ഇതൊരു കഥയല്ല; നായിക സീമ
കെ സജി മോന്‍
ഇതൊരു കഥയല്ല, കഥയെ വെല്ലുന്ന നായികയുടെ ജീവിതം. ഇതിലെ കഥാപാത്രങ്ങളൊന്നും സാങ്കല്‍പ്പികങ്ങളല്ല, എല്ലാം ഇവിടെ ജീവിച്ചിരുന്നവരും ജീവിക്കുന്നവരും. കഥയിലെ നായിക സീമ. ചങ്കുറപ്പുള്ള സ്ത്രീകഥാപാത്രങ്ങള്‍ സ്വന്തം പേരില്‍ സമ്പന്നമായ മലയാളത്തിലെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം നായിക. ഒട്ടേറെ കഥാപാത്രങ്ങള്‍ ജീവിതംകൊണ്ടും അനുഭവിച്ചുതീര്‍ത്ത സീമ എന്ന മലയാളത്തിന്റെ ഒരേയൊരു സീമ.
കുന്നിന്‍മുകളിലായിരുന്നു ആ വീട്. ശാന്തമായി ഒഴുകുന്ന ഒരു പുഴ അതിന്റെ അരികിലെവിടെയോ ഉണ്ടായിരിക്കണം. നിറയെ സമൃദ്ധമായ പച്ചപ്പുകള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുന്നു മലയ്ക്കുമുകളിലെ വീട്. ആ കുന്നിന്റെ അടിവാരത്ത് ഒരു കോണ്‍വെന്റാണ്.
നിര്‍ധനരായ കുട്ടികളെ താമസിപ്പിച്ചു പഠിപ്പിക്കുന്ന മഠം. അതിനോടുചേര്‍ന്നൊരു പ്രാര്‍ത്ഥനാലയം. അവിടെ ഇടയ്ക്കിടെ ഉയരുന്ന കുട്ടികളുടെ ശബ്ദം മഠത്തിന്റെ മൗനമായ പ്രാര്‍ത്ഥനയ്ക്ക് താളമിടുന്നു.
കുന്നിന്‍മുകളിലെ വീട്ടിലേക്ക് കുത്തനെയുള്ള കയറ്റം കയറുമ്പോള്‍ ഗെയിറ്റിനകത്ത് പരിചിതരല്ലെങ്കിലും, ”കേറിച്ചെന്നാട്ടെ, വരുന്നൂന്ന് അറിഞ്ഞു” എന്ന് ചിരിയോടെ പരിചയപ്പെടുന്നു ചിലര്‍.
ഇവിടെയല്ലേ എന്ന സന്ദേഹം ഇടയ്‌ക്കൊക്കെയും വന്നു നിറഞ്ഞിരുന്നു. എങ്കിലും മുന്നോട്ടുതന്നെ നടന്നു. താരങ്ങളുടെ പരിവാരങ്ങളുടെ നെട്ടോട്ടമില്ല, ഡയറക്ടറുടെ നിര്‍ദ്ദേശങ്ങളുടെ ഒച്ചകളില്ല, ആകെയുള്ളത് സിനിമാവണ്ടിയും ജനറേറ്ററിന്റെ നേര്‍ത്ത ശബ്ദവുംമാത്രം. ജനറേറ്ററിന്റെ ശബ്ദംകൊണ്ടാണ് സ്ഥലം മാറിയില്ലെന്ന് മനസ്സിലായത്. അകത്തേക്ക് ചെല്ലുംതോറും അപരിചിതരുടെ എണ്ണം വര്‍ദ്ധിച്ചു, ഒപ്പം പരിചിതഭാവത്തിലുള്ള ചിരിയും.
വീടിനകത്ത് ‘ഇവള്‍ യമുന’ എന്ന സീരിയലിന്റെ ഷൂട്ടിംഗ് നടക്കുകയാണ്. പുറത്ത് ലൈറ്റ് സ്റ്റാന്റുകള്‍ക്കിടയിലെ കസേരയില്‍ ഇരിക്കുമ്പോള്‍ അകത്ത് സംവിധായകന്‍ ഫൈസലിന്റെ നിര്‍ദ്ദേശം പതിയെ കേള്‍ക്കാം. മിനിട്ടുകള്‍ക്കുള്ളില്‍ ആ ടേക്ക് ഓകെയാക്കി സീമ പുറത്തേക്കുവന്നു. ചിരിച്ചുകൊണ്ട് പുറത്തേക്കെത്തി അടുത്ത കസേരയിലിരുന്ന്; ”എന്തേ നില്‍ക്കുന്നത്? ഇരിക്ക്.”
