സ്വപ്‌നം നേടാന്‍ അമൃത താണ്ടിയ കനല്‍വഴികള്‍
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ക്യാന്‍സര്‍ രോഗിയായ അമ്മയോടൊപ്പം പോയ ഒരു കൊച്ചുപെണ്‍കുട്ടി. അന്ന് മുതല്‍ ആശുപത്രി അവള്‍ക്ക് രണ്ടാംവീട് പോലെയാണ്. വളര്‍ന്നു വരുമ്പോള്‍ അവള്‍ ഒരു നഴ്‌സ് ആകണമെന്ന് പിതാവ് ആഗ്രഹിച്ചു. ഒരുപടി കൂടി കടന്ന് ആ പെണ്‍കുട്ടി വളര്‍ന്ന് വലുതായി ഡോക്ടറാകുന്നതാണ് സിനിമകളില്‍ നാം കാണാറുള്ളത്. ഈ പെണ്‍കുട്ടിയും ഡോക്ടറായി. എന്നാല്‍, രോഗികളെ ചികിത്സിക്കുന്നതിലല്ല. സമൂഹത്തെ അടിമുടി പരിഷ്‌കരിക്കാന്‍ നിയമത്തില്‍ ഡോക്ടറേറ്റ് ബിരുദം നേടുകയാണ് ചെയ്തത്. എന്നാല്‍ യഥാര്‍ത്ഥ കഥയില്‍ ഒരു ട്വിസ്റ്റുണ്ട്. അവള്‍ ഗവേഷണം പൂര്‍ത്തിയാക്കിയത് ഏറിയപങ്കും രോഗക്കിടക്കയില്‍ കിടന്നുകൊണ്ടാണ്!. കഥയിലെ നായിക, അമൃത റഹീം. എം.പി എ.എ റഹീമിന്റെ ജീവിത പങ്കാളി. കഴിഞ്ഞ ദിവസങ്ങളിലാണ് നാലുവര്‍ഷം കൊണ്ട് അമൃത കേന്ദ്രസര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ഡോക്ടറേറ്റ് നേടിയതിന് പിന്നിലെ ബുദ്ധിമുട്ടുകള്‍ പ്രിയപ്പെട്ടവരില്‍ ചിലര്‍ സോഷ്യല്‍മീഡിയയില്‍ കുറിപ്പുകളായി പങ്കുവച്ചത്. പലവിധ കാരണങ്ങള്‍ കൊണ്ട് ഗവേഷണം നീണ്ടുപോയവര്‍ക്കും പാതിവഴിയില്‍ തോറ്റുപിന്മാറിയവരും അറിഞ്ഞിരിക്കണം തന്റെ സ്വപ്നം സ്വന്തമാക്കാന്‍ അമൃത താണ്ടിയ കനല്‍വഴികള്‍.
അച്ഛന്‍ നഴ്‌സാക്കാന്‍ കൊതിച്ച പെണ്‍കുട്ടി നിയമത്തിന്റെ വഴിയിലെത്തിയത് എങ്ങനെയാണ്?
ഡോക്ടര്‍ക്ക് രോഗം കണ്ടെത്തി ചികിത്സ വിധിക്കാനേ കഴിയൂ. രോഗികളെ നോക്കുന്നത് നഴ്‌സുമാരാണ്. അതുകൊണ്ട് ഞാനും ഒരു നഴ്‌സാകണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. ഞാനാകട്ടെ ചോര കണ്ടാല്‍ ബോധം പോകുന്നയാളും. മെഡിസിന്‍ എന്‍ട്രന്‍സ് ഒക്കെ എഴുതിയെങ്കിലും ഡോക്ടറോ നഴ്‌സോ ആകാന്‍ എനിക്ക് പറ്റില്ലെന്ന് എനിക്ക് അറിയാമായിരുന്നു. നഴ്‌സല്ല എങ്കില്‍ എം.എ മലയാളം പഠിക്കണമെന്നായിരുന്നു അച്ഛന്. സാഹിത്യം എനിക്കും ഇഷ്ടമായിരുന്നു. പക്ഷേ, എങ്ങനെയൊക്കെയോ ഏതൊക്കെയോ എന്‍ട്രന്‍സ് എഴുതുന്ന കൂട്ടത്തില്‍ നിയമപഠനത്തിനും എഴുതി. അഡ്മിഷന്‍ കിട്ടി. അങ്ങനെയാണ് തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിയമത്തിന് ചേരുന്നത്.
പക്ഷേ, ദൂരദര്‍ശനിലും ആകാശവാണിയിലുമൊക്കെ തിളങ്ങുന്ന അവതാരകയുമാണല്ലോ?
