നിങ്ങളെ പൗരനല്ലാതാക്കുന്നതിന്റെ തുടക്കം 2020-ലെ സെന്‍സെസില്‍: കണ്ണന്‍ ഗോപിനാഥന്‍

കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ ദേശീയ പൗരത്വ നിയമത്തിന് എതിരെ രാജ്യമെമ്പാടും പ്രതിഷേധം ആളിക്കത്തുന്നു. പലയിടത്തും ക്രമസമാധാനം നിലനിര്‍ത്താന്‍ സൈന്യം രംഗത്തുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കിടയിലും കേന്ദ്ര സര്‍ക്കാരിനെതിരെ അമര്‍ഷം പുകയുന്നുവെന്ന് വ്യക്തമാക്കി കൊണ്ട് മലയാളിയായ കണ്ണന്‍ ഗോപിനാഥന്‍ ഐ എ എസില്‍ നിന്നും രാജിവച്ചിരുന്നു. പൗരത്വ നിയമവും അതിനൊപ്പമുള്ള ദേശീയ പൗരത്വ രജിസ്റ്ററും മറ്റും എങ്ങനെ ഭരണഘടനാ വിരുദ്ധമാകുന്നുവെന്നും മത വിവേചനമാകുന്നുവെന്നും അദ്ദേഹം കെ സി അരുണുമായി സംസാരിക്കുന്നു.

ekalawya.com

പൗരത്വ നിയമം വര്‍ഗീയം

പൗരത്വ നിയമം അടിസ്ഥാനപരമായും വളരെ വ്യക്തമായും കമ്മ്യൂണലായിട്ടുള്ള നിയമമാണ്. ഒരു രാഷ്ട്രീയ- വര്‍ഗീയ ഉദ്യമമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ദേശീയ പൗരത്വ രജിസ്റ്റര്‍ ദേശവ്യാപകമായി നടപ്പിലാക്കാനും എന്നാല്‍ അതിന്റെ ഫലം രാഷ്ട്രീയമായി തലവേദനയായി തീരരുതെന്ന ഉദേശത്തോട് കൂടി കൊണ്ട് വന്ന നിയമമാണ് പൗരത്വ നിയമം. അസമില്‍ എന്‍ ആര്‍ സി ചെയ്ത് കൊണ്ടിരുന്നപ്പോഴാണ് അവര്‍ക്ക് മനസ്സിലാകുന്നത് നിയമ വിരുദ്ധ കുടിയേറ്റക്കാരായി വരുന്നതില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും കാണും. പക്ഷേ, ഹിന്ദുക്കളെ നിയമ വിരുദ്ധ കുടിയേറ്റക്കാരായി കണ്ടാല്‍ രാഷ്ട്രീയമായി തിരിച്ചടിയാകും. അതുകൊണ്ട് അവരെ എങ്ങനെയെങ്കിലും അതില്‍ നിന്നും ഒഴിവാക്കാനുള്ള ഒരു ശ്രമമാണ് ഈ നിയമം.

മതാടിസ്ഥാനത്തിലെ വിവേചനം പാടില്ല

ഈ നിയമം ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടന ഉറപ്പ് നല്‍കുന്ന സമത്വത്തിന് എതിരാണിത്. എന്ത് നിയമം ആണെങ്കിലും ഒരേ സാഹചര്യത്തിലുള്ള രണ്ട് പേരെ വേര്‍തിരിച്ച് കാണരുത്. അങ്ങനെ കാണണമെങ്കില്‍ വ്യക്തമായൊരു കാരണം ഉണ്ടാകണം. അത് ആര്‍ബിട്രറി ആകാന്‍ പാടില്ല. മുസ്ലിങ്ങളെ ഒഴിവാക്കുന്നു എന്നല്ലാതെ ഒരു കാരണവും കേന്ദ്ര സര്‍ക്കാരിന് ഈ നിയമത്തില്‍ പറയാന്‍ ഇല്ല. മുസ്ലിങ്ങള്‍ എന്നത് മതപരമായ വിവേചനമാണ്. അതൊരു കാരണമായി ആയി പറയാന്‍ പറ്റില്ല. മതപരമായ വിവേചനമാണ് അല്ലാതെ മതപരമായ അടിച്ചമര്‍ത്തലല്ല ഈ നിയമത്തിന് പുറകിലെ കാരണം. മതാടിസ്ഥാനത്തിലെ വിവേചനം തുല്യതയേയും മതേതരത്വത്തേയും ബാധിക്കും. മതേതര്വതം നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന തത്വമാണ്.

