ഏകാധ്യാപക സ്‌കൂളും ഉഷാകുമാരി ടീച്ചറും; രണ്ട് പതിറ്റാണ്ടിന്റെ ഓര്‍മ്മകള്‍
ബെല്‍ അടിക്കുമ്പോള്‍ ഓരോ പീരിയിഡിലും ഓരോ ടീച്ചര്‍മാര്‍ വരുന്ന, ഇന്നത്തെ ക്ലാസ് മുറികളില്‍ പഠിക്കുന്ന പുതിയ തലമുറ ഏകാധ്യാപക വിദ്യാലയങ്ങളെ കുറിച്ച് അധികം കേള്‍ക്കാന്‍ വഴിയില്ല. എന്നാല്‍ അങ്ങനെയൊരു വിദ്യാലയത്തില്‍, കുട്ടികള്‍ക്ക് അക്ഷരവെളിച്ചം നല്‍കാന്‍ രണ്ടു പതിറ്റാണ്ടോളമായി ദിവസവും കാടും മലയും നദിയും എല്ലാം കടന്നു ഒരു ടീച്ചര്‍ എത്തുന്നുണ്ട്. കുന്നത്തുമല അഗസ്ത്യ ഏകാധ്യാപക വിദ്യാലയത്തിലെ ഉഷാകുമാരി ടീച്ചര്‍. തന്റെ രണ്ടു പതിറ്റാണ്ടുകാലത്തെ അനുഭവങ്ങള്‍ ഉഷാകുമാരി ടീച്ചര്‍ അഖില്‍ രാജരത്തിനവുമായി സംസാരിക്കുന്നു.
വര്‍ഷങ്ങളായി അവഗണനയില്‍ ആണ്ടു കിടന്ന കുന്നത്തുമലയിലേക്ക് എങ്ങനെയാണ് ഒരു സ്‌കൂള്‍ വരുന്നത്?
തിരുവനന്തപുരത്തെ അമ്പൂരി ഗ്രാമപഞ്ചായത്തിലെ തൊടുമല വാര്‍ഡിലെ ഒരു സെറ്റില്‍മെന്റ് ആണ് കുന്നത്തുമല. വര്‍ഷങ്ങള്‍ നീണ്ട പലരുടെയും പരിശ്രമത്തിനൊടുവില്‍ അമ്പൂരിയില്‍ ഒരു സര്‍വേ നടത്തുകയും അതുവഴി ഏറ്റവും കൂടുതല്‍ കുട്ടികളും കൊഴിഞ്ഞു പോകുന്നതും പഠന സൗകര്യങ്ങളുടെ അഭാവം ഉള്ളതുമായ സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുകയും ചെയ്തു.
തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഓരോ സെറ്റില്‍മെന്റുകളിലും അതാത് മൂപ്പന്മാരുടെ അധ്യക്ഷതയില്‍ യോഗം വിളിച്ചുകൂട്ടി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ആവശ്യകതയെ കുറിച്ച് പറയുകയും, എവിടെയൊക്കെ സ്‌കൂള്‍ വേണം എന്ന് ആലോചിക്കുകയും ചെയ്തു.
തല്‍ഫലമായി അമ്പൂരി പഞ്ചായത്തില്‍ രണ്ട് സ്‌കൂളുകള്‍ ആണ് ആദ്യം ആരംഭിച്ചത്. അതില്‍ ഒരു സ്‌കൂളാണ് കുന്നത്തുമല. കോംബൈകാണി എന്ന സ്ഥലത്തായിരുന്നു മറ്റൊരു സ്‌കൂള്‍. അത് കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ തന്നെ പ്രവര്‍ത്തനം നിലച്ചു.
കുന്നത്തുമലയിലെ കുട്ടികള്‍ക്കു വേണ്ടി കാടും മലയും കയറാന്‍ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ട് ആകുന്നു. എങ്ങനെയാണ് ഉഷാകുമാരി ടീച്ചര്‍ അദ്ധ്യാപകവൃത്തിയിലേക്കും കുന്നത്തുമലയിലേക്കും എത്തിയത്?
അമ്പൂരി ഗ്രാമപഞ്ചായത്തിലെ അക്ഷരകേരളം പരിപാടിയില്‍ പങ്കെടുത്തത് വഴിയാണ് കുന്നത്തുമലയുമായി അടുപ്പം ഉണ്ടാകുന്നത്. അതുപോലെ തന്നെ 1985 കാലഘട്ടത്തില്‍ വയോജന വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പി എന്‍ പണിക്കര്‍ സാറിന്റെ കൂടെ സാക്ഷരതാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. അതും പ്രധാനമായും ഈ പ്രദേശത്ത് തന്നെയായിരുന്നു.
അങ്ങനെ കുന്നത്തുമലയില്‍ ആദിവാസി സാക്ഷരത പ്രവര്‍ത്തനത്തില്‍ പങ്കാളിയായി, അതില്‍ പ്രവര്‍ത്തിക്കുകയും അവരോടൊപ്പം കൂടി അവരിലൊരാളായി ജീവിച്ച അവര്‍ക്ക് സാക്ഷരത ക്ലാസ്സുകള്‍ എടുക്കുകയും മറ്റു ബോധവല്‍ക്കരണ പരിപാടികള്‍ നടത്താനും സാധിച്ചു.