എല്‍.എല്‍.ബി കോഴ്‌സിനൊപ്പമാണ് തിരുവനന്തപുരം പ്രസ്‌ക്ലബില്‍ ജേര്‍ണലിസം കോഴ്‌സിന് ചേരുന്നത്. 2012 മാര്‍ച്ചിലാണ് ഞാന്‍ നിയമത്തില്‍ ബിരുദം നേടുന്നത്. അതേവര്‍ഷം ജൂണില്‍ ഞാന്‍ ജേര്‍ണലിസവും പാസായി. 2012ല്‍ ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള വഴിതടയല്‍ സമരത്തില്‍പ്പെട്ടാണ് രണ്ട് കാലും ഒടിയുന്നത്. എല്‍.എല്‍.ബി വൈവ പരീക്ഷ ഞാന്‍ സ്ട്രച്ചറില്‍ കിടന്നാണ് പോയി അറ്റന്‍ഡ് ചെയ്തത്. ജേര്‍ണലിസം പഠിക്കുന്ന കാലം മുതല്‍ ഞാന്‍ ചെയ്യുന്ന ജോലിയാണ് ദൂരദര്‍ശനിലും ആകാശവാണിയിലും.
മാതൃഭൂമി ന്യൂസിന്റെ ആദ്ബാച്ചില്‍ ക്യാമ്പസ് ഇന്റര്‍വ്യൂവില്‍ ആദ്യം ജോലി കിട്ടിയ ആളായിരുന്നു ഞാന്‍. പക്ഷേ, അതിന് ചേര്‍ന്നില്ല. എന്റെ അദ്ധ്യാപകന്‍ ബൈജു ചന്ദ്രന്‍ സാറും സഖാവും (റഹീം) പി.കെ രാജശേഖരന്‍ സാറും രാധാകൃഷ്ണന്‍ സാറുമാണ് ജേര്‍ണലിസത്തിന് പകരം നിയമത്തില്‍ പി.ജി ചെയ്യണമെന്ന് വഴി കാട്ടിയത്. അദ്ധ്യാപനമാണ് എന്റെ മേഖല. എങ്കിലും ജേര്‍ണലിസം എനിക്ക് പ്രിയപ്പെട്ടതാണ്. അതുകൊണ്ടാണ് ഇന്നും ഞാനവ തുടരുന്നത്. ഒരു വരുമാനവുമില്ലാതിരുന്ന കാലത്ത് ചെറുതെങ്കിലും എനിക്ക് സാമ്പത്തികമായി പിന്തുണ തന്നത് ഈ ജോലികളാണ്. പിന്നെ, അദ്ധ്യാപനത്തില്‍ കുട്ടികളോട് മാത്രമല്ലേ സംവദിക്കാന്‍ പറ്റൂ.
ഇത് പൊതുജനങ്ങളോട് സംവദിക്കാന്‍ അവസരം തരുന്ന ജോലിയല്ലേ. വിക്ടേഴ്‌സ് എന്ന ചാനലില്‍ കോണ്‍സ്റ്റിറ്റിയൂഷനെ പൊതുജനം അടുത്തറിയണമെന്ന ലക്ഷ്യത്തോടെ വീ ദ പീപ്പിള്‍ എന്ന പ്രോഗ്രാം ഞാന്‍ തന്നെ ഗവേഷണം ചെയ്ത് അവതരിപ്പിക്കുന്നുണ്ട്. ഇന്റര്‍നാഷണല്‍ പുരസ്‌കാരമെല്ലാം കിട്ടിയിട്ടുണ്ട് ആ പരിപാടിക്ക്. എങ്കിലും മുഴുവന്‍ സമയ ജേര്‍ണലിസ്റ്റ് ആകാന്‍ എനിക്ക് താത്പര്യമുണ്ടായിരുന്നില്ല.
അതുകൊണ്ടാണോ നിയമത്തില്‍ ഗവേഷണത്തിന് ഇറങ്ങിത്തിരിച്ചത്?
ആറുവര്‍ഷം എല്‍.എല്‍.ബിയും എല്‍.എല്‍.എമ്മും പഠിപ്പിച്ചപ്പോഴാണ് റിസര്‍ച്ച് സ്‌കില്‍ വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകത എനിക്ക് മനസിലാകുന്നത്. ഞാന്‍ പഠിച്ച കാര്യങ്ങള്‍ വെറുതെ അടുത്ത തലമുറയ്ക്ക് പകര്‍ന്നു നല്‍കിയാല്‍ മാത്രം പോരല്ലോ എന്നും ഇതില്‍ കൂടുതല്‍ ഗവേഷണ സാദ്ധ്യത ഉണ്ടെന്നും മനസ്സിലായത്. പുതിയ നയങ്ങളിലൂടെയും നിയമങ്ങളിലൂടെയും വികസനവും സാമൂഹിക പുരോഗതിയും ഉണ്ടാകേണ്ടതുണ്ട്. അതിന് സോഷ്യോ ലീഗല്‍ റിസര്‍ച്ചിന്റെ സ്‌പെക്ട്രം വികസിപ്പിക്കേണ്ടതുണ്ടെന്നും അതിന്റെ സ്‌കില്‍ കൂടുതല്‍ ഡെവലപ് ചെയ്യാനും ആ ആഗ്രഹത്തിന്റെ പുറത്താണ് പിഎച്ച്ഡി ക്ക് ചേരാന്‍ തീരുമാനിച്ചത്.
