രാഷ്ട്രീയമുള്ള എഴുത്തുകാരനാവാന്‍ സദാ പ്രസ്താവനകള്‍ നടത്തണമെന്നില്ല: അബിന്‍ ജോസഫ്‌

എഴുത്തുതന്നെ രാഷ്ട്രീയമാണ് അബിന്‍ ജോസഫിന്. കല്യാശേരി തീസിസ്, പ്രതിനായകന്‍, ഫ്രഞ്ച് വിപ്ലവത്തിന്റെ പ്ലാന്‍, ഹിരോഷിമയുടെ പ്യൂപ്പ തുടങ്ങിയ കഥകളിലൊക്കെ കണ്ണൂരുകാരനായ അദ്ദേഹം രാഷ്ട്രീയം പറഞ്ഞു വയ്ക്കുന്നുണ്ട്. കുടിയേറ്റ മേഖലയായ ഇരിട്ടിയില്‍ ജനിച്ചു വളര്‍ന്ന് അദ്ദേഹത്തിന്റെ കഥകളില്‍  കുടിയേറ്റത്തിന്റേയും അടയാളപ്പെടുത്തലുകളുണ്ട്. ഇതൊക്കെയാണെങ്കിലും ഏതൊരു രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ഉണ്ടാകുമ്പോഴും ഒരു എഴുത്തുകാരന്‍ അതേക്കുറിച്ച് പ്രസ്താവന നടത്തേണ്ട ബാധ്യതയില്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അബിന്‍ ജോസഫ് അഭിമുഖം.കോം പ്രതിനിധി ടി ജെ അബ്രഹാമുമായി സംസാരിക്കുന്നു.

കണ്ണൂരിലെ കുടിയേറ്റ നാടായ ഇരിട്ടിയാണ് അബിന്റെ സ്വദേശം. സ്വന്തം ദേശത്തിന്റെ ഡെമോഗ്രഫി അബിന്‍ എന്ന എഴുത്തുകാരനെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?

ഇരിട്ടി ഞങ്ങളുടെ നാടിന്റെ ഏറ്റവും അടുത്തുള്ള ‘പട്ടണ’മാണ്. അവിടെനിന്ന് 14 കിലോമീറ്റര്‍ ഉള്ളിലാണ് എന്റെ സ്വദേശമായ കീഴ്പ്പള്ളി. പറഞ്ഞതുപോലെതന്നെ കുടിയേറ്റക്കാരുടെ നാടാണ്. കീഴ്പ്പള്ളി ശരിക്കും ഭൂമിയുടെ അറ്റമാണെന്ന് ഞങ്ങള്‍ തമാശ പറയാറുണ്ട്. കുറച്ചു കിലോമീറ്ററുകള്‍ മാറിയാല്‍ കാടാണ്. കാടിനെയും നാടിനെയും വേര്‍തിരിക്കുന്ന ചീങ്കണ്ണിപ്പുഴയുണ്ട്. പുഴയ്ക്കപ്പുറം ആറളം വന്യജീവി സങ്കേതം.

പിന്നെ, വിയറ്റ്‌നാം എന്നൊരു സ്ഥലമുണ്ട്, കീഴ്പ്പള്ളിക്കടുത്ത്. അത് കാടിന് തൊട്ടടുത്താണ്. കാടിനപ്പുറത്താണ് കുടക്. പണ്ടൊക്കെ കാട് കടന്ന് കുടകിലേക്ക് പോയ കഥകള്‍ പറഞ്ഞുകേട്ടിട്ടുണ്ട്. ഇടയ്ക്കിടെ ആനയിറങ്ങും. ഭൂമിശാസ്ത്രപരമായ ഈ പ്രത്യേകതകള്‍ക്കപ്പുറം കീഴപ്പള്ളിയിലെ മനുഷ്യരാണ് എന്നെ വിസ്മയിപ്പിച്ചിട്ടുള്ളത്. ജീവിതത്തില്‍ കഥകളും അനേകം ഉപകഥകളും പേറുന്ന കുറേ മനുഷ്യര്‍. വളരെ സാധാരണമായ ജീവിതം നയിക്കുന്നവര്‍. എന്നാല്‍ അവരിലെല്ലാം ഒരുതരം അസാധാരണത്വം ഉണ്ടുതാനും. രസമാണ് കീഴ്പ്പള്ളിക്കഥകള്‍. ചരിത്രവും മിത്തും ജീവിതവും എല്ലാം കലര്‍ന്ന കഥകളുടെ ഷോപ്പിങ് കോംപ്ലക്‌സ്.

