ഹായ് ഹലോ കാതല്‍ പിറന്ന വഴി; സംവിധായകന്‍ വിനായക് ശശികുമാര്‍ സംസാരിക്കുന്നു

ഹായ് ഹലോ കാതല്‍, ഒക്ടോബര്‍ 1-ന് യൂട്യൂബില്‍ റിലീസ് ചെയ്ത മ്യൂസിക്കല്‍ ലൗ സ്‌റ്റോറിയായ ഈ ഷോര്‍ട്ട് ഫിലിം രണ്ടാഴ്ച കൊണ്ട് 27 ലക്ഷം പേര്‍ കണ്ട് സൂപ്പര്‍ ഹിറ്റാണ്. ഒരു ചെറിയ പ്രണയകഥ വളരെ കൈയടക്കത്തോടെ സംവിധാനം ചെയ്തിരിക്കുന്നത് മലയാള സിനിമയിലെ തിരക്കേറിയ ഗാനരചയിതാവായ വിനായക് ശശികുമാറാണ്. വിനായക് തന്നെ എഴുതിയ വെള്ളൈപ്പൂവേ എന്ന ഗാനം ഈ ഷോര്‍ട്ട് ഫിലിം കണ്ടവരുടെ ചുണ്ടുകളില്‍ മൂളിപ്പാട്ടായി മാറുന്നുണ്ട്. ഇതേതോ പഴയ സിനിമയിലെ പാട്ടാണല്ലോ എന്ന തോന്നലാണ് പാട്ട് കേള്‍ക്കുന്ന ആരിലും ഉണ്ടാകുന്നത്. തമിഴ് സിനിമ 96-ല്‍ തൃഷയുടെ കുട്ടിക്കാലം അവതരിപ്പിച്ച ഗൗരിയാണ് ഹായ് ഹലോ കാതലില്‍ നായിക. നായകന്‍ ജൂണിലെ നോയലായ സര്‍ജാനോ ഖാലിദും. നാല്‍പതോളം സിനിമകളിലായി 80 ഓളം പാട്ടുകള്‍ എഴുതിയ വിനായക് ശശികുമാര്‍ ഹായ് ഹലോ കാതലിന്റെ വിശേഷങ്ങള്‍ കെ സി അരുണുമായി പങ്ക് വയ്ക്കുന്നു.

ekalawya.com

ഹായ് ഹലോ കാതലിലേക്ക് എത്തിയത്

ഒരു ഷോര്‍ട്ട് ഫിലിം ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. എന്റെ ഏതെങ്കിലും ചെറുകഥ ഷോര്‍ട്ട് ഫിലിം ആക്കാം എന്നാണ് ഞാന്‍ ആദ്യം കരുതിയിരുന്നത്. പക്ഷേ, മ്യൂസികും ക്യാമറയുമൊക്കെ ചെയ്യാന്‍ ആഗ്രഹമുള്ള സുഹൃത്തുക്കള്‍ എനിക്ക് ഉണ്ടായിരുന്നു. എല്ലാവരും കൂടെ ചേര്‍ന്ന് സിനിമയിലേക്കൊരു കാല്‍വെയ്പ്പ് എന്ന രീതിയില്‍ ഒരു ഷോര്‍ട്ട് ഫിലിം ചെയ്യണം എന്നായിരുന്നു പദ്ധതിയിട്ടിരുന്നത്. അപ്പോള്‍ ഞാന്‍ എന്റെ ചെറുകഥ ഷോര്‍ട്ട് ഫിലിമാക്കിയാല്‍ കുറച്ച് ഓഫ് ബീറ്റ് മൂഡായിരിക്കും. അതില്‍ അവരുടെയെല്ലാം കഴിവുകള്‍ പുറത്തെടുക്കാന്‍ കഴിയുമോയെന്ന് എനിക്ക് സംശയം തോന്നി. അതുകൊണ്ട് എന്റെ ചെറുകഥകളൊന്നും വേണ്ടായെന്ന് തീരുമാനിച്ചു. സിംപിള്‍ ആയിട്ടുള്ള ഒരു ലൗ സ്‌റ്റോറി ചെയ്യാം എന്ന് തീരുമാനിച്ചു. അങ്ങനെയാണ് ഹായ് ഹലോ കാതലിലേക്ക് എത്തിയത്.