ഓരോ സബ്ജക്ടിനും ആവശ്യമായ റിസര്‍ച്ച് സ്‌ക്രിപ്റ്റും റിസര്‍ച്ച് മെത്തഡോളജിയും എന്താണെന്ന് അധികമാരും പഠിക്കുന്നില്ല. ഞാന്‍ പി.ജി ചെയ്ത സമയത്തും റിസര്‍ച്ച് പേപ്പറിനെ ഈ രീതിയില്‍ അപ്രോച്ച് ചെയ്തിരുന്നില്ല. പിഎച്ച്ഡി ക്ക് പെട്ടെന്ന് ഒരു ആവേശത്തിന് എല്ലാവരും എടുത്തു ചാടും. പി.ജി കഴിഞ്ഞ് ഒന്നും ചെയ്യാതിരിക്കുമ്പോള്‍ എന്നാല്‍ പി.എച്ച്.ഡി ചെയ്‌തേക്കാം എന്ന് ചിന്തിച്ച് പോകുന്നവരും ഉണ്ടാകാം. ഒരു ശതമാനം ആളുകളേ ശരിക്കും ഗവേഷണം ചെയ്യാനായി ഇറങ്ങി തിരിക്കാറുള്ളൂ. എന്നെ സംബന്ധിച്ച് എന്റെ സ്‌കില്‍ ഡെവലപ് ചെയ്യണമെന്ന് തോന്നിയപ്പോഴാണ് പി.എച്ച്.ഡി ചെയ്യാനായി ഇറങ്ങിയത്. പിന്നെ, അച്ഛന്റെ വലിയ ആഗ്രഹം കൂടിയായിരുന്നു. കഴിയുന്നത്ര നീ പഠിക്കണം എന്ന് അച്ഛനെപ്പോഴും പറഞ്ഞിരുന്നു.
ഗവേഷണത്തിന് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി തിരഞ്ഞെടുക്കാന്‍ കാരണം?
സെന്‍ട്രല്‍ യൂണിവേഴ്സ്റ്റി എന്നതിലുപരി കണ്‍വെന്‍ഷണല്‍ തിയററ്റിക്കല്‍ കണ്‍സെപ്റ്റ് വിട്ട് വരുന്ന നല്ലൊരു ഗൈഡ് വേണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. ഓള്‍ ഇന്ത്യ എന്‍ട്രന്‍സ് പാസായി കഴിഞ്ഞപ്പോള്‍ നോര്‍ത്തേണ്‍ സ്റ്റേറ്റ് കിട്ടുമെന്നായിരുന്നു എന്റെ പ്രതീക്ഷ. അപ്പോള്‍ അങ്ങോട്ടേക്ക് ഷിഫ്റ്റ് ചെയ്യേണ്ടി വരുമായിരിക്കും എന്നൊക്കെ ചിന്തിച്ചു. പക്ഷേ, അവസാന അലോട്ട്‌മെന്റില്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഒഫ് കേരള തന്നെ കിട്ടി.
കൂടാതെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നിയമാദ്ധ്യാപകന്‍, ഗവേഷകന്‍, ഗൈഡ്, പ്രൊഫ.ഡോ. കെ.സി സണ്ണിയെ (നുവാല്‍സിന്റെ മുന്‍ വി.സി, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി നിയമവിഭാഗം മുന്‍ മേധാവി) എന്റെ ഗൈഡായി കിട്ടി. വളരെ കൃത്യമായ റിസര്‍ച്ച് പ്ലാനുള്ള, അതിനനുസരിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ ഗവേഷകരെ ശീലിപ്പിക്കുന്ന ഒരു ഗൈഡാണ് അദ്ദേഹം. ആദ്യത്തെ ക്ലാസില്‍ പോയപ്പോള്‍ തന്നെ അദ്ദേഹം പറഞ്ഞത് സിസ്റ്റമാറ്റിക്ക് ആയി കാര്യങ്ങളെ അപ്രോച്ച് ചെയ്യാന്‍ പറ്റുമെങ്കില്‍ മാത്രം എന്റെ കൂടെ വന്നാല്‍ മതിയെന്നാണ്. അതായത് കുടുംബം, കുട്ടികളൊന്നും ഇതിന് ഒരു ഒഴിവ്കഴിവായിക്കൂട എന്ന്. ഇതിന് കുറച്ച് സമയം വേണ്ട കാര്യമാണ്. കൊവിഡ് കാലത്താണ് ഇതൊക്കെ നടക്കുന്നത്.