ഇതിനുശേഷം 1996 ല്‍ ഡിപിഇപി തുടങ്ങിയപ്പോള്‍ ഫീല്‍ഡ് വര്‍ക്കര്‍ ആയി പ്രവര്‍ത്തനമാരംഭിച്ചു. വിദ്യാഭ്യാസ പ്രവര്‍ത്തന രംഗത്തെ ആദ്യ ചുവട് എന്ന് പറയാവുന്നത് ഇതാണ്.
തിരുവനന്തപുരത്ത് ഏകാധ്യാപക വിദ്യാലയങ്ങള്‍ സ്ഥാപിതമായെങ്കിലും വേരുറപ്പിക്കുന്നതിന് മുന്‍പ് തന്നെ ടീച്ചര്‍ കുന്നത്തുമലയില്‍ എത്തി. ഈ പുതിയ പഠനരീതി ഉയര്‍ത്തിയ വെല്ലുവിളികള്‍ എന്തൊക്കെ ആയിരുന്നു?
വിദ്യാഭ്യാസ വളണ്ടിയര്‍ ആയിട്ട് പ്രവര്‍ത്തിച്ചതിന് ശേഷം ആ സമയത്താണ് ഏകാധ്യാപക വിദ്യാലയങ്ങള്‍ തിരുവനന്തപുരം ജില്ലയില്‍ ആരംഭിക്കാന്‍ വേണ്ടി 1999 ല്‍ അപേക്ഷ ക്ഷണിച്ചത്. അതുപ്രകാരം അപേക്ഷിച്ചവര്‍ക്ക് രണ്ടുദിവസത്തെ വര്‍ക്ക്‌ഷോപ്പ് നടത്തി, അതില്‍ നിന്ന് വിജയിച്ചവര്‍ക്ക് ഇന്റര്‍വ്യൂ നടത്തി തിരഞ്ഞെടുക്കുകയായിരുന്നു.
പുതിയ ഒരു പഠനരീതി ആയതിനാല്‍ തന്നെ ധാരാളം വെല്ലുവിളികള്‍ ഇതിനുണ്ടായിരുന്നു. കുട്ടികളെ സ്‌കൂളില്‍ എത്തിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. പഠനരീതിയെ കുറിച്ച് പറയുകയാണെങ്കില്‍ ഒന്നു മുതല്‍ നാലു വരെയുള്ള ക്ലാസുകള്‍, ഒരു ടീച്ചര്‍ തന്നെ ഒരേ വിദ്യാലയത്തില്‍ കൈകാര്യം ചെയ്യുന്ന ഒരു തന്ത്രമാണിത്.
അതിനുവേണ്ടി ഏകാധ്യാപക വിദ്യാലയങ്ങളിലെ സെല്‍ഫ് ലേര്‍ണിംഗ് മെറ്റീരിയലുകള്‍ ഉണ്ടാക്കി. ഇവിടെ ഒന്നാംതരം രണ്ടാംതരം മൂന്നാം തരം നാലാം തരം എന്നിങ്ങനെ മെറ്റീരിയലുകളെ തരംതിരിക്കുന്നു.
ഇതിന്‍പ്രകാരം കുട്ടികള്‍ക്ക് ചില പൊതുവായ പ്രവര്‍ത്തനങ്ങള്‍ കൊടുത്തശേഷം, അവരെ ഏത് ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തണം എന്ന് തീരുമാനിക്കുന്നു. ഈയൊരു രീതിയിലുള്ള പഠന സമ്പ്രദായം അന്നുവരെയും നിലവിലില്ലാത്തതിനാല്‍, അതും ഒരു വെല്ലുവിളി തന്നെയായിരുന്നു.
ഇന്നത്തേത് പോലെ, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അത്രത്തോളം ഉള്‍ക്കൊള്ളുന്ന ഒരു സമൂഹം 1990-2000 കാലഘട്ടത്തില്‍ കുറവായിരുന്നു. ഒരു വനമേഖല ആകുമ്പോള്‍ അത് കൂടുതല്‍ വെല്ലുവിളി ആകാം. ഏത് രീതിയിലാണ് കുട്ടികള്‍ എന്ന പോലെ രക്ഷിതാക്കളേയും വിദ്യാഭ്യാസത്തിന്റെ പ്രസക്തി ബോദ്ധ്യപ്പെടുത്തിയത് ?
പൊതുവേ പരിചയം ഇല്ലാത്ത ആളുകളോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന ഒരു പ്രവണത ഇവിടത്തുകാര്‍ക്ക് ഉണ്ടായിരുന്നു. പക്ഷേ, പല പ്രവര്‍ത്തനങ്ങളുമായി നേരത്തെ തന്നെ ഇവിടുത്തുകാരുമായി പരിചയം നേടാന്‍ സാധിച്ചത് ഉപകാരപ്പെട്ടു എന്ന് പറയാം.
