൂര്‍ വടക്കേച്ചിറ അറുപതുകള്‍ക്ക് ശേഷം പാഴടിഞ്ഞ് കിടന്നിരുന്നു. റോഡൊക്കെ ഇന്നു കാണുന്ന റോഡേയല്ല. കരുണാകരന്‍ നമ്പ്യാര്‍ റോഡ് അന്നില്ല. ബിനി കഴിഞ്ഞാല്‍ പിന്നെ വലിയകാടാണ്. ദേവസ്വം ബോര്‍ഡിന്റെ പൂങ്കാവനമൊക്കെയാണ്. കൗസ്തുഭത്തിന്റെ അവിടെ നിന്ന് നേരെ പോയാല്‍ കൊട്ടാരത്തിലെത്തും. ഇടത്തേക്ക് പോകാന്‍ പറ്റില്ല. നീരാഞ്ജലി കഴിഞ്ഞാല്‍ ഇങ്ങോട്ട് ആരും വരില്ല. പണ്ട് വടക്കേച്ചിറ ആളുകള്‍ കുളിക്കാന്‍ ഉപയോഗിച്ചിരുന്നു. ആള് വരാണ്ടായതോടെ കുളം സാമൂഹിക വിരുദ്ധരുടെ താവളമായി. വാറ്റും കഞ്ചാവും എല്ലാറ്റിന്റെയും താവളം.
കുളം പാഴടിഞ്ഞ് കിടക്കും. ചേലപ്പാടന്‍ വെടിക്കെട്ടിന് തീകൊളുത്തുന്നതിന് മുമ്പ് നന്നായി ‘മിനുങ്ങി’ വലിയ രണ്ട് ചാക്ക് തലവഴി ഇട്ട് ശരീരം മുഴുവന്‍ മൂടും. കണ്ണിന്റെ ഭാഗത്ത് മാത്രം രണ്ട് ഓട്ട ഇടും. എന്നിട്ട് വടക്കേച്ചിറയിലെ ആ പൊട്ടവെള്ളത്തില്‍ വന്ന് ഒറ്റ മുങ്ങാണ്. പത്രങ്ങളിലൊക്കെ അന്നീ കഥ വന്നിട്ടുള്ളതാണ.് കുറെ നേരം ഒരു ക്രിസ്ത്യന്‍ പ്രാര്‍ത്ഥന ചൊല്ലും. തിരിച്ച് വെടിക്കെട്ട് പുരയിലെത്തുമ്പോള്‍ പാത്രത്തില്‍ ചാരായം നിറച്ചുവച്ചിട്ടുണ്ടാകും. അതും മോന്തും. അമ്പലത്തിനു മുന്നില്‍ നടുക്ക് നില്‍ക്കുന്ന ആനയുടെ മുമ്പില്‍ പിടിച്ചിരിക്കുന്ന വിളക്കില്‍ നിന്ന് ഒരാള്‍ തീ കൊണ്ടുവരും. ഇതുകൊണ്ട് കൈയിലുള്ള ചൂട്ടിലേക്ക് തീ പടരും. പിന്നെ അര്‍ദ്ധബോധാവസ്ഥയില്‍ തീ കൊളുത്തും.
അതിന്റെ ഒപ്പം കൂടെ നടക്കും. കെട്ടുകഴിഞ്ഞാല്‍ കത്തിക്കണ്ടേ. അതിന് ബോധം ഇല്ലാതിരിക്കാനാണ് കള്ള് കുടിക്കുന്നത്. വടക്കേച്ചിറയില്‍ മുങ്ങിക്കഴിഞ്ഞാല്‍ എല്ലാ പാപോം തീരും. യാതൊരു വിധ ബോധമില്ലാതെ ഒപ്പം നടന്ന് കത്തിച്ചിട്ടൊക്കെയാണ് വെടിക്കെട്ട് തീര്‍ക്കുക. മരിക്കാന്‍ തയ്യാറായിട്ടാണ് ഇതിന് വരുക.
ശരീരത്ത് വല്ലതും വീണാല്‍ നനഞ്ഞ ചാക്കോടെ പൊയ്‌ക്കൊളും. എന്നാലും പൊള്ളലുണ്ടാകും. അങ്ങനെ 16 വര്‍ഷം തിരുവമ്പാടിയില്‍ പൊട്ടിച്ചു. മരിക്കാറായി. പലമക്കള്‍ക്കും പല പണിയാണ്. ഒരാളെ മാത്രമേ കൂടെക്കൂട്ടിയിട്ടുള്ളൂ. ഞാന്‍ ചത്താല്‍ നീയെന്ത് ചെയ്യൂമെന്നായി മകനോട് ചേലപ്പാടന്റെ ചോദ്യം. ‘ അപ്പനെപ്പോലെ വെടിക്കെട്ട് നടത്തും. അമിട്ടൊക്കെ ഉണ്ടാക്കും.’ മകന്റെ മറുപടി അതായിരുന്നു.
‘അമിട്ട് നിനക്കുണ്ടാക്കാന്‍ അറിയ്വോ, ഞാന്‍ ഉണ്ടാക്കുന്നത് കണ്ടിട്ടല്ലേ ഉള്ളൂ.’ ചേലപ്പാടന്റെ സംശയം. ‘ ഏയ് ഞാനതൊക്കെ ഉണ്ടാക്കും’ മകന്‍ തറപ്പിച്ചു തന്നെ. ചുറ്റും കുറെ ആളുകള്‍ നിരന്നിരിപ്പുണ്ട്. അയാള്‍ മോനെഅടുത്ത് വിളിച്ച് സത്യം ചെയ്യിച്ചു. എന്നിട്ട് പറഞ്ഞു.