കേരളത്തിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് പൊളിറ്റിക്കലി സെന്‍സിറ്റീവ് അല്ലെങ്കില്‍ വോളറ്റൈലായ ഒരു പ്രദേശമാണ് കണ്ണൂര്‍. മലബാര്‍ ഇടത് രാഷ്ട്രീയത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ച ഒരു മേഖലയുമാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പിറന്നത്‌ കണ്ണൂരിലെ പിണറായിലാണ്. രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ കണ്ണൂര്‍ ഇന്നു വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ അബിന്‍ ഒരു പൊളിറ്റിക്കലായ സ്റ്റേറ്റ്മെന്റ് ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല. മനപൂര്‍വം ഒഴുവാക്കുന്നതാണോ അതോ രാഷ്ട്രീയത്തോട് തികഞ്ഞ വിമുഖത പുലര്‍ത്തുന്നയാളാണോ താങ്കള്‍. കണ്ണൂരിന്റെ രാഷ്ട്രീയം അബിനെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്? ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തെ എങ്ങനെ വിലയിരുത്തുന്നു?

ഒരെഴുത്തുകാരനും രാഷ്ട്രീയത്തോടു വിമുഖത പുലര്‍ത്താന്‍ കഴിയില്ല. കാരണം എഴുത്തുതന്നെ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. രാഷ്ട്രീയം പശ്ചാത്തലമാക്കി കഥകളെഴുതിയിട്ടുള്ള ഒരാളാണ് ഞാന്‍. കല്യാശ്ശേരി തീസിസ്, പ്രതിനായകന്‍, ഫ്രഞ്ച് വിപ്ലവത്തിന്റെ പ്ലാന്‍, ഹിരോഷിമയുടെ പ്യൂപ്പ തുടങ്ങിയ കഥകളിലൊക്കെ താങ്കള്‍ ഉദ്ദേശിച്ച രീതിയിലുള്ള രാഷ്ട്രീയം കടന്നുവരുന്നുണ്ട്. പിന്നെ, എന്തെങ്കിലും പൊളിറ്റിക്കല്‍ ഡെവലപ്‌മെന്റുണ്ടാകുമ്പോള്‍ കൃത്യമായ സ്റ്റേറ്റ്‌മെന്റ് നടത്തേണ്ട ബാധ്യത എഴുത്തുകാരനുണ്ട് എന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. അതേസമയംതന്നെ എഴുത്തിലും ആക്ടിവിസത്തിലും ഒരേസമയം സജീവമായി നില്‍ക്കുന്ന ധാരാളം എഴുത്തുകാരുണ്ട്.

എന്റെ തലമുറയില്‍ തന്നെയുള്ള ലാസര്‍ ഷൈനൊക്കെ സജീവമായി രാഷ്ട്രീയത്തില്‍ ഇടപെടുന്നയാളാണ്. പക്ഷേ, എനിക്ക് ഒരേ സമയം ഒന്നിലേറെ കാര്യങ്ങളില്‍ സജീവമായി നില്‍ക്കാനാവില്ല. അത് വ്യക്തി എന്ന നിലയിലുള്ള പരിമിതിയാണ്. കണ്ണൂരിന്റെ രാഷ്ട്രീയം നമ്മളെ സ്വാധീനിക്കാതിരിക്കുന്നതെങ്ങനെയാണ്?. പല രീതിയിലുള്ള ചിന്തകള്‍ക്കും അഭിപ്രായ രൂപീകരണത്തിനും നിലപാടുകള്‍ സ്വീകരിക്കുന്നതിലുമൊക്കെ സ്വാധീനമായിട്ടുണ്ട്. താങ്കള്‍ സൂചിപ്പിച്ച അക്രമരാഷ്ട്രീയം കുറച്ചുകാലം കഴിഞ്ഞാല്‍ പുതിയൊരു തലമുറ രാഷ്ട്രീയത്തിന്റെ അമരത്തേക്ക് വരുമ്പോള്‍ മാറുമെന്നാണ് ഞാന്‍ വിശ്വസിച്ചിരുന്നത്. പക്ഷേ, സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പറയാം, അതിന് അടുത്തകാലത്തൊന്നും മാറ്റമുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല.

