പരിഭാഷ: വാക്കുകളെ പോലെ ഭാവവും പ്രധാനം

ഒരെഴുത്തുകാരനെ സ്വന്തം ഭാഷയില്‍ നിന്നും നാട്ടില്‍ നിന്നും മറ്റ് ഭാഷകളിലേക്കും നാടുകളിലേക്കും കൂട്ടിക്കൊണ്ട് പോയി പരിചയപ്പെടുത്തുന്നത് വിവര്‍ത്തകരാണ്. രണ്ട് ഭാഷകളിലെ എഴുത്തുകാരനും വായനക്കാരനും തമ്മിലെ ഒരു പാലമാണ് വിവര്‍ത്തനം ചെയ്യുന്നയാള്‍. കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് ഒരു പിടി നല്ല പുസ്തകങ്ങള്‍ വായനാക്ഷമതയോടെ വിവര്‍ത്തനം ചെയ്ത ഒരാളാണ് ഡല്‍ഹിയില്‍ താമസിക്കുന്ന സ്മിത മീനാക്ഷി. അനിത നായരെ പോലെയുള്ള വിശ്വപ്രസിദ്ധ എഴുത്തുകാര്‍ തങ്ങളുടെ പുസ്തകം സ്മിത മലയാളീകരിച്ചാല്‍ മതിയെന്ന് നിര്‍ബന്ധം പിടിക്കാറുമുണ്ട്. സ്മിത മീനാക്ഷിയുമായി കെ സി അരുണ്‍ നടത്തിയ ഇ-മെയില്‍ സംഭാഷണം.

ekalawya.com

വിവര്‍ത്തനജീവിതത്തിന് ഒരാമുഖം?

2011 ലാണ് വിവര്‍ത്തനം തുടങ്ങിയതെന്നോര്‍മ്മ. ഇപ്പോള്‍ വിവര്‍ത്തനങ്ങളുടെ എണ്ണം മുപ്പതിനു മുകളിലെത്തിയെന്ന് തോന്നുന്നു. മൂന്നു നാലെണ്ണം ഇപ്പോള്‍ പ്രസാധനത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇവയില്‍ ഫിക്ഷനും നോണ്‍ ഫിക്ഷനും ഉള്‍പ്പെടുന്നു. രാഷ്ട്രീയം, ആത്മീയം, ആത്മകഥ/ ഓര്‍മ്മക്കുറിപ്പുകള്‍, ശാസ്ത്രം എന്നിങ്ങനെ വിവിധ ജനുസ്സുകളില്‍പ്പെട്ട പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യാന്‍ ലഭിച്ചതില്‍ സന്തോഷമുണ്ട്.

ചാര്‍ലി ചാപ്ലിന്റെ എന്റെ ആത്മകഥ, ഷൂസേ സരമാഗോയുടെ സ്‌മോള്‍ മെമ്മറീസ് ( കുരുന്നോര്‍മ്മകള്‍) അരവിന്ദ് കേജ്രിവാളിന്റെ സ്വരാജ്, പീറ്റര്‍ വോലിബെന്റെ ഹിഡണ്‍ ലൈഫ് ഓഫ് ട്രീസ് ( വൃക്ഷങ്ങളുടെ രഹസ്യജീവിതം), വെങ്കട്ട് അയ്യരുടെ മൂംഗ് ഓവര്‍ മൈക്രോചിപ്‌സ് (കൃഷിക്കാരനായി മാറിയ ടെക്കി) എന്നിങ്ങനെ നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ എല്ലാം തന്നെ വ്യത്യസ്ത തരം പുസ്തകങ്ങളാണ് ലഭിച്ചത്. ഖലീല്‍ ജിബ്രാന്റെ പല രചനകളും ചെയ്തിരുന്നു.