‘ ഞാന്‍ മരിച്ചുകഴിഞ്ഞാല്‍ 41 ാം ദിവസം 11 നില അമിട്ടുണ്ടാക്കി നീ വിയ്യൂര്‍ പാടത്ത് കത്തിക്കണം. 11 നിലയും മുകളിലെത്തി പൊട്ടിയാല്‍ നീ പടക്കം നടത്തിക്കോ. ഇല്ലെങ്കില്‍ പച്ചക്കറി ചെയ്ത് ജീവിച്ചോ. . . മകന്‍ അതനുസരിച്ചു. 41ന് അമിട്ടുണ്ടാക്കി. ആളുകളെ വിളിച്ചുകൂട്ടി വിയ്യൂരില്‍ വച്ച് പൊട്ടിച്ചപ്പോള്‍ അമിട്ട് കുഴിയില്‍ ഇരുന്ന് പൊട്ടി. പിന്നെ അയാള്‍ ആ പണിക്കിറങ്ങിയില്ല. കുറെനാള്‍ വിയ്യൂര്‍ഭാഗത്ത് പച്ചക്കറിക്കട നടത്തി. അഞ്ചാറ് കൊല്ലം മുമ്പ് മരിച്ചു. പിന്നെ ഈ പണിക്കിറങ്ങിയവരെല്ലാം പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരാണ്. അതിന്റെ ബാക്കിയുള്ളവരാണ് കുണ്ടന്നൂര്, ചേലക്കര ഭാഗത്തുള്ളത്. എന്ത് അപകടമുണ്ടായാലും മരിക്കാന്‍ തയ്യാറായിട്ടുള്ളവരാണ് അവര്‍.
അപ്പോള്‍ ശാസ്ത്രീയമായി ഇതെല്ലാം കൈകാര്യം ചെയ്യാന്‍ ആളില്ലെന്നാണോ ?
പടിഞ്ഞാറേക്കരയുടെ അവിടെ കെ.ആര്‍ ജനാര്‍ദ്ദനന്‍ എന്നൊരാളുണ്ട്. കെമിസ്ട്രി പ്രൊഫസറാണ്. ശിവകാശി പൈറോടെക്‌നിക്‌സില്‍ വരെ കഌസെടുക്കുന്നയാളാണ്. പടക്കത്തില്‍ സ്‌പെഷ്യലൈസ് ചെയ്തു. ഇന്ന ഇന്ന നിറം കിട്ടാന്‍ എന്തൊക്കെ ചേര്‍ക്കണം. മഞ്ഞയ്ക്ക് ഇന്നത്, നീലയ്ക്ക് ഇന്നത് എന്ന് ഇയാള്‍ കറക്ടായി പറഞ്ഞുതരും. നീലയ്ക്കു വേണ്ടിയാണ് അമിട്ടില്‍ പൊട്ടാസ്യം ക്‌ളോറേറ്റ് ചേര്‍ക്കുന്നത്. ഇതാണ് പുറ്റിങ്ങലില്‍ അമിട്ട് ചുവട്ടിലേക്ക് വരാന്‍ ഇടയാക്കിയത്. ബാക്കിയുള്ളതില്‍ ഇത് ചേര്‍ക്കുന്നത് ബഌസ്റ്റ് ഉണ്ടാക്കാനാണ്. വിവരമില്ലാത്ത ആളുകളാണ് ഇത് പലതും നിര്‍മ്മിക്കുന്നത്. അതാണ് ചുവട്ടിലേക്ക് വരുന്നത്. ഇയാളെപ്പോലുള്ള ആളുകളെ ആരും ഉപയോഗിക്കാറില്ല. ഇരു ദേവസ്വങ്ങളുടെയും ഭാരവാഹികള്‍ ഇതുമായിട്ട് യാതൊരു ബന്ധവുമില്ലാത്തവരാണ്. കെമിക്കല്‍ ബന്ധമില്ലാത്തവരെ ഇത് ഏല്‍പ്പിക്കുന്നതിന് പിന്നില്‍ വലിയ അപകടമുണ്ട്. വിവരമില്ലാത്തവനെ ഏല്‍പ്പിക്കുമ്പോള്‍ അവര് കൊടുക്കുന്നത് വാങ്ങി പൊയ്‌ക്കൊള്ളും. വിദഗ്ദ്ധരാണെങ്കില്‍ റേഷ്യോ ഒക്കെ ഫിക്‌സ് ചെയ്ത് ഇതൊക്കെ മെക്കാനൈസ്ഡ് ആക്കും. അപ്പോള്‍ കമ്മിറ്റിക്കാരുടെ കോക്കസില്‍ നിന്ന് പോകും.
അശാസ്ത്രീയത മാത്രമാണോ അപകടങ്ങള്‍ക്കെല്ലാം കാരണം ?
കരാറുകളുടെ ഒരു കളിയാണ് വെടിക്കെട്ടിന് എല്ലാറ്റിലും പിന്നിലുള്ളത്. മൊത്തം ഒരു ലൈസന്‍സി കരാറെടുക്കുന്നു. അയാള്‍ ഓരോന്നും മറ്റ് ഓരോരുത്തര്‍ക്കായി വീതിക്കുന്നു. അപ്പോള്‍ അപകടം ഉണ്ടായില്ലെങ്കിലേ അദ്ഭുതമുള്ളൂ. അവരുടെ ഇടയിലെല്ലാം തന്നെ ഡൈനാമിറ്റ്, ഗുണ്ട് എന്നിവയുടെ കാര്യത്തില്‍ കൈവിട്ട കളി എന്നൊരു ചൊല്ല് തന്നെയുണ്ട്. ഒരുത്തന്‍ മാത്രമാണ് ഇത് നിര്‍മ്മിക്കുന്നതെങ്കില്‍ നമുക്ക് വിശ്വസിക്കാം. പക്ഷേ ഇത് കോറ ഒരുത്തന്‍, മരുന്ന് നിറക്കുന്നത് മറ്റൊരാള്‍, പശ തേക്കുന്നത് വേറൊരാള്‍, തിരി വയ്ക്കുന്നത് വേറൊരാള്‍ അങ്ങനെ നീളുമ്പോള്‍ എല്ലാം കൈവിട്ട കളിയാണ്. എന്തും സംഭവിക്കും. മുകളിലേക്ക് വിട്ടാല്‍ താഴെ വന്ന് പൊട്ടും. കുഴിയില്‍ ഇരുന്ന് പൊട്ടും. ചെലപ്പോള്‍ ട്രാന്‍സ്‌പോര്‍ട്ട് ചെയ്യുമ്പോള്‍ പൊട്ടും.
