ആദ്യ ട്രാന്‍സ്‌മെന്‍ പൈലറ്റിന് തെരുവ് ഇനിയൊര്‍മ്മ, ആകാശം പുതിയ പ്രതീക്ഷ

ekalawya.com

ട്രാന്‍സ്‌ജെന്റര്‍ കമ്മ്യൂണിറ്റിയില്‍ നിന്നും ആകാശത്തേക്ക് പറക്കുകയാണ് ആദം ഹാരിയെന്ന തൃശൂര്‍ സ്വദേശി. ജോഹന്നാസ് ബര്‍ഗില്‍ നിന്നും പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ് കരസ്ഥമാക്കിയ ആദം ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ കൊമേഴ്‌സ്യല്‍ പൈലറ്റ് ട്രെയിനിങ്ങിനായി തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയില്‍ ചേരുകയാണ്. സാമൂഹിക സമ്മര്‍ദ്ദങ്ങളുടെ ഫലമായി വിദ്യാഭ്യാസത്തില്‍ നിന്നും പുറത്ത് പോകേണ്ടി ട്രാന്‍സ് വ്യക്തികള്‍ സമൂഹത്തിന്റെ പുറംപോക്കിലേക്കും തള്ളപ്പെടാറുണ്ട്. 18-ാം വയസ്സില്‍ ജോഹന്നാസ് ബര്‍ഗില്‍ നിന്നും പൈലറ്റ് ലൈസന്‍സുമായി തിരിച്ചു വന്ന ആദവും അങ്ങനെ കൊച്ചിയുടെ തെരുവിലേക്ക് ഇറങ്ങേണ്ടി വന്നു. ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌മെന്‍ പൈലറ്റ് കൊച്ചിയിലെ തെരുവുകളില്‍ ഉറങ്ങുകയും ഉടുതുണിക്ക് മറുതുണിയില്ലാതെ ദുരിതം അനുഭവിച്ചുവെങ്കിലും ഒന്ന് രണ്ട് വര്‍ഷത്തെ ദുരിതങ്ങള്‍ക്ക് ശേഷം തന്റെ സ്വപ്‌നത്തിലേക്ക് തിരിച്ച് പറന്ന് കയറുകയാണ്. കേരള സര്‍ക്കാര്‍ അവന്റെ പഠനത്തിനായി 25 ലക്ഷം രൂപ അനുവദിച്ചു. പൊതുവില്‍ വിദ്യാഭ്യാസം കുറവായ ട്രാന്‍സ് കമ്മ്യൂണിറ്റിയുടെ പുതിയ പ്രത്യാശ കൂടിയാണ് ആദം. ആദം ഹാരി താന്‍ പിന്നിട്ട ജീവിതത്തെ കുറിച്ച് കെ സി അരുണുമായി സംസാരിക്കുന്നു.

ആദ്യ ട്രാന്‍സ്‌മെന്‍ പൈലറ്റിന് തെരുവ് ഇനിയൊര്‍മ്മ, ആകാശം പുതിയ പ്രതീക്ഷ 1
ജോഹന്നാസ് ബര്‍ഗിലെ പഠനത്തിനിടെ

കുട്ടിക്കാലവും തിരിച്ചറിവും

ചെറുപ്പം മുതലേ ഞാനൊരു ആണ്‍കുട്ടിയാണെന്ന തോന്നല്‍ എന്നില്‍ ഉണ്ടായിരുന്നു. തെറ്റായ ശരീരത്തില്‍ വന്ന് പിറന്നുവെന്ന തോന്നല്‍ ശക്തമായിരുന്നു. എന്റെ സ്വഭാവ രീതികള്‍ വീട്ടുകാര്‍ ശ്രദ്ധിച്ചിരുന്നു. കാരണം ആണ്‍കുട്ടികളുടേത് പോലെയായിരുന്നു എന്റെ പെരുമാറ്റവും പ്രവര്‍ത്തിയും. ആദ്യം അവര്‍ കാര്യമായി എടുത്തില്ല. സ്‌കൂളിലും മറ്റും പോകുമ്പോള്‍ ഏറെ കളിയാക്കലുകളും ഏറ്റിരുന്നു. ഞാന്‍ എന്തുകൊണ്ട് ഇങ്ങനെ പെരുമാറുന്നു. നടക്കുന്നുവെന്നതൊക്കെയായിരുന്നു സമൂഹത്തിന്റെ പ്രശ്‌നം. പ്ലസ്ടുവിന് പഠിച്ചിരുന്നപ്പോള്‍ എന്നെ സൈക്യാട്രിസ്റ്റിനും സൈക്കോളജിസ്റ്റിനും അടുത്ത് എന്നെ കൊണ്ട് പോകുമായിരുന്നു. ട്രാന്‍സ്‌ജെന്റര്‍ എന്നൊരു വ്യക്തിത്വം ഉണ്ടെന്ന് മനസ്സിലാകുന്നത് 8-9 ക്ലാസ്സുകളിലാണ്. എന്റെ മനസ്സ് പോലെയുള്ള വ്യക്തികള്‍ വേറേയും ഉണ്ടെന്നും അവര്‍ ട്രാന്‍സ്‌ജെന്റര്‍ ആണെന്നും മനസ്സിലാക്കിയത് അപ്പോഴാണ്.

