ഫെജോ: കലാഭവന്‍ മണിയെ റോള്‍മോഡലാക്കിയ മല്ലു റാപ്പര്‍

മലയാളം റാപ്പര്‍. ആ ഒറ്റ വിശേഷണത്തില്‍ ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം ഫെജോയെ.എങ്കിലും ഇവനെന്താണ് ചെയ്യുന്നതെന്ന് വീട്ടുകാര്‍ക്ക് പോലും മനസ്സിലായിരുന്നില്ല ഫെജോ റാപ്പിങ് ആരംഭിച്ച കാലത്ത്. അന്ന് മലയാളീസ് ഏറെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ പിന്നീട് അംഗീകരിക്കപ്പെട്ടു. ഫെബിന്‍ ജോസഫ് ഇപ്പോള്‍ മലയാളികളുടെ മുന്നില്‍ അവര്‍ക്ക് പ്രിയപ്പെട്ട ഫെജോയാണ്. പ്രാസമൊപ്പിച്ച് താളത്തില്‍ പറയാനുള്ളത് പാട്ടിലൂടെ പറയുന്ന ഫെജോ പുതിയ സിനിമാ വിശേഷങ്ങള്‍ അഭിമുഖം പ്രതിനിധി മൈഥിലി ബാലയുമായി പങ്കുവയ്ക്കുന്നു.

മറഡോണ, രണം, അതിരന്‍, ഇപ്പോള്‍ ജീംബൂംബ. നാല് സിനിമകള്‍. ഫെജോ, ഒരു മലയാളം റാപ്പറെന്ന രീതിയില്‍ ഈ നേട്ടത്തെ എങ്ങനെ നോക്കിക്കാണുന്നു?

മലയാളികള്‍ക്ക് പൊതുവേ റാപ്പിനോട് ഒരു പുച്ഛമാണ്. മുതിര്‍ന്നവര്‍ക്ക് റാപ്പിനോട് ഒട്ടും താത്പര്യമില്ല. എടുത്തു പറയേണ്ടത് ഇവിടുത്തെ യുവാക്കളുടെ കാര്യമാണ്. ശരിക്കും യുവജനങ്ങളുടെ കരുത്താണ് എനിക്ക് ധൈര്യം പകര്‍ന്നത്. ആദ്യമൊക്കെ പഠിച്ചുകൊണ്ടിരുന്ന സമയത്തേ പാട്ട് പാടി യുട്യൂബില്‍ അപ്ലോഡ് ചെയ്യാറുണ്ടായിരുന്നു. ആദ്യ സമയത്ത് ലിറിക്‌സ് വീഡിയോകളാണ് ഇട്ടിരുന്നത്. പിന്നെപ്പിന്നെയാണ് സ്വന്തം വീഡിയോകള്‍ ഇട്ടത്. ചിലരൊക്കെ മോശം കമന്റുകള്‍ പറയും. കുറേപ്പേരൊക്കെ നല്ല അഭിപ്രായവും പറയും. മലയാളത്തില്‍ നിന്ന് ഇങ്ങനെയൊരു പാട്ട് അല്ലെങ്കില്‍ സ്റ്റൈല്‍ വരുന്നതിനെ പലരും വിമര്‍ശിച്ചു. പക്ഷേ അവിടെയും കുറേ യങ്‌സ്റ്റേഴ്‌സ് ആണ് കരുത്തായത്.

അവര്‍ക്ക് പല റാപ്പുകളും പല ഭാഷയില്‍ കേട്ട് അറിയാം. അതിനിടയില്‍ നമ്മുടെ സ്വന്തം മലയാളത്തില്‍ നിന്നും ഇങ്ങനെ വന്നപ്പോ അവര്‍ക്ക് ഇഷ്ടമായി. അവര്‍ പിന്തുണച്ചു. രണ്ടഭിപ്രായവും വന്നെങ്കിലും പാട്ട് നിര്‍ത്തിയില്ല. അങ്ങനെയാണ് ഇത്രയുമായത്. ഹിന്ദി റാപ്പര്‍ റഫ്ത്താറിന്റെ കൂടെയും റാപ്പ് ചെയ്യാന്‍ അവസരം കിട്ടി. വരുണ്‍ ധവാനായിരുന്നു വീഡിയോയില്‍ അഭിനയിച്ചത്.

