നഴ്‌സിംഗ് ജോലി ഉപേക്ഷിച്ച് പോളിമര്‍ ക്ലേ ആര്‍ട്ടില്‍ ജീവിതം മെനഞ്ഞ് ഗായത്രി
കാണുന്ന സ്വപ്നങ്ങള്‍ വെട്ടിപിടിക്കുന്നവരാണ് വിജയികള്‍ അവര്‍ക്ക് അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളുമെല്ലാം വാരികോരി കൊടുക്കുവാനും ആ സന്തോഷത്തില്‍ ഭാഗമാകാനും എല്ലാവരും തയ്യാറാണ്. പക്ഷേ ആ സ്വപ്നം മുതല്‍ വിജയംവരെ ഒരു യാത്രയുണ്ട്. സങ്കടവും കഷ്ടപ്പാടും നിരാശയും എല്ലാം നിറഞ്ഞൊരു യാത്ര. അത് കടന്ന് കിട്ടാനാണ് പാട്. അത്തരത്തിലൊരു വിജയത്തിന്റെ കഥ പറയുകയാണ് പട്ടാമ്പി കൊപ്പത്തെ ഗായത്രി. നഴ്‌സിംഗ് പഠിച്ച് ചിത്രകാരിയായതിന്റെ കഥ. അതുകൊണ്ടു തന്നെ പഠിച്ച പണി കളഞ്ഞ് ആഗ്രഹത്തിന്റെ പിന്നാലെ പോകുന്നവര്‍ക്ക് ഒരു മാതൃകയുമാണ്.
വരയുടെ ലോകത്തേക്ക്
ഒരു പരിശീലനവും ഇല്ലാതെയാണ് ചിത്ര രചനയിലേക്ക് ഗായത്രി കടന്നുവരുന്നത്. കണ്ടും വരച്ചും പഠിച്ചു തുടങ്ങി. പെന്‍സില്‍ ഡ്രോയിംഗ്, ഓയില്‍ പെയിന്റിംഗ്, വാട്ടര്‍ കളറിംഗ്, ക്ലേ മോഡലിംഗ്, പോളിമര്‍ ക്ലേ മോഡലിംഗ് എന്നിങ്ങനെ എല്ലാത്തിലും ഒരു കൈ നോക്കി. അന്നെല്ലാം ഒരാഗ്രഹമായിരുന്നു ചിത്ര രചന. പിന്നീട് വരച്ചത് നന്നായിയെന്ന് മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ അടുത്തത് ഇതിലും നന്നാക്കണം എന്ന ആഗ്രഹം കൂടിവന്നു. ഒടുവില്‍ ഇവയില്‍ നിന്നും ഒരു വരുമാന മാര്‍ഗം കൂടെ ഗായത്രി തുറന്നെടുത്തു.
ഗായത്രിയുടെ ആഗ്രഹങ്ങള്‍ക്ക് ചിറക് മുളച്ചത് എടപ്പാള്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗിന് പഠിക്കാന്‍ ചെന്നപ്പോഴാണ്. പഠന കാലയളവായ നാലു വര്‍ഷവും ആര്‍ട്‌സിനുള്ള ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയെടുത്തു. അദ്ധ്യാപകരുടെയും സഹപാഠികളുടെയും പിന്തുണ കരുത്തായി. കോളേജ് പഠനം അവസാനിച്ചതോടെ ജോലിയുടെ തിരക്കായി. തല്‍ക്കാലം വരയെന്ന പാഷന് അവധികൊടുത്ത് പ്രൊഫഷന് പ്രാധാന്യം കൊടുക്കാന്‍ തീരുമാനിച്ചു.
