“ബിജെപി ഭരണത്തില്‍ അഴിമതി കുറഞ്ഞെന്ന വാദം അസംബന്ധം”
ജോസിജോസഫ് എന്ന പേര് ഇന്ത്യന്‍ രാഷ്ട്രീയത്തെ ചെറുതായൊന്നുമല്ല ഭയപ്പെടുത്തുന്നത്. കോര്‍പ്പറേറ്റുകളെന്നോ കോണ്‍ഗ്രസെന്നോ ബിജെപിയെന്നോയുള്ള വേര്‍തിരിവില്ലാതെ, ഭയപ്പാടില്ലാതെ അഴിമതിയില്‍ക്കുളിച്ച ഇന്ത്യയെക്കുറിച്ച് തനിക്കറിയാവുന്ന നഗ്നമായ യാഥാര്‍ഥ്യങ്ങള്‍ തൂലികത്തുമ്പിലൂടെ പലതവണ ജനങ്ങള്‍ക്കു മുമ്പിലെത്തിച്ച മലയാളി. മുഖ്യമന്ത്രിമാരുടേതുള്പ്പെടെ നിരവധി ഉന്നതരുടെ അധികാര സ്ഥാനങ്ങള്‍ ജോസി ജോസഫിന്റെ പേനയുടെ മൂര്‍ച്ചയില്‍ ഇല്ലാതായി. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ശക്തി വെളിപ്പെടുത്തുന്ന ജോസി ജോസഫ് പുതുതലമുറ പത്രപ്രവര്‍ത്തകര്‍ക്കൊരു പാഠപുസ്തകമാണ്. ടെലിവിഷനു മുന്നിലെ കാട്ടിക്കൂട്ടലുകള്‍ക്കപ്പുറം ഒരു പത്ര പ്രവര്ത്തനകനെങ്