ലോഗോസ് ബുക്‌സിനുവേണ്ടി കുട്ടികള്‍ക്കുള്ള ക്ലാസിക് കഥകള്‍ മൊഴിമാറ്റി. മാതൃഭൂമി, ഡി സി, ഒലിവ്, സൈകതം, ലോഗോസ് എന്നിങ്ങനെയുള്ള പ്രസാധകരുടെയെല്ലാം പുസ്തകങ്ങള്‍ ചെയ്തിട്ടുണ്ട്. ഒന്നും സ്വന്തം തെരഞ്ഞെടുപ്പായിരുന്നില്ല. പ്രസാധകര്‍ ആവശ്യപ്പെട്ടവ മാത്രമാണു ചെയ്തത്. അതുകൊണ്ടുതന്നെ വിവര്‍ത്തനം തൊഴിലാണോ പാഷനാണോ എന്ന് എനിക്ക് തന്നെ തിരിച്ചറിയാനാകുന്നില്ല. പക്ഷേ ചെയ്യുന്നത് ഇഷ്ടപ്പെട്ടാണ്, അതറിയാം. വാക്കുകളെ, ഭാഷകളെ ഞാന്‍ സ്‌നേഹിക്കുന്നുണ്ട്.

പരിഭാഷ: വാക്കുകളെ പോലെ ഭാവവും പ്രധാനം 1

ഇംഗ്ലീഷില്‍ നിന്നും വിവര്‍ത്തനം ചെയ്യുമ്പോള്‍ മലയാളത്തില്‍ സമാനമായ, കൃത്യമായി ചേരുന്ന വാക്ക് കിട്ടാതെ വരുന്ന പ്രതിസന്ധിയുണ്ടാകാറില്ലേ?. അതെങ്ങനെ മറി കടക്കും?

വാക്കുകളുടെ കാര്യത്തില്‍ പ്രതിസന്ധി പലപ്പോഴും ഉണ്ടാകാറുണ്ട്, രണ്ടു ഭാഷകള്‍ക്കിടയിലുള്ള ആശയവ്യവഹാരങ്ങളില്‍ അത് സ്വാഭാവികവുമാണല്ലോ. എഴുത്തുപരിസരങ്ങളില്‍ നിന്നുകൊണ്ട് കഴിയുന്നതും അര്‍ത്ഥനഷ്ടം ഉണ്ടാകാത്ത വിധത്തിലുള്ള വാക്കുകള്‍ പ്രയോഗിക്കുകയാണ് പതിവ്. ഒരു വാക്കിനു ചിലപ്പോള്‍ ഒരു വാചകം തന്നെ എഴുതേണ്ട അവസ്ഥയും വരാം.

ഞാന്‍ ഭാഷ, ഇംഗ്ലീഷും മലയാളവും അധികം പഠിച്ചിട്ടില്ലാത്ത ആളായതിനാല്‍, മലയാളത്തിലെ പല വിവര്‍ത്തകരും ഉപയോഗിക്കുന്ന പണ്ഡിതോചിത വാക്കുകളൊന്നും തന്നെ അറിയില്ല എന്നൊരു പ്രശ്‌നവുമുണ്ട്, അത് തികച്ചും വ്യക്തിപരമാണ്, ഭാഷയുടെ അപര്യാപ്തതയല്ല. പിന്നെ ലളിതമായ ഇംഗ്ലീഷില്‍ എഴുതപ്പെട്ടവയ്ക്ക് ലളിതമായ മലയാളം തന്നെ കൊടുക്കുവാന്‍ ശ്രദ്ധിക്കാറുണ്ട്. വാക്കുകളെപ്പോലെ തന്നെ ഭാവവും പ്രധാനമാണെന്നു കരുതുന്നു. വായനയില്‍ പിന്തുടരാവുന്ന ഭാവത്തെ മൊഴിമാറ്റത്തിലും കൊണ്ടുവരുന്നതിന് ശ്രമിക്കാറുണ്ട്.

ഒരു പുസ്തകം വിവര്‍ത്തനം ചെയ്യുമ്പോള്‍ നടത്തുന്ന തയ്യാറെടുപ്പുകള്‍ എന്തൊക്കെയാണ്?

അത് പുസ്തകത്തിന്റെ രീതിയനുസരിച്ചാണ്, പൂര്‍ണ്ണമായും വായിച്ചിട്ട് തുടങ്ങുന്ന രീതിയായിരുന്നു ആദ്യം, ഇപ്പോള്‍ അതിന് സമയം കിട്ടാറില്ല. അതുകൊണ്ട് മൊത്തത്തില്‍ ഒരോട്ടപ്രദക്ഷിണം നടത്തും, അതിനോട് ഒരിഷ്ടമുണ്ടാക്കിയെടുക്കുവാന്‍ ശ്രമിക്കും.

