ആഗ്രഹങ്ങള്‍ എന്റെ ഗുരുക്കന്മാരും എഫ് ബി എന്റെ ഗോഡ് ഫാദറും: ആര്‍ട്ടിസ്റ്റ് വിഷ്ണു റാം
സുക്കര്‍ ബര്‍ഗ് കാലിഫോര്‍ണിയയില്‍ ഫേസ്ബുക്ക് സ്ഥാപിക്കുന്നത് 2004-ല്‍. അതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലപ്പുഴ ജില്ലയിലെ മുഹമ്മയില്‍ ഒരു ആണ്‍കുട്ടി ഒരു സ്വപ്നം കണ്ട് തുടങ്ങിയിരുന്നു. ആ സ്വപ്നം വിതച്ചത് ലൈബ്രറിയിലെ പുസ്തകങ്ങളിലെ കവര്‍ ചട്ടകളും മാസികകളിലെ കഥകളിലേയും നോവലുകളിലേയും വരകളുമായിരുന്നു. വലുതാകുമ്പോള്‍ തനിക്കും അതുപോലെ പ്രശസ്ത എഴുത്തുകാരുടെ പുസ്തകങ്ങളുടെ കവര്‍ ചിത്രങ്ങളും കഥകള്‍ക്കും കവിതകള്‍ക്കും നോവലുകള്‍ക്കും വരരൂപം നല്‍കണമെന്നും അവന് ആഗ്രഹിച്ചു. എന്നാല്‍ എങ്ങനെ ആ വരയുടെ ലോകത്തേക്ക് എത്തുമെന്ന വഴി അവന് അറിയില്ലായിരുന്നു. പറഞ്ഞു കൊടുക്കാന്‍ വീട്ടുകാര്‍ക്കും. ജീവിതം പ്ലസ് ടു കഴിഞ്ഞപ്പോള്‍ അവന്റെ പഠനം നിര്‍ത്തിച്ചു. വീട്ടിലെ സാമ്പത്തിക പ്രതിസന്ധി മൂലം അവന് സ്വന്തമായൊരു വരുമാനം കണ്ടെത്താന്‍ പെട്ടിക്കടയും മൊബൈല്‍ ഷോപ്പുകളും മുതല്‍ ജ്വല്ലറികള്‍ വരെ സെയില്‍സ് മാനും ഹോട്ടലില്‍ വെയിറ്ററുമായി. പിന്നീട് വര്‍ഷങ്ങളോളം സ്വപ്നത്തെ കനലൊരു തരിയാക്കി ഹൃദയത്തില്‍ സൂക്ഷിച്ചു. ആ സ്വപ്നക്കനലിന്റെ വേവില്‍ സ്വസ്ഥത അവന് കിട്ടാതെ കടകളും ജോലികളും ഒന്നൊന്നായി മാറി. ആ തരിയെ ഒരു തീയായി പടരാന്‍ വഴിയൊരുക്കിയത് മുന്‍ സഹപാഠിയുടെ ഒരു ചോദ്യമാണ്. ഡാ നീ എഫ് ബിയിലുണ്ടോ. അത് അവനെ ഫേസ് ബുക്കിലെത്തിച്ചു. വരകള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു. അത് ശ്രദ്ധിക്കപ്പെട്ടു. എഴുത്തുകാരുടെ സൃഷ്ടികള്‍ക്കുവേണ്ടി വരയ്ക്കണമെന്ന ആഗ്രഹവുമായി നടന്ന വിഷ്ണു റാം എന്ന ആ സ്കൂള്‍കുട്ടി ഇന്ന് പ്രമുഖരുടെ സൃഷ്ടികള്‍ക്കുവേണ്ടി വരയ്ക്കുന്നു. 200 ഓളം പുസ്തകങ്ങള്‍ക്കുവേണ്ടി കവര്‍ ചിത്രവും വരച്ചിട്ടുണ്ട്. ഐഇമലയാളം.കോമിലെ ഡിസൈനറാണ് ഇപ്പോള്‍ മുപ്പതുകാരനായ വിഷ്ണു. വിഷ്ണു റാമുമായി കെ സി അരുണ്‍ സംസാരിക്കുന്നു.
കുട്ടിക്കാലം
ഒരു വലിയ മൈതാനത്തിന്റെ നടുവിലാണ് എന്റെ വീട്. എങ്കിലും ഞാനൊറ്റയ്ക്കായിരുന്നു. ആ മൈതാനത്തില്‍ ആരും കളിക്കാന്‍ വരത്തില്ലായിരുന്നു. അയല്പക്കം എന്നത് എന്റെ അമ്മാവന്റെ വീടായിരുന്നു. അവിടെ കുട്ടികളൊന്നുമില്ല. എന്റെ മൂത്തത് രണ്ട് ചേച്ചിമാരുമാണ്. സൗഹൃദങ്ങളും കുറവാണ്. സ്വാഭാവികമായും എന്റെ ലോകം വായനയിലേക്ക് വഴിമാറിയൊഴുകി. കുട്ടിക്കാലത്ത് ഞാന്‍ ക്രിക്കറ്റൊന്നും കളിച്ചിട്ടില്ലെന്ന് പറയുമ്പോള്‍ മറ്റുള്ളവര്‍ക്ക് അതിശയമാണ്.
കുട്ടിക്കാലത്ത് തന്നെ ഞാന്‍ നന്നായി വരയ്ക്കുമായിരുന്നു. ബാലമാസികകളില്‍ തുടങ്ങിയ വായനയില്‍ നിന്നും ശ്രദ്ധ പിന്നീട് ലൈബ്രറിയിലെ ആനുകാലിക പ്രസിദ്ധീകരണങ്ങളിലും മറ്റും വരുന്ന നോവലുകളിലേയും കഥകളിലേയും കവിതകളിലേയും വരകളിലേക്ക് എത്തി. മാധവിക്കുട്ടിയുടേയും ഒഎന്‍വി കുറിപ്പിന്റേയും മുകുന്ദന്റേയും മറ്റും സൃഷ്ടികള്‍ക്ക് മദനനും നമ്പൂതിരിയും മറ്റും വരച്ചത് നോക്കി ഞാന്‍ വരച്ചു പഠച്ചു. എനിക്കും ചെയ്യാന്‍ പറ്റും എന്നൊരു തോന്നലും അവരെപ്പോലെയൊക്കെ ആകണം എന്നൊരു ചിന്തയും ഉണ്ടായി. കഥകള്‍ക്ക് വേണ്ടി ഇല്ലസ്ട്രേഷന് ചെയ്യണം എന്നതായിരുന്നു ആഗ്രഹം.
