കൊവിഡ് കാലത്തെ മാനസിക സംഘര്‍ഷങ്ങളും പ്രതിവിധികളും
കൊവിഡ് കാലം സൃഷ്ടിച്ച തന്നിലേക്ക് തന്നെ ചുരുങ്ങിയ സാമൂഹിക പരിസരത്തിലാണ് നാമോരോരുത്തരും. ലോക്ക് ഡൗണില്‍ ബന്ധനത്തിന്റെ അദൃശ്യമായ അഴികളില്‍ കുരുങ്ങി നാം സമ്മര്‍ദ്ദത്തിലാണ്. സാമ്പത്തിക ഞെരുക്കത്തിന്റെയും അനിശ്ചിതത്വത്തിന്റെയും ഇടനാഴിയിലാണ് ജീവിതം. ഉറക്കമില്ലായ്മയും ആശങ്കകളും നമ്മെ വിടാതെ പിന്തുടരുന്നു. പ്രതിസന്ധികളെ ലഹരിയില്‍ മുക്കിയും സാമൂഹിക മാദ്ധ്യമങ്ങളില്‍ തലതാഴ്ത്തിയും ഏറെക്കാലം നമുക്ക് മുന്നോട്ടു കൊണ്ടു പോകാനാകുമോ. പ്രതിസന്ധികളെ നേരിടാന്‍ ബുദ്ധിയോ വൈകാരിക ബുദ്ധിയോ ഏതാണ് ഫലപ്രദം? ആള്‍ക്കൂട്ടക്കൊലകള്‍, കണ്ടീഷനിംഗ്, പ്രണയപ്പക അങ്ങനെ മനുഷ്യമനസിനെ ചൂഴ്ന്ന് നില്ക്കുന്ന കറുപ്പും വെളുപ്പും നിറഞ്ഞ എല്ലാ അടരുകളിലേക്കും വെളിച്ചം വീശുകയാണ് ‘അഭിമുഖം’. നിറയെ ചോദ്യങ്ങള്‍ക്ക് മനസ് നിറഞ്ഞ ഉത്തരവുമായി മാനസികാരോഗ്യ വിദഗ്ധന്‍ ഡോ. സി.ജെ ജോണ്‍ ധനശ്രീയുമായി സംസാരിക്കുന്നു.
കൊവിഡ് എന്ന യാഥാര്‍ത്ഥ്യത്തിന്റെ മുന്നിലാണ് നാം. പറന്നു നടന്നവര്‍ ചിറകരിഞ്ഞ അവസ്ഥയിലാണ്. ഓടി നടന്നവര്‍ ചലനശേഷി നഷ്ടപ്പെട്ട അവസ്ഥയിലും. ലോക്ക് ഡൗണ്‍ എങ്ങനെയാണ് ഒരു ജനതയുടെ മാനസികനിലയെ ബാധിക്കുക ?
കോവിഡ് 19 വന്ന കാലത്ത് വലിയൊരു പകര്‍ച്ച വ്യാധിയാണതെന്ന് നമുക്ക് അറിയാമായിരുന്നു. ലോക്ക് ഡൗണ്‍ വന്നാല്‍ രോഗനിയന്ത്രണം ഉണ്ടാകുമെന്നും പ്രതീക്ഷിച്ചു. ആദ്യ ലോക്ക് ഡൗണിനെ, കേരളത്തില്‍ പരമ്പരാഗതമായി നടന്നുപോന്നിരുന്ന ഹര്‍ത്താലിന്റെ നീണ്ട പതിപ്പായി കണക്കാക്കി ചിലരെങ്കിലും തെല്ലൊരു കൗതുകത്തോടെയാണ് കണ്ടത്. പിന്നെ കോവിഡ് പകര്‍ന്നേക്കും നമ്മെയും ബാധിച്ചേക്കുമെന്ന ആശങ്കയോടെ എല്ലാവരും ഈ കാലഘട്ടത്തെ പിന്നിട്ടു.
എന്നാല്‍ വീണ്ടും ലോക്ക് ഡൗണ്‍ വരികയും കോവിഡിനെ കുറിച്ച് കൃത്യമായി പറയാന്‍ ശാസ്ത്ര ലോകത്തിന് കഴിയാതിരിക്കുകയും ചെയ്തതോടെ ആളുകളുടെ മനസില്‍ ഒരു അനിശ്ചിതാവസ്ഥ വന്നുകേറി. ആദ്യകാലത്ത് വീട്ടിലിരിപ്പിനെ, വീട്ടിലിരിക്കുമ്പോളുണ്ടാകുന്ന സംഘര്‍ഷത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും അതിനായി എന്തൊക്കെ ചെയ്യാമെന്നതിനെ കുറിച്ചുമായിരുന്നു ചിന്തകള്‍. പിന്നെ ക്വാറന്റൈനില്‍ കഴിയുന്നവരുടെ മാനസിക പ്രശ്നങ്ങള്‍, ഒറ്റപ്പെടല്‍, വിഷാദം തുടങ്ങിയ കാര്യങ്ങളെ എങ്ങനെ ഇല്ലാതാക്കാം എന്നതായി ചര്‍ച്ച.
രണ്ട് മാസമൊക്കെ പിന്നിടുമ്പോള്‍ പൊതുസമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി അന്തവും കുന്തവുമില്ലാത്ത ഈ അനിശ്ചിതത്വമാണ്. ആ വിഹ്വലതയിലൂടെയാണ് സമൂഹം കടന്നുപോകുന്നത്. പലര്‍ക്കും വൈറസ് സാന്നിദ്ധ്യം ഉണ്ടാക്കിയിട്ടുള്ള സാമൂഹിക ക്രമത്തിന്റെ ഭാഗമായി തൊഴില്‍ നഷ്ടവും വരുമാനനഷ്ടവും ഉണ്ടായി. ദിനചര്യകളെയെല്ലാം പാടേ മാറി.
വീടിന്റെ ഘടനയും മാറി. മിക്കവാറും എല്ലാവരും വീട്ടിലിരിക്കുന്നു. കുട്ടികള്‍ക്ക് സ്കൂളില്‍ പോകാനാകുന്നില്ല, പുറത്ത് പോയി കളിക്കാനാകുന്നില്ല. വൃദ്ധര്‍ക്ക് ഒറ്റയ്ക്ക് മാറിയിരിക്കേണ്ടി വരുന്നു. തൊഴില്‍ നഷ്ടവും വരുമാന നഷ്ടവും മൂലം ജീവിതത്തിന്റെ പ്രതിസന്ധിയുമേറി. ആദ്യകാലഘട്ടങ്ങളില്‍ വൈറസ് ആരോഗ്യഭീഷണി ഉയര്‍ത്തി, ജീവനുമായി ബന്ധപ്പെട്ട പ്രതിസന്ധികളാണ് സൃഷ്ടിച്ചതെങ്കില്‍ ഇപ്പോള്‍ ഉപജീവനവുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ കൂടി സൃഷ്ടിക്കുന്നുണ്ട് .
ഏതെങ്കിലും കാര്യങ്ങളിലൊക്കെ നമുക്ക് നിശ്ചയം ഉണ്ടാകുന്നുവെങ്കില്‍ നമുക്ക് പൊരുത്തപ്പെടാന്‍ കുറെക്കൂടി എളുപ്പമാണ്. അത് വിപരീതവും അപ്രീയവുമാണെങ്കില് അതിനോട് നാം വിഷാദത്തോടെ പ്രതികരിക്കും. കുറച്ച് കാലം നാമാ സങ്കടം കൊണ്ടുനടക്കും. പിന്നെ അതിനോട് സമരസപ്പെടും. ആ പ്രതിസന്ധി ഉണ്ടാക്കിയിട്ടുള്ള മാനസിക അവസ്ഥയില്‍ നിന്ന് മുന്നോട്ടു പോകണമെന്ന തീരുമാനമൊക്കെയുണ്ടാകും. നല്ല കാര്യമാണെങ്കില്‍ നമുക്ക് സന്തോഷിക്കുകയും ആകാം. പക്ഷേ ഇത് രണ്ടുമല്ലാത്ത അനിശ്ചിതത്വം വരുമ്പോള്‍ വ്യക്തികളെ സംബന്ധിച്ച് വല്ലാത്ത ഇച്ഛാഭംഗം തോന്നും, കോപം തോന്നും, ആശങ്കകള്‍ തോന്നും, ആശയ കുഴപ്പം ഉണ്ടാകും. അങ്ങനെ ഇതെല്ലാം കൂടിക്കുഴഞ്ഞ മാനസികാവസ്ഥയിലേക്ക് അവര്‍ പോകും.