പൈലറ്റ് ആകാന്‍ ജോഹന്നാസ് ബര്‍ഗിലേക്ക്

കുട്ടിക്കാലം മുതലേയുള്ള ആഗ്രഹമായിരുന്നു പൈലറ്റ് ആകണമെന്ന്. ഒരു കുടുംബ സുഹൃത്താണ് ജോഹന്നാസ് ബര്‍ഗിലെ പ്രൈവറ്റ് പൈലറ്റ് ട്രെയിനിങ് സാധ്യതയെ കുറിച്ച് പറഞ്ഞത്. ഓര്‍ത്തഡോക്‌സ് മുസ്ലിം ആയതിനാല്‍ ആദ്യം തന്നെ വീട്ടില്‍ നിന്നും എതിര്‍പ്പുണ്ടായിരുന്നു. ഒരു പെണ്‍കുട്ടിയെ എങ്ങനെ മറ്റൊരു രാജ്യത്തേക്ക് പഠിക്കാന്‍ വിടും എന്നതായിരുന്നു പ്രശ്‌നം. എന്റെ ആഗ്രഹം പൈലറ്റ് ആകണം എന്നതായത് കൊണ്ട് ബന്ധുക്കളൊക്കെ പിന്തുണച്ചിരുന്നു. ഇക്കാര്യവും പഠിക്കാന്‍ സെലക്ഷന്‍ കിട്ടിയതും എല്ലാവര്‍ക്കും അറിയാമായിരുന്നത് കൊണ്ടും വീട്ടുകാര്‍ക്ക് എന്നെ വിടാതെ വേറെ നിവര്‍ത്തിയില്ലായിരുന്നു. അങ്ങനെ എല്ലാവരും എന്നെ പിന്തുണയ്ക്കുന്നത് കൊണ്ട് പഠിക്കാന്‍ വിട്ടു. അങ്ങനെ പ്ലസ് ടു കഴിഞ്ഞ് 17-ാം വയസ്സില്‍ പൈലറ്റ് ട്രെയിനിങ്ങിനായി ജോഹന്നാസ് ബര്‍ഗിലേക്ക് പറന്നു.

ജോഹന്നാസ് ബര്‍ഗിലേക്ക് പോയത് ഒരു ഒളിച്ചോട്ടമോ നാടുകടത്തലോ എന്ന് പറയാന്‍ പറ്റില്ല. എങ്കിലും എന്നില്‍ മാറ്റം വരും എന്ന പ്രതീക്ഷയോടെയാണ് വീട്ടുകാര്‍ എന്നെ പഠിക്കാന്‍ വിട്ടത്. എന്റെ ട്രാന്‍സ്‌മെന്‍ വ്യക്തിത്വം പ്രകടമാക്കുന്നതില്‍ മാറ്റം വരും എന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നു. അവിടെ പോയതിന് ശേഷമാണ് ട്രാന്‍സ്‌മെന്‍ എന്ന ഐഡന്റിറ്റി ഞാന്‍ പുറത്ത് പറയുന്നത്. മുടി വെട്ടുകയും എനിക്ക് സൗകര്യമുള്ള ഡ്രസ് ഇടുകയുമൊക്കെ ചെയ്ത് തുടങ്ങി. ഇതോടെ സമൂഹത്തിലും സോഷ്യല്‍ മീഡിയയിലുമൊക്കെ വളരെ ചര്‍ച്ചയാകുകയും സമ്മര്‍ദ്ദം ഉണ്ടാകുകയും ചെയ്തു.