പ്രമുഖ എഴുത്തുകാരുടെ രചനകള്‍ക്കുവേണ്ടി വരയ്ക്കണമെന്ന ആഗ്രഹം മൊട്ടിട്ട് തുടങ്ങിയതും സ്കൂള്‍ പഠനകാലത്തെ പഞ്ചായത്ത് ലൈബ്രറി സന്ദര്‍ശനങ്ങളിലൂടെയാണ്. ഈ മാസികകളില്‍ എങ്ങനെ വരയ്ക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഗ്രാമീണരായ വീട്ടുകാര്‍ക്കും അതേക്കുറിച്ച് പറഞ്ഞു തരാനുള്ള അറിവില്ല. എന്റെ പരിചയത്തിലുള്ളവരൊക്കെ കൂലിപ്പണിക്കാരാണ്.
ഒടുവില്‍ എന്റെ ആഗ്രഹം സാധിക്കുന്നതിന് വേണ്ടി ഞാന്‍ സ്കൂള്‍ പഠന കാലത്ത് കൈയെഴുത്ത് മാസികകള്‍ ഒരുക്കാന്‍ തുടങ്ങി. വലിയ കഷ്ടപ്പാടാണ് അത്. അന്ന് കണക്കിന് മാത്രമായിരുന്നു വരയിടാത്ത നോട്ട് ബുക്ക് ഉപയോഗിക്കുക. അതില്‍ നിന്നും പേപ്പര്‍ വലിച്ച് കീറി മാസിക ഉണ്ടാക്കി. ലൈബ്രറിയില്‍ നിന്നും എടുത്ത് കൊണ്ട് വരുന്ന മാസികകളിലേയും പുസ്തകങ്ങളിലേയും കഥകളും കവിതകളും പകര്‍ത്തിയെഴുതുകയും സ്വന്തം മാസികയില്‍ വരയ്ക്കുകയും ചെയ്തിരുന്നു. അച്ചടിയെന്ന് തോന്നിക്കുന്ന രീതിയില്‍ കഷ്ടപ്പെട്ട് എഴുതണം. വീക്കിലിയുടെ ലുക്ക് ഉണ്ടാകണം എന്ന ചിന്തയോടെയാണ് ഇത് ചെയ്യുന്നത്.
അങ്ങനെ ഞാന്‍ മാധവിക്കുട്ടിക്കുവേണ്ടിയൊക്കെ വരച്ചുവെന്ന് ആശ്വാസം കൊള്ളുകയും ചെയ്തു. എന്റെ ആഗ്രഹം നടക്കുമെന്ന് പ്രതീക്ഷയില്ലല്ലോ. അതുകൊണ്ട് കാത്തിരിക്കാന്‍ വയ്യ. എന്റെ ഒരു ആശ്വാസത്തിന് ഇത് ചെയ്തേ പറ്റൂ.
അത് ആരേയും കാണിക്കാറൊന്നുമില്ല. ഇടയ്ക്ക് എടുത്ത് നോക്കും. എനിക്കൊരു സന്തോഷം കിട്ടും. ഞാന്‍ മാധവിക്കുട്ടിക്കുവേണ്ടി വരച്ചു. ബഷീന് വരച്ചു എന്നുള്ള സന്തോഷം. ഒളിപ്പിച്ച് വച്ചിരുന്ന കൈയഴുത്ത് മാസികകളെ ചേച്ചിമാര് കണ്ടെത്തി. മാസിക മുതലാളിയെന്ന് പറഞ്ഞ് അവര്‍ കളിയാക്കി. എനിക്ക് ഫീലായി. തുടര്‍ന്ന് ഞാന്‍ മാസികകളെ നശിപ്പിച്ചു കളയുകയും ചെയ്തു. എങ്കിലും വര തുടര്‍ന്നു. പഠിക്കുകയൊന്നുമില്ലായിരുന്നു. ആ സമയത്താണ് ഈ വരയൊക്കെ. വീട്ടില്‍ നിന്ന് വഴക്ക് കേള്‍ക്കുമായിരുന്നു. പക്ഷേ, എനിക്കത് ചെയ്യാതെ പറ്റില്ല.
പത്താം ക്ലാസൊക്കെയായപ്പോള്‍ അതൊക്കെ വിട്ടു. വായന കുറച്ച് കൂടെ സീരിയസ്സായി. എങ്ങനെയാണ് വരയ്ക്കുന്നതെന്നൊക്കെ ശ്രദ്ധിക്കാന്‍ തുടങ്ങി.
ജീവിത പ്രാരാബ്ദങ്ങളിലേക്ക്, സ്വപ്നങ്ങള്‍ക്കൊരു ബ്രേക്ക്
പ്ലസ് ടു കഴിഞ്ഞപ്പോള്‍ ചേച്ചിമാരുടെ കല്ല്യാണം കഴിഞ്ഞു. വീട്ടില്‍ സാമ്പത്തിക പ്രശ്നമായി. ഡിഗ്രിക്ക് പഠിക്കാന്‍ വീട്ടില്‍ നിന്ന് പറഞ്ഞുവെങ്കിലും ഞാനെന്തെങ്കിലും ജോലി ചെയ്യാം എന്ന് പറഞ്ഞ് ആ വഴിക്ക് നീങ്ങി. കടകളിലും മറ്റും സെയില്‍സ് മാനായും ഹോട്ടലില്‍ വെയ്റ്ററായും മറ്റും കുറെ നാള് അങ്ങനെ പോയി. അപ്പോള്‍ വരയൊക്കെ മുടങ്ങുമെന്നായി. ഒരിടത്തും അധിക നാളൊന്നും നില്‍ക്കില്ല. എറണാകുളത്ത് ഒരു ഷോപ്പില്‍ സെയില്‍സ് മാനായി വര്‍ക്ക് ചെയ്തിരുന്നു. അവിടെ വരയ്ക്കാന്‍ പറ്റില്ല. പേപ്പര്‍ പോലും കൈയില്‍ കിട്ടില്ല. സമയവുമില്ല. ഫുഡും വെള്ളവും പോലെ കിട്ടണമെന്നല്ല. ചെറിയൊരു പേപ്പറില്‍ വരച്ചാല്‍ മതി. അവിടെയങ്ങനെയൊരു സാഹചര്യമില്ല. അത് എനിക്ക് വളരെ സമ്മര്‍ദ്ദമുണ്ടാക്കി. അങ്ങനെ ഞാന്‍ തിരിച്ചു പോയി.