ഇന്ത്യയുടെ, ഭരണഘടനയുടെ, മതേതരത്വത്തിന്റെ അസ്ഥിത്വത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ് ഈ നിയമം. അതുകൊണ്ടാണ് ഈ നിയമത്തെ ശക്തമായി എതിര്‍ക്കേണ്ടത്. ഇന്ന് ഇത് നടത്തിയാല്‍ അവര്‍ക്ക് നാളെ എന്തും ചെയ്യാം.

നിയമം നിലനില്‍ക്കില്ല

സുപ്രീംകോടതി ഈ നിയമത്തെ എങ്ങനെ വിലയിരുത്തും എന്നറിയില്ല. നിയമവൃത്തങ്ങളില്‍ നിന്ന് ഹരീഷ് സാല്‍വേ മാത്രമേ ഈ നിയമത്തെ അനുകൂലിച്ച് എഴുതിയിട്ടുള്ളൂ. ഈ നിയമം നിലനില്‍ക്കാന്‍ സാധ്യതയില്ലെന്ന അഭിപ്രായക്കാരാണ് മറ്റുള്ളവരെല്ലാം. സുപ്രീംകോടതിയില്‍ ഏത് തരത്തിലുള്ള വാദങ്ങള്‍ വരുമെന്ന പറയാന്‍ പറ്റില്ല.

നിങ്ങളെ പൗരനല്ലാതാക്കുന്നതിന്റെ തുടക്കം 2020-ലെ സെന്‍സെസില്‍: കണ്ണന്‍ ഗോപിനാഥന്‍ 1

അവരുടേ പേടിയും നമ്മുടെ പേടിയും ഒന്ന് തന്നെ

സത്യത്തില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരുടേയും അതിന് പുറത്ത് ഇന്ത്യയില്‍ മറ്റ് ഭാഗങ്ങളിലുള്ളവരുടേയും പേടി ഒന്നാണ്. അതായത് പൗരത്വ നിയമം (സിഎബി) എന്നത് ഭരണഘടനാ വിരുദ്ധമായ, വര്‍ഗീയ നിയമമാണ്. ഈ നിയമം വിവേചനം കാണിക്കുന്നു. വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലേക്ക് ആളുകള്‍ വരുന്നതിനെ അവര്‍ പേടിക്കുന്നു. അവിടേയും ഇവിടേയും ആളുകളെ പുറത്താക്കും. രണ്ടിടത്തും ഒരേ വിഭാഗത്തേ പുറത്താക്കുകയുള്ളൂ. ഈ വിവേചനം ഇല്ലെങ്കില്‍ പല കാര്യങ്ങളും തീര്‍പ്പാക്കാന്‍ പറ്റും.

1985-ലെ അസം അക്കോര്‍ഡ് മുതല്‍ 2013 വരെ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. ഒരു ഓവര്‍ ആക്ടീവായ സുപ്രീംകോടതി ജഡ്ജി കാരണമാണ് ഇന്നത്തെ നിലയില്‍ കാര്യങ്ങള്‍ എത്തിയത്. ഇപ്പോള്‍ മുന്നോട്ടാണോ പിന്നോട്ടാണോ പോകേണ്ടത് എന്ന് അറിയാന്‍ പറ്റാത്ത അവസ്ഥയായി. ഒരു പരിഹാരം എന്ന് പറയുന്നത് സിഎബി എന്ന നിയമത്തെ പിന്‍വലിക്കുക അല്ലെങ്കില്‍ എത്രയും പെട്ടെന്ന് സുപ്രീംകോടതി നിയമത്തെ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കുക.