ഫീസ് അടയ്ക്കാന്‍ തൂപ്പുകാരനാകുന്നു

ജോഹന്നാസ് ബര്‍ഗ് കുറച്ചു കൂടെ അക്‌സെപ്റ്റിങ് ആയിരുന്നു. ഇന്ത്യാക്കാരില്‍ നിന്നും വ്യത്യസ്തമായി ജെന്ററും സെക്ഷ്വാലിറ്റിയുമൊക്കെ അവര്‍ അംഗീകരിച്ചു. പക്ഷപാതിത്വവും നേരിടേണ്ടി വന്നിട്ടില്ല. നല്ല പിന്തുണ ലഭിച്ചു. എന്റെ അടുത്ത സുഹൃത്തുക്കളോട് ഞാന്‍ ട്രാന്‍സ്‌ജെന്റര്‍ ആണ് എന്ന് വെളിപ്പെടുത്തിയിരുന്നു. എന്റെ കുടുംബം അത്ര സാമ്പത്തികമായി മെച്ചപ്പെട്ട ഒന്നല്ലാത്തത് കൊണ്ട് തന്നെ ഫീസ് അടയ്ക്കുന്നതില്‍ പ്രശ്‌നങ്ങള്‍ വന്നിരുന്നു. പിന്നെ എന്റെ ട്രാന്‍സ് വ്യക്തിത്വം വെളിപ്പെടുത്തിയതിന് ശേഷം വീട്ടില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍. സമൂഹം വീട്ടുകാരുടെ മേല്‍ ചെലുത്തുന്ന സമ്മര്‍ദ്ദം എല്ലാം വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. അങ്ങനെ ഫീസ് അടയ്ക്കുന്നത് മുടങ്ങുകയായിരുന്നു. ഇതേതുടര്‍ന്ന് ഫീസ് അടയ്ക്കുന്നതിനായും വാടക കൊടുക്കുന്നതും പണം കണ്ടെത്താന്‍ ജോഹന്നാസ് ബര്‍ഗില്‍ റെസ്റ്റോറന്റില്‍ തൂപ്പ് ജോലി ചെയ്തിട്ടുണ്ട്. പത്ത് ലക്ഷത്തോളം രൂപയാണ് അവിടെ ഫീസായി അടയ്ക്കാനുണ്ടായിരുന്നത്. ഞാന്‍ ഫീസ് അടയ്ക്കാന്‍ ലോണെടുത്തിട്ടാണ് പഠിച്ചത്. ആ ലോണ്‍ ഇതുവരെ തിരിച്ച് അടച്ചിട്ടില്ല. ഒരു ജോലി കിട്ടിയിട്ട് വേണം അടയ്ക്കാന്‍.

തിരിച്ചെത്തുന്നു, ഒരു വര്‍ഷം വീട്ടുതടങ്കലില്‍

18-ാം വയസ്സില്‍ പ്രൈവറ്റ് പൈലറ്റ് ലൈസെന്‍സ് കിട്ടി. 19-ാം വയസ്സില്‍ തിരിച്ച് നാട്ടിലെത്തി. പിന്നെ ഒരു വര്‍ഷത്തോളം വീട്ടുതടങ്കലിലായിരുന്നു. ഇപ്പോള്‍ 20 വയസ്സായി. വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകേണ്ടി വന്നത് സാമൂഹിക സമ്മര്‍ദ്ദം മൂലമാണ്. കോഴ്‌സ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ വീട്ടില്‍ നിന്നും പുറത്ത് ഇറങ്ങാന്‍ പറ്റിയിരുന്നില്ല. നാട്ടുകാര്‍ എല്ലാം എന്നോടും വീട്ടുകാരോടും നിരവധി ചോദ്യങ്ങള്‍ ഉന്നയിക്കുകയും പെണ്‍കുട്ടിയായാല്‍ വീട്ടില്‍ ഇരുത്തണമെന്നൊക്കെ പറഞ്ഞിരുന്നു. ഈ പ്രശ്‌നങ്ങള്‍ കാരണം ഒരു വര്‍ഷം വീട്ടില്‍ വെറുതേയിരിക്കുകയായിരുന്നു. എങ്ങോട്ടേക്കും പോകാന്‍ പറ്റുന്നില്ല. പഠനം തുടരാന്‍ പറ്റുന്നില്ല. പിന്നെ വീട്ടുകാരുടെ ഭാഗത്തുനിന്നുള്ള മാനസ്സികവും ശാരീരികവുമായിട്ടുള്ള പ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ സഹിക്കാന്‍ വയ്യാതെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോരുകയായിരുന്നു. അവരെ ഇനി ബുദ്ധിമുട്ടിക്കേണ്ടതില്ലെന്ന ചിന്തയും ഉണ്ടായിരുന്നു.
സത്യത്തില്‍ പണ്ടും ഇപ്പോഴും എന്റെ വീട്ടുകാര്‍ക്ക് എന്നോട് സ്‌നേഹമുണ്ട്. പക്ഷേ, സമൂഹത്തിന്റെ സമ്മര്‍ദ്ദം കാരണമാണ് എന്നോട് അവര്‍ അങ്ങനെയെല്ലാം പെരുമാറിയിരുന്നത്. അവര്‍ ഒന്നും ചെയ്യാനാകാതെ നിസ്സഹായ അവസ്ഥയിലേക്ക് എത്തുകയായിരുന്നു. അവരെ കുറ്റപ്പെടുത്താനും പറ്റില്ല. നിലവിലെ സാമൂഹ്യ സാഹചര്യങ്ങളില്‍ നിന്നുമുള്ള പെട്ടെന്നൊരു മാറ്റം അവര്‍ക്ക് അംഗീകരിക്കാന്‍ പറ്റിയിരുന്നില്ല.

