ഹോക്കിയെ ഉപേക്ഷിക്കില്ല, ലക്ഷ്യം കോഴിക്കോടിന്റെ സമഗ്ര കായിക വികസനം: ദേശീയ താരം സി രേഖ സംസാരിക്കുന്നു

ഹോക്കി, കൃത്യമായി പറഞ്ഞാല്‍ ഫീല്‍ഡ് ഹോക്കി ആണ് ഇന്ത്യയുടെ ഔദ്യോഗിക കായിക ഇനം. ഒളിംപിക്‌സില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിയിട്ടുള്ളതും ഹോക്കിയിലാണ്. 1972 ലെ മ്യൂണിക് ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേട്ടം കരസ്ഥമാക്കിയ ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്ന കണ്ണൂരുകാരന്‍ മനുവല്‍ ഫ്രഡറിക്, മലയാളികളുടെ അന്തസ്സുയര്‍ത്തിയ ഹോക്കി താരമായിരുന്നു.

അര്‍ജുന അവാര്‍ഡ് ജേതാവ് ഓമനകുമാരിയാണ് പോയകാലത്തെ മറ്റൊരു മികച്ച മലയാളി ഹോക്കി താരം. ഇന്ത്യന്‍ ദേശീയ ടീമിന്റെ ഗോള്‍ കീപ്പറും മുന്‍ നായകനുമായ പി ആര്‍ ശ്രീജേഷ് മാത്രമാണ് അടുത്ത കാലത്ത് നമ്മുടെ ദേശീയ കായിക ഇനത്തില്‍ കേരളത്തിന്റെ കൈയ്യൊപ്പ് പതിപ്പിച്ച ഒരേയൊരു ഹോക്കി താരം. ഹോക്കി ഒരു കാലത്തും കേരളത്തില്‍ ഒരു ജനകീയ കായിക ഇനമായിരുന്നുമില്ല.

എങ്കിലും കൊല്ലം സായി കേന്ദ്രത്തിലെയും കേരളത്തില്‍ അങ്ങിങ്ങായി നിലവിലുള്ള ഏതാനും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മുന്‍കൈയില്‍ ഒട്ടും മോശക്കാരല്ലാത്ത ഹോക്കി താരങ്ങള്‍ സംസ്ഥാന, ദേശീയ തലങ്ങളില്‍ തങ്ങളുടെ മികവ് പ്രകടിപ്പിച്ചിട്ടുമുണ്ട്.

ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കോഴിക്കോട് നടക്കാവിലെ ഗവണ്മെന്റ് ഗേള്‍സ് ഹൈസ്‌കൂളിന്റെ മൈതാനത്ത് ഹോക്കി സ്റ്റിക്കും കൈയ്യിലേന്തി നമ്മുടെ ദേശീയ കായിക ഇനത്തിന്റെ ആദ്യ പാഠങ്ങള്‍ പഠിക്കുകയും പിന്നീട് തൃശൂര്‍ സെന്റ് മേരീസ് കോളേജിനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കും കേരളത്തിനും വേണ്ടി കഴിഞ്ഞ പത്തോളം വര്‍ഷങ്ങളായി കേരളത്തിനകത്തും പുറത്തും ഹോക്കി മൈതാനങ്ങളില്‍ നിറ സാന്നിധ്യമായിരിക്കുകയും ചെയ്ത ഒരു പെണ്‍കുട്ടി ഇപ്പോള്‍ ഒരു പുതിയ ചുവടുവയ്പുമായി കേരളാ കായിക രംഗത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.

കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ മാത്രം ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ രേഖ സി എന്ന കേരളാ വനിതാ താരം ഇന്ന് വാര്‍ത്തകളില്‍ നിറയുന്നത് കോഴിക്കോട് കോര്‍പ്പറേഷന്റെ വിദ്യാഭ്യാസ-കായിക സ്ഥിരം സമിതിയുടെ അധ്യക്ഷ എന്ന പദവിയിലൂടെയാണ്.