ചേലക്കരയിലൊക്കെ വെട്ടുകഴിഞ്ഞ റബ്ബര്‍ എസ്റ്റേറ്റുണ്ട്. അവിടെ കൃഷിപ്പണി കഴിഞ്ഞ ആളുകളെകൊണ്ടൊക്കെയാണ് ഇത് ചെയ്യിക്കുക. ശരിക്ക് ഡൈനമിറ്റ്, ഗുണ്ട് എന്നിവ നിരോധിച്ച സര്‍ക്കുലര്‍ 2010ല്‍ അയച്ചതാണ്. കളക്ടര്‍മാര്‍ ഇത് ഫയലിന്റെ ഉള്ളില്‍ കയറ്റിവച്ചു. 2008ലാണ് പുതിയ എക്‌സ്പ്‌ളൊസീവ് ആക്ട് വന്നത്. അതിനുമുന്നേ എക്‌സ്പ്‌ളൊസീവുകാര്‍ക്ക് ഇതിന്റെയെല്ലാം അന്വേഷണ ചുമതലയുണ്ടായിരുന്നു.
2008ന് ശേഷം കളക്ടര്‍മാര്‍ക്ക് ആ ചുമതല നല്‍കി. പുറ്റിങ്ങല്‍ കഴിഞ്ഞപ്പോഴാണ് ഹോം സെക്രട്ടറി, ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ക്ക് ഇതിന്റെ ഗൗരവം മനസിലായത്. കര്‍ശനമായി ഡൈനമിറ്റ്, ഗുണ്ട്, കുഴിമിന്നല്‍ പാടില്ലെന്നാണ് സര്‍ക്കാരും പറയുന്നത്.
പക്ഷേ നിയമം ഇതൊക്കെയാണെങ്കിലും ഇതെല്ലാം കാറ്റില്‍ പറത്തികാര്യങ്ങള്‍ നടക്കുന്നു ?
ഇതെല്ലാം എല്ലാവരുടെയും അറിവോടെ അവരുടെ മൂക്കിന്‍ തുമ്പിലാണ് നടക്കുന്നത്. മുമ്പ് പൂരക്കാര് എം.പിക്ക് കത്തയക്കും. എം.പി ഇന്‍ഡസ്ട്രിയല്‍ വകുപ്പിന് ഫോണ്‍ ചെയ്യും. ചെന്നൈയില്‍ നിന്നും കൊച്ചിയില്‍ നിന്നും എക്‌സ്പ്‌ളൊസീവുകാര് വരും. ഓഫീഷ്യലായല്ല വരുക. പൂരപ്പറമ്പിലെ വെടിപ്പുരയുണ്ടല്ലോ. അതിന് തൊട്ടടുത്ത് മറ്റൊരു കെട്ടിടമുണ്ട്. അതിലാണ് ഇരട്ടിപ്പണി നടക്കുക. 2000 കിലോ വയ്ക്കാനാവുമെന്നാണ് പറയുക. പക്ഷേ ഇത് ശുദ്ധ നുണയാണ്. ഇതില്‍ കണക്കില്‍ കൂടുതല്‍ വെടിമരുന്ന് ഉണ്ടാകും. 2006ല്‍ അപകടം നടന്നപ്പോള്‍ ഐ.ജി സന്ധ്യ നടത്തിയ പരിശോധനയില്‍ തിരുവമ്പാടിയുടെ കൈയില്‍ നിന്ന് 6000 കിലോഗ്രാമും പാറമേക്കാവില്‍ നിന്ന് 7000 കിലോഗ്രാമും പിടിച്ചിട്ടുണ്ട്.
ഓലഷെഡ് കെട്ടിയിട്ട് അവിടെയും കേറ്റും. കോടതി ഇടപെട്ടപ്പോള്‍ ഷെഡ് പാടില്ലെന്ന് പറഞ്ഞു. സാമ്പിളുള്ളപ്പോള്‍ എക്‌സ്പ്‌ളൊസീവുകാര്‍ ഉണ്ടാകും. ഒന്നും കുഴപ്പമില്ലെന്നേ പറയൂ. അപ്പോഴും ഗുണ്ടും ഡൈനമിറ്റും പൊട്ടിക്കും. പൂരത്തിന്റെ പിറ്റേന്ന് പകല്‍ കുഴിമിന്നല്‍ മാത്രമേ ഉണ്ടാകൂ. ശരിക്കുമുള്ള പൈറോടെക്‌നിക്കില്‍ പറയുന്നത് കളര്‍ഫുള്‍ വെടിക്കെട്ടാണ്.
വ്യവഹാരങ്ങളുമായി ഇറങ്ങിത്തുടങ്ങുന്നത് എപ്പോഴാണ് ?