ഹായ് ഹലോ കാതല്‍ പിറന്ന വഴി; സംവിധായകന്‍ വിനായക് ശശികുമാര്‍ സംസാരിക്കുന്നു 1

കുറച്ച് നാള്‍ മുമ്പ് ടിക് ടോക്ക് ആപ്പ് ഉപയോഗിച്ച് ഒരു പാട്ട് പാടാന്‍ ഞാന്‍ അതില്‍ കയറി. അപ്പോഴാണ് ഹായ് ഹലോ കാതലിന്റെ കഥയുടെ ആശയം മനസ്സില്‍ വന്നത്. സര്‍ജാനോ ഖാലിദിനെ ജൂണ്‍ ചെയ്തിരുന്ന സമയത്ത് അറിയാമായിരുന്നു. ഗൗരി കിഷനെ ആ സമയത്ത് എനിക്ക് അറിയില്ലായിരുന്നു. ഗൗരിയെ സമീപിച്ച് കഥ പറഞ്ഞപ്പോള്‍ അവരും ഓക്കേ പറഞ്ഞു.

ഗാനരചയിതാവില്‍ നിന്നും ഷോര്‍ട്ട് ഫിലിം സംവിധായക വേഷം അണിയുമ്പോള്‍ പേടിയുണ്ടായിരുന്നോ?

പേടിയുണ്ടായിരുന്നു. നീന്താന്‍ പഠിക്കുന്നത് പോലെയായിരുന്നു. വെള്ളത്തില്‍ വീഴുമോ, മുങ്ങിപ്പോകുമോയെന്ന പേടിയുണ്ടാകുന്നത് പോലെ. പേടിയേക്കാള്‍ കൂടുതല്‍ ആഗഹം ആയിരുന്നു. അങ്ങനെ ചെയ്ത് നോക്കാം എന്ന നിലയിലെത്തി. അപ്പോള്‍ രണ്ടിലൊന്ന് അറിയാലോ. ഫിലിം ഇറങ്ങുമ്പോള്‍ ആളുകള്‍ അഭിപ്രായം പറയുമല്ലോ. കൂടെയുണ്ടായിരുന്ന എല്ലാവരും നന്നായി ഇന്‍വോള്‍വ്ഡ് ആയി പണിയെടുത്തു. ഒരു പരിധിക്ക് അപ്പുറത്ത് പാളിപ്പോകുന്ന വിഷയം ആയിരുന്നു കഥ. എന്നാല്‍ നല്ല മ്യൂസികും ട്രീറ്റ്‌മെന്റും വന്നാല്‍ സാധാരണക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന ലളിതമായ വിഷയം കൂടിയായിരുന്നു അത്. ഭാരിച്ച ഒന്നും തന്നെ ചെയ്യാന്‍ ഇല്ലായിരുന്നു.

സംവിധാനത്തിന് ആരുടെയെങ്കിലും സഹായം ലഭിച്ചോ? ഉപദേശങ്ങള്‍ തേടിയിരുന്നോ?