കേഡര്‍ സ്വഭാവമുള്ള എല്ലാ സംഘടനകളിലും ഫാസിസമുണ്ട്. കേവലമായ തിണ്ണമിടുക്ക് എതിനപ്പുറം ഫാസിസം തന്നെയാണ് നടപ്പാകുന്നതും. പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്ന ചെറുപ്പക്കാരാണ് അക്കാര്യത്തില്‍ മാറ്റം കൊണ്ടുവരേണ്ടത്. കൊലപാതകങ്ങളും അതിനുള്ള ന്യായീകരണങ്ങളും പലപ്പോഴും വലിയ വിഷാദത്തിലേക്കു തള്ളിവിടാറുണ്ട്. മരണം എന്നു പറയുന്നത് ജീവിതത്തിന്റെ അവസാനമാണ്. പിന്നീടൊരു സെക്കന്റ് ചാന്‍സ് ഇല്ല. എത്രവലിയ കുറ്റം ചെയ്തിട്ടുണ്ടെങ്കിലും എല്ലാ മനുഷ്യരും ജീവിതത്തില്‍ ഒരു സെക്കന്റ് ചാന്‍സ് അര്‍ഹിക്കുന്നുണ്ടെന്നാണ് എന്റെ വിശ്വാസം.

അബിന്‍ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: ‘ഇക്കാലത്തും ഏറ്റവുമധികം വിറ്റഴിയപ്പെടുന്നത് നൊസ്റ്റാള്‍ജിയയുടെ പൂപ്പലുപിടിച്ച വാക്കുകളാണല്ലോ എന്ന മാര്‍ക്കറ്റ് യാഥാര്‍ഥ്യം വിഷാദിപ്പിക്കുന്നു’ എന്ന്. ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഓര്‍മകളുണ്ടോ താങ്കളുടെ ജീവിതത്തില്‍. എന്തുകൊണ്ടാണ് നോസ്റ്റാള്‍ജിയയോട് ഇത്രയും വിയോജിപ്പ്?

നഷ്ടബോധത്തില്‍നിന്നുണ്ടാകുന്ന ഓര്‍മയാണ് നൊസ്റ്റാള്‍ജിയ. നേടിയതിനേക്കാളേറെ നഷ്ടപ്പെടുത്തിയതിനെക്കുറിച്ചാണല്ലോ മനുഷ്യന്‍ ആലോചിക്കാറുള്ളത്. അതുകൊണ്ടാണ് നൊസ്റ്റാള്‍ജിയയ്ക്ക് എല്ലാക്കാലത്തും മാര്‍ക്കറ്റുള്ളതെന്ന് തോന്നുന്നു. ഒരുതരത്തില്‍ ആലോചിക്കുമ്പോള്‍ നമ്മളെഴുതുന്ന പല കഥകളും നൊസ്റ്റാള്‍ജിയ തെന്നയാണ്. ഒന്നുകില്‍ നമ്മുടെതന്നെ, അല്ലെങ്കില്‍ നാടിന്റെയോ, കഥാപാത്രങ്ങളുടെയോ. പക്ഷേ, നൊസ്റ്റാള്‍ജിയയെ ക്ലീഷേയായിക്കഴിഞ്ഞ കാല്‍പ്പനികതകൊണ്ട് ആവിഷ്‌കരിക്കുമ്പോഴാണ് അത് പൂപ്പലുപിടിച്ചതാകുന്നത്. സമീപകാലത്തിറങ്ങിയ ചില പുസ്തകങ്ങളും സിനിമകളും ഗൃഹാതുരതയെ കാല്‍പ്പനികവല്‍ക്കരിക്കുന്നുണ്ട്. അതിനോടാണ് വിയോജിപ്പുള്ളത്. നൊസ്റ്റാള്‍ജിയ ഒരു എവര്‍ഗ്രീന്‍ ഇമോഷനാണ്. പക്ഷേ, പുതിയകാലത്തിന്റെ ഭാഷയിലും ഭാവുകത്വത്തിലും സെന്‍സിബിലിറ്റിയിലും വേണം അതിനെ ആവിഷ്‌കരിക്കാന്‍. വ്യക്തിപരമായിട്ട് അങ്ങനെ നൊസ്റ്റാള്‍ജിക്കായ ആളല്ല ഞാന്‍.

