സൈബര്‍ ആക്രമണത്തില്‍ തളരില്ല, അവസാനം വരെ പോരാടും: ഗീതു മോഹന്‍ദാസ്
ഒരു ചരിത്ര നിമിഷത്തിന്റെ വക്കിലാണ് ഗീതു മോഹന്‍ദാസ്. സ്വീഡിഷ് കമ്പനിയായ ഫിയല്‍ റാവന്‍ എല്ലാ വര്‍ഷവും ആര്‍ട്ടിക്കിലേക്ക് നടത്തുന്ന 20 അംഗ പര്യവേഷണ സംഘത്തിന്റെ ഭാഗമാകാനുള്ള ഒരുക്കത്തിലാണ് അവര്‍. ആദ്യമായിട്ടാണ് ഈ സംഘത്തില്‍ ഒരു മലയാളി വനിത ഭാഗമാകാനുള്ള സാധ്യത തെളിയുന്നത്. കമ്പനി നടത്തുന്ന വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന 10 പേരാണ് ഈ യാത്രയുടെ ഭാഗമാകുന്നത്. മറ്റൊരു 10 പേരെ കമ്പനിയുടെ ജഡ്ജസ് തെരഞ്ഞെടുക്കും. കുട്ടിക്കാലം മുതല്‍ പ്രകൃതിയെ അറിഞ്ഞുള്ള യാത്രകള്‍ നടത്തുന്ന ഗീതു ലെറ്റ്‌സ് ഗോ ഫോര്‍ എ ക്യാമ്പ് എന്ന ട്രാവല്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയുടെ ഉടമയാണ്. ബംഗളുരുവിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നുമുണ്ട്. ഇതൊക്കെയാണെങ്കിലും ഗീതുവിന് ലഭിക്കാന്‍ ഇരിക്കുന്ന ചരിത്ര നിമിഷം ചിലരെയെങ്കിലും അസ്വസ്ഥമാക്കുന്നു. ഈ അസ്വസ്ഥത ഗീതുവിന് എതിരായ സൈബര്‍ ആക്രമണം ആയി മാറി. അതേക്കുറിച്ചും യാത്രയെക്കുറിച്ചും കുട്ടിക്കാലത്തെ കുറിച്ചും ഗീതു മോഹന്‍ദാസ് കെ സി അരുണുമായി സംസാരിക്കുന്നു.
യാത്രയുടെ തുടക്കം
എന്റെ യാത്രകള്‍ ആരംഭിക്കുന്നത് സ്‌കൂളില്‍ നിന്നുള്ള നേച്ചര്‍ ക്യാമ്പുകളിലൂടെയാണ്. ജോണ്‍സി മാഷ്, സൂര്യപ്രകാശ്, ടോണി സാറ് തുടങ്ങിയവര്‍ നടത്തിയിരുന്ന ഒരേ ഭൂമി ഒരേ ജീവന്‍ എന്നൊരു സംഘടനയുണ്ട്. പരിസ്ഥിതി വിദ്യാഭ്യാസം കുട്ടികള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയായിരുന്നു ലക്ഷ്യം. വനം വകുപ്പുമായി ചേര്‍ന്ന് രണ്ട് മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന നേച്ചര്‍ ക്യാമ്പുകള്‍ അവര്‍ സംഘടിപ്പിച്ചിരുന്നു. കേരളത്തിന്റെ ഓരോ ഭാഗങ്ങളിലും സംഘടിപ്പിക്കുന്ന ഈ ക്യാമ്പുകളില്‍ 30 ഓളം കുട്ടികള്‍ ഉണ്ടാകും.
അഞ്ചാം ക്ലാസില്‍ പഠിച്ചിരുന്നപ്പോള്‍ ടീച്ചറാണ് ആദ്യമായി ഈ ക്യാമ്പിന് കൊണ്ട് പോയത്. പാലക്കാട്ടെ ശിരുവാണിയിലായിരുന്നു ആ ക്യാമ്പ്. അവിടെ നിന്നാണ് യാത്ര എന്നാല്‍ ഉത്തരവാദിത്വ ടൂറിസം ആണെന്ന് മനസ്സിലാക്കിയത്. അവിടെ കളിയും ക്ലാസും നാടകങ്ങളും മറ്റ് പ്രവര്‍ത്തനങ്ങളും എല്ലാം ഉണ്ടായിരുന്നു. ക്യാമ്പിങ് രീതിയിലാണ് അത് നടന്നിരുന്നത്. അത്തരം ക്യാമ്പുകളില്‍ ധാരാളം പങ്കെടുത്തിട്ടുണ്ട്. അവ യാത്ര എന്ന എന്റെ സങ്കല്‍പ്പത്തില്‍ ഒരു മാറ്റം കൊണ്ടുവന്നു.
