ആദ്യ പ്രതിഫലം 50 രൂപ, അസുര നിരസിച്ചത് 18 പ്രമുഖ പ്രസാധകര്‍, ഇന്ന് തിരക്കേറിയ എഴുത്തുകാരന്‍

ബേണ്‍ ഔട്ട്. സ്‌പോര്‍ട്‌സിലെ ഒരു പ്രയോഗമാണ്. കുട്ടിക്കാലത്ത് മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും പിന്നീട് കൗമാരം പിന്നിട്ട് മുതിരുമ്പോള്‍ കളിക്കളത്തില്‍ നിന്ന് ഫോംഔട്ടായി കത്തിതീരുന്ന അവസ്ഥ. സാഹിത്യത്തിലും ഇത്തരം ഉദാഹരണങ്ങള്‍ നിരവധിയുണ്ട്. വളരെ പ്രതീക്ഷയുണര്‍ത്തുന്ന രചനകളുമായി വന്ന് വായനക്കാരുടെ ശ്രദ്ധ പിടിച്ച് പറ്റി പ്രശസ്ത എഴുത്തുകാരുടെ അഭിനന്ദനങ്ങളേറ്റ് വാങ്ങി നാളെയുടെ വാഗ്ദാനമായി വാഴ്ത്തപ്പെട്ടശേഷം എഴുത്തിന്റെ ലോകത്ത് നിന്നും എഴുത്തില്ലാതെ അജ്ഞാത വാസത്തിലേക്ക് പോകുന്നവര്‍. അതില്‍ നിന്നും വ്യത്യസ്തനാണ് ആനന്ദ് നീലകണ്ഠന്‍.

ആദ്യ പ്രതിഫലം 50 രൂപ, അസുര നിരസിച്ചത് 18 പ്രമുഖ പ്രസാധകര്‍, ഇന്ന് തിരക്കേറിയ എഴുത്തുകാരന്‍ 1

അദ്ദേഹത്തിന്റെ ആദ്യ പുസ്തകം അസുര പ്രസിദ്ധീകരിക്കുന്നത് 38-ാം വയസ്സില്‍. അതും പതിനെട്ടോളം പ്രമുഖ പ്രസിദ്ധീകരണശാലകള്‍ തിരസ്‌കരിച്ചശേഷം അത്രയൊന്നും പ്രമുഖരല്ലാത്ത ഒരു പ്രസാധകര്‍ പ്രസിദ്ധീകരിച്ചു. എല്ലാവരേയും അത്ഭുതപ്പെടുത്തി പുസ്തകം ഇന്‍സ്റ്റന്റ് ഹിറ്റായി മാറി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലെ എഞ്ചിനീയറായ തൃപ്പൂണിത്തുറക്കാരന്റെ ജീവിതം വഴിമാറി ഒഴുകുകയായിരുന്നു. തുടര്‍ന്നിങ്ങോട്ട് അഞ്ച് നോവലുകള്‍, വിവിധ സീരിയലുകള്‍ക്ക് വേണ്ടി 450 ഓളം എപ്പിസോഡുകള്‍, നെറ്റ്ഫ്‌ളിക്‌സ് സീരീസ്, ബാഹുബലിയുടെ കഥയെഴുത്ത് അങ്ങനെ ആനന്ദ് ഇന്ത്യന്‍ സാഹിത്യത്തില്‍ ഒരിടം സ്വന്തമാക്കി. ആനന്ദ് നീലകണ്ഠന്‍ കടന്ന് വന്ന വഴികള്‍ കെ സി അരുണുമായി സംസാരിക്കുന്നു.

പിറന്നത്‌ പുരാണ കഥകളുടെ ലോകത്തിലേക്ക്

എഴുതണമെന്ന് ചെറുതിലേ ആഗ്രഹമുണ്ടായിരുന്നു. തൃപ്പൂണിത്തുറയില്‍ പുരാണം നിറഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തിലും കുടുംബത്തിലുമാണ് ജനിച്ചത്. പുരാണ പാരായണം കേള്‍ക്കുന്നതും ജീവിതത്തിന്റെ ഭാഗമാണ്. ധാരാളം ക്ഷേത്രങ്ങളുള്ള തൃപ്പൂണിത്തുറയില്‍ ധാരാളം ഉല്‍സവങ്ങളും കഥകളിയും ക്ഷേത്രകലകളും നടക്കും. അതുമായി ചേര്‍ന്ന ജീവിതമായിരുന്നു പത്ത് പതിനൊന്ന് വയസ്സ് വരെ. അങ്ങനെ പുരാണങ്ങളോടുള്ള താല്‍പര്യം ചെറുതിലേ ഉണ്ടായി.