ഇപ്പോള്‍ നാം കാണുന്ന ആളുകളില്‍ പലരും ഈ ഭാവങ്ങളുടെ മിശ്രിതമായിട്ടുള്ള മാനസിക പ്രശ്നങ്ങളുമായി നടക്കുന്നവരാണ്. ചെറിയ രീതിയില്‍ ജോലി ചെയ്യുന്നയാളായാലും വലിയ സ്ഥാപനങ്ങള്‍ നടത്തുന്നയാളായാലും സാമ്പത്തിക ചോര്‍ച്ചയെന്നത് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാണ്. തൊഴില്‍ നഷ്ടത്തിന്റെ തോത് വളരെ കൂടുതലാണ്. എന്ന് മാറ്റം വരും എന്ന ചോദ്യത്തിന് കൂടി ഉത്തരം കിട്ടാതെ വരുന്നതോടെ വല്ലാത്ത കോപം, നൈരാശ്യം, ആശങ്ക എന്നിവയിലൂടെ ആളുകള്‍ കടന്നുപോകും.
പകലൊക്കെ ഇങ്ങനെ പോകും. എന്നാല്‍ ഉറക്കത്തോട് അടുക്കുമ്പോള്‍ ഇങ്ങനെ പോയാല്‍ കുട്ടികളുടെ ഫീസ് എങ്ങനെ അടയ്ക്കും, യൂണിഫോം എങ്ങനെ വാങ്ങും, മൊറട്ടോറിയം കാലാവധി കഴിഞ്ഞാല്‍ വീടിന്റെ ലോണ്‍ തിരിച്ചടവിന് എന്തും ചെയ്യും ഇങ്ങനെ നൂറായിരം ചിന്തകളൊക്കെ ഉടലെടുക്കും. ഇത് ഉറക്കം നഷ്ടപ്പെടുത്തും.
ക്വാറന്റൈനിലുള്ള ആളുകളെ മാത്രമല്ല ഇപ്പോള്‍ എല്ലാവരെയും ഇത് ബാധിക്കുകയാണ്. മറ്റൊന്ന് കേരളത്തിലെ കുടുംബങ്ങളിലെ ആരെങ്കിലുമൊക്കെ ഇതരസംസ്ഥാനങ്ങളിലോ, മറുനാട്ടില്‍ പ്രവാസികളായോ ജീവിക്കുന്നുണ്ട്. അവരെക്കുറിച്ച് ഓര്‍ത്ത് ആശങ്കപ്പെടുന്ന ഏറെപ്പേരുണ്ട് ഇവിടെയും. അങ്ങനെ വല്ലാത്ത മാനസിക പ്രതിസന്ധിയിലൂടെ സമൂഹം കടന്നുപോകുന്നു. ഈ വിഷയങ്ങളെയെല്ലാം മനസിലാക്കി, അതിനെ നേരിടാനുള്ള കെല്‍പ്പ് ഉണ്ടാക്കുക എന്നതാണ് പ്രധാനം.
ലോക്ക് ഡൗണ്‍ കാലത്ത് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന ആളുകളുടെ എണ്ണം കുറയുന്നുവെന്ന പ്രചരണമുണ്ട്. ഡോക്ടറുടെ അനുഭവത്തില്‍ ഈ പ്രചരണത്തില്‍ വല്ല സത്യവുമുണ്ടോ ?
ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കുറയുന്നത് വിദഗ്ദ്ധാഭിപ്രായം വേണ്ടവരുടെ കുറവായി വ്യാഖ്യാനിക്കുന്നത് ശരിയല്ല. സഹായം തേടല്‍ പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. വിദഗ്ദ്ധ സേവനം വേണോ വേണ്ടയോ എന്ന കാര്യത്തില്‍ അവര്‍ക്ക് കൃത്യമായ ബോധമുണ്ടാകണമെന്നില്ല.
പലപ്പോഴും ഉറക്കം നഷ്ടപ്പെടുന്നവരുണ്ട്. ജീവിതത്തിലേക്ക് തിരിച്ചുകയറാനുള്ള പ്രത്യാശയുമായി ബന്ധപ്പെട്ടുള്ള ഊര്‍ജ്ജത്തെ തകര്‍ക്കുന്ന കാര്യം വരുമ്പോള്‍ അതിനായി സഹായം തേടി ആശുപത്രിയിലെത്തണമെന്ന തോന്നലുണ്ടാകണമെന്നില്ല. പിന്നെ പൊതുഗതാഗത സംവിധാനത്തിന്റെ അഭാവവും തടസം സൃഷ്ടിക്കുന്നുണ്ട്.
എന്നാല്‍ മാനസികമായ ഇത്തരം വൈഷമ്യങ്ങള്‍ പറയാന്‍ തുടങ്ങി എന്നുള്ളതിന് തെളിവ് സര്‍ക്കാര്‍ തുടങ്ങി വച്ച സാന്ത്വന സംവിധാനത്തിന് സ്വീകര്യതയാണ്.
ഹെല്‍പ്പ് ലൈന്‍ നമ്പറിലൂടെ മാനസിക പിന്തുണ കിട്ടിയവര്‍ ഏഴ് ലക്ഷം കവിഞ്ഞെന്നാണ് വിവരം. പിന്നെ ജനങ്ങളുടെ പരസ്പര പിന്തുണയും ഇക്കാലം തുണയാകുന്നുണ്ട്. ഒരു പരിധി വരെ എല്ലാവരും ഈ പ്രശ്നങ്ങളെ നേരിടുന്നുവെന്ന വിചാരം മനസിന് അയവ് നല്കുന്നു. പക്ഷേ ഇതെല്ലാം എത്രകാലം എന്നത് പറയാനാകില്ല. തൊഴില്‍ നഷ്ടവും സാമ്പത്തിക വിഷമങ്ങളുമൊക്കെ വ്യക്തിയെ കൂടുതലായി ബാധിക്കുന്നതോടെ ഇതെല്ലാം പാടേ മാറും.
ലോക്ക് ഡൗണില്‍ ലോകമാകെ എടുത്താല്‍, ഇന്ത്യയില്‍ പ്രത്യേകിച്ചും ഗാര്‍ഹിക പീഡനങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തെ സംബന്ധിച്ച് അത് കുറവാണ്. എങ്കിലും പൊതുവായി ഈ പ്രശ്നങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ എന്തൊക്കെയാകാം ?
കുടുംബാംഗങ്ങള്‍ വീട്ടിലിരിക്കുന്ന ഒരുമിച്ചിരിക്കുന്ന സമയം താരതമ്യേന കൂടി. അസ്വാരസ്യത്തിന്റെ പശ്ചാത്തലമുള്ള ബന്ധങ്ങളില്‍ അപ്പോള്‍ കലഹങ്ങള്‍ വേഗത്തില്‍ പ്രകടമാകും. മുഖാമുഖം കാണാന്‍ കുറവ് അവസരങ്ങളുള്ളപ്പോള്‍ പ്രശ്നമുണ്ടാകാറില്ല.
മാനസിക സമ്മര്‍ദ്ദത്തിന്റെ കൂടി പശ്ചാത്തലത്തില്‍ പൊട്ടിത്തെറികളുണ്ടാകും. ഉണ്ടാകരുതെന്ന ജാഗ്രത പുലര്‍ത്തുക മാത്രമാണ് പ്രധാനമായും ചെയ്യേണ്ട കാര്യം. ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ വീട്ടിലെ ജീവിതം ദുരിതമാകും .