ക്രിയേറ്റീവ് സൈഡില്‍ ആരുടേയും സഹായം ചോദിച്ചില്ല. പക്ഷേ, പ്രാക്ടിക്കല്‍, ടെക്‌നിക്കല്‍ സൈഡുകളില്‍ ചില അഭിപ്രായങ്ങള്‍ ചോദിച്ചിരുന്നു. അള്ള് രാമേന്ദ്രന്‍ സംവിധാനം ചെയ്ത ബിലഹരിയാണ് എനിക്ക് ആര്‍ട്ട് ഡയറക്ടറേയും മേയ്ക്ക്പ്പ് മാനേയും പരിചയപ്പെടുത്തി തന്നത്. ഇങ്ങനെയൊരു ഷോര്‍ട്ട് ഫിലിം എടുക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ ബിലഹരി ബെസ്റ്റായിട്ടുള്ളവരെ റെക്കമെന്റ് ചെയ്യുകയായിരുന്നു. അതിരന്റെ സംവിധായകന്‍ വിവേക് ആണ് ബജറ്റ് തയ്യാറാക്കുന്നതിന് ഒരു പ്രൊഫഷണല്‍ ഏജന്‍സിയെ പരിചയപ്പെടുത്തി തന്നത്. ഹായ് ഹലോ കാതലിന്റെ ഷൂട്ടിങ്ങിന് ഒന്നൊന്നര ആഴ്ച വേണ്ടിയിരുന്നു. മറ്റ് സിനിമകള്‍ക്ക് വേണ്ടി ലിറിക്‌സ് എഴുതേണ്ട കുറച്ച് പ്രോജക്ടുകള്‍ ആ സമയത്തുണ്ടായിരുന്നു. അപ്പോള്‍ ആ സിനിമകളുടെ അണിയറ പ്രവര്‍ത്തകര്‍ കുഴപ്പമില്ല. നമുക്ക് സമയമുണ്ട്. നീ ആ ഹ്രസ്വചിത്രം ചെയ്യൂ എന്ന് പറഞ്ഞ് പിന്തുണച്ചു.

വെള്ളൈ പൂവേ

ആദ്യം വിദ്യാസാഗര്‍ സാറിന്റെ പഴയൊരു പാട്ട് ഉപയോഗിക്കാം എന്നാണ് കരുതിയത്. അപ്പോള്‍ ഈ ഷോര്‍ട്ട് ഫിലിമില്‍ മ്യൂസിക് ചെയ്ത വിഷ്ണു ശ്യാമാണ് പറഞ്ഞത് നമുക്ക് പുതിയൊരു പാട്ട് എഴുതി സംഗീതം ചെയ്യാമെന്ന്. ഞാന്‍ തമിഴില്‍ ആദ്യമായിട്ടാണ് എഴുതുന്നത്. എഴുതിയിട്ട് തമിഴ് അറിയാവുന്ന കുറച്ച് സുഹൃത്തുക്കളെ കാണിച്ചു. അവര്‍ ഓക്കെ പറഞ്ഞു. ആ പാട്ട് മുമ്പേയിറങ്ങിയത് ആണെന്നൊരു തോന്നല്‍ ഉണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. അങ്ങനെയത് മ്യൂസിക് ചെയ്യുകയായിരുന്നു.

മുമ്പ് ഇയ്യോബിന്റെ പുസ്തകത്തില്‍ മൂന്ന് നാല് ക്യാരക്ടര്‍ തീം സോംഗ്‌സ് തമിഴില്‍ എഴുതിയിട്ടുണ്ട്. അത് പരമാവധി ഒന്നോ രണ്ടോ വരിയാണുള്ളത്. അതില്‍ ജയസൂര്യയും പദ്മപ്രിയയും ചെയ്ത റാവുത്തറിന്റേയും റാഹേലിന്റേയും കഥാപാത്രങ്ങള്‍ക്കുവേണ്ടിയും എഴുതിയിരുന്നു. അത് അണിയറ പ്രവര്‍ത്തകര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നു. അപ്പോഴാണ് ഭാവിയില്‍ തമിഴില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയും എന്ന ഒരു ആത്മവിശ്വാസം വന്നത്. ഞാന്‍ പത്ത് വര്‍ഷം ചെന്നൈയില്‍ താമസിച്ചിരുന്നു. ലയോള കോളെജില്‍ പഠിച്ചിരുന്നപ്പോള്‍ ഒരു സെമസ്റ്ററില്‍ തമിഴ് കംപല്‍സറിയായി പഠിക്കണം. അങ്ങനെ ചില ബേസിക് തമിഴും സംസാരിക്കുന്ന തമിഴുമേ എനിക്ക് അറിയത്തുള്ളൂ. അല്ലാതെ എനിക്ക് വലിയ പാണ്ഡിത്യമൊന്നും തമിഴില്‍ ഇല്ല.

