കേന്ദ്രത്തിന്റേത് മൊദാനി മോഡൽ കൊള്ള: വിജൂ കൃഷ്ണന്
മനുഷ്യന്റെ ചരിത്രം പലായനങ്ങളുടെയും ചരിത്രമാണ്. യാത്രകളെ പരിമിതപ്പെടുത്തുന്ന ലോക്ക് ഡൗണിന്റെ കാലത്തും മനുഷ്യൻ പലായനം തുടരുകയാണ്. കര്ഷക സംഘം നേതാവായ വിജൂ കൃഷ്ണനും സഹപ്രവര്ത്തകരും ഭരണകൂടങ്ങളെ വെല്ലുവിളിച്ച് നടത്തിയലോംഗ് മാർച്ചിന് പിന്നാലെ അണി നിരന്ന കാൽ പൊട്ടിയൊലിച്ച് കർഷകരും തൊഴിലാളികളും ഈ കോവിഡ് ഭീഷണിയുടെ കാലത്ത് മറ്റൊരു യാത്രയിലാണ് . തൊഴിൽ നഷ്ടപ്പെട്ട് വിശപ്പ് സഹിക്കാനാകാതെ നഗ്നപാദനായി തന്റെ ഗ്രാമങ്ങളിലേക്ക് ലക്ഷ്യം വച്ച് നടക്കുകയാണ് അവർ.അതിനിടയിൽ ട്രെയിനും ട്രക്കും പാഞ്ഞുകയറി വഴിയിൽ മരിച്ചുവീഴുന്നവരുണ്ട്. ലോക്ക് ഡൗൺ കാലത്ത് തൊഴിലാളികളുടെ, കർഷകരുടെ ജീവിതം എത്രമാത്രം ദുരന്തപൂർണമാണ്. ഭരണകൂടത്തിന്റെ നയങ്ങൾ, ഇടപെടലുകൾ എത്രത്തോളം അവർക്ക് കരുതലാകുന്നുണ്ട്. ലോംഗ് മാർച്ചിന്റെ സംഘാടകരിലൊരാളും അഖിലേന്ത്യാ കിസാൻ സഭ ജോയിന്റ് സെക്രട്ടറിയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ വിജു കൃഷ്ണൻ ധനശ്രീയോട് സംസാരിക്കുന്നു.
വിജൂ കൃഷ്ണന്, ലോക്ക് ഡൗൺ ഇന്ത്യയുടെ ജനജീവിതത്തെ പാടെ മാറ്റിയിരിക്കുന്നു. കൊവിഡ് ഭീതിയും കൂടി ചേർന്നതോടെ കനത്ത പ്രതിസന്ധിയിലാണ് രാജ്യം. ഇതെല്ലാം ഏറ്റവും അധികം ബാധിക്കുക താഴെത്തട്ടിലുള്ളവരെയാണ്. എങ്ങനെയാണ് ഗ്രാമീണ അടിസ്ഥാന ജീവിതത്തെ ഈ മാറ്റങ്ങളെല്ലാം സ്വാധീനിക്കുക ?
ഇന്ത്യയിൽ ആദ്യമായി കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത് ജനുവരി 30നാണ്. ഡിസംബറിൽ വുഹാനിൽ അത് ഗുരുതരമായി ബാധിച്ചപ്പോൾ തന്നെ ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷനും ലോകാരോഗ്യ സംഘടനയുമൊക്കെ കരുതിയിരിക്കണമെന്ന് ഇന്ത്യയോട് ഉൾപ്പെടെ അഭ്യർത്ഥിച്ചിരുന്നു. പക്ഷേ ഇന്ത്യ ഒരു തയ്യാറെടുപ്പും നടത്തിയില്ല. മൂന്ന് മാസം ഒരു തയ്യാറെടുപ്പുമില്ലാതെ നീങ്ങിയ രാജ്യം മാർച്ച് പകുതി പിന്നിട്ടപ്പോൾ ലോക്ക് ഡൗണിലേക്ക് പോയി. ഏപ്രിൽ മേയ് മാസങ്ങളൊക്കെ ഇന്ത്യയിൽ റാബി വിളവെടുപ്പ് സമയം കൂടിയാണ്.
ബമ്പർ വിളവെടുപ്പ് മുന്നിൽക്കണ്ടായിരുന്നു കർഷകരുടെ തയ്യാറെടുപ്പ്. കഴിഞ്ഞ പ്രാവശ്യത്തേക്കാൾ 11 ശതമാനം കൂടുതൽ സ്ഥലത്ത് ഗോതമ്പ് കൃഷി ഇറക്കി. കഴിഞ്ഞവർഷമത് 29 മില്യൺ ഹെക്ടറിലായിരുന്നെങ്കിൽ ഇപ്പോഴത് 33 മില്യണായി വർദ്ധിച്ചിട്ടുണ്ട്.
പക്ഷേ പെട്ടെന്ന് ലോക്ക് ഡൗൺ ആയതോടെ തൊഴിലാളികൾ, കർഷക തൊഴിലാളികളൊക്കെ പലായനം ചെയ്ത് തിരിച്ച് ഗ്രാമങ്ങളിലേക്ക് പോകാൻ തുടങ്ങി. തൊഴിലാളികൾ, കർഷക തൊഴിലാളികൾ, കർഷകർ, ആദിവാസി ദളിത് വിഭാഗങ്ങൾ ഇവരെക്കുറിച്ചൊന്നും ആലോചിക്കാതെയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.
ആദ്യ 21 ദിവസത്തെ ലോക്ക് ഡൗൺ ദിനങ്ങൾ പരിഗണിച്ചാൽ കഴിഞ്ഞ വർഷത്തെ ഇതേദിനങ്ങളുമായി താരതമ്യം ചെയ്താൽ മാർക്കറ്റുകളിലേക്ക് വന്ന ഗോതമ്പ് കഴിഞ്ഞപ്രാവശ്യത്തേക്കാൾ 94 ശതമാനത്തിലേറെ കുറവാണ്. ഉത്തർപ്രദേശിൽ 5831 സംഭരണകേന്ദ്രങ്ങൾ തുറന്നു. 55 ലക്ഷം ടൺ ഗോതമ്പ് സംഭരിക്കുകയായിരുന്നു ലക്ഷ്യമിട്ടത്.
എന്നാൽ ഏപ്രിൽ 15 മുതൽ 22 ദിവസമെടുത്താൽ ഒരു സംഭരണകേന്ദ്രവും ഒരു ദിവസം രണ്ട് കർഷകന്റെ പോലും ഗോതമ്പെടുത്തില്ല. ലോക്ക് ഡൗൺ മൂലം ഇക്കാലത്ത് കർഷകർക്ക് വലിയ രീതിയിൽ വിളവെടുക്കാനായില്ല. വിളവെടുക്കാനും വിളവ് നോക്കാനും ആളില്ല. കുടുംബമായി വിളവെടുക്കാനിറങ്ങിയാലും വിപണിയിലെത്തിക്കാനാകുന്നില്ല.
തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് നടക്കുന്നത് നാം സംസാരിക്കുമ്പോഴും തുടരുകയാണ്. ഇവരെല്ലാവരും വലിയകൂട്ടമായി യു.പിയിൽ നിന്നും ബീഹാറിൽ നിന്നും ജാർഖണ്ഡിൽ നിന്നും വരുന്നവരാണ്. കാർഷിക കുടുംബങ്ങളിൽ നിന്നും വരുന്ന കർഷക തൊഴിലാളികൾ, അല്ലെങ്കിൽ ചെറുകിട കർഷകർ. മറ്റു സ്ഥലങ്ങളിലേക്ക് അവർ വരുമാനം ഉണ്ടാക്കാമെന്ന് കരുതിയാണ് ഈ സീസണിൽ വന്നത്. അവരെല്ലാം തിരിച്ചുപോകുന്നു.
പക്ഷേ സർക്കാർ ഒരു നടപടിയുമെടുക്കുന്നില്ല. ഈ സാഹചര്യത്തിൽ മിക്കവർക്കും തീരെ ആദായമില്ലാത്ത അവസ്ഥയുണ്ട്. അതിനാലാണ് കർഷക സംഘവും കർഷക തൊഴിലാളി യൂണിയനും, ട്രേഡ് യൂണിയനുമെല്ലാം ടാക്സ് അയ്ക്കേണ്ടാത്ത (നോൺ ടാക്സ് പേയിംഗ്) കുടുംബങ്ങൾക്ക് മാസം 7500 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടത്.
ലോക്ക് ഡൗൺ കാലത്ത് വർക് ഫ്രം ഹോം, ഫിസിക്കൽ ഡിസ്റ്റൻസിംഗ് എന്നിവ പാലിക്കണമെന്നാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത്. ഇന്ത്യ വലിയ ജനസംഖ്യയുള്ള രാജ്യമാണ്. പല വീടുകളുടെയും സ്ഥിതി വളരെ മോശമാണ്. കേരളത്തെ പോലെയല്ല മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി. ഫിസിക്കൽ ഡിസ്റ്റൻസിംഗും, വർക് ഫ്രം ഹോമും പ്രായോഗികമേയല്ല.
കാർഷിക മേഖലയിൽ വർക് ഫ്രം ഹോം നടക്കുകയുമില്ല. കൃഷി സ്ഥലത്തേക്ക് പോയി തൊഴിലാളികൾക്ക് ഭൂമി ഒരുക്കുക, നടുക എന്നിവ ചെയ്യാനാകില്ല.
ലോക്ക് ഡൗൺ കൊണ്ടുവന്ന രീതിയും കർശനമായി നടപ്പിലാക്കിയ രീതിയും കൂടിയായതോടെ വിളവെടുപ്പിനും വിൽക്കാനും തടസം നേരിട്ടു. പച്ചക്കറി, പാൽ, മത്സ്യം, ഫലവർഗ്ഗങ്ങൾ, പൂക്കൾ എന്നിവ കൃഷി ചെയ്യുന്നവർക്ക് വൻ നഷ്ടമാണുണ്ടായത്. പക്ഷേ അതേപ്പറ്റി ഒരു മൂല്യനിർണ്ണയത്തിന് കേന്ദ്രം തയ്യാറായത് പോലുമില്ല.