നഗരജീവിതത്തിലാണ് കേരളത്തില്‍ ഏറെപ്പേരും. ഫ്ളാറ്റിലും അപാര്‍ട്ടുമെന്റിലും കഴിയുന്ന കുട്ടികളും വൃദ്ധരും സ്ത്രീകളും നാല്ച്ചുവരുകള്ക്കിടയില് ഏറെ വീര്‍പ്പുമുട്ടുകയാണ്. പോകെപ്പോകെ ഇവര്‍ക്കെങ്ങനെ മാനസിക ആരോഗ്യം നിലനിറുത്താനാകും?
മുഷിഞ്ഞിരിക്കുമ്പോള്‍ ഓരോ വ്യക്തികളും അവരുടെ സമയം വിനിയോഗിക്കാന്‍ സന്തോഷകരമായ കാര്യങ്ങള്‍ കണ്ടെത്തി ചെയ്യുക. സ്ത്രീകളെ സംബന്ധിച്ച് വീടുകളില്‍ ജോലിക്ക് അവരെ സഹായിക്കാനെത്താറുള്ളവരുടെ വരവ് നിന്നു. മറ്റു കുടുംബാംഗങ്ങള്‍ പങ്കാളിത്ത മനോഭാവം കാണിക്കാത്ത സാഹചര്യമുള്ള വീടുകളില്‍ സ്ത്രീകള്‍ക്ക് അധികഭാരം ചുമക്കേണ്ടിവരും.
അത്തരത്തില്‍ വലിയ സമ്മര്‍ദത്തില്‍ പെട്ട സ്ത്രീകളുണ്ട്. തൊഴിലുകളില്‍ ജെന്‍ഡര്‍ വേര്‍തിരിവ് ഒഴിവാക്കേണ്ട കാലമാണിത് . ഗൃഹജോലി മുഴുവന്‍ സ്ത്രീയുടെ മേലിടാന്‍ പുതിയ സാഹചര്യങ്ങളില്‍ പറ്റില്ല. ഇക്കാലത്ത് പുതിയ കാര്യങ്ങള്‍ പഠിച്ചവരുണ്ട്. ബോട്ടില്‍ ആര്‍ട്ട്, ഇന്‍ഡോര്‍ പ്ളാന്റിംഗ്, മട്ടുപ്പാവ് കൃഷി ഇങ്ങനെ പല കാര്യങ്ങള്‍ ചെയ്ത് ആ കാലഘട്ടത്തെ രസകരമായി മറി കടന്നവരുണ്ട്.
യു ട്യൂബില്‍ കാണുന്ന പല കാര്യങ്ങളും കണ്ട് പരീക്ഷിക്കുന്നവരുണ്ട്. പിന്നെ ഈ സമയത്ത് വായിക്കാം. എത്രയോ ആളുകള്‍ ഇതുവരെയായി വിളിക്കാത്ത പല സുഹൃത്തുക്കളെയും വിളിക്കുന്നുണ്ട്. ഇതൊക്കെ നേരം പോകാനുള്ള വഴികള്‍. പക്ഷെ ഉപജീവനത്തിന്റെ പ്രതിസന്ധികള്‍ അവശേഷിക്കും.
സവിശേഷ ശ്രദ്ധ വേണ്ട രണ്ട് വിഭാഗം പ്രായമാവരും കുട്ടികളുമാണ്. മദ്ധ്യവേനലവധിയാണ് ഇക്കാലത്ത് കുട്ടികള്‍ക്ക് നഷ്ടപ്പെടുന്നത്. ഓടിച്ചാടി കളിക്കുകയും തിമിര്‍ത്ത് കളിക്കുകയും ചെയ്യുന്ന കാലമാണിത്.
പുറത്തിറങ്ങാതെ, കൂട്ടുകാരുമൊത്ത് കളിക്കാതെ, സമ്മര്‍ക്യാമ്പില്‍ പങ്കെടുക്കാതെ വീര്‍പ്പുമുട്ടി കഴിയുകയാണ് പലരും. പിന്നെ മറ്റൊരു അപകടകരമായ കാര്യമുണ്ട്. പല കുട്ടികളും വീഡിയോ ഗെയിമിലും മൊബൈലിലും കുടുങ്ങിപ്പോകുന്നുണ്ട്.
പലപ്പോഴും മാതാപിതാക്കളും ഇക്കാര്യം പറയുന്നുണ്ട്. ലോക്ക് ഡൗണ്‍ ആയതിനാല്‍ അവര്‍ക്ക് തടസം പറയാനും പറ്റുന്നില്ല. ലോക്ക് ഡൗണ്‍ കഴിയുമ്പോള്‍ ചില കുട്ടികളെങ്കിലും ഇതിലെല്ലാം അടിമപ്പെട്ടവരായി മാറും.
വീട്ടിലെ ഓരോ ജോലികളില്‍ സഹായിക്കല്‍, വായന, പുതിയ പുതിയ കളി പരിചയപ്പെടുത്തല്‍ അങ്ങനെ അങ്ങനെ വേണം അവരെ ഇതില്‍ നിന്നെല്ലാം വ്യതിചലിപ്പിക്കേണ്ടത്. പല പള്ളിക്കൂടങ്ങളിലും ഓണ്‍ ലൈന്‍ ക്ളാസുകള്‍ തുടങ്ങിയിട്ടുണ്ട്. ജൂണ്‍ മാസത്തോടെ അത് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കും. ഇനി സ്കൂളും കൂട്ടുകാരുമൊത്തുള്ള കളിയും ക്ളാസ് റൂമുമൊക്കെ എത്രത്തോളം പ്രാപ്യമാണെന്ന് ഉറപ്പ് പറയാനാകില്ലല്ലോ? ലോക്ക് ഡൗണ്‍ കാലത്ത് പാരന്റിംഗ് വലിയ വെല്ലുവിളിയാണ്.
മാതാപിതാക്കള്‍ കുട്ടികള്‍ക്കായി കൂടുതല്‍ സമയം കണ്ടെത്തണം. അവരോട് വര്‍ത്തമാനം പറയാനും വിനോദങ്ങളിലേക്ക് വഴിതിരിച്ചു വിടാനും കളികളില്‍ പങ്കാളികളാകാനും നേരമുണ്ടാക്കണം . ഇതൊന്നും അവരുടെ മദ്ധ്യവേനലവധി നഷ്ടമായതിന് പരിഹാരമാകില്ലെങ്കില് കൂടി അവധിക്കാലത്തെ ആസ്വാദ്യകരമാക്കാന്‍ കൂടെച്ചേരണം.
സ്വതവേ രോഗഭീതികളും മരണഭീതികളുമുള്ള വയോജനങ്ങള്‍ കൊറോണ കാലത്തു കൂടുതല്‍ ആശങ്കാകുലരാകുന്നതായി കാണുന്നുണ്ട് . രോഗം ബാധിക്കാന്‍ സാദ്ധ്യതയുള്ളത് കൊണ്ട് പുറത്ത് ഇറങ്ങരുതെന്ന ജാഗ്രതാ നിര്‍ദ്ദേശത്തെ ബുദ്ധിപരമായിട്ടാണ് ഉള്‍ക്കൊള്ളേണ്ടത്.
സാമൂഹിക ഇടപെടലുകളില്‍ നിന്നുള്ള അകന്നു മാറലിനെ ഒറ്റപ്പെടലായി കണക്കാക്കരുത്. അങ്ങനെ ചെയ്താല്‍ വിഷാദവും ആധിയും പിടികൂടും. ഇത്തരം അശാന്തികളില്‍ പെടുന്ന വയോജനങ്ങളെ ഇപ്പോള്‍ കാണുന്നുണ്ട്.
