മുഖചിത്രം ഡിസൈനറുടെ വായനാബോദ്ധ്യം: ആടുജീവിതം കവര്‍ ഡിസൈനര്‍ രാജേഷ് ചാലോട് സംസാരിക്കുന്നു
ആടുജീവിതം എന്ന നോവല്‍ മലയാളിയുടെ വായനയെ വലിയതോതില്‍ സ്വാധീനിച്ച ഒരു പുസ്തകമാണ്. അതിലളിതമായ ഭാഷയില്‍, ജീവിതത്തിന്റെ അതികഠിനമായ യാഥാര്‍ത്ഥ്യങ്ങളെ എഴുത്തുകാരനായ ബന്യാമിന്‍ ഹൃദയസ്പൃക്കായി ആവിഷ്‌കരിച്ച ഈ കൃതിയുടെ ഇരുന്നൂറാം പതിപ്പ് ഫെബ്രുവരി ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. ആടുജീവിതത്തിന്റെ 200 എഡിഷനുകള്‍ക്കും രണ്ടുലക്ഷം പതിപ്പുകള്‍ക്കും കവര്‍ചിത്രമൊരുക്കിയത് രാജേഷ് ചാലോട് എന്ന ആര്‍ട്ടിസ്റ്റാണ്. മലയാളം പോലെ ചെറിയൊരു പുസ്തകവിപണിയില്‍ വലിയ കോളിളക്കം സൃഷ്ടിച്ച ഈ പുസ്തകത്തിനൊപ്പം പതിമൂന്ന് വര്‍ഷമായി സഞ്ചരിക്കുകയാണ് നാലായിരത്തിലധികം കവറുകള്‍ ചെയ്യുകയും നിരവധി പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത ഈ കണ്ണൂര്‍ സ്വദേശി. മെറിന്‍ സെലാഷുമായി നടത്തിയ സംഭാഷണം.
ആടുജീവിതം. 200 എഡിഷനുകള്‍. എല്ലാ എഡിഷനുകളിലും ഒരു കലാകാരനെന്ന നിലയിലെ സാന്നിദ്ധ്യം. ഇതൊരു അപൂര്‍വ്വതയാണോ?
അപൂര്‍വ്വതയാണോ എന്നറിയില്ല, പക്ഷേ ചെറുതല്ലാത്ത സന്തോഷവും അഭിമാനവുമുണ്ട്. ഒരുപാടുപേര്‍ ഹൃദയത്തോടു ചേര്‍ത്തുവച്ചിരിക്കുന്ന ഒരു കൃതിയുടെ ഭാഗമായി ഒരു ദശാബ്ദത്തിലധികം കാലം നില്‍ക്കാനാവുക ചെറിയ കാര്യമല്ലല്ലോ.
2008-ല്‍ ആദ്യമായി ആടുജീവിതത്തിന്റെ കവര്‍ ചെയ്യുമ്പോള്‍ തിരുവനന്തപുരത്ത് ഗോഡ്ഫ്രെ ദാസിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഞാന്‍. പിന്നീട് ഗ്രീന്‍ ബുക്സിലെ ജീവനക്കാരനായും ഫ്രീലാന്‍സറായും ജോലിചെയ്യുമ്പോഴും ആ കവര്‍ തുടര്‍ച്ചയായി ചെയ്യാന്‍ കഴിഞ്ഞുവെന്നത് വലിയ സന്തോഷം.
ആടുജീവിതത്തിന്റെ ആദ്യവായനക്കാരിലൊരാളിയിരിക്കുമല്ലോ. ആ കൃതി ഇത്ര വലിയ കോളിളക്കം സൃഷ്ടിക്കുമെന്നു തോന്നിയിരുന്നോ?
ഇതുവരെ ആറേഴു തവണയെങ്കിലും ഞാന്‍ ആടുജീവിതം വായിച്ചുകാണും. ആദ്യത്തെ വായനയിലെ അതേ ഇഷ്ടത്തോടെ. നമ്മെ പിടിച്ചുകുലുക്കുന്ന ഒരു അനുഭവമാണല്ലോ അത്. വൈകാരികമായി വളരെ സ്വാധീനിച്ച കൃതിയാണത്. ആടുജീവിതം നടന്നുകയറാനിരുന്ന ഉയരങ്ങള്‍ പക്ഷേ അന്നൊന്നും സങ്കല്പിക്കാനായില്ല. പുസ്തകങ്ങളുടെ കവര്‍ ചെയ്യുന്ന ആര്‍ട്ടിസ്റ്റുകള്‍ മെല്ലെയെങ്കിലും അംഗീകരിക്കപ്പെട്ടു തുടങ്ങിയിട്ടേയുള്ളൂ.
വേണ്ട രീതിയില്‍ ഈ മേഖല സ്വീകരിക്കപ്പെട്ടിട്ടില്ലെന്നു തോന്നിയിട്ടുണ്ടോ?
ചിലപ്പോഴെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ട്. ഒരു പുസ്തകം കൈയിലെടുക്കാന്‍ ഒരു വായനക്കാരനെ പ്രേരിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ആകര്‍ഷകമായ ഒരു കവര്‍. ഒരു മനുഷ്യന്റെ മുഖംപോലെ പ്രധാനമാണ് അത്. പലപ്പോഴും പുസ്തകത്തിനുള്ളില്‍പ്പോലും ക്രെഡിറ്റ് കിട്ടാത്ത ഒരു വിഭാഗമായി കവര്‍ ഡിസൈനര്‍മാര്‍ മാറുന്നത് സങ്കടപ്പെടുത്തിയിട്ടുണ്ട്.
കവര്‍ രൂപകല്പനയില്‍ രാജേഷിന്റെ രസതന്ത്രമെന്താണ്?
കൈയില്‍ കിട്ടുന്ന മാനുസ്‌ക്രിപ്റ്റ് കഴിയുന്നത്ര മുഴുവനായി വായിക്കാന്‍ ശ്രമിക്കാറുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ആദ്യം മനസ്സില്‍ ചില വിഷ്വലുകള്‍ ഉണ്ടാക്കും. ആ വിഷ്വലുകളില്‍ എത്രയെണ്ണം യാഥാര്‍ത്ഥ്യമാക്കാനാവുമെന്നു നോക്കും. അങ്ങനെ ചെയ്ത ഓപ്ഷനുകളില്‍ എത്രയെണ്ണം കൃതിയോട് നീതിപുലര്‍ത്തുന്നുണ്ടെന്നും വായനക്കാരുടെ ശ്രദ്ധയെ ആകര്‍ഷിക്കാനിടയുണ്ടെന്നും നോക്കും.
ആകര്‍ഷകത്വമുള്ള ഒരു കവര്‍ എന്നതിനപ്പുറം, എന്നിലെ വായനക്കാരന്‍ തീര്‍ച്ചയായും അതിലിടപെടുന്നുണ്ട്. ഡിസൈനറുടെ വായനാബോദ്ധ്യമാണ് ആ പുസ്തകത്തിന്റെ മുഖചിത്രത്തില്‍ പ്രതിഫലിക്കുന്നത്. ശ്രമകരമായ ജോലിയാണത്. മാനസികവും സര്‍ഗ്ഗാത്മകവുമായ അദ്ധ്വാനം ഒരുപോലെ വേണ്ടിവരുന്നത്.
ഈ മേഖലയിലെ മാറ്റങ്ങള്‍ ശ്രദ്ധിക്കുകയും പകര്‍ത്തുകയും ചെയ്യാറുണ്ടോ?
ശ്രദ്ധിക്കാറുണ്ട്, പകര്‍ത്തുന്നത് വളരെ കുറവാണെങ്കിലും. ഭൂരിഭാഗം കേസുകളിലും, പ്രസാധകരുടെയും എഴുത്തുകാരുടെയും താത്പര്യം തന്നെയാണ് കവര്‍ ചിത്രത്തില്‍ പ്രധാനമായി വരുന്നത്. അതിന്റെ സാദ്ധ്യതകളും പരിമിതികളും ഒരുപോലെയുണ്ട്. എങ്കിലും കഴിയുന്നത്ര, പുതിയ മാറ്റങ്ങളെ ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നു. ടൈപ്പോഗ്രാഫിയില്‍ ചില പരീക്ഷണങ്ങള്‍ ചെയ്യുന്നുണ്ട് ഇപ്പോള്‍.
പകുതി മറഞ്ഞ വാക്കുകള്‍, പാറ്റേണുകള്‍ തുടങ്ങി കവറുകളിലെ ടെക്സ്റ്റില്‍ വളരെ രസകരമായ പല പരീക്ഷണങ്ങളും പുതിയ വിദേശപുസ്തകങ്ങളില്‍ ശ്രദ്ധിക്കുന്നുണ്ട്. വളരെ സജീവമായ ഒരു മേഖലയാണിത്.
കവര്‍ ഡിസൈനിംഗ് ആണ് സ്വന്തം മേഖലയെന്ന് തിരിച്ചറിഞ്ഞത് എങ്ങനെയാണ്? ഡിസൈനിംഗ് പണ്ടേ ഇഷ്ടമായിരുന്നോ?
ഏയ് അല്ല. കണ്ണൂരിലെ ചാലോട് എന്ന ഗ്രാമപ്രദേശത്തായിരുന്നു വീട്. ഒരു സാധാരണ കര്‍ഷകകുടുംബം. വലപ്പോഴും എന്തെങ്കിലും വരയ്ക്കും എന്നല്ലാതെ അതൊന്നും ഗൗരവമായി എടുത്തിരുന്നില്ല. പഠനത്തില്‍ ശരാശരിക്കും താഴെയായിരുന്നു.
എസ് എസ് എല്‍ സി ആദ്യശ്രമത്തില്‍ ഭംഗിയായി തോറ്റു. കുറച്ചുകാലം വീടിനടുത്തുള്ള ഒരു കടയില്‍ സാധനങ്ങള്‍ പൊതിഞ്ഞുകെട്ടിക്കൊടുക്കുന്ന ജോലി ചെയ്തു. ജീവിതം ഇനി ഇതുതന്നെ, ഇങ്ങനെ തന്നെ എന്ന് ഏറെക്കുറേ നിശ്ചയിച്ചിരിക്കുമ്പോഴാണ് അമ്മയുടെ ജ്യേഷ്ഠത്തിയുടെ മകന്‍ ഡോ. പവിത്രന്‍ (ഇപ്പോള്‍ കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓങ്കോളജി വിഭാഗം മേധാവി) നാട്ടില്‍ നിന്നാല്‍ ശരിയാവില്ലെന്നു പറഞ്ഞ് എന്നെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നത്. ചേട്ടനും ഭാര്യ ഡോ. സീതാലക്ഷ്മിയും അന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ജോലി ചെയ്യുകയായിരുന്നു. പിന്നെ അവരുടെ കൂടെയായി താമസം.
അടുത്ത വര്‍ഷം തട്ടിമുട്ടിയെങ്കിലും എസ് എസ് എല്‍ സി പാസായി. അന്ന് കമ്പ്യൂട്ടര്‍ പഠനം ഏറെ തൊഴില്‍ സാദ്ധ്യതകളുള്ള മേഖലയായിരുന്നതിനാല്‍ തിരുവനന്തപുരത്തെ ശ്രമിക് വിദ്യാപീഠത്തില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനു ചേര്‍ന്നു.
കോഴ്സ് കഴിഞ്ഞ് കുറച്ചുകാലം തിരുവനന്തപുരത്തെ വിവിധ പ്രസ്സുകളില്‍ ഡി ടി പി ഓപ്പറേറ്ററായി ജോലി ചെയ്തു.ഞങ്ങള്‍ക്കു രാജന്‍ എന്ന ഒരു കുടുംബസുഹൃത്തുണ്ടായിരുന്നു. പ്രിന്റിംഗ് മെഷീനുകള്‍ സപ്ലൈ ചെയ്യുകയായിരുന്നു ആളുടെ ജോലി.
തിരുവനന്തപുരം ജില്ലയിലെ എല്ലാ പ്രസ്സുകളിലും രാജന്‍ ചേട്ടനോടൊപ്പം ഞാനും മെഷീനുകളുടെ ഓര്‍ഡറെടുക്കാന്‍ പോയിട്ടുണ്ട്. രണ്ടു ജോലിയാണ് ഈ യാത്രകളിലെനിക്കുള്ളത്. ഒന്ന് എന്റെ കൈനറ്റിക് ഹോണ്ടയില്‍ ആള്‍ക്ക് ലിഫ്റ്റ് കൊടുക്കുക.
രണ്ട്, പ്രിന്റിംഗ് മെഷീന്റെ ഔട്ട്പുട്ട് സാമ്പിള്‍ കൊടുക്കാനുള്ള പേജുകള്‍ തയ്യാറാക്കിക്കൊടുക്കുക. പ്രിന്റിംഗ് മെഷീന്‍ ഡെമോ ചെയ്യാന്‍ പോകുമ്പോള്‍ അവരെ ഇമ്പ്രസ് ചെയ്യാന്‍ ഭംഗിയുള്ള ഡിസൈനുകള്‍ തയ്യാറാക്കുന്നതായിരുന്നു ഡിസൈനിംഗിലെ എന്റെ ആദ്യത്തെ പരീക്ഷണം.
പക്ഷേ, എന്റെ ക്രിയേറ്റീവായ യാത്രയില്‍ ഒരു വഴിത്തിരിവായത് പ്രശസ്ത ഡിസൈനര്‍ ഗോഡ്ഫ്രെ ദാസിന്റെ സ്ഥാപനത്തില്‍ ഡിസൈനറായി ചേര്‍ന്നതാണ്. ഡിസൈനിംഗിന്റെയും വിഷ്വല്‍ ഈസ്തെറ്റിക്സിന്റെയും ബാലപാഠങ്ങളെല്ലാം പഠിച്ചതും, സ്വന്തം ക്രിയേറ്റിവിറ്റിയില്‍ ഒരു ആത്മവിശ്വാസം തന്നതും ഗോഡ്ഫ്രെ ദാസ് സാറും അദ്ദേഹത്തിന്റെ ടീമുമാണ്.
കേരളത്തിലെ നല്ലൊരു പങ്ക് കലാകാരന്മാരും അവരുടെ വര്‍ക്കുകള്‍ക്കായി അവിടെ വരുമായിരുന്നു. അവരോടുള്ള ഇടപെടല്‍ വളരെ വലിയൊരു ലോകമാണ് തുറന്നു തന്നത്. കാര്‍ട്ടൂ ണിസ്റ്റും ഫോട്ടോഗ്രാഫറുമായ പി.വി. കൃഷ്ണന്‍ മാഷ്, ചിത്രകാരനും കാലിഗ്രാഫി ആര്‍ട്ടിസ്റ്റുമായ ഗോപീദാസ് സാര്‍ എന്നിവര്‍ നല്കിായ സ്‌നേഹവും പിന്തുണയും മറക്കാനാവില്ല.
തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളെജില്‍ പഠിക്കാന്‍ കഴിയുക എന്നത് വലിയൊരു സ്വപ്നമായിരുന്നു. അത് നടന്നില്ലെങ്കിലും, വര്‍ക്കുകളുടെ ഭാഗമായി അവിടത്തെ ഒരുപാട് ആര്‍ട്ടിസ്റ്റുകളുമായി ഇടപെടാന്‍ കഴിഞ്ഞു. അതെല്ലാം കലയെ, ഡിസൈനിനെ കുറിച്ചുള്ള ധാരണകള്‍ മാറ്റാന്‍ സഹായിച്ചിട്ടുണ്ട്.
മാഗസിനും കവറുകളുമൊക്കെ രൂപകല്പന ചെയ്തു തുടങ്ങിയത് അവിടെനിന്നാണ്. പിന്നീട് ഗ്രീന്‍ ബുക്സിലെത്തി, പ്രൊജക്ടുകള്‍ കൂടിയപ്പോള്‍ ഫ്രീലാന്‍സറായി തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
ബ്രാന്‍ഡിംഗ്, ഡിസൈനിംഗ് കമ്പനി… ഇതൊന്നും സ്വപ്നങ്ങളിലില്ലേ?
ക്രിയേറ്റീവ് ആകുമ്പോള്‍ കൂടുതല്‍ കൂടുതല്‍ ഉള്ളിലേക്ക് ഒതുങ്ങിപ്പോകുന്ന ആളാണു ഞാന്‍. പിന്നെ ഓരോ എഴുത്തുകാരോടും പ്രസാധകരോടും പരമാവധി വ്യക്തിപരമായി ഇടപെടാനാണ് ആഗ്രഹം. ദിവസവും ഏതാണ്ട് പതിനെട്ടു മണിക്കൂറെങ്കിലും ജോലി ചെയ്യുന്നുണ്ട്, അതെന്റെ കംഫര്‍ട്ട് സോണിലാണ്. ആ സ്വകാര്യതയും ഒതുങ്ങിയ സ്പേസും വളരെ വിലപിടിച്ചതാണ്.
എന്താണ് പ്രസാധനത്തില്‍ കവറുകളുടെ ഭാവി?
ഊഹിക്കാനാവുന്നില്ല. ഇലക്ട്രോണിക് വായന സജീവമാകുമ്പോള്‍, ഓഡിയോ ബുക്കുകള്‍ വരുമ്പോള്‍, സ്റ്റാളുകളില്‍ വായനക്കാരെ ആകര്‍ഷിക്കുക എന്നത് ഒരു മുന്‍ഗണന അല്ലാതാകുമ്പോള്‍ കവര്‍ ഡിസൈനുകളും ഡിസൈനര്‍മാരും അപ്രസക്തരായേക്കാം. പക്ഷേ നമുക്കു മുന്നേ ഈ വിപ്ലവങ്ങളൊക്കെ സംഭവിച്ച പാശ്ചാത്യനാടുകളിലും മറ്റും പ്രിന്റഡ് പുസ്തകങ്ങള്‍ക്ക് ഇപ്പോഴും ആവശ്യക്കാരുണ്ടെന്നതാണ് ഒരു പ്രതീക്ഷ.
മലയാളത്തിലും ധാരാളം സ്വതന്ത്ര-ചെറുകിട പ്രസാധകരുണ്ട്. മലയാളികള്‍ ഇപ്പോഴും വായിക്കുന്നുണ്ട്, ധാരാളം പുസ്തകങ്ങളുണ്ടാകുന്നുണ്ട്. അച്ചടിച്ച പുസ്തകം കൈയിലെടുത്ത് വായിച്ചാസ്വദിക്കാന്‍ ഈ ലോകത്ത് മനുഷ്യരുള്ളിടത്തോളം ഞങ്ങളും നിലനില്‍ക്കുമായിരിക്കും.
Comments are closed.