പന്ത്രണ്ടു മണിക്കൂര്‍ പകല്‍ ഷിഫ്റ്റും പതിനാല് മണിക്കൂറിലേറെ നീളുന്ന രാത്രി ഷിഫ്റ്റും മനംമടുപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് വീണ്ടും ചായകൂട്ടുകളെ കൂട്ടുപിടിക്കാന്‍ ഗായത്രി തീരുമാനിച്ചത്. അങ്ങനെ വീട്ടില്‍ തന്നെ പരീക്ഷണങ്ങള്‍ തുടങ്ങി. അവധി കിട്ടുന്ന ദിവസങ്ങളില്‍ ചുമര്‍ ചിത്രങ്ങള്‍ ബോട്ടില്‍ ആര്‍ട്ട്, ബബിള്‍ ആര്‍ട്ട് തുടങ്ങിയവ ചെയ്തു തുടങ്ങി.
കൊച്ചി വിളിക്കുന്നു
നഴ്‌സിംഗ് ജോലിയും വരയുമെല്ലാം കുഴപ്പമില്ലാതെ മുന്നോട്ടുപോകുമ്പോഴാണ് പുന്നയൂര്‍കുളം നാരായണീയത്തിലെ അരുണ്‍ലാല്‍ ജീവിതത്തിലേക്ക് കടന്നുവരുന്നത്. വിവാഹത്തോടെ ജീവിതം കൊച്ചിയിലേക്ക് മാറി. കൊച്ചിയില്‍ വി എഫ് എക്‌സ് സൂപ്പര്‍വൈസറാണ് അരുണ്‍. പോംപി ആനിമേഷന്‍ സ്റ്റുഡിയോ എന്ന സ്ഥാപനം നടത്തി വരുന്നു.
ജോലി രാജിവെച്ച് വീട്ടിലിരിക്കാന്‍ തുടങ്ങിയപ്പോഴാണ് ഗായത്രി പുതിയ തലങ്ങളിലേക്ക് പരീക്ഷണങ്ങള്‍ വ്യാപിപ്പിച്ചത്. കിണറ്റിലെ മീനിന് കായലില്‍ നീന്താന്‍ കിട്ടിയ ഒരു അവസരം. ഒരു രാത്രി ഭര്‍ത്താവിന്റെ ഒരു ചോദ്യം! എന്തുകൊണ്ട് ഇതു ഒരു പ്രൊഫഷനായി എടുത്തുകൂടാ. നമുക്കൊരു വെബ്‌സൈറ്റ് ആരംഭിക്കാം.
അപ്പോള്‍ തന്നെ വെബ്‌സൈറ്റുണ്ടാക്കി ലോഗോയും ഡിസൈന്‍ ചെയ്തു. Decreative.in എന്നപേരില്‍. തുടക്കത്തില്‍ എല്ലാവര്‍ക്കും സംഭവിക്കുന്നതുപോലെ വെബ്‌സൈറ്റിന് വലിയ പുരോഗതിയൊന്നും ഉണ്ടായില്ല. പിന്നീട് ഇന്‍സ്റ്റാഗ്രാമിലും മറ്റു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും
സുഹൃത്തുക്കള്‍ വഴിയും മറ്റും സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തു തുടങ്ങിയപ്പോള്‍ ചെറിയ ഓര്‍ഡറുകള്‍ മെല്ലെ വന്നുതുടങ്ങി. കൊച്ചിയിലെത്തിയതിനുശേഷം അവസരങ്ങള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ വന്നു തുടങ്ങി. താല്‍ക്കാലികമായി നഴ്‌സിംഗ് ജോലിയോട് വിട പറഞ്ഞ് ആഗ്രഹങ്ങളെ കൈയെത്തി പിടിക്കാന്‍ തീരുമാനിച്ചു.
പോളിമര്‍ ക്ലേ ആര്‍ട്ട് തലവര മാറ്റുന്നു
സാധാരണയില്‍ നിന്ന് വ്യത്യസ്തമായി വിലയും ഗുണനിലവാരവും കൂടുതലാണ് പോളിമര്‍ ക്ലേയ്ക്ക്. അതുകൊണ്ടുതന്നെ ഉണ്ടാക്കുന്ന വസ്തുക്കള്‍ക്കും വിലകൂടും. ഗായത്രി ഇപ്പോള്‍ പരീക്ഷിക്കുന്നത് പോളിമര്‍ ക്ലേ ആര്‍ട്ടുകളാണ്.