കോളെജില്‍ എത്തിയപ്പോള്‍ ചെറിയ യാത്രകള്‍ നടത്താന്‍ തുടങ്ങി. അതിലും ഉത്തവാദിത്വ ടൂറിസം എന്ന ഘടകം ചേര്‍ത്തിരുന്നു. നമ്മള്‍ പോകുന്ന സ്ഥലം നശിപ്പിക്കാതെ വരണം. പ്ലാസ്റ്റിക് വലിച്ചെറിയരുത്. ഈ യാത്രകളില്‍ എന്‍വറോണ്‍മെന്റല്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു.
ലെറ്റ്‌സ് ഗോ ഫോര്‍ എ ക്യാമ്പ്
എന്നെ സംബന്ധിച്ച് യാത്രയെന്നത് വെറുതേ പോയി സ്ഥലം കാണലല്ല. ഉത്തരവാദിത്വ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി തുടങ്ങിയ ട്രാവല്‍ സ്റ്റാര്‍ട്ട്അപ്പാണ് ലെറ്റ്‌സ് ഗോ ഫോര്‍ എ ക്യാമ്പ്. 2015-ലാണ് ആരംഭിച്ചത്. ഇതുവരെ 95 യാത്രകള്‍ നടത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പങ്കെടുക്കാം. എല്ലാ ശനിയും ഞായറും ലെറ്റ്‌സ് ഗോ ഫോര്‍ എ ക്യാമ്പിന്റെ ഭാഗമായി യാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഒരു വെബ്‌സൈറ്റുണ്ട്. അതില്‍ യാത്ര വിവരങ്ങള്‍ ഉണ്ട്. പങ്കെടുക്കുന്നതിന് അതില്‍ രജിസ്റ്റര്‍ ചെയ്യാം. സ്ത്രീകള്‍ക്കായി സൃഷ്ടി എന്നൊരു ഉപഗ്രൂപ്പുണ്ട്. മെന്‍സ്ട്രല്‍ കപ്പ് പോലുള്ള കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും മറ്റുമായുള്ള കൂട്ടായ്മയാണത്.
ജോലി കിട്ടിയപ്പോള്‍ സ്വന്തം കാശിന് യാത്ര ചെയ്ത് തുടങ്ങി. 2015-ലാണ് ബംഗളുരുവില്‍ ജോലി കിട്ടുന്നത്. നാട്ടില്‍ എപ്പോഴും യാത്ര ചെയ്തിരുന്ന എനിക്ക് ബംഗളുരുവില്‍ അവധി ദിവസങ്ങളായ ശനിയും ഞായറും ബോറടിച്ച് തുടങ്ങി. അപ്പോഴേക്കും ഒരേ ഭൂമി ഒരേ ജീവന്‍ എന്ന സംഘടന പരിസ്ഥിതി വിദ്യാഭ്യാസം എന്നതില്‍ നിന്നും മാറിയിട്ട് ജൈവ കര്‍ഷകരിലേക്കായി കൂടുതല്‍ ശ്രദ്ധ. സംഘടനയിലെ ജയപ്രകാശ് എന്ന സാറിനെ വിളിച്ചപ്പോള്‍ കോഴിക്കോട് കക്കാടംപൊയില്‍ എന്ന സ്ഥലത്ത് ഒരു ക്യാമ്പ് സെന്റര്‍ ഉണ്ട് എന്ന് പറഞ്ഞ് തന്നു. അവിടേക്ക് ഒരു യാത്ര നടത്തി നോക്കൂവെന്ന് സാറ് നിര്‍ദ്ദേശിച്ചു.