ഫ്ളാറ്റനിംഗ് ദ കര്‍വ് എന്നത് കേരളത്തെ സംബന്ധിച്ച് വലിയ നേട്ടമാണ്. അത് ആഘോഷിക്കുന്നുമുണ്ട്. ഒരു പക്ഷേ ലോക്ക് ഡൗണ്‍ നിയമങ്ങള്‍ 90 മുതല്‍ 95 ശതമാനം വരെ കൃത്യമായി പാലിച്ചതിന്റെ വിജയം കൂടിയാണിത്. എങ്ങനെയാണ് ജനങ്ങളുടെ ഈ മനോഭാവത്തെ കാണുന്നത് ?
കേരളത്തിലെ ആളുകള്‍ സാക്ഷരരാണ്. പറഞ്ഞാല്‍ മനസിലാകും എന്നത് പ്രധാന ഘടകമാണ്. എന്തുകൊണ്ട് ഈ നിയന്ത്രണങ്ങള്‍ എന്നത് ഉള്‍ക്കൊള്ളാനുള്ള വിദ്യാഭ്യാസ സാഹചര്യം അവര്‍ക്കുണ്ട്. ഫ്ളാറ്റനിംഗ് ദ കര്‍വ് എന്നത് സര്‍പ്പത്തിന്റെ തല തറയോട് ചേരുന്നത് പോലെയേ ഉള്ളൂ.
ഉദാസീനത ഉടലെടുത്താല്‍ കൊറോണ വൈറസ് എന്ന സര്‍പ്പം വീണ്ടും തലപൊക്കാം. വൈറസിനെ സംബന്ധിച്ച് കാര്യങ്ങള്‍ അറിയുന്നത് കൊണ്ട് മറ്റേത് സമൂഹത്തേക്കാളും കൂടുതല്‍ വിഹ്വലതകളും നമുക്കുണ്ട്. പക്ഷേ കോവിഡിനപ്പുറം ജീവിതമുണ്ടെന്ന ബോദ്ധ്യത്തോടെയാകണം മുന്നോട്ടുപോകേണ്ടത്.
പ്രളയത്തിന്റെയൊക്കെ സാഹചര്യത്തില്‍ വീടും ഉപജീവനവും ഭൗതികമായി നഷ്ടപ്പെടുകയായിരുന്നു. കൊവിഡിന്റെ കാര്യത്തില്‍ അത് നമ്മുടെ കഴിവിനെയോ, പ്രതിഭയെയോ ഇല്ലാതാക്കുന്നില്ല. അവനവനിലുള്ള വിശ്വാസം നിലനിറുത്തുക, പ്രത്യാശയുടെ ഊര്‍ജ്ജം ചോര്‍ന്നുപോകാതെ സൂക്ഷിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം.
ചിലപ്പോള്‍ തൊഴില്‍ നഷ്ടമായേക്കാം. പുതിയ കാലത്തിനൊത്ത് കൊറോണയ്ക്ക് ഒപ്പം ജീവിച്ച്, കഴിവുകളെ സൃഷ്ടിപരമായി ഉപയോഗപ്പെടുത്തി മുന്നോട്ടു കൊണ്ടു പോകുക എന്നതാണ് പ്രസക്തമെന്നാണ് കരുതുന്നത്.
പ്രളയം, നിപ്പ ദുരന്തങ്ങളെ എങ്ങനെ നേരിടണമെന്ന നമ്മുടെ മുന്‍കാല അനുഭവം പലപ്പോഴും നമുക്ക് ഈ ദുരന്തത്തിലും വഴികാട്ടിയാകുന്നുണ്ട്. സാക്ഷരതയും ഉയര്‍ന്ന ബൗദ്ധിക നിലവാരവുമൊക്കെ ഈ നേട്ടങ്ങളുമായി കൂട്ടി വായിക്കുമ്പോള്‍ നാം ഐക്യു (ഇന്റലിജന്റ്സ് ക്വാഷന്റ്) എന്ന ഘടകത്തെ മാത്രമാണ് മാനദണ്ഡമാക്കുന്നത്. ഇതോടൊപ്പം നേട്ടങ്ങളെ വിലയിരുത്താന്‍ ഇക്യു (ഇമോഷണല്‍ ക്വാഷന്റ് – വൈകാരിക ബുദ്ധി) എന്ന ഘടകത്തെ കൂടി വിലയിരുത്തേണ്ടതല്ലേ ?
ഓരോ പ്രതിസന്ധിയിലും ഓരോ സാഹചര്യങ്ങളിലും നാം വൈകാരികമായിട്ടാണ് പ്രതികരിക്കുക. ആ വൈകാരിക അവസ്ഥകളെ നമുക്ക് തിരിച്ചറിയാനാകണം. വികാരങ്ങളെ തിരിച്ചറിഞ്ഞാല്‍ പോരാ നിഷേധാത്മകമാണെങ്കില്‍ നിയന്ത്രിക്കാനും പഠിക്കണം.
ഈ പ്രതിസന്ധിയെ കൈകാര്യം ചെയ്യാന്‍ നിശ്ചയദാര്‍ഢ്യവും ഇച്ഛാശക്തിയും വേണം. എല്ലാവരെയും ബാധിക്കുന്ന പ്രശ്്നങ്ങളില്‍ മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളെ മനസിലാക്കി അതിനോട് പ്രതികരിക്കാനും അനുതാപത്തോടെ (എംപതി) പെരുമാറാനുമാകണം.
എത്ര ആശങ്കയുള്ള ബുദ്ധിമുട്ടുണ്ടായാലും പൊസീറ്റീവായി നില്‍ക്കണം. ശക്തികളെ തിരിച്ചറിഞ്ഞ് പോരായ്മകള്‍ മനസിലാക്കി വൈകാരിക ബുദ്ധിയുള്ള ആളെന്ന നിലയില്‍ നമുക്ക് പെരുമാറാനാകണം. ഉദാഹരണത്തിന് ഇക്കാലത്ത് എല്ലാവര്ക്കും ധനനഷ്ടവും തൊഴില്‍ നഷ്ടവും ഉണ്ടാകുന്നുണ്ട്. പക്ഷേ നമ്മെ അടുക്കളയില്‍ സഹായിക്കാന്‍ ഒരാള്‍ വരുന്നുണ്ടെന്ന് കരുതുക. ഏപ്രിലില്‍ അവര്‍ക്ക് വരാനായില്ല.
ഈ പ്രതിസന്ധിയെ മറികടക്കാന്‍ പക്ഷേ അവര്‍ക്ക് കിട്ടേണ്ട ശമ്പളത്തിന്റെ ഒരു ഭാഗം നല്‍കണമെന്ന്് നാം തീരുമാനമെടുക്കുന്നു. വേണമെങ്കില്‍ അവര്‍ ജോലിക്കെത്തിയില്ല, അതിനാല്‍ പണം കൊടുക്കേണ്ട എന്ന് തീരുമാനമെടുക്കാം. അവരുടെ വികാരങ്ങളെ മാനിക്കാനും അവരോട് അനുതാപം കാണിക്കാനുമുള്ള ഒരു മാതൃക അവിടെ നാം കാണിക്കുന്നു.
വാടകയ്ക്ക് താമസിക്കുന്ന ആളോട് ജോലിക്ക് പോയില്ലല്ലോ ഇപ്പോള്‍ വാടക വേണ്ട പിന്നീട് തവണകളായി തന്നാല്‍ മതിയെന്ന് പറയുന്നതും മറ്റൊരു മാതൃകയാണ്. ഈ പ്രതിസന്ധിക്കിടയില്‍ മറ്റൊരു വ്യക്തിയോട് നമുക്ക് ചെയ്യാവുന്ന വലിയ ഒരു കാര്യമാണത്. ഇത് പോലെ സമൂഹത്തില്‍ നിരവധി മാതൃകകളുണ്ടായാലേ സമൂഹത്തിന് മുന്നോട്ടുപോകാനാകൂ. അതിന് ഇമോഷണല്‍ ഇന്റലിജന്റ്സ് (വൈകാരിക ബുദ്ധി) പ്രകടിപ്പിച്ചാലേ കഴിയൂ. സര്‍ക്കാര്‍ ചെയ്യുന്ന മാതൃകകളേക്കാള്‍ ഇത്തരം മാതൃകകള്ക്കേ ലോകത്തെ ശരിയായി നയിക്കാനാകൂ.