സീമാമാഡം എന്ന വിളിയില്‍ നിന്നും സീമച്ചേച്ചി എന്ന വിളിയിലേക്കുള്ള ചുവടുമാറ്റിയിരുത്തി.
”പറ, എന്താ വേണ്ടേ? എന്താ ഞാന്‍ ചെയ്യേണ്ടേ? വേഗം വേഗം ചോദിച്ചോളൂ.”
”നൊസ്റ്റാള്‍ജിയ, കഥാപാത്രങ്ങള്‍, ഓര്‍മ്മകള്‍, അനുഭവങ്ങള്‍, അങ്ങനെയെല്ലാമെല്ലാം”, ആവനാഴിയിലെ സകല അമ്പുകളും ഞാനൊരുമിച്ച് എയ്തു.
”ഹെന്റമ്മേ, പത്തുമുപ്പത്തിനാലു വര്‍ഷം പിന്നിലേക്ക് ഒറ്റയടിക്ക് പോകാനോ? ഡയറക്ടറേ കേട്ടില്ലേ, ഫ്‌ളാഷ്ബാക്കിലേക്ക് ഞാന്‍ പോകണംപോലും.”
”പതുക്കെ പോയാല്‍ മതി. ഞങ്ങള്‍ക്ക് ധൃതിയില്ല.”
”അമ്പടാ കൊള്ളാല്ലോ, എനിക്ക് ധൃതിയില്ലേ? എനിക്കാണെങ്കില്‍ വിശക്കുന്നു. നിങ്ങള് ഭക്ഷണം കഴിച്ചോ? ഇല്ലല്ലൊ, എങ്കില്‍, ലാലൂ, ഇവര്‍ക്ക് രണ്ടുപേര്‍ക്കുകൂടി ഭക്ഷണമുണ്ടാകുമല്ലോ അല്ലേ?”
സീമച്ചേച്ചിയുടെ ശബ്ദം അവിടെ മുഴങ്ങിയപ്പോള്‍, ”ഇപ്പോഴാ ഇതൊരു ലൊക്കേഷന്റെ പ്രതീതിയായത്.” എന്ന് ചിരിയോടെ പറയുമ്പോഴേക്കും സീമച്ചേച്ചി ഓര്‍മ്മകളിലേക്ക് പതിയെ കടന്നു,
”ഞാനിങ്ങനെത്തന്നെയായിരുന്നു പണ്ടും. ഞാന്‍ ലൊക്കേഷനിലെത്തിയാല്‍ ജയേട്ടന്‍ പറയുമായിരുന്നു, ഇനിയിവിടെ ഒച്ചേം ബഹളോക്കൊ ആയിരിക്കും എന്ന്. ശശിയേട്ടനാണെങ്കില്‍ സിനിമയാണ് ഭാര്യ എന്നു പറഞ്ഞുനടക്കുന്നയാളാണ്.
വെറുതെ ഇരിക്കുമ്പോള്‍പോലും അടുത്ത സീനിനെക്കുറിച്ചും, എടുത്ത സീനിനെക്കുറിച്ചുമൊക്കെയാവും ചിന്ത. എന്നാല്‍ ഞാന്‍ ഒരു നിമിഷംപോലും സെറ്റിനെ നിശബ്ദമാക്കില്ല. കളിച്ചുനടക്കേണ്ട പ്രായത്തില്‍ ഉത്തരവാദിത്തംകൂടുതലായതുകൊണ്ട് അതിനൊന്നും സാധിച്ചില്ല. അതുകൊണ്ട് ഉത്തരവാദിത്തമൊക്കെ ആയ കാലത്താ ഞാന്‍ കളിച്ചുനടക്കുന്നത്.
ലൊക്കേഷനില്‍ മിണ്ടാതിരിക്കാനൊന്നും എന്നെ കിട്ടില്ല. ആരുടെ മുഖത്തുനോക്കിയും കാര്യം പറയാനുള്ള ചങ്കുറപ്പൊക്കെ എനിക്ക് അന്നേയുണ്ടായിരുന്നു. അത് അമ്മ പഠിപ്പിച്ച പാഠമായിരുന്നു. രണ്ട് അടിവെച്ചുകൊടുക്കേണ്ടതാണെങ്കില്‍ അങ്ങനെ ചെയ്‌തോളാന്‍ അമ്മ എന്നെ പഠിപ്പിച്ചിട്ടുണ്ട്. ജീവിതത്തില്‍ അനുഭവിച്ചിരുന്ന പ്രയാസങ്ങളായിരുന്നു അമ്മയെ ശക്തിയുള്ളവളാക്കിയത്. ആ തന്റേടമൊക്കെ എനിക്കും കിട്ടിയിട്ടുണ്ട്. ഒരു സെറ്റിലെ അനുഭവം പറയാം.