കെ എസ് ആര്‍ ടി സിയുടെ ഫാസ്റ്റ് പാസഞ്ചറിലൊരു ട്രിപ്പ്
ഞാന്‍ ആദ്യമായിട്ടാണ് ഒറ്റയ്‌ക്കൊരു നേച്ചര്‍ ക്യാമ്പ് ബംഗളുരുവില്‍ നിന്ന് സംഘടിപ്പിക്കുന്നത്. യാത്രാ പ്രിയര്‍ ഇവിടെ ധാരാളം ഉണ്ട്. ക്യാമ്പിനോട് താല്‍പര്യമുണ്ടോയെന്ന് അറിയില്ല. എങ്കിലും സുഹൃത്തുക്കളോടൊക്കെ ആശയം പങ്കുവച്ചു. വരാന്‍ താല്‍പര്യമുണ്ടോയെന്ന് ചോദിച്ചു. റൂം മേറ്റ്‌സ് അവരുടെ സുഹൃത്തുക്കളോട് പറഞ്ഞു. അഞ്ചോ ആറോ പേര്‍ താല്‍പര്യം പ്രകടിപ്പിച്ചു. 20 പേരെങ്കിലും ഇല്ലാതെ ക്യാമ്പ് നടത്താന്‍ പറ്റില്ല.
അതിനാല്‍ കൂടുതല്‍ പേരെ കണ്ടെത്തുന്നതിനായി ഫേസ് ബുക്കില്‍ ക്യാമ്പിനെ കുറിച്ച് ഒരു കുറിപ്പിട്ടു. ധാരാളം ഫോണ്‍ വിളികളെത്തി. അന്ന് ഓണ്‍ലൈന്‍ യാത്രാ ഗ്രൂപ്പുകള്‍ ഓഫ്‌ലൈന്‍ പരിപാടികള്‍ നടത്തിയിരുന്നില്ല. 30 ഓളം പേര്‍ രജിസ്റ്റര്‍ ചെയ്തു. സംഘത്തില്‍ ഡല്‍ഹിക്കാരും ബംഗളൂരുകാരുമെല്ലാം ഉണ്ടായിരുന്നു.
ഒരു റിസ്‌കിലാണ് അന്ന് കക്കാടംപൊയിലിലേക്ക് യാത്ര പോയത്. അന്ന് ജോലി കിട്ടിയ സമയം ആയതിനാല്‍ കൈയില്‍ വലിയ നീക്കിയിരിപ്പൊന്നും ഉണ്ടായിരുന്നില്ല. ബംഗളൂരുവില്‍ നിന്നും കോഴിക്കോടേക്കുള്ള കെ എസ് ആര്‍ ടി സിയുടെ സാധാ ഫാസ്റ്റ് പാസഞ്ചറിലായിരുന്നു യാത്ര. രാത്രി ഉറങ്ങിയില്ല. ചുരമിറങ്ങിയുള്ള യാത്ര ബുദ്ധിമുട്ടേറിയത് ആയിരുന്നെങ്കിലും എല്ലാവര്‍ക്കും വ്യത്യസ്തമായൊരു അനുഭവം സമ്മാനിച്ചു. മഴയും ക്ലാസും പക്ഷി നിരീക്ഷണവും എല്ലാമായിട്ട് ജോറായിരുന്നു. അവരെല്ലാം ആദ്യമായിട്ടാണ് ഇത്തരമൊരു ക്യാമ്പില്‍ പങ്കെടുക്കുന്നത്.
പിന്നീടുള്ള ശനിയും ഞായറുകളിലെല്ലാം വെറുതെ ഇരിക്കാന്‍ പറ്റാതെയായി. അടുത്തയാഴ്ച എവിടെ യാത്ര പോകാം എന്നതായി ചിന്ത. അങ്ങനെ പതിയെ ഗോ ഫോര്‍ എ ക്യാമ്പ് എന്ന സ്റ്റാര്‍ട്ട് അപ്പായി രൂപപ്പെടുകയായിരുന്നു. കര്‍ണാടക, കേരളം, ഉത്തരഖണ്ഡ്, ഭൂട്ടാന്‍, നേപ്പാള്‍, തായ്‌ലന്റ് എന്നിവിടങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
വീട്ടില്‍ നിന്നുള്ള പിന്തുണ
നല്ല പിന്തുണയുണ്ട്. അച്ഛന്‍ യാത്രാ പ്രേമിയാണ്. ഞാനാരു യാത്ര പോകുന്നത് വിളിച്ച് പറഞ്ഞില്ലെങ്കില്‍ പോലും അവര്‍ക്കൊന്നും പ്രശ്‌നമില്ല.