ഒരാള്‍ പൗരനാണെന്ന് എങ്ങനെ തീരുമാനിക്കും?

പൗരത്വ നിയമം എന്ന് പറയുമ്പോള്‍ എല്ലാവരും ചോദിക്കുന്നത് അത് എങ്ങനെയാണ് ഇന്ത്യാക്കാര്‍ക്ക് എതിരാകുന്നത് എന്നാണ്. ഇന്ത്യയിലെ മുസ്ലിങ്ങളെ എങ്ങനെ ബാധിക്കും. അത് അറിയാന്‍ എന്തുകൊണ്ടാണ് സിഎബി വന്നതെന്ന് ആദ്യം മനസ്സിലാക്കണം.

ഒരാള്‍ പൗരനാണോ അല്ലയോ എന്ന് എങ്ങനെയാണ് തീരുമാനിക്കുക. ബംഗ്ലാദേശില്‍ നിന്ന് ഇങ്ങോട്ടേക്ക് കയറുമ്പോള്‍ പിടിച്ചാല്‍ നമുക്ക് മനസ്സിലാക്കാം, അയാള്‍ പൗരനല്ലെന്ന്. പക്ഷേ, അകത്തിരിക്കുന്ന, നമ്മുടെ അപ്പുറത്തും ഇപ്പുറത്തും ഇരിക്കുന്ന ഒരാള്‍ പൗരനാണോ അല്ലയോ എന്ന് എങ്ങനെയാണ് സര്‍ക്കാര്‍ തീരുമാനിക്കുക. കേന്ദ്ര, സംസ്ഥാന ഉദ്യോഗസ്ഥര്‍ നമ്മുടെ കൈയിലെ രേഖകള്‍ പരിശോധിച്ച് തീരുമാനിക്കും.

ഞാന്‍ ജീവനോടെയുണ്ടെന്ന് പറഞ്ഞാല്‍ പെന്‍ഷന്‍ കിട്ടില്ല. ഞാന്‍ ജീവനോടെയുണ്ടെന്നുള്ള സര്‍ട്ടിഫിക്കറ്റ് കൊണ്ട് പോയാല്‍ അവര്‍ അംഗീകരിക്കും. എനിക്ക് ജീവന്‍ ഉണ്ടെന്ന്. പെന്‍ഷനും കിട്ടും. ആ രീതിയുള്ള ഒരു സര്‍ക്കാര്‍ പ്രക്രിയയാണ് പൗരനാണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ പോകുന്നത്.

അപ്പോള്‍ രേഖകള്‍ ഇല്ലാത്തവര്‍ പൗരന്മാരല്ല. പാവപ്പെട്ടവര്‍, ആദിവാസികള്‍, ദളിതര്‍, മറ്റ് സംസ്ഥാനങ്ങളില്‍ പോയി ജോലി ചെയ്യുന്നവര്‍, വീടും നാടുമില്ലാതെ നടക്കുന്നവര്‍, പ്രളയം, തീ തുടങ്ങിയ കാരണങ്ങളാല്‍ രേഖകള്‍ നശിച്ച് പോയവര്‍, ഭിക്ഷക്കാര്‍, ചേരികളില്‍ താമസിക്കുന്നവര്‍, ഉത്തരേന്ത്യയില്‍ സ്ത്രീകള്‍ കല്ല്യാണം കഴിഞ്ഞ വിദൂരമായ ഗ്രാമങ്ങളിലേക്ക് പോകുമ്പോള്‍ രേഖകള്‍ എടുക്കാറില്ല. ഇവരെയൊക്കെയാണ് ബാധിക്കാന്‍ പോകുന്നത്. ആദിവാസികളൊക്കെ രേഖകളുടെ ആവശ്യത്തെ കുറിച്ച് പോലും ചിന്തിക്കാത്തവരാണ്. മൂന്നും നാലും രേഖകള്‍ പരിശോധിച്ച് അവ താരതമ്യപ്പെടുത്തിയാണ് പൗരനാണോയെന്ന് തീരുമാനിക്കുന്നത്.