കേട്ടും കണ്ടും കഥയുള്ളിലേക്ക്‌

വായനയേക്കാള്‍ പുരാണം കാണുകയും കേള്‍ക്കുകയുമാണ് ചെയ്തിരുന്നത്. ധാരാളം കലാകാരന്‍മാര്‍ വന്ന് ക്ഷേത്രങ്ങളില്‍ പരിപാടികള്‍ അവതരിപ്പിക്കും. അവിടെ പലരീതിയില്‍ കഥ പറയും. ഹരികഥ, ഓട്ടന്‍തുള്ളന്‍, കഥകളി അങ്ങനെ പല രീതിയില്‍ കഥകള്‍ എന്നിലെത്തി. പലതും മനസ്സിലാകുമായിരുന്നില്ല. അച്ഛന്‍ അത് വിവരിച്ച് തരും. പിന്നെ അന്ന് വേറെ എന്റര്‍ടെയ്ന്‍മെന്റും ഇന്ററസ്റ്റും ഇല്ലായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ വായനയിലേക്ക് തിരിഞ്ഞു. അമര്‍ ചിത്ര കഥകളൊക്കെ വായിച്ചു. എങ്കിലും കൂടുതലും കേട്ടും കണ്ടുമാണ് പരിചയം.

11 വയസ്സിന് ശേഷം ഏലൂരില്‍ ചേച്ചി ചന്ദ്രികയുടെ വീട്ടിലേക്ക് പഠനത്തിനായി താമസം മാറി. വീട്ടില്‍ ഏറ്റവും ഇളയ ആളായിരുന്നു ഞാന്‍. ചേച്ചിയും ഞാനും തമ്മില്‍ 18 വയസ്സിന്റെ വ്യത്യാസമുണ്ട്. ചേച്ചി അമ്മയെപോലെയാണ്. 20 കിലോമീറ്റര്‍ വ്യത്യാസമേ തൃപ്പൂണിത്തുറയും ഏലൂരും തമ്മില്‍ ഉണ്ടായിരുന്നുള്ളൂ. അവധി ദിവസങ്ങളില്‍ വീട്ടിലേക്കും വരും.

ഏലൂരിലെ സ്‌കൂളില്‍ സംസ്‌കൃതം പഠിക്കാനെടുത്തു. അവിടെ നാരായണമേനോന്‍ എന്നൊരു സാറുണ്ടായിരുന്നു. ഈ രണ്ട് കാരണങ്ങള്‍ കൊണ്ട് പുരാണങ്ങളുമായുള്ള ബന്ധം തുടര്‍ന്നു. അവിടെ ഫാക്ടിന്റെ സ്വാധീനത്തില്‍ കഥകളിയൊക്കെ നടന്നിരുന്നു.

കാര്‍ട്ടൂണിസ്റ്റ് ആനന്ദ് നീലകണ്ഠന്‍

കോളെജില്‍ പഠിക്കുന്ന കാലത്ത് വരയായിരുന്നു പ്രധാനം. അതിന് ധാരാളം സമ്മാനങ്ങള്‍ കിട്ടി. കാര്‍ട്ടൂണുകള്‍ക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവലിനൊക്കെ സമ്മാനം ലഭിച്ചു. കഥയ്ക്ക് കോളെജ് തലത്തില്‍ സമ്മാനം കിട്ടി. എന്നാല്‍ അന്ന് കഥ ഗൗരവകരമായി എടുത്തില്ല. പിന്നെ പ്രസംഗം, ഡിബേറ്റ് ആയിരുന്നു താല്‍പര്യങ്ങള്‍.

ജീവിതം ബോര്‍, എന്നാലെഴുതിക്കളയാം

സത്യം പറഞ്ഞാല്‍ ബോറടിച്ചിട്ടാണ് എഴുത്ത് തുടങ്ങുന്നത്. ജോലി കിട്ടി ഒരു ബോറിങ് ലൈഫ് തുടങ്ങിയപ്പോള്‍. 30-32 വയസ്സായപ്പോഴേക്കും ശരാശരി മലയാളി ആഗ്രഹിക്കുന്ന ഒരു ജീവിതം ആയിക്കഴിഞ്ഞു. സര്‍ക്കാര്‍ ജോലിയായി. കല്ല്യാണം കഴിച്ചു. വീട് വച്ചു. രണ്ട് കുട്ടികളായി. അപ്പോള്‍ പിന്നെ എന്താണ് ചെയ്യുക. എനിക്ക് മുമ്പുള്ള തലമുറ വിരമിക്കാറാകുന്ന സമയത്ത് നേടുന്ന കാര്യങ്ങള്‍ ഞാന്‍ ചെറു പ്രായത്തില്‍ കൈവരിച്ചു. എനിക്ക് മാത്രമല്ല, എന്റെ ആ തലമുറ മുഴുവന്‍ അങ്ങനെയായിരുന്നു. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയുടെ ബൂമിങ് ഘട്ടമായിരുന്നു അത്.