2017നെ താങ്കള്‍ സ്വാഗതം ചെയ്തത് നാലു ചോദ്യങ്ങള്‍ ചോദിച്ചായിരുന്നു. (ഒരു മാധ്യമത്തിന്റെ വാരാന്ത്യപതിപ്പില്‍ കുറിച്ചത്.) ആ ചോദ്യം വളരെ ഇന്നത്തെ വളരെ പ്രത്യേകിച്ച് നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രസക്തമാണ്. താങ്കളുടെ ചോദ്യം ഇതായിരുന്നു; അസഹിഷ്ണുത ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേല്‍ കത്തിവെക്കുന്നു. എഴുത്തുകാര്‍ കൊല്ലപ്പെടുന്നു. വാക്കുകളെയും ആശയങ്ങളെയും സ്വന്തം കൂടാരത്തില്‍ കെട്ടിയിടുന്നവരെ സാഹിത്യം എങ്ങനെ മറികടക്കും? ഭീഷണികളെ കൂസാത്ത, സ്ഥാപനങ്ങളെ ഭയക്കാത്ത എഴുത്ത് ഇനിയുണ്ടാകുമോ? തങ്ങളെ ഏറ്റവും ആശങ്കപ്പെടുത്തുന്ന ചോദ്യവും ഇതാണെന്നായിരുന്നു അന്ന് അബിന്‍ കുറിച്ചത്. താങ്കളും ഒരു എഴുത്തുകാരനാണ്. താങ്കള്‍ക്ക് ഈ ഭീതിയുണ്ടോ? അങ്ങനെ ഉണ്ടായാല്‍ എങ്ങനെയാവും താങ്കള്‍ അതിനെ അതിജീവിക്കുക?

നമ്മുടെ രാജ്യം സംഘപരിവാര്‍ ഫാസിസത്തിന്റെ പിടിയിലാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടയില്‍ കൊല്ലപ്പെട്ട എഴുത്തുകാരുടെ നീണ്ട ലിസ്റ്റ് നമുക്കു മുന്നിലുണ്ട്. ജീവിച്ചിരിക്കെത്തന്നെ എഴുത്തുകാരന്റെ മരണം പ്രഖ്യാപിച്ചവരുണ്ട്. ഭയന്ന് എഴുതാതിരിക്കുന്നവരുണ്ട്. ഇതെല്ലാം യാഥാര്‍ഥ്യങ്ങളാണ്. അതേസമയത്തുതന്നെ ശക്തമായ എതിര്‍പ്പുകളും പ്രതികരണങ്ങളും എഴുത്തുകളുമുണ്ടാകുന്നുണ്ട്. രാജ്യത്ത് മൊത്തത്തിലുള്ള സംഘപരിവാര്‍ ഫാസിസത്തിനൊപ്പം ഓരോ പ്രദേശത്തും പ്രാദേശികമായ ഫാസിസങ്ങളുമുണ്ട്. അതായത് പല തലങ്ങളിലുള്ള ഫാസിസ്റ്റ് ഭീഷണികള്‍ക്കു താഴെയാണ് എഴുത്തുകാരന്‍/ കലാകാരന്‍ ഇന്നു ജീവിക്കുന്നത്. ഇക്കാര്യത്തില്‍ ഭയമില്ല എന്നുപറഞ്ഞാല്‍ അതു നുണയാകും. പക്ഷേ, ആ ഭയം കാരണം എഴുതാതിരിക്കുകയോ, എഴുതാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കുകയോ ചെയ്യാറില്ല. അത് എഴുത്തിനോടുള്ള ആത്മാര്‍ഥതയില്ലായ്മയാകും. ലോകചരിത്രത്തിന്റെ ഓരോ ദശയിലും ഇത്തരം ഭയപ്പാടുകള്‍ക്കിടയിലാണ് കലകാരന്‍ ജീവിച്ചതും മഹത്തായ കലാസൃഷ്ടികളുണ്ടായതും. ഇന്ത്യയില്‍ മാത്രമല്ല, ഏകാധിപതികള്‍ക്കു കീഴിലുള്ള മറ്റു പലരാജ്യങ്ങളിലും ഇതുതെന്നയാണ് അവസ്ഥ. എസ്റ്റാബ്ലിഷ്‌മെന്റിന് ഇഷ്ടമില്ലാത്തവര്‍ തമസ്‌കരിക്കപ്പെട്ടിട്ടുണ്ട്, കൊല്ലപ്പെട്ടിട്ടുണ്ട്, നാടുകടത്തപ്പെട്ടിട്ടുണ്ട്. അതിനെ കല മറികടന്നിട്ടുമുണ്ട്.