ജീവിതം മാറ്റിയ ചോദ്യം, ഡാ നീ ഫേസ് ബുക്കിലില്ലേ
കുറച്ച് നാള് കഴിഞ്ഞ് ബസ് സ്റ്റോപ്പില്‍ നില്ക്കുമ്പോള് അനൂപ് എന്നൊരു സുഹൃത്ത് വന്ന് ഫേസ് ബുക്കിലില്ലേയെന്ന് ചോദിച്ചു. ഞാന്‍ ഇല്ലായെന്ന് പറഞ്ഞപ്പോള്‍ എന്നെ അവന് കളിയാക്കി. നീയെന്ത് ദുരന്തമാടാ ഈ കാലത്ത്. കാലം മാറിയിട്ടും ഇങ്ങനെയിരിക്കുകയാണോ എന്നൊക്കെ കളിയാക്കി ചോദിച്ചു. അത് എനിക്കൊരു കുറച്ചില് പോലെ തോന്നി. ഈ ചോദ്യം പലരും ചോദിക്കാന്‍ തുടങ്ങി. ഫേസ് ബുക്ക് ഒരു ട്രെന്‍ഡായി വരുന്ന കാലഘട്ടമാണ്. അടുത്ത വര്‍ഷം ഓണത്തിന് ബോണസ് കിട്ടിയപ്പോള്‍ ഫോണ്‍ വാങ്ങിക്കണം എന്ന് തീരുമാനിച്ചു. ഫേസ് ബുക്ക് ഐഡിയില്ലാത്തത് എന്തോ ഒരു കുറവായിട്ട് തോന്നി. ഒരാള്‍ പരിചയപ്പെട്ട് കഴിഞ്ഞാല്‍ ആദ്യ ചോദ്യം ഫേസ് ബുക്കിലുണ്ടോയെന്നാണ്. ഫേസ് ബുക്ക് ഇല്ലാതെ പറ്റത്തില്ലെന്ന് തോന്നി. അങ്ങനെയാണ് ഫോണ്‍ വാങ്ങിക്കുന്നതും ഫേസ് ബുക്ക് അക്കൗണ്ട് തുടങ്ങുന്നതും. പക്ഷേ, അതാണ് എന്റെ ജീവിതത്തിലെ ഒരു ട്വിസ്റ്റ്.
ആദ്യമൊക്കെ എല്ലാരേയും പോലെ ഫോട്ടോയിടലും ചാറ്റിങ്ങൊക്കെ തന്നെയായിരുന്നു. ഒരു ദിവസം ഒരു ആര്‍ട്ടിസ്റ്റിന്റെ പ്രൊഫൈല്‍ യാദൃശ്ചികമായി കണ്ടു. ആ ഐഡി കണ്ടപ്പോള്‍ ഇതുപോലെ പടം വരച്ചിടാലോയെന്ന ഐഡിയ എനിക്കും തോന്നി. അതുവരെ ആ ഐഡിയ എനിക്ക് തോന്നിയിട്ടില്ല. ഫേസ് ബുക്ക് ഐഡി ഉണ്ടായിരിക്കുക എന്നത് മാത്രമാണല്ലോ വിഷയം. ഒരു വിദേശ ആര്‍ട്ടിസ്റ്റായിരുന്നു അത്. ആരോ ഷെയര്‍ ചെയ്തത് എന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
അങ്ങനെ ഞാനൊരു പടം വരച്ചിട്ടപ്പോള്‍ നല്ല റെസ്പോണ്‍സ് ലഭിച്ചു. അത് വീണ്ടും വീണ്ടും പോസ്റ്റ് ചെയ്യാനുള്ള പ്രചോദനമായി. അങ്ങനെ എഴുത്തുകാര്‍ ഒന്ന് രണ്ട് പേരൊക്കെ എന്റെ ഫ്രണ്ട്സ് ലിസ്റ്റില്‍ വന്നു. ഫേസ് ബുക്കിന്റെ അല്‍ഗോരിതം എന്നെ ഞാന്‍ അറിയാതെ എഴുത്തുകാരുടെ കൂടെ പെടുത്തി. അവര്‍ എഴുതുന്ന കഥകളെ കുറിച്ച് ഫേസ് ബുക്കില്‍ കുറിച്ചിരുന്നു. ഇത്തവണ മാധ്യമത്തില്‍ എന്റെയൊരു കഥയുണ്ട് എന്നൊക്കെ. അതുകണ്ട് ആ കഥ ഞാന്‍ വായിച്ചിട്ട് വരച്ചു. എന്നിട്ട് ഞാന്‍ വരച്ച കഥാഭാഗവും പടവും ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യും. എന്റെ ഉദ്ദേശം ഇത്രയേയുള്ളൂ. കഥയെഴുതിയ ആള് ഇത് കാണുമല്ലോ. അയാളുടെ കഥാപാത്രങ്ങളെ മറ്റു വായനക്കാര്‍ അറിയുന്നതിനേക്കാളേറെ അയാള്‍ക്ക് അല്ലേ അറിയുന്നുണ്ടാകുക. അയാളുടെ അഭിപ്രായം അറിയുക. എനിക്കിത് ചെയ്യാന്‍ പറ്റുമോയെന്ന ടെസ്റ്റായിരുന്നു ശരിക്കും പറഞ്ഞാല്‍ അത്. എന്നാല്‍ തെറ്റിദ്ധരിച്ച ആളുകളുമുണ്ടായിരുന്നു. ഞാന്‍ അവരെ സോപ്പിട്ട് പുകഴ്ത്തി അങ്ങോട്ടേക്ക് ഇടിച്ചു കയറാന്‍ ശ്രമിച്ചുവെന്ന രീതിയില്‍. അവരുടെ പ്രീതി പിടിച്ച് പറ്റാനല്ലേ നീയിത് ചെയ്യുന്നതെന്ന് പലരും ചോദിച്ചിട്ടുണ്ട്. കാര്യം മനസ്സിലാക്കാന്‍ ശേഷിയുള്ളവരാണെങ്കില്‍ ഞാന്‍ പറയും. അല്ലെങ്കില്‍ ചിരിച്ച് വിടും. പക്ഷേ, ഞാനുദ്ദേശിച്ച കാര്യം നടന്നു.
കഥാകൃത്ത് ഉണ്ണി ആര് ആയിരുന്നു എന്റെ വരയെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞ ആദ്യ എഴുത്തുകാരന്. പക്ഷേ, അത് ഫേസ് ബുക്ക് വഴിയായിരുന്നില്ല. പുള്ളിയുടെ ഒരു പുസ്തകത്തിലെ സച്ചിദാനന്ദം എന്ന കഥ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഞാന്‍ അതിനുവേണ്ടി വരച്ച് ഇമെയില്‍ ചെയ്ത് കൊടുത്തു. പുസ്തകത്തില്‍ മെയില്‍ ഐഡി ഉണ്ടായിരുന്നു. റിപ്ലെ പ്രതീക്ഷിച്ച് ചെയ്തത് ആയിരുന്നില്ല. പക്ഷേ, പുള്ളി വരയില്‍ കാര്യമുണ്ട് എന്ന രീതിയില്‍ മറുപടി അയച്ചു. എന്നെ സംബന്ധിച്ച് അത് വലിയൊരു കാര്യമായിരുന്നു. അക്കാലത്ത് എന്നെ സംബന്ധിച്ച് ഇത് ചെയ്യാന്‍ പറ്റുമോയെന്ന ടെസ്റ്റിങ് ആയിരുന്നു എന്റെ ഉദ്ദേശം. ഉണ്ണി ആര് എനിക്ക് വളരെയധികം ഇഷ്ടമുള്ള ഒരു എഴുത്തുകാരനാണ്. അദ്ദേഹം പോസിറ്റീവായി റെസ്പോണ്ട് ചെയ്തപ്പോള്‍ വലിയ കോണ്‍ഫിഡന്‍സുണ്ടായി.