എങ്കിലും കുട്ടികളെ സ്‌കൂളിലേക്ക് എത്തിക്കാന്‍ പലരും വിമുഖത കാട്ടി. ഇതിനു വേണ്ടി പലപ്പോഴും, വീട്ടില്‍ നിന്ന് അകന്ന് കുന്നത്തുമലയില്‍ തന്നെ ദിവസങ്ങളോളം തങ്ങേണ്ടി വന്നു. രക്ഷകര്‍ത്താക്കളെ ബോധവത്കരിക്കുക എന്നതാണ് കുട്ടികളെ സ്‌കൂളില്‍ എത്തിക്കാന്‍ പ്രധാനമായും ചെയ്യേണ്ടത് എന്ന് അന്നേ മനസ്സിലാക്കിയിരുന്നു.
ഞാന്‍ അവിടെ എത്തുമ്പോള്‍ ആകെ അഞ്ച് കുട്ടികള്‍ മാത്രമാണ് കുന്നത്തുമല സ്‌കൂളില്‍ ഉണ്ടായിരുന്നത്. മാത്രവുമല്ല, അവിടെ ഉണ്ടായിരുന്ന അധ്യാപിക അവിടം ഉപേക്ഷിച്ച് പോയപ്പോഴാണ് ഞാന്‍ ഇവിടെ എത്തിയത് എന്നുകൂടി പറയുമ്പോള്‍, കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമാകും. എന്നെ കാണുമ്പോള്‍ പല രക്ഷിതാക്കളും ഒളിച്ചു പോകുമായിരുന്നു. കൊടുക്കുന്ന പുസ്തകങ്ങള്‍ പലതും രക്ഷിതാക്കള്‍ തന്നെ കീറി കളഞ്ഞിട്ടുണ്ട്.
ഇതിനൊരു പരിഹാരം കാണണമെങ്കില്‍, അവരുമായി കൂടുതല്‍ അടക്കേണ്ടതുണ്ട് എന്ന് എനിക്ക് മനസ്സിലായി. അങ്ങനെ കുട്ടികളുടെ അമ്മമാരെ സംഘടിപ്പിക്കുകയും, ഞാന്‍ സെക്രട്ടറിയായി ഒരു കുടുംബശ്രീ യൂണിറ്റ് തുടങ്ങുകയും ചെയ്തു. അതുമായി ചേര്‍ന്നായിരുന്നു പിന്നീടുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍. അത് ഫലം കാണുകയും ചെയ്തു.
മറ്റു ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ നേരിടുന്ന വെല്ലുവിളികളോടൊപ്പം തന്നെ മറ്റനവധി പ്രയാസങ്ങളും ഇവിടേയ്ക്ക് എത്തുമ്പോള്‍ ടീച്ചറെ കാത്തിരിപ്പുണ്ടായിരുന്നില്ലേ?
ഇരുപത് വര്‍ഷങ്ങള്‍ക്കു മുമ്പ് കുന്നത്തുമല എത്തുമ്പോള്‍ നടന്നു പോകാനുള്ള വഴി പോലും ഉണ്ടായിരുന്നില്ല. മഴ സമയത്തൊക്കെ വഴുക്കലുള്ള പാറകളില്‍ കൂടിയുള്ള യാത്ര, വളരെയധികം അപകടം നിറഞ്ഞതായിരുന്നു. ശക്തമായ മഴയുള്ള ഉള്ള ദിവസങ്ങളില്‍ പലപ്പോഴും തിരിച്ചിറങ്ങാന്‍ കഴിയാതെ കുടുങ്ങി കിടന്നിട്ടുണ്ട്. ഇക്കാര്യം ബ്ലോക്ക് പഞ്ചായത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അവര്‍ പാറയില്‍ ചെറിയ സ്റ്റെപ്പ് ഉണ്ടാക്കി തന്നു.
മഴക്കാലം ഒരു വലിയ അപകടം പിടിച്ച സമയമാണ്. മരങ്ങള്‍ കടപുഴകി വീഴുക, ഉരുള്‍പൊട്ടല്‍ ഉണ്ടാവുക എന്നതൊക്കെ മഴക്കാലത്ത് ഇവിടെ പതിവു സംഭവങ്ങളാണ്. അതുകൊണ്ടുതന്നെ പലപ്പോഴും മഴയത്ത് അവിടെ തന്നെ ആരുടെയെങ്കിലും വീട്ടില്‍ തങ്ങാറാണ് പതിവ്. പിന്നെ ഞാന്‍ അവിടെ താമസിക്കുന്നത് അവിടെ ഉള്ളവര്‍ക്കും ഇഷ്ടമാണ്.
അതുകൊണ്ടുതന്നെ, രാത്രി ഭക്ഷണം എല്ലാം കഴിച്ചു അവരുടെ കൂടെ കുറച്ചു സമയം ഇരിക്കുന്നത് ഇപ്പൊ പതിവാണ്. വഞ്ചിയില്‍ കയറി മാത്രമേ കുന്നത്തുമല എത്താന്‍ സാധിക്കുകയുള്ളൂ. മഴക്കാലം ആണെങ്കില്‍ അതും ബുദ്ധിമുട്ടുള്ള കാര്യമാണ്. എനിക്ക് നീന്തലും വശമില്ല. പക്ഷേ, ഇത്ര വര്‍ഷമായിട്ടും അങ്ങനെ ഒരു പേടി ഉണ്ടായിട്ടില്ല.
അഞ്ചു കുട്ടികളില്‍ നിന്നും ഈ രീതിയിലേക്ക് വളരണമെങ്കില്‍, പിന്തുണ കൂടിയേ തീരൂ. ആരില്‍ നിന്നെല്ലാം പിന്തുണ കിട്ടിയിരുന്നു?