ഹിന്ദുവാണെങ്കില്‍ അവരെ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവയിലൊന്നില്‍ നിന്ന് വന്ന അഭയാര്‍ത്ഥിയായി കണക്കാക്കി പുതിയ പൗരത്വ നിയമം അനുസരിച്ച് പൗരത്വം കൊടുക്കും. മുസ്ലിമാണെങ്കിലോ. കഥ കഴിഞ്ഞു. അവര്‍ക്കൊന്നും ചെയ്യാന്‍ പറ്റില്ല. നാട് കടത്തുക, അല്ലെങ്കില്‍ ഡിറ്റെന്‍ഷന്‍ സെന്ററിലേക്ക് പോകുകയെന്നേയുള്ളൂ.

നിയമം എങ്ങനെ വന്നുവെന്ന് അറിയണം

എന്തുകൊണ്ട് ഈ നിയമം വന്നുവെന്ന് മനസ്സിലാക്കാത്തവരും അല്ലെങ്കില്‍ മനസ്സിലാക്കിയിട്ടും കണ്ടില്ലെന്ന് നടിക്കുന്നവരാണ് പൗരത്വ നിയമം കൊണ്ട് ഇന്ത്യാക്കാര്‍ക്ക് എന്ത് പ്രശ്‌നം എന്ന് ചോദിക്കുന്നത്.

അസമില്‍ നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് (എന്‍ആര്‍സി) വന്നതിന് ശേഷം, ദേശീയ തലത്തില്‍ പൗരത്വ രജിസ്ട്രി നടപ്പിലാക്കാണ് പൗരത്വ നിയമം (സിഎബി) കൊണ്ട് വന്നതെന്ന് ബംഗാളില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഒരു കേന്ദ്ര മന്ത്രി പറയുന്നുണ്ട്.

സൗത്ത് ഏഷ്യ എന്ന് പറയുമ്പോള്‍ ശ്രീലങ്കയൊക്കെ വരണം. വിഭജന സമയത്തെ ഇന്ത്യയെ കുറിച്ച് അവര്‍ പറയുന്നു. അങ്ങനെയാണെങ്കില്‍ അഫ്ഗാനിസ്ഥാന്‍ വരാന്‍ പാടില്ല. കുറച്ച് കൂടെ മുന്‍കാലം പറയുകയാണെങ്കില്‍ മ്യാന്‍മാര്‍ വരണം. രാജ്യത്തിന് മതമുള്ള രാജ്യങ്ങള്‍ എന്ന് പറയുകയാണെങ്കില്‍ ശ്രീലങ്കയ്ക്ക് മതമുണ്ട്.

നിങ്ങളെ പൗരനല്ലാതാക്കുന്നതിന്റെ തുടക്കം 2020-ലെ സെന്‍സെസില്‍: കണ്ണന്‍ ഗോപിനാഥന്‍ 2

ആദ്യമേ ടാര്‍ഗറ്റ് തീരുമാനിച്ചു, പിന്നെ നിയമം എഴുതി

മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് മാത്രം പൗരത്വം കൊടുക്കാം എന്ന് പറഞ്ഞാല്‍ അര്‍ത്ഥമാക്കുന്നത് മുസ്ലിങ്ങളെ ഒരുകാരണവശാലും ഇതില്‍ ഉള്‍പ്പെടുത്തണ്ട എന്നാണ്.

ആദ്യമേ ടാര്‍ഗറ്റ് തീരുമാനിച്ചു. പിന്നെ എങ്ങനെ ന്യായീകരിക്കാം എന്ന് നോക്കി അത്തരത്തിലൊരു ബില്‍ ബ്യൂറോക്രസിയോട് പറഞ്ഞ് ഉണ്ടാക്കി. എന്താണ് ചെയ്യേണ്ടതെന്ന് നേരത്തേ അവര്‍ക്ക് അറിയാം. അല്ലാതെ മതപരമായ അടിച്ചമര്‍ത്തലുകള്‍ അനുഭവിച്ചവര്‍ക്ക് പൗരത്വം കൊടുക്കാനുള്ള ബില്‍ അല്ല ഇത്. എത്രയൊക്കെ ചെയ്തിട്ടും, വ്യക്തമായി ന്യായീകരിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. വിദേഷ്വം കാരണം കണ്ണ്് കാണാന്‍ പറ്റാത്ത അവസ്ഥയിലാണ് അവര്‍.