കൃഷ്ണന്‍ നായര്‍ സാറിന്റെ മണിയറ എന്ന ചിത്രത്തിലേക്ക് എന്നെ അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ എനിക്കന്ന് ഡേറ്റില്ലായിരുന്നു. പ്രൊഡ്യൂസര്‍ ടി.ഇ. വാസുദേവന്‍ സാറാണ്. എത്ര കാശു വേണേലും തരാം, സീമ വരണം എന്ന് വാസുദേവന്‍സാര്‍ വന്നു പറഞ്ഞു. ഡേറ്റ് പ്രശ്‌നം പറഞ്ഞപ്പോള്‍ അഞ്ചുദിവസം മതിയെന്നായി. അത്ര ദിവസംകൊണ്ട് കൃഷ്ണന്‍നായര്‍ സാര്‍ ഷൂട്ട് ചെയ്ത് വിട്ടോളാമെന്ന് പറഞ്ഞു.
നേരത്തേ മറ്റൊരു പടത്തിന് ഡേറ്റ് കൊടുത്തതിനാല്‍ എങ്ങനെയെങ്കിലും ഒഴിവാക്കുകയായിരുന്നു എന്റെ ലക്ഷ്യം. അവരോട് കൂടുതല്‍ കാശ് ചോദിച്ചാല്‍ ഒഴിവാക്കുമെന്ന് കരുതി, കൂടുതല്‍ കാശ് ഞാന്‍ ഡിമാന്റ് ചെയ്തു. എന്നിട്ടും അവര്‍ പോകാന്‍ കൂട്ടാക്കിയില്ല.
അങ്ങനെ അഞ്ചു ദിവസത്തെ ഡേറ്റ് കൊടുത്തു. ഷൂട്ടിംഗ് കഴിഞ്ഞ് ഇറങ്ങാന്‍നേരം വാസുദേവന്‍സാര്‍ എന്റെ കൈയ്യിലേക്ക് ഞാന്‍ ആവശ്യപ്പെട്ട ഭീമമായ തുക തന്നെ കൊണ്ടുവന്നുതന്നു. അതില്‍നിന്നും അക്കാലത്ത് ഞാനെത്രയാണോ പ്രതിഫലം വാങ്ങിയിരുന്നത്, ആ പണം മാത്രം എടുത്ത് ബാക്കി സാറിനുതന്നെ തിരിച്ചുകൊടുത്തു. ഡേറ്റ് മാറ്റുന്നെങ്കില്‍ മാറ്റട്ടെ എന്നു കരുതി മാത്രമാണ് അത്രയും തുക ഞാനാവശ്യപ്പെട്ടതെന്ന് അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കി.
‘മണിയറ’ എന്ന ചിത്രം പുറത്തിറങ്ങുന്നതോടെ കൃഷ്ണന്‍നായര്‍ സാറുമായും വാസുദേവന്‍സാറുമായും ഗാഢബന്ധം ഉണ്ടാക്കിയെടുക്കാന്‍ എനിക്കായിരുന്നു. തൊട്ടടുത്ത പടം ‘മണിത്താലി’യായിരുന്നു. അതിലേക്കും എന്നെ വിളിച്ചു. ഞാന്‍ ചെന്നു. നസീര്‍സാറും മമ്മൂക്കയുമൊക്കെയാണ് അതില്‍ കൂടെ അഭിനയിക്കുന്നവര്‍. പെരുമ്പാവൂര് ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ പെട്ടെന്ന് കോതമംഗലത്തേക്ക് ലൊക്കേഷന്‍ ഷിഫ്റ്റ് ചെയ്യേണ്ടിവന്നു.