താന്‍ വെറും കഥപറച്ചിലുകാരനാണെന്നും പ്രവാചകന്‍ അല്ലെന്നും അബിന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ കഥയിലൂടെ ഭാവി പറയുന്നവര്‍ അല്ലെ യഥാര്‍ഥ എഴുത്തുകാര്‍. Moral Didactism എന്നത് ഒരിക്കല്‍ എഴുത്തുകാര്‍ വിശ്വസിച്ചിരുന്നതാണ്. പക്ഷേ പല ക്ലാസിക്കുകളും എടുത്താല്‍ അവ വിശകലനം ചെയ്യുന്നത് ഒരു പ്രത്യേക സാഹചര്യത്തെയും അതു എങ്ങനെ മനുഷ്യരാശിയെ ബാധിക്കും എന്നൊക്കെയല്ലെ. അതു ഒരു തരം പ്രവചനം തന്നെയല്ലേ. അതോ അത്തരം കാര്യങ്ങളില്‍നിന്നും താങ്കള്‍ സ്വയം ഒഴിഞ്ഞുമാറുന്നതാണോ?

എഴുത്തുകാരന്‍ പ്രവാചകനല്ല എന്നു ഞാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ ആ അഭിപ്രായം ഇപ്പോള്‍ അപ്‌ഡേറ്റ് ചെയ്യുകയാണ്. എഴുത്തുകാരന്റെയുള്ളില്‍ പ്രവാചകത്വമുണ്ട്. സാഹിത്യത്തിലും സിനിമയിലും ധാരാളം ഉദാഹരണങ്ങളുമുണ്ട്. കലയെ ലളിതമായി വ്യാഖ്യാനിച്ചാല്‍ അതൊരു പ്രത്യേക കാലഘട്ടത്തിന്റെ രാഷ്ട്രീയവും സാമൂഹികവും വ്യക്തിപരവുമായ രേഖപ്പെടുത്തലാണ്. അത്തരം ഒരാഖ്യായിക കാലത്തിനും ദേശത്തിനും ഭാഷകള്‍ക്കുമപ്പുറം പ്രസക്തമാകുമ്പോഴാണ് കലാകാരന്‍ പ്രവാചകനാകുന്നത്. സമൂഹത്തിനും വ്യക്തിക്കും ആശയങ്ങള്‍ക്കുമുണ്ടാകുന്ന മാറ്റങ്ങളെ അതിജീവിക്കുന്ന തരം സൃഷ്ടി നടത്തുന്നവനാണ് യഥാര്‍ഥ കലാകാരന്‍. അയാളുടെയുള്ളില്‍ തീര്‍ച്ചയായും പ്രവാചകത്വമുണ്ടാകും. ഓരോ കാലത്തും അപ്‌ഡേറ്റ് ചെയ്യപ്പെടുന്ന, പുതുക്കപ്പെടുന്ന ഒന്നാണ് സെന്‍സിബിലിറ്റി. പല കാലങ്ങളിലെ സെന്‍സിബിലിറ്റിയോട് സംവദിക്കാനും സെന്‍സിബിലിറ്റിക്കൊപ്പം അപ്‌ഡേറ്റ് ചെയ്യപ്പെടാനും സാധിക്കണമെങ്കില്‍ എഴുത്തുകാരന്റെയുള്ളില്‍ പ്രവാചകനുണ്ടായേ മതിയാവൂ.

നൂറു മില്ലി കാവ്യ ജീവിതം എന്ന കഥ ജോണ്‍ എബ്രഹാമിനോട് ആരാധന മൂത്ത് കഥയെഴുതാനും അയാളെ കുറിച്ചുള്ള സിനിമ ചെയ്യാനും ഒക്കെ ഒരുമ്പെടുന്ന സദാനന്ദന്‍ വക്കീലിനെ കുറിച്ചാണ്. അബിന് ആരാധന തോന്നിയിട്ടുള്ള എഴുത്തുകാരന്‍ ആരാണ്? അയാളിലെ എന്ത് പ്രത്യേകതയാണ് താങ്കളെ സ്വാധീനിച്ചത്?