എന്നാൽ കർഷകരും അദ്ധ്വാനിക്കുന്നവരും ദുരിതമനുഭവിക്കമ്പോൾ, നമുക്ക് പുതിയ ചില മാറ്റങ്ങൾ കൊണ്ടുവരാനുള്ള സുവർണ്ണാവസരമാണെന്നാണ് നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് ഇതേക്കുറിച്ച് പ്രതികരിച്ചത്. നവലിബറൽ നയങ്ങൾ കൂടുതൽ വേഗതയോടെ നടപ്പിലാക്കാനുള്ള ഉത്സാഹം നാം നേരിട്ട് കാണുകയും ചെയ്യുന്നു. എ.പി.എം.സി (അഗ്രികൾച്ചറൽ പ്രോഡ്യൂസ് മാർക്കറ്റിംഗ് കമ്മിറ്റി) നിയമങ്ങളൊക്കെ നേർപ്പിച്ച് കേന്ദ്രം കാർഷികമേഖലയെ തന്നെ സ്വകാര്യമേഖലയ്ക്കായി തുറന്നുവയ്ക്കുകയാണ്.
എല്ലാറ്റിൽ നിന്നും സർക്കാർ പിന്നോട്ടുവലിയുന്നു. വിദേശ നിക്ഷേപവും ചില്ലറവിൽപ്പനയും അനുവദിക്കുന്നു. ഭൂപരിഷ്കരണ നയങ്ങൾ മാറ്റുന്നു. കർഷകന്റെ ഭൂമി കുത്തകകൾക്ക് അഗ്രിബിസിനസെന്ന പേരിൽ കൈമാറുന്നു. ബി.ജെ.പി ഭരിക്കുന്ന കർണാടക, ഗുജറാത്ത്, മദ്ധ്യപ്രദേശ് എന്നിവിടങ്ങളായാലും കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ, പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളായാലും അത് ഉത്സാഹത്തോടെ നടപ്പാക്കുന്നു. അഗ്രിബിസിനസ് സംരംഭങ്ങൾക്ക് കർഷകന്റെ പദവി കൈവരികയും ചെയ്യുന്നു. കമ്പനികൾക്ക് കർഷകന്റെ ഭൂമി പാട്ടത്തിനെടുക്കാൻ ഉപാധികളില്ലാതെ അനുമതിയും നൽകുന്നു.
തൊഴിൽ നിയമങ്ങളുടെ കാര്യത്തിലും ഈ മാറ്റം കാണാം. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനും പഞ്ചാബും ഇതിനെ പിന്തുണക്കാനെത്തുന്നു. മോഡൽ കോൺട്രാക്ട് ഫാമിംഗ് ലോ, മോഡൽ ടെനൻസി ആക്ട് ഇതൊക്കെ ഓർഡിനൻസ് വഴി നടപ്പിലാക്കൂവെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെടുന്നു.
കൊവിഡിനെ നേരിടാനെന്ന പേരിൽ 20 ലക്ഷം കോടിയുടെ വലിയ പാക്കേജ് പ്രഖ്യാപിക്കുന്നു. പക്ഷേ അതൊന്നും കൊവിഡെന്ന പ്രതിസന്ധിയെ അഭിമുഖീകരിക്കാനുള്ള ചെലവല്ല. ഏപ്രിൽ മേയ് മാസം റാബി വിളകളായ ഗോതമ്പൊക്കെ സംഭരിക്കുന്ന സമയമാണ്. കൊവിഡില്ലെങ്കിലും എല്ലാ സീസണിലും ചെയ്യേണ്ട കാര്യങ്ങളാണ് പാക്കേജെന്ന പേരിൽ അവതരിപ്പിക്കുന്നത്. പിന്നെ ധനമന്ത്രി കളവ് പറയുകയാണ്.
പ്രധാനമന്ത്രി ഫസൽ ബീമ യോജനയിൽ ഇൻഷ്വറൻസ് നൽകിയെന്നാണ് പറയുന്നത്. യഥാർത്ഥത്തിൽ ഇൻഷ്വറൻസ് നൽകുന്നതിൽ കേന്ദ്ര വിഹിതം കുറയ്ക്കുകയാണ് ചെയ്തത്. പകുതിയെന്ന രീതിയിൽ സ്റ്റേറ്റും കേന്ദ്രവും ഇക്വൽ ഷെയർ കർഷകരുമാണ് ഇതിനായി മുടക്കുന്നത്.
കേന്ദ്രം നൽകുന്നതിലേറെ പ്രീമിയം തുക കർഷകരാണ് അടയ്ക്കുന്നത്. പിന്നെ മുമ്പത്തെ പേമെന്റും മുമ്പുള്ള നാശനഷ്ടത്തിന് അനുസരിച്ചുള്ള പേമെന്റുമല്ല ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. കർഷകർക്ക് വായ്പ നൽകുമെന്നാണ് പറയുന്നത്. എന്നാൽ കർഷകന്റെ കടം എഴുത്തള്ളുന്ന കാര്യത്തിൽ ഒരു വരി പോലും പറയുന്നില്ല. ഇൻകം സപോർട്ടിന്റെ (വരുമാനനഷ്ടത്തിന് അനുസരിച്ച് ) കാര്യത്തിലും ഒന്നും പറയുന്നില്ല. കടം എഴുതിത്തള്ളുകയും അടുത്ത കൃഷിക്കുള്ള പലിശരഹിത വായ്പയുമാണ് നാം ആവശ്യപ്പെടുന്നത്. പക്ഷേ അതൊന്നും ചെയ്യാതെ വലിയ രീതിയിൽ സ്വകാര്യവത്കരണവും കുത്തകവത്കരണവുമാണ് കാർഷിക മേഖലയിലേക്ക് കൊണ്ടുവരുന്നത്.
കൊവിഡ് കാലത്ത് രണ്ട് ചിന്തകളാണ് ലോകത്തെ ഭരിക്കുന്നത്. സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കുക, ജനത്തെ രോഗത്തിന് മുന്നിലേക്ക് തുറന്ന് വിടുക എന്ന ചിന്ത ഒരു ഭാഗത്ത്. മറ്റേത് ജനത്തെ പൊതിഞ്ഞു പിടിച്ച് സമ്പദ് വ്യവസ്ഥയെ അടച്ചിടുക എന്ന നയം മറുഭാഗത്ത്. എങ്ങനെ വിലയിരുത്തുന്നു ഈ നയങ്ങളെ ?
മിക്ക രാജ്യങ്ങളും ഇക്കാലത്ത് പ്രതിസന്ധിയിലാണ്. പക്ഷേ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ രാജ്യങ്ങളിൽ തന്നെ നവലിബറൽ നയങ്ങൾ ചോദ്യം ചെയ്യപ്പെടുന്നു. ഇവിടെയെല്ലാം ഉടഞ്ഞുപോയ ഈ മാതൃകയുടെ തനിരൂപം തുറന്നുകാട്ടപ്പെടുകയാണ്. സ്പെയിനിനെ പോലുള്ള ഒരു രാജ്യം അതിന്റെ ആരോഗ്യസംവിധാനങ്ങളെ സർക്കാരിന് കീഴിലേക്ക് ചേർക്കുകയാണ്. സ്വകാര്യമായിരുന്നവയെ കൂടി സർക്കാർ നിയന്ത്രണത്തിലാക്കുന്നു.
നാം മുമ്പേ പറയുന്നതാണ് സാർവത്രിക ആരോഗ്യം, സാർവത്രിക വിദ്യാഭ്യാസം, സാർവത്രിക പൊതുവിതരണ സംവിധാനം, സാമൂഹിക സുരക്ഷാ മാർഗ്ഗങ്ങൾ എന്നിവയുടെ പ്രാധാന്യത്തെ കുറിച്ച്. ഇക്കാര്യത്തിൽ കേരളം ശരിയായ ദിശയിലാണ് ഇടപെടുന്നത്. കേരളത്തിലെ ജില്ലാ ആശുപത്രികൾ സ്വകാര്യമേഖലയിലേക്ക് മാറ്റാൻ കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു. കേരളം ഈ നിർദ്ദേശം തള്ളിക്കളഞ്ഞതിനാൽ അവയെല്ലാം ഇപ്പോഴും സർക്കാർ മേഖലയിൽ ഉണ്ട്.
ഗുജറാത്ത് മോഡൽ എന്ന് ആഘോഷത്തോടെ പറഞ്ഞുവന്ന പാർട്ടിയാണ് ബി.ജെ.പി. ഈ കോവിഡ് കാലത്ത് ഇന്ന് ഗുജറാത്തിൽ പോലും കേരളത്തെ മാതൃകയാക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്തി പത്രങ്ങൾ പോലും രംഗത്ത് വരുന്നു. സാധാരണക്കാർക്ക് പോലും സമീപിക്കാവുന്ന മൂല്യമുള്ള ആരോഗ്യ സംവിധാനം ഇവിടെയുണ്ട്. നടപ്പിലാക്കിയ സാമൂഹിക സുരക്ഷാ സംവിധാനങ്ങളുടെ കാര്യത്തിലും മാതൃകയാണ്.
8500രൂപ വച്ച് ആറ് മാസത്തെ പെൻഷൻ 55 ലക്ഷം പേർക്ക് നൽകി. കേന്ദ്രത്തിന്റെ വിഹിതം കൂടാതെ റേഷൻ വിഹിതം എഫ്.സി.ഐയിൽ നിന്ന് കാശ് നൽകി സംസ്ഥാനം വിതരണം ചെയ്തത് 87 ലക്ഷം പേർക്കാണ്. പിന്നെ പ്രത്യേക കിറ്റും നൽകി. അതിഥി തൊഴിലാളികൾക്കായി ക്യാമ്പുകൾ, കമ്മ്യൂണിറ്റി കിച്ചൺ, ഭക്ഷ്യ പദാർത്ഥങ്ങൾ. അങ്ങനെ ഒരു മാതൃക രാജ്യത്ത് ഒരു സംസ്ഥാനത്തും കാണാനാകില്ല.