പിന്നീട് പല എഴുത്തുകാരും, അവരുടെ കഥയെ ഉള്‍ക്കൊള്ളാന്‍ പറ്റിയിട്ടുണ്ട്, ഞാന്‍ ഉദ്ദേശിച്ചത് ഇത് തന്നെയാണ് എന്നൊക്കെ ഫേസ് ബുക്കിലെ പടങ്ങള്‍ കണ്ടിട്ട് പ്രതികരിക്കാന്‍ തുടങ്ങി. അവരൊക്കെ എന്റെ വര ഷെയര്‍ ചെയ്യാന്‍ തുടങ്ങി. അങ്ങനെ കൂടുതല്‍ പേരിലേക്ക് എത്താന്‍ തുടങ്ങി. അങ്ങനെ മാസികകളിലൊക്കെ വര്‍ക്ക് ചെയ്യുന്നവര്‍ എന്റെ ഫ്രണ്ട്സ് ലിസ്റ്റില്‍ വരാന്‍ തുടങ്ങി. എഴുത്തുകാരുമൊക്കെയായി സൗഹൃദത്തിലായതിലും സോഷ്യല്‍ മീഡിയ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്.
സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു
അങ്ങനെയിരിക്കേ, ജോലി കഴിഞ്ഞ് വീട്ടില്‍ പോകാന്‍ എറണാകുളം കെ എസ് ആര് ടി സി ബസ് സ്റ്റാന്‍ഡില്‍ ഇരിക്കുമ്പോഴാണ് സമകാലിക മലയാളം വാരികയിലെ എസ് കലേഷ് വിളിക്കുന്നത്. കവി കൂടിയാണ് അദ്ദേഹം. ഞാന്‍ നിന്റെ മെയിലിലേക്ക് ഒരു കഥ അയച്ചിട്ടുണ്ട്. അതിനുവേണ്ടി വരയ്ക്കണം. കലേഷ് പറഞ്ഞു. ഞാന്‍ ഭയങ്കരമായി വണ്ടറടിച്ചു പോയി. എന്റെ ജീവിതത്തിലെ ഏറ്റവും വല്യ സ്വപ്നമാണ് കഥകള്‍ക്കുവേണ്ടി വരയ്ക്കണമെന്നത്. എന്റെ ജീവിതത്തില്‍ ഇതുവരെ വേറെ സ്വപ്നങ്ങള്‍ ഉണ്ടായിട്ടില്ല. ആദ്യമായിട്ടാണ് ഒരു മാസികയില്‍ നിന്നും അവര്‍ക്കുവേണ്ടി വരയ്ക്കണം എന്ന് പറഞ്ഞൊരു വിളി എനിക്ക് കിട്ടുന്നത്. പെട്ടെന്ന് തന്നെ വീട്ടിലെത്തി വരച്ചു. ഞാന്‍ ഭയങ്കര എക്സൈറ്റഡായിരുന്നു. ആദ്യം വരച്ചതൊക്കെ മോശമായിപ്പോയി. പുള്ളി തന്നെ പറഞ്ഞു നീയൊന്ന് കൂടി ശ്രമിക്കൂ, നന്നാക്കാന്‍ പറ്റും. ആദ്യത്തെ വരയല്ലേ. അപ്പോള്‍ അത് ശ്രദ്ധിക്കപ്പെടണം എന്നൊക്കെ പറഞ്ഞ് പ്രോത്സാഹിപ്പിച്ചു.
കെ എന്‍ പ്രശാന്ത് എഴുതിയ ഒരു കഥയായിരുന്നു അത്. കന്യുസന്യാല് എന്ന പൊലീസുകാരന് എന്ന കഥ. അതേസമയം തന്നെ മാധ്യമം വാരികയില്‍ നിന്നും സലിലിക്ക (സി എസ് സലില്‍) വിളിക്കുന്നുണ്ട്. രണ്ടിലും എന്റെ വര അടുത്തടുത്ത് വന്നു. രണ്ടും ശ്രദ്ധിക്കപ്പെട്ടു. ഫേസ് ബുക്കില്‍ വായനക്കാരുടെ നല്ലൊരു ഗ്യാംഗ് എന്റെ ലിസ്റ്റില്‍ ഉണ്ട്. അവരൊക്കെ വര കണ്ടു, നന്നായി എന്നൊക്കെ അഭിപ്രായം അറിയിച്ചു. അത് ജീവിത ലക്ഷ്യം നടന്നുവെന്ന ഫീലായിരുന്നു തന്നത്. പിന്നെ ഈ ട്രാക്കിലേക്കായി. മാസികകള്‍ക്കും ഒട്ടുമിക്ക പുസ്ത പ്രസാധകരുടെ പുസ്തകങ്ങളുടെ കവറുകള്‍ക്കും വേണ്ടി ധാരാളം വരച്ചു. ഒരാള്‍ക്കുവേണ്ടി വരയ്ക്കുമ്പോള്‍ അയാള്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യും. അപ്പോള്‍ അത് കണ്ട് മറ്റൊരു ഓഫര്‍ വരും. യഥാര്‍ത്ഥത്തില്‍ ഫേസ് ബുക്കാണ് എന്നെ ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ എത്തിച്ചത്.
അന്ന് ഫേസ് ബുക്ക് അക്കൗണ്ട് എടുത്തില്ലായിരുന്നുവെങ്കില്‍ ഏതെങ്കിലും കടയില്‍ സെയില്‍ മാനായി തുടര്ന്നേന്നേ. ഫേസ് ബുക്കാണ് എന്റെ ഗോഡ് ഫാദര്‍. ആലപ്പുഴയിലെ ഒരു ഗ്രാമത്തിലെ എനിക്ക് എന്റെ വരകള്‍ ലോകത്തെ കാണിക്കാന്‍ പറ്റിയത് ഫേസ് ബുക്ക് വഴിയാണ്. എക്സിബിഷന് എന്ന ചിന്തയൊന്നും അന്ന് വന്നിരുന്നില്ല. വേറൊരു പണിയുമില്ലേ. ഫുള്‍ ടൈം ഇതിലാണല്ലോയെന്നൊക്കെ ചോദിച്ചവരുണ്ട്. പക്ഷേ, ഞാന്‍ അതില്‍ ചെലവഴിച്ച സമയത്തിന്റെ ഇരട്ടി പ്രയോജനം എനിക്ക് ലഭിച്ചിട്ടുണ്ട്.