ഇന്ത്യന്‍ ഓയിലില്‍ ജോലി ചെയ്യുമ്പോള്‍ ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ മാനേജറായി പ്രവര്‍ത്തിച്ചു. രാവിലെ ഓഫീസില്‍ പോകുക. വൈകിട്ട് വീട്ടില്‍ വരിക. പിന്നെ ഓഫീസിലും ചെറിയ ചെറിയ പ്രശ്‌നങ്ങളൊക്കെ വന്ന് തുടങ്ങി. സീനിയര്‍ ഉദ്യോഗസ്ഥരുമായുള്ള പ്രശ്‌നങ്ങള്‍. അങ്ങനെ ജീവിതത്തില്‍ വിരസത തോന്നിയപ്പോള്‍ വര വീണ്ടും തുടങ്ങി. കുറെ ഓയില്‍ പെയിന്റ് ചെയ്തു. അതുവരെ വര പഠിച്ചിരുന്നില്ല.

ആദ്യ പ്രതിഫലം 50 രൂപ, അസുര നിരസിച്ചത് 18 പ്രമുഖ പ്രസാധകര്‍, ഇന്ന് തിരക്കേറിയ എഴുത്തുകാരന്‍ 2

വര കൊള്ളാം, പ്രൊഫഷണല്‍ ആകാനത് പോരെന്ന് ഗുരു

അതിനാല്‍ കണ്ണൂരില്‍ ജോലി ചെയ്യുമ്പോള്‍ വര പഠിക്കാന്‍ ഒരു മാഷിന്റെ അടുത്ത് പോയി. സഹദേവന്‍ എന്നായിരുന്നു മാഷിന്റെ പേര്. ഓയില്‍ പെയിന്റിങ്ങിന്റെ അടിസ്ഥാനം പഠിച്ചു. പെയിന്റിങ്ങിനെ ഗൗരവമായി സമീപിക്കാനായിരുന്നു തീരുമാനം. അഞ്ചാറ് മാസം പഠിച്ചു. വരച്ചതിനെ കുറിച്ച് മാഷിനോട് അഭിപ്രായം ചോദിച്ചു. വരയ്ക്കാന്‍ കഴിവുണ്ട്. പക്ഷേ, ഭയങ്കര കഴിവൊന്നും കാണുന്നില്ല. കാര്‍ട്ടൂണ്‍ നന്നായി ചെയ്യുന്നുണ്ടെന്ന് മാഷ് റിവ്യൂ പറഞ്ഞു.

പിന്നൊരു ചോദ്യം. സാറിന് വരച്ചിട്ട് ജീവിക്കാനൊന്നുമല്ലല്ലോ. തമാശയായും ഹോബിയായും ചെയ്യാനുള്ള കഴിവുണ്ട്. പ്രൊഫഷണലായി പോകാനുള്ളൊരു കഴിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറെക്കഴിഞ്ഞപ്പോള്‍ എനിക്കും തോന്നി. ഇത് ചെയ്‌തോണ്ടിരുന്നിട്ട് കാര്യമൊന്നുമില്ല. 32-33 വയസ്സ് പ്രായമുള്ളപ്പോഴായിരുന്നു ഇത്.

വര വിട്ട് വരിയുടെ ലോകത്തേക്ക്

എന്നാല്‍ എഴുതാമെന്ന് ഞാന്‍ തീരുമാനിച്ചു. ജോലി രാജിവച്ച് എഴുത്തിലേക്ക് തിരിയാം എന്നായിരുന്നു പ്ലാന്‍. അങ്ങനെയാണ് കഥയെഴുതി തുടങ്ങിയത്. അനോനിമസ് ആയി മലയാളത്തില്‍ എഴുതി. ഹാസ്യ കൈരളി, മംഗളത്തിന്റെ ടിക് ടിക് എന്നിവയില്‍ പാരഡി ഗാനങ്ങളും ചെറുകഥകളും അച്ചടിച്ച് വന്നു. ആനന്ദ് കുമാര്‍ എന്ന പേരിലായിരുന്നു എഴുതിയത്.