പിന്നെ ഗുജറാത്തിലേക്ക് പോയാൽ ഇത് ഗുജറാത്ത് മോഡലല്ല, മൊദാനി മോഡലാണെന്ന് ഗുജറാത്തിലെ കർഷകർ തന്നെ പറയുന്നുണ്ട്. മോഡി ആൻഡ് അദാനി മോഡൽ ഒഫ് കോർപറേറ്റ് ലൂട്ട് എന്നാണ് അവർ പറയുന്നത്. ( കൊള്ളക്കാരായ കുത്തകകളുടെ മോഡി അദാനി മാതൃക). നോക്കൂ, മെഹുൽ ചോക്സിയുടെയും വിജയ് മല്യയുടെയും കടം എഴുതിത്തള്ളുന്ന അതേ കാലത്താണ് കർഷകന്റെ ഒരു രൂപ പോലും എഴുതിത്തള്ളാത്തത്.
പട്ടിണി മരണം ഉണ്ടാകുന്ന രീതിയിൽ ഇന്ത്യ മാറുമെന്ന് പറയുന്നവരുണ്ട്. പക്ഷേ എഫ്.സി.ഐ ഗോഡൗണിലെ കരുതൽ ശേഖരമെടുത്താൽ വേണ്ടതിന്റെ മൂന്ന് മടങ്ങ് നമുക്കുണ്ട്. 50 മില്യൺ ടൺ അരി. 27.5 മില്യൺ ടൺ ഗോതമ്പും. റാബി വിളവെടുക്കാനുള്ളത് സംഭരിക്കാനും ഏറെയുണ്ട്. പക്ഷേ റേഷൻ സംവിധാനത്തിലൂടെ ഇവ വിതരണം ചെയ്യാൻ സർക്കാർ സംവിധാനമൊരുക്കുന്നില്ല.
റേഷൻ കാർഡ് പോർട്ടബിലിറ്റിയെ കുറിച്ചാണ് ഇപ്പോൾ അവർ പറയുന്നത്. ഇത് നടപ്പിലാക്കണമെങ്കിൽ കുറഞ്ഞത് വർഷം ഒന്നെടുക്കും. ഉടനെ വേണ്ടതിൽ അവർ ഇടപെടുന്നേയില്ല. പിന്നെ ഇത് ഒരു അവസരമാക്കി മാറ്റുന്നുമുണ്ട്. ഇതുവരെ നടപ്പിലാക്കാൻ കഴിയാത്ത പല കാര്യങ്ങളും ലോക്ക് ഡൗണിന്റെ മറവിൽ നടപ്പിലാക്കുന്നു. സാധാരണ അവസരത്തിൽ കാർഷിക മേഖലയിലെ തൊഴിലാളികൾക്കെതിരെ, അവരുടെ അവകാശങ്ങൾക്കെതിരെ വല്ലതും ഉണ്ടായാൽ പ്രതിഷേധം തെരുവിൽ ഉണ്ടാകും. അത്തരം പ്രതിഷേധങ്ങൾ നമ്മളൊക്കെ ഉയർത്തിക്കൊണ്ട് വന്നിട്ടുണ്ട്.
ഏപ്രിൽ 21 ന് കർഷകരും തൊഴിലാളികളും വർഗ്ഗ ബഹുജന പൊതുജന സംഘടനകളും ചേർന്ന് 10 ലക്ഷം പേർ വീട്ടുമുറ്റത്ത് പ്രതിഷേധിച്ചിരുന്നു. 16നും അഖിലേന്ത്യാ കിസാൻ സംഘർഷ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാം സംസ്ഥാനങ്ങളിലും പ്രതിഷേധം നടന്നു. ദേശീയ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി മേയ് 22ന് കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും പ്രതിഷേധിച്ചിരുന്നു.
ഇതോടൊപ്പം മേയ് 27ന് കർഷക സംഘടനകൾ ചേർന്ന് പുറത്തേക്ക് ഇറങ്ങി പ്രതിഷേധസമരം നടത്തും.
വിജൂ കൃഷ്ണന്, ഫ്രീ ട്രേഡ് എന്ന ആശയം, അല്ലെങ്കിൽ ഉപാധികളില്ലാത്ത സമ്പദ് വ്യവസ്ഥ ഒരു വലിയ ആശയമെന്ന നിലയിലാണ് കൊണ്ടുവന്നത്. അതിന്റെ ഏറ്റവും കാതലായആശയം സമ്പദ് വ്യവസ്ഥയെ അതിന്റെ പാട്ടിനെ വിടുക അതെല്ലാ കേടുപാടുകളും തീർത്ത് വ്യവസ്ഥയെ നിലനിറുത്തുമെന്നതായിരുന്നു. പക്ഷേ ഈ പ്രതിസന്ധി അതിന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്നുണ്ടോ ?
ബ്രിട്ടന്റെ സാമ്രാജ്യത്വ മോഹങ്ങളുടെ വിപുലീകരണ സമയത്താണ് നവ ഉദാരീകരണ സാമ്പത്തിക നയങ്ങളുടെ കാതലായ രണ്ട് ആശയങ്ങൾ സാമ്പത്തിക ഉദാരീകരണവും സ്വതന്ത്ര വ്യാപാര നയവും ആഡം സ്മിത്തും ഡേവിഡ് റികാർഡോയും അവതരിപ്പിക്കുന്നത്. 1991ൽ കോൺഗ്രസാണ് ഈ നയങ്ങളെ കരം ഗ്രഹിച്ച് രാജ്യത്തേക്ക് ആനയിക്കുന്നത്. അതിന്റെ ഫലം നാമേറെ അനുഭവിച്ചു. ഇന്ത്യൻ സ്വദേശി വാദം, സ്വയം പര്യാപ്തതാ വാദം ഒക്കെ തിരഞ്ഞെടുപ്പ് കാർഡായിറക്കുന്ന ഭാരതീയ ജനതാ പാർട്ടിയാണ് ആ സാമ്പത്തിക നയങ്ങളെ കെട്ടിപ്പുണരുന്നതെന്ന വിധി വൈപരീത്യവും നാമിവിടെ കാണുന്നു.
പിന്നെ നവ ഉദാരീകരണ നയങ്ങളുടെ പൊള്ളത്തരമല്ലേ ഇപ്പോൾ പുറത്ത് വരുന്നത്. ഇതുവരെയുള്ള പ്രതിസന്ധിക്ക് കാരണം ഈ നയങ്ങളാണ്. പക്ഷേ ഇന്ത്യയിൽ ഇപ്പോഴും കൂടുതൽ വേഗത്തിൽ അതേനയങ്ങൾ മന്നോട്ടുകൊണ്ടപോകാനാണ് ശ്രമിക്കുന്നത്. ആസിയാൻ കരാറൊക്കെ വന്നപ്പോൾ ഫ്രീ ട്രേഡൊക്കെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കാര്യമായ പരിക്കേൽപ്പിച്ചതാണ്.
കൊവിഡിന് തൊട്ടുമുമ്പ് കേന്ദ്രം ശ്രമിച്ചത് ആർ.സി.ഇ.പി കരാറിനായാണ്. ആസിയാനെ കൂടാതെ ചൈന, ന്യൂസിലാൻഡ്, ആസ്ട്രേലിയയൊക്കെ ചേർന്നായിരുന്നു കരാറിന് ശ്രമിച്ചത്. പക്ഷേ പ്രതിഷേധമുയർന്നതോടെ പിന്നീടത് താത്കാലികമായി പിൻവലിച്ചു. പക്ഷേ ഇപ്പോഴെന്താണ് പറയുന്നത്.
ഭക്ഷ്യധാന്യമായാലും മറ്റ് ആവശ്യവസ്തുക്കളായാലും എഫ്.ഡി.ഐ ഉൾപ്പെടെ ചില്ലറവിൽപ്പനയിലൂടെയും കർഷകരിൽ നിന്ന് കരസ്ഥമാക്കാം. സർക്കാർ നിയന്ത്രണങ്ങളില്ല. വൻകിടകമ്പനികൾക്ക് കർഷകരെ വലിയ രീതിയിൽ ചൂഷണം ചെയ്യാവുന്ന സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നത്.
വിജൂ കൃഷ്ണന്, ലോക മുതലാളിത്തത്തിന്റെ സൃഷ്ടിയാണ് കൊവിഡെന്ന പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയുടെ പ്രസ്താവന വന്നിരുന്നു. ഇതിനെതിരെ പലരും ട്രോളുമായി രംഗത്തിറങ്ങുകയും ചെയ്തു. ചൈനയാണ് കോവിഡ് പ്രഭവ കേന്ദ്രമെന്ന വസ്തുതയാണ് അവർ ചൂണ്ടിക്കാണിക്കുന്നതും. അപ്പോൾ പ്രസ്താവന ലക്ഷ്യം വച്ചതെന്താണെന്നാണ് കരുതുന്നത് ?
ഒന്ന് ചൈനയിലാണ് കോവിഡ് വന്നതെന്നത് വസ്തുതയാണ്. പക്ഷേ അവിടെ സർക്കാർ അതിനെ നേരിട്ട രീതി നാം കണ്ടു. വുഹാനിൽ തന്നെ അതിനെ അവർക്ക് നിയന്ത്രിക്കാനായി. എന്നാൽ കൊവിഡിനെ തമാശയായി തള്ളിക്കളഞ്ഞ അമേരിക്കയിലായാലും യറോപ്പിലായാലും വലിയ രീതിയിൽ വ്യാപനമുണ്ടായി. പിന്നെ അവിടെയെല്ലാം ആരോഗ്യസംവിധാനങ്ങൾ സ്വകാര്യ മേഖലയിലാണ്. സാധാരണക്കാരന് അവ അപ്രാപ്യവുമായിരുന്നു. രോഗബാധിതരുടെ ചികിത്സയ്ക്കോ ക്വാറന്റൈനോ അവർ പ്രാധാന്യം നൽകിയില്ല. ആരോഗ്യ ചെലവുകളുടെ കാര്യത്തിലും സ്വകാര്യസംവിധാനങ്ങളുടെ കാര്യത്തിലും അവിടെ പ്രതിഷേധത്തിനും അത് ഇടയാക്കി.