ഒരു തമിഴ് ലിറിസിസ്റ്റിനെ വച്ച് എഴുതിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ അതിനുള്ള സാമ്പത്തിക സാഹചര്യം ഉണ്ടായില്ല. അങ്ങനെയാണ് ഞാന്‍ വെള്ളൈ പൂവേ എഴുതിയത്. ഞങ്ങള്‍ എല്ലാവരും കൂടെ കുറച്ച് കുറച്ച് പണം ഇട്ടായിരുന്നു ഈ ഹ്രസ്വചിത്രം എടുത്തത്.

ഹായ് ഹലോ കാതല്‍ പിറന്ന വഴി; സംവിധായകന്‍ വിനായക് ശശികുമാര്‍ സംസാരിക്കുന്നു 2
സര്‍ജാനോ ഖാലിദും വിനായക് ശശി കുമാറും ഗൗരി കിഷനും

സൂപ്പര്‍ ഹിറ്റായ 96-ല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഗൗരി കിഷനെ ക്ഷണിച്ചപ്പോള്‍ അവര്‍ വരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നോ?

അവര്‍ വരുമെന്ന് പ്രതീക്ഷിച്ചില്ല. കാരണം എനിക്ക് നേരിട്ട് അറിയുന്ന ഒരാളല്ല. ഇതുവരെ ഗൗരി പ്രോപ്പര്‍ ആയിട്ടൊരു മലയാളം ചിത്രം ചെയ്തിട്ടില്ല. മാര്‍ഗംകളിയില്‍ പാട്ടില്‍ വന്ന് പോയി. അതും ഞാന്‍ സമീപിക്കുന്നതിന് ശേഷം ചെയ്തതാണ്. പിന്നെ അനുഗ്രഹീതനില്‍ അഭിനയിച്ചു. അതും റിലീസ് ആയിട്ടില്ല. പിന്നെ മലയാളം എത്രത്തോളം ഫ്‌ളുവന്റായി സംസാരിക്കും എന്ന് എനിക്ക് അറിയില്ല.

ഏറ്റവും വലിയ പേടി മറ്റൊന്നായിരുന്നു. സിനിമയില്‍ അഭിനയിക്കുന്നൊരാള്‍ ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കുമോയെന്ന പേടിയുണ്ടായിരുന്നു. കഥ പറഞ്ഞപ്പോള്‍ ഗൗരി അന്ന് തന്നെ ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞിരുന്നു. പിന്നെ നായകന്‍ ആരാണെന്ന് അവര്‍ ചോദിച്ചു. സര്‍ജാനോയെയാണ് വിചാരിക്കുന്നതെന്നും അത് തീരുമാനമായശേഷം പറയാമെന്നും ഞാന്‍ പറഞ്ഞു. എങ്കില്‍ അത് കണ്‍ഫേം ചെയ്തിട്ട് അറിയിക്കാന്‍ പറഞ്ഞു. ഞാന്‍ രണ്ട് ദിവസത്തിനുള്ളില്‍ സര്‍ജാനോയോട് കഥ പറഞ്ഞു. സര്‍ജാനോയും കഥയിഷ്ടപ്പെട്ട് ഓക്കേ പറഞ്ഞു.

ഹായ് ഹലോ കാതല്‍ ഒരു സിനിമയാകുമോ?