എത്രകാലം കൊണ്ട് ഗവേഷണം തീര്‍ക്കാനാണ് പ്ലാന്‍ എന്ന് അദ്ദേഹം ചോദിച്ചു. യു.ജി.സി നിഷ്‌കര്‍ഷിക്കുന്ന ഏറ്റവും മിനിമം കാലാവധിയില്‍ (മൂന്നര വര്‍ഷം) ഗവേഷണം പൂര്‍ത്തിയാക്കണമെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ ഗൈഡ് അല്ലെങ്കില്‍ പോലും ഡിപ്പാര്‍ട്ട്‌മെന്റിലെ ബാക്കി എല്ലാ അദ്ധ്യാപകരും ഇതേകാര്യം ഞങ്ങളെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കും.
ഈ മൂന്നരവര്‍ഷം സംഭവബഹുലമായിരുന്നു അല്ലേ?
ഗവേഷണം തുടങ്ങുന്ന സമയത്ത് ചെറിയ തുകയാണ് സ്‌റ്റൈപന്റ് കിട്ടുന്നത്. മുഴുവന്‍ സമയം ജോലി ഉപേക്ഷിച്ചാണ് ഗവേഷണത്തിന് ഇറങ്ങിയത്. സാമ്പത്തികപ്രതിസന്ധി രൂക്ഷമായിരുന്നു. രണ്ടുപേരും ജോലി ചെയ്യുന്നില്ല. സഖാവ്( റഹീം) എം.പി ആയിട്ടില്ല. ആദ്യത്തെ തടസം സാമ്പത്തികമായിരുന്നു. അപ്പോഴും പിന്തുണ സഖാവും അച്ഛനുമായിരുന്നു. അപ്പോള്‍ മൂന്നരവര്‍ഷം കൊണ്ട് ഈ ഗവേഷണം പൂര്‍ത്തിയാക്കുക എന്നത് എന്റെ ആവശ്യം കൂടിയായി.
എല്ലാ ദിവസവും തിരുവനന്തപുരത്ത് നിന്ന് തിരുവല്ല വരെ പോയി വരികയായിരുന്നു. ഇളയമോന് ഒന്നരവയസായിരുന്നു. അച്ഛനും വയ്യാതെ കിടക്കുകയായിരുന്നു. ജഗതിയിലെ ഞാന്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലെ അയല്‍വാസികളാണ് ആ കാലത്ത് എനിക്ക് ഏറ്റവും കൂടുതല്‍ പിന്തുണ തന്നത്. പക്ഷേ, ഇതൊന്നുമായിരുന്നില്ല ഞാന്‍ നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളി. എന്നെ ബാധിച്ച ബാക്ടീരിയല്‍ മെനിഞ്‌ജൈറ്റിസ് എന്റെ പദ്ധതികള്‍ മാത്രമല്ല, ജീവിതമാകെ അടിമുടി മാറ്റുകയായിരുന്നു
രോഗാവസ്ഥയിലേക്കും പിന്നീട് ഉയര്‍ത്തെഴുന്നേറ്റതും എങ്ങനെയാണ്?
2012ല്‍ ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള വഴിതടയല്‍ സമരത്തില്‍പ്പെട്ട് രണ്ട് കാലും ഒടിഞ്ഞിരുന്നു. എല്‍.എല്‍.ബി വൈവ പരീക്ഷ ഞാന്‍ സ്ട്രച്ചറില്‍ കിടന്നാണ് പോയി അറ്റന്‍ഡ് ചെയ്തത്. ജീവിതകാലത്തെ ആശുപത്രിവാസം പുത്തരിയല്ല. 2017ല്‍ ഒരു വൈറല്‍ മെനിഞ്‌ജൈറ്റിസ് വന്ന് ജീവിതത്തിലേക്ക് തിരികെ വന്ന ആളാണ് ഞാന്‍. അതുകഴിഞ്ഞാണ് 2022 സെപ്തംബറില്‍ ബാക്ടീരിയല്‍ മെനിഞ്‌ജൈറ്റിസ് ബാധിക്കുന്നത്. ഒരു രാത്രി ഉറങ്ങാന്‍ കിടന്ന ഞാന്‍ തലവേദന കൊണ്ട് പുളഞ്ഞാണ് ആശുപത്രിയില്‍ എത്തുന്നത്.