2002ല്‍ ആണ് സൗണ്ട് പൊല്യുഷന്‍ റെഗുലേഷന്‍ ആക്ട് നടപ്പിലാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. 2003ലാണ് ഇത് പൂരത്തിനും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യത്തെ കേസ് കൊടുക്കുന്നത്. അന്ന് ഹൈക്കോടതി കാര്യമായി പരിഗണിക്കാതെ പൂരം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞ് വിധിച്ചു. നോണ്‍ സൗണ്ട് എമിറ്റിംഗ് ഐറ്റമേ പാടുള്ളൂവെന്നായിരുന്നു ഉത്തരവ്. പിന്നെ സാമ്പിളുമായി ബന്ധപ്പെട്ട് 2004ല്‍ സൂര്യകാന്തി വിരിയുമെന്ന രീതിയില്‍ വാര്‍ത്ത വന്നു. സൂര്യകാന്തി വിരിയുന്ന പോലെ അമിട്ട് പൊട്ടും. പരീക്ഷണമാണ് അത്. പരീക്ഷണമൊന്നും ഇക്കാര്യത്തില്‍ പാടില്ലെന്ന നിയമമുണ്ട്. വൈ. അനില്‍കുമാര്‍ എന്നയാളാണ് അന്ന് ഡി.ഐ.ജി. ഇയാളെ കാണാന്‍ ചെന്നപ്പോള്‍ നാലുദിവസം ലീവാണെന്നറിഞ്ഞു. ഡിവൈ.എസ്.പിക്ക് എഴുതിത്തരാമെന്ന് പറഞ്ഞു. അക്‌നോളഡ്ജ്‌മെന്റും എഴുതിത്തന്നു.
അപകടങ്ങള്‍ക്ക് ദൃക്‌സാക്ഷിയായിട്ടുണ്ടോ ?
2004ല്‍ ആണത്. പടിഞ്ഞാറെ ഗോപുരത്തിന്റെ മുന്നില്‍ നില്‍ക്കുകയാണ് ഞാന്‍. കൈയിലൊരു കുടയുണ്ട്. പൊല്യുഷന്‍ കണ്‍ട്രോള്‍ ബോര്‍ഡുകാര് ഡെസിബല്‍ മെഷീനുമായി കൂടെ നില്‍പ്പുണ്ട്. കളക്ടര്‍, എസ്.പി, എ.ഡി.എം എന്നിവരുമുണ്ട്. പാറമേക്കാവും തിരുവമ്പാടിയും പടിഞ്ഞാറെ ഗോപുരത്തിന്റെ മുന്നില്‍ നിന്ന് തിരികത്തിച്ചു തുടങ്ങി. തിരുവമ്പാടിയുടെ അമിട്ടിന് സമയമായി.
നാലാമത്തെ അമിട്ട് പൊട്ടിച്ചതോടെ ഞങ്ങളുടെ അടുത്തേക്കത് ചിതറിതെറിച്ചുവന്നു. അതോടെ കളക്ടറോടി അമ്പലത്തിന് ഉള്ളില്‍ കയറി. വേണുഗോപാല മേനോനാണ് അന്ന് കളക്ടര്‍. എനിക്ക് തോന്നി ഇത് നിലത്തുവീണ് പൊട്ടിയിട്ടുണ്ടാകും. ഞാന്‍ എ.ഡി.എമ്മിനെ തോണ്ടി. തൃശൂരുകാരന്‍ കുര്യാക്കോസാണ് എ.ഡി.എം.
തൊട്ടുപിന്നാലെ എസ്.പിയുടെ സെല്ലില്‍ ഡേഞ്ചര്‍ എന്നെഴുതിക്കാണിച്ചു. ഇതോടെ എസ്.പി മുങ്ങി. പിന്നെക്കാണുന്നത് നായ്ക്കനാല്‍ വഴിക്ക് ഒരു പൊലീസ് ജീപ്പ് ഇരച്ചുകയറി പറമ്പിലേക്ക് വരുന്നതാണ്. അതിന്റെ വെട്ടത്തില്‍ മൂന്നുപേര്‍ പറമ്പില്‍ കിടക്കുന്നത് കാണാം. മൂന്നുപേരെ താങ്ങിപ്പിടിച്ച് ജീപ്പില്‍ക്കയറ്റി. ഞാനും ഏഷ്യാനെറ്റിലെ മാദ്ധ്യമപ്രവര്‍ത്തകനും കൂടി ജില്ലാ ഹോസ്പിറ്റല്‍ ലക്ഷ്യമാക്കി ഓടി. മോര്‍ച്ചറിക്ക് അരികില്‍ നിലയുറപ്പിച്ചു. അത്യാഹിത വിഭാഗത്തിന്റെ തൊട്ടടുത്താണ് മോര്‍ച്ചറി. രണ്ടുപേരുണ്ട്. ഒരാളെ നേരിട്ട് മോര്‍ച്ചറിയില്‍ കയറ്റി. ഇതുമുഴുവന്‍ കാമറയില്‍ പകര്‍ത്തി ഏഷ്യാനെറ്റ് വാര്‍ത്ത കൊടുത്തു. തിരുമ്പാടിയുടെ ലൈസന്‍സി സുന്ദരനാണ് മരിച്ചതെന്ന് വാര്‍ത്ത വന്നു. രാത്രി തന്നെ മറ്റൊരാളെ കണ്ടെത്തി തിരുവമ്പാടിക്കാര്‍ പിറ്റേദിവസം മുഴുവന്‍ സാധനങ്ങളും പൊട്ടിച്ചു.
ഇതെല്ലാം കാട്ടി 2005ല്‍ ചെന്നൈ എക്‌സ്പ്‌ളൊസീവില്‍ ഒരു പരാതി അയച്ചു. ചെന്നൈയില്‍ നിന്ന് അറിയിപ്പു വന്നു. തൃശൂരില്‍ നിന്ന് ഒരപേക്ഷയും ലഭിച്ചിട്ടില്ല. കഴിഞ്ഞ കൊല്ലം മരിച്ച ലൈസന്‍സിയുടെ പോസ്റ്റ്‌മോട്ടം റിപ്പോര്‍ട്ട് വേണമെന്ന് പറഞ്ഞിട്ട് ലഭിച്ചിട്ടില്ല. സാമ്പിളുള്‍പ്പെടെ നടക്കുന്നതെല്ലാം നിയമലംഘനമാണെന്നുമായിരുന്നു അവരുടെ കുറിപ്പ്. പിറ്റേന്ന് ഹിന്ദുവില്‍ വാര്‍ത്ത വന്നു. ആകെ ബഹളമായി. പക്ഷേ സമ്മര്‍ദ്ദങ്ങളെല്ലാം ചെലുത്തി അപ്രാവശ്യവും വെടിക്കെട്ട് നടന്നു.