സോളോ ട്രാവല്‍ പറ്റില്ല, സംസാരിക്കാന്‍ ഒരാള്‍ വേണം
ക്യാമ്പ് നടത്താനുള്ള സ്ഥലം കണ്ട് പിടിക്കാന്‍ പോകുമ്പോള്‍ ഒറ്റയ്ക്ക് പോകാറുണ്ട്. എങ്കിലും അടിസ്ഥാനപരമായി ഞാനൊരു സോളോ ട്രാവലര്‍ അല്ല. എനിക്ക് എപ്പോഴും ആരോടെങ്കിലും സംസാരിച്ച് കൊണ്ടിരിക്കണം. അതുകൊണ്ട് യാത്രയില്‍ ഒരാളെങ്കിലും കൂടെയുണ്ടെങ്കില്‍ സന്തോഷമാണ്. ധാരാളം പേരുണ്ടെങ്കില്‍ അവരോടൊക്കെ സംസാരിച്ച് ആസ്വദിച്ച് പോകാം.
യാത്രയും സ്ത്രീയും
തുടക്കത്തില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ പേടിയായിരുന്നു. ധാരാളം പേടിപ്പിക്കുന്ന വാര്‍ത്തകള്‍ വരുന്നുണ്ടല്ലോ. വീട്ടില്‍ നിന്നും പറയാറുണ്ട് സൂക്ഷിക്കണം. വീട്ടുകാര്‍ക്ക് പ്രശ്‌നമില്ലാതെയായപ്പോള്‍ നാട്ടുകാര്‍ വീട്ടില്‍ ചെന്ന് അവള്‍ ഒറ്റയ്ക്കാണ് പോകുന്നതെന്ന് പറഞ്ഞ് പേടിപ്പിക്കുമായിരുന്നു. എന്റെ യാത്രകളില്‍ ഇതുവരെ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ഒറ്റയ്ക്കും സുഹൃത്തുക്കള്‍ക്കൊപ്പവും പെണ്‍കുട്ടികള്‍ മാത്രമായുള്ള സംഘമായും പോയിട്ടുണ്ട്. ഇന്ത്യയില്‍ ഒരിടത്ത് വച്ചും കമന്റ്‌സ് കേള്‍ക്കുകയോ ആരും മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല.
യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍
ക്യാമ്പ് നടത്തുന്ന സ്ഥലത്തെക്കുറിച്ച് ആദ്യം ഇന്റര്‍നെറ്റ് നോക്കി പഠിക്കും. വഴിയും സൗകര്യങ്ങളുമൊക്കെ നോക്കിയിട്ടാണ് പോകുക. പിന്നെ അവിടെ ചെന്ന് കടകളിലും മറ്റും ചോദിക്കും. ആ പ്രദേശത്തെ സൗകര്യങ്ങളെ കുറിച്ചും സുരക്ഷയെ കുറിച്ചും. ചിലപ്പോള്‍ ഇന്റര്‍നെറ്റില്‍ കൊടുത്തിരിക്കുന്ന സമയങ്ങളൊന്നും കൃത്യമായിരിക്കില്ല. അതൊക്കെ പ്രാദേശികമായി ചെന്ന് അന്വേഷിക്കുമ്പോഴാണ് മനസ്സിലാകുക.
എനിക്ക് ലഭിച്ചിട്ടുള്ള പല നല്ല സൗഹൃദങ്ങളും യാത്രയിലൂടെയാണ് ലഭിച്ചത്. അകുമ്പയില്‍ ഒരു മല്ല്യ റസിഡന്‍സുണ്ട്. അതിന്റെ ഉടമ സുധി മല്ല്യയെ അവിടെ ചെന്നപ്പോള്‍ പരിചയപ്പെട്ടതാണ്. ഇപ്പോള്‍ നല്ല സുഹൃത്താണ്. അകുമ്പയില്‍ ക്യാമ്പുകളും ട്രിപ്പുകളും നടത്താന്‍ നല്ല സഹായം ലഭിക്കുന്നു. ഓരോ സ്ഥലത്തും അപ്രതീക്ഷിതമായി പരിചയപ്പെട്ട് പിന്നീട് നല്ല സുഹൃത്തുക്കള്‍ ആയവരുണ്ട്.
