കെ എസ് ഇ ബിയില് നിന്ന് പാര്ലമെന്റിലേക്ക്; കേരളത്തിലെ ആദ്യ വനിത ദളിത് എംപി ഭാര്ഗവി തങ്കപ്പന് സംസാരിക്കുന്നു
ആലത്തൂരില് രമ്യാ ഹരിദാസ് സ്ഥാനാര്ഥിയായതിന് പിന്നാലെ കേരളത്തില് ഏറ്റവും കൂടുതല് ഉയര്ന്നുകേട്ട പേരാണ് ഭാര്ഗവി തങ്കപ്പന്. കേരളത്തില് നിന്നുള്ള ആദ്യ വനിതാ ദളിത് എംപി. അത്രമാത്രമല്ല രാഷ്ട്രീയ കേരളം അവരെ ഓര്ത്തുവെക്കേണ്ടത്. തെരഞ്ഞടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില് ഭാര്ഗവി തങ്കപ്പനുമായി അഭിമുഖം.കോം പ്രതിനിധി മൈഥിലി ബാല സംസാരിക്കുന്നു.
രാഷ്ട്രീയത്തില് സ്ത്രീകള് ഇപ്പോള് വളരെയധികം ആക്രമിക്കപ്പെടുന്നുണ്ട്. എന്താണ് അതിനെക്കുറിച്ച് പറയാനുള്ളത്?
ഒരു സ്ത്രീയുടെ അഭിമാനത്തെയും സ്ത്രീത്വത്തെയുമൊക്കെ വെല്ലുവിളിക്കുന്ന തരത്തിലേക്ക് ആക്രമണങ്ങള് പോകരുത്. അങ്ങനെയൊന്നും സംഭവിക്കരുത്. പ്രത്യേകിച്ചും നമ്മുടെ നാട്ടില്. അതും രാഷ്ട്രീയത്തില്. ഇവിടെ എല്ലാവരും തുല്യരാണ്.
രമ്യ ഹരിദാസ്
എല്ഡിഎഫ് കണ്വീനറായ എ വിജയരാഘവന് രമ്യാ ഹരിദാസിനെക്കുറിച്ച് നടത്തിയ പ്രസ്താവന ശ്രദ്ധിച്ചിരുന്നോ. വലിയ വിവാദങ്ങള്ക്കിടയാക്കിയ ആ പ്രസ്താവനയെക്കുറിച്ച് എന്താണ് പറയാനുള്ളത്?
പല വാര്ത്തകളും ഈ വിഷയത്തില് വന്നതായി കാണുന്നു. പക്ഷേ ഞാന് സത്യത്തില് ആ പരാമര്ശം ശ്രദ്ധിച്ചിരുന്നില്ല. എല്ഡിഎഫിന്റെ കണ്വീനറാണ് അദ്ദേഹം. അദ്ദേഹത്തെപ്പോലെയൊരാള്ക്ക് ഇങ്ങനെയൊരു തെറ്റ് സംഭവിക്കുമെന്ന് തോന്നുന്നില്ല. തെരഞ്ഞെടുപ്പ് സമയമായോണ്ട് വളച്ചൊടിക്കപ്പെടുന്നതാണോയെന്നും സംശയിക്കേണ്ടതുണ്ട്. അഥവാ അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കില്, ആ രീതിയില് അങ്ങനെ പറയാന് പാടില്ലത്തതാണ്. അത് തെറ്റാണ്.
താങ്കള് 1971-ല് സിപിഐ സ്ഥാനാര്ഥിയായി മത്സരിച്ച് ജയിച്ചതാണ്. ഇപ്പോള് സിപിഐയുടെ സ്ഥാനാര്ഥി പട്ടികയില് ഒരു വനിത പോലുമില്ല. എങ്ങനെ നോക്കിക്കാണുന്നു ഇതിനെ?
ഇവിടെ പുരുഷാധിപത്യമാണ് ജനാധിപത്യത്തില്. ഒരു സ്ത്രീ മത്സരിക്കണം എന്ന് പറയുന്നത്, തീരുമാനിക്കുന്നത് ആരാണ്. അത് പുരുഷന്മാര് ആണ്. സ്ഥാനാര്ഥിയെ തീരുമാനിക്കേണ്ട കമ്മിറ്റികളിലും ഘടകങ്ങളിലുമൊക്കെ പുരുഷന്മാരാണ്. അവിടെയും സ്ത്രീക്ക് സ്ഥാനമില്ല. അത് മാറണം. കമ്മിറ്റികളിലും സ്ത്രീകളെ കൊണ്ടുവരണം.
എല്ലാ മേഖലകളിലും സ്ത്രീകള് വരണം. ഇപ്പോ കേരളത്തില് ഭൂരിഭാഗവും സ്ത്രീകളാണ്. എന്നാല് മുന്നിലേക്ക് വരുന്നവര് കുറവാണ്. എല്ലാ മേഖലകളിലും ജനസംഖ്യാപരമായി സ്ത്രീകളെ കൊണ്ടുവരണം. സ്ത്രീകളോട് അവഗണനയാണ് ഇന്ന്. അത് മാറണം. അത് മാറിയാലേ പറ്റൂ. രാഷ്ട്രീയത്തിലെ ദളിത് പ്രാതിനിധ്യം കൂടി നോക്കാം.