മുന്നേ നടന്നുപോയിട്ടുള്ള എല്ലാ എഴുത്തുകാരോടും എനിക്കു കടുത്ത ആരാധനയുണ്ട്. മലയാളത്തിലെയും മറ്റുഭാഷകളിലെയും എഴുത്തുകാര്‍ നമ്മളെ സ്വാധീനിക്കുകയും വഴിമാറി നടക്കാന്‍ പ്രചോദിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇന്നോളം എഴുതിയിട്ടില്ലാത്ത കഥ, ഇന്നോളം പറഞ്ഞിട്ടില്ലാത്ത രീതിയില്‍ പറയാനുള്ള അത്യാഗ്രഹമാണല്ലോ എഴുത്ത്. എല്ലാ എഴുത്തുകാരെയും കമ്പോടുകമ്പ് വായിക്കുകയും അതില്‍നിന്ന് മാറി ഒരെഴുത്തുരീതി കണ്ടുപിടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കഠിനപ്രവൃത്തി. അത് എത്രത്തോളം പ്രയാസകരമാണെന്നു മനസിലാകുമ്പോള്‍ എല്ലാ എഴുത്തുകാരോടും ആരാധന തോന്നും. പേരു പറയാന്‍ തുടങ്ങിയാല്‍ തീരില്ല.

താന്‍ കേട്ട കഥകളും നേരിട്ടു കണ്ട കാഴ്ചകളുമാണ് അബിന്റെ കഥകള്‍. കീഴ്പള്ളിയിലെ അരാജകവാദിയായിരുന്ന അത്തിക്കല്‍ കുഞ്ഞിക്കണ്ണന്‍ അതിനു ഒരു ഉദാഹരണമാണ്. എങ്ങനെയാണ് ഈ കാഴ്ചകളിലെ കഥകളിലെ നായകന്‍ അബിന്‍ എന്ന കഥാകാരനെ എഴുത്തിലേക്ക് നയിക്കുന്നത്?

എഴുത്തുകാരനാവാനുള്ള വാശിയുടെ പുറത്താണ് എന്റെ എഴുത്തുണ്ടാകുന്നത്. കേട്ട കഥകളും കണ്ട കാഴ്ചകളുമൊന്നുമല്ല എന്നെ കഥയിലേക്ക് എത്തിക്കുന്നത്. സ്വന്തം നിലനില്‍പ്പിനെക്കുറിച്ചും അതിജീവനത്തെക്കുറിച്ചുമുള്ള മാരകമായ ആശങ്കയും ഭയവുമാണ് കഥയെഴുതിക്കുന്നത്. ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന മറ്റു കാരണങ്ങളൊന്നും എനിക്കില്ല, സത്യമായിട്ടു പറയുന്നതാണ്. കഥയെഴുതാതെ കുറേനാള്‍ നടന്നുകഴിയുമ്പോള്‍ എന്തിനാണിങ്ങനെ ജീവിക്കുതെന്ന ചോദ്യം ഉള്ളില്‍ക്കിടന്ന് നീറുകയും എഴുത്തുമേശയിലെത്തുകയുമാണ് പതിവ്. ആശയവും കഥാപാത്രങ്ങളുമൊന്നുമല്ല പ്രചോദിപ്പിക്കുന്നത്. എഴുതാനുള്ളൊരു മൂഡിലേക്ക് എത്തുകയാണ് ആദ്യം. പിന്നീടാണ് സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളുമെല്ലാം കടന്നുവരുന്നത്. മിക്കവാറും കഥകളുടെ കാര്യത്തില്‍ ടൈറ്റിലാണ് ആദ്യമെഴുതിയിട്ടുള്ളത്. എഴുതി മുന്നോട്ടു പോകുംതോറും വഴികള്‍ തുറന്നുവരാറുണ്ട്. അടുത്ത പാരഗ്രാഫില്‍ എന്തായിരിക്കുമെന്ന് എഴുത്തുകാരനുപോലും അറിയാത്ത അവസ്ഥ. കഥാപാത്രം ഇനിയെന്താണ് ചെയ്യാന്‍ പോകുതെന്ന അനിശ്ചിതത്വം. എഴുത്തിന്റെയൊരു ത്രില്ലതാണ്.