ഇഷ്ടപ്പെട്ട് എഴുതുന്നത് ജോലിയെ വളരെ എളുപ്പമാക്കും, പേജിന്റെ എണ്ണമെടുക്കാതെ, ഇടയ്ക്ക് എഴുന്നേറ്റ് മാറാന്‍ തോന്നാതെ, എഴുതാന്‍ കഴിയും, രാത്രിയില്‍ ഉറക്കം പോലും മാറി നിന്നു തരും. നോണ്‍ ഫിക്ഷന്‍ പുസ്തകങ്ങളുടെ കാര്യത്തില്‍, വിഷയത്തെക്കുറിച്ച് അല്‍പമെങ്കിലും പഠിക്കുവാന്‍ ശ്രമിക്കും. അത് വിവര്‍ത്തനം തുടങ്ങുന്നതിന് മുമ്പ് തന്നെ ആകണമെന്നില്ല.

ഉദാഹരണത്തിന് ചാപ്ലിന്റെ ആത്മകഥ വിവര്‍ത്തനം ചെയ്യുന്നതിനിടെ പലപ്പോഴും അതാവശ്യമായി വന്നിരുന്നു. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍, അക്കാലത്തെ അമേരിക്കന്‍, ബ്രിട്ടീഷ് ഭരണകൂടങ്ങള്‍, ഹോളിവുഡിന്റെ തുടക്കം, ശബ്ദമില്ലാത്ത സിനിമയില്‍ നിന്ന് സംഭാഷണങ്ങളുള്ള വെള്ളിത്തിരയിലേയ്ക്കുള്ള മാറ്റം എന്നിങ്ങനെ ചരിത്രപരമായ പല കാര്യങ്ങളും അതില്‍ വരുന്നുണ്ടല്ലോ. വൃക്ഷങ്ങളുടെ രഹസ്യ ജീവിതം ചെയ്യുമ്പോള്‍ വനങ്ങളെപ്പറ്റിയൊക്കെ മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു.

എഴുത്തുകാരന്‍ അല്ലെങ്കില്‍ എഴുത്തുകാരിയുടെ നാടിന്റെ പ്രത്യേകതകളും മിത്തും വിവിധ കാലഘട്ടങ്ങളും രാഷ്ട്രീയവുമെല്ലാം കടന്ന് വരുമ്പോള്‍ അത് പഠിക്കാന്‍ ശ്രമിക്കാറുണ്ടോ?

കഥയുടെ അഥവാ ഉള്ളടക്കത്തിന്റെ പരിസരങ്ങളെപ്പറ്റി മനസ്സിലാക്കാന്‍ ശ്രമിക്കാറുണ്ട്. ഇന്റര്‍നെറ്റ് സഹായിക്കുമെന്നതിനാല്‍ അതൊരു പ്രശ്‌നമാകുന്നതായി തോന്നാറില്ല.

പബ്ലിഷിങ് കമ്പനി നല്‍കുന്ന പുസ്തകങ്ങള്‍ മാത്രമേ വിവര്‍ത്തനം ചെയ്യാറുള്ളോ. അതോ വായിച്ച് ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യാറുണ്ടോ?

ഇഷ്ടം തോന്നി ചിലതെല്ലാം ചെയ്തിട്ടുണ്ട്, കവിതകളും മറ്റും, അവയൊക്കെ ചിലപ്പോള്‍ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്യുകയോ എനിക്കു മാത്രം വായിക്കുവാനായി ഫയലില്‍ സൂക്ഷിക്കുകയോ ചെയ്യും. അടുത്തകാലത്ത് ജോലി കൂടിയതിനാല്‍, സമയം കിട്ടാറില്ല, കുറച്ച് വായനയും പിന്നെ വീട്ടു ജോലികളുടെ ഉത്തരവാദിത്തവും. അതിനു സമയം നല്‍കണമല്ലോ. അംബേദ്കറെയും ഓര്‍വെല്ലിനെയും ടാഗോറിനെയും ഒക്കെ ഇഷ്ടം തോന്നി ചെയ്തിരുന്നു ഇടയ്ക്ക്.