കോഴിക്കോടിന്റെ സമ്പന്നമായ കായിക പാരമ്പര്യത്തിന് മുതല്‍ക്കൂട്ടാകാനും കായിക ഭൂപടത്തില്‍ കോഴിക്കോടിനെ മുന്‍ നിരയിലേക്കുയര്‍ത്താനുമുള്ള തന്റെ പദ്ധതികളെക്കുറിച്ചും ആശയങ്ങളെക്കുറിച്ചും ജെയ്സണ്‍ ജി യുമായുള്ള സംഭാഷണത്തിലൂടെ അവതരിപ്പിക്കുകയാണ് കോപ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലര്‍ കൂടിയായ സി രേഖ.

കായിക രംഗത്ത് സജീവമായ ഒരു താരം, കോര്‍പറേഷന്‍ കായിക സ്ഥിരം സമിതിയുടെ അധ്യക്ഷയാകുമ്പോള്‍, കായിക താരങ്ങളുടെയും കായിക പ്രേമികളുടെയും പ്രതീക്ഷകള്‍ വളരെ കൂടുതലാണ്. ഈ പ്രതീക്ഷകളെ സാക്ഷാല്‍ക്കരിക്കാന്‍ എന്തെല്ലാം പദ്ധതികളാണ് രേഖയുടെ മനസ്സിലുള്ളത്?

ഒരു പ്രൊജക്റ്റ് തയ്യാറാക്കാനുള്ള ആദ്യ നടപടികള്‍ ഞങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ആദ്യ മീറ്റിംഗുകള്‍ നടന്നു കഴിഞ്ഞു. എല്ലാ വാര്‍ഡുകളിലും സ്പോര്‍ട്‌സുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക എന്നതിനാണ് പ്രഥമ പരിഗണന നല്‍കുക. അതുപോലെ തന്നെ കോര്‍പ്പറേഷന് കീഴില്‍ വരുന്ന തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ മിനി സ്വിമ്മിംഗ് പൂളുകള്‍ പോലെയുള്ളവ തയ്യാറാക്കുക തുടങ്ങിയ പദ്ധതികളാണ് ആദ്യ പടിയായി ഉദ്ദേശിക്കുന്നത്.

ഹോക്കിയെ ഉപേക്ഷിക്കില്ല, ലക്ഷ്യം കോഴിക്കോടിന്റെ സമഗ്ര കായിക വികസനം: ദേശീയ താരം സി രേഖ സംസാരിക്കുന്നു 1

കായിക രംഗത്ത് കോഴിക്കോടിന് വളരെ സമ്പന്നമായ ഒരു ഭൂതകാലചരിത്രമുണ്ട്. അതിനൊത്തവണ്ണം കായിക മേഖലയിലെ ഒരു ഉയിര്‍ത്തെഴുന്നേല്പ്പിന് ഈ നാട്ടിലെ പുതു തലമുറയെ തയ്യാറാക്കാന്‍ എന്തെങ്കിലുമൊക്കെ ആവിഷ്‌ക്കരിക്കാന്‍ കഴിയുമോ?

വിദ്യാഭ്യാസ-കായിക സ്ഥിരം സമിതിയുടെ അധ്യക്ഷ എന്ന നിലയില്‍ സ്‌കൂളുകളുടെ ഉന്നമനവും എന്റെ ഉത്തരവാദിത്വത്തില്‍ പെടും. കായിക താരങ്ങളുടെ വളര്‍ച്ചയില്‍ സ്‌കൂളുകള്‍ക്ക് പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കാനുണ്ട്. അതുകൊണ്ടാണ് മുന്‍പ് സൂചിപ്പിച്ച സ്വിമ്മിംഗ് പൂളുകള്‍ സ്‌കൂളുകളെ കേന്ദ്രീകരിച്ച് തയ്യാറാക്കാന്‍ ഉദ്ദേശിക്കുന്നത്.

അതുകൂടാതെ ചെറിയ ക്ളാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ മുതല്‍ ശാരീരികക്ഷമതാ പരിശീലനം നിര്‍ബന്ധമാക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. കോഴിക്കോട് പരിസരത്തുള്ള സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ശാരീരിക ക്ഷമത പൊതുവെ കുറയുന്നതായി കാണപ്പെടുന്നുണ്ട്.