വീണ്ടും അപകടമുണ്ടായില്ലേ പൂരത്തിന് ?
എക്‌സ്പ്‌ളൊസീവ് അനുമതി ഇല്ലാതെയാണ് കഴിഞ്ഞപൂരം നടന്നതെന്ന കാര്യമെല്ലാം ചേര്‍ത്ത് ഞാന്‍ ജനുവരി 2006ല്‍ കേസ് കൊടുത്തു. ഏപ്രില്‍ ഹിയറിംഗ് വച്ചു. പാടൂക്കാട് ആനയെകെട്ടുന്ന പാറമേക്കാവിന്റെ പറമ്പില്‍ ഗുണ്ടുണ്ടാക്കുന്നുവെന്ന് പറഞ്ഞ് വീണ്ടും പരാതി നല്‍കി. ഫോട്ടോയില്‍ കാണുന്ന സ്ഥലം തൃശൂരാണെന്ന് പറയാനുള്ള തെളിവില്ലെന്നായിരുന്നു കളക്ടറുടെ വിശദീകരണ കുറിപ്പ്.
ജയില്‍, പൊലീസ് വകുപ്പിന്റെ കമ്മ്യൂണിക്കേഷന്‍ വിഭാഗം. ദൂരദര്‍ശന്‍ ഓഫീസ് എന്നിവ അടുത്തുണ്ടെന്ന് പരാതിയില്‍ സൂചിപ്പിച്ചിരുന്നു. ഇതോടെ അന്വേഷണത്തിന് കമ്മീഷനെ വയ്ക്കാന്‍ തീരുമാനമുണ്ടായി. ഇതോടെ പാറമേക്കാവുകാര്‍ പത്രക്കാരെ വിളിച്ച് അവരുടെ ലൈസന്‍സിയുടെ വെടിക്കോപ്പ് നിര്‍മ്മാണശാലയാണിതെന്ന് വരുത്തിത്തീര്‍ത്തു.
2006 മേയ് നാലിന് സാമ്പിളിന്റെ മൂന്ന് ദിവസം മുമ്പായിരുന്നു ആ സ്‌ഫോടനം. ഭയങ്കര സ്‌ഫോടനശബ്ദം. 15 മിനിറ്റ് കഴിഞ്ഞപ്പോള്‍ പൊലീസ് ജീപ്പിന്റെയും ആംബുലന്‍സിന്റെയും ഫയര്‍ എന്‍ജിന്റെയുമെല്ലാം ശബ്ദം കേട്ടു. പാറമേക്കാവിന്റെ വെടിക്കെട്ട് പുര കത്തി എട്ടുപേര്‍ മരിച്ചെന്ന് അഞ്ചുമണിയോടെ വാര്‍ത്ത വന്നു.
8 പേരുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആകെ കിട്ടിയത് 150 ഗ്രാം മാംസമാണ്. ആരൊക്കെ മരിച്ചുവെന്ന് അവര്‍ റിപ്പോര്‍ട്ട് എഴുതിയുണ്ടാക്കി. ഒരാള്‍ മാത്രം രക്ഷപ്പെട്ടു. പൊലീസും എക്‌സ്പ്‌ളൊസീവ് വിഭാഗങ്ങളെല്ലാം കൈമലര്‍ത്തി.
2008ല്‍ പുതിയ നിയമം വന്നു. അതില്‍ ഒരു വാചകമുണ്ട്. രാത്രി 10 തൊട്ട് രാവിലെ ആറുവരെ എക്‌സ്പ്‌ളൊസീവ് ഐറ്റംസ് കൈകൊണ്ട് തൊടാന്‍ പാടില്ലെന്ന്. പക്ഷേ ഇപ്പോഴും 15 കിലോ ലൈസന്‍സ് വച്ച് പലയിടത്തും ടണ്‍കണക്കിനാണ് കത്തിക്കുക.
ഇതൊക്കെ തടയാന്‍ നിയമങ്ങളൊന്നും ഇപ്പോഴും ശക്തമല്ലേ ?
വെടിക്കെട്ടില്ലെങ്കില്‍ പൂരം നടത്തില്ലെന്ന ഭീഷണിയാണ് എല്ലായ്‌പ്പോഴും. മൂന്നാനയില്‍ കൂടുതല്‍ ഒരുമിച്ച് എഴുന്നള്ളിക്കരുതെന്ന് പറഞ്ഞപ്പോഴും അത് തന്നെയായിരുന്നു ഭീഷണി. തെക്കോട്ട് ഇറക്കത്തിന്റെ അവിടെ ധര്‍ണ്ണ ഇരിക്കലും മറ്റും ഉണ്ടായി. തൃശൂര്‍ ബിഷപ്പുള്‍പ്പെടെ സപ്പോര്‍ട്ട് നല്‍കി. അതോടെ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരുമൊക്കെ എത്തി എന്തും ചെയ്‌തോളാനുള്ള അനുമതി നല്‍കി. അതാണ് കഴിഞ്ഞകൊല്ലം കണ്ടത്. അന്നും ഡൈനമിറ്റും കുഴിമിന്നലും ഗുണ്ടൊക്കെ പൊട്ടിച്ചു. പുറ്റിങ്ങലിന്റെ റിപ്പോര്‍ട്ടിനൊപ്പമാണ് ഈ മൂന്നു സാധനങ്ങളും നിരോധിച്ച് ഉത്തരവിറങ്ങിയത്. കേരളസര്‍ക്കാരും അത് നിരോധിച്ചിരുന്നു. ഇപ്രാവശ്യവും അങ്ങനെ തന്നെ. ഇപ്പോള്‍ ബി.ജെ.പിക്കാരൊക്കെ അവരെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മന്ത്രി മൊയ്തീന്‍ പറയുന്നത് ഡിജിറ്റല്‍ മതിയെന്നാണ്. കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ കൗണ്‍സിലര്‍ സമ്പൂര്‍ണ്ണയെ ഇരുത്തി വാര്‍ത്താസമ്മേളനം നടത്തിയപ്പോള്‍ ഈ മൂന്ന് ഇനവും ഉപയോഗിക്കരുതെന്നാണ് പറഞ്ഞത്. പക്ഷേ ഇവിടെയെത്തിയപ്പോള്‍ അത് ഉപയോഗിക്കാമെന്ന രീതിയിലായി പ്രചാരണം.