പിന്നെ ടോംസിന്റെ ബോബനും മോളിയിലും കുറച്ച് കാര്‍ട്ടൂണുകളും പ്രസിദ്ധീകരിച്ചു. ഇത് കണ്ണൂരില്‍ ജോലി ചെയ്യുമ്പോഴായിരുന്നു. 15 വര്‍ഷങ്ങള്‍ക്ക് മുമ്പ്. 50 രൂപയും നൂറ് രൂപയുമൊക്കെയായിരുന്നു പ്രതിഫലം കിട്ടിയിരുന്നത്. 150 രൂപയായിരുന്നു ഏറ്റവും വലിയ പ്രതിഫലം. അതിനുവേണ്ടി ഇത്രയും നല്ലൊരു ജോലി കളഞ്ഞ് പോകണ്ടെന്ന തിരിച്ചറിവ് ഉണ്ടായി.

വായനയും എഴുത്തും ഇംഗ്ലീഷിലേക്ക്

വെറുതെ മെനക്കെട്ടിട്ട് കാര്യമില്ലെന്ന് തോന്നി. എന്തെങ്കിലും ചെയ്യുകയാണെങ്കില്‍ വലുതായി ചെയ്യണം എന്ന് തീരുമാനിച്ചു. അങ്ങനെ എഴുത്ത് ഇംഗ്ലീഷിലാക്കാന്‍ തീരുമാനിച്ചു. ആ സമയം കൊണ്ട് ഇംഗ്ലീഷ് അത്യാവശ്യം അറിയാം എന്ന നിലയില്‍ എത്തിയിരുന്നു. പഠിക്കുന്ന സമയത്ത് ഇംഗ്ലീഷ് ബുദ്ധിമുട്ടായിരുന്നു. ഓഫീസില്‍ ഇംഗ്ലീഷ് ഉപയോഗിച്ച് പഠിച്ചതാണ്. അത് പോരായെന്ന് എഴുതി തുടങ്ങിയപ്പോള്‍ മനസ്സിലായി.

അതുവരെ കൂടുതലും മലയാളം പുസ്തകങ്ങളാണ് വായിച്ചിരുന്നത്. അത് മാറ്റി ഇംഗ്ലീഷാക്കി. അതിന് സമാന്തരമായി അസുര എഴുതാന്‍ ഗവേഷണവും യാത്രയും ആരംഭിച്ചു. രാവണനില്‍ കഥ എഴുത്ത് തുടങ്ങാനും തീരുമാനിച്ചു. അസുര രാവണന്റെ കഥയാണ്. രാവണന്റെ ഭാഗത്ത് നിന്ന് രാമായണത്തെ നോക്കി കണ്ടു. വയനാട്ടിലും മറ്റും യാത്ര ചെയ്ത് നാടോടിക്കഥകള്‍ ശേഖരിച്ചു. ആറ് കൊല്ലം എടുത്തു എഴുതി തീരാന്‍. അന്ന് ഡെഡ്‌ലൈനും തിരക്കും ഇല്ലല്ലോ. അതാണ് ഇത്രയും നാളെടുത്തത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കണ്ണൂര്‍ ഓഫീസിന്റെ അധികാര പരിധിയിലാണ് വയനാട് വരുന്നത്. വയനാട്ടിലും കണ്ണൂരിലുമായി കഥയെഴുത്തിന്റെ ഗവേഷണം നടക്കുന്നതിനിടെ ബംഗളുരുവിലേക്ക് സ്ഥലം മാറ്റം കിട്ടി. അവിടെ നിന്നും വയനാട്ടേക്ക് വരുമായിരുന്നു. കൂടാതെ കര്‍ണാടകയിലെ ഹമ്പി പോലുള്ള സ്ഥലങ്ങളിലേക്കും യാത്ര ചെയ്തു. അങ്ങനെയാണ് അസുര എഴുതുന്നത്.

അസുരയെന്ന അപ്രതീക്ഷിത ഹിറ്റ്

സാധാരണ എല്ലാ എഴുത്തുകാര്‍ക്കും ഉണ്ടാകുന്നത് പോലെ എന്റെ നോവലും തിരസ്‌കരിക്കപ്പെട്ടു. 18 ഓളം പ്രമുഖ പ്രസാധകര്‍ അസുര തിരസ്‌കരിച്ചു. ഒടുവില്‍ അത്രയൊന്നും അറിയപ്പെടാത്ത ലീഡ് സ്റ്റാര്‍ട്ട് എന്ന പ്രസാധകര്‍ പ്രസിദ്ധീകരിച്ചു. എല്ലാവരേയും അത്ഭുതപ്പെടുത്തി പുസ്തകം ഹിറ്റായി. ഇപ്പോഴും ആമസോണില്‍ ബെസ്റ്റ് സെല്ലറാണ്. 14 ഭാഷകളില്‍ നിരവധി പതിപ്പുകള്‍ ഇറങ്ങി. ജീവിതത്തില്‍ വായിച്ചിരിക്കേണ്ട 100 പുസ്തകങ്ങളില്‍ ഒന്നാണ് അസുര.