ലാറ്റിനമേരിക്കന്‍ സാഹിത്യം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്ന ജയകൃഷ്ണന്റെ ഒരു അനുഭവമുണ്ട്. അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഒരു പുസ്തകം വിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ച് ആ പുസ്തകം കാണാപ്പാഠമായി മാറി. ഓരോ പുസ്തകവും നമ്മള്‍ വീണ്ടും വായിക്കുമ്പോള്‍ പുതിയ ചിന്തകള്‍ കിട്ടാറുണ്ട്. ഇങ്ങനെ കാണാപ്പാഠമായതോടെ ആ ഒരു സാധ്യത അടഞ്ഞു. അത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടുണ്ടോ?

ജയകൃഷ്ണന്റെ വായന/ അതിന്റെ അനുഭവം ശ്രദ്ധിച്ചിട്ടുണ്ട്, അത്ര തീവ്രമായ അനുഭവം ഇല്ലെന്നുപറയാം, വായനയെ അത്ര ആഴത്തില്‍ അനുഭവിക്കാഞ്ഞിട്ടാണോ അതോ വിവര്‍ത്തനത്തെ തൊഴിലായി കാണുന്നതുകൊണ്ടാണോ എന്നറിയില്ല. മുമ്പ് പറഞ്ഞതുപോലെ സാഹിത്യത്തോട് എനിക്ക് വായനാ ബന്ധം മാത്രമാണുള്ളത്.

പക്ഷേ വിവര്‍ത്തനവുമായി ബന്ധമില്ലാതെ പറഞ്ഞാല്‍, വായിച്ചിട്ട് ഇഷ്ടമാകുന്നത് പലയാവര്‍ത്തി വായിക്കുന്ന സ്വഭാവമുണ്ട്, ചില കവിതകള്‍, കഥകള്‍ ( മലയാളവും ഇംഗ്ലീഷും വിവര്‍ത്തനങ്ങളും) അങ്ങനെ വായിച്ചിട്ടുണ്ട്. അവയൊക്കെ മനസ്സില്‍ ചിത്രങ്ങള്‍ പോലെ പതിഞ്ഞുകിടക്കും, വര്‍ഷങ്ങള്‍ കഴിഞ്ഞാലും പോകാതെ. ചില നോവല്‍ ഭാഗങ്ങളുമുണ്ട് അങ്ങനെ ഇഷ്ടപ്പെട്ട് മനസ്സിലെടുത്തു വച്ചവ. എന്നു പറയുമ്പോഴും വായനയില്‍ ഞാനൊരു സാധാരണക്കാരിയാണെന്നും പറയേണ്ടിയിരിക്കുന്നു. സച്ചു തോമസിനെയോ അജയ് പി മങ്ങാട്ടിനെയോ കരുണാകരനെയോ ജയകൃഷ്ണനെയോ ഒക്കെപ്പോലെ ഒരു വിശാല/ അഗാധ വായനയൊന്നും എനിക്കില്ല. അവരുടെയൊക്കെ വായന എന്നെ വിസ്മയിപ്പിക്കുന്നു.

ജയകൃഷ്ണനുമായുള്ള അഭിമുഖം വായിക്കുന്നതിന് സന്ദര്‍ശിക്കുക: സമയരഥത്തിലെ സാഹിത്യ യാത്രകള്‍

പരിഭാഷ: വാക്കുകളെ പോലെ ഭാവവും പ്രധാനം 2

എങ്ങനെയാണ് വിവര്‍ത്തന രംഗത്തേക്ക് എത്തിയത്?