റാപ്പുകള്‍ക്കും സാധ്യതയുണ്ടെന്ന് നമ്മുടെ സംവിധായകര്‍ക്കും തോന്നിക്കാണും. അതാകും അവരും താത്പര്യം കാണിച്ചത്. നാല് സിനിമകളില്‍ പാടാന്‍ കഴിഞ്ഞത് വലിയൊരു അംഗീകാരമാണ് എന്നെ സംബന്ധിച്ച്. ധാരാളം ബുദ്ധിമുട്ടുകളും വെല്ലുവിളികളുമുണ്ടായിരുന്നു. എന്നിട്ടും ഇവിടെവരെയെത്തി. അതില്‍ സന്തോഷമുണ്ട്.

ഫെജോ
ഫെജോ

മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത ഈ റാപ്പിലേക്ക് ഫെജോ എങ്ങനെയെത്തി?

പണ്ടുതൊട്ടേ പാട്ടുകള്‍ കേള്‍ക്കുമായിരുന്നു. തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലിഷ് അങ്ങനെയെല്ലാം. ഇംഗ്ലീഷ് റാപ്പുകള്‍ കേള്‍ക്കുമായിരുന്നു. അവിടെ ഇത് മറ്റൊരു മേഖല തന്നെയാണ്. ഏക്കണ്‍ എന്നൊരു ആര്‍ട്ടിസ്റ്റിനെ ഇഷ്ടമായിരുന്നു എനിക്ക്. അദ്ദേഹത്തിലൂടെയാണ് റാപ്പ് ശ്രദ്ധിച്ചുതുടങ്ങിയത്. എമിനേമിന്റെ ഒക്കെ കേള്‍ക്കുമായിരുന്നു.

ആദ്യമൊക്കെ അതിന്റെ മലയാളം വേര്‍ഷന്‍ അല്ലെങ്കില്‍ ഒരു പാരഡിപോലെയാണ് ചെയ്ത് തുടങ്ങിയത്. പിന്നീട് സ്വന്തം വരികള്‍ എഴുതാന്‍ തുടങ്ങി. അത് യുട്യൂബില്‍ ഇട്ടു. ആദ്യമൊക്കെ അതിനെ ആരും സ്വീകരിച്ചില്ല. പതിയെപ്പതിയെ സ്വീകരിച്ചു. ഇപ്പോള്‍ ഞാന്‍ റാപ്പ് ചെയ്ത് തുടങ്ങിയിട്ട് 10 വര്‍ഷമാകുകയാണ്. ഒമ്പതാം വര്‍ഷത്തിലാണ് സിനിമയിലേക്ക് ഓഫര്‍ വന്നത്.

സിനിമയിലേക്ക് എത്തിയ വഴികള്‍?

സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വഴിയാണ് സിനിമയിലേക്കെത്തിയത്. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ‘ഭൂമീദേവി പൊറുക്കണേ’ എന്ന പേരില്‍ ഞാനൊരു റാപ്പ് ചെയ്തിരുന്നു. അത് സുഷിന്‍ ചേട്ടന്റെ ബാന്‍ഡായ ഡൗണ്‍ ട്രോഡന്‍സിലെ അംഗമായ നെസര്‍ അഹമ്മദ് കേട്ടു. പുള്ളിക്കത് ഇഷ്ടായി. അങ്ങനെ പുള്ളി അത് പാടി നടക്കുമായിരുന്നു. അത് കേട്ടാണ് സുഷിന്‍ ചേട്ടന്‍ എന്നെപ്പറ്റി അറിയുന്നത്.

മറഡോണ ചെയ്യുന്ന സമയത്ത് എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാമെന്ന് ആലോചിച്ചപ്പോള്‍ എന്നെ ഓര്‍ത്തതും വിളിച്ചതും. പിന്നീട് ഞങ്ങള്‍ നേരിട്ട് കണ്ടപ്പോളാണ് ഈ കഥ ഞാന്‍ അറിയുന്നത്.

റാപ്പിലേക്കും സിനിമയിലേക്കും വന്നപ്പോള്‍ എല്ലാരുടെയും റെസ്‌പോണ്‍സ് എങ്ങനെയായിരുന്നു?

പഠിത്തമൊക്കെ കഴിഞ്ഞ് പാട്ട് മാത്രമായി നടക്കുമ്പോഴും ഞാനെന്താ ചെയ്യുന്നതെന്ന് മനസിലാകില്ലായിരുന്നു വീട്ടുകാര്‍ക്കൊക്കെ. അവര്‍ റാപ്പ് അങ്ങനെ കേട്ട് ശീലിച്ചിട്ടില്ലല്ലോ. ഞാന്‍ പ്ലസ് ടു പഠിക്കുന്ന സമയം തൊട്ടേ റാപ്പ് ചെയ്യുമായിരുന്നു. ബിടെക്കിന് പോയപ്പോഴും അത് തുടര്‍ന്നു. അപ്പോഴും വീട്ടുകാര്‍ ചിന്തിച്ചിരുന്നത് ‘ഇവനെന്താണ് കാണിക്കുന്നത്’ എന്നായിരുന്നു. ഇത് പാട്ടായി അംഗീകരിക്കാന്‍ അവര്‍ക്ക് കഴിയില്ലായിരുന്നു.