ലഡാക്കിലെ ഗ്രാമീണ ടൂറിസം
ലഡാക്കില്‍ ഡോല്‍മ എന്നൊരു സുഹൃത്തുണ്ട്. ഒരു യാത്രയില്‍ പരിചയപ്പെട്ടു. ഇപ്പോള്‍ വളരെ ക്ലോസാണ്. ഞങ്ങള്‍ ഒരുമിച്ച് ലഡാക്കിലെ സ്ത്രീകളുടെ വികസനത്തിന് വേണ്ടി ചെയ്യുന്നുണ്ട്. ലഡാക്കില്‍ സാധാരണ പോകുന്നയാളുകള്‍ മെയിന്‍ സ്ട്രീമിലെ സ്ഥലങ്ങളിലാണ് പോകുന്നത്. എളുപ്പത്തില്‍ എത്തിച്ചേരാവുന്ന സ്ഥലങ്ങളിലും പോകും. ഉള്‍പ്രദേശങ്ങള്‍ നല്ല സുന്ദരമായ സ്ഥലങ്ങളുണ്ട്. പക്ഷേ, ഗ്രാമങ്ങളിലേക്ക് ആരും പോകുന്നില്ല.
ഡോല്‍മ ലഡാക്കിയാണ്. യാത്ര പോകുന്നവരൊന്നും അവിടത്തെ സംസ്‌കാരമോ ആഹാരമോ ഒന്നും മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല. വെറുതേ പോയി സ്ഥലം കണ്ട് തിരികെ വരും. അതില്‍ നാട്ടുകാര്‍ക്ക് നല്ല വിഷമമുണ്ടെന്ന് ഡോല്‍മ പറഞ്ഞു. ഞങ്ങള്‍ എന്താണെന്ന് ടൂറിസ്റ്റുകള്‍ മനസ്സിലാക്കുന്നില്ലെന്നായിരുന്നു ഡോല്‍മയുടെ പരാതി. ലഡാക്ക് സാംസ്‌കാരികമായി വളരെയധികം സമ്പന്നമായ സ്ഥലമാണ്.
ആ സംഭാഷണം പുതിയൊരു പദ്ധതിക്ക് വഴിമരുന്നിട്ടു. ടൂര്‍ പാക്കേജില്‍ സ്ഥിരം സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയശേഷം താമസത്തിന് ഹോട്ടലുകള്‍ക്ക് പകരം ഗ്രാമങ്ങളിലെ വീടുകളില്‍ ആക്കി. സ്ഥിരം സ്ഥലങ്ങള്‍ ഉണ്ടെങ്കിലേ യാത്രക്കാരെ ലഭിക്കുകയുള്ളൂ. ഡോല്‍മയ്ക്ക് ഭാഷ അറിയാവുന്നത് കാരണം നാട്ടുകാര്‍ക്ക് അവബോധം നല്‍കാനായി. ഞങ്ങള്‍ നാല് ഗ്രാമങ്ങള്‍ തെരഞ്ഞെടുത്തു. ഈ ഗ്രാമങ്ങളിലെ കുറച്ച് വീടുകള്‍ തെരഞ്ഞെടുത്തു.
ഡോല്‍മയ്ക്ക് ഏറ്റവും നന്നായി അറിയാവുന്ന വീടുകളാണ് തെരഞ്ഞെടുത്തത്. അവരുടെ ചേച്ചിയുടെ വീടൊക്കെ ഈ പദ്ധതിയുടെ ഭാഗമായി. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം സ്ത്രീകളായ ടൂറിസ്റ്റുകളെ അവിടെ താമസിപ്പിച്ചു. 2019 ഏപ്രിലില്‍ 14 സ്ത്രീകള്‍ അവിടേക്ക് പോയി. ആ ഗ്രാമവാസികള്‍ വളരെയധികം സന്തോഷത്തോടെയാണ് അവരെ സ്വാഗതം ചെയ്തത്.