സ്പെയിനിന്റെ കാര്യമെടുത്താൽ ആരോഗ്യസംവിധാനങ്ങളിലെ കൃത്യമായ ഒരു വ്യതിയാനം ഈ സമയത്തുണ്ടായി. അതേസമയം ക്യൂബയുടെ കാര്യമെടുത്താൽ അവർ ആതുരസേവനവുമായി തങ്ങളുടെ ഡോക്ടർമാരടങ്ങുന്ന സംഘത്തെ രാജ്യത്തിന് പുറത്തേക്ക് വിന്യസിച്ചു. ആഫ്രിക്കയിലും ഇറ്റലിയിലും വരെ അവരെത്തി. പക്ഷേ വികസിത രാജ്യങ്ങളെന്ന് നടിച്ചവരൊക്കെ ഒന്നിലും ഇടപെട്ടില്ല. പിന്നെ കേരളത്തിന്റെ കാര്യമെടുത്താൽ ഏറ്റവും കുറഞ്ഞ മരണനിരക്കിലൂടെ മാതൃകയായി.
അമേരിക്കയിൽ വന്ന അതേസമയത്തൊക്കെ ആണ് കേരളത്തിലും രണ്ടാമത് കോവിഡെത്തിയത്. അവരെല്ലാം ആരോഗ്യമേഖലയെ സ്വകാര്യവത്കരിച്ചത് ലാഭത്തിനായാണ്. ഇതാണ് കാര്യങ്ങളെ തകിടം മറിച്ചത്.
ഇനി ഇന്ത്യയിലേക്ക് വന്നാൽ നിയോ ലിബറൽ നയങ്ങളുടെ ബലത്തിൽ വികസിതമെന്നും സൗകര്യങ്ങളേറെയുണ്ടെന്നും വാഴ്ത്തപ്പെട്ട സംസ്ഥാനങ്ങളാണ് മഹാരാഷ്ട്രയും ഗുജറാത്തും. ഏറ്റവും കൂടുതൽ രോഗികളും ഏറ്റവും ഉയർന്ന മരണനിരക്കും ഈ സംസ്ഥാനങ്ങളിലാണ്. രണ്ട് സംസ്ഥാനങ്ങളും ഏറെ പ്രകീർത്തിക്കപ്പെട്ട വികസന മാതൃകകളായാണ് അവതരിപ്പിക്കപ്പെട്ടിരുന്നത്.
പൊതുജനാരോഗ്യം ലാഭക്ഷമമല്ല, അതിനാൽ നല്ലതല്ല എന്ന വാദം പരക്കെ ഉയർന്നിരുന്ന കാലമാണ് കോവിഡിന് മുമ്പുള്ള കാലഘട്ടം. ഇപ്പോൾ അക്കാര്യങ്ങളിലൊക്കെ ചെമ്പു തെളിഞ്ഞുവരികയാണ്. പൊതുഗതാഗതം, പൊതുജനാരോഗ്യം, പൊതുവിതരണ സമ്പ്രദായം, പൊതുവിദ്യാഭ്യാസം ഇവയൊക്കെ എങ്ങനെയാണ് പൊതുജനമദ്ധ്യത്തിൽ അവതരിക്കുന്നത്. ഏത് ധാരയെ പിൻപറ്റിയാണ് അതെത്തുന്നത് ?
വിപ്ളത്തിന്റെ തുടർച്ചയായി സോവിയറ്റ് യൂണിയനുണ്ടാകുകയും സാമ്പത്തിക ആസൂത്രണവും സാർവത്രിക വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, സാമൂഹിക സുരക്ഷ എന്നിവ മുഖ്യ അജണ്ടയാകുകയും ചെയ്തു. മതം, ജാതി, നിറം, ലിംഗം എന്നീ ഭേദമില്ലാതെ പൊതുഗതാഗതം എല്ലാവർക്കും പ്രാപ്യമാകണമെന്ന ചിന്തയും കടന്നുവരുന്നുണ്ട്.
ഇതോടൊപ്പം 1929-30 സാമ്പത്തിക മാന്ദ്യത്തിന്റെ കാലഘട്ടത്തിൽ വെൽഫെയർ എക്ണോമിക്സ് എന്ന ആശയത്തിന്റെ ഭാഗമായും ഈ ആശയങ്ങളിൽ ചിലതെല്ലാം മുതലാളിത്ത വ്യവസ്ഥിതിയിലൂടെയും പ്രായോഗിക പദത്തിലെത്തുന്നുണ്ട്. ജോൺ മെയ്നാർഡ് കെയ്ൻസൊക്കെയാണ് അങ്ങനെയൊരു ആശയം മന്നോട്ടുവയ്ക്കുന്നത്.
പ്രതിസന്ധിയിൽ അന്നത്തെ മുതലാളിത്ത വ്യവസ്ഥയെ സംരക്ഷിക്കാനുള്ള ഉദ്ദേശത്തോടെയാണ് റേഷൻ സമ്പ്രദായം ഉൾപ്പെടെ നടപ്പിലാകുന്നത്. തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷയില്ലെങ്കിൽ മുതലാളിത്ത വ്യവസ്ഥ തന്നെ പ്രതിസന്ധിയിലാകുമെന്ന് കണ്ടാണ് ഇതെല്ലാം നടപ്പിലാകുന്നത്. ഭക്ഷ്യസുരക്ഷ, പൊതുഗതാഗതം അങ്ങനെയുള്ളവ സാധാരണക്കാർക്കെല്ലാം പ്രാപ്യമാകണമെന്നത് സോഷ്യലിസ്റ്റ് വ്യവസ്ഥയ്ക്ക് കീഴിലെ പഴയ ആശയങ്ങളാണ്.
1933-39ൽ ഫ്രാങ്ക്ളിൻ റൂസ് വെൽറ്റ് ന്യൂ ഡീൽ എന്ന പേരിൽ തൊഴിൽ രഹിതർക്കും പാട്ടകൃഷിക്കാർക്കും കുടിയേറ്റക്കാർക്കും വേണ്ടി ഇത്തരത്തിൽ സാമൂഹിക സുരക്ഷാ ആശ്വാസ പദ്ധതികൾ കൊണ്ടുവരുന്നുണ്ട്. 1955ന്റെ അവസാന പാദമൊക്കെ അമേരിക്കയിൽ സാമൂഹിക പ്രവർത്തക റോസ പാർക്കർ പോലുള്ളവരുടെ പ്രയത്നത്താൽ കറുത്ത വർഗ്ഗക്കാർക്കെതിരെയുള്ള വിവേചനത്തിനെതിരെയൊക്കെ ശബ്ദം ഉയർന്നു വരുന്ന കാലം കൂടിയാണ്.
ഇന്ത്യയിലേക്ക് വന്നാൽ ഇന്ത്യയിൽ പൊതുഗതാഗതത്തെ സ്വകാര്യവത്കരിച്ചപ്പോൾ ഇത്തരം വലിയ സമരങ്ങളൊക്കെ ഉയർന്നുവന്നതാണ്. 1970ൽ ബംഗാളിൽ ട്രാമിന്റെ ചാർജ് കൂട്ടിയപ്പോൾ വലിയ സമരം കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയിട്ടുണ്ട്. ബംഗാൾ ക്ഷാമത്തിന്റെ കാലത്ത് ലക്ഷങ്ങൾ ഭക്ഷണമില്ലാതെ മരിച്ചപ്പോൾ സമാശ്വാസവുമായി ഇറങ്ങാൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ മുന്നിട്ടു നിന്നിട്ടുണ്ട്.
പിന്നെ സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ അവിഭാജ്യഘടകമാണ് ഇത്തരം നിലപാടുകളും നീക്കങ്ങളും. പക്ഷേ മുതലാളിത്ത വ്യവസ്ഥയിൽ അവരുടെ വിഷമഘട്ടത്തെ മറികടക്കുകയെന്ന (ക്രൈസിസ് മാനേജ്മെന്റ്) തന്ത്രത്തിന്റെ ഭാഗമായാണ് ഇത്തരം ചില നീക്കങ്ങളൊക്കെ നടക്കുന്നത്. പരമാവധി ലാഭക്ഷമതയെന്നതിൽ കവിഞ്ഞ് മാനുഷിക മൂല്യങ്ങൾക്കോ വികാരങ്ങൾക്കോ കാര്യമായി പ്രാധാന്യം കൊടുക്കാത്ത വ്യവസ്ഥയാണത്.
ADVT: To Download Kerala PSC Question Bank App Click Here
ഇന്ത്യൻ സാഹചര്യത്തിലേക്ക് വന്നാൽ 44 തൊഴിൽ നിയമങ്ങൾ കാലഹരണപ്പെട്ടുവെന്ന പേരിലാണ് നാല് വേജ് കോഡുകൾ നടപ്പിലാക്കുന്നത്. ഈസ് ഒഫ് ഡൂയിംഗ് ബിസിനസ് എന്ന പേരിൽ ഫിക്സഡ് ജോബ്, കരാർ ജോലി എന്നിവ സാർവത്രികമാക്കാനാണ് ശ്രമമെന്നാണ് പ്രധാന ആരോപണം. ഇതെങ്ങനെയാണ് നമ്മുടെ സാമൂഹിക ക്രമത്തെ മാറ്റിമറിക്കുക ?
1930ലെ മാന്ദ്യവുമായി ബന്ധപ്പെട്ട പ്രതികരണവും ഇന്ത്യയുടെ ഈ പ്രതിസന്ധി കാലത്തെ നടപടികളും താരതമ്യം ചെയ്താൽ വൈജാത്യം പ്രകടമാണ്.
കെയിൻസുമായി ബന്ധപ്പെട്ട് ഒരു പ്രസ്താവന പ്രചരിക്കുന്നുണ്ട്. തൊഴിലില്ലെങ്കിൽ ചിലരോട് കുഴിയെടുക്കാൻ പറയുക. മറ്റുള്ള ചിലരോട് മൂടാൻ പറയുക. കുഴിയെടുത്തവനും മൂടിയവനും പണം നൽകാൻ സർക്കാരും തയ്യാറാകുക. ഇത്തരത്തിൽ കെയിൻസ് പറഞ്ഞുവെന്നാണ് കേട്ടിട്ടുള്ളത്.