റാപ്പ് എന്നാല്‍ റിഥത്തില്‍ ഒരു കവിത പാടുന്നതാണ്. പക്ഷേ ഇതൊക്കെയാണോ പാട്ട്. പാട്ടില്‍ രക്ഷപ്പെടണമെങ്കില്‍ മര്യാദക്കുള്ള പാട്ട് വേണമെന്നൊക്കെ പറഞ്ഞിട്ടുണ്ട്. ഞാന്‍ ആദ്യം റാപ്പ് വീഡിയോ ഇട്ടപ്പോള്‍ സപ്പോര്‍ട്ട് ചെയ്തത് പ്രവാസികളായിരുന്നു. പിന്നെപ്പിന്നെ ആ ചിന്ത മാറി. ആളുകള്‍ ഇഷ്ടപ്പെട്ടു തുടങ്ങിയെന്നും ഇങ്ങനെയൊക്കെ പാട്ട് ഉണ്ടെന്നുമൊക്കെ മനസിലായപ്പോള്‍ അവര്‍ക്കും ഇഷ്ടമായി.

ഫെജോ സംഗീത സംവിധായകന്‍ പി എസ് ജയഹരിക്കൊപ്പം
ഫെജോ സംഗീത സംവിധായകന്‍ പി എസ് ജയഹരിക്കൊപ്പം

റാപ്പിലെ എഴുത്ത് എങ്ങനെയാണ്? ശക്തമായ വാക്കുകള്‍. താളം. ഇതൊക്കെ വേണം?

താളവും വേണം വരികളും വേണം. അതാണ് റാപ്പ്. പ്രാസമൊപ്പിച്ചാണ് വരികള്‍ വേണ്ടത്. ശക്തമായ, സ്പഷ്ടമായ വാക്കുകള്‍ വേണം. ഞാന്‍ എന്റെ അനുഭവങ്ങളും വരികളില്‍ ഉള്‍പ്പെടുത്താറുണ്ട്. പിന്നെ നല്ല വായനയും വേണം. നമ്മുടെ കൈയ്യില്‍ നല്ല വാക്കുകളും ഭാഷയും വേണം.

താളത്തിനൊത്ത് നല്ല വരികള്‍ വേണം. പറയാനുള്ള കാര്യം നന്നായി പറയണം. ചുമ്മാ വന്ന് എന്തെങ്കിലും പറയുന്നതാണ് റാപ്പ് എന്നാണ് എല്ലാവരും കരുതുന്നത് അത് തെറ്റാണ്. ഒരു നല്ല റാപ്പര്‍ ആകണമെങ്കില്‍ താളത്തിനൊപ്പിച്ച് ശക്തമായ വാക്കുകള്‍ പ്രാസവും നോക്കി ഒഴുക്കില്‍ പാടാന്‍ പറ്റണം.

ഇപ്പോള്‍ മലയാളികളുടെ ടേസ്റ്റ് മാറിവരുന്നില്ലേ?

നമ്മള്‍ മലയാളികള്‍ നല്ലത് എന്തുണ്ടെങ്കിലും സ്വീകരിക്കുന്ന വ്യക്തികളാണ്. ഏത് ഭാഷയാണേലും നമ്മള്‍ പാട്ട് കേള്‍ക്കാറുണ്ട്. എന്നിട്ടും മലയാളം റാപ്പെന്ന് കേള്‍ക്കുമ്പോള്‍ കളിയാക്കല്‍ ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്.

അത് മാറി വരുന്നെന്ന് പറയാം. പക്ഷേ കുറേക്കൂടി മാറണം. ഇപ്പോള്‍ ഗള്ളിബോയ് എന്ന രണ്‍വീര്‍ സിങിന്റെ സിനിമ ഇറങ്ങിയപ്പോള്‍ അത് കണ്ട മലയാളികള്‍ക്ക് ഒരു ചിന്ത വന്നു. പലരും അത് കണ്ടിട്ട് സംസാരിച്ചിരുന്നു. ശരിക്കും അതില്‍ പറയുന്ന പോലെയാണ് നമ്മളുടേയും ജീവിതം. റാപ്പറെന്ന രീതിയില്‍ എനിക്ക് എന്റെ ജീവിതവുമായി ആ സിനിമ വളരെ കണക്ട് ചെയ്യാനായിരുന്നു. ആ സിനിമ വന്നത് എന്തായാലും നന്നായി.