ഈ സംഘത്തിലെ സ്ത്രീകള്‍ ആദ്യമായിട്ടാണ് ഒരു യാത്രയില്‍ ഗ്രാമത്തിലെ വീടുകളില്‍ താമസിച്ച് വീട്ടുകാര്‍ക്കൊപ്പം ആഹാരമുണ്ടാക്കി അവര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നത്. ഒരാളില്‍ നിന്ന് 1300 രൂപ ആ വീട്ടിലെ സ്ത്രീക്ക് കിട്ടും. ഈ യാത്രയിലെ അംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകള്‍ കണ്ട് ധാരാളം ആളുകള്‍ ഇതേക്കുറിച്ച് അന്വേഷിച്ചു. ലഡാക്കില്‍ നാല് മാസമാണ് ടൂറിസം സീസണുള്ളത്. മറ്റ് സമയങ്ങളിലെ കാലാവസ്ഥ മോശമാണ്. അടുത്ത വര്‍ഷം വീണ്ടും വിപുലീകരിച്ച് ഈ യാത്ര നടത്തും.
പോളാര്‍ സ്വപ്‌നങ്ങള്‍
സ്‌കൂള്‍ പഠന കാലം മുതലേ ആര്‍ട്ടിക് യാത്ര സ്വപ്‌നം കണ്ടിരുന്നു. ചെലവേറിയ യാത്രാണിതെന്നും അറിയാമായിരുന്നു. യാത്രകള്‍ ധാരാളം ചെയ്യുന്നവര്‍ക്ക് ഏറെ ഇഷ്ടമുള്ള സ്ഥലമാണല്ലോ ആര്‍ട്ടിക് മേഖല. നോര്‍ത്തേണ്‍ ലൈറ്റ്‌സൊക്കെ കാണണം എന്നുള്ള ആഗ്രഹം തുടങ്ങിയിട്ട് കാലം കുറേയായി. രണ്ട് വര്‍ഷം മുമ്പ് ഇന്ത്യയില്‍ നിന്നാദ്യമായി നിയോഗ് ഫിയല്‍ റാവന്‍ വഴി ആര്‍ട്ടികിലേക്ക് യാത്ര ചെയ്ത വാര്‍ത്തകള്‍ വായിച്ചപ്പോഴാണ് ഈ സൗജന്യമായ യാത്രയെ കുറിച്ച് അറിഞ്ഞത്.
ഫിയല്‍ റാവന്‍ എല്ലാ വര്‍ഷവും നവംബര്‍14-ന് അപേക്ഷിക്കാനുള്ള വിന്‍ഡോ ഓപ്പണ്‍ ചെയ്യും. അതില്‍ അപേക്ഷിക്കുന്നതിനായി ഭാഗമായി നമ്മുടെ ഒരു വീഡിയോ, ഫോട്ടോസ് അപ്ലോഡ് ചെയ്യണം. പിന്നെ എന്തുകൊണ്ട് നമ്മള്‍ അപ്ലൈ ചെയ്യുന്നു, യാത്രയുടെ ഭാഗമായാല്‍ നമുക്ക് എന്താണ് ചെയ്യാന്‍ സാധിക്കുക എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം.
ഞാന്‍ നല്‍കിയ ഉത്തരം ഇപ്രകാരമായിരുന്നു. ഭൂമിയെ ഞാന്‍ കാണുന്ന രീതിയില്‍ തന്നെ അടുത്ത തലമുറയും കാണണം എന്ന് ആഗ്രഹമുണ്ട്. ഞാന്‍ പരിസ്ഥിതിയും സുസ്ഥിരതയും എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥി കൂടിയാണ്. എന്റെ യാത്രകളൊക്കെ പ്രകൃതിയുമായി ബന്ധപ്പെടുത്തിയാണ് ചെയ്യുന്നത്. അതിനാല്‍ ഞാന്‍ എഴുതിയ മറുപടിയില്‍ പ്രകൃതിയുമായി ബന്ധപ്പെട്ട പോയിന്റുകളായിരുന്നു അധികവും.
ആഗോള താപനം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ധ്രുവ പ്രദേശത്തെയാണ്. നമ്മളൊക്കെ അതിന്റെ ഭാഗമാണെന്ന് പലര്‍ക്കും അറിയില്ല. ആ ഒരു സന്ദേശം കൂടെ പ്രചരിപ്പിക്കണം. ഈ ഭൂമി ഇങ്ങനെ നിലനില്‍ക്കുന്നതില്‍ ഓരോ യാത്രക്കാര്‍ക്കും ഉത്തരവാദിത്വമുണ്ട്. ആ ഒരു സന്ദേശം പ്രചരിപ്പിക്കാനാണ് ഈ യാത്രയെന്നാണ് ഞാന്‍ മറുപടി നല്‍കിയത്. ആഗോള താപനം ഊന്നിപ്പറഞ്ഞിരുന്നു.