അപകടങ്ങളുണ്ടാകുമ്പോള്‍ തുടര്‍നടപടികളൊന്നും ഇല്ലേ ?
2004ല്‍ അപകടം ഉണ്ടായപ്പോള്‍ കളക്ടര്‍, എസ്.പി, എ.ഡി.എം എന്നിവരെ സ്ഥലംമാറ്റി. വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് തഹസില്‍ദാര്‍ ഓഫീസില്‍ വച്ച് തെളിവെടുപ്പ് ഉണ്ടാകും, പൊതുജനങ്ങള്‍ക്കും പങ്കെടുക്കാമെന്ന് ജൂലായ് മാസത്തില്‍ അറിയിപ്പ് വന്നു. പുതിയ എ.ഡി.എമ്മാണ്. സുന്ദരന്‍ മരിച്ചതാരെങ്കിലും കണ്ടോ എന്നു ചോദിച്ചു. അപ്പോള്‍ നേരിട്ട് കണ്ടവരാരുമില്ല. മുന്‍ എ.ഡി.എം, എസ്.പി തുടങ്ങി ആരെയും വിളിച്ചില്ല. സുന്ദരന്റെ പേരില്‍ ഇഷ്യു ചെയ്ത ലൈസന്‍സ് റദ്ദാക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വേണമെന്ന് കൊച്ചിയിലെ എക്‌സ്പ്‌ളൊസീവ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു.
സുന്ദരന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടില്ല. തലയില്ലാത്ത ജഡമാണ് കിട്ടിയത്. അതിനാല്‍ അങ്ങനെയൊരു പതിവില്ല എന്നായിരുന്നു എ.ഡി.എമ്മിന്റെ മറുപടി. ഇന്നും സുന്ദരന്‍ എങ്ങനെ മരിച്ചുവെന്ന് ഒരു റിപ്പോര്‍ട്ടില്ല. ലൈസന്‍സിനുള്ള നടപടിക്രമങ്ങളും ലഘുവാണ്. നാലേക്കര്‍ വിജനമായ സ്ഥലമുണ്ടെങ്കില്‍ മുന്നൂറ് രൂപ കൊടുത്താല്‍ ലൈസന്‍സ് കിട്ടും. ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ ആള്‍ത്താമസം പാടില്ല. ഇതോടൊപ്പം എ.ഡി.എം മറ്റൊരു പേപ്പറില്‍ സത്യവാങ്മൂലം എഴുതിവാങ്ങും. വെടിക്കെട്ട് ദുരന്തത്തില്‍ ആരെങ്കിലും മരിച്ചാല്‍ നഷ്ടപരിഹാരം എഴുതിത്തരാമെന്ന ഉറപ്പ്. ഇവന്‍ മരിച്ചാലോ ?. ഒന്നും കിട്ടില്യ. അന്ന് ലൈസന്‍സി അല്ലാതെ വേറെ ആരെങ്കിലും മരിച്ചാലോ ? . അവനും കൊടുക്കാന്‍ പറ്റില്യ. ഇന്‍ഷ്വറന്‍സ് ചെയ്തുവെന്ന് പറഞ്ഞാലും കിട്ടില്ല. അവര് പറയുന്ന രേഖകളെല്ലാം കൊടുക്കണം. പിന്നെ സുരക്ഷാമാനദണ്ഡങ്ങളെല്ലാം പാലിച്ചുവെന്നും തെളിയിക്കണം. 200 മീറ്റര്‍ അകലെയാണ് മരിച്ചയാള്‍ നിന്നിരുന്നതെന്നും തെളിയിക്കണം. ഇല്ലെങ്കില്‍ വാദിക്കുമ്പോള്‍ അവരതിനെ പ്രതിരോധിക്കും.
ആനയുടെ കുത്തേറ്റ് മരിച്ചാലും ഇതേപ്രശ്‌നങ്ങളില്ലേ ?