എന്റെ സുഹൃത്ത് കൂടിയായിരുന്ന ത്രേസ്യാമ്മ ആന്റണി ആയിരുന്നു അമ്പൂരി ഗ്രാമപഞ്ചായത്തിലെ അന്നത്തെ പ്രസിഡന്റ്. ഇവിടെ രൂപീകരിച്ച കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളില്‍ എല്ലാം ത്രേസ്യാമ്മ ആന്റണിയുടെ പിന്തുണ ഉണ്ടായിരുന്നു. അതുപോലെതന്നെ ബ്ലോക്ക് പഞ്ചായത്ത് ഭാഗത്തുനിന്നും വലിയ സഹായം ലഭിച്ചിരുന്നു.
കെട്ടിടം എല്ലാം അങ്ങനെ ഉണ്ടായതാണ്. ഇന്ന് മൂന്നു കെട്ടിടങ്ങള്‍ ഉണ്ട്. ആദ്യ കെട്ടിടത്തിന് ഡിപിഇപി ഒരു ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇവിടെ കല്ല് ചുമന്ന കയറ്റാന്‍ പറ്റാത്തതുകൊണ്ട് ഇവിടെ തന്നെയുള്ള പാറകള്‍ എല്ലാം പൊട്ടിച്ചാണ് ആണ് സ്‌കൂളിനു വേണ്ടി കല്ലെടുത്ത്. അതുകൊണ്ട് ഇപ്പോഴും പഴയ ആളുകള്‍ എല്ലാം സ്‌കൂളിനെ കല്ലുപള്ളിക്കൂടം എന്നാണ് പറയുന്നത്.
അതുകൂടാതെ ‘ഇന്‍ഫോസിസ്’ ഇവിടുത്തെ കെട്ടിടം ഉള്‍പ്പെടെ ധാരാളം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ ചെയ്യുകയുണ്ടായി. അതുപോലെ ഏകാധ്യാപക വിദ്യാലയത്തിന്റെ പ്രോഗ്രാം ഓഫീസര്‍ ആയിരുന്ന ഡോക്ടര്‍ രാധാമണി ഒത്തിരി സഹായിച്ചിട്ടുണ്ട്. എങ്കിലും, പലപ്പോഴും യാത്രാക്ലേശം കാരണം ഉദ്യോഗസ്ഥര്‍ ഇവിടെ വരാന്‍ മടി കാട്ടാറുണ്ട്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പല വിദ്യാര്‍ഥികളും നേരിടുന്ന ഒരു പ്രതിസന്ധിയാണ് ചെറുപ്രായത്തില്‍ തന്നെ തൊഴിലിന് ഇറങ്ങേണ്ടി വരുന്നത്. ഈ അവസ്ഥ അവിടുത്തെ കുട്ടികള്‍ക്ക് ഉണ്ടായിട്ടുണ്ടോ? അവരെ തിരികെ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയായിരുന്നു?
ഇവിടെയും അത്തരത്തിലുള്ള സാഹചര്യമുണ്ടായിരുന്നു. പലപ്പോഴും വിദ്യാര്‍ത്ഥികള്‍ വീട്ടുകാരെ സഹായിക്കാന്‍ ആയിട്ട് തൊഴിലിന് ഇറങ്ങുന്നു. അവരുടെ മീന്‍ പിടിക്കാനും കൃഷിപ്പണിയും ഒക്കെയായി പോകാറുണ്ടായിരുന്നു. പക്ഷേ, നേരത്തെ പറഞ്ഞതുപോലെ, നിരന്തരമായി ബോധവല്‍ക്കരണം നടത്തിയതു വഴി, ഒരു പരിധിവരെ ഇത്തരത്തിലുള്ള കൊഴിഞ്ഞുപോക്ക് തടയാന്‍ സാധിച്ചു.
അതുകൂടാതെ, പഠന സൗകര്യം ഇല്ലാതിരുന്ന മുതിര്‍ന്ന കുട്ടികള്‍ ഉണ്ടായിരുന്നു. അവരും ജോലിക്ക് പോകുന്നുണ്ടായിരുന്നു. അവരെ ഒരുവര്‍ഷംകൊണ്ട് ഒന്നു മുതല്‍ നാലു വരെയുള്ള ക്ലാസുകള്‍ പഠിപ്പിച്ചു, അടിസ്ഥാന വിദ്യാഭ്യാസം നല്‍കി മറ്റൊരു സ്‌കൂളില്‍ ചേര്‍ത്തു. അന്നത് വലിയ വാര്‍ത്തയായിരുന്നു. പിന്നെ ഇവിടെ നിന്ന് പഠിച്ചു പോയ എല്ലാവരും, പത്താംതരം പാസായിട്ടുണ്ട് ഉണ്ട് എന്നത് മറ്റൊരു സന്തോഷം.
ഒരു വിദ്യാലയം എന്നത് സാമൂഹിക ഇടപെടലിനുള്ള സ്ഥലം കൂടിയാണല്ലോ. അത്തരത്തില്‍ ആ പ്രദേശത്തെ ആളുകളുടെ ചിന്താഗതികളെ സ്വാധീനിക്കാന്‍ ആയിട്ടുണ്ടോ?