ഇത് സത്യത്തില്‍ എങ്ങനെ പറയണമെന്നറിയില്ല. ചുരുക്കി പറയാന്‍ നോക്കാം. ഞാന്‍ പഠിച്ചത് എഞ്ചിനീയറിംഗ് ആണ്. കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബി ടെക്ക് എടുത്തതിനുശേഷം അതുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തു, പിന്നീട് ബാങ്ക് പ്രോബേഷണറി ഓഫീസറായി, പതിനൊന്നു വര്‍ഷം ബാങ്കില്‍, അപ്പോഴേയ്ക്കും അതു മടുത്തു. ബാങ്ക് എന്നെ തിന്നുന്നു എന്ന തോന്നലുണ്ടായി. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ജോലിക്കു ശ്രമിക്കാമെന്ന തോന്നലില്‍ ജോലി രാജിവച്ചു. രണ്ടാമത്തെ കുഞ്ഞിന്റെ ജനനം അതിനൊരു പ്രായോഗികാംഗീകാരം കിട്ടുന്ന കാരണവുമായി. അത്യന്തം തിരക്കുണ്ടായിരുന്ന ജീവിതം പെട്ടെന്ന് നിശ്ചലമായതുപോലെ തോന്നി അപ്പോള്‍.

അധികം താമസിയാതെ ഓഹരി വിപണിയില്‍ രസം പിടിച്ച് കച്ചവടം തുടങ്ങി. അത് ഓണ്‍ലൈന്‍ ആയിട്ടായിരുന്നു ചെയ്തിരുന്നത്. രണ്ടു മൂന്നു വര്‍ഷം അതില്‍ ലാഭവും നഷ്ടവും ഒക്കെയായി കഴിഞ്ഞു, അതിനിടെ ഓര്‍ക്കുട്ട്, ബ്ലോഗ് എന്നിവയിലേയ്ക്ക് ലോകം തുറന്നു. അതോടെ പണ്ട് അവസാനിപ്പിച്ചിരുന്ന എഴുത്ത് വീണ്ടും തലയിലെത്തി. പിന്നാലെ സാഹിത്യമല്ലാത്ത വിവര്‍ത്തന ജോലികളിലേയ്ക്കു കടന്നു. ഓണ്‍ ലൈന്‍ ലോകത്ത് പരിചയപ്പെട്ട സുഹൃത്തുക്കളായ ഡോ. മഹേഷ് മംഗലാട്ട്, ഡോ. പ്രേം കുമാര്‍ എന്നിവരോടുള്ള കടപ്പാട് എടുത്തു പറയുന്നു. അവിടെ നിന്ന് പുസ്തകങ്ങളിലേയ്ക്ക് എത്തി. ഒന്നും തീരുമാനിച്ചുറച്ചതായിരുന്നില്ല, വന്ന വഴികളിലൂടെ യാത്ര തുടര്‍ന്നതാണ്. ഇനിയും മാറണം വഴിയെന്നുണ്ട്, മാറും.

കവിതയെഴുത്ത് പോലുള്ള സര്‍ഗാത്മതക പ്രവര്‍ത്തിയും വിവര്‍ത്തനവും തമ്മില്‍ എന്തെങ്കിലും വ്യത്യാസം തോന്നാറുണ്ടോ?

ഉണ്ട്, വളരെയേറെ. വായനയിലെ സര്‍ഗ്ഗാത്മകത തന്നെയാണു വിവര്‍ത്തനത്തിലും എന്നു തോന്നാറുണ്ട്, എഴുത്തും സംസാരവും ചിന്തയും മലയാളത്തില്‍ നടത്തുന്ന ഒരാള്‍ മറ്റൊരു ഭാഷയിലെ പുസ്തകം വായിക്കുമ്പോള്‍ അത് മനസ്സില്‍ മൊഴിമാറ്റം ചെയ്യപ്പെടുന്നുണ്ട്. ‘വായനയാണെന്റെ ഹോബി’ എന്നു പറഞ്ഞ് കഥയറിയാന്‍ മാത്രമായി വായിക്കുന്നവരെ മാറ്റി നിര്‍ത്തിയാണിത് പറയുന്നത്. അങ്ങനെ മനസ്സില്‍ മൊഴിമാറ്റം ചെയ്യപ്പെടുന്നത് പകര്‍ത്തിയെഴുതുമ്പോള്‍ വിവര്‍ത്തനമായി.