ഫേസ് ബുക്ക് വഴിയുള്ള ഞെട്ടിപ്പിക്കലുകള്‍
കവര്‍ ഡിസൈനിങ്ങൊക്കെ ചെയ്യണമെങ്കില്‍ കുറച്ച് കൂടെ പഠിക്കണമെന്ന് എനിക്ക് തോന്നി. കംപ്യൂട്ടര്‍ വാങ്ങിക്കണം. പക്ഷേ, അതിനുള്ള സാമ്പത്തിക സ്ഥിതിയില്ല. അങ്ങനെയിരിക്കേ, ഫേസ് ബുക്ക് വഴി പരിചയപ്പെട്ട ലണ്ടന്‍ മലയാളിയായ കൃഷ്ണകുമാര്‍ അവിടെ ജോലി ശരിയാക്കി തരാം അതിന് വേണ്ടി സര്‍ട്ടിഫിക്കറ്റുകള്‍ അയച്ച് കൊടുക്കാന്‍ പറഞ്ഞു. ആള് അവിടെ നഴ്സായി ജോലി ചെയ്യുകയാണ്. ഹരിപ്പാടുകാരനായ പുള്ളി വിചാരിച്ചത് ഞാന്‍ ധാരാളം പഠിച്ചിട്ട് നില്‍ക്കുന്നയാളാണെന്ന്. അപ്പോള്‍ ഞാന്‍ എന്റെ കാര്യങ്ങളൊക്കെ പറഞ്ഞു. ഇനീം പഠിക്കാലോ പഠിച്ചാലെന്തെന്ന് അദ്ദേഹം ഇങ്ങോട്ട് ചോദിച്ചു. അത് ശരിയാകത്തില്ലെന്ന് ഞാനും. സാമ്പത്തിക പ്രശ്നമാണെങ്കില്‍ അതോര്‍ത്ത് വിഷമിക്കണ്ടെന്നും സഹായിക്കാമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ഏതോ ഒരു മനുഷ്യന് എവിടെയോ ഇരുന്ന് പറയുന്നുവെന്നല്ലാത്തെ ഞാനത് സീരിയസ് ആയി എടുത്തില്ല. പക്ഷേ, തമാശയല്ലെന്നും സീരിയസ് ആയിട്ടാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം ഞാന്‍ വേണ്ടെന്ന് പറഞ്ഞു. പക്ഷേ, എന്നോട് ബന്ധുക്കള്‍ പോലും അങ്ങനെ ഒരു കാര്യം ചോദിച്ചിട്ടില്ല. അങ്ങനെ ഗ്രാഫിക് ഡിസൈന്‍ പഠിക്കണമെന്ന ആഗ്രഹം അദ്ദേഹത്തോട് പറഞ്ഞു. പക്ഷേ, കംപ്യൂട്ടറില്ലെന്നും കൂട്ടിച്ചേര്‍ത്തു. അത് രണ്ടും ഞാനേറ്റുവെന്ന് കൃഷ്ണകുമാറും പറഞ്ഞു. പുള്ളിയെനിക്ക് പൈസ അയച്ച് തന്നു. ഞാന്‍ കംപ്യൂട്ടര്‍ വാങ്ങിച്ചു. പിന്നെ പഠിക്കാന്‍ പോകാന്‍ തുടങ്ങി. അതിന് ശേഷമാണ് ആര്‍ട്ടിസ്റ്റെന്ന നിലയിലേക്ക് ഞാന്‍ വരാന്‍ തുടങ്ങിയത്. അദ്ദേഹത്തിന് അത് വലിയ സന്തോഷമായി. ഞാന്‍ അന്ന് ചെയ്തത് കൊണ്ട് എനിക്കിപ്പോള്‍ അഭിമാനിക്കാമെന്ന് പുള്ളി പറഞ്ഞു.
അദ്ദേഹത്തിന്റെ സഹായം ഉണ്ടായത് കൊണ്ട് കൂടിയാണ് ഞാന്‍ ഇതുവരെ എത്തിയത്. കാരണം വരയ്ക്കാന്‍ അറിഞ്ഞത് കൊണ്ട് മാത്രം വരയ്ക്കാന്‍ പറ്റില്ലല്ലോ. അതിനുള്ള മാധ്യമം കൂടെ വേണ്ടേ.
കംപ്യൂട്ടര്‍ വാങ്ങിച്ചപ്പോള്‍ അച്ഛനൊക്കെ വിചാരിക്കുന്നത് അതുപയോഗിച്ച് ചെയ്യാന്‍ പറ്റുന്ന വര്‍ക്കൊക്കെ കിട്ടുമെന്നാണ്. എന്നോട് ചോദിക്കും വര്‍ക്ക് കിട്ടിയോയെന്ന്. ഞാന്‍ ഇല്ലായെന്ന് പറയും. പിന്നെ എന്റെ തെരച്ചില്‍ അത്തരം വര്‍ക്കുകള്‍ക്ക് വേണ്ടിയായിരുന്നു. നെറ്റിലൊക്കെ നോക്കി അഡ്രസ് എടുത്ത് പരസ്യ കമ്പനികള്‍ക്ക് എന്റെ വര്‍ക്ക് അയച്ച് കൊടുക്കും. അവരൊക്കെ വിളിക്കാം. നോക്കട്ടേയെന്നൊക്കെ പറഞ്ഞ് ഒഴിവാക്കും.
അങ്ങനെയിരിക്കേ ഒരു ദിവസം രാത്രി ന്യൂയോര്‍ക്കിലുള്ള മലയാളിയായ ജോബ് എന്റെ ഫോണ്‍ നമ്പര്‍ ചോദിച്ചു കൊണ്ട് എഫ് ബിയില്‍ മെസേജ് അയച്ചു. ആള് അവിടെയൊരു പരസ്യ കമ്പനി നടത്തുകയാണ്. നിങ്ങളുടെ വരയൊക്കെ ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു. ഞങ്ങള്‍ക്കുവേണ്ടി വര്‍ക്ക് ചെയ്യാമോയെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. അതും എന്നെ സംബന്ധിച്ച് അതിശയമാണ്. ഒട്ടും പ്രതീക്ഷിക്കാത്തയിടത്ത് നിന്ന് ഇങ്ങോട്ടേക്ക് ഒരു ഹെല്പ് വരിക. അങ്ങനെ അവര്‍ക്കുവേണ്ടി വര്‍ക്ക് ചെയ്യാന്‍ തുടങ്ങി. അന്ന് ഞാന്‍ പകല്‍ ഒരു കടയില്‍ കാഷ്യറായി വര്‍ക്ക് ചെയ്യുകയായിരുന്നു. രാത്രി പരസ്യ കമ്പനിക്കുവേണ്ടിയും വര്‍ക്ക് ചെയ്ത് തുടങ്ങി. എന്നെ സംബന്ധിച്ച് ക്യാഷ്യറെന്നത് ഒരു ജോലി മാത്രമായിരുന്നു. ഇത് ചെയ്യാന്‍ ഞാന്‍ രാത്രി ഉറക്കമിളച്ചിരുന്നു. രാത്രി രണ്ട് മണിവരെയിരുന്ന് വരച്ചിരുന്നു. അക്കാലത്ത് പൈസ മാത്രമേ നമുക്ക് കിട്ടുന്നുള്ളു. നമ്മളെ ആരും അറിയുന്നില്ല.