സത്യം മറനീക്കി പുറത്ത് വരുമ്പോള്‍ നുണ ലോകം ചുറ്റി വരുമെന്ന വാക്യം സാമൂഹിക മാദ്ധ്യമകാലത്ത് ഏറെ പ്രസക്തമാണ്. പലപ്പോഴും നുണക്കഥകളോടാണ് കൊവിഡ് കാലത്തും മനുഷ്യര്‍ക്ക് പ്രിയം. വൈകാരികമായ കാര്യങ്ങളോടാണ് അടുപ്പം. യുക്തിയെയും വികാരങ്ങളെയും താരതമ്യപ്പെടുത്തിയാല്‍ ഏതാണ് മനസിനെ ആദ്യം സ്വാധീനിക്കുക. എന്താണ് കാരണം?
പൊതുവില്‍ മനുഷ്യന് വികാരത്തിന് അടിമപ്പെട്ട് എടുത്ത് ചാടി കാര്യങ്ങള്‍ ചെയ്യുന്ന ആളാണ്. ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ അപകടമാണിത്. വാട്സ് ആപ് കാലത്ത് കൂടുതല്‍ എടുത്ത് ചാട്ടക്കാരെയാണ് നാം കാണുന്നത്. യുക്തിബോധത്തെ മരവിപ്പിക്കുന്ന രീതിയില്‍ കള്ളപോസ്റ്റുകളും നാം കാണുന്നുണ്ട്. അത് ഉണര്‍ത്തുന്ന വികാരത്തിന്റെ പുറത്താണ് നാം ഫോര്‍വേഡ് ചെയ്യുന്നത്.
സത്യാവസ്ഥയെ കുറിച്ച് അറിയുമ്പോഴേക്കും അത് ലക്ഷക്കണക്കിന് ആളുകളിലെത്തും. അപ്പോഴേക്കും വികാരപരമായിട്ടുള്ള അബദ്ധ സുനാമിയില്‍ നാം പെട്ടുപോകും. ഈ അടിസ്ഥാന തത്വം പൊതുബോധത്തിലുണ്ടായാലേ കിട്ടുന്നതെല്ലാം വിശ്വസിക്കുന്ന ധാരണയില്‍ നിന്നൊരു മാറ്റമുണ്ടാകൂ.
അറിവിന്റെ വിപ്ളവമായി വന്ന ഇന്റര്‍നെറ്റ് കാലം നമ്മെ വിവേകിയാക്കേണ്ടതാണ്. പക്ഷേ അതുണ്ടായില്ല. ഏത് പ്ളാറ്റ്ഫോമില്‍ വരുന്ന വിവരങ്ങളും അതേ പ്ളാറ്റ്ഫോമില്‍ മറ്റൊരു സ്രോതസ്സ് വഴി നമുക്ക് പരിശോധിക്കാം. പക്ഷേ ഉപരിപ്ളവമായ, ഇന്ദ്രിയപരമായ ഹരം പകരുന്ന വിവരങ്ങളായതിനാല്‍ നാമത് വേരിഫൈ ചെയ്യുന്നില്ല. ഒരിക്കലും യുക്തിബോധത്തിന് അവധി കൊടുക്കാന്‍ പാടില്ലെന്നേ ഇക്കാര്യത്തില്‍ പറയാനുള്ളൂ. ചൈനീസ് മുട്ട ഇവിടെ വില്ക്കപ്പെടുന്നുവെന്ന മണ്ടന്‍ വിചാരത്തെ ചിലര്‍ തോളില്‍ ഏറ്റിയ സംഭവം കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. വികാരപരമായ, ഇന്ദ്രിയപരമായ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് നമ്മുടെ ബ്രെയിനിന്റെ വലത് വശമാണ്. യുക്തിപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് നമ്മുടെ ഇടത് വശവും. രണ്ടും പരസ്പര പൂരകമായി പ്രവര്‍ത്തിച്ചാലേ കാര്യങ്ങള്‍ ശരിയായി പോകൂ.
അതോടൊപ്പം നമ്മളൊരു കാര്യത്തെ വൈകാരികമായി സ്പര്ശിച്ചില്ലെങ്കില് വസ്തുതയാണെങ്കിലും പോയ വഴിയേ പോകും. നല്ല യുക്തി പോലും നമ്മളെ സ്പര്‍ശിക്കുന്ന രീതിയില്‍ അവതരിപ്പിച്ചാലേ പൊതുബോധത്തില്‍ പ്രതിഷ്ഠിക്കപ്പെടുകയുള്ളൂ. ഒരു പക്ഷേ യുക്തി പറയുന്ന ആളുകളും അത് ശ്രദ്ധിക്കേണ്ടതാണ്. യുക്തി പറയുന്നവര്‍ക്ക് ഒരു കുഴപ്പമുണ്ട് . അവര്‍ കാര്യങ്ങള്‍ വളരെ ബോറായിട്ടേ പറയൂ. ഇറ്റ്സ് ആള് ഫാക്ട്സ്. ഹാര്‍ഡ് ഫാക്ട്. ഇതെല്ലാം പാറ പോലെ കട്ടിയുള്ള വസ്തുതയെന്നാകും വിശദീകരണം.
പിന്നെ എന്തിന് ഇതിന് ഉള്ളില്‍ തട്ടുന്ന അവതരണമെന്ന ചോദ്യവും ഉണ്ടാകും. ശാസ്ത്രം മനുഷ്യരിലേക്കെത്താതെ വരുന്നത് ഈ ആശയ വിനിമയ വിടവ് (കമ്മ്യൂണിക്കേഷന്‍ ഗ്യാപ്) കൊണ്ടാണ്. ഒരു പക്ഷേ ചില രാഷ്ട്രീയക്കാരും, വ്യാജ ചികിത്സകരും, അബദ്ധ പോസ്റ്റുകളും തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ ഉണ്ടാക്കുന്നവരും ചൂഷണം ചെയ്യുന്നത് ഇത്തരം വിടവുകളെയാണ്. വൈകാരികമായി കളിച്ച് ആളെ തെറ്റിദ്ധരിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത്.
മദ്യപാനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നിറയുകയാണ്. ഒരു പക്ഷേ വളരെയേറെ ആളുകള്‍ മദ്യപിക്കുന്നവരാണ് കേരളത്തില്‍. മദ്യനിരോധനമെന്ന ആവശ്യവും ഉയരുന്നു. സത്യത്തില്‍ നിരോധനം സാദ്ധ്യമാണോ?. മദ്യപാനം രോഗമാകുന്നത് ഏത് ഘട്ടത്തിലാണ്?
കേരളത്തില്‍ മദ്യം ജീവിതക്രമത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. സാമൂഹികമായി മദ്യപാനത്തിന് പാശ്ചാത്യലോകത്തെ പോലെ ഇവിടെയും അംഗീകാരമുണ്ട്. അതുകൊണ്ട് തന്നെ മദ്യനിരോധനം ഇനി പ്രായോഗികമായ കാര്യമല്ല. സാമൂഹികമായി വല്ലപ്പോഴും മദ്യപിക്കുന്ന ശീലമുള്ളയാള്‍, മദ്യപാനാസക്തിയിലേക്ക് പോകുന്നത് നേരത്തെ തിരിച്ചറിയുക.
ഭക്ഷണം അമിതമായി കഴിച്ചാല്‍ വണ്ണമുണ്ടാകുന്നത് പോലെ ഇതും ഒരു രോഗമാണ്. വല്ലപ്പോഴും കഴിക്കുന്നയാള്‍ മദ്യാസക്തരാകുന്നതിന് മുമ്പേ കണ്ടെത്തുകയും മദ്യ വിമുക്തിയിലേക്കു നയിക്കുകയും ചെയ്യുന്നതിനാണ് ഇനി പ്രാധാന്യം നല്‍കേണ്ടത്. ദിവസവും രാത്രി രണ്ട് പെഗ് കഴിക്കുന്നയാള്‍ രാവിലെ മുതല്‍ കഴിക്കാന്‍ തുടങ്ങുന്നു. ഒളിപ്പിച്ച് കഴിക്കാന്‍ തുടങ്ങുന്നു.