അസുര വായിച്ചിട്ടാണ് തുടര്‍ന്നുണ്ടായ അവസരങ്ങള്‍ തുറക്കുന്നത്. വലിയ ബുദ്ധിമുട്ടാതെയാണ് അവ തേടിയെത്തിയത്. അവസരങ്ങള്‍ ഒന്നും പാഴാക്കിയില്ല. നന്നായി പ്രയത്‌നിച്ചു. അസുരയുടെ ദുര്യോധന മഹാഭാരതം എഴുതി. സ്റ്റാര്‍ ടിവിക്കുവേണ്ടി സീതയുടെ രാമായണം, സോണിക്കുവേണ്ടി മഹാബലി ഹനുമാന്‍ എഴുതി. പിന്നീട് സംവിധായകന്‍ രൗജമൗലി സാറ് വിളിച്ച് ബാഹുബലിക്കുവേണ്ടി എഴുതാന്‍ പറഞ്ഞു.

അങ്ങനെ എഴുത്ത് പ്രൊഫഷനാക്കി മാറ്റി. പിന്നീടുള്ള എഴുത്തിനുവേണ്ടി ആളുകള്‍ കാത്തിരുന്നു. പ്രസാധകരും മറ്റും അഡ്വാന്‍സ് തന്ന് കാത്ത് നില്‍ക്കുന്നു. ഈ അഡ്വാന്‍സ് നമ്മുടെ കൈയില്‍ നിന്നും ചെലവായിട്ടുണ്ടാകും. അപ്പോള്‍ എഴുതി കൊടുത്തേ പറ്റൂ എന്ന സമ്മര്‍ദ്ദം വരും. അങ്ങനെ അസുരയ്ക്ക് ശേഷം എഴുതിയ പുസ്തകങ്ങള്‍ എല്ലാം പെട്ടെന്ന് എഴുതി തീര്‍ത്തു.

ആദ്യ പ്രതിഫലം 50 രൂപ, അസുര നിരസിച്ചത് 18 പ്രമുഖ പ്രസാധകര്‍, ഇന്ന് തിരക്കേറിയ എഴുത്തുകാരന്‍ 3

വൈകിയെങ്കിലും ഓടി മുന്നില്‍ക്കയറി

എഴുതാന്‍ പ്രായമൊരു ഘടകമല്ല. സ്‌പോര്‍ട്‌സ് അല്ലല്ലോ. ആദ്യ പുസ്തകം പബ്ലിഷ് ചെയ്തപ്പോള്‍ 38 വയസ്സായി. ഇപ്പോള്‍ 46 വയസ്സായി. ഈ എട്ട് വര്‍ഷത്തിനിടെ ഏറെ എഴുതി. അഞ്ച് ഇംഗ്ലീഷ് നോവലുകള്‍ എഴുതി. മൂന്നെണ്ണം ഈ വര്‍ഷം പ്രസിദ്ധീകരിക്കും. മലയാളത്തില്‍ ഒരു ചെറുകഥാ സമാഹാരം ഇറക്കി. ടിവി സീരിയലുകള്‍ക്ക് വേണ്ടി 450 ഓളം എപ്പിസോഡുകള്‍ എഴുതി. ഒരു മണിക്കൂര്‍ ഉണ്ടാകും ഒരു എപ്പിസോഡ്. നെറ്റ് ഫ്‌ളിക്‌സിനുവേണ്ടി ഒരു സ്‌റ്റോറി ചെയ്തു. അതിനിടയില്‍ ബാഹുബലിക്ക് വേണ്ടി എഴുതി. മൂന്ന് വര്‍ഷമായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനുവേണ്ടി പതിവായി കോളം എഴുതുന്നു. എഴുതി തുടങ്ങാന്‍ വൈകിയതിനെ ക്യാച്ച് അപ്പ് ചെയ്യാന്‍ ഈ എട്ട് കൊല്ലം കൊണ്ട് കഴിഞ്ഞു.

(തുടരും)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More