ആശുപത്രിയില്‍ എത്തുംമുമ്പ് തന്നെ ബോധം മറഞ്ഞിരുന്നു. ജീവിതത്തിലെ കുറേദിനങ്ങള്‍ എന്താണ് സംഭവിച്ചത് എന്നൊന്നും എനിക്ക് ഓര്‍മ്മയില്ല.എന്റെ ജീവിതത്തിലെ കണക്കുപുസ്തകമെടുത്താല്‍ അത്രയും ദിവസങ്ങള്‍ ഇല്ലെന്ന് തന്നെ പറയാം. രോഗം ഗുരുതരമായിരുന്നു. തിരികെ കിട്ടുമെന്ന് ആര്‍ക്കും പ്രതീക്ഷയില്ലായിരുന്നു. ബോധം തെളിഞ്ഞപ്പോള്‍ എന്റെ കൂടെ ഉള്ളവരെ ആരെയും എനിക്ക് ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല. എല്ലാവരെയും അറിയാം. പക്ഷേ, പേരുകള്‍, ആളുകള്‍, ബന്ധം ഇതൊക്കെ ഓര്‍ത്തെടുക്കാന്‍ ഞാന്‍ വളരെ ബുദ്ധിമുട്ടി. എന്തായിരുന്നു ചെയ്തത്, എന്തായിരുന്നു ഞാന്‍ എന്നൊന്നും അറിയില്ല. ശരിക്കും ഞാന്‍ കരഞ്ഞത് അപ്പോഴാണ്.
ശരീരത്തിന് ബാധിച്ച വേദനയേക്കാള്‍ മുറിഞ്ഞ ഓര്‍മ്മകളാണ് എന്നെ നോവിച്ചത്. പതുക്കെ ഓര്‍മ്മകളെ തിരികെ പിടിച്ചു. 2022 ഒക്ടോബര്‍ മുതല്‍ ഞാനൊരു കുഞ്ഞിനെ പോലെ ജീവിതത്തിലേക്ക് തിരികെ വരികയായിരുന്നു. ആ സമയത്ത് ആദ്യം പറഞ്ഞത് സണ്ണി സാറിനോട് പറയണം ഞാന്‍ റിസര്‍ച്ച് കംപ്ലീറ്റ് ചെയ്യും എന്നാണ്. സാറിന് കൊടുത്ത വാക്ക് അത്രത്തോളം എന്റെ മനസ്സിലുണ്ടായിരുന്നിരിക്കണം. ഇതൊക്കെയും എന്നോടൊപ്പം ഉണ്ടായിരുന്നവര്‍ പിന്നീടെ പറഞ്ഞുതന്നതാണ്. വായിക്കാന്‍, എഴുതാന്‍, ഒക്കെ പഠിച്ചെടുക്കുകയായിരുന്നു. കൂടെ പഠിച്ചവര്‍, സീനിയേഴ്‌സ് ഒക്കെ ഒരുപാട് സഹായിച്ചു. ഞാന്‍ പറഞ്ഞതും ചെയ്തതുമായ കാര്യങ്ങളൊക്കെ സഖാവ് ഒന്നൊന്നായി പറഞ്ഞു തന്നുകൊണ്ടിരുന്നു. രോഗാവസ്ഥ കൊണ്ട് കുഞ്ഞുങ്ങളെ കാണാന്‍ പാടില്ലായിരുന്നു.
ഉറക്കമില്ലായ്മ ആയിരുന്നു ഒരു പ്രശ്‌നം. പിന്നീട് ഉറക്കമില്ലെങ്കില്‍ എന്തുകൊണ്ട് എനിക്ക് എന്റെ ജോലിയുമായി മുന്നോട്ടു പോയ്ക്കൂടാ എന്നൊരു ചിന്ത വന്നു. അങ്ങനെ പതുക്കെ ഗവേഷണത്തിലേക്ക് തിരികെ വന്നു. ഗവേഷണ കാലത്ത് ഒപ്പമുണ്ടായിരുന്നവര്‍ക്ക് പരസ്പരം ഓരോരുത്തരുടെയും വര്‍ക്കുകളെ കുറിച്ച് നല്ല ധാരണ ഉണ്ടായിരുന്നു. ഞാന്‍ മറന്ന ഘട്ടത്തിലും അവരാണ് എന്റെ വര്‍ക്ക് എവിടെ വരെയായി, എന്താണ് ചെയ്തിരുന്നത് എന്നൊക്കെ ഓര്‍മ്മിച്ചു തന്നത്. അര്‍ജുന്‍, ആല്‍ബിന്‍, കാര്‍ത്തിക ഇവരൊക്കെ എന്നെ ആ കാലത്ത് ഒരുപാട് പിന്തുണ ചെയ്തു. ഗവേഷണകാലത്ത് യാതൊരു ഈഗോയുമില്ലാതെ ഒന്നിച്ചുനിന്നവരാണ് ഞങ്ങള്‍. അര്‍ജുന്‍ ഇപ്പോള്‍ വി.ഐ.ടി സ്‌കൂള്‍ ഒഫ് ലോയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്. ആല്‍ബിന്‍ നിലവില്‍ മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് ഇപ്പോള്‍. കാര്‍ത്തിക ജുഡീഷ്യല്‍ ഓഫീസറും.