പിന്നീട് ഡിസി ബുക്ക്സിനുവേണ്ടി പുസ്തകങ്ങളുടെ കവര്‍ ചെയ്ത് തുടങ്ങി. ആളുകളുടെ പോസിറ്റീവായ പ്രതികരണം ലഭിച്ചു. അപ്പോള്‍ പരസ്യ കമ്പനിയേക്കാള്‍ നല്ലത് കവര്‍ ചിത്രങ്ങള്‍ വരയ്ക്കുന്നതിലേക്ക് തിരിയുന്നതാണ് നല്ലതെന്ന് തോന്നി. അങ്ങനെ പരസ്യ കമ്പനിയിലെ ജോലി അവസാനിപ്പിച്ചു.
ഞാന്‍ എന്റെ അനുഭവങ്ങളും സ്വപ്നങ്ങളും ഫേസ് ബുക്കില്‍ എഴുതിയിടാറുണ്ടായിരുന്നു. അതിലൊന്നില്‍ കഥകള്‍ക്കുവേണ്ടി വരച്ച് ജീവിക്കുന്നതാണ് എന്റെ ആഗ്രഹം എന്ന് എഴുതിയിരുന്നു. ഞാന്‍ വരയ്ക്കുമ്പോള്‍ മാത്രമാണ് എന്നെ കുറിച്ച് നല്ല അഭിപ്രായം കേള്‍ക്കുന്നത്. മറ്റെന്ത് ചെയ്താലും ഇവനെന്താ ചെയ്യുന്നത് എന്ന ചോദ്യമാണ് കേട്ടിരുന്നത്. ഏറെ ലാളിച്ച് വളര്‍ത്തിയതിന്റെ പ്രശ്നങ്ങള്‍ എനിക്കുണ്ട്. എനിക്ക് നന്നായി ചെയ്യാന്‍ പറ്റുന്നത് വരയാണെന്ന ബോധ്യം എനിക്കുണ്ടായിരുന്നു.
തമിഴിലെ ശ്രീപദി പത്മനാഭ എന്ന എഴുത്തുകാരന് അദ്ദേഹത്തിന്റെ കവിതയ്ക്കുവേണ്ടി ഞാന്‍ വരയ്ക്കണമെന്ന് പറഞ്ഞ് വിളിച്ചു. എനിക്ക് തമിഴ് അറിയത്തില്ലെന്നും അതിനാല്‍ വേറെയാരെയെങ്കിലും കൊണ്ട് വരയ്ക്കുന്നതാണ് നല്ലതെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം അത് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് അയച്ചു തന്നു. ഞാന്‍ വരയ്ക്കുന്നതിനുവേണ്ടി ഒരാള്‍ അത്രയും എഫര്‍ട്ട് എടുക്കുന്നത് കണ്ടപ്പോള്‍ ഞെട്ടിയിരുന്നു. വലിയ പേരെടുക്കാത്ത ആര്‍ട്ടിസ്റ്റെന്ന നിലയില്‍ ആ സംഭവം എനിക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. എനിക്ക് ഏറെ സഹായം ചെയ്തത് കൂടെയായിരുന്നു അത്. ഫേസ് ബുക്ക് വഴിയായിരുന്നു അദ്ദേഹം എന്നെ കുറിച്ച് അറിയുന്നത്. അദ്ദേഹം ഈയിടയ്ക്ക് മരിച്ചു.
അദ്ദേഹം പുസ്തകം ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്തപ്പോള്‍ അതുവഴി തമിഴില്‍ നിന്നും കുറെ ബന്ധങ്ങള്‍ കിട്ടി. അവര്‍ക്കുവേണ്ടി വരയ്ക്കാനും സാധിച്ചു.
ആ ചോദ്യങ്ങള്‍ പേടിച്ച് അവരില്‍ നിന്നും ഞാന്‍ ഓടിയൊളിക്കും
പഠിക്കേണ്ട സമയത്ത് ആര്‍ട്ടിനെ കുറിച്ച് മനസ്സിലാക്കാനും വരയ്ക്കാനും സമയം ചെലവഴിച്ചിരുന്നു. അത്യാവശ്യം പഠിക്കുമായിരുന്നുവെങ്കിലും വരയ്ക്കായിരുന്നു പ്രാധാന്യം. കടകളില്‍ നില്ക്കുമ്പോള് എന്റെ കൂടെ പഠിച്ചവര്‍ നല്ല നിലയില്‍ പോകുന്നത് കാണുമ്പോള്‍ അന്ന് പഠിച്ചിരുന്നെങ്കില്‍ എന്ന് വിചാരിച്ച് മാസികമായി വിഷമിച്ചിരുന്നു. അന്ന് ഞാന്‍ വെറുതേ വരച്ചോണ്ടിരുന്നുവെന്ന് ചിന്തിച്ചിട്ടുണ്ട്. പക്ഷേ, അന്ന് വരയ്ക്കുവേണ്ടി ഞാന്‍ എത്ര കഷ്ടപ്പെട്ടിട്ടുണ്ടോ അതിന്റെ പ്രതിഫലം ഇപ്പോള്‍ കിട്ടുന്നു. മുമ്പ് പണി കഴിഞ്ഞ് എത്തിയശേഷം രാത്രിയിരുന്ന് വരയ്ക്കുമായിരുന്നു. വരയ്ക്കുവേണ്ടിയിരിക്കാന് എനിക്ക് മടിയില്ലായിരുന്നു. വീട്ടില്‍ നിന്നൊക്കെ ചോദിച്ചിട്ടുണ്ട്. ആരേയും കാണിക്കത്തുമില്ല. വേറെ പണിയൊന്നുമില്ലേയെന്ന്. ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തതു കൊണ്ടാണ് എല്ലാവരും കണ്ട് തുടങ്ങിയത്.
സ്കൂളില്‍ പഠിച്ചിരുന്നപ്പോള്‍ ബയോളജിയിലെ ചിത്രങ്ങള്‍ എന്നെക്കൊണ്ടാണ് ടീച്ചര്മാര് ബോര്‍ഡില്‍ വരയ്ക്കുന്നത്. അന്നൊക്കെ അവര്‍ പുകഴ്ത്തിയിരുന്നു. ഇതൊക്കെ ജന്മസിദ്ധമായ കഴിവാണെന്നും വലുതാകുമ്പോള്‍ നീ ആര്ട്ടിസ്റ്റാകുമെന്നും അവര്‍ പറഞ്ഞിരുന്നു. ഗുരുക്കന്മാര് അനുഗ്രഹിച്ചാലോ ശപിച്ചാലോ അത് നടക്കും എന്നൊരു ചിന്ത ഗ്രാമപ്രദേശത്തുകാരനായതിനാല് എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആര്‍ട്ടിസ്റ്റായി മാറുമെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. പക്ഷേ, പിന്നീടുള്ള അനുഭവങ്ങള്‍ നേരേ എതിരായിരുന്നു.