അതേപ്രശ്‌നങ്ങള്‍ തന്നെയുണ്ട് ഇക്കാര്യത്തിലും. 84ല്‍ അയ്യന്തോള്‍ ഭഗവതിയുടെ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു. ഒരു ക്രിസ്ത്യന്‍ സഭാംഗം മരിച്ചു. അവര്‍ ദേവസ്വത്തിനെതിരെ കേസ് കൊടുത്തു. മൂന്നുലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് ദേവസ്വം പൊക്കിക്കാട്ടി. കോടതി ഇന്‍ഷ്വറന്‍സ് കമ്പനിയെ വിളിപ്പിച്ചു. 96ല്‍ തൃശൂര്‍ ലോവര്‍ കോര്‍ട്ട് 45,000 രൂപ വിധിച്ചു. അയ്യന്തോളുകാര്‍ക്ക് ആനയെ നല്‍കിയത് തിരുവമ്പാടി ദേവസ്വമായിരുന്നു. വീരമണി ചെട്ടിയാരുടെ കൈയില്‍ നിന്നാണ് അവരാനയെ എടുത്തത്. ചെട്ടിയാര്‍ പ്രശ്‌നങ്ങള്‍ നടക്കുമ്പോള്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയെ നടയിരുത്തി. 96ല്‍ ആന ചത്തു. വീരമണിയുടെ കുടുംബക്കാര്‍ എതിര്‍വാദവുമായി കേസിന് പോയി. സെഷന്‍സ് കോടതി 35,000 രൂപയായി ഇത് കുറച്ചു. പിന്നീട് ചെട്ടിയാര് ട്രെയിന്‍ തട്ടി മരിച്ചു. ഹൈകോടതി 20,000 രൂപയാക്കി 2012ല്‍ നഷ്ടപരിഹാരം കുറച്ചു. ആന കൊന്നാല്‍ നഷ്ടപരിഹാരം സംബന്ധിച്ച് ഒരു നിയമവുമില്ല. ആരാണ് കൊടുക്കേണ്ടതെന്നത് സംബന്ധിച്ചും വ്യക്തതയില്ല. ആക്ടും റൂളുമില്ല. സര്‍ക്കാര്‍ അടിയന്തരമായി റൂള്‍ ഉണ്ടാക്കണമെന്നാണ് ഈ സമയത്ത് ഹൈകോടതി വാക്കാല്‍ പരാമര്‍ശിച്ചത്. ആ നിയമം ഇതുവരെയും ആയിട്ടില്ല. 2016ല്‍ 13 പേരെയാണ് ആന കൊന്നത്. വെടിക്കെട്ടിന്റെ കാര്യത്തിലും ആനയുടെ കാര്യത്തിലും നഷ്ടപരിഹാരത്തിനുള്ള വ്യവസ്ഥകള്‍ അവ്യക്തതയോടെ തന്നെ നിലനില്‍ക്കുന്നു.
തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിന്റെ കാര്യത്തില്‍ സുതാര്യത ഉറപ്പുവരുത്താനാവില്ലേ?
ഇതുസംബന്ധിച്ച് ഞാന്‍ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. വെടിപ്പുര കളക്ടര്‍ ഏറ്റെടുക്കണമെന്നതാണ് പ്രധാന ആവശ്യം. എന്തൊക്കെ കത്തിക്കുന്നതെന്നത് സംബന്ധിച്ച് രണ്ട് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കണം. എത്ര കിലോ, എണ്ണം, മാനുഫാക്ചറിംഗ് ഡേറ്റ്, ബാച്ച്, നമ്പര്‍, പര്‍ച്ചേസ് ചെയ്ത ദിവസം എന്നിവ പ്രദര്‍ശിപ്പിക്കണം. 2000 കിലോ കത്തിക്കാനാണ് കഴിഞ്ഞവര്‍ഷം ഹൈക്കോടതി പറഞ്ഞിരുന്നത്. ഇത് ഉറപ്പുവരുത്താന്‍ കളക്ടര്‍ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്ന കാര്യം ഇപ്പോഴും അജ്ഞാതമാണ്. ഇപ്പോള്‍ വെടിപ്പുരയിലെ കണക്ക് സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. ഇതിന്റെയെല്ലാം കോപ്പി കളക്ടറുടെയോ, ദേവസ്വങ്ങളുടെയോ, കരാറുകാരുടെയോ കൈയില്‍ വേണമെന്ന മാനദണ്ഡം പോലും പാലിക്കുന്നില്ല. ഇതിനെതിരെയെല്ലാം പറയുന്നവരെയെല്ലാം ഇവര്‍ എതിര്‍ക്കും. ഏഷ്യാനെറ്റ് പുറ്റിങ്ങലിലെ അപകടത്തിനു ശേഷം കരിവേണ്ട കരിമരുന്നും വേണ്ട എന്ന കാമ്പയിന്‍ കൊണ്ടുവന്നപ്പോള്‍ അവരെ പൂരസ്ഥലത്തേക്ക് അടുപ്പിച്ചു പോലുമില്ല. പിന്നീട് മറ്റുള്ള ചാനലുകളുടെ ദൃശ്യങ്ങളാണ് അവരുപയോഗിച്ചത്. പൊലീസു പോലും നോക്കി നിന്നതേ ഉള്ളൂ.
വെടിക്കെട്ട് രാത്രിയിലാക്കുന്നതിന് വല്ല മാനദണ്ഡങ്ങളുണ്ടോ?
വെടിക്കെട്ടിനായി തേക്കിന്‍കാട് കുറെ കുഴികള്‍ കുഴിക്കും. 2500 ഉം മൂവായിരവുമൊക്കെ കുഴിയുണ്ടാകും. സാമ്പിളിനും അത്രതന്നെ ഉണ്ടാകും. രാത്രി പകുതി കുഴിയിലും വയ്ക്കില്ല. പൊട്ടുമ്പോള്‍ കുഴികളെല്ലാം ചിന്നിപ്പോകും. അപ്പോള്‍ വയ്ക്കാത്ത കുഴിയിലെ അമിട്ടിന്റെ കാശ് കീശയിലാക്കാം. ശക്തന്‍ 117 കൊല്ലം മുമ്പ് തുടങ്ങുമ്പോള്‍ വെടിക്കെട്ടൊന്നും ഇല്ല. പിന്നെ 90 കൊല്ലം മുമ്പാണ് അത് തുടങ്ങുന്നത്. ശിവകാശി ഐറ്റം പൊട്ടിക്കില്ലെന്ന് പറയാനും രണ്ടുകാര്യമുണ്ട്. അവര്‍ക്ക് ചെക്കായിട്ട് കാശുകൊടുക്കണം. അതിര്‍ത്തി കടന്നുവരുന്നതിനാല്‍ ടാക്‌സും അടയ്ക്കണം. പൈസ എവിടെനിന്നും വന്നു എന്ന് സര്‍ക്കാരിനോട് പറയണം. ടിന്‍ എടുക്കണം. കാന്‍സലായി കഴിഞ്ഞാല്‍ പലയിടത്തും രേഖ വരും. വെടിക്കെട്ടിന് കത്തിക്കുകയും വേണ്ട. റിമോട്ട് വച്ച് ചെയ്യാം. പൂരപ്പറമ്പില്‍ നിന്ന് പലര്‍ക്കും ആളാകാനും പറ്റില്ല. പൂരപ്പറമ്പില്‍ കയറാന്‍ വെടിക്കെട്ടിന് പാസുണ്ട്. അയ്യായിരം രൂപവരെ വാങ്ങും. മുന്നൂറ് പേര് വരെ ഉണ്ടാകും. അങ്ങനെയുമുണ്ട് ലാഭം.