രണ്ട് വര്‍ഷമായിട്ടും ഇന്ത്യയില്‍ നിന്ന് ഒരു വനിത ഈ മത്സരത്തില്‍ പങ്കെടുത്തിട്ടില്ലെന്നതും എടുത്ത് പറഞ്ഞു. ഇത്തരമൊരു മത്സരവും ആര്‍ട്ടിലേക്കുള്ള യാത്രയും നടക്കുന്ന കാര്യം പലര്‍ക്കും അറിയില്ല. ഞാന്‍ മത്സരിച്ച് നല്ല പ്രകടനം കാഴ്ച വച്ചാല്‍ അത് ശ്രദ്ധിക്കപ്പെടുകയും കൂടുതല്‍ ആളുകളിലേക്ക് എത്തുകയും ചെയ്യും.
മുമ്പ് നടത്തിയിരുന്ന യാത്രകള്‍ ഈ വോട്ടിങില്‍ പരിഗണിക്കുന്നില്ല. ഏതൊരു ആരോഗ്യമുള്ള സാധാരണക്കാരനും പങ്കെടുക്കാം. എത്ര കഠിനമായ കാലാവസ്ഥയിലും നല്ല ഉപകരണങ്ങളും വസ്ത്രങ്ങളും ഗൈഡന്‍സും മറ്റുമുണ്ടെങ്കില്‍ നമുക്ക് സര്‍വൈവ് ചെയ്യാം എന്നുള്ള സന്ദേശം നല്‍കുകയാണ് ഈ മത്സരത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്. പിന്നെ മാര്‍ക്കറ്റിങ് എന്നൊരു ആഗ്രഹവും അവര്‍ക്കുണ്ടായിരിക്കും.
യാത്രാ സംഘത്തിലെ 20 പേരില്‍ 10 പേരെ വോട്ടിങ് വഴിയാണ് തെരഞ്ഞെടുക്കുന്നത്. 10 പേരെ ജഡ്ജസും തെരഞ്ഞെടുക്കും.
പോളാര്‍ പോകുന്നതിനിന്റെ ഭാഗമായി 2019 ജനുവരിയില്‍ ലഡാക്കില്‍ മൈനസ് മുപ്പതിലേക്ക് താപനില താഴുന്ന സ്ഥലത്ത് ട്രക്കിങ് നടത്തിയിരുന്നു. 19 പേരടങ്ങിയ ഒരു ടീം പത്ത് ദിവസം അവിടെ ചെലവഴിച്ചു. അതിന്റെ ലീഡ് ഞാന്‍ ആയിരുന്നു. അതീവ തണുത്ത കാലാവസ്ഥയോട് എന്റെ ശരീരം അഡ്ജസ്റ്റാകുമോ ഇല്ലയോ എന്ന് അറിയുന്നതിന് വേണ്ടിയായിരുന്നു ആ ട്രക്കിങ് നടത്തിയത്. അത് ലൈഫ് ലോങ് എക്‌സ്പീരിയന്‍സ് ആയിരുന്നു.
സൈബര്‍ ബുള്ളീയിങ് കൊണ്ട് തളരില്ല
ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്ത വാര്‍ത്ത പുറത്ത് വന്നത് മുതല്‍ സൈബര്‍ ആക്രമണം നേരിടുകയാണ്. ഒരു പെണ്ണ് ഇത്തരമൊരു പരിപാടിക്ക് അപ്ലൈ ചെയ്യുമ്പോള്‍ കയറ്റി വിടുമോ ആരെങ്കിലും. പിന്‍മാറണമെന്ന് ആവശ്യപ്പെടുക. പിന്‍മാറാന്‍ പണം വാഗ്ദാനം ചെയ്യുക. പെങ്കൊച്ചാണ്. ഇപ്പണിക്ക് പോകണ്ടെന്നുള്ള ഉപദേശം. ഞാന്‍ മടുത്തിരിക്കുയാണ്. അപ്ലൈ ചെയ്യേണ്ടായിരുന്നില്ല എന്ന തോന്നി.