അതായത് ആശയം പൂര്‍ണ്ണമായും എഴുത്താളിന്റെതാണ്, അത് അതുപോലെ മനസ്സിലേയ്ക്ക് എടുക്കുക, ഭാഷ മാറ്റി എഴുതുക അത്രേ ചെയ്യേണ്ടതുള്ളു. പക്ഷേ കവിതയോ കഥയോ സ്വയം എഴുതുമ്പോള്‍ അത് നമ്മുടെ ഉള്ളില്‍ നിന്നു വരുന്ന (ഉള്ളിലേയ്ക്ക് എവിടെ നിന്നോ വരുന്ന) ആശയങ്ങളാണവിടെ എഴുതപ്പെടുന്നത്. ആ ആശയത്തെ ഏതു ഭാവത്തില്‍, ഏതു വാക്കുകളില്‍ എഴുതണമെന്നു തീരുമാനിക്കുന്നത് നമ്മളാണ്. പക്ഷേ വിവര്‍ത്തനത്തില്‍ അതിനാകില്ല, ഒരാശയമോ ഒരു വാക്കോ ആ സന്ദര്‍ഭത്തിനു യോജിച്ചതല്ല എന്നു നമ്മുടെ ഉള്ളിലെ വായനാജീവി പറഞ്ഞാലും, നമുക്കത് വിലയ്‌ക്കെടുക്കുവാനാകില്ല.

വിവര്‍ത്തനകാര്യത്തില്‍ ഞാന്‍ പൂര്‍ണ്ണമായും എഴുത്താളിന്റെ പക്ഷത്താണ്, അതായത് അവര്‍ എഴുതുന്നതില്‍ നിന്ന് ഒന്നും കളയാന്‍ പാടില്ല, അതിനോട് ഒന്നും കൂട്ടിച്ചേര്‍ക്കാന്‍ പാടില്ല, റീ റൈറ്റിംഗ് അല്ല വിവര്‍ത്തനത്തിന്റെ ഉദ്ദേശം. ആശയസംഗ്രഹങ്ങള്‍, കഥകളുടെ പുനരെഴുത്ത് എന്നിങ്ങനെ പ്രത്യേക ഉദ്ദേശത്തോടെ ചെയ്യുന്നവയെ മാറ്റി നിര്‍ത്തുന്നു.

എന്നെ സംബന്ധിച്ചാണെങ്കില്‍ എഴുത്തിലേയ്ക്കുള്ള വഴി എന്ന നിലയിലാണു വിവര്‍ത്തനം തുടങ്ങിയത്. പക്ഷേ എന്തുകൊണ്ടോ അതില്‍ തന്നെയാണിപ്പോഴും, കാലത്തിന്റെ അതിവേഗതയാണോ കാരണമെന്ന് തോന്നാറുണ്ട്. ഒരു കവിതാ സമാഹാരമാണ് ആകെ സ്വന്തമായ എഴുത്തായി ഉള്ളത്, ഇരുപത്തിയഞ്ചാമത്തെ മണിക്കൂര്‍, അതിനു 2015 ലെ അവനീബാല പുരസ്‌കാരം ലഭിച്ചിരുന്നു. എഴുത്ത് വികസിപ്പിച്ചെടുക്കാവുന്ന പ്രായത്തില്‍ അതിനു ശ്രമിച്ചില്ല. ഇനിയതിനു കാലമുണ്ടെന്നും തോന്നുന്നില്ല.

പരിഭാഷ: വാക്കുകളെ പോലെ ഭാവവും പ്രധാനം 3

വിവര്‍ത്തനം ചെയ്യുന്ന പുസ്തകങ്ങളിലെ കഥാപാത്രങ്ങളുമായി മാനസികമായി വളരെ അടുക്കുന്നത് എങ്ങനെയാണ് വിവര്‍ത്തനത്തെ സഹായിക്കുന്നത്. ഈ അടുപ്പം മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കില്ലേ?

അതൊരു സുഖമുള്ള ഏര്‍പ്പാടാണ്, വല്ലപ്പോഴുമേ സംഭവിക്കാറുള്ളു എങ്കിലും. ചാപ്ലിനെ ആദ്യം അമ്മയായും പിന്നെ കാമുകിയായും ഒക്കെ സ്‌നേഹിച്ചിരുന്നു ആത്മകഥ വിവര്‍ത്തനം ചെയ്യുമ്പോള്‍. പിന്നെ ഈയിടെ ഇറങ്ങിയ അനീസ് സലിം നോവല്‍ ഇത്തിരിവട്ടത്തിലെ കടല്‍ – അതില്‍ കഥ പറയുന്ന കുട്ടിയ്ക്ക് പതിനാലു വയസ്സാണ്, എന്റെ മകനും അതേ പ്രായം.