എംപിരിക്കല്‍ റിസര്‍ച്ച് ആയിരുന്നത് കൊണ്ടു തന്നെ ഗവേഷണത്തിനായി ഒരുപാട് യാത്ര ചെയ്യേണ്ടിയിരുന്നു. അട്ടപ്പാടി പോലെയുള്ള ഇടങ്ങളില്‍ വരെ എത്തേണ്ടിയിരുന്നു. ശാരീരിക ബുദ്ധിമുട്ട് മാത്രമല്ല. ആ സമയത്ത് എന്റെ കേള്‍വിശക്തിക്ക് പരിമിതികളുണ്ടായിരുന്നു. മറുവശത്ത് പറയുന്നതെന്താണെന്ന് പൂണമായും മനസ്സിലാകാതെ വരുമ്പോഴുണ്ടാകുന്ന ഫ്രസ്‌ട്രേഷന്‍ വേറെ. ആ സമയത്ത് സഖാക്കളാണ് എന്നെ സഹായിച്ചത്. അവര്‍ എന്റെ കൂടെ പലയിടങ്ങളിലും വന്നു, എന്റെ വല്ലായ്മകളിലും അവര്‍ എന്നെ സംരക്ഷിച്ചു.
യാത്രഒരുപാടായപ്പോള്‍ ശരീരം വീണ്ടും ബുദ്ധിമുട്ടുകള്‍ കാട്ടി. ആ ഘട്ടത്തിലും തുടര്‍ന്നും ഡേറ്റാ കളക്ഷനില്‍ പല ജില്ലകളില്‍ നിന്നുള്ള സഖാക്കളും താമസിക്കാന്‍ വീട് തന്നും കൂടെ വന്നും ഭക്ഷണം തന്നും എന്നെ ഒരുപാട് സഹായിച്ചു.
പിന്നീടുള്ള ഗവേഷണയാത്ര എളുപ്പമായോ?
അതുവരെ അനുഭവിച്ചതിലും മേലെയായിരുന്നു വരാനിരിക്കുന്നത്. മെനിഞ്‌ജൈറ്റിസ് വന്നുപോയതിന്റെ അനന്തരഫലമായി തുടര്‍ന്നുള്ള ഒരുവര്‍ഷം അടിക്കടി ചെവി വേദന വരുമായിരുന്നു. എഴുതിക്കൊണ്ടിരിക്കെ അസഹ്യമായ വേദന വന്ന് ഓടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോയിട്ടുണ്ട്. ഒരുവര്‍ഷത്തില്‍ നാലുതവണ അഡ്മിറ്റായി. അങ്ങനെയാണ് എന്നെ എംയിസിലേക്കെത്തുന്നത്. അവിടെ വച്ചാണ് ചില പ്രശ്‌നങ്ങളും കണ്ടെത്തുന്നത്. അത് പരിഹരിക്കാനുള്ള ചികിത്സയായിരുന്നു പിന്നീട്. അതിന് വേണ്ടി കോഴിക്കോട്ടെ ആശുപത്രി, അവിടെ നടന്ന സര്‍ജറി. അതിനെ തുടര്‍ന്നുള്ള ദിവസങ്ങള്‍.
അന്ന് കൂട്ടിരിപ്പുകാരായി സഖാക്കളോ അവരുടെ വീട്ടുകാരോ ഒക്കെയാണ് മരുന്നും ഭക്ഷണവുമൊക്കെ മറക്കാതെ തന്നത്. തുടര്‍ന്നുള്ള വേദനയുടെ ദിവസങ്ങളിലും തയ്യാറാക്കിയ പേപ്പറുകളുണ്ട്. ഒരുപക്ഷേ, സര്‍ജറിയില്‍ പൂര്‍ണമായി കേള്‍വി പോകുമെന്ന് ഭയന്നിരുന്നിടത്തും അത് സംഭവിക്കാതിരുന്നതും വലിയ പ്രതീക്ഷയാണ് തന്നത്. എന്തായാലും അതോടെ ചെവിയില്‍ പഴുപ്പുവരുന്നതും വേദനയും ഇല്ലാതായി. എല്ലാം ശരിയായി എന്ന് കരുതിയിരിക്കുന്ന ഘട്ടത്തിലാണ് സര്‍ജറി ചെയ്ത ചെവിയുടെ താഴെ മുഴ പോലെ വന്നത്. അതിന് വേദന കൂടി.
വലതുകൈ അനക്കാന്‍ പറ്റാതായി. അതിന്റെ ഭാഗമായി നടത്തിയ പൂര്‍ണ പരിശോധനയില്‍ സര്‍വിക്‌സില്‍ വളരെ ഇന്‍ഫക്റ്റഡ് ആയ നിലയില്‍ പോളിപ്പ് കണ്ടത്. അത് എന്തായാലും ബയോപ്‌സി ചെയ്‌തേ പറ്റൂ എന്ന് ഡോക്ടര്‍ പറഞ്ഞു. അപ്പോഴേക്കും ഗവേഷണത്തിന്റെ അവസാനഘട്ടത്തിലായിരുന്നു. മൂത്തമകന്‍ ഗുല്‍മോഹര്‍ ആ സമയത്ത് അഭിനയിക്കുന്നുണ്ട്. അവന്റെ ലൊക്കേഷനില്‍ ലാപ്‌ടോപ്പും സന്നാഹങ്ങളുമായി പോയാണ് എഴുത്തും മറ്റും.