കോതമംഗലത്ത് ഞങ്ങളെത്തി ക്യാമറയും മറ്റും സെറ്റു ചെയ്ത് ഷൂട്ട് ആരംഭിക്കാന്‍ ഒരുങ്ങിയിട്ടും മേക്കപ്പ്മാന്‍ അടക്കമുള്ളവര്‍ പെരുമ്പാവൂരില്‍നിന്നും വരുന്നതേയുള്ളു. വെയിലു പോകുന്നു, വൈകിയാല്‍ ഷൂട്ടിംഗ് നടക്കില്ല എന്നൊക്കെയുള്ള ടെന്‍ഷന്‍ ഒരുവശത്ത്. ഒരു പാറപ്പുറത്തായിരുന്നു ഷൂട്ട് പ്ലാന്‍ ചെയ്തത്. മമ്മൂക്കയോട് ഞാന്‍ അവിടെ ഇരിക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ എന്റെ കൈയ്യിലുണ്ടായിരുന്ന മേക്കപ്പ് സാധനങ്ങളൊക്കെയെടുത്ത് മമ്മൂക്കയ്ക്ക് മേക്കപ്പിടാന്‍ തുടങ്ങി. ആ സമയത്താണ് പ്രൊഡ്യൂസര്‍ കൂടിയായ വാസുസാര്‍ അങ്ങോട്ട് വന്നത്.
സാറിന് ഇതേതും പിടിച്ച മട്ടില്ല. വന്നയുടനെ, ”എന്തായീ കാണിക്കുന്നത്…….” എന്നു തുടങ്ങി കുറേനേരം ശകാരം. എനിക്ക് അപ്പോഴേക്കും സങ്കടമൊക്കെ വന്നെങ്കിലും ഞാന്‍ പുറത്തുകാണിച്ചില്ല.
ഞാന്‍ മേക്കപ്പിട്ടുകൊണ്ടിരുന്നു. കുറേനേരം ശകാരിച്ച് സാര്‍ അങ്ങോട്ട് പോവുകയും ചെയ്തു. ഇതു കണ്ടു നിന്ന കൃഷ്ണന്‍നായര്‍സാറാകട്ടെ, എന്റെയടുത്തെത്തി എന്നെയൊന്ന് ഇളക്കാന്‍ ശ്രമിച്ചു, ”എങ്കിലും അങ്ങനെ പറയേണ്ട കാര്യമൊന്നും വാസുസാറിനുണ്ടായിരുന്നില്ല, സമയം വൈകുന്നതുകൊണ്ട് സീമ ചെയ്‌തെന്നല്ലേയുള്ളു, അതിനിത്രേം പറയേണ്ടായിരുന്നു. അതേതായാലും ശരിയായില്ല.”
ഇതുകൂടി കേട്ടപ്പോള്‍ ഞാന്‍ ശരിക്കും ഒന്നിളകി. മേക്കപ്പ് സ്‌പോഞ്ച് മമ്മൂക്കയുടെ കൈയ്യിലേക്ക് കൊടുത്ത്, വാസുസാറിനെ ലക്ഷ്യമാക്കി ഞാന്‍ നടന്നു. വാസുസാര്‍ ഒറ്റയ്ക്ക് നില്‍ക്കുകയാണ്. ഞങ്ങള്‍ക്കെല്ലാം ചുറ്റും സിനിമാഷൂട്ടിംഗ് കാണാനെത്തിയവര്‍ വട്ടമിട്ടു നില്‍ക്കുന്നുണ്ട്. ഞാന്‍ നേരെ ചെന്ന് സാറിനെ കെട്ടിപ്പിടിച്ച് ഒരുമ്മ വച്ചുകൊടുത്തു.
എല്ലാവരും സ്റ്റക്കായിപ്പോയി. പുതുതായി വാങ്ങിയ ബെന്‍സ് കാറില്‍ നടി പത്മിനി കയറി എന്നു പറഞ്ഞ് കാര്‍ കഴുകി വിറ്റു എന്നൊരു കഥ വാസുസാറിനെക്കുറിച്ച് സെറ്റുകളില്‍ കേട്ടിരുന്ന കാലമാണ്. പക്ഷേ, സാര്‍ ഒന്നും മിണ്ടിയില്ല. തരിച്ചൊരു നില്‍പുമാത്രം.”
സിനിമയിലെ കഥാപാത്രമായാലും ജീവിതത്തിലായാലും ധീരയായിരുന്നു സീമ. മറ്റുള്ളവര്‍ ഏതു ഗണത്തിലാണ് തന്നെ പെടുത്തുന്നത് എന്നല്ല, എന്താണോ താന്‍, അതുതന്നെയായിരുന്നു ജീവിതംകൊണ്ട് സീമ കാണിച്ചുതന്നത്. ആ ചങ്കൂറ്റമായിരുന്നു പലപ്പോഴും കഥാകൃത്തുക്കള്‍ കഥാപാത്രങ്ങളായി സീമയ്ക്കു നല്‍കിയത്. ആദ്യചിത്രമായ അവളുടെ രാവുകളിലെ രാജിയായി എത്തുമ്പോള്‍ അന്നേവരെ അത്തരമൊരു റോള്‍ ചെയ്യാന്‍ മറ്റൊരാള്‍ ധൈര്യപ്പെടില്ലായിരുന്നു.