പക്ഷേ തൊഴിൽ അവസരങ്ങളും വരുമാനവും വാങ്ങൽ ശേഷിയും ചോദനയും (ഡിമാൻഡ്) വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് അദ്ദേഹം ഊന്നൽ നൽകിയിരുന്നു. പക്ഷേ ഈ സർക്കാർ അത് ചെയ്തിട്ടില്ല. എൻ.ആർ.ഇ. ജി.ഇയിൽ ജോബ് കാർഡ് ഹോൾഡേഴ്സിന് തൊഴിലില്ലെങ്കിലും ഒരു ദിവസത്തെ വരുമാനം എന്ന ഒരു ക്ളോസുണ്ട്. ഇക്കാലത്ത് ചോദന (ഡിമാൻഡ്) വർദ്ധിപ്പിക്കണം. ഉത്പാദമുണ്ടെങ്കിലും ആർക്കും വരുമാനമില്ല.
വിളകൾ വിൽക്കാനാകുന്നില്ല. വിള നാശം ഉണ്ടാകുന്നു. തൊഴിൽ അവസരമില്ല. സാലറീഡ് ക്ളാസ് അല്ലാത്തവർക്ക് പണമില്ല. ഇവർക്കെല്ലാം വരുമാനമെന്ന ലക്ഷ്യത്തിൽ 7,500രൂപയാണ് നാം പറഞ്ഞുകൊണ്ടിരുന്നത്. പക്ഷേ 250 കർഷകസംഘടനകളുടെ സംയുക്ത സംഘമായ കിസാൻ സംഘർഷ് കോ ഓർഡിനേഷൻ കമ്മിറ്റി മന്നോട്ടുവയ്ക്കുന്നത് 10,000 രൂപയാണ്. പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയിലൂടെ 14.5 കോടി കർഷകർക്ക് ഗുണം കിട്ടുമെന്ന് പ്രഖ്യാപിച്ചാണ് തിരഞ്ഞെടുപ്പിനെ ബി.ജെ.പി നേരിട്ടത്. എന്നാൽ നടപ്പിലാക്കുമ്പോൾ 8.6 കോടി പേർക്കാണ് ഗുണം കിട്ടുകയെന്ന് പറയുന്നു. ആറ് കോടിപേർ ആദൃശ്യരായിപ്പോയി.
കൂടാതെ ആന്ധ്രയിലുൾപ്പെടെ പാട്ടക്കൃഷിക്കാരുണ്ട്. ആന്ധ്രയിൽ മാത്രം 35 ലക്ഷം പാട്ടക്കൃഷിക്കാരാണുള്ളത്. അവർക്കൊന്നും ലഭിച്ചിട്ടില്ല. അവർക്ക് വർഷം 18,000 എന്ന കണക്കിൽ മൂന്ന് ഗഡുക്കളായി 6,000 വീതം നൽകണമെന്നതാണ് മറ്റൊരു ആവശ്യം. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ വാങ്ങൽ ശേഷിയുള്ള ഒരു കൂട്ടരെ സൃഷ്ടിക്കേണ്ടതുണ്ട്. വരുമാനം ഉണ്ടായാലേ വാങ്ങാനുള്ള ശേഷി ഭൂരിപക്ഷത്തിനുണ്ടാകൂ. അതിനുള്ള ശേഷിയുണ്ടാക്കാൻ ഇപ്പോൾ പ്രഖ്യാപിച്ച പാക്കേജിനാകില്ല.
1886ൽ ചിക്കാഗോയിൽ നിന്നാണ് എട്ട് മണിക്കൂർ ജോലി, എട്ട് മണിക്കൂർ വിശ്രമം എന്ന ആ മുദ്രാവാക്യം ഉയർന്നു വന്നത്. ദിവസം 12 മണിക്കൂറും ആഴ്ചയിൽ 72 മണിക്കൂറും വേണമെന്ന ആവശ്യവുമായി ഇന്ത്യയിൽ ആദ്യം രംഗത്തെത്തുന്നത് ഇൻഫോസിസ് നാരായണമൂർത്തിയാണ്. ഈ അവകാശങ്ങൾക്കെല്ലാം പിന്നിൽ വലിയരീതിയിലുള്ള ത്യാഗങ്ങളുടെയും കഥയുമുണ്ട്. അതിനാൽ ഇത്തരം നീക്കങ്ങൾക്കെതിരെ സമരം ഉയർന്നു വരിക തന്നെ ചെയ്യും.
ഉത്തർപ്രദേശിലൊക്കെ 12 മണിക്കൂറാക്കാനുള്ള നീക്കം പിൻവലിച്ചു കഴിഞ്ഞു.
കർണാടക, ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങി മറ്റ് സംസ്ഥാനങ്ങൾ നടപ്പിലാക്കാൻ പോകുകയാണ്. കോൺഗ്രസും ബിജെപിയും നവലിബറൽ നയങ്ങളിൽ നിന്ന് പിന്നോട്ടു പോകുകയേ ഇല്ല. കോൺഗ്രസ് മാനിഫെസ്റ്റോയിൽ ‘ ബി.ജെ.പി പുഷ്ഡ് ദ ക്ളോക് ഒഫ് റിഫോംസ് ബാക്ക് വേർഡ് ‘ എന്നാണ് പരാമർശിച്ചിട്ടുള്ളത്. (സാമ്പത്തിക പരിഷ്കാരങ്ങളെ ബിജെപി പിന്നോട്ടടിപ്പിച്ചു എന്നാണ് കോൺഗ്രസ് വാദം).
രാഹുൽ ഗാന്ധി, രഘുറാം രാജൻ ഉൾപ്പെടെയുള്ള സാമ്പത്തിക വിദഗ്ദ്ധരുമായി നടത്തിയ ചർച്ചയിൽ ഈ വ്യവസ്ഥയുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. പക്ഷേ നയങ്ങൾ മാറ്റുന്നതിലല്ല, കോൺഗ്രസ് ഭരിക്കുന്ന സർക്കാരുകൾ ഈ നയങ്ങൾ നടപ്പിലാക്കുന്നതിലാണ് ഊർജ്ജം കണ്ടെത്തുന്നത്. കേരളം ഇതിനെയൊക്കെ എതിർത്ത ചരിത്രമാണുള്ളത്. കേരളത്തിലെ തൊഴിൽ നിയമങ്ങൾ മാറ്റില്ലെന്ന് ടി.പി രാമകൃഷ്ണൻ പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് ഇക്കാര്യം പറയുന്നുമില്ല, നടപ്പിലാക്കുകയും ചെയ്യുന്നു.
നാല് വേജ് കോഡിൽ നിന്നും കേന്ദ്ര തൊഴിൽ നിയമങ്ങളിൽ നിന്നും സംസ്ഥാനങ്ങൾ മാറിനിൽക്കാനാകമോ ?
സംസ്ഥാനങ്ങൾക്ക് തീർച്ചയായും ചില പരിമിതികളുണ്ടാകും. പക്ഷേ സംസ്ഥാനങ്ങൾക്കകത്തെ തൊഴിൽ നിയമങ്ങൾ മുഴുവൻ തീരുമാനിക്കുന്ന രീതിയിലേക്ക് കേന്ദ്രത്തിന് പോകാനാകില്ല. മോഡൽ കോൺട്രാക്ട് ഫാമിംഗ് ലാ ഓർഡിനൻസ് ഇറക്കാൻ സംസ്ഥാനത്തോട് ആവശ്യപ്പെടുന്നുണ്ട്.
കോൺഗ്രസ് ബി.ജെ.പി സർക്കാരുകൾ അത് നടപ്പിലാക്കുന്നുമുണ്ട്. പിന്നെ ജില്ലാ ആശുപത്രികൾ സ്വകാര്യവത്കരിക്കണമെന്ന കേന്ദ്രനിർദ്ദേശവും വന്നു. കേരളം നടപ്പിലാക്കിയില്ല. ഇത് കേരളത്തിന്റെ പ്രതിരോധത്തിന്റെ ഭാഗം കൂടിയാണ്. ഇടതുപക്ഷ സർക്കാറുകൾ തൊഴിലാളി വിരുദ്ധ നിയമങ്ങളൊന്നും നടപ്പിലാക്കില്ല. കേരളത്തിൽ ക്ഷേമപെൻഷൻ പാടില്ലെന്ന് കേന്ദ്രത്തിന് പറയാനാകമോ.
നാസിക് മുംബയ് ലോംഗ് മാർച്ച് നടന്നപ്പോൾ അതിൽ പങ്കെടുക്കുന്ന പലർക്കും 600രൂപ വിധവപെൻഷൻ പോലും കാലങ്ങളായി ലഭിക്കുന്നില്ല. പക്ഷേ കേരളത്തിൽ പെൻഷനുകൾ വീട്ടിലെത്തിച്ചുവരെ കൊടുക്കുന്നു.
വിജൂ കൃഷ്ണന്, ലോംഗ് മാർച്ച് വലിയ വിജയമായിരുന്നു. ആ രീതിയിൽ പക്ഷേ തിരഞ്ഞെടുപ്പ് വിജയത്തിലേക്ക് പാർട്ടിക്ക് പോകാനായോ ?
പക്ഷേ തിരഞ്ഞെടുപ്പ് മാത്രം മുന്നിൽ കണ്ടുകൊണ്ടല്ല ഈ സമരങ്ങളൊന്നും. കർഷകർ ആദിവാസി ദളിത് വിഭാഗങ്ങളുടെ ജീവന്മരണ വിഷയങ്ങളിൽ കലർപ്പില്ലാതെ ഇടപെടുകയാണ്. പിന്നെ ഇതൊന്നും ഉടനടിയൊന്നും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയും ചെയ്യില്ല. മിക്കവാറും കേരളത്തിലും മറ്റിടങ്ങളിലും സംസാരിക്കുമ്പോൾ പലരും ഉന്നയിക്കാറുണ്ട് ഇക്കാര്യം.
1930കൾ തൊട്ടുള്ള ജാതി വ്യവസ്ഥയ്ക്ക് എതിരെയുള്ളതും തൊഴിൽ, കൂലി, ഭൂമി എന്നിവയ്യ്ക്കായുള്ളതുമായ സമരങ്ങളും മഹായുദ്ധത്തിനിടെയുണ്ടായ ക്ഷാമ കാലത്തെ പ്രവർത്തനങ്ങളുമെല്ലാമാണ് കേരളത്തിൽ തുണയായത്. നിരന്തര സമരങ്ങളുടെ തുടർച്ചയാണ് 57ലെ തിരഞ്ഞെടുപ്പ് വിജയം.