മുഴുനീള സിനിമയാക്കാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. 26 മിനിട്ട് തന്നെ പേടിച്ചിട്ടാണ് ഇറക്കിയത്. കാരണം എഡിറ്റര്‍മാരായ കൈലാഷും ശരണും 15 മിനിട്ടില്‍ നിര്‍ത്തിക്കൂടേയെന്ന് ചോദിക്കുന്നുണ്ടായിരുന്നു. 32 മിനിട്ടുണ്ടായിരുന്നത് എഡിറ്റ് ചെയ്ത് 26-ല്‍ എത്തിച്ചു. ഇനി വെട്ടേണ്ടെന്ന് ഞാന്‍ പറഞ്ഞു. കഥയ്ക്ക് അതിന്റേതായ ലാഗ് ആവശ്യമുണ്ടെന്നും അതുകൊണ്ട് ലാഗ് ഇരുന്നോട്ടെയെന്നും ഞാന്‍ കൂട്ടിച്ചേര്‍ത്തു. അങ്ങനെയാണ് കുറച്ച് ലാഗിട്ടത്. അതുകൊണ്ട് ഒരു മുഴുനീള സിനിമയ്ക്കുള്ളത് അതില്‍ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

ചോക്ലേറ്റ് ലുക്കുള്ള സര്‍ജാനോ ഖാലിദ്

ഒരു ലൗ സ്‌റ്റോറിയാണ്. ജൂണില്‍ സര്‍ജാനോ നന്നായി പ്രണയം കൈകാര്യം ചെയ്തു. ജൂണില്‍ സര്‍ജാനോയ്ക്ക് രണ്ട് ലുക്കുണ്ടായിരുന്നു. ക്ലീന്‍ ഷേവും താടി വളര്‍ത്തിയും. സര്‍ജാനോ ക്ലീന്‍ ഷേവായാല്‍ പ്ലസ് ടു പ്രായം തോന്നിക്കും. ആദ്യരാത്രിക്ക് വേണ്ടി സര്‍ജാനോ താടി വളര്‍ത്തുന്നുമുണ്ടായിരുന്നു. അപ്പോള്‍ ഞങ്ങള്‍ക്കും താടി വേണമെന്ന് ഞാന്‍ പറഞ്ഞു. എങ്കിലും ആദ്യരാത്രിയില്‍ താടിയുള്ള സീന്‍സ് ഉപയോഗിച്ചിട്ടില്ല. എനിക്ക് തോന്നുന്നു നമുക്ക് വേണ്ടിയാണ് അവന്‍ താടി വളര്‍ത്തിയതെന്ന്. നല്ല വോയ്‌സും കൂടെയാണ് സര്‍ജാനോയ്ക്കുള്ളത്.

സര്‍ജാനോ ഖാലിദ് അന്ന് മോഹന്‍ലാലിന്റെ സെക്യൂരിറ്റി തടഞ്ഞു, ഇന്ന് ഒരുമിച്ച് അഭിനയിക്കുന്നു

സിനിമ സംവിധാനം ലക്ഷ്യം വയ്ക്കുന്നുണ്ടോ?

അത് മനസ്സിലൊരു ആഗ്രഹമായിട്ടുണ്ട്. എങ്കിലും അടുത്ത് തന്നെ ലക്ഷ്യം വയ്ക്കുന്നില്ല. ഇപ്പോള്‍ തന്നെ ചെയ്യണമെന്ന് ധൃതിയുമില്ല. പാട്ടെഴുത്ത് എന്ന ജോലി തുടരുക. എപ്പോഴെങ്കിലും കഥയും സാഹചര്യങ്ങളും ഒത്തുവന്നാല്‍ ചെയ്യാം എന്നേയുള്ളൂ. തിരക്കില്ല.

ഇറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍

ട്രാന്‍സ്, ഗാല്‍ഗുല്‍ത്തായിലെ കോഴിപ്പോര്, ഹാപ്പി സര്‍ദാര്‍ തുടങ്ങിയ സിനിമകളാണ് ഇനി വരാനുള്ളത്.

ഇമ്മിണിബല്ല്യ പാട്ടെഴുത്തുകാരന്‍

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More