ആ ധൈര്യവും തന്റേടവുംതന്നെയായിരുന്നു മലയാളത്തിലെ ഏറ്റവും ശക്തയായ സ്ത്രീകഥാപാത്രങ്ങളെ സീമയെ മുന്നില്‍ക്കണ്ടുകൊണ്ട് തിരക്കഥാകൃത്തുക്കള്‍ കഥയൊരുക്കിയത്.
കഥയുടെ പാതിയിലെത്തി സ്വന്തം കഥയാക്കി മാറ്റുന്ന ‘ആള്‍ക്കൂട്ടത്തില്‍ തനിയെ’യിലെ അമ്മുക്കുട്ടി, കല്യാണം കഴിക്കുന്നില്ല എന്ന് തീരുമാനിച്ച് ജീവിതം പോക്കുന്ന ‘ഇന്നല്ലെങ്കില്‍ നാളെ’ എന്ന ചിത്രത്തിലെ രാധ, ചങ്കുറപ്പുകൊണ്ടുമാത്രം ജീവിതം മുന്നോട്ടുനയിച്ചിരുന്ന ‘മഹായാന’ത്തിലെ രാജമ്മ, നായകനെ രക്ഷിക്കാന്‍ ബുള്ളറ്റില്‍ തീയിലേക്ക് ചാടുന്ന ‘അങ്ങാടി’യിലെ നായിക. എണ്ണിയാല്‍ ഇനിയും കൂടും.
”ആ കഥാപാത്രങ്ങളെല്ലാം അതെഴുതിയവരുടെ മിടുക്കാണ്. വാസുവേട്ടനെ ഞാന്‍ അഞ്ചാറുകൊല്ലം മുമ്പ് കാണാന്‍ പോയിരുന്നു. അന്ന് അദ്ദേഹം പറഞ്ഞ ഒരു വാക്കുണ്ട്, ”ഇപ്പോള്‍ അങ്ങനെയുള്ള കഥാപാത്രങ്ങളൊന്നുമില്ലല്ലെ, ഇപ്പോ നിങ്ങളൊന്നുമില്ലല്ലൊ. ഇപ്പോ അങ്ങനെയൊന്നും എഴുതാനും തോന്നുന്നില്ല”. അത് എനിക്ക് ദേശീയ അവാര്‍ഡ് കിട്ടുന്നതിനേക്കാളും വലിയ അംഗീകാരമാണ്. ആ കാല്‍ക്കലിലേക്ക് ഞാന്‍ വീണു നമസ്‌കരിച്ചു.”
സീമ ചെയ്തിരുന്ന കഥാപാത്രങ്ങള്‍ ഈ ഭൂമിയില്‍ എവിടെയൊക്കെയോ ജീവിച്ചിരുന്നിരുന്നു. നാട്ടുവഴിയില്‍ ഒറ്റയാള്‍ ശബ്ദമായോ, ആരും മനസ്സിലാക്കാതെ ഒരു കോണിലോ മറ്റോ ആയി.
”സിനിമ ചെയ്തു കഴിഞ്ഞ് ഞാന്‍ പലരും പറഞ്ഞ് പല കഥാപാത്രങ്ങളെ അറിഞ്ഞിട്ടുണ്ട്. ഒരു കഥാപാത്രം അതേ മട്ടില്‍ ഞാന്‍ കണ്ടിട്ടുണ്ട്. ‘വാര്‍ത്ത’ എന്ന ചിത്രത്തിലെ കളക്ടറുടെ വേഷം, അതുപോലൊരു കളക്ടറെ ഞാന്‍ പിന്നീടു കണ്ടു. തിരുവണ്ണാമലൈയിലാ ദീപം കാണാന്‍ പോയപ്പോഴാണ് അവിടെയുള്ള കളക്ടറെ അറിയുന്നത്.