ഇതിനായി അധ്യാപകരെ തയ്യാറാക്കുക എന്നതാണ് ആദ്യ പടി. ഫിറ്റ്‌നസ് പരിശീലനത്തെപ്പറ്റി എല്ലാ അധ്യാപകരെയും ബോധവാന്മാരാക്കുക, നല്ല രീതിയില്‍ കുട്ടികള്‍ക്ക് പരിശീലനം കൊടുക്കുവാന്‍ അവരെ പ്രാപ്തരാക്കുക എന്നിങ്ങനെയാണ് പദ്ധതി.

നിലവില്‍ നമുക്ക് സ്‌കൂളുകളില്‍ പി റ്റി പീരിയഡുകളില്ലേ? അവയെ നന്നായി ഉപയോഗപ്പെടുത്താന്‍ കഴിയില്ലേ?

നമ്മുടെ പല സ്‌കൂളുകളിലും ആവശ്യത്തിന് കായികാധ്യാപകരില്ല എന്നത് ഒരു പ്രശ്‌നമാണ്. ഉള്ളവര്‍ക്ക് തന്നെ കുട്ടികളുടെ ആധിക്യവും ജോലി ഭാരവും മൂലം ശരിയായ പരിശീലനം ആസൂത്രണം ചെയ്യാന്‍ കഴിയുന്നില്ല എന്ന പ്രശ്‌നവുമുണ്ട്. അതുകൊണ്ടു തന്നെ കായിക പരിശീലനം എന്നതിലുപരി ‘ഫിസിക്കല്‍ ഫിറ്റ്‌നസ് ട്രെയ്‌നിംഗ്’ എന്ന ആശയത്തിനാണ് മുന്‍തൂക്കം.

എല്ലാ അധ്യാപകരെയും കുട്ടികള്‍ക്ക് കായികക്ഷമതാ പരിശീലനം നല്‍കാന്‍ പ്രാപ്തരാക്കുകയും ചെയ്യും. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴിലുള്ള പരിശീലകരെ ഉപയോഗിച്ച് കോര്‍പ്പറേഷന്റെ കീഴിലുള്ള സ്‌കൂളുകളിലെ അധ്യാപകരെ പരിശീലിപ്പിക്കുക എന്നൊരാശയമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ളത്.

അതുപോലെ തന്നെ നീന്തല്‍ പരിശീലനം മുതിര്‍ന്നവരില്‍ എന്നതിനേക്കാള്‍ ചെറിയ കുട്ടികള്‍ക്കായി ആരംഭിക്കുക, അവരെ പരിശീലിപ്പിച്ച് മുന്നോട്ടു കൊണ്ടുവരിക എന്നതിനാണ് ഊന്നല്‍ കൊടുക്കുക. നീന്തല്‍ സ്‌കൂളുകളില്‍ നിര്‍ബന്ധിതമാക്കുന്നതോടെ തന്നെ കുട്ടികളുടെ ശാരീരിക ക്ഷമത വളരെയേറെ വര്‍ധിക്കും. ആദ്യപടിയായി നീന്തലിനും അതുപോലെ തന്നെ ശാരീരിക ക്ഷമതയ്ക്കും ഊന്നല്‍ നല്‍കുന്നു.

ഇത് എന്റെ മാത്രമായുള്ള ഒരു ആശയമല്ല. കമ്മിറ്റിയിലെ മറ്റു അംഗങ്ങളുടെ ആശയങ്ങളും അതുപോലെ തന്നെ നിലവിലുള്ള പരിശീലകര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവരുടെ ആശയങ്ങളും ക്രോഡീകരിച്ചാണ് ഇത്തരത്തിലുള്ള ഒരു രൂപരേഖ ഉണ്ടാക്കുന്നത്. ഇതിനായുള്ള ആദ്യ യോഗങ്ങള്‍ മാത്രമാണ് കഴിഞ്ഞിട്ടുള്ളത്.

അടുത്ത പടിയായി സ്‌കൂളുകള്‍ സന്ദര്‍ശിച്ച് അവിടുള്ള സൗകര്യങ്ങളും സാധ്യതകളും ആവശ്യതകളും പഠിച്ച് വേണം പദ്ധതിക്ക് അന്തിമ രൂപം നല്‍കാന്‍.