കല്ല്യാശേരിയ്ക്കടുത്തുള്ള അഞ്ചാംപീടികയില്‍ ഒരു കോളജ് അധ്യാപകനായി അബിന്‍ കുറച്ചുനാള്‍ ജോലി ചെയ്തിരുന്നു. അവിടെ താമസിച്ചിരുന്നപ്പോഴാണ് താങ്കള്‍ ഒരുപാട് കഥകള്‍ എഴുതിയിരുന്നത്? അഞ്ചാംപീടികയെപ്പറ്റി പറയാമോ?

കല്യാശ്ശേരിക്കടുത്തുള്ള അഞ്ചാംപീടികയില്‍ താമസിച്ചതുകൊണ്ടു മാത്രമാണ് കല്യാശ്ശേരി തീസിസ് എന്ന കഥയെഴുതിയത്. അത് വല്ലാത്തൊരുതരം അരക്ഷിതാവസ്ഥയുടെ കാലമായിരുന്നു. പത്രപ്രവര്‍ത്തനമൊക്കെ മതിയാക്കിയ സമയം. കോളേജിലെ താല്‍ക്കാലിക ജോലി. സാമ്പത്തിക പ്രതിസന്ധി. എഴുതാന്‍ പറ്റാത്ത മാനസികാവസ്ഥ. മൊത്തത്തില്‍ ജീവിതം ഒരു ഇരുണ്ട തുരങ്കത്തിലൂടെ കടന്നുപോവുകയായിരുന്നു. എഴുത്തും പരിപാടികളുമെല്ലാം മതിയാക്കി വല്ല ഗള്‍ഫിലും പോയി പത്തുകാശുണ്ടാക്കാം എന്നുവരെ ആലോചിച്ചിരുന്നു. പക്ഷേ, ഒരിക്കല്‍ ഇറങ്ങിയാല്‍ പിന്നീട് തിരിച്ചുവരാന്‍ പറ്റാത്ത സമുദ്രമാണ് സാഹിത്യം. പുതിയ വന്‍കരകളും രഹസ്യദ്വീപുകളുമെല്ലാം കണ്ടെത്തി മുന്നോട്ടുപോകുന്ന പര്യവേഷണം. നമ്മള്‍ വിചാരിച്ചാലും മതിയാക്കാന്‍ പറ്റിയെന്നുവരില്ല. തിരമാലകളുടെ ഇരമ്പവും അജ്ഞാതമായ കരകളുടെ നിഗൂഢതയും പ്രലോഭിപ്പിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് കഥയിലേക്കു തിരിച്ചെത്താതെ വേറെ വഴിയുണ്ടായിരുന്നില്ല. സത്യം പറഞ്ഞാല്‍ ചെയ്യാന്‍ ഇഷ്ടമുള്ള ഒരേയൊരു പണി എഴുത്താണ്. അതിന്റെ മെറിറ്റ് എന്താണെന്നൊക്കെ കാലം തീരുമാനിക്കട്ടെ.

എങ്ങനെയാണ് എഴുത്തിലേക്ക് വരുന്നത്?. ആദ്യത്തെ കഥ എഴുത്തിന്റെ ഓര്‍മകള്‍.

എഴുത്തിലേക്കു വരാനും എഴുത്തുകാരനാവാനും പറ്റിയ സാംസ്‌കാരിക സാഹചര്യത്തിലല്ല ഞാന്‍ ജീവിച്ചിരുന്നത്. ഞങ്ങളുടെ നാട്ടിലങ്ങനെ എഴുത്തിനോടും വായനയോടും അഭിനിവേശമുള്ള ഒരന്തരീക്ഷമൊന്നും ഇല്ലായിരുന്നു. വീട്ടിലുണ്ടായിരുന്നത് സമ്പൂര്‍ണ ബൈബിളും ശബ്ദതാരാവലിയുമായിരുന്നു. സ്‌കൂളിലൊക്കെ പഠിക്കുമ്പോള്‍ കഥപോലെയും കവിതപോലെയുമുള്ള പലതും എഴുതുമായിരുന്നു. അന്നുതൊട്ടേ ആഗ്രഹമുണ്ട് എഴുത്തുകാരനാവാന്‍.