സംഘപരിവാറിന്റെ പ്രൊപ്പഗണ്ട മെഷീനൊന്നും ഇനിയിപ്പോള്‍ ഫലിക്കാന്‍ പോകുന്നില്ല. അതൊക്കെ ഫേസ് ബുക്കിലും വാട്‌സ് ആപ്പിലും ഇരിക്കുന്ന സമയത്ത് മാത്രമേ ഫലിക്കത്തുള്ളൂ. ആളുകള്‍ തെരുവിലേക്ക് ഇറങ്ങിക്കഴിഞ്ഞാല്‍ അത് ഫലിക്കുമെന്ന് തോന്നുന്നില്ല.

നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്റര്‍ (എന്‍ പി ആര്‍) നടപ്പിലാക്കരുത്‌

കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സും പൗരത്വ നിയമവും നടപ്പിലാക്കില്ലെന്ന് പറഞ്ഞു. പക്ഷേ, നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്റര്‍ (എന്‍ പി ആര്‍) നടപ്പിലാക്കുമെന്നും പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ എന്‍ പി ആര്‍ വഴിയാണ് എന്‍ ആര്‍ സി നടപ്പിലാക്കാന്‍ പോകുന്നത്. അത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അറിയാം എന്നാണ് എന്റെ വിശ്വാസം. അത് മുഖ്യമന്ത്രിക്ക് അറിയാമോയെന്ന് എനിക്ക് അറിയില്ല.

2020-ല്‍ സെന്‍സസ് എടുക്കേണ്ട വര്‍ഷമാണ്. ഇത്തവണ സെന്‍സസ് അല്ല എടുക്കുന്നത്. പകരം, നാഷണല്‍ പോപുലേഷന്‍ രജിസ്റ്റര്‍ തയ്യാറാക്കുകയാണ്. അതിനുള്ള ഫോമില്‍ പൗരനാണോ അല്ലയോ എന്ന് ചോദിക്കുന്ന ഒരു കോളമുണ്ട്. ആ കോളം വഴിയാണ് പൗരനാണോ അല്ലയോ എന്ന ആദ്യ പട്ടിക വരുന്നത്. ആ ലിസ്റ്റ് വന്ന് കഴിഞ്ഞാല്‍ ബാക്കിയുള്ളവര്‍ക്ക് മാത്രം എന്‍ ആര്‍ സി കൊടുത്താല്‍ മതി. അതിനാല്‍ എന്‍ പി ആര്‍ ചെയ്യില്ല എന്നാണ് ആദ്യം പറയേണ്ടത്.

ഈ കോളം ഒഴിവാക്കിയുള്ള സെന്‍സെസ് മാത്രമേ നമ്മള്‍ ചെയ്യുകയുള്ളൂവെന്ന് തീരുമാനിക്കണം. മൂന്നോ നാലോ സംസ്ഥാനങ്ങള്‍ ഈ തീരുമാനം എടുത്താല്‍ കാര്യം കഴിഞ്ഞു. എന്‍ സി ആര്‍ എന്നത് എന്‍ ആര്‍ സിയുടെ ഭാഗമാണ്. അത് എല്ലാവര്‍ക്കും മനസ്സിലായിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ ബുദ്ധിപരമായിട്ടാണ് ചെയ്യുന്നത്. എന്‍ സി ആറിനെ പത്ത് വര്‍ഷത്തെ ഫേസാക്കി മാറ്റി വച്ചിരിക്കുകയാണ്.