ഒരു പ്രത്യേക പ്രദേശത്ത് ഒതുങ്ങിയുള്ള പ്രവർത്തനം മാത്രമായാൽ പോരാ. പ്രവർത്തനം സർവതലങ്ങളിലും സർവമേഖലയിലും എത്തേണ്ടതുണ്ട്. രാജസ്ഥാനിൽ രണ്ടിടങ്ങളിൽ വിജയിച്ചത് കർഷകസമരം മൂലമുള്ള ഇടപെടലിലൂടെയാണ്. ഇടതുപക്ഷത്തിന് നോട്ടയേക്കാൾ കുറവായിരുന്നു ഇവിടെ, 2567 വോട്ട്. 20,000ൽ ഏറെ വോട്ട് കിട്ടിയായിരുന്നു വിജയം.
ഹിമാചലിലും അങ്ങനെതന്നെ. മഹാരാഷ്ട്ര നേരത്തെ ജയിച്ചിടത്ത് തോറ്റപ്പോൾ, പാൽഗഡിൽ വേറൊരിടത്ത് ജയിക്കാനായി. അതിനാലാണ് അഖിലേന്ത്യാ കിസാൻ സഭ കഴിഞ്ഞ സമ്മേളനത്തിൽ കിസാൻ സഭ ഇൻ എവരി വില്ലേജ്, എവരി കിസാൻ ഇൻ കിസാൻ സഭ എന്ന മുദ്രാവാക്യം ഉയർത്തിയത്. എല്ലാ ഗ്രാമങ്ങളിലും കിസാൻസഭ, എല്ലാ കർഷകരെയും അണിനിരത്തുക എന്ന രീതിയിൽ അടിത്തറ വിപുലീകരിക്കണം.
വിജൂ കൃഷ്ണന്, ലോക്ക് ഡൗൺ നീളുമ്പോൾ പലായനത്തിലാണ് തൊഴിലാളികൾ. ജോലിയില്ല പലർക്കും. പലരും ഭക്ഷണത്തിനായുള്ള നെട്ടോട്ടത്തിലുമാണ്. ഇവർക്കെല്ലാം ആശ്വാസ നടപടിയെന്ന നിലയിൽ എന്തെല്ലാമാണ് കിസാൻ സഭയും സിപിഐഎമ്മും ചെയ്യുന്നത് ?.
ലോക്ക് ഡൗൺ കാലഘട്ടത്തിൽ സിഐ.ടിയു, അഖിലേന്ത്യാ കിസാൻ സഭ, എ.ഐ.എ.ഡബ്ള്യു.യു എന്നിവർ ചേർന്ന് കമ്മ്യൂണിറ്റി കിച്ചണുകൾ ഉണ്ടാക്കാനും ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും വിതരണം ചെയ്യാനും തീരുമാനിച്ചു.
ഡൽഹിയിൽ മാത്രം സിഐടിയു 30,000 ഓളം തൊഴിലാളികളെയാണ് സഹായിച്ചത്. ഡിവൈ.എഫ്.ഐ, എ.ഐ.ഡി.ഡബ്ള്യു.എ, എസ്എഫ്ഐ സിപി.ഐ.എം എന്നിവരും ആശ്വാസനടപടികളുമായി രംഗത്തെത്തി. തെലങ്കാന, കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ പാകം ചെയ്തും അല്ലാത്തതുമായ ഭക്ഷ്യഇനങ്ങളുമായി നിരവധി സഖാക്കളും അവരുടെ കൂട്ടായ്മകളും സജീവമായി. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ എ.ഐ.കെ.എസ്, സി.ഐ.ടി.യു എന്നിവർ ഭക്ഷ്യവിഭവങ്ങളാണെത്തിച്ചത്. മഹാരാഷ്ട്രയിൽ ഡി.വൈ.എഫ്.ഐ എ.ഐ.കെ.എസ്, സി.ഐ.ടി.യു, എസ്.എഫ്.ഐ, എ.ഐ.ഡി.ഡബ്ള്യു.എ എന്നിവരും ഇത്തരം പ്രവർത്തനങ്ങളുമായി രംഗത്തുണ്ട്.
ഛത്തിസ്ഗഢ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ബിഹാർ, യു.പി, ജാർഖണ്ഡ് എന്നിവിടങ്ങളിൽ പാകം ചെയ്ത ഭക്ഷ്യപാക്കറ്റുകളാണ് വിതരണം ചെയ്തത്. ത്രിപുരയിലും ബംഗാളിലും ഭക്ഷണവും മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു. കേരളത്തിന്റെ മാതൃക എല്ലായിടത്തും പ്രവർത്തകർക്ക് ആവേശവും പ്രചോദനവും ആകുന്നുണ്ട്. സംസ്ഥാനത്തെ ഭരണകൂടങ്ങളുടെ യാതൊരു സഹായവുമില്ലാതെ അപകടം പിടിച്ച ഈ സമയത്തും പ്രവർത്തകർ പരമാവധി എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം പ്രവർത്തനങ്ങളുമായി രംഗത്തുണ്ട്.
വിജൂ കൃഷ്ണന്, നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജാതി ഒരു വലിയ വിഷയം തന്നെയാണ്. ജാതി, മതം, സംവരണം ഈ വിഷയങ്ങളെ വേണ്ട രീതിയിൽ അഭിസംബോധന ചെയ്യാൻ പാർട്ടിക്കാകുന്നില്ലെന്ന വിമർശനത്തെ എങ്ങനെ കാണുന്നു ?
സ്വത്വവാദികൾ മമ്പേ മുന്നോട്ടുവയ്ക്കുന്ന വാദമാണിത്. 1927ൽ മഹദ് സത്യാഗ്രഹത്തിന് ബി.ആർ അംബേദ്കർ നേതൃത്വം കൊടുക്കുമ്പോൾ രാമചന്ദ്ര ബാബാജി മൊറെ എന്ന കമ്മ്യൂണിസ്റ്റും ഒന്നിച്ച് അദ്ദേഹത്തൊടൊപ്പം പങ്കെടുത്തിരുന്നു. 1939ൽ കേരളത്തിൽ കരിവെള്ളൂരിന് അടുത്ത് കൊടക്കാട് ജാതി വ്യവസ്ഥയ്ക്കെതിരെ സമ്മേളനം നടക്കുന്നുണ്ട്. അതിനിടയിലും ജാതിവ്യവസ്ഥയ്ക്കെതിരെ സമരം നടക്കുന്നുണ്ട്. എന്റെ നാടിന്റെ തൊട്ടടുത്താണ് ഈ സ്ഥലം. അന്ന് കൊടക്കാട് യോഗത്തിൽ പങ്കെടുത്ത ആയിരങ്ങളിൽ രണ്ടോ മൂന്നോ പേർ ഇന്നും ജീവനോടെയുണ്ട്.
അന്ന് അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ നിന്ന് പങ്കെടുത്തവരാണ് എൻ.ജി രങ്കയും കാമേശ്വർ റാവുവുമൊക്കെ. പന്തിഭോജനമാണ് അന്ന് നടന്നത്.
ആ രീതിയിൽ കേരളത്തിൽ ക്ഷേത്രപ്രവേശന കാലത്തും നടന്ന സമരങ്ങൾ ചരിത്രമാണ്. ആദിവാസികളെയും വർളി ആദിവാസികളെയും സംഘടിപ്പിച്ച് അടിമത്വത്തിനെതിരെയും ഭൂമി വന അവകാശങ്ങൾക്കുമായി പോരാടാൻ 75 വർഷം മുമ്പേ നേതൃത്വം നൽകിയവരാണ് ആൾ ഇന്ത്യ കിസാൻ സഭയും കമ്മ്യൂണിസ്റ്റ് പാർട്ടിയും. ഭൂ അവകാശത്തിനും ജാതി അടിച്ചമർത്തലിനുമെതിരെ ഉയർന്നുവന്നതാണ് തെലങ്കാന കർഷക സമരം.
60കളുടെ അവസാനം തമിഴ്നാട്ടിൽ കീഴ് വെൺമണി സമരത്തിൽ 50ന് അടുത്ത് ദളിത് കർഷകതൊഴിലാളികളാണ് ചുട്ടുകരിക്കപ്പെട്ടത്. ജന്മിക്കെതിരെയും ജാതി വ്യവസ്ഥയ്ക്കെതിരെയും ഭൂമിക്കായും കൂലിക്കായുമുള്ള സമരത്തിന് നേതൃത്വം കൊടുത്തതും സംഘടിപ്പിച്ചതും കർഷകസംഘവും സിപിഐഎമ്മും കമ്മ്യൂണിസ്റ്റ് പാർട്ടിയുമാണ്. അന്ന് ഈ സ്വത്വവാദി സംഘടനകൾ രംഗത്തേ ഇല്ല. എവിടെയൊക്കെ സ്വാധീനമുണ്ടായിരുന്നോ ഇടത് പാർട്ടികൾ അവിടെയൊക്കെ ഇടപെട്ടിട്ടുണ്ട്.
കർണാടകയിൽ ദളിതർ ബ്രാഹ്മണരുടെ എച്ചിലിലയിൽ ഉരുളുന്ന മഡേമഡേ സ്നാനയെന്ന അനാചാരത്തിനെതിരെയും ഇടത് പാർട്ടികൾ സമരം ചെയ്തിട്ടുണ്ട്. ദളിത് സംഘടനകൾ എറ്റെടുക്കുന്നത് പിന്നീടായിരുന്നു. പിന്നെ അവരെയും ചേർക്കുകയായിരുന്നു. കർഷകരുടെയും തൊഴിലാളികളുടെയും ഒപ്പം തന്നെ അടിച്ചമർത്തപ്പെട്ട ദളിതരുടെയും ആദിവാസികളുടെയും ഐക്യവും വേണമെന്ന കാര്യത്തിൽ തർക്കമില്ല. ബദലിന്റെ അടിസ്ഥാനത്തിൽ സമരം കൊണ്ടുപോകേണ്ടതുമുണ്ട്. കൂടുതൽ മുന്നോട്ട് പോകേണ്ടതുണ്ട്.