ഇവിടുത്തെ ആളുകളുടെ സംബന്ധിച്ച് ഈ സ്‌കൂള്‍ ഒരു സാംസ്‌കാരിക ഇടം കൂടിയായിരുന്നു. അവഗണനയില്‍ ആയിരുന്ന കുന്നത്തുമല പോലുള്ള ഒരു സ്ഥലത്ത് ഈസ്‌കൂള്‍ വന്നത്, നാട്ടുകാര്‍ക്കിടയില്‍ വലിയ മാറ്റമുണ്ടാക്കി. ഒരു അമ്പലം പോലെ തന്നെ വിശ്വാസമുള്ള ഒരു സ്ഥലമായി മാറി സ്‌കൂള്‍.
ഉദാഹരണത്തിന്, അവര്‍ക്ക് എന്തെങ്കിലും വായിച്ചറിയാന്‍ ഉണ്ടെങ്കില്‍, എന്തെങ്കിലും അപേക്ഷ നല്‍കാന്‍ ഉണ്ടെങ്കില്‍, എന്തെങ്കിലും മീറ്റിംഗ് കൂടാന്‍ ഉണ്ടെങ്കില്‍ ഒക്കെ അവര്‍ തിരഞ്ഞെടുത്തിരുന്നത് ഈ സ്‌കൂള്‍ തന്നെയാണ്. ചില ആളുകള്‍ വിവാഹം പോലും സ്‌കൂളില്‍ വച്ച് നടത്തിയിട്ടുണ്ട്.
പിന്നെ സ്‌കൂള്‍ കേന്ദ്രീകരിച്ചായിരുന്നു വീട്ടമ്മമാരുടെ കുടുംബശ്രീ പ്രവര്‍ത്തനം. അതുവരെയും കാശ് കൂട്ടി വച്ച് മാത്രം ചെലവാക്കുന്ന രീതിയായിരുന്നു അവര്‍ പിന്തുടര്‍ന്നു പോന്നത്. എന്നാല്‍ പിന്നീട് കുടുംബശ്രീ പോലുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആയതോടെ, അവര്‍ക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ ഉള്ള അറിവ് ലഭിച്ചു, സാമ്പത്തികമായി ആയി സ്ത്രീകള്‍ക്ക് കുറച്ചുകൂടി സുരക്ഷിതത്വം ലഭിച്ചു.
ആ രീതിയില്‍ എല്ലാം ഒരുപാട് സാമൂഹിക ഇടപെടലുകള്‍ക്ക് ഈ സ്‌കൂള്‍ വന്നത് കൊണ്ട് സാധിച്ചു. ആ രീതിയില്‍ ആ പ്രദേശത്തെ ഉന്നമനം സ്‌കൂള്‍ വന്നതുകൊണ്ട് ആണ് എന്ന് നാട്ടുകാര്‍ക്കും പറയാന്‍ സാധിക്കും അവിടെ പ്രവര്‍ത്തിച്ച ഞങ്ങള്‍ക്കും പറയാന്‍ സാധിക്കും.
ഈ രീതിയില്‍ എല്ലാം കഷ്ടപ്പെടുമ്പോഴും അതിനുള്ള അംഗീകാരം അധികാരികളില്‍ നിന്ന് കിട്ടുന്നില്ല എന്നതല്ലേ സത്യം. ടീച്ചറുടെ സമരം വര്‍ഷങ്ങള്‍ നീണ്ട അവഗണനയ്ക്ക് നേരെയുള്ള പ്രതിഷേധം കൂടി ആയിരുന്നോ?
ഒന്നാം ക്ലാസ്സ് മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ എല്ലാ വിഷയങ്ങളും ഒരാള്‍ തന്നെയാണ് ഇവിടെ പഠിപ്പിക്കേണ്ടത്. അതായത് നാല് അധ്യാപകരുടെ ജോലി. ഇതിനുപുറമേ ഹെഡ് മാസ്റ്റര്‍ മുതല്‍ പീയൂണ്‍ ജോലി വരെ ഒരാള്‍ തന്നെ ചെയ്യണം. ഉദാഹരണത്തിന് ഇവിടുന്ന് 12 കിലോമീറ്റര്‍ മാറി വെള്ളറട എന്ന സ്ഥലത്ത് അത് പോയി വേണം ഉച്ചഭക്ഷണത്തിനുള്ള അരി എടുക്കാന്‍.
അതും സ്‌കൂള്‍ ടീച്ചര്‍ തന്നെയാണ് ചെയ്യുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഒരു എല്‍പി സ്‌കൂളില്‍ നടക്കുന്ന സകല ജോലിയും ഒരാള്‍ തന്നെയാണ് ഇവിടെ ചെയ്യുന്നത്. അപ്പോഴും ഒരു അധ്യാപകരുടെ ശമ്പളം പോലും ഞങ്ങള്‍ക്ക് കിട്ടുന്നില്ല. ഞങ്ങള്‍ക്ക് കിട്ടുന്നത് ഓണറേറിയം ആണ്.