അവന്റെ തമിഴ്‌സിനിമയുടെ ഷൂട്ടിംഗിനായി തെങ്കാശിയിലായിരുന്നു ഞാനും മകനും. ഈ ദിവസമാണ് ബയോപ്‌സി റിസള്‍ട്ട് പോസറ്റീവ് ആണെന്നും തുടര്‍പരിശോധന വേണമെന്നും പറഞ്ഞ് എനിക്ക് വിവരം ലഭിക്കുന്നത്. ഞാനാകെ തകര്‍ന്നു പോയി. തെങ്കാശിയില്‍ നിന്ന് തിരുവനന്തപുരം വരെ അനുഭവിച്ചത് എന്താണെന്ന് എനിക്ക് പറഞ്ഞുതരാനാവില്ല. ബ്ലഡ് ക്യാന്‍സര്‍ വന്ന് മരിച്ചതാണ് എന്റെ അമ്മ. എനിക്കന്ന് 11 വയസാണ്. അമ്മയില്ലാതെ വളര്‍ന്നതാണ് ഞങ്ങള്‍.
അതത്ര സുഖകരവുമല്ല. തീസിസ് പേപ്പര്‍ എന്റെ മടിയിലുണ്ട്. അതുകൊണ്ട് ഇനിയെന്ത് കാര്യം എന്നൊക്കെ ചിന്തിച്ചു. തിരുവനന്തപുരത്ത് എത്തും മുമ്പേ വന്ന റിസള്‍ട്ട് തെറ്റാണെന്ന വിവരം ലഭിച്ചു. തീമഴ പെയ്തു തീര്‍ന്നതു പോലെ ആശ്വാസം. എങ്കിലും ഭാവിയില്‍ ക്യാന്‍സറോ മറ്റു ബുദ്ധിമുട്ടുകളോ ആയി രൂപാന്തരം പ്രാപിക്കാന്‍ സാദ്ധ്യതയുള്ളത് കൊണ്ട് അത് ഉടന്‍ നീക്കം ചെയ്യാമെന്ന് തീരുമാനിച്ചു. അന്ന് തന്നെ അഡ്മിറ്റ് ചെയ്തു, തൊട്ടടുത്ത ദിവസം വീണ്ടും ശസ്ത്രക്രിയ. എങ്കിലും അതെല്ലാം തരണം ചെയ്ത് നാലുവര്‍ഷം കൊണ്ട് പി.എച്ച്.ഡി തീര്‍ത്തുവെങ്കിലും സാറിന് വാക്കു കൊടുത്തതിനേക്കാള്‍ ആറുമാസം കൂടുതലെടുത്തുവെന്ന സങ്കടം ബാക്കിയുണ്ട്.
മക്കള്‍ എങ്ങനെ ഈ കാലഘട്ടം തരണം ചെയ്തു?
ഡോക്ടറേറ്റ് കിട്ടിയ വേദിയില്‍ എല്ലാവരോടും നന്ദി പറയാന്‍ അവസരമുണ്ടല്ലോ. അന്ന് എന്റെ മക്കളോട് മാത്രമാണ് ഞാന്‍ പൊതുവേദിയില്‍ മാപ്പ് പറഞ്ഞത്. ഗുല്‍മോഹര്‍ ആണ് ശരിക്കും കഷ്ടപ്പെട്ടത്. അവന്‍ ഇളയവനെയും (ഗുല്‍നാര്‍) ബാക്കി കാര്യങ്ങളെയും എന്നേക്കാള്‍ കൂടുതല്‍ സമയം നോക്കിയത് അവനാണ്. എനിക്ക് രോഗം വന്നതിന് ശേഷം അവന്‍ വളരെ പെട്ടെന്ന് മെച്വേഡ് ആയിപ്പോയതായി തോന്നാറുണ്ട്.
ഗുല്‍നാറിന് അമ്മ എന്ന നിലയില്‍ എന്റെ സാന്നിദ്ധ്യം മുഴുവനായി ലഭിച്ചിട്ടില്ല. രണ്ടുപേര്‍ക്കും അവരുടെ ജീവിതത്തിലെ നാലുവര്‍ഷം അമ്മയുടെ മതിയായ കെയര്‍ നല്‍കാനായില്ല എന്നതില്‍ മാപ്പ് പറയേണ്ടത് തന്നെയാണ്. ഇപ്പോഴും എനിക്ക് ഒരു ചെറിയ ജലദോഷം വന്നാല്‍ പോലും ഗുല്‍മോഹര്‍ ടെന്‍ഷനാകും. രാത്രിയില്‍ ഞെട്ടിയുണര്‍ന്ന് അമ്മ ഒക്കെ അല്ലേ എന്നൊക്കെ ചോദിക്കും. മെനിഞ്‌ജൈറ്റിസ് വന്നപ്പോഴുള്ള എന്റെ വേദനും വിഭ്രാന്തിയും കണ്ടതിന്റെ ഓര്‍മ്മയിലാകും അത്. പിന്നെ, തിരിച്ചുവരവിന്റെ ഓരോഘട്ടത്തിലും അമ്മ എഴുതിയോ? അത് ചെയ്തു തീര്‍ത്തോ എന്നൊക്കെ ചോദിച്ച് പ്രോത്സാഹിപ്പിക്കും.