‘ഇരുകോടുകളി’ലെ സൗക്കാര്‍ ജാനകിയമ്മയെ അനുസ്മരിപ്പിക്കുന്ന വനിതാകളക്ടര്‍. പാവങ്ങള്‍ക്ക് വീടൊരുക്കി നല്‍കുന്ന, അധികാരമുപയോഗിച്ച് കൊള്ളരുതായ്മ കാണിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുന്ന ഒരു കളക്ടര്‍. ഒരിക്കല്‍ മുഖ്യമന്ത്രി അവരോട് ചോദിച്ചു, ”ഐ.എ.എസ്സെല്ലേ, അല്ലാതെ, ….. അത്യാവശ്യം വിട്ടുവീഴ്ചയൊക്കെ ചെയ്തൂടെ?”
”ഐ.എ.എസ്സിനുള്ള ട്രെയിനിംഗിന്റെ സമയത്ത് അതിനുകൂടിയുള്ള ട്രെയിനിംഗ് തരാന്‍ പറയൂ” എന്നതായിരുന്നു അവരുടെ മറുപടി. ഇന്നും എന്റെ സുഹൃത്താണ് ആ കളക്ടര്‍. ”
സംസാരത്തിനിടയില്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച് ഞങ്ങള്‍ അല്‍പ്പം മാറി, വീടിന്റെ പുല്‍ത്തകിടിയോടു ചേര്‍ന്ന പടികളില്‍ ഇരിക്കുകയായിരുന്നു. നിശബ്ദമായി അപ്പോഴും അകത്ത് ഷൂട്ടിംഗ് നടക്കുന്നുണ്ടായിരുന്നു. കുന്നിന്റെ താഴ്‌വരയില്‍നിന്നും കുട്ടികളുടെ ഒച്ചയനക്കങ്ങള്‍ ഇല്ലാതായിരിക്കുന്നു.
ഇടയ്ക്ക് സീമച്ചേച്ചിയുടെ മൊബൈലിലേക്ക് ഫോണ്‍കോളുകള്‍ വന്നു. ആദ്യത്തേത് ശശിയേട്ടനായിരുന്നു. മരുന്നെടുത്ത് കഴിക്കാന്‍ ഓര്‍മ്മപ്പെടുത്തല്‍. മറ്റൊരു കോള്‍ വന്നപ്പോള്‍ സീമച്ചേച്ചി; ”നീ തന്നെ പോയി വാങ്ങണം കേട്ടോ, പറ്റില്ല. ഒരു കുത്തു തന്നാലുണ്ടല്ലോ, പറഞ്ഞാല്‍ മനസ്സിലാവില്ലേ? എന്റെ ചക്കരയല്ലേ, പോയി നല്ല കുട്ടിയായി വാങ്ങിയിട്ട് വാ, എന്നിട്ട് നീ തന്നെ അവിടെ വയ്ക്കണം. എന്നിട്ടെന്നെ വിളിക്കണം കെട്ടോ!”
ശാസനയും സ്‌നേഹവും നിറച്ച വാക്കുകള്‍ കേട്ടപ്പോള്‍ മകളായിരിക്കുമെന്ന് കരുതിയെങ്കിലും അത് ഒരു കൂട്ടുകാരിയാണെന്ന് തിരുത്തല്‍ വന്നു. സീമച്ചേച്ചി അങ്ങനെയാണ്, മനസു നിറയുന്ന വാത്സല്യം ഒളിപ്പിച്ചുവയ്ക്കാതെ നേരെ വിളമ്പിത്തരുന്ന അമ്മ. സുകുമാരിച്ചേച്ചി ഒരിക്കല്‍ പറഞ്ഞിരുന്നു, ”സീമ പിണങ്ങണമെങ്കില്‍ വലിയ പാടാ, പക്ഷേ പിണങ്ങിയാലോ പിന്നെ ഒന്നിണക്കാന്‍…. അതുനോക്കേണ്ട.”
സംസാരത്തിനിടയില്‍ സീമച്ചേച്ചിയുടെ കണ്ണുകള്‍ അങ്ങ് ദൂരേക്ക് നീണ്ടു. ഗെയിറ്റിനകത്തെ പുല്‍ത്തകിടിയോട് ചേര്‍ന്ന് കൊലുന്നനെയുള്ള ഒരു പെണ്‍കുട്ടി. പത്തോ പതിമൂന്നോ വയസ് പ്രായം. സ്‌നേഹം നിറഞ്ഞ ചിരിയോടെ അവളെ നോക്കുകയാണ്. ആ നോട്ടത്തില്‍ കണ്ണുകള്‍ ഇറുകിയടയുന്നു, ചിരി പടരുന്നു. മടിച്ചുമടിച്ച് നിന്ന അവളുടെ നടത്തം വേഗത്തിലായി. ഒരു കാറ്റുപോലെ വന്ന് അവള്‍ സീമച്ചേച്ചിയുടെ കൈകള്‍ ചേര്‍ത്തുപിടിക്കുകയായിരുന്നു. ഒന്നും പറയാതെ അവള്‍ ആ കൈകള്‍ കൂട്ടിപ്പിടിക്കുകയായിരുന്നു.