പക്ഷേ, വളരെ വ്യക്തമായിട്ട് അവര്‍ എന്‍ സി ആര്‍ വഴിയാണ് എന്‍ ആര്‍ സി ചെയ്യാന്‍ പോകുന്നത്. അതുകൊണ്ടാണ് പൗരനാണോ അല്ലയോ എന്ന കോളം വരുന്നത്. അതുകൊണ്ട് എന്‍ പി ആറിനെ എതിര്‍ക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

എല്ലാ സംസ്ഥാന സര്‍ക്കാരുകളും എന്‍ സി ആറിന്റെ നോട്ടിഫിക്കേഷന്‍ നവംബറില്‍ പുറപ്പെടുവിച്ചു കഴിഞ്ഞു. അത് പിന്‍വലിക്കണം. സംസ്ഥാന സര്‍ക്കാരും അവരുടെ ജീവനക്കാരുമാണ് എന്‍ സി ആര്‍ ചെയ്യുക. ജീവനക്കാര്‍ അതുമായി ബന്ധപ്പെട്ട ഡാറ്റ എടുക്കരുത് എന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കണം. സെന്‍സസ് എന്നാല്‍ ഒരു അഗ്രഗേറ്റ് ഡാറ്റ ശേഖരണമാണ്. അതില്‍ രേഖകള്‍ പരിശോധിക്കില്ലെന്നും പൗരത്വത്തിന്റെ ഭാഗം ചെയ്യില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കണം.

ജനം നിരത്തിലിറങ്ങി, ഇനി രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടെ നിന്നേ മതിയാകൂ

ഇന്ത്യ ശക്തമായ ഒരു രാജ്യമാണ്. ഈ രാജ്യം പിടിച്ച് നിന്നത് ജനങ്ങളുടെ ശക്തി കൊണ്ടാണ്. ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ എല്ലായിടത്തും നടക്കുന്നുണ്ട്. മുമ്പും ഇത്തരം പ്രതിഷേധങ്ങള്‍ നടന്നപ്പോള്‍ നേതൃത്വം നല്‍കാന്‍ ഓരോരുത്തര്‍ മുന്നോട്ട് വന്നിട്ടുണ്ട്.

നാല് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ കൂടാതെ ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. പല സര്‍വകലാശാലകളിലും വിദ്യാര്‍ത്ഥികള്‍ രംഗത്ത് ഇറങ്ങിക്കഴിഞ്ഞു. അതൊക്കെ ജനങ്ങള്‍ ആണ് ചെയ്യുന്നത്. അതിന് നേതൃത്വം കൊടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയുന്നില്ല. പക്ഷേ, ഇനിയിപ്പോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വന്നേ പറ്റൂ. കാരണം, ജനം നിരത്തില്‍ ഇറങ്ങിക്കഴിഞ്ഞു. അവര്‍ വിളിച്ചാലും ഇല്ലെങ്കിലും പാര്‍ട്ടികള്‍ക്ക് വന്നേ മതിയാകൂ. വേറെ മാര്‍ഗമില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇറങ്ങിയാല്‍ അവരെ ആക്രമിച്ചാല്‍ പിന്‍മാറാന്‍ സാധ്യതയുണ്ട്. പക്ഷേ, ജനത്തിന്റെ പ്രതിഷേധത്തിന് ശക്തിയുണ്ട്. അത് അടിച്ചമര്‍ത്താന്‍ പറ്റില്ല. ഈ പ്രതിഷേധത്തിനൊപ്പം ചേരുക, നേതൃത്വം കൊടുക്കുക എന്നതാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചെയ്യാന്‍ കഴിയുക.