ആയിരം രൂപ ആയിരുന്നു ആദ്യം പോസ്റ്റിംഗ് കയറിയ സമയത്ത് കിട്ടിയിരുന്നത്. അത് പടിപടിയായി കൂടി വന്നു. പക്ഷേ ഇതുപോലും കൃത്യമായിട്ട് തരുന്നില്ല എന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ പ്രശ്‌നം. മാത്രവുമല്ല ഈ സ്‌കൂള്‍ നടത്തിക്കൊണ്ടുപോകുന്നതിനു ഞങ്ങളുടെ കയ്യില്‍ നിന്നുള്ള ചെലവ്, വളരെയധികം ആകുന്നുണ്ട്.
ഉദാഹരണത്തിന് ഒരു കുട്ടിക്ക് എട്ടു രൂപ എന്ന കണക്കിലാണ് സര്‍ക്കാര്‍ ചെലവാക്കുന്നത്. പക്ഷേ അതിന്റെ ഇരട്ടിയിലധികമാണ് ഒരു കുട്ടിക്ക് ചെലവാകുന്ന തുക. ഞങ്ങളുടെ യാത്രാചെലവ് ആണെങ്കിലും, പലപ്പോഴും ബസിലും വഞ്ചിയിലും എല്ലാം കൂടി ആകുമ്പോള്‍ നല്ല ഒരു തുക ചെലവാക്കുന്നുണ്ട്. ഇനി കുട്ടികള്‍ക്ക് ആണെങ്കിലും, വലിയ അവഗണനയാണ് സര്‍ക്കാരില്‍ നിന്ന് ഉണ്ടാകുന്നത്.
പുസ്തകം ഉച്ചഭക്ഷണം യൂണിഫോം, എന്നതല്ലാതെ മറ്റു ജനറല്‍ സ്‌കൂളുകളില്‍ നടക്കുന്ന ഒരു പ്രവര്‍ത്തനങ്ങളും ഇവിടെ നടത്താന്‍ ഫണ്ട് അനുവദിക്കാറില്ല. പ്രവേശനോത്സവത്തിന് പോലും ഫണ്ട് അനുവദിക്കാറില്ലയിരുന്നു. എങ്കിലും ഞങ്ങളുടെ കുട്ടികള്‍ക്കു വേണ്ടി ഞങ്ങള്‍ കാശ് ചിലവാക്കി പ്രവേശനോത്സവം നടത്താറുണ്ടായിരുന്നു.
പ്രധാനമായും ഈ അവഗണന ഉണ്ടായിട്ടുള്ളത് ഉദ്യോഗസ്ഥതലത്തില്‍ ആണ്. ശമ്പളം ആണെങ്കിലും സ്ഥിരപ്പെടുത്താന്‍ ഉള്ള ഉത്തരവ് ആണെങ്കിലും എല്ലാം മെല്ലെപ്പോക്ക് ആണ്. പല ഓഫീസുകള്‍ ഇതിനുവേണ്ടി കയറിയിറങ്ങിയെങ്കിലും ഒരിടത്തും തീരുമാനമായിട്ടുണ്ടായിരുന്നില്ല. ഇതെല്ലാം കാരണം ഒരു ആത്മഹത്യയുടെ വക്കിലായിരുന്നു ഞാന്‍. അങ്ങനെയാണ് ഒടുവില്‍ ഞാന്‍ സമരം ചെയ്തത്.
ആ പ്രതിഷേധം ഫലം കണ്ടിരുന്നോ? എന്തൊക്കെയാണ് ഇപ്പോഴും തീരുമാനം ആകാത്ത കാര്യങ്ങള്‍? രാഷ്ട്രീയ വിദ്യാഭ്യാസ മേഖലകളില്‍ നിന്നൊക്കെ ഏതുതരത്തിലുള്ള പിന്തുണകള്‍ ഉണ്ടായിരുന്നു?
ഒരു പരിധിവരെ ഫലം കണ്ടു എന്ന് പറയാന്‍ പറ്റും. കാരണം ശമ്പളം കുടിശ്ശിക തീര്‍ത്ത് കിട്ടി. എങ്കിലും സ്‌കൂളിന്റെ വികസനവുമായി ബന്ധപ്പെട്ട മറ്റു പല കാര്യങ്ങളും ഇപ്പോഴും തീരുമാനം ആയിട്ടില്ല. ഇപ്പോള്‍ കൊവി ഡ് കൂടി വന്നതുകൊണ്ട്, അതില്‍ കാര്യമായ മുന്നേറ്റം ഉണ്ടാവില്ല. സമരം തുടങ്ങിയത് സ്വന്തം തീരുമാനം എന്ന നിലയില്‍ മാത്രമായിരുന്നു. പക്ഷേ, ഇതേ കുറിച്ച് അറിഞ്ഞു തുടങ്ങിയപ്പോള്‍, സമാന അനുഭവം ഉള്ളവരും, രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളും എല്ലാം പിന്തുണയുമായി വന്നിരുന്നു.
രണ്ടുപതിറ്റാണ്ട് തിരിഞ്ഞുനോക്കുമ്പോള്‍ ഏതൊക്കെ രീതിയിലാണ് സ്‌കൂള്‍ വളര്‍ന്നത്? കാലത്തിനൊത്ത വികസനം ഇവിടെ എത്തിയിട്ടുണ്ടോ?