ഈ പോരാട്ടത്തിനിടയില്‍ തിരിച്ചടിയുണ്ടായിട്ടില്ലേ ?
2008ല്‍ അങ്ങനെയൊരു സംഭവമുണ്ടായി. വിവരാവകാശത്തിന് മറുപടിക്കായി കൊച്ചിന്‍ ദേവസ്വത്തിന്റെ ഓഫീസിലേക്ക് പോകുകയായിരുന്നു. ആയിടയ്ക്ക് മരടില്‍ മൂന്നുപേര്‍ മരിച്ചു. മരടില്‍ അപകടമുണ്ടാക്കിയത് തിരുവമ്പാടിയിലെ ദേവസ്വത്തിന്റെ ലൈസന്‍സി കുണ്ടന്നൂര്‍ ആനന്ദനാണെന്ന് പൊലീസ് എഫ്.ഐ.ആറുണ്ടായിരുന്നു. ഇതുമായി അന്നത്തെ കളക്ടര്‍ ബീനയെ കണ്ടു. 11 ദിവസമേയുള്ളൂ അന്ന് പൂരത്തിന്. പുതിയ ആളെ കണ്ടെത്തേണ്ടി വന്നു ദേവസ്വത്തിന്. ആനന്ദന് 10 ലക്ഷം കൊടുത്തതും പോയി. പരാതി പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. നായ്ക്കനാലില്‍ വച്ച് അങ്ങോട്ട് പോകുന്ന വഴി കാലുവച്ച് തട്ടിയിട്ടു. ഞാന്‍ കിടന്ന് ഉരുണ്ടു. ചവിട്ടിയത് കാലില്‍ കൊണ്ടു. പൊലീസില്‍ പരാതി നല്‍കി. ദേവസ്വം മാനേജിംഗ് കമ്മിറ്റി അംഗം ഉള്‍പ്പെടെ 17 പേര്‍ക്കെതിരെ കേസെടുത്തു. കൗണ്ടര്‍ കേസുമുണ്ടായി. വെടിക്കെട്ട് പുരയ്ക്ക് തീകൊടുക്കാന്‍ ശ്രമിച്ചു എന്നൊക്കെ പറഞ്ഞ് ഒരു കേസ്. പിന്നെ ഈ രണ്ട് ദേവസ്വങ്ങള്‍ക്കും ഇതൊരു വ്യവസായമാണ്. പാറമേക്കാവ് വ്യവസായ സ്ഥാപനമാണെന്ന ഹൈക്കോടതി വിധി വരെയുണ്ടായി. ഒരു ജീവനക്കാരന്റെ സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ടുണ്ടായ വ്യവഹാരങ്ങളാണ് ഈ വിധിയില്‍ കലാശിച്ചത്. വെങ്കിടാചലം പറഞ്ഞു നിറുത്തി.
ഹെറിറ്റേജ് ആന്‍ഡ് ആനിമല്‍ ടാസ്‌ക് ഫോഴ്‌സ് എന്ന പേരില്‍ സംഘടനയുമായി ആനകളുടെ ക്ഷേമത്തിനായുള്ള പോരാട്ടത്തിലും വെങ്കിടാചലമുണ്ട്. അതിന്റെയൊക്കെ ഫലമാണ് നനഞ്ഞചാക്കിനു മുകളില്‍ ഗജവീരന്മാരെ നിറുത്തിയുള്ള ഇപ്പോഴത്തെ പൂരം എഴുന്നള്ളിപ്പ്. തണലിനായി അവയ്ക്ക് മുകളില്‍ കമ്മിറ്റിക്കാര്‍ ഷെഡുകള്‍ കെട്ടുന്നു. കുടിക്കാന്‍ ആവശ്യത്തിന് വെള്ളവും നല്‍കുന്നു. എഴുന്നള്ളിപ്പിലെ ഈ മാനദണ്ഡങ്ങള്‍ക്കെല്ലാം പിന്നില്‍ ചാലകശക്തിയായും വെങ്കിടാചലം ഉണ്ട്. ഐ.സി. ഡബ്‌ള്യു.എ, സി.എ, എം.ബി.എ പഠിക്കുന്നവര്‍ക്ക് കോസ്റ്റിംഗ്, മാനേജ്‌മെന്റ് അക്കൗണ്ടിംഗ്, സ്റ്റാറ്റിറ്റിക്‌സ് എന്നിവയ്ക്ക് ട്യൂഷന്‍ എടുത്താണ് ഉപജീവനം. ഇതിനിടയിലും എല്ലാ നിയമപോരാട്ടങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച് വെങ്കിടാചലം അക്ഷോഭ്യനായി നല്ലപൂരങ്ങളുടെയെല്ലാം കമ്മിറ്റിക്കാരനാകുന്നു. ആള്‍ബലിയില്ലാത്ത നല്ല പൂരങ്ങള്‍ സ്വപ്‌നം കാണുന്നു.
Comments are closed.