ജോലി കഴിഞ്ഞ് നിയന്ത്രിക്കാനാകാതെ ബാറില്‍ കയറി കഴിക്കുന്നു. കഴിക്കുന്നതിന്റെ അളവ് കൂടുന്നു. വിഷമം വരുമ്പോഴും സന്തോഷം വരുമ്പോഴും കഴിക്കുന്നു. കൂട്ടം കൂടി കഴിച്ചയാള്‍ ഒറ്റയ്ക്കിരുന്ന് കഴിക്കുന്നു. കഴിക്കാതെ വരുമ്പോള്‍ കൈ വിറയ്ക്കുന്നു. ഉറക്കമില്ലാതാകുന്നു. മദ്യപാന പെരുമാറ്റത്തിലെ ഈ മാറ്റങ്ങള്‍ രോഗത്തിലേക്കാണെന്ന സൂചന നല്കുന്നു. നേരത്തെ തിരിച്ചറിഞ്ഞാല്‍ ഇത്തരം ആളുകളെ മദ്യം ഉപയോഗിക്കുന്നതില്‍ നിന്ന് നിരുത്സാഹപ്പെടുത്താം.
തിരിച്ചറിഞ്ഞ് പിന്തിരിപ്പിക്കണം. പക്ഷേ നിര്‍ഭാഗ്യത്തിന് നാം പ്രാധാന്യം കൊടുക്കുന്നത് ഡി അഡിക്ഷനാണ്. പിടി വിട്ട് ബഹുദൂരം പോയ വ്യക്തി രക്ഷപ്പെടാനുള്ള സാദ്ധ്യത കുറവാണ്. നേരെ മറിച്ച് നേരത്തേ തിരിച്ചറിഞ്ഞാല്‍ രക്ഷപ്പെടാന്‍ സാദ്ധ്യതയേറെയാണ്്. ഡി അഡിക്ഷന് വേണ്ട എന്നല്ല പക്ഷേ ഫോക്കസ് നേരത്തേ കണ്ടെത്തലിനാണ്.
പ്രളയവും കൊവിഡും പോലുള്ള വിഷമഘട്ടങ്ങളുണ്ടാകുമ്പോള്‍ മദ്യത്തെ ആശ്രയിക്കുന്നവരുണ്ട്. ഇക്കാലം മദ്യത്തില്‍ അഭയം തേടി മദ്യാസക്തരാകുന്നവരേറെ.
ഭാഗ്യത്തിന് കൊറോണയില്‍ മദ്യഷോപ്പുകള്‍ അടഞ്ഞുകിടക്കുകയായിരുന്നു. ഇനി തുറക്കാന്‍ പോകുകയാണ്. എന്നാല്‍ മദ്യം ഉപയോഗിക്കുന്ന വിഭാഗം മദ്യാസക്തിയിലേക്ക് പോകരുതെന്ന ലക്ഷ്യം ഉള്‍ക്കൊണ്ടുള്ള വില്‍പ്പന നയമല്ല ബിവറേജസ് കോര്പറേഷന്റേത്. ഉദാഹരണമായി ഓണ്‍ലൈന്‍ ക്യൂ വരുമ്പോള്‍ നിശ്ചയിക്കാന്‍ പോകുന്ന അളവ് പ്രധാനമാണ്. എത്ര ലിറ്ററാണെന്ന് അറിയില്ല.
ആഴ്ചയില്‍ മൂന്ന് ലിറ്ററെന്നാണ് കേട്ടറിവ്. പക്ഷേ ഇത് കണക്ക് കൂട്ടിയാല്‍ പ്രതിദിനം 14 പെഗാകും. വില്‍പ്പനയല്ല കുടിക്കുന്നവരുടെ ആരോഗ്യസ്ഥിതിയാണ് പ്രധാനമെന്നാല്, നിശ്ചയിക്കേണ്ട അളവ് വ്യക്തിയുടെ തടി കേടാകാത്ത അളവാകണം. കൊമേഴ്സ്യല്‍ പരിഗണനകള്‍ മാത്രമുള്ള കച്ചവടം മദ്യ വില്‍പ്പനയില്‍ പാടില്ല. അത് മദ്യാസക്തി രോഗമുള്ളവരുടെ തോത് വര്‍ദ്ധിപ്പിക്കും. മദ്യ നിരോധനം പ്രായോഗികമല്ലാത്ത ആവശ്യമാണ്. വേണ്ടത് അമിത മദ്യപാന രോഗ പ്രതിരോധത്തിനുള്ള ആക്ഷന്‍ പ്ലാനാണ്. വരുമാന നഷ്ടം പേടിച്ചു അത് ചെയ്യാന്‍ മടിക്കരുത്.
ഈ ചോദ്യം കൊവിഡ് 19മായി ബന്ധപ്പെട്ടതല്ല. ഒരേ പോലെ പെരുമാറുന്ന ഒരു കൂട്ടം ആളുകള്‍ ചിലപ്പോള്‍ വിനാശകരമായി പെരുമാറുന്ന സംഭവം പലപ്പോഴും ഉണ്ടാകാറുണ്ടല്ലോ. സദാചാരക്കൊലകള്ക്കും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കും പിന്നിലെ മനോവികാരം എന്താണ്?
പലപ്പോഴും ഇത്തരം സംഭവങ്ങളില്‍ പ്രതി സ്ഥാനത്തു വരുന്നത് ആസൂത്രിതമല്ലാതെ വരുന്ന ഒരു കൂട്ടമാണ്. ആ കൂട്ടത്തിന്റെ മുന്നിലേക്ക് സമൂഹം വ്യവസ്ഥാപിതമായിട്ട് തെറ്റ് ചെയ്തു എന്ന് ആരോപിക്കപ്പെടുന്ന വ്യക്തി വന്ന് കേറുകയാണ്. ആള്‍ക്കൂട്ടത്തിലെ പങ്കാളികള്‍ വച്ച് പുലര്‍ത്തുന്ന സദാചാര ബോധത്തിന്റെ നിയമത്തില്‍ ഇരയെ തെറ്റ് ചെയ്തുവെന്ന് വിധിക്കുന്നു. കോപ, താപങ്ങളുടെ തള്ളിച്ചയില്‍ ഇരയുടെ പക്ഷം കേള്‍ക്കുന്നില്ല. വിധി അവര്‍ തന്നെ നടപ്പാക്കുന്നു. വികാരപരമായി കരുതുന്ന വിഷയങ്ങളാകുമ്പോള്‍ വന്ന് ചേരുന്നവരും ആ ആള്‍ക്കൂട്ടത്തോട് താദാത്മ്യം പ്രാപിക്കുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോകുന്ന ആളെന്ന ആരോപണമുയരുമ്പോഴും അതിനെ വികാരപരമായി കാണുന്നു. ചില പ്രദേശങ്ങളില്‍ ആണും പെണ്ണും ഇരുന്ന് ഒരുമിച്ച് വര്‍ത്തമാനം പറയുമ്പോഴും അതില്‍ എന്തോ കുഴപ്പമില്ലേ എന്ന് കരുതുന്നത് ലൈംഗികതയെ കുറിച്ചുള്ള നമ്മുടെ സദാചാര ബോധം കൊണ്ടാണ്.