വിജൂ കൃഷ്ണന്, അംബേദ്കറുടെ വാക്ക് കടമെടുത്താൽ അധികാരം അധ:സ്ഥിതരിൽ എത്തിയാലേ പ്രശ്നങ്ങൾ അവസാനിക്കൂ. പക്ഷേ പലപ്പോഴും അവരുടെ അധികാരം എന്നത് ബ്രാൻഡ് മൂല്യം ഇല്ലാത്ത ഉത്പന്നം പോലെയാണെന്ന സാമൂഹിക കാഴ്ചപ്പാടും പലയിടത്തുമുണ്ട്. പലപ്പോഴും അധികാര സ്ഥാനത്തിരുന്നാലും കാര്യങ്ങൾ നടപ്പിലാക്കാനാകാത്ത സാഹചര്യം അത് സൃഷ്ടിക്കുന്നു. എങ്ങനെയാണ് ഇക്കാര്യങ്ങളെ വിലയിരുത്തുന്നത് ?
അടിസ്ഥാനപരമായി ജനകീയ ജനാധിപത്യ വിപ്ളവം എന്ന രീതിയിലാണ് നമ്മൾ ഇതിനെ കാണുന്നത്. ജാതിവ്യവസ്ഥയ്ക്ക് എതിരെയുള്ള പോരാട്ടത്തെ ഇത് മുഖ്യധാരയിൽ പ്രതിഷ്ഠിക്കുന്നുണ്ട്. പാർട്ടിനയത്തിൽ അത് കൃത്യമായി വിശദീകരിക്കുന്നുമുണ്ട്. കർഷകസംഘത്തിന്റെ മെമ്പർഷിപ്പിൽ ഊന്നൽ നൽകുന്നത് ഭൂരഹിത കർഷകർ, ചെറുകിട കർഷകർ എന്നിവർക്കാണ്.
ഇന്ത്യൻ സാഹചര്യത്തിൽ നോക്കിയാൽ സാമൂഹികക്രമത്തിൽ ഈ വിഭാഗത്തിൽ പെടുന്നവർ ദളിത്, ആദിവാസി, ഒബിസി വിഭാഗങ്ങളാണ്. കർഷകതൊഴിലാളികൾ മുതൽ അടിച്ചമർത്തപ്പെട്ടവരുമായി ചേർന്ന് വേണം ഇത്തരം പോരാട്ടത്തെ ശക്തിപ്പെടുത്താൻ.
ഊനയിലെ ജിഗ്നേഷ് മേവാനിയും സംഘവും നേതൃത്വം നൽകിയ സമരം ഐതിഹാസികമായിരുന്നു. അതിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് പങ്കെടുത്തത് അതിന്റെ നേതൃത്വം ഏറ്റെടുക്കാനായിരുന്നില്ല. ചൂഷണത്തിനെതിരെ തുറന്നമനസോടെ പങ്കെടുക്കണം, ഐക്യദാർഢ്യം നൽകണം എന്ന ആശയത്തോടെയാണ്. വേറെ വേറെ സ്ഥലങ്ങളിൽ ഇത്തരം സമരങ്ങളുണ്ടാകും.
നേതൃത്വം വേറെയാകാം. പക്ഷേ നാം അതിൽ സഹകരിക്കണം എന്ന കാഴ്ചപ്പാടോടെയാണ് പങ്കുചേരുന്നത്. അഞ്ച് വർഷത്തിനിടയിൽ ഇത്തരം നിരവധി നീക്കങ്ങളുണ്ടായിട്ടുണ്ട്. ഭൂമി അധികാർ ആന്തോളൻ എന്ന കൂട്ടായ്മയിൽ കർഷകസംഘം, തൊഴിലാളികൾ, ആദിവാസി, ദളിത് സംഘടനകൾ, പരിസ്ഥിതി സംഘടനകൾ, മത്സ്യത്തൊഴിലാളി സംഘടനകൾ എന്നിവരൊക്കെയാണ് സഹകരിക്കുന്നത്.
ഫോറസ്റ്റ് വർക്കേഴ്സും ഇതിന്റെ ഭാഗമാണ്. രണ്ട് വിഷയത്തിനാണ് ഊന്നൽ, ഭൂമിയും വനാവകാശവും. കോർപറേറ്റ് കൊള്ളക്കായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെയാണ് സമരം. നമ്മുടെ നിലപാടുകളോട് മുമ്പൊക്കെ ചില വിഷയങ്ങളിൽ എതിർപ്പുള്ള ആളുകളുമായി പ്രത്യേക പ്രശ്നങ്ങളുമായി ചേർന്ന് ഐക്യപ്പെടാനും നമുക്കായി.
പ്രശ്നാധിഷ്ഠിതമായി ഒരു ഐക്യം ഇപ്രകാരം ഉണ്ടായി. അഞ്ച് വർഷം സംഘടനകൾ തമ്മിൽ ബന്ധം മെച്ചപ്പെടുത്തിയതോടെ കൂടുതൽ പ്രശ്നങ്ങളിലും വിഷയങ്ങളിലും സഹകരിക്കാനായി. തുടക്കത്തിൽ ഗോരക്ഷയ്ക്കെതിരെ അഖിലേന്ത്യാ കിസാൻ സഭ, കർഷകസംഘം ഒക്കെ മന്നോട്ടുവരുമ്പോൾ മാറി നിന്ന സംഘടനകൾ പിന്നെ പതിയെ സഹകരിക്കാൻ തുടങ്ങി.
മൂന്ന് വർഷം കഴിയുമ്പോൾ ആ വിഷയത്തിലും മറ്റ് സംഘടനകളും നിലപാടെടുക്കാൻ നിർബന്ധിതരായി. വിളകൾക്ക് ശരിയായ. വില, കടത്തിൽ നിന്ന് ആശ്വാസം എന്ന മുദ്രാവാക്യവുമായി 250 സംഘടനകൾ ചേർന്ന സമിതിയാണ് അഖിലേന്ത്യാ കിസാൻ സംഘർഷ് കോ ഓർഡിനേഷൻ കമ്മിറ്റി.
2017ൽ തുടങ്ങിവച്ച ആ സംഘടനയിലുള്ള വലിയ കർഷരുടെ സംഘടനകൾക്കൊക്കെ എല്ലാ വിഷയത്തിലും നമ്മോട് ഐക്യമില്ല. പക്ഷേ മേയ് 16ന് സമരത്തിനിടെ അവർ മുന്നോട്ടുവച്ചത് കിസാൻസഭയുടെ നിലപാടുമായി ചേർന്ന നിലപാടുകളാണ്.
ജൻ ഏകതാ ജൻ അധികാർ ആന്ദോളൻ, ഇടത് ജനാധിപത്യ സംഘടനകളു രാഷ്ട്രീയ ഐക്യമാണ്.
നവലിബറൽ നയങ്ങൾക്കെതിരെയും ജാതി മത ചൂഷണത്തിനെതിരെയും വർഗ്ഗീയ ശക്തികൾക്കെതിരെയുമുള്ള ഐക്യമാണ്. ജാതി ചൂഷണത്തിനെതിരെയും വിവേചനത്തിനെതിരെയും ഇടപെടണം. ഇടപെടലുകൾ മുമ്പ് നടന്നിട്ടില്ലെന്ന വാദത്തിനോട് യോജിപ്പില്ല. തെലുങ്കാന സമരത്തിലൊക്കെ ഈ രീതിയിൽ ഇടപെട്ടിട്ടുണ്ട്. ഭൂ പരിഷ്കരണത്തിന്റെ ഭാഗമായി രാജ്യത്ത് ആകെ വിതരണം ചെയ്ത ഭൂമിയിൽ 22 ശതമാനവും വിതരണം ചെയ്തത് ബംഗാളിലാണ്. ഈ ഭൂപരിഷ്കരണത്തിന്റെ ആനുകൂല്യത്തിന് അർഹരായവരുടെ രാജ്യത്തെ കണക്കെടുത്താൽ ബംഗാളിലേത് 53 ശതമാനം ആളുകൾ വരും.
ഭൂമി കൂടുതൽ ലഭിച്ചത് ദളിത്, എസ്.ടി- എസ്.സി വിഭാഗങ്ങൾക്കാണ്. പക്ഷേ ഇനിയും ഇക്കാര്യങ്ങൾ മെച്ചപ്പെടാനുണ്ട്. ഇത്തരം ആവശ്യങ്ങളുന്നയിക്കുന്ന മറ്റ് സംഘടനകളുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമാകേണ്ടതുമുണ്ട്.
നമ്മുടെ സാങ്കേതിക വിദ്യയുടെ കാര്യത്തിൽ വലിയ വളർച്ചയുണ്ടായി. ഡിജിറ്റൽ ഇടപാടും ഭക്ഷ്യവിഭവങ്ങളുടെ വിതരണവും ഓൺലൈനിലായതുമെല്ലാം നാം കാണുന്നു. പക്ഷേ കാർഷിക ഉത്പന്നങ്ങൾക്ക് വിലയില്ലെന്ന പതിവ് മുറവിളിയും ഉയരുന്നു. സാങ്കേതിക വിദ്യകളെന്താണ് കർഷകനെ സംരക്ഷിക്കാൻ പ്രാപ്തമാകാത്തത് ?
കർഷകന്റെ വിളകൾക്ക് ന്യായമായ വില ലഭിക്കുന്നില്ലെന്ന പരാതിയുമായി നിരവധി ഫോണുകളിപ്പോഴും എത്തുന്നുണ്ട്. ഗുജറാത്തിലെ സൂററ്റിൽ നിന്നും ഒരാൾ വിളിച്ചിരുന്നു. ബാങ്ക് അക്കൗണ്ട് ഇല്ലാത്ത, എടിഎം കാർഡില്ലാത്ത ആളുകളാണ് ഇവരിൽ പലരും.
ഇതാണ് ഇന്ത്യൻ സാഹചര്യം. ജൻധൻ അക്കൗണ്ട് തുടങ്ങിയിട്ടുണ്ടാകും. പക്ഷേ ഡിജിറ്റൽ ഇടപാടുകൾ നടത്താവുന്ന വിധം സാക്ഷരരല്ല മറ്റ് സംസ്ഥാനത്തുള്ളവർ. കേരളത്തിലെ സ്ഥിതി വ്യത്യസ്തമാകാം.