ആദ്യ ട്രാന്‍സ്‌മെന്‍ പൈലറ്റിന് തെരുവ് ഇനിയൊര്‍മ്മ, ആകാശം പുതിയ പ്രതീക്ഷ 2
ആദം ഹാരി ശീതള്‍ ശ്യാമിനൊപ്പം

കൊച്ചിയിലെ ദുരിത ജീവിതം

വീട്ട് വിട്ട ഞാന്‍ എറണാകുളം റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്റിലുമായിരുന്നു കഴിഞ്ഞത്. ധരിച്ചിരുന്ന വസ്ത്രം മാത്രമായിരുന്നു വീട്ടില്‍ നിന്ന് ഇറങ്ങിപ്പോന്നപ്പോള്‍ എടുത്തിരുന്നത്. അത് കാരണം മാറ്റിയുടുക്കാന്‍ ഒന്നും ഉണ്ടായിരുന്നില്ല. അതും ധരിച്ച് ജോലിക്ക് പോകുകയെന്നത് ബുദ്ധിമുട്ടായിരുന്നു. ഈ കഷ്ടപ്പാടുകള്‍ക്കിടയില്‍ കൊച്ചിയിലെ ട്രാന്‍സ്‌ജെന്ററുകളായ വ്യക്തികളെ കണ്ടെത്തുകയും അവരുടെ കൂടെ ചേരുകയും ചെയ്തു. കുറെ മാസങ്ങള്‍ അങ്ങനെ കൊച്ചിയില്‍ തങ്ങേണ്ടി വന്നു. മൂന്ന് നാല് മാസങ്ങള്‍ ചെറിയ ജോലികള്‍ ചെയ്ത് കാശുണ്ടാക്കി വസ്ത്രങ്ങള്‍ വാങ്ങുകയായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ ഏവിയേഷന്‍ അക്കാദമിയില്‍ ഫാക്കല്‍ട്ടിയായി ജോലി കിട്ടി. അവിടെ ട്രാന്‍സ്‌ജെന്റര്‍ വ്യക്തിത്വം തുറന്ന് പറഞ്ഞപ്പോള്‍ ശമ്പളം തരാതെയായി. തുടര്‍ന്ന് അവിടം വിട്ടു.

ട്രാന്‍സ് വ്യക്തികളിലെ ആത്മഹത്യ നിരക്ക് കൂടുതല്‍

ട്രാന്‍സ് വ്യക്തികള്‍ പൊതുവേ വിദ്യാഭ്യാസം കുറവുള്ളവരായിരിക്കും. ആ പ്രശ്‌നം വരുന്നതിന് കാരണം സമൂഹത്തില്‍ നിന്നും വീട്ടുകാരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അവഗണനയും പുച്ഛവും കളിയാക്കലുകളും നേരിടേണ്ടി വരുന്ന കുട്ടികള്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോരുന്നത് മൂലമാണ്. അതോടെ നന്നായി പഠിക്കുന്നവരായാല്‍ പോലും പഠനം മുടങ്ങും. അല്ലെങ്കില്‍ ആത്മഹത്യയില്‍ അഭയം തേടും. കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ 20 വയസ്സിന് താഴെയുള്ള ട്രാന്‍സ്‌ജെന്റേഴ്‌സില്‍ 30 ശതമാനത്തോളം പേര്‍ ആത്മഹത്യ ചെയ്യുന്നു. മറ്റൊരു 50 ശതമാനം പേര് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നുമുണ്ട്.