എല്ലാ സ്‌കൂളുകളും ഉടന്‍ സന്ദര്‍ശിക്കാനുള്ള ഉദ്ദേശമുണ്ടോ?

എന്തായാലുമുണ്ട്. ഞാന്‍ പുതിയ ആളല്ലേ? അതുകൊണ്ടു തന്നെ എത്രയും വേഗം എല്ലാ സ്‌കൂളുകളിലുമെത്തി നിലവിലുള്ള അവസ്ഥയെക്കുറിച്ച് ഒരു ഏകദേശ പഠനം നടത്തേണ്ടതുണ്ട്. ആദ്യം എല്‍ പി സ്‌കൂളുകള്‍, പിന്നീട് യു പി സ്‌കൂളുകള്‍ അതിനു ശേഷം ഹൈ സ്‌കൂളുകള്‍ എന്ന ക്രമത്തില്‍ സന്ദര്‍ശനം നടത്തുക എന്നാണ് ഉദ്ദേശിക്കുന്നത്.

ഇത് സര്‍ക്കാര്‍ സ്‌കൂളുകള്‍, എയ്ഡഡ് സ്‌കൂളുകള്‍ എന്നിവയിലാണ്. സ്വകാര്യ സ്‌കൂളുകളില്‍ നമുക്ക് നേരിട്ട് ഒന്നും ചെയ്യാന്‍ നിലവില്‍ സാധിക്കില്ല. അവിടങ്ങളിലെ കുട്ടികള്‍ക്കായി വേനല്‍ക്കാല ക്യാമ്പുകള്‍ പോലെയുള്ളവയാണ് ഉദ്ദേശിക്കുന്നത്. എല്ലാ എല്‍ പി സ്‌കൂളുകളിലും കുട്ടികള്‍ക്കായി ഒരു ചെറു കളിസ്ഥലം സജ്ജമാക്കും.

കോഴിക്കോട് മുന്‍പ് ഒരുപാട് കളിസ്ഥലങ്ങളുണ്ടായിരുന്ന ഒരു നഗരമായിരുന്നു. മാനാഞ്ചിറ മൈതാനം പോലും മുന്‍പ് പ്രധാനമായും കളിയിടമായിരുന്നു. അത്തരത്തിലുള്ള കളിയിടങ്ങള്‍ പലതും നഷ്ടമായിരിക്കുന്നു. പ്രധാനമായും കോഴിക്കോടിന്റെ വികാരമായ ഫുട്‌ബോള്‍ കളിക്കാന്‍ ഇപ്പോള്‍ മൈതാനങ്ങള്‍ വളരെ കുറവാണ്. ഇതിനൊരു പരിഹാരം സാധ്യമാണോ?

ഇപ്പോഴത്തെ കോര്‍പറേഷന്‍ ഭരണസമിതിയുടെ പ്രഖ്യാപിതമായ നയം തന്നെ കോഴിക്കോടിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നതാണ്. അതിനാവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഓരോ സമിതികളും. അതുകൊണ്ടു തന്നെ അടുത്ത അഞ്ചു വര്‍ഷത്തില്‍ വ്യത്യസ്തമായ ഒരുപാട് വികസന പദ്ധതികള്‍ വിദ്യാഭ്യാസ, കായിക രംഗങ്ങളില്‍ പ്രതീക്ഷിക്കാം.

കേരളാ കായിക രംഗത്തിന്റെ ഭരണനിര്‍വഹണ രംഗത്തു ടി പി ദാസനെ പോലുള്ള പല മികച്ച സംഘാടകരെയും സംഭാവന ചെയ്ത നഗരമാണ് കോഴിക്കോട്. ആ കോഴിക്കോട് കോര്‍പറേഷനില്‍ കായിക സംഘാടനത്തിലേക്ക് കടന്നു വരുന്ന കായിക താരവും വനിതയുമാണ് രേഖ. അതും കേരളത്തില്‍ അത്ര ജനകീയമല്ലാത്ത ഹോക്കിയില്‍ നിന്നും. നഗരത്തില്‍ കായിക പരിശീലനത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വര്‍ദ്ധനവിന് എന്തൊക്കെയാണ് ചെയ്യാനാവുക?