പോളിമര്‍ ക്ലേ ഫോട്ടോ ഡോളുകളാണ് ഇപ്പോള്‍ നിര്‍മ്മിച്ച് നല്‍കുന്നത്. കേള്‍ക്കുമ്പോള്‍ വിലകൂടുതലാണെന്ന് തോന്നുമെങ്കിലും ഇതിന്റെ നിര്‍മ്മാണ ചെലവ് കേട്ടാല്‍ നമുക്കത് മനസ്സിലാകും. രണ്ടുപേരുള്ള ഒരു ഫോട്ടോയ്ക്ക് 1000 രൂപയാണ് വില. 2000 രൂപയ്ക്ക് വിലയ്ക്ക് വില്‍ക്കുന്ന ഒന്നിന് നിര്‍മ്മാണ ചെലവും കൊറിയര്‍ ചാര്‍ജും എല്ലാം ചേര്‍ത്ത് 1500നടുത്തുവരും.
നിങ്ങള്‍ ഒരു ഫോട്ടോ കൊടുത്താല്‍ അതേപടി ഗായത്രി അത് പോളിമര്‍ ക്ലേ ആര്‍ട്ട് ചെയ്തു തരും. മിനിമം നാലും അഞ്ചും പോളിമര്‍ ക്ലേ ഉപയോഗിച്ചാണ് ഒരു രൂപം ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ ഫോട്ടോയിലുള്ള ആളുകളുടെ എണ്ണമനുസരിച്ച് പണിയും കൂടും. ചിലര്‍ ചെയ്യുന്നതുപോലെ മോള്‍ഡ് ചെയ്തല്ല പകരം കൈകൊണ്ടാണ് ഗായത്രി ഓരോ രൂപവും ഉണ്ടാക്കി എടുക്കുന്നത്. ഒരാഴ്ച വരെ ഇതിന് സമയമെടുക്കും.
കല്യാണഫോട്ടോ പിറന്നാള്‍ ചിത്രങ്ങള്‍ തുടങ്ങി ഏതു ഫോട്ടോയും കൊടുത്താല്‍ അതുപോലെതന്നെ ചെയ്യും. പതിയെ നല്ലവരുമാനവും ഇതുവഴി കിട്ടി തുടങ്ങി. നഴ്‌സിംഗ് ജോലി വിട്ടതില്‍ ആദ്യമെല്ലാം ചെറിയ തരത്തില്‍ പലരില്‍ നിന്നുമായി പഴികേട്ടിരുന്നെങ്കിലും ഇപ്പോള്‍ അവരും ഹാപ്പിയാണ്.
പഴയപോലെ ജോലി സമ്മര്‍ദ്ദമില്ല. ആരുടെയും സമയം കാത്തു നില്‍ക്കേണ്ട, ആരേയും ആശ്രയിക്കേണ്ട. ആവശ്യത്തിലധികം സമയവും സ്വാതന്ത്ര്യവും ഉണ്ട്. ചെയ്തു കൊടുക്കുന്ന വര്‍ക്കുകള്‍ക്ക് അത്യാവശ്യം ഡിമാന്റുമുണ്ട്. എന്തിനും പിന്തുണയായി അരുണ്‍ ഉള്ളതുകൊണ്ട് ഗായത്രി ഡബിള്‍ ഹാപ്പിയാണ്.
മറ്റുള്ളവര്‍ക്കുവേണ്ടി കഷ്ടപ്പെട്ട് ഒന്നിനെ ഇഷ്ടപ്പെടുന്നതിനേക്കാളും ഇഷ്ടത്തോടെ ചെയ്യുന്നതാണ് നല്ലത്. പഠിച്ചതും ചെയ്യുന്നതും രണ്ടാണെങ്കിലും അതില്‍ വിജയിക്കാന്‍ കഴിയുന്നവര്‍ക്ക് ബാക്കിയൊന്നും ഒരു പ്രശ്‌നമേയല്ല. ഗായത്രി തന്നെയാണ് അതിനുദാഹരണം.
Comments are closed.