ആ വിചാരം പങ്കു വയ്ക്കുന്ന കുറെയാളുകള്‍ സദാചാര പോലീസാകാന്‍ തുടങ്ങും. പ്രത്യേകിച്ച് ഒത്തുചേരുന്ന ആളുകള്‍ ഇത്തരം സദാചാര ബോദ്ധ്യങ്ങളോടെ ഒറ്റ മനസായി മാറി ഇരയെ മരണത്തിലേക്കെത്തിക്കുന്നു. ഒരു കൂട്ടത്തില്‍ നില്ക്കുമ്പോള് അവരെല്ലാം അജ്ഞാതരാണ്. വ്യക്തികള്‍ക്കുള്ള വിലക്കുകളെല്ലാം ആള്‍ക്കൂട്ടത്തില്‍ റദ്ദ് ചെയ്യപ്പെടുന്നു. എല്ലാവരും തല്ലുന്നു ഞാനും തല്ലുന്നു എന്ന മട്ടില്‍ ആള്‍ക്കൂട്ടത്തിന്റെ വ്യക്തിത്വത്തോട് അവരെല്ലാം ലയിക്കുന്നു. ഇതില്‍ ഞാന്‍ പിടിക്കപ്പെടില്ലെന്ന ഒരു മിഥ്യാബോധവും അവരെ ഭരിക്കുന്നു. സാമൂഹിക ധര്‍മ്മം നടപ്പാക്കലാണ്, സാമൂഹിക ദൗത്യം നിറവേറ്റലാണെന്ന ചിന്തയും അവരെ നയിക്കുന്നു.
ഒരര്‍ത്ഥത്തില്‍ നാം ഒരു വേള മോഹന്‍ലാലോ, മമ്മൂട്ടിയോ, സുരേഷ് ഗോപിയോ ചെയ്ത സൂപ്പര്‍ കഥാപാത്രത്തെ പോലെ ആവുകയാണ്. നിയമം കൈയിലെടുക്കുകയാണ്. ഇങ്ങനെയൊക്കെ ചെയ്യണമെന്ന ഉള്ളിലെ മോഹം അനവസരത്തില്‍ ഉണര്‍ന്നു എഴുന്നേല്ക്കുകയാണ്. എന്നാല്‍ ഈ ആള്‍ക്കൂട്ടത്തില്‍ ഇത് ചെയ്യരുതെന്ന് പറയുന്നവര്‍ നിഷ്പ്രഭരാകും. ആള്‍ക്കൂട്ടത്തെ നമുക്ക് പിരിച്ചുവിടാനാകില്ല. പിന്നെ ചെയ്യാവുന്നത് 100ല്‍ വിളിച്ച് പോലീസിന്റെ സഹായം തേടാം. ഇരയെ നിയമ പാലകര്‍ക്ക് വിട്ടു കൊടുക്കാനുള്ള സാഹചര്യം ഒരുക്കാം.
പലപ്പോഴും പറഞ്ഞ് കേള്‍ക്കുന്ന വാക്കാണ് കണ്ടീഷനിംഗ്. എങ്ങനെയാണ് അത് നമ്മളെ ബാധിക്കുന്നത്?
ഒരു പ്രത്യേക സാഹചര്യത്തിന് അനുസരിച്ച് പെരുമാറ്റം മാറുന്നതിനെയാണ് കണ്ടീഷനിംഗ് എന്ന് പറയുന്നത്. പെട്ടെന്ന് ചൂടുവെള്ളത്തില്‍ തൊട്ട് കൈ പൊള്ളിക്കഴിഞ്ഞാല്‍ തൊടുന്ന എല്ലാ വെള്ളവും തിളച്ച വെള്ളമാണോ എന്ന ജാഗ്രത പാലിക്കുമ്പോള്‍ ആദ്യത്തെ അനുഭവവുമായി കണ്ടീഷന്‍ഡ് ആകുകയാണ്. സത്യത്തില്‍ കൊവിഡ് കാലം പെരുമാറ്റത്തില്‍ കണ്ടീഷനിംഗ് ഉണ്ടാക്കാനിടയുണ്ട്. ജീവിതക്രമത്തെ തന്നെ ഇക്കാലം മാറ്റിമറിച്ചേക്കാം. ആശ്ലേഷം, സ്പര്‍ശം എന്നിങ്ങനെ അടുപ്പത്തിന്റെ പ്രകടനം നിയന്ത്രിക്കണമെന്നാണ് ഇപ്പോള്‍ പറയുന്നത്. നമ്മുടെ ഉള്ളിലുള്ളത് മറ്റുള്ളവര്‍ മനസിലാക്കുന്നത് മുഖത്ത് നിന്നാണ്.
അതും മറയ്ക്കപ്പെടുകയാണ്. ഉള്ളിലിരുപ്പ് പിടികിട്ടാത്ത വിധം നാം മുഖം മറയ്ക്കുന്നു. ഈ സാമൂഹിക ക്രമത്തിന് അനുസരിച്ച് നമ്മുടെ പെരുമാറ്റ ശൈലി മാറുന്നു. അതല്ലെങ്കില്‍ ഇതൊന്നും നമുക്ക് ചേര്‍ന്നതല്ല എന്ന രീതിയില്‍ ഉപേക്ഷിക്കണമെന്നൊക്കെ തോന്നാം . പക്ഷേ ഭരണകൂടവും ആരോഗ്യ സംവിധാനവും അത് സമ്മതിക്കില്ല. മാസ്ക് കെട്ടിയില്ലെങ്കില്‍ ഫൈന്‍. ആള്‍ക്കൂട്ടമായി ചേര്‍ന്നാല്‍ എപിഡെമിക് ആക്ട് പ്രകാരം കേസ്. അങ്ങനെ അനിഷ്ടകരമായി ഇത് നാം തുടര്‍ന്നാല്‍, കുറെക്കാലം കഴിഞ്ഞാല്‍ നമ്മുടെ സ്വഭാവം പാടെ മാറിയേക്കാം.
ഇതൊരു പൊതു ജനാരോഗ്യ പരിപാലന ചിട്ടയായി ജീവിത ശൈലിയില്‍ വരുമ്പോള്‍ സാമൂഹിക ഇടപെടലുകളിലെ ഊഷ്മളതകള്‍ വീണ്ടെടുക്കാന്‍ പുതിയ ശരീര ഭാഷകള്‍ കണ്ടെത്താം. അതും മറ്റൊരു പുനഃ ക്രമീകരണമാണ്.
പ്രണയനൈരാശ്യത്തില്‍ ജീവനൊടുക്കല്‍, ഉപേക്ഷിക്കുന്ന യുവതിയുടെ മുഖത്ത് ആസിഡൊഴിക്കല്‍, വകവരുത്തല്‍ അങ്ങനെ നമ്മുടെ യുവജനങ്ങളുടെ ചിലരുടെയെങ്കിലും സ്വഭാവം പാടെ മാറിപ്പോകുന്നുണ്ട്. എന്താണ് ഇതിനെല്ലാം കാരണം ?
ഇത്തരം അതിക്രമങ്ങള്‍ ഉണ്ടാകുന്നത് ജീവിത നിപുണത ഇല്ലാത്ത വ്യക്തിത്വങ്ങളിലാണ്. പൂര്‍വകാല അനുഭവങ്ങള്‍ മൂലം അരക്ഷിതാവസ്ഥയില്‍ കഴിയുന്ന പലരും ആശ്വാസം പകരുന്ന എന്തിനോടും വിധേയത്വവും ആശ്രിതത്വവും കാണിക്കും. കാമുകനോട് കാമുകിയായാലും കാമുകിയോട് കാമുകനായാലും സ്നേഹശൂന്യതയുടെ പശ്ചാത്തലത്തില്‍, ഒരല്‍പ്പം അലിവോടെയുള്ള പെരുമാറ്റം കണ്ടാല്‍ ആശ്രയിക്കപ്പെട്ടുപോകും.
ഇതോടെ ഇവളെ /ഇവനെ ആര്‍ക്കും കൈവിട്ട് കൊടുക്കാനാവില്ല എന്ന ഉള്‍പ്രേരണയുണ്ടാകും. ഇതോടൊപ്പം അരക്ഷിതാവസ്ഥയില്‍ നിന്നുളവാകുന്ന തിരസ്കാര ഭയവും സഹാത്രികനായുണ്ടാകും. ഇവനോ ഇവളോ എന്നെ വിട്ടുപോകുമോ എന്ന ഭയം സഹയാത്രികനായി കൂടെക്കൂടിയാല്‍ മറ്റെയാളുടെ പെരുമാറ്റത്തെ ആ നിഴലിലേ കാണൂ.