മാനാഞ്ചിറയില്‍ ഇപ്പോള്‍ പ്രധാനമായും ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ട് ആണ് ഉള്ളത്. എന്നാല്‍ പല സ്ഥലങ്ങളിലും മിനി സ്റ്റേഡിയങ്ങള്‍ ഉള്ളത് ഒരു അനുഗ്രഹമാണ്. എരഞ്ഞിപ്പാലത്ത് എന്റെ വീടിന് അടുത്തുതന്നെ അത്തരത്തിലൊന്നുണ്ട്. പൊതുജനങ്ങള്‍ക്കായുള്ള തുറന്ന സൗകര്യമാണത്. ഇതുപോലെയുള്ള കളിയിടങ്ങള്‍ എല്ലാ വാര്‍ഡുകളിലും സജ്ജമാക്കുക എന്നത് ഒരു ലക്ഷ്യമാണ്.

ഹോക്കിയെ ഉപേക്ഷിക്കില്ല, ലക്ഷ്യം കോഴിക്കോടിന്റെ സമഗ്ര കായിക വികസനം: ദേശീയ താരം സി രേഖ സംസാരിക്കുന്നു 2

പെണ്‍കുട്ടികള്‍ക്കായുള്ള പ്രത്യേക പദ്ധതികള്‍ എന്തെങ്കിലും മനസ്സിലുണ്ടോ?

ഇതിന് ഏറ്റവും സഹായകമാകുന്ന രീതിയിലാണ്, മുന്‍പ് പറഞ്ഞ, സ്‌കൂളുകളിലെ പദ്ധതികള്‍ ആവിഷ്‌കരിക്കുക. യോഗ, ജിം പരിശീലനം തുടങ്ങിയവയൊക്കെ കായിക ക്ഷമതാ പരിശീലനത്തിന്റെ ഭാഗമാക്കണം. അതിലൂടെ സ്വാഭാവികമായും പെണ്‍കുട്ടികളുടെ ശാരീരിക ക്ഷമത വര്‍ധിക്കുകയും സ്‌പോര്‍ട്‌സില്‍ മുന്നേറാന്‍ അവര്‍ക്കു അവസരങ്ങള്‍ ലഭിക്കുകയും ചെയ്യും.

മറ്റ് കായിക ഇനങ്ങളുടെ വളര്‍ച്ചയ്ക്കായി എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?

അത്‌ലറ്റിക്‌സിന് വേണ്ടി ഒന്ന് രണ്ട് ഗ്രൗണ്ടുകള്‍ കണ്ടുവച്ചിട്ടുണ്ട്. അവിടെ സിന്തറ്റിക് ട്രാക്കുകള്‍ ഒരുക്കാന്‍ പറ്റിയില്ലെങ്കിലും നല്ല ട്രാക്കുകള്‍ സജ്ജീകരിക്കാനാണ് ശ്രമം. ചുരുങ്ങിയത് 100 മീറ്റര്‍ അല്ലെങ്കില്‍ 200 മീറ്റര്‍ പരിശീലിക്കാന്‍ പറ്റുന്ന ഇടങ്ങളാക്കി മാറ്റുക എന്നതാണ് ലക്ഷ്യം.

രേഖയുടെ ഇനമായ ഹോക്കിയിലേക്കു വന്നാല്‍, കൊല്ലം സായിയില്‍ നിന്നും ശ്രീജേഷ് ദേശീയരംഗത്ത് നിലയുറപ്പിച്ചിട്ട് ഒന്നര പതിറ്റാണ്ടോളമായി. ശ്രീജേഷിനെ തുടര്‍ന്ന് മറ്റൊരു ഹോക്കി താരത്തിനും കേരളത്തില്‍ നിന്ന് ദേശീയ തലത്തിലേക്ക് പോലും വളരാന്‍ കഴിഞ്ഞിട്ടില്ല.

ഇന്ത്യന്‍ ക്യാമ്പില്‍ പലരും ഇടം നേടിയിട്ടുണ്ട്. പക്ഷെ അതിനു മുകളിലേക്ക് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ അവര്‍ക്കാര്‍ക്കും കഴിഞ്ഞിട്ടില്ല. കൊല്ലം സായി കഴിഞ്ഞാല്‍ ഹോക്കിയില്‍ ശ്രദ്ധ വയ്ക്കുന്ന പരിശീലന കേന്ദ്രങ്ങള്‍ കുറവായതായിരിക്കാം ഒരു കാരണം.