കടകളില്‍ സെയില്‍സ്മാനായി പോകുമ്പോള്‍ അവരെയൊക്കെ കാണുമ്പോള്‍ ഞാന്‍ ഒളിച്ചിരിക്കും. കാരണം അവര്‍ അന്ന് പറഞ്ഞയാളല്ലേ ഇവിടെ നില്‍ക്കുന്നത് എന്ന് ചോദിക്കുമെന്ന് പേടിച്ചിരുന്നു. ഇപ്പോഴെന്ത് ചെയ്യുന്നുവെന്ന ചോദ്യം എനിക്ക് താങ്ങാന്‍ കഴിയുമായിരുന്നില്ല. തിരിഞ്ഞുനോക്കുമ്പോള്‍ അത്തരം സംഭവങ്ങള്‍ ഭയങ്കര വിഷമം ഉണ്ടാക്കുന്നതാണ്.
പൗവ്ലോ കൊയ്ലയും സ്വപ്നത്തിന്റെ ശക്തിയും
ഞാന്‍ ആദ്യമായി കവര്‍ ചെയ്ത പുസ്തകത്തിന്റെ പ്രകാശന വേദിയില്‍ വികാരധീനനായി ഒന്നും പറയാനാകാതെ നിന്നതിനെ കുറിച്ച് വീട്ടില്‍ പറഞ്ഞപ്പോള്‍ അമ്മ കരയുന്നുണ്ടായിരുന്നു. കുട്ടിക്കാലത്ത് കളറ് വാങ്ങണമെന്ന് പറയുമ്പോള്‍ ഇപ്പോള്‍ പൈസയില്ല പറയുമ്പോള്‍ വലുതാകുമ്പോള്‍ ശരിയാകും എന്ന് അമ്മ പറയാറുണ്ടായിരുന്നു. അതൊക്കെ നിസ്സഹായത കൊണ്ടായിരുന്നു അത്. യഥാര്‍ത്ഥത്തില്‍ അത് കേള്‍ക്കുമ്പോള്‍ എനിക്ക് ദേഷ്യമാണ് വന്നിരുന്നത്. പക്ഷേ, വലുതായിക്കഴിഞ്ഞപ്പോള്‍ അമ്മ പറഞ്ഞത് പോലെ നടന്നു. ഇപ്പോള്‍ മാധ്യമങ്ങളില്‍ എന്റെ വരകള്‍ വരുമ്പോള്‍ അവര്‍ക്കൊക്കെ ഭയങ്കര സന്തോഷമാണ്. എനിക്കത് മനസ്സിലാക്കാന്‍ സാധിക്കും.
നമ്മള് ഒരു കാര്യം ആഗ്രഹിച്ചാല്‍ അത് സാധ്യമാക്കുന്നതിന് പ്രപഞ്ചം സഹായിക്കുമെന്ന പൗലോ കൊയ്ലയുടെ വാചകങ്ങളോട് സത്യം പറഞ്ഞാല്‍ എനിക്ക് എതിര്‍പ്പായിരുന്നു. ഇപ്പോഴത് മാറി. എന്റെ അനുഭവങ്ങളിലൂടെ അത് സത്യമാണ് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഇപ്പോള്‍ ഞാന്‍ മറ്റുള്ളവരെ ഉപദേശിക്കാറുണ്ട്. എനിക്ക് എന്റേതായി കിട്ടിയിരുന്ന സമയങ്ങളിലൊക്കെ ഞാന്‍ ആര്‍ട്ടിസ്റ്റാകുന്നതും വരയ്ക്കുന്നതുമൊക്കെ സ്വപ്നം കണ്ടിരുന്നു. ഇങ്ങനെ വിഷ്വലൈസ് ചെയ്തിരുന്നത് പോസിറ്റീവ് എനര്‍ജി ഉണ്ടാക്കാന്‍ ആയിരുന്നില്ല. ഞാന്‍ എന്‍ഗേജ്ഡ് അല്ലാതിരുന്ന സമയത്തൊക്കെ അത് ചെയ്തിരുന്നു. ഓരോ പ്രായത്തിനും അനുസരിച്ച് ഓരോരുത്തര്‍ക്കും ഉണ്ടാകുന്ന ആഗ്രഹങ്ങളില്ലേ. ബൈക്ക് വാങ്ങണം എന്നൊക്കെയുള്ളത് പോലെ. അതൊന്നും എനിക്കുണ്ടായിരുന്നില്ല. എന്റെ സ്വപ്നം കഥകള്‍ക്കുവേണ്ടി വരയ്ക്കുന്നത് മാത്രമായിരുന്നു.
വരച്ചു ജീവിക്കുക എന്ന എന്റെ ആഗ്രഹത്തെ കുറിച്ച് അറിയാവുന്ന എഴുത്തുകാരി പ്രിയ എ എസ് ആണ് ഇന്ത്യൻ എക്സ്പ്രസ് മലയാളം എഡിറ്റർ സഞ്ജയ് മോഹൻ സാറിനോട് എന്നെ കുറിച്ച് പറഞ്ഞത്. അങ്ങനെയാണ് ഈ രംഗത്തു ഒരു ജോലി എന്ന നടക്കും എന്ന് ഒട്ടും പ്രതീക്ഷ ഇല്ലാതിരുന്ന ഒരു സ്വപ്നത്തിലേക്ക് എത്തിയത്.
പുതിയ തലമുറയിലെ ഒട്ടുമിക്ക എഴുത്തുകാര്‍ക്കും വേണ്ടി വരച്ചിട്ടുണ്ട്. ഇപ്പോഴും കഥ വായിച്ചിട്ട് വരയ്ക്കുന്ന സ്വഭാവം തുടരുന്നുണ്ട്. മീശ നോവല്‍ ഇറങ്ങിയപ്പോള്‍ അത് വായിച്ചിട്ട് വരച്ചിരുന്നു. അത് കണ്ട് ഹരീഷേട്ടനും ഭാര്യയും വിളിച്ച് അഭിനന്ദിച്ചിരുന്നു. നീയാ കഥാ ഉള്‍ക്കൊണ്ട് വരച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. അതൊക്കെയാണ് എനിക്ക് കിട്ടിയ അവാര്‍ഡുകള്‍. എഴുത്തുകാരനായ വിനോയ് തോമസ് രാത്രിയില്‍ അവരുടെ നാട്ടിലെ ഒരു സ്കൂളില്‍ ക്ലാസ് എടുക്കാറുണ്ട്. അദ്ദേഹം ഓര്‍മ്മക്കുറിപ്പുകള്‍ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തില്‍ എഴുതാറുണ്ട്. ഈ സ്കൂളിനെക്കുറിച്ച് എഴുതി. അതിനുവേണ്ടി ഞാന്‍ വരച്ചിരുന്നു. ഞാന്‍ കണ്ടിട്ടില്ലാത്ത സ്കൂളാണത്. അദ്ദേഹം വിളിച്ച് ചോദിച്ചു, നീ ഞങ്ങളുടെ സ്കൂള്‍ കണ്ടിട്ടുണ്ടോ. കണ്ണൂര്‍ ഞാന്‍ വന്നിട്ടില്ലെന്ന് ഞാന്‍ പറഞ്ഞു. അതുപോലെയാണല്ലോ വരച്ചതെന്നും അതിശയം തോന്നുന്നുവെന്നും വിനോയ് പറഞ്ഞു. ഇതൊക്കെയാണ് വരയ്ക്കാനുള്ള പ്രചോദനം നല്‍കുന്നത്.