മറ്റൊരാളോട് അവളോ/ അവനോ സന്തോഷത്തോടെ കളിച്ച് ചിരിച്ച് പെരുമാറിയാല്‍ എന്നില്‍ നിന്ന് അകലുകയാണോ മറ്റേയാളുമായി ഇഷ്ടം കൂടുകയാണോയെന്ന ഭീതിയുണ്ടാക്കും. ഈ ഭയം പ്രകടിപ്പിക്കാന്‍ തുടങ്ങുന്നതോടെ മറുഭാഗത്തും അലോസരം ഉണ്ടാകും. സംശയാലു മറ്റേയാളെ നിയന്ത്രിക്കാന്‍ തുടങ്ങും. എവിടെ പോകണം, ആരോട് മിണ്ടണം എന്നിങ്ങനെ ഉപാധി വയ്ക്കാന്‍ തുടങ്ങും. ഓരോ വ്യക്തിക്കും വ്യക്തി എന്ന നിലയിലുള്ള അസ്ഥിത്വം ഉണ്ട്. സ്വതന്ത്രമായി ഇടപെടാനുള്ള സ്പേസ് ഉണ്ട്. നിയന്ത്രണങ്ങള്‍ വരുന്നതോടെ ഇതെന്ത് ശല്യം എന്ന രീതിയില്‍ അകന്ന് മാറാനുള്ള ശ്രമവുമുണ്ടാകും. ഇത് പ്രണയ പകയ്ക്കും വൈരാഗ്യത്തിനും വഴി തെളിക്കും.
എനിക്ക് ഇല്ലെങ്കില്‍ മറ്റൊരാള്‍ക്ക് വേണ്ട എന്ന ചിന്തയിലേക്ക് എത്തും . അതിക്രമങ്ങളിലും കൊലപാതകത്തിലുമെത്തിക്കും. പക്വമായ വ്യക്തി ബന്ധം ഉണ്ടാക്കുവാനുള്ള വൈഭവം കുട്ടികള്‍ ആയിരിക്കെ തന്നെ വളര്‍ത്തുകയെന്നതാണ് പ്രതിവിധി. പരസ്പരം ആദരിക്കാനുള്ള പ്രവണതയും ഇടപെടുന്നവരുടെ വ്യക്തിത്വത്തെ അംഗീകരിച്ച്, അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാനുള്ള ക്ഷമയുമെല്ലാം ചെറുപ്പത്തിലേ വളര്‍ത്തിയെടുക്കാനാകണം. എന്നാലേ ഇത്തരം സ്വഭാവവൈകല്യങ്ങളെ മറികടക്കാനാകൂ. സ്നേഹ ശൂന്യമായ കുടുംബ സാഹചര്യങ്ങളും വളര്‍ത്തു ദോഷങ്ങളും ഒത്തു ചേരുമ്പോഴാണ് പ്രണയ പകയുടെ ക്രൂര മുഖങ്ങള്‍ ഉണ്ടാകുന്നത്.
ലോക്ക് ഡൗണിലെ ജീവിതം രണ്ട് മാസത്തോട് അടുക്കുന്നു. ഈ ലോക്ക് ഡൗണ്‍ നമുക്ക് എന്തെങ്കിലും പാഠം പകര്‍ന്നു തരുന്നുണ്ടോ ?
ഇത് പോലെയുള്ള പ്രതിസന്ധി ഇടിത്തീ പോലെ ഇനിയും വരാം. അത്ര സുരക്ഷിതരല്ല നമ്മളെന്ന് തിരിച്ചറിയണം . എപ്പോഴും സ്വസ്ഥത ഉണ്ടാകും എന്ന മണ്ടന്‍ ധാരണ വേണ്ട. പ്രളയം, മഴ, കൊറോണ അങ്ങനെ എപ്പോള്‍ വേണമെങ്കിലും വെല്ലുവിളി നേരിടാം. അതിനുള്ള മനസ്സൊരുക്കം വേണം. ജൂണില്‍ എന്താണെന്ന് നമുക്ക് അറിയില്ല. എന്തിനും തയ്യാറാവുകയെന്നതാണ് എന്നതാണ് ഒന്നാമത്തെ പാഠം.
നമ്മുടെ സമ്പാദ്യങ്ങള്‍ക്കോ പത്രാസിനോ പ്രസക്തിയില്ലാത്ത വിധം വെല്ലുവിളി സൃഷ്ടിക്കുന്ന സാഹചര്യം ഇനിയും ഉണ്ടാകും. രണ്ട് കോടി കൊടുത്ത് വാങ്ങിയ കോടീശ്വരന്റെ വാഹനവും വീടിനു പുറത്തിറക്കാന്‍ പറ്റാത്ത നാളുകള്‍ ഉണ്ടായി. സാധാരണക്കാരന്റെ ഇരു ചക്ര വാഹനവും വീട്ടില്‍കിടന്നു. വീട്ടിലെ ഭക്ഷണം പോരാ എന്ന് വിചാരിച്ച് കഴിക്കാനുദ്ദേശിച്ചിരുന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലും പൂട്ടിക്കിടക്കുന്നു. വളരെ മിതമായി, ലളിതമായി തോളില്‍ അധികം ഭാരമില്ലാതെ ജീവിച്ചാല്‍ ഇനിയും ഏറെ മുന്നോട്ടു പോകാനാകും.
നമ്മുടെ നിയന്ത്രണത്തില്‍ അല്ലാത്ത ഓര്‍ക്കാപ്പുറത്തുണ്ടാകുന്ന ഇത്തരം പ്രതിസന്ധികളില്‍ പിടിച്ചു നില്‍ക്കാനായി ഇത്തിരി കരുതല്‍ ധനമൊക്കെ സൂക്ഷിച്ചാല്‍ നല്ലത്. കടമെടുത്തും ചെലവ് ചെയ്തും ജീവിച്ചാല്‍ ഇത് പോലെയുള്ള വേളകളില്‍ അന്തിച്ചു നില്‍ക്കേണ്ടി വരുമെന്ന പാഠം ഇനി മറക്കാന്‍ പാടില്ല. കൂട്ടായ്മ സന്തോഷത്തില്‍ മാത്രമല്ല സന്താപത്തിലും ശക്തി പകരുമെന്നതാണ് മറ്റൊരു പാഠം.
കേരളത്തിനായി മുന്നോട്ടുവയ്ക്കുന്ന മാനസിക ആരോഗ്യനയം എന്തായിരിക്കണം ?
മാനസിക ആരോഗ്യ നയം എന്നത് പലപ്പോഴും രോഗത്തെ മാത്രം ലാക്കാക്കിയുള്ളതാണ്. റെസിലിയന്‍സ് (നൈസര്‍ഗ്ഗികമായി വേഗം പൂര്‍വസ്ഥിതി പ്രാപിക്കാനുള്ള കഴിവ്) എന്ന പദമാണ് ഇക്കാലത്ത്് അനുയോജ്യമെന്നാണ് ഞാന്‍ കരുതുന്നത്. ഏത് പ്രതിസന്ധിയിലും പിടിച്ചു നില്‍ക്കാനും ഉള്‍ക്കരുത്ത് വളര്‍ത്താനുമുള്ള തരത്തിലുള്ള മനസ്സിന്റെ പരിപാലന നയമാണ് ആവശ്യം. അത് സ്കൂളില്‍ നിന്നേ തുടങ്ങണം. വീഴുമ്പോള്‍ പിടിച്ചുനില്‍ക്കാനും തിരിച്ചു കേറാനുമുള്ള കെല്‍പ്പ് വളര്‍ത്തണം. വ്യക്തിപരമായി സ്വീകരിക്കേണ്ടതും പൊതുനയമാക്കാവുന്നതും അതാണ്. അതിനായി സമൂഹത്തെ ചിട്ടപ്പെടുത്തേണ്ടി വന്നേക്കാം.
Comments are closed.