സഖാവിന്റെ പിന്തുണ?
എസ്.എഫ്.ഐ കാലത്തുള്ള സൗഹൃദമാണ് വിവാഹത്തിലെത്തിയത്. ഒരു പ്രണയം എന്നതിലുപരി ഒരു വലിയ സപ്പോര്‍ട്ട് സിസ്റ്റമാണ് അദ്ദേഹം. എനിക്ക് വേണ്ടിയിരുന്നത് അതാണ്. എന്തൊക്കെ സംഭവിച്ചാലും എന്റെ കരിയറിന്, എന്റെ ഇഷ്ടങ്ങള്‍ക്ക് വലിയ വില കല്‍പ്പിക്കുന്ന ആളാണ്. ശരിയായ മാര്‍ഗനിര്‍ദ്ദേശി ആണ്.
ജേര്‍ണലിസം കഴിഞ്ഞ് മാതൃഭൂമിയില്‍ ജോലി കിട്ടിയപ്പോള്‍ എല്ലാവരും വളരെ ഭാഗ്യമെന്ന നിലയിലാണ് എന്നോട് പറഞ്ഞത്. എന്നാല്‍, അതിലുപരി കാര്യങ്ങള്‍ ചെയ്യാന്‍ തനിക്കാകും എന്ന് പറഞ്ഞത് സഖാവാണ്. വലിയ സ്വപ്നങ്ങള്‍ കാണാനും അതിനായി പ്രയത്‌നിക്കാനും എന്നെ പഠിപ്പിച്ചത് സഖാവാണ്. എന്റെ സ്വഭാവത്തില്‍ നല്ല മാറ്റങ്ങള്‍ വരുത്തിയതും അദ്ദേഹമാണ്. എന്റെ രോഗകാലത്ത് അതിന്റെ വിഷമതകള്‍ കാര്യമായി ഞാന്‍ അറിയാതെ പോയതും അദ്ദേഹം കാരണമാണ്.
മുന്നോട്ടുള്ള പ്ലാന്‍?
ജീവിതത്തില്‍ രണ്ട് തവണ ചാന്‍സ് കിട്ടിയ ആളാണ്, അപ്പോള്‍ ജീവിതം ആകുലതകളില്ലാതെ ജീവിച്ച് തീര്‍ക്കാനുള്ള ബാദ്ധ്യത അമൃതയ്ക്കുണ്ടെന്ന് എന്റെ ഡോക്ടര്‍ പറയാറുണ്ട്. നിയമത്തില്‍ പി.ഡി.എഫ് ചെയ്യണമെന്നും അത് വിദേശത്തെ സര്‍വകലാശാലയില്‍ ചെയ്യണമെന്നും ആഗ്രഹമുണ്ട്. അത് പക്ഷേ, എത്ര സമയമെടുക്കുമെന്നോ ഉടനെ സാധിക്കുമെന്നോ ഇപ്പോള്‍ നിശ്ചയമില്ല.
കൂടെയുള്ളവരില്‍ ചിലര്‍ കളിയാക്കും കൃത്യമായ ഇടവേളകളില്‍ ഇവിടുത്തെ ആശുപത്രികള്‍ സന്ദര്‍ശിച്ചാല്‍ പോരെ, അവിടെയും പോയി കിടക്കണോ എന്ന്. എങ്കിലും ആഗ്രഹമുണ്ട്. അതിനായി പരിശ്രമിക്കും. നിലവില്‍ ഡല്‍ഹിയിലെ സര്‍വകലാശാലയില്‍ ജോലി ചെയ്യുന്നുണ്ട്. എന്തായാലും അദ്ധ്യാപനവും ഗവേഷണവുമായി മുന്നോട്ടുപോകും. ഇതൊരു അതിജീവനകഥയല്ല. ഏതെങ്കിലും കാരണം കൊണ്ട് ഉപരിപഠനമോ ഗവേഷണമോ മാറ്റിവയ്ക്കുകയോ ഇനിയും സമയമുണ്ടല്ലോ എന്ന് കരുതി നീട്ടിവയ്ക്കുകയോ ചെയ്യേണ്ടതില്ല എന്നുള്ള ഓര്‍മ്മപ്പെടുത്തലാണ്.