നിങ്ങളെ പൗരനല്ലാതാക്കുന്നതിന്റെ തുടക്കം 2020-ലെ സെന്‍സെസില്‍: കണ്ണന്‍ ഗോപിനാഥന്‍ 3

ഉദ്യോഗസ്ഥര്‍ക്ക്‌ മറുത്ത് പറയാന്‍ കഴിയില്ല

സിവില്‍ സര്‍വീസുകാര്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ യെസ് പറഞ്ഞു നില്‍ക്കുകയേയുള്ളൂ. എതിര്‍ത്ത് പറയുന്നുണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ടാണ് ഇതുപോലെയുള്ള കാര്യങ്ങള്‍ ചെയ്യുന്നത്. അല്ലെങ്കില്‍ മനസ്സാക്ഷിയുള്ള ഏത് ഉദ്യോഗസ്ഥനാണ് ഇത്തരമൊരു നിയമം തയ്യാറാക്കി കൊടുക്കുക. ഇന്ത്യയുടെ ഭരണഘടനയില്‍ പ്രതിജ്ഞ ചെയ്തിട്ടുള്ള ഏത് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ് ഇത്തരമൊരു നിയമം മുന്നോട്ട് വയ്ക്കാന്‍ പറ്റുക. സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നു. അത്രയേയുള്ളൂ.

കൂടുതല്‍ രാജി പ്രതീക്ഷിക്കാമോ?

നിരവധി പേര്‍ രാജി വയ്ക്കുന്നതിനെ കുറിച്ച് സംസാരിക്കാന്‍ എന്നെ വിളിച്ചിരുന്നു. രാജി വയ്ക്കണോ വേണ്ടയോയെന്ന് സ്വയം തീരുമാനിക്കണം. എനിക്ക് കിട്ടിയ ഉപദേശങ്ങള്‍ ഞാനും നല്‍കുന്നു. അന്തിമമായി അത് സ്വന്തം മനസ്സാക്ഷിയുടെ വിളിയാണ്.

അകത്ത് നിന്ന് പോരാടുന്നതാണോ പുറത്ത് വന്ന് പോരാടുന്നതാണോ ഉചിതം?

അകത്ത് നിന്ന് പേരാടാനൊന്നും പറ്റില്ല. പക്ഷേ, ഒരു മൂവ്‌മെന്റ് ആയി തുടങ്ങിയിട്ടുണ്ട്. പാര്‍ലമെന്റില്‍ മൃഗീയ ഭൂരിപക്ഷം ഉണ്ട് അല്ലെങ്കില്‍ രാജ്യസഭയില്‍ ആളുകളെ വാങ്ങിച്ച് ബില്ലുകള്‍ നിയമങ്ങളാക്കി മാറ്റാം എന്നൊക്കെയുള്ള തോന്നലുകള്‍ മാറിയിട്ട് നമ്മള്‍ പറയുന്ന കാര്യങ്ങളില്‍ ഇന്ത്യയില്‍ പ്രതിഷേധം ഉണ്ടാകാം എന്ന് സര്‍ക്കാര്‍ മനസ്സിലാക്കണം. അതിനെ കണക്കിലെടുക്കണം. ചര്‍ച്ച നടത്തണം.

ഇത്രയും പ്രധാന നിയമത്തെ പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റിക്ക് വിട്ടില്ല. സുതാര്യത എന്നൊരു സംഭവമില്ല. അവരുടെ എംപിമാരുടെ അഭിപ്രായം പോലും കേട്ടിട്ടില്ല. ഒരു ഭേദഗതി പോലും അനുവദിച്ചില്ല. ഞങ്ങള്‍ പറയുന്നു. ഞങ്ങള്‍ ചെയ്യുന്നുവെന്ന രീതിയാണ് സര്‍ക്കാരിന്റേത്. ആ ഒരു രീതി മാറണം. ജനാധിപത്യ രാജ്യമാണ് ഇന്ത്യ. പ്രതിപക്ഷമായാലും സിവില്‍ സൊസൈറ്റിയായാലും രാജ്യത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. നമ്മളെ ചോദ്യം ചെയ്യുന്നവരെല്ലാം ദേശ ദ്രോഹികളാണെന്ന തോന്നലാണ് സര്‍ക്കാരിനുള്ളത്. കേന്ദ്ര സര്‍ക്കാരാണ് രാജ്യം എന്ന് വിചാരിക്കാന്‍ പറ്റില്ല.