അഞ്ചു കുട്ടികളുമായി തുടങ്ങിയ സ്‌കൂളില്‍ ഇന്ന് ധാരാളം കുട്ടികള്‍ ഉണ്ട്. നാട്ടുകാര്‍ കുറച്ചുകൂടി വിദ്യാഭ്യാസ ബോധമുള്ളവര്‍ ആയി മാറിയിട്ടുണ്ട്. ഒരു കെട്ടിടം ഉണ്ടായിരുന്ന സ്ഥലത്ത് ഇന്ന് ലൈബ്രറി ഉള്‍പ്പെടെ മൂന്ന് കെട്ടിടങ്ങള്‍ ഉണ്ട്. നടന്നു മാത്രം വരാന്‍ പറ്റുന്ന ഇവിടേക്ക് ഇന്ന് പകുതി ദൂരം വണ്ടി വരും. എങ്കിലും 20 വര്‍ഷം കൊണ്ടുള്ള വികസനമാണ് ഇത്.
പുറംലോകത്തെ അപേക്ഷിച്ച് ഇത് ഒരു വികസനമെന്ന് പറയാന്‍ സാധിക്കുമോ എന്ന് അറിയില്ല. ഇപ്പോഴും വഞ്ചിയില്‍ തന്നെയാണ് ആണ് കുറേദൂരം സഞ്ചരിക്കേണ്ടത്. മഴക്കാലമായാല്‍ ഇന്നും യാത്ര എത്ര കഠിനവും അപകടം പിടിച്ചതും ആണ്. മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട് എങ്കിലും കാലത്തിനൊത്ത വികസനം എന്ന് പറയാന്‍ കഴിയില്ല.
ലോകം മുഴുവന്‍ സ്തംഭിപ്പിച്ച കോവിഡ് മഹാമാരിയെ പുതിയ സാങ്കേതിക വിദ്യയിലൂടെ വിദ്യാഭ്യാസമേഖല നേരിട്ട് തുടങ്ങിയിട്ടുണ്ട്. ടീച്ചറും വിദ്യാലയവും വിദ്യാര്‍ത്ഥികളും ഇതിനെ എങ്ങനെ നേരിടുന്നു?
ഓണ്‍ലൈന്‍ വിദ്യാഭ്യാസം വരുന്നു എന്ന് കേട്ടപ്പോഴേ ഒരു പരിഭ്രമം ഉണ്ടായിരുന്നു. ഒരു ഫോണ്‍ വിളിക്കാന്‍ പോലും നേരേ റെയ്ഞ്ച് കിട്ടാത്ത സലമാണ് ഇവിടം. ഈ കാര്യം ഞാന്‍ ഒരു ഫേയ്‌സ്ബുക്ക് പോസ്റ്റ് ആക്കി ഇടുകയുണ്ടായി. അങ്ങനെ, ടിവിയിലൂടെയും ഡിഷ് ടി വിയിലൂടെയും ഇതു സാധ്യമാകും എന്നറിയുകയും ധാരാളം സംഘടനകള്‍ സഹായവുമായി മുന്നോട്ട് വരികയും ചെയ്തിരുന്നു. അങ്ങനെ സ്‌കൂളില്‍ ഒരു ടി വി വയ്ക്കുകയും ചെയ്തു. ആ രീതിയില്‍ ക്ലാസും നല്ല രീതിയില്‍ നടന്നു പോയിരുന്നു.
എന്നാല്‍ ഇവിടെ കോവിഡ് ഭീതി വന്നതിനാല്‍ സ്‌കൂളിലെ ക്ലാസ് നിര്‍ത്തേണ്ടി വന്നു. എന്നാല്‍ വീണ്ടും പല സംഘടനകളും ഫേസ്ബുക്ക് പോസ്റ്റ് കണ്ടു സഹായിക്കുകയും കുറച്ചു വീടുകളില്‍ ടി വി എത്തിക്കുകയും ചെയ്തു. എങ്കിലും മറ്റു സ്ഥലങ്ങളില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് കിട്ടുന്ന സ്വീകാര്യത ഇവിടെ വീടുകളില്‍ ലഭിക്കുന്നില്ല എന്നതാണ് സത്യം. എങ്കിലും എന്നെ കൊണ്ട് കഴിയും വിധം ഞാന്‍ വിളിച്ചൊക്കെ അന്വേഷിക്കാറുണ്ട്.
ഏകാധ്യാപക വിദ്യാലയങ്ങളുടെ ഭാവിയെ എങ്ങനെ നോക്കി കാണുന്നു? എന്തൊക്കെ മാറ്റങ്ങള്‍ ആണ് വരേണ്ടത്?
ഏകാധ്യാപക വിദ്യാലയങ്ങളുടെ ഭാവി എന്നതിനേക്കാള്‍ കുട്ടികളുടെ ഭാവിയ്ക്ക് ആണ് കൂടുതല്‍ മുന്‍ഗണന നല്‍കേണ്ടത്. അത്തരത്തില്‍ ആ പ്രദേശത്ത് സ്‌കൂളുകളുടെ ആവശ്യകത മനസ്സിലാക്കി, ആ വിദ്യാലയങ്ങളെ എല്‍ പി സ്‌കൂള്‍ ആക്കി മാറ്റുകയും യും കൂടുതല്‍ അധ്യാപകരെ നിയമിക്കുകയും ചെയ്യണം. ഇവിടുത്തെ കാര്യം എടുക്കുകയാണെങ്കില്‍, ആദിവാസി കുട്ടികളുടെ പഠനം കൊട്ടിഘോഷിക്കുന്ന ഒരു രീതിയില്‍ നിന്ന് മാറി, മറ്റെല്ലാ സ്‌കൂളുകളിലും ലഭിക്കുന്ന സൗകര്യങ്ങള്‍ ഇവിടെയും ലഭ്യമാക്കണം.