വര പഠിക്കാത്തതിന്റെ ഗുണവും ദോഷവും
സ്കൂളിലൊക്കെ പഠിക്കുമ്പോള്‍ എന്റെ വരയെ എല്ലാവര്ക്കും പൊതുവേ ഇഷ്ടമായിരുന്നു. മത്സരങ്ങള്‍ക്കൊക്കെ പങ്കെടുത്ത് സമ്മാനം കിട്ടിയിരുന്നു. എന്നാല്‍ പഠിക്കാത്തത് ഒരു പ്രശ്നമായി തോന്നിയത് ജില്ലാ യുവജനോത്സവത്തിലൊക്കെ പങ്കെടുക്കാന്‍ പോകുമ്പോഴാണ്. അവിടെ വരുന്ന വര പഠിക്കുന്ന കുട്ടികള്‍ക്കൊക്കെ ഒരു ഐഡിയ ഉണ്ടാകും. അവിടെ പറയുന്ന വിഷയം എന്തായിരിക്കും. ഉദാഹരണമായി, നിര്‍മ്മാണം എന്ന വിഷയം കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ വരിക കെട്ടിട നിര്‍മ്മാണമാണ്. നമ്മള് വരയ്ക്കുന്നത് അതാകും. എന്നാല്‍ പഠിക്കുന്ന കുട്ടികള്‍ വരയ്ക്കുന്നത് പൂമാല കോര്‍ക്കുന്ന സ്ത്രീയെ ആയിരിക്കും. കാഴ്ചയില്‍ ഭംഗി അതിനായിരിക്കും.
കെട്ടിട നിര്‍മ്മാണം വരയ്ക്കുമ്പോള്‍ അതില്‍ നിറങ്ങള്‍ക്ക് ഒരു പരിമിതിയുണ്ടല്ലോ. മറ്റേത് കളര്‍ഫുളായിരിക്കും. അങ്ങനത്തെയൊരു ഐഡിയ അവര്‍ക്ക് കിട്ടും. എനിക്കതില്ല. അന്നേ ഞാനത് ശ്രദ്ധിച്ചിരുന്നു. അവര്‍ക്ക് ടൈമിങ്ങിനെ കുറിച്ചൊക്കെ ബോധം ഉണ്ടാകുന്നത് കാരണം അവര്‍ പെട്ടെന്ന് വരയ്ക്കും. ഞാന്‍ പതുക്കെ വരച്ച് വരുമ്പോഴേക്കും സമയമൊക്കെ കഴിയും. അടുത്തിരിക്കുന്നവരുടെ വരകള്‍ ശ്രദ്ധിച്ചപ്പോള്‍ പഠിക്കുന്നവര്‍ക്ക് ഒരു എക്സ്ട്രാ കഴിവ് ഉണ്ടെന്ന് തോന്നിയിരുന്നു. അതെന്റെ ഒരു ഈഗോയായി മാറി.
ഇത്തരമൊരു ജോലി ഞാന്‍ ആഗ്രഹിക്കുമ്പോഴും എന്റെ മനസ്സിലൊരു പേടിയുണ്ടായിരുന്നു. മാധ്യമങ്ങളൊക്കെ പഠിക്കുന്നവരെയാകും ജോലിക്ക് എടുക്കുക എന്നതായിരുന്നു പേടി. പത്രങ്ങളുടെ വാരാന്ത്യ പതിപ്പുകളില്‍ ആര്‍ട്ടിസ്റ്റുകളെ കുറിച്ച് വരുന്ന ഫീച്ചറുകളിലെ അവസാന വരിയില്‍ അവരുടെ വിദ്യാഭ്യാസ യോഗ്യതയും പഠിച്ച കോളെജുകളും രേഖപ്പെടുത്തിയിരുന്നത് എന്നെ പേടിപ്പെടുത്തും. എന്റെ മനസ്സിലുണ്ടാകുന്ന ചിന്തയെന്നത് ഞാനൊരു കംപ്ലീറ്റ്് ആര്‍ട്ടിസ്റ്റല്ല, എനിക്ക് അവരെപ്പോലെ ഉയരങ്ങളിലേക്ക് പോകാന്‍ കഴിയില്ല എന്നൊക്കെയാകും. അതുകൊണ്ട് തന്നെ എന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലുണ്ടായിരുന്നു.
പഠിക്കാത്തവര്‍ക്ക് ഒരു സ്വാതന്ത്ര്യം ഉണ്ടെന്നും നിങ്ങള്‍ക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യാമെന്നും പഠിച്ചവര്‍ക്ക് അവര്‍ പഠിച്ച രീതിയില്‍ നിന്നും പുറത്ത് കടക്കാന്‍ പറ്റില്ലെന്നും പഠിച്ച ആര്‍ട്ടിസ്റ്റായ ഒരു സുഹൃത്ത് പറഞ്ഞത് ആത്മവിശ്വാസം നല്കി. ഒരുപരിധി കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി. ഇനി പഠിക്കാനൊന്നും പറ്റില്ല. പിന്നെ ടെന്‍ഷന്‍ അടിച്ചിട്ടൊന്നും കാര്യമില്ലെന്നും. ഈഗോ കൊണ്ടാകും, വരയ്ക്കുന്ന ആരോടും ഞാന്‍ അത് എങ്ങനെയാണ് വരച്ചതെന്ന് ചോദിച്ചിട്ടില്ല. എന്റേത് സ്വയം നവീകരണമാണ്. എന്റെ പഴയ പടങ്ങളും പുതിയ പടങ്ങളും വച്ച് താരതമ്യം ചെയ്യുമ്പോള്‍ തന്നെ എനിക്ക് മനസ്സിലാകും, ഞാന്‍ എത്രമാത്രം മെച്ചപ്പെട്ടിട്ടുണ്ടെന്ന്. ആഗ്രഹങ്ങളാണ് എന്റെ ഗുരുക്കള്‍.
മറ്റുള്ളവരുടെ വരകള്‍ ശ്രദ്ധിക്കും. ആര്‍ട്ടിസ്റ്റുകളെ കുറിച്ച് അറിയാന്‍ പറ്റുന്നതെന്തും ഞാന്‍ ചെക്ക് ചെയ്യും. യൂട്യൂബില്‍ കാണും. അവരെ കുറിച്ചുള്ള ലേഖനങ്ങള്‍ വായിക്കും.
Comments are closed.