സുപ്രീംകോടതി ഇപ്പോള്‍ ഗവേണന്‍സ് മോഡില്‍

ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സുരക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ബിന്ദു അമ്മിണിയോടും രഹ്ന ഫാത്തിമയോടും കോടതി പറഞ്ഞത് നിയമം നിങ്ങള്‍ക്ക് അനുകൂലമാണ് പക്ഷേ, വൈകാരികമായ വിഷയം ആണ് ശബരിമലയെന്നും അതിനാല്‍ നിങ്ങള്‍ക്ക് അനുകൂലമായി വിധി പറയാന്‍ പറ്റില്ലെന്നാണ്. വൈകാരികമായ വിഷയം ആയതിനാല്‍ നിങ്ങള്‍ കാത്തിരിക്കൂവെന്നാണ് കോടതി പറയുന്നത്. സുപ്രീംകോടതിയുടെ വിധി മൗലിക അവകാശത്തെ കുറിച്ചാണ്. പക്ഷേ, വൈകാരിക വിഷയം ആയതിനാല്‍ ഇവിടെ അതൊന്നും ബാധകമല്ലെന്നാണ്. ഒരു ഗവേണന്‍സ് മോഡിലാണ് സുപ്രീംകോടതി ഇപ്പോള്‍ ശബരിമല വിധിയെ കാണുന്നത്. അവകാശങ്ങളുടെ അടിസ്ഥാനത്തില്‍ അല്ല.

സുപ്രീംകോടതി പൗരന്റെ അവകാശം സംരക്ഷിക്കാനുള്ളതാണ്. അവകാശങ്ങളില്‍ അധിഷ്ടിതമായ ജുഡീഷ്യറിയില്‍ നിന്നും എക്‌സിക്യൂട്ടീവ്- ഗവേണന്‍സ് രീതിയിലുള്ള കോടതിയായി. ഞാന്‍ ഒരു വിധി പറഞ്ഞാല്‍ അവിടെ പ്രശ്‌നമുണ്ടാകുമോ എന്നാണ് കോടതി നോക്കിയത്. ശരിയാണോ തെറ്റാണോ എന്നല്ല. അത് തെരഞ്ഞെടുപ്പില്‍ നില്‍ക്കുന്നവരെ പോലെയാണ്. പ്രശ്‌നമുണ്ടാകുമോയെന്ന് നോക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. ശരിയാണ് എന്ന് പറഞ്ഞൊരു കാര്യം അനുവദിക്കാതിരിക്കുന്നത് എങ്ങനെ ശരിയാകും. അല്ലെങ്കില്‍ കോടതി ഔദ്യോഗികമായി ഒരു സ്‌റ്റേ ഓര്‍ഡര്‍ കൊടുക്കണം. അല്ലെങ്കില്‍ റിവ്യൂ ഹര്‍ജി പരിഗണിച്ച് തെറ്റാണെന്ന് പറയണം. രണ്ട് പറയുന്നില്ല. ജഡ്ജ്‌മെന്റിന്റെ വിധി നിലനില്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ ആ വിധി പ്രകാരമുള്ള റിലീഫ് കൊടുക്കുന്നുമില്ല.

എന്തുകൊണ്ടാണ് ജുഡീഷ്യറി ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതെന്ന് അറിയില്ല. ഇതൊരു ഇമോഷണല്‍ ഇഷ്യൂ ആണെന്നാണ് പറഞ്ഞിരിക്കുന്നത്. ഇമോഷണല്‍ ഇഷ്യൂ ആണെങ്കില്‍ ശരിയോ തെറ്റോ എന്ന് നോക്കേണ്ട കാര്യമില്ല. ഈ രാജ്യത്തെ ഏത് വിഷയവും ഇമോഷണല്‍ ഇഷ്യൂ ആക്കി മാറ്റിയെടുക്കാം.

നിങ്ങളെ പൗരനല്ലാതാക്കുന്നതിന്റെ തുടക്കം 2020-ലെ സെന്‍സെസില്‍: കണ്ണന്‍ ഗോപിനാഥന്‍ 4

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More