ആ കുട്ടിയുടെ ചിന്തകള്‍ പലയിടത്തും എനിക്കു മകന്റെ ചിന്തകള്‍ പോലെ തോന്നി. എഴുതുമ്പോഴൊക്കെ അവനെ ഞാന്‍ എന്റെ കുഞ്ഞായി കണ്ടു. അവന്റെ വിഷമം എന്നെ കരയിച്ചു. എഴുതാന്‍ പാടുപെട്ടു. ആ നോവലിന്റെ വിവര്‍ത്തനാനുഭവം പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്, അതൊരു ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിലും (malayalam.asiaville.com) വന്നിരുന്നു. പക്ഷേ അതില്‍ എഴുത്തുകാരന്റെ മഹത്വവും എനിക്കു കാണാനായി. കുട്ടിയുടെ പ്രായം കൃത്യമായി പറയുന്ന ആ നോവലില്‍ ഒരിടത്ത് പോലും കഥ പറയുന്നത് അവനല്ല എന്നു നമുക്കു തോന്നുകയില്ല. ആ പ്രായത്തിന്റെ ചിന്തകളില്‍ തന്നെ ഒതുങ്ങി നില്‍ക്കുവാന്‍ നോവലിലുടനീളം എഴുത്തുകാരനു കഴിഞ്ഞിട്ടുണ്ട്.

കുട്ടികളെ തട്ടിക്കൊണ്ടുപോകുകയും ലൈംഗികവൃത്തികള്‍ക്കുള്‍പ്പടെ പല ജോലികള്‍ക്കും ഉപയോഗിക്കുകയും ചെയ്യുന്ന ഇന്ത്യയിലെ മനുഷ്യക്കടത്ത് പ്രമേയമാകുന്ന അനിതാ നായര്‍ നോവലിലും കുട്ടികളുടെ ദുരിതങ്ങളും സഹനങ്ങളും വിഷമിപ്പിച്ചിരുന്നു. ജീവിതത്തിലെ പ്രധാന റോള്‍ ഇപ്പോഴും അമ്മയുടേതായതിനാലാകും അത്തരം കാര്യങ്ങളെ വൈകാരികമായിട്ടെടുക്കുന്നത്.

പുസ്തകങ്ങളും സിനിമയുമൊക്കെ എന്നെ പണ്ടുതൊട്ടേ കരയിച്ചിരുന്നു, ശ്വാസം മുട്ടിച്ചിരുന്നു, നിശബ്ദയാക്കിയിരുന്നു, അതുകൊണ്ട് ഈ അനുഭവങ്ങള്‍ അതിന്റെ തുടര്‍ച്ച തന്നെയാണ്.

ഇന്ത്യയില്‍ സാഹിത്യത്തില്‍ എഴുത്തുകാരനും വിവര്‍ത്തകനും തുല്യ പരിഗണന ലഭിക്കാറില്ല. ഇതേ കുറിച്ച് എന്താണ് അഭിപ്രായം?

തുല്യ പരിഗണന ആവശ്യമുണ്ടെന്നു കരുതുന്നില്ല, പക്ഷേ പരിഗണന വേണ്ടതാണ്. വായനാക്ഷമമായ രീതിയില്‍ ഒരു കൃതിയെ മറ്റൊരു ഭാഷയിലേയ്ക്ക് മൊഴിമാറ്റം ചെയ്യുന്നത് അവഗണിക്കാവുന്ന പ്രക്രിയയല്ല. പക്ഷേ പലയിടത്തും അവഗണന തന്നെയാണ് കാണുന്നത്. വിവര്‍ത്തനപുസ്തകത്തെപ്പറ്റി എഴുതുമ്പോള്‍ ആര് വിവര്‍ത്തനം ചെയ്തു എന്നു പറയണമെന്നു മാധ്യമങ്ങള്‍ കരുതുന്നതായി തോന്നുന്നില്ല.