ആ രീതിയിലേക്ക് സ്‌കൂളുകളെ അപ്‌ഗ്രേഡ് ചെയ്യണം. അതുപോലെതന്നെ സ്‌കൂളുകളില്‍ ഉള്ള വഴികള്‍ എല്ലാം സഞ്ചാര യോഗ്യമാക്കി യാത്രാ ബുദ്ധിമുട്ടുകള്‍ കുറയ്ക്കണം. ഞാന്‍ ഇവിടെ എത്തുന്ന സമയത്ത്, ഇവിടുത്തെ കുട്ടികള്‍ ആരും മുഖത്തുനോക്കി സംസാരിക്കാറില്ലായിരുന്നു. ഇവര്‍ക്ക്, പുറമേ ഉള്ളവരെ പേടിയായിരുന്നു.
പലപ്പോഴും ഇങ്ങനെയുള്ള സ്ഥലങ്ങളിലെ ജനങ്ങള്‍ അങ്ങനെയാണ്. ആ ഒരു രീതി മാറ്റുന്നതിന് വിദ്യാഭ്യാസ സമ്പ്രദായത്തില്‍ തന്നെ പരിഷ്‌കാരങ്ങള്‍ ആവശ്യമുണ്ട്. മറ്റുള്ളവരുമായി ഇടപെടാന്‍ കുട്ടികളെ പ്രാപ്തരാക്കണം. രീതിയിലായിരിക്കണം വിദ്യാഭ്യാസം മാറേണ്ടത്.
ഇവിടുത്തെ പഠനം കഴിഞ്ഞ് ഇറങ്ങുന്ന വിദ്യാര്‍ഥികള്‍ തുടര്‍പഠനത്തിന് നേരിടുന്ന വെല്ലുവിളികള്‍ ആയി തോന്നിയത് എന്തൊക്കെയാണ്?
നഗരത്തിലേക്ക് തുടര്‍പഠനത്തിന് പോകുന്ന ആണ്‍കുട്ടികള്‍ നേരിടുന്ന ഒരു വെല്ലുവിളി, ഹോസ്റ്റല്‍ ഇല്ല എന്നതാണ്. അങ്ങനെ ബുദ്ധിമുട്ടുമ്പോള്‍ അവര്‍ തിരികെ നാട്ടിലെത്തി, ഇവിടെ ദിവസ വേതനത്തിന് ജോലിക്ക് പോകും.
പഠനം മുടങ്ങുകയും ചെയ്യും. മാത്രമല്ല ഇവിടത്തെ സാഹചര്യങ്ങളില്‍ അവര്‍ക്ക് മദ്യപാനം പുകവലി പോലുള്ള ദുശ്ശീലങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. അത് കാണുമ്പോള്‍ വളരെ വേദന ഉണ്ടാകാറുണ്ട്. പെണ്‍കുട്ടികള്‍ക്ക് അത്തരത്തില്‍ ഹോസ്റ്റല്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടാതിനാല്‍ അവര്‍ പലരും, ഡിഗ്രി ഒക്കെ കഴിഞ്ഞിട്ടുണ്ട്.
പഴയ വിദ്യാര്‍ഥികളുമായി ഇപ്പോഴും ആത്മബന്ധം നിലനില്‍ക്കുന്നുണ്ടോ?
കുട്ടികളില്‍ പലരുമായും ഇപ്പോഴും നല്ല ബന്ധം നിലനില്‍ക്കുന്നുണ്ട്. ഞാന്‍ പഠിപ്പിച്ച കുട്ടികളെല്ലാം ഈ പരിസരത്ത് ഉള്ളവര്‍ തന്നെയാണ്. അതുകൊണ്ട് ഇപ്പോഴും കാണാന്‍ സാധിക്കുന്നുണ്ട്. ഒരു ക്ലാസ്സ് ജയിക്കുമ്പോഴും, അവരും അവരുടെ വീട്ടുകാരും വിളിച്ച് അറിയിക്കാറുണ്ട്.
പലരും ജോലി കിട്ടിക്കഴിയുമ്പോള്‍ ഒക്കെ സന്തോഷം അറിയിക്കാറുണ്ട്. അതു കേള്‍ക്കുമ്പോള്‍ എനിക്കും സന്തോഷം. അതുപോലെ കല്യാണത്തിന് ഒക്കെ കൂടുമ്പോള്‍ അവരുടെ വളര്‍ച്ച കാണാന്‍ സാധിക്കുന്നുണ്ട്.
കുടുംബം?
വീട്ടില്‍ ഭര്‍ത്താവ്, രണ്ടു മക്കള്‍. ഭര്‍ത്താവ് ലോഡിങ് തൊഴിലാളി യാണ്. മകന്‍ ഡിഗ്രി കഴിഞ്ഞു, മകള്‍ ജേര്‍ണലിസം കഴിഞ്ഞു. സന്തുഷ്ട കുടുംബം.
Comments are closed.