കർഷകർക്കായി ആപ് തുടങ്ങിയാൽ ഇനി ഓൺലൈൻ നടക്കുമെന്ന് വിചാരിക്കുന്നതിൽ അർത്ഥമില്ല. വിളകളുടെ കാര്യത്തിൽ ചെലവായതിനൊപ്പം പകുതി കൂടി അധികമായി താങ്ങുവില വേണമെന്നതാണ് കിസാൻ സഭയുടെ ആവശ്യം. കേരളത്തിൽ നെല്ല് സംഭരിക്കുന്നത് ക്വിന്റലിന് 2690 രൂപയ്ക്കാണ്. കേന്ദ്രം നിർണ്ണയിച്ചത് ക്വിന്റലിന് 1830 എന്നാണ്. അതിനേക്കാളും 860 രൂപ കുറവ്.
ബീഹാറിൽ കർഷകൻ വിൽക്കുന്നത് 800-900 രൂപയ്ക്കാകും. എന്തെന്നാൽ സർക്കാർ സംഭരണമില്ല. ഉത്പാദന ചെലവിനേക്കാൾ 50 ശതമാനം ഉണ്ടോ ഇതെന്ന ചോദ്യമുണ്ട്. 2400 ആണ് പഞ്ചാബിലെ ഉത്പാദന ചെലവ്. എന്നാൽ കേന്ദ്ര സിഎസിപി (കമ്മിഷൻ ഓൺ അഗ്രികൾച്ചറൽ കോസ്റ്റ് ആൻഡ് പ്രൈസസ് ) 1100 ആയാണ് ഇത് കണക്കാക്കുക. പഞ്ചാബ് സർക്കാർ പറഞ്ഞതിനേക്കാൾ അമ്പത് ശതമാനത്തിൽ താഴെയാണ് അവർ കണക്കാക്കുക.
എല്ലാ സംസ്ഥാനത്തെയും വില ഇത്തരത്തിൽ കുറച്ച് കാട്ടി അതിന്റെ ശരാശരിയാണ് അവസാനം വിലയായി കാണുക. ഛത്തിസ്ഗഡിൽ 700 രൂപയാണ് ഉത്പാദന ചെലവായി കണക്കാക്കുന്നതെങ്കിൽ ഇതിന്റെയെല്ലാം തുകയുടെ ആവറേജായാണ് എടുക്കുക. അവസാനം 1100 ഉം 700 കൂട്ടി പകുതി 900 രൂപ ചെലവ് കാശായി കണക്കാക്കുന്ന പോലെയുള്ള ഒരുതരം രീതി. യാഥാർത്ഥ്യത്തിൽ നിന്ന് എത്ര അകലെയാണ് ഈ കണക്ക് കൂട്ടലെന്ന് നോക്കിയാലേ അറിയാം.
പഴയ കർഷകസംഘം നേതാവായിരുന്നു തമിഴ്നാട്ടിൽ ഈയിടെ മരിച്ച വരദരാജൻ. അദ്ദേഹം പറയുമായിരുന്നു. ജനങ്ങൾ പഞ്ചസാരക്കായി രാജാവിനോട് ചോദിക്കും. രാജാവ് ഒരു തുണ്ട് കടലാസിൽ പഞ്ചസാര എന്ന് എഴുതി ഇത് നക്കിക്കോ (ഏയ്ട്ടിലേ എഴുതി നക്കപ്പ) എന്ന് പറയും. ആ രീതിയിലുള്ള നയങ്ങളാണ് നടപ്പിലാക്കുന്നത്. കർഷകന് ചുരുക്കത്തിൽ ഒന്നും കിട്ടുന്നില്ല.
മാർക്സ് ജനിച്ചത് മേയ് മാസത്തിലാണ്. 202 വർഷം പ്രായമുണ്ട് മാർക്സ് എന്ന മനുഷ്യന്. ബാക്കി വച്ചിട്ടുപോയ ചിന്തകൾക്ക് എന്ത് പ്രസക്തിയെന്ന ചോദ്യം ഈ പ്രതിസന്ധി ഘട്ടത്തിലുമുണ്ട്. മാർക്സിയൻ ടെക്സ്റ്റ് ഈസ് സേക്രഡ് എന്ന രീതിയിൽ വായിക്കുന്നവരുമുണ്ട്. എങ്ങനെ ക്രോഡീകരിക്കുന്നു ഈ ചിന്തകളെ ?
മുഴുവനും സൈദ്ധാന്തികമായി മാത്രമല്ല ഇക്കാര്യങ്ങളെ കാണേണ്ടത്. ഓരോ രാജ്യത്തും ഓരോ പ്രത്യേക സാഹചര്യമാണ്. ഇന്ത്യയിലെ കാര്യമെടുത്താൽ നോർത്ത് ഈസ്റ്റിലൊക്കെ വ്യത്യസ്തമായ സാാഹചര്യമാണ്. കോൺഗ്രസ് സ്വാതന്ത്ര്യത്തിനായി ഇറങ്ങുംമുമ്പ് പ്രത്യേക ഭരണമെന്ന ആവശ്യമുന്നയിച്ചവരാണ് നാഗാലാൻഡുകാർ. കമ്മ്യൂണിസ്റ്റ് പാർട്ടിയും 21 മുതൽ പൂർണ്ണ സ്വാതന്ത്ര്യത്തിനായി വാദിച്ചിരുന്നു.
മൾട്ടിനാഷണൽ നേഷൻ എന്നാണ് പലപ്പോഴും പലരും ഇന്ത്യയെ വിശേഷിപ്പിക്കാറ്. വ്യത്യസ്ത ദേശീയത എന്നൊക്കെ വിശേഷിപ്പിക്കാവുന്ന തരം സംസ്കാരം. ആ ജനതയുടെ അഭിലാഷങ്ങൾ പരിഗണിച്ചും മഹത്വത്തെ അംഗീകരിച്ചും ബഹുമാനിച്ചും മാത്രമേ മുന്നോട്ടുപോകാനാകൂ.
ടെക്സ്റ്റ് ബുക്കിലെഴുതിയ പോലെയല്ല കാര്യങ്ങളെ പരിചരിക്കേണ്ടത്. ബൈബിളോ ഖുറാനോ ഭഗവദ്ഗീതയോ പോലെയല്ല മാർക്സിസം.
പ്രായോഗികമായി, സന്ദർഭത്തിന് അനുസരിച്ച് നടപ്പിലാക്കേണ്ട സിദ്ധാന്തമാണ് മാർക്സിസം. റഷ്യക്ക് റഷ്യയുടേയതും ചൈനയ്ക്ക് ചൈനയുടേതുമായ വ്യതിരിക്തമായ വിപ്ളവ പാതകളുണ്ട്. ചൈനയിലെ മാറ്റങ്ങൾ പോലെയല്ലല്ലോ റഷ്യയിലെ മാറ്റങ്ങളെ വിലയിരുത്തേണ്ടതും. പാരിസ് കമ്മ്യൂൺ നടക്കമ്പോൾ രണ്ട് മാസം തൊഴിലാളികൾ പിടിച്ചെടുത്ത് പാരീസിൽ ഭരണം നടത്തിയിരുന്നു. എന്തുകൊണ്ട് തോറ്റുപോയി എന്ന് വിലയിരുത്തിയാൽ കർഷകരുടെയും ഗ്രാമങ്ങളുടെയും പിന്തുണ അവർക്ക് കിട്ടിയില്ല എന്ന് മനസിലാകും.
ഇങ്ങനെയുള്ള അനുഭവപരിസരത്ത് നിന്നുകൊണ്ട് വേണം പ്രത്യേകതയുള്ള വിഷയങ്ങളെ കൈകാര്യം ചെയ്യേണ്ടത്. ജാതിവിഷയത്തിലുള്ള ചൂഷണവും ജാതി വിവേചനവും മനസിലാക്കി വേണം മുന്നോട്ടുപോകേണ്ടത്. ഈ വിധത്തിൽ ഇടപെടുന്ന സംഘടനകളുമായി ചർച്ച നടത്തി ആരാണ് ശത്രു എന്ന രീതിയിൽ കൃത്യമായ നിലപാട് വേണം. ഫാസ്റ്റിസ് നിലപാടുള്ള ആർ.എസ്.എസ്, ബിജെപിയാണ് മുഖ്യശത്രുവെന്ന കണക്ക് കൂട്ടൽ വേണം.
അവരെല്ലാ രീതിയിലും, പ്രത്യേകിച്ച് ഭൂരിപക്ഷത്തിന് എതിരാണ്.
തൊഴിലാളി, കർഷകർ, കർഷകതൊഴിലാളികൾ അതിൽതന്നെ ആദിവാസി, ദളിത് എന്നിവർക്കെല്ലാം എതിരായാണ് നയങ്ങൾ സൃഷ്ടിക്കുന്നത്. ഐക്യം സൃഷ്ടിക്കാൻ മന്നോട്ടുപോകുമ്പോൾ ആരാണ് ശത്രുവെന്ന കാര്യത്തിൽ വ്യക്തത വേണം. സംഘടനകൾ തമ്മിൽ വ്യത്യാസമുണ്ടാകും.
കമ്മ്യൂണിസ്റ്റ് പാർട്ടി, കർഷകസംഘം കുറ്റമറ്റതാണെന്ന് അവകാശപ്പെടുന്നില്ല. തെറ്റുകൾ സംഭവിക്കാം. അത് തിരുത്താനുള്ള ഉൾക്കരുത്തുണ്ടാകണം. ഇതെല്ലാം പരിഗണിച്ച് ഐക്യം സൃഷ്ടിക്കാനായാൽ അമിതാഭ് കാന്ത് മുന്നോട്ടുവച്ച കുത്തകവത്കരണത്തിനല്ല യഥാർത്ഥ ആദിവാസി ദളിത് കർഷക തൊഴിലാളി ബദലിന് വഴിയൊരുക്കാൻ നാളെകൾക്കാകും.
വിജൂ കൃഷ്ണന് ലോംഗ് മാര്ച്ച് നടന്ന സമയത്ത് അഭിമുഖം.കോമിന് അനുവദിച്ച അഭിമുഖം വായിക്കാന് സന്ദര്ശിക്കുക: കര്ഷക സമരം ഉത്തരേന്ത്യയില് ഇടതുപക്ഷത്തിന്റെ വളര്ച്ചയ്ക്ക് വളമാകും
Comments are closed.