എന്താണ് സിനിമാ വിശേഷങ്ങള്‍?

ഏറ്റവുമൊടുവില്‍ ഇറങ്ങിയത് അതിരന്‍ ആണ്. ഇനി ഈ വരുന്ന 24-ന് ജീംബൂംബ ഉണ്ട്. അസ്‌കര്‍ അലി ആണ് നായകന്‍. പിന്നെ ആസിഫ് അലി നായകനായ അണ്ടര്‍ വേള്‍ഡ് എന്നൊരു സിനിമ കൂടെയുണ്ട്. ഓഗസ്റ്റിലാണ് അതിന്റെ റിലീസ്.

ഫെജോ
ഫെജോ

റാപ്പറെന്ന രീതിയിലുള്ള വെല്ലുവിളികള്‍?

അത് ജനങ്ങളുടെ മനോഭാവമാണ്. നല്ലത് എന്തിനെയും സ്വീകരിക്കുന്ന മലയാളികള്‍ നമ്മുടെ കേരളത്തില്‍ നിന്ന് തന്നെ ഇങ്ങനെ റാപ്പ് വന്നിട്ടും പിന്തുണയ്ക്കുന്നത് കുറവാണ് അത് മാറണം. അതാണ് ഏറ്റവും വലിയ വെല്ലുവിളി. റാപ്പിനെ സ്വീകരിക്കാന്‍ പ്രേക്ഷകരും അത് ഉള്‍പ്പെടുത്താന്‍ സംവിധായകരും തയ്യാറാകണം.

സിനിമ തന്നെയാണോ സ്വപ്നം?

സിനിമയും ഉണ്ട്. പക്ഷേ സ്വതന്ത്രമായി ഒരു ശാഖ ഉണ്ടാക്കണമെന്നാണ് ആഗ്രഹം. സിനിമ അതിലേക്കുള്ള വഴിയാണെന്ന് ഞാന്‍ കരുതുന്നു. ജനങ്ങളിലേക്ക് റാപ്പ് എത്തിക്കാന്‍ സിനിമ നല്ല ഒരു മാധ്യമമാണ്. അതുകൊണ്ട് സിനിമകള്‍ വേണം.

സിനിമയല്ലാത്ത സ്വതന്ത്ര ശാഖ റാപ്പില്‍ വേണം. സംഗീതത്തില്‍ വേണം. അങ്ങനെയൊരെണ്ണം വേണം. അതാണ് സ്വപ്‌നം.പിന്നെ സിനിമ എന്നും ഉള്ളില്‍ ഉണ്ടായിരുന്നതാണ്. പണ്ട് സംവിധാനമൊക്കെ മനസിലുണ്ടായിരുന്നു. ആദ്യം കരുതിയത് വളരെ എളുപ്പമെന്നാണ്. കഥയെഴുതുക, അത് ഷൂട്ട് ചെയ്യുക അങ്ങനെ. പക്ഷേ ജീംബൂംബ ഷൂട്ട് നടന്നപ്പോള്‍ കുറച്ച് ദിവസം സെറ്റിലുണ്ടായിരുന്നു. അന്ന് നേരിട്ട് കണ്ടു എല്ലാം. നല്ല ബുദ്ധിമുട്ടാണെന്ന് മനസ്സിലായി. എങ്കിലും ആ ആഗ്രഹം ഉള്ളിലുണ്ട്.

റോള്‍ മോഡലെന്ന് മനസിലുള്ളത് ആരാണ്?

റാപ്പില്‍ റോള്‍ മോഡല്‍ നേരത്തെ പറഞ്ഞ ഏക്കണ്‍ ആണ്. അദ്ദേഹം വഴിയാണ് റാപ്പിലേക്ക് വന്നതും. പക്ഷേ ജീവിതത്തില്‍ റോള്‍ മോഡല്‍ 3 പേരാണ്. ഒന്ന് വിനീത് ശ്രീനിവാസന്‍. അദ്ദേഹം ഒരു ഓള്‍റൗണ്ടര്‍ ആണ്. പാട്ട് പാടും, എഴുതും, സിനിമ സംവിധാനം ചെയ്യും, അഭിനയിക്കും. അങ്ങനെയെല്ലാം. അതുപോലെ ആകണമെന്നാണ് സ്വപ്നം. പിന്നെ സച്ചിന്‍ തെണ്ടുല്‍ക്കറും കലാഭവണ്‍ മണിയും ആണ് റോള്‍ മോഡലുകള്‍.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More