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലത്താണ് വായനയിലേക്ക് വരുന്നത്. മമ്മിയുടെ കൂട്ടുകാരിയായിരുന്ന മേഴ്‌സിയാന്റിയായിരുന്നു, എന്റെ മലയാളം ടീച്ചര്‍. ആന്റിയുടെ വീട്ടില്‍നിന്ന് കുറേ പുസ്തകങ്ങളും മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കോപ്പികളും സൈക്കിളിന്റെ പിന്നില്‍ വെച്ചുകെട്ടി, അഞ്ചു കിലോമീറ്ററോളം അകലെയുള്ള വീട്ടിലെത്തിച്ചു. പിന്നെ കുത്തിയിരുന്നുള്ള വായനയായിരുന്നു. പ്ലസ് ടുവിനു പഠിക്കുമ്പോള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍ കഥ പ്രസിദ്ധീകരിച്ചു. ഹയര്‍ സെക്കന്‍ഡറി കഴിഞ്ഞുള്ള അവധിക്കാലത്താണ് വെളിമാനത്തുള്ള നവജ്യോതി വായനശാലയില്‍ മെംബര്‍ഷിപ്പെടുത്തത്. എന്റെ കൂട്ടുകാരെല്ലാം മറ്റു സ്ഥലങ്ങളിലെ കോളേജുകളിലാണ് ചേര്‍ന്നത്. നാട്ടില്‍ ഞാന്‍ ഒറ്റപ്പെട്ടുപോയ അവസ്ഥയായി. സുഹൃത്തായിരുന്ന ലൈബ്രേറിയനോടു പറഞ്ഞ് പപ്പായാണ് മെംബര്‍ഷിപ്പ് ശരിയാക്കിയത്. കഥയും നോവലുമായി ഇഷ്ടംപോലെ വായിച്ചുകൂട്ടി.

ഡിഗ്രിക്കു പഠിക്കുന്ന കാലത്ത് വീടിനും കോളേജിനും ഇടയിലുള്ള സകല വായനശാലകളിലും എനിക്കു മെംബര്‍ഷിപ്പുണ്ടായിരുന്നു. എല്ലാ ദിവസവും വായിച്ച ടൈമാണത്. കനപ്പെട്ട വായനയാണ് എഴുതാനുള്ള എനര്‍ജിയൊക്കെ തന്നത്. കുറേ വായിച്ചതുകൊണ്ട് എഴുതുന്നതിനെപ്പറ്റി ഒട്ടും തൃപ്തിയുണ്ടായിരുന്നില്ല. ഡിഗ്രി ഫൈനല്‍ ഇയര്‍ ആയപ്പോള്‍ കുറച്ചെങ്കിലും ആത്മവിശ്വാസം കിട്ടി. പിന്നെ, കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള കഥാമത്സരങ്ങളില്‍ സമ്മാനങ്ങള്‍ കിട്ടിത്തുടങ്ങി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോല്‍സവത്തില്‍ അടുപ്പിച്ച് നാല് തവണ സമ്മാനം കിട്ടി. അങ്ങനങ്ങ് എഴുതുകയായിരുന്നു. എന്റെയുള്ളിലെ ആയിരക്കണക്കിന് അപകര്‍ഷതകളില്‍നിന്ന് രക്ഷപ്പെടുത്തിയതും കഥയെഴുത്താണ്.

അബിനെ കുറിച്ച് അല്‍പ്പം? കുടുംബം അങ്ങനെ?

ഫാദറിന്റെ പേര് തട്ടത്ത് ജോയി. അമ്മ മേരി. അനിയനുണ്ട്, ബിബിന്‍ ജോസഫ്. അവന്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കി. ഒരു ഷോര്‍ട്ട് ഫിലിം ചെയ്തു- ‘പു’. ഇപ്പോള്‍ ഡോക്യുമെന്ററി ചെയ്യുകയാണ്. സെക്‌സി ദുര്‍ഗയടക്കമുള്ള ചില സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു.

സ്വപ്നങ്ങള്‍?

രണ്ട് സ്വപ്നങ്ങളാണുള്ളത്, ഒന്ന്- എഴുത്തുകാരന്‍ മാത്രമായി ജീവിക്കുക. രണ്ട്- എഴുതിക്കൊണ്ടിരിക്കുമ്പോള്‍ മരിച്ചുപോവുക.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

അഭിമുഖം.കോം ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യാന്‍ സന്ദര്‍ശിക്കുക: ഫേസ് ബുക്ക്‌

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More