കോഴിക്കോടിനെ സംബന്ധിച്ചിടത്തോളം ഞാന്‍ പഠിച്ച നടക്കാവ് സ്‌കൂള്‍ മാത്രമാണ് സ്‌കൂള്‍ തലത്തിലെ പെണ്‍കുട്ടികള്‍ക്കായുള്ള ഒരേയൊരു മികച്ച ഹോക്കി പരിശീലന സൗകര്യമുള്ള ഇടമെന്ന് തോന്നുന്നു. മീഞ്ചന്തയിലും ഈങ്ങാപ്പുഴയിലും ആണ്‍കുട്ടികളെ പരിശീലിപ്പിക്കുന്നുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഞാന്‍ പഠിച്ച സെന്റ് മേരീസ് കോളേജാണ് അപൂര്‍വ്വം പരിശീലന കേന്ദ്രങ്ങളില്‍ ഒന്ന്.

ആലുവ യു സി കോളേജിലും മികച്ച ഹോക്കി ടീമുണ്ട്. പരിശീലന സൗകര്യങ്ങള്‍ക്ക് പുറമെ, മറ്റ് സംസ്ഥാനങ്ങളിലെ പരിശീലന രീതികളും കാലാവസ്ഥയും ഭക്ഷണ രീതികളും എല്ലാം മികച്ച പ്രകടനങ്ങള്‍ നടത്താന്‍ അവരെ സഹായിക്കുന്നു.

കായികതാരമായ രേഖ കളിക്കളത്തില്‍ നിന്ന് നേരിട്ട് കായിക ഭരണരംഗത്തേക്ക് കാലെടുത്തു വച്ചിരിക്കുകയാണ്. അടുത്ത അഞ്ചുവര്‍ഷത്തിന് ശേഷമുള്ള കോഴിക്കോടിന്റെ കായിക രംഗം എത്തരത്തിലായിരിക്കണമെന്നാണ് ലക്ഷ്യമിടുന്നത്?

കോഴിക്കോടിനെ സംബന്ധിച്ചിടത്തോളം പല കായിക ഇനങ്ങള്‍ക്കും വേണ്ടിയുള്ള പ്രത്യേക ഇടങ്ങളോ ഗ്രൗണ്ടുകളോ ഇല്ല എന്നത് ഒരു പോരായ്മയാണ്. വിവിധ അസ്സോസിയേഷനുകയുമായി സഹകരിച്ച് അതാത് കളികള്‍ക്കായി പ്രത്യേക ഇടങ്ങള്‍ ഒരുക്കുക എന്നത് നമ്മുടെ ആവശ്യമാണ്.

ഉദാഹരണത്തിന് ഹോക്കി നമുക്ക് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കളിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് ഓരോ കളികള്‍ക്കുമായുള്ള ഇടങ്ങള്‍ അത് കളിക്കുന്നവരെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. അതുപോലെ കോര്‍പറേഷന്‍ സ്റ്റേഡിയത്തെയും കൂടുതലായി പൊതു ജനങ്ങള്‍ക്ക് പ്രാപ്യമായ ഇടമാക്കി മാറ്റേണ്ടതുണ്ട്. അതിനുള്ള ആദ്യ നടപടികള്‍ ഇനി വരുന്ന കൗണ്‍സിലില്‍ തന്നെ അവതരിപ്പിക്കാനാണ് ശ്രമം.

ഇതിനായി ഒരു പ്രവര്‍ത്തന സമിതി ഉണ്ടാക്കിയിട്ടുണ്ട്. അധ്യാപകര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധികള്‍, വാര്‍ഡ് മെമ്പര്‍മാര്‍ കായിക പ്രേമികളുടെ പ്രതിനിധികള്‍, പരിശീലകര്‍ ഇവരെയെല്ലാം ചേര്‍ത്ത് ഇത് വിപുലീകരിക്കണം. അവരില്‍ നിന്നുള്ള ആശയങ്ങളും ചേര്‍ത്ത് വിശദമായ ഒരു പദ്ധതി രേഖ അടുത്ത ആറുമാസത്തിനകം തയാറാക്കണമെന്നാണ് ഉദ്ദേശിക്കുന്നത്.