എനിക്ക് പോകാന്‍ പറ്റിയാല്‍ ഇന്ത്യയില്‍ നിന്ന് ഈ പാക്കേജ് വഴി പോകുന്ന ആദ്യ സ്ത്രീയാകും ഞാന്‍. അത് പലര്‍ക്കും സഹിക്കുന്നില്ല. ഒരു പെണ്‍കുട്ടി ഇവിടെ നിന്ന് പോകണ്ട എന്ന രീതിയിലാണ് ആക്രമണം. ഭയങ്കര മോശമായിട്ടാണ് സോഷ്യല്‍ മീഡിയയില്‍ പലരും പ്രതികരിക്കുന്നത്. നമുക്കൊരു കമന്റ് ഇടാന്‍ പറ്റില്ല. സെലിബ്രിറ്റികള്‍ ആരെങ്കിലും എന്ന പിന്തുണച്ചാല്‍ അതിന് കീഴില്‍ പോയി മോശം കമന്റുകള്‍ ഇടുന്നുണ്ട്.
മലയാളികള്‍ ആണ് പിന്നില്‍. സൈബര്‍ ബുള്ളീയിങ്ങിനെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അധികം ശ്രദ്ധിച്ചിരുന്നില്ല. യാത്രകളില്‍ മാത്രമായിരുന്നു ശ്രദ്ധ. എന്റെ പെന്നോ, അപേക്ഷിച്ചത് മുതല്‍ ഈ നിമിഷം വരെ ആക്രമണം നടന്നു.
ആദ്യമൊക്കെ തിരിച്ച് മറുപടി പറഞ്ഞിരുന്നു. ഇപ്പോള്‍ നിര്‍ത്തി. ഞാന്‍ പെട്ടെന്ന് പ്രതികരിക്കുന്ന ഒരാളാണ്. ഞാന്‍ ഭയങ്കര നെഗറ്റീവാണെന്നാണ് അക്രമികളുടെ അഭിപ്രായം. പ്രതികരിക്കുന്നവരെ നെഗറ്റീവാക്കുകയാണ്.
പോളാറിലേക്ക് പോകണ്ട എന്ന് തോന്നിപ്പിച്ചു. അത്രയ്ക്ക് മടുപ്പുണ്ടാക്കി. വോട്ടെടുപ്പില്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. ഇതുവരെ ഇന്ത്യയില്‍ നിന്നാരും മൂന്നാമത് എത്തിയിട്ടില്ല.
യാത്രയില്‍ നിന്നും പിന്‍മാറണം എന്ന് ആവശ്യപ്പെട്ട് ഫോണ്‍ വിളികള്‍ വരുന്നുണ്ട്. 40,000 രൂപ തരാം, 60,000 രൂപ തരാം. യാത്രയില്‍ നിന്ന് പിന്‍മാറണം. എന്നാണ് വിളിക്കുന്നവരുടെ ആവശ്യം. ജയിച്ചാലും തോറ്റാലും പിന്മാറില്ലെന്ന് വിളിച്ച എല്ലാവരോടും പറഞ്ഞിട്ടുണ്ട്.
മലയാളിയെന്നും തമിഴനെന്നും തെലുങ്കനെന്നുമൊക്കെ അതിര്‍ത്തി തിരിച്ചിട്ടാണ് മത്സരം. ഞാന്‍ ബംഗളുരൂവില്‍ ജോലി ചെയ്യുന്നതിനാല്‍ എന്നെ അന്യ സംസ്ഥാന തൊഴിലാളി എന്നാണ് വിളിക്കുന്നത്. മലയാളി എന്ന് പറയാനുള്ള ബുദ്ധിമുട്ട് കാരണം അന്യസംസ്ഥാന തൊഴിലാളിയെന്ന് വിളിക്കുന്നു.
ഒരു പേടി സ്വപ്‌നമാണ് ഈ അനുഭവം. ജോലിത്തിരക്ക് കഴിഞ്ഞിട്ടാണ് പാഷന്റെ പിന്നാലെ പോകുന്നത്. അതിന്റെ ഇടയിലാണ് ഇത്തരത്തിലെ ആക്രമണം.
ഗീതു മോഹന്‍ദാസിനുവേണ്ടി വോട്ട് ചെയ്ത് പിന്തുണയ്ക്കാന്‍ സന്ദര്‍ശിക്കുക: http://bit.ly/2qwKK4Z
Comments are closed.