അറിയപ്പെടുന്ന എഴുത്തുകാര്‍ വിവര്‍ത്തനം ചെയ്യുമ്പോള്‍ അതിന് പ്രാധാന്യം ലഭിക്കാറുണ്ട്. സത്യത്തില്‍ വ്യക്തിപരമായി പറഞ്ഞാല്‍ ഞാനതെപ്പറ്റി കൂടുതല്‍ ചിന്തിക്കാറില്ല, കേരളത്തിലല്ലാത്തതിനാല്‍, മലയാള സാഹിത്യരംഗത്തെ ചലനങ്ങളുമായി തീരെ ബന്ധമുണ്ടാകാറില്ല. സാമൂഹ്യമാധ്യമങ്ങളിലൂടെ പലതും അറിയുന്നുണ്ടെങ്കിലും നേരിട്ടുള്ള ഇടപെടല്‍ ഒന്നിലുമില്ല. പത്തുവര്‍ഷമായി വിവര്‍ത്തനജോലിയിലാണെങ്കിലും കൂടുതല്‍ പുസ്തകങ്ങള്‍ ചെയ്ത മാതൃഭൂമി ബുക്‌സിന്റെ പ്രവര്‍ത്തകരെപ്പോലും നേരില്‍ കണ്ടിട്ടില്ല.

പക്ഷേ അടുത്ത കാലത്തായി വായനക്കാര്‍ വിവര്‍ത്തകരെ ശ്രദ്ധിക്കുന്നതായി തോന്നുന്നു. പുസ്തകങ്ങളില്‍ മെയില്‍ ഐ ഡി കൊടുത്തിട്ടുള്ളതിനാല്‍ പലരും വായിച്ചിട്ട് മെയില്‍ ചെയ്യാറുണ്ട്. വൃക്ഷങ്ങളുടെ രഹസ്യജീവിതം എന്ന പുസ്തകം ഒരുപാടു പേര്‍ വായിച്ച് ഇഷ്ടം അറിയിച്ചിരുന്നു. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജിലെ എന്‍വറോണ്മെന്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും റിട്ടയര്‍ ചെയ്ത തങ്കമണി ടീച്ചര്‍ മെയില്‍ ചെയ്യുകയും ഫോണ്‍ നമ്പര്‍ വാങ്ങി എനെ വിളിക്കുകയും ചെയ്തു.

സ്വന്തമായി ഒരു വനമുള്ള, വൃക്ഷമിത്ര അവാര്‍ഡ് നേടിയ കൊല്ലയ്ക്കല്‍ ദേവകിയുടെ മകളാണെന്നും ഈ പുസ്തകം ഇംഗ്ലീഷില്‍ വായിച്ചിഷ്ടപ്പെട്ടതിനാല്‍ അമ്മയ്ക്കു വേണ്ടി മലയാളം വാങ്ങിയതാണെന്നും വായിച്ചു നോക്കിയപ്പോള്‍ ഇംഗ്ലീഷ് ബുക്ക് നല്‍കിയ അതേ വായനാനുഭവം നല്‍കുന്നതായി തോന്നിയെന്നും അതുകൊണ്ടാണു മെയില്‍ ചെയ്തതെന്നും പറഞ്ഞത് പറഞ്ഞത് ഒരുപാട് സന്തോഷമുണ്ടാക്കിയ അനുഭവമാണ്.

ഇഗ്ലീഷില്‍ എഴുതുന്ന മലയാളികളായ അനിതാ നായര്‍, അനീസ് സലിം എന്നിവരുടെ പുസ്തകങ്ങള്‍ മൊഴിമാറ്റിയതിനെക്കുറിച്ച് അവര്‍ രണ്ടുപേരും വളരെ നല്ല അഭിപ്രായം പറയുകയുണ്ടായി. ഇദ്രീസ് (അനിതാ നായര്‍) ചെയ്തതു മുതല്‍ അനിതാനായരുടെ മലയാളം വിവര്‍ത്തനങ്ങളെല്ലാം എഴുത്തുകാരിയുടെ താല്‍പര്യപ്രകാരം ഞാന്‍ തന്നെയാണ് ചെയ്യുന്നത്.

പരിഭാഷ: വാക്കുകളെ പോലെ ഭാവവും പ്രധാനം 4

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More