ഭാവിയില്‍ പ്രതീക്ഷയുണ്ട്

ഇപ്പോള്‍ ട്രാന്‍സ്‌ജെന്റര്‍ കമ്മ്യൂണിറ്റിക്ക് ഭാവിയെക്കുറിച്ച് നല്ല പ്രതീക്ഷയുണ്ട്. അവര്‍ നല്ല പിന്തുണയാണ് എനിക്ക് നല്‍കുന്നത്. അവരില്‍ നിന്നൊരാള്‍ പൈലറ്റ് ആകുന്നതില്‍ അവര്‍ക്ക് അഭിമാനമുണ്ട്. മുമ്പ് സര്‍ക്കാര്‍ എസ് ടി എസ് സി കമ്മ്യൂണിറ്റിയില്‍ നിന്നുള്ള കുട്ടികള്‍ക്ക് പൈലറ്റ് ട്രെയിനിങ്ങിന് പോകാന്‍ ധനസഹായം അനുവദിച്ചിരുന്നു. ആ ഉത്തരവ് എന്റെ പക്കല്‍ ഉണ്ടായിരുന്നു. അത് വച്ചാണ് സര്‍ക്കാരിന് അപേക്ഷ നല്‍കിയത്. ആ ഉത്തരവ് കാര്യങ്ങള്‍ എളുപ്പമാക്കി.് സര്‍ക്കാര്‍ ട്രാന്‍സ്‌ജെന്റര്‍ സമൂഹത്തില്‍ നിന്നുള്ളവര്‍ക്കും ധനസഹായം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ട്രാന്‍സ്‌ജെന്റര്‍ കമ്മ്യൂണിറ്റിയുടെ നൈപുണ്യ വികസന പദ്ധതിയില്‍ നിന്നാണ് സഹായം ലഭിക്കുന്നത്. സ്വന്തം ഐഡന്റിറ്റിയില്‍ തന്നെ പഠിക്കാന്‍ സാധിക്കും.

ട്രാന്‍സ് സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് എനിക്ക് ആഗ്രഹം. പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന ഒരുപാട് ട്രാന്‍സ് കുട്ടികള്‍ ഉണ്ട്. അവര്‍ക്കുവേണ്ടി സര്‍ക്കാര്‍ പഠനത്തിനും തൊഴില്‍ ലഭ്യമാക്കുന്നതിനുമെല്ലാം ഒരുപാട് പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. പുതുതായി ട്രാന്‍സ് വ്യക്തിത്വം വെളുപ്പെടുത്തി വരുന്നവര്‍ക്കെല്ലാം നല്ല വിദ്യാഭ്യാസമുണ്ട്. കൂടാതെ അധികം സ്ട്രഗിള്‍ ചെയ്യേണ്ട സാഹചര്യവും ഇന്നില്ല. ധാരാളം അവസരങ്ങളുണ്ട്. പണ്ട് അതായിരുന്നില്ല സ്ഥിതി. എങ്കിലും അവരും അവരുടെ കഴിവുകള്‍ കൊണ്ട് മുന്നോട്ട് വന്നവരാണ്.

ട്രാന്‍സ് വ്യക്തികളെ കുറിച്ച് അഭിമുഖം.കോമില്‍ വന്ന അഭിമുഖങ്ങള്‍ വായിക്കാം

മോശം അനുഭവങ്ങള്‍ എന്നെ ഞാനാക്കി: സിനിമ താരം അഞ്ജലി അമീര്‍

ട്രാന്‍സ്‌ജെന്ററുകളുടെ ആദ്യ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുമായി കോഴിക്കോട്ടുകാര്‍

ശബരിമല സന്ദര്‍ശനത്തെക്കുറിച്ച് അവന്തിക സംസാരിക്കുന്നു

നജീബില്‍ നിന്നും നാദിറയിലേക്ക്, ചരിത്രം വഴിമാറിയപ്പോള്‍

അതിജീവനമാണ് ജീവിതം: തൃപ്തി ഷെട്ടി സംസാരിക്കുന്നു

അവന്‍ അവളായി, അവള്‍ അവനും, ഒടുവില്‍ അവര്‍ ഒന്നായി

ട്രാന്‍സ്‌ജെന്ററുകളെ ഉള്‍ക്കൊള്ളാന്‍ സമൂഹം ഇനിയും ഏറെ മാറേണ്ടതുണ്ട്: നന്ദന

ബൈജു എന്‍ നായര്‍

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More