നിരന്തരമായി ഹോക്കി മത്സരങ്ങള്‍ കളിക്കുന്ന, അതും മികച്ച പ്രതിരോധ താരമായ രേഖയ്ക്ക് രാഷ്ട്രീയത്തിലെ കന്നി മത്സരം എങ്ങിനെ അനുഭവപ്പെട്ടു?

എനിക്ക് സത്യത്തില്‍ യാതൊരു ടെന്‍ഷനുമില്ലായിരുന്നു. ഹോക്കി കളിക്കുവാനായി പുതിയൊരു ഗ്രൗണ്ടില്‍ ഇറങ്ങുന്നതുപോലെയെ എനിക്ക് അനുഭവപ്പെട്ടുള്ളൂ. ഞാന്‍ ജയിക്കുമെന്ന വിശ്വാസം എനിക്ക് നന്നായിട്ടുണ്ടായിരുന്നു.

രണ്ടായിരത്തിനു മുകളില്‍ മാത്രം വോട്ടര്‍മാരുള്ള എരഞ്ഞിപ്പാലം വാര്‍ഡില്‍ നിന്ന് മുന്നൂറിന് അടുത്ത് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കാനും കഴിഞ്ഞു. തൃശൂരിലാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി പഠിക്കുന്നതെങ്കിലും ഇവിടുത്തെ ഡി വൈ എഫ് ഐ യില്‍ പ്രവര്‍ത്തിക്കുന്ന ആളെന്ന നിലയില്‍ വാര്‍ഡിലെ ആളുകളുമായി എനിക്ക് നല്ല ബന്ധവുമുണ്ടായിരുന്നു.

കുടുംബത്തെക്കുറിച്ച്?

ഞങ്ങളുടേത് ഒരു കൂട്ടുകുടുംബമാണ്. അച്ഛന്‍ പ്രകാശന്‍, ‘അമ്മ ശ്രീജയ. ഒരു അനുജത്തി മേഘ. മേഘയും ഹോക്കി താരമാണ്. തൃശൂര്‍ സെന്റ് മേരീസ് കോളേജ് ടീമില്‍ എന്നോടൊപ്പം കളിക്കുന്നു. അവള്‍ റൈറ്റ് ഹാഫും ഞാന്‍ ലെഫ്റ്റ് ഹാഫുമാണ്. സ്‌കൂളില്‍ കളി തുടങ്ങുമ്പോള്‍ ഞാന്‍ ഫോര്‍വേഡ് ആയിരുന്നു. പിന്നീട് പൊസിഷന്‍ മാറി.

കളിക്കളത്തില്‍ തുടര്‍ന്നും ഉണ്ടാകുമോ? അതോ കളി നിര്‍ത്തി പൂര്‍ണ്ണമായും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ തുടരുമോ?

തീര്‍ച്ചയായും കളിക്കളത്തില്‍ തന്നെ തുടരും. കളി തുടരാന്‍ എനിക്ക് അനുവാദം തന്നിട്ടുണ്ട്. കോളേജ് ടീമില്‍ അതിഥി താരമായി കളിക്കാനുള്ള അവസരവുമുണ്ട്. അതിന് കോളേജില്‍ നിന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്.

അനിയത്തിയും എന്റെ കൂടെ തൃശൂരിലെ കോളേജ് ടീമില്‍ കളിക്കുന്നതിനാല്‍ ഒരുമിച്ച് പരിശീലനം നടത്താനും സാധിക്കും. ഫിറ്റ്‌നസ് പരിശീലനം രാവിലെ വീട്ടില്‍ തന്നെ നടത്താനും കഴിയും. കളി നിര്‍ത്തരുതെന്നു തന്നെയാണ് സഹപ്രവര്‍ത്തകരും എന്നോട് ആവശ്യപ്പെട്ടിട്ടുള്ളത്.

# ഹോക്കി ദേശീയ താരം സി രേഖ

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More