ഇടത് പക്ഷം പോലും സംവരണസീറ്റില് മാത്രമാണ് ദളിതുകളെ നിര്ത്തുന്നത്. ഇപ്പോള് ദളിതിനെതിരെ സ്ഥാനാര്ഥിയായാലും വലിയ ആക്രമണമാണ് നടക്കുന്നത്. ഇതിനെ എങ്ങനെ വിലയിരുത്താം.
ഇത്ര ശതമാനം എന്ന കണക്കിലാണ് ഇവിടെയെല്ലാം തീരുമാനിക്കുന്നത്. അത്രയേ നടപ്പിലാക്കൂ. കൂടുതല് നടപ്പിലാക്കാം എങ്കിലും അത്രമാത്രം മതിയെന്നാണ്. തെരഞ്ഞെടുപ്പില് സ്ഥാനാര്ഥിയാക്കാന് പറ്റും. പക്ഷേ അതല്ലാ. ഇത്ര ശതമാനം മന്ത്രിസഭയില് വേണം. ഇത്ര ശതമാനം കമ്മിറ്റികളില് വേണം.
അങ്ങനെയൊരു നിയമവും ഇല്ല. അതൊട്ട് നടപ്പില് വരുത്താന് രാഷ്ട്രീയപാര്ട്ടികള് ശ്രമിക്കുന്നതുമില്ലാ.അത് മാത്രമല്ല, ദളിതുകള് കൂടുതലായുള്ള സംസ്ഥാനങ്ങളില് ഈ ശതമാനം വര്ധിപ്പിക്കണം. കൂടുതല് പേര്ക്ക് മത്സരിക്കാന് സാഹചര്യം ഒരുക്കണം.
കേരളത്തില് നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ വനിതാ എംപി എന്ന റെക്കോര്ഡ് ഇപ്പോഴും താങ്കളുടെ പേരിലാണ്. ഇന്നും തകര്ക്കപ്പെട്ടിട്ടില്ലാ.
ചെറുപ്പക്കാര് ഈ രംഗത്തേക്ക് വരണം. മുതിര്ന്നവര് മാറിക്കൊടുക്കണം. ഞാന് ആദ്യമായി മത്സരിച്ചത് 1971ലാണ്. പിന്നീട് ഏഴ് തവണ ഞാന് മത്സരിച്ചു. അപ്പോഴൊക്കെയും പാര്ട്ടിക്ക് നിര്ത്താന് വേറെ ആളുമില്ലാ.
ഇന്നും മാറിക്കൊടുത്താല് നില്ക്കാന് ആളും വേണമല്ലോ. പാര്ട്ടി ആളെ കണ്ടുപിടിക്കണം. കൂടുതല് സ്ത്രീകള് വരണം. നില്ക്കാന് താത്പര്യമുള്ള സ്ത്രീകളെ പാര്ട്ടി കണ്ടുപിടിക്കട്ടെ. കണ്ടുപിടിച്ച് അവര്ക്ക് വേണ്ട ചെറിയ പരിശീലനമൊക്കെ നല്കി നിര്ത്താല്ലോ.
രാഷ്ട്രീയത്തിലേക്കുള്ള വഴി എങ്ങനെയായിരുന്നു?
ഞാന് രാഷ്ട്രീയത്തിലേക്ക് വരുന്നതേ സ്ഥാനാര്ഥിയായാണ്. സിപിഐ ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. ഞാന് കെഎസ്ഇബി ഉദ്യോഗസ്ഥ ആയിരുന്നു ആ സമയത്ത്. തെരഞ്ഞെടുപ്പില് നിന്നു വിജയിച്ചു. പിന്നീട് ഇവിടെ തന്നെ നില്ക്കണമെന്ന് തോന്നി. ഞാന് കൊല്ലം ജില്ലക്കാരിയാണ്.
ഞങ്ങളുടെ നാട്ടില് കുറേ കശുവണ്ടി ഫാക്ടറികളുണ്ട്. അവിടത്തെ സ്ത്രീകളുടെ അവസ്ഥ കണ്ടപ്പോഴാണ് രാഷ്ട്രീയത്തില് നില്ക്കണം. ഇവര്ക്കായി എന്തെങ്കിലും ചെയ്യണം എന്നൊക്കെ തോന്നിയത്. അവര് ആനുകൂല്യങ്ങളില്ലാതെ കഷ്ടപ്പെടുന്നത് കണ്ടു. പിന്നീട് അവരെയൊക്കെ ഉള്പ്പെടുത്തി യോഗം കൂടിയാണ് അവരുടെ പ്രശ്നങ്ങള് പരിഹരിച്ചത്. അതാണ് രാഷ്ട്രീയത്തില് തന്നെ നില്ക്കാനുള്ള കാരണം. ശക്തി നല്കിയത് അതാണ്.
Comments are closed.