”എന്താ മോളുടെ പേര്?”
താഴ്‌വാരത്തിന്റെ താഴേക്ക് ഇടയ്ക്കിടെ കണ്ണേറിട്ട് നോക്കുന്നുണ്ടായിരുന്നു അവള്‍. അവള്‍ വാക്കുകള്‍ കിട്ടാതെ ഇടറി.
”സീമച്ചേച്ചീനെ എനിക്ക് വലിയ ഇഷ്ടാ…..” ഇടറി അവള്‍ പറഞ്ഞൊപ്പിച്ചു.
”ചേച്ചീന്നോ? അമ്മേന്ന് വിളിച്ചാ മതി.”
”ഏയ്, എന്റെ അമ്മയുടെ അത്രേയൊന്നും പ്രായമില്ലല്ലൊ ചേച്ചിക്ക്.” വീണ്ടും താഴ്‌വാരത്തിലേക്ക് അവള്‍ നോക്കിക്കൊണ്ടിരുന്നു.
”എന്നെ കാണാനല്ലെ വന്നത്, പിന്നെന്തിനാ നീ അങ്ങോട്ട് നോക്കിക്കൊണ്ടിരിക്കുന്നത്? എന്നെ നോക്ക്.” സീമച്ചേച്ചി അവളുടെ കവിള്‍ ചേര്‍ത്തുപിടിച്ചു.
”ഇന്നലെത്തൊട്ടേ ചേച്ചി ഇവിടെയുണ്ടെന്ന് അറിഞ്ഞു. അവിടെയാ ഞാന്‍ പഠിക്കുന്നത്. ആരും കാണാതെ അമ്മയെ ഒന്നു കണ്ട് പോകാന്‍ വന്നതാ.”
”സന്തോഷായോ? അത്രേം സന്തോഷായോ?”
”എനിക്ക് രണ്ട് ആഗ്രഹമാ ഉള്ളത്. ഒന്ന് അമ്മയെ തൊടണംന്ന്. പിന്നെ ഒന്നൂടെയുണ്ട്. ഒന്ന് കണ്ണടയ്‌ക്കോ?”
സീമച്ചേച്ചി രണ്ടു കണ്ണുകളും അടച്ചു. അവള്‍ ചേച്ചിയെ കെട്ടിപ്പിടിച്ച് കവിളില്‍ ഒരുമ്മ നല്‍കി. ചേച്ചി അവളെയും ചേര്‍ത്തുപിടിച്ചു. ”യ്യോ, സമയായി. ഞാന്‍ പോട്ടേ…” പറഞ്ഞുതീരുംമുന്നേ ചേച്ചിയുടെ കൈകള്‍ ചേര്‍ത്തുപിടിച്ച് ഉമ്മവെച്ച് അവള്‍ ഓടി. ”ഞാന്‍ ഇനിയും വരൂട്ടോ.” ഓട്ടത്തിനിടയില്‍ അവള്‍ പറഞ്ഞു.
”മോളേ പതുക്കെ പോ…”
അച്ഛന്‍ മരിച്ചപ്പോള്‍, രോഗിയായ അമ്മയ്ക്ക് ഉറപ്പില്ലാത്ത കൂരയില്‍ മകളെ വളര്‍ത്താന്‍ ധൈര്യമില്ലാതായപ്പോള്‍ പഠനത്തിനായി ഇവിടെ കൊണ്ടുവിട്ടതാണ്. ഇതുപോലെ വേറെയുമുണ്ട് അവിടെ കുട്ടികള്‍. അവള്‍ ആ കുന്നിന്‍ചരുവിലൂടെ താഴേക്ക് ഒഴുകുകയായിരുന്നു. സ്‌നേഹത്തിന്റെ ഒരു പുഴ അവള്‍ക്കൊപ്പം ഈ മുറ്റത്തുനിന്നും താഴേക്ക് ഒഴുകുന്നുണ്ട്.
കണ്ണെത്തുംദൂരത്തുനിന്നും അവള്‍ മറഞ്ഞു. സീമച്ചേച്ചിയുടെ കണ്ണുകള്‍ ഈറനണിഞ്ഞോ?
ഓര്‍മ്മകള്‍ ഇപ്പോള്‍ ആ മുഖത്ത് മിന്നിമായുന്നതായിരിക്കാം. തന്റെ ഏഴാം വയസില്‍ അച്ഛനും അമ്മയും വേര്‍പിരിഞ്ഞതോടെ ഒറ്റപ്പെട്ടുപോയ അമ്മ. കൂടെ കളിതമാശപ്രായത്തില്‍ ജീവിതത്തിന്റെ ഗൗരവത്തിലേക്ക് മാറ്റപ്പെട്ട ശാന്തി എന്ന മകള്‍. പട്ടിണിയില്ലാത്ത ദിവസം കൊതിച്ച ഏഴു വയസ്സുകാരി. മദിരാശിയിലേക്കുള്ള തീവണ്ടിയാത്രയില്‍ പാളത്തിനരികിലെ കൊച്ചുകൂരകള്‍ കാണുമ്പോള്‍, ഇതുപോലൊരു കൊച്ചുവീട് അമ്മയ്ക്ക് ഒരുക്കിക്കൊടുക്കണമെന്ന് മോഹിച്ച പതിനൊന്നുകാരി.
അത്രത്തോളമേ ആഗ്രഹിക്കാന്‍പോലും അറിഞ്ഞിരുന്നുള്ളു. പക്ഷേ തളരരുത് എന്ന് അമ്മ ജീവിതംകൊണ്ട് കാണിച്ചുകൊടുത്തു. സ്‌കൂള്‍ ഫൈനലോടെ പഠനം അവസാനിപ്പിച്ച് നൃത്തം അഭ്യസിച്ചു. വലിയ നേട്ടങ്ങളിലേക്കല്ല, ചെറിയ ജീവിതത്തിലേക്കായിരുന്നു ശാന്തിയുടെ നോട്ടം. സിനിമയില്‍ നൃത്ത സംവിധാനത്തേക്കെത്തിയപ്പോള്‍ ശാന്തി സീമയായി മാറുന്നു.
ശക്തമായ കഥാപാത്രങ്ങളിലൂടെ സിനിമയില്‍ സാന്നിധ്യമറിയിക്കുമ്പോഴും സ്വയം തളരില്ലെന്ന് ഉറപ്പിക്കുകയായിരുന്നു. ഐ.വി. ശശി എന്ന സംവിധായകന്റെ ഭാര്യയായിത്തീരുമ്പോഴും ബാല്യത്തില്‍ ആര്‍ജ്ജിച്ച മന:ശക്തി ഒട്ടും ചോര്‍ന്നില്ല.
പിന്നീടൊരിക്കല്‍ ഭര്‍ത്താവ് ആശുപത്രി കിടക്കയില്‍ കിടക്കുമ്പോള്‍, ”ഇങ്ങനെയൊരു ശശിയേട്ടനെ എനിക്ക് കാണേണ്ട, എണീക്ക്, വലിയ ഹിറ്റ്‌മേക്കറല്ലേ, ഒരിക്കല്‍ക്കൂടി ജയിച്ചുകാണിക്ക്, അതിനിടയില്‍ മരിച്ചെന്നു കേട്ടാലും ഞാന്‍ കരയില്ല” എന്നു പറയുന്ന സീമയുടെ ആര്‍ജ്ജവം. എല്ലാം ആ മുഖത്തുനിന്നും ആ നിമിഷം വായിച്ചെടുക്കാമായിരുന്നു.
വീണ്ടുമൊരിക്കല്‍ക്കൂടി താഴ്‌വരയില്‍ നിന്നും ആ കുട്ടി നോട്ടുബുക്കുമായി പടികള്‍ കയറി ആ വീട്ടുമുറ്റത്തേക്ക് വന്നപ്പോള്‍ ഈ കഥ പറഞ്ഞ്, ‘തളരരുത്’ എന്നൊരു വാക്ക് ചേര്‍ത്തെഴുതണമെന്നു തോന്നി. എന്നാല്‍ സീമച്ചേച്ചി ആ നോട്ട്ബുക്ക് വാങ്ങി ഇങ്ങനെയെഴുതി:
”ഞാനുണ്ട് കൂടെ,
സ്‌നേഹത്തോടെ,
സ്വന്തം സീമച്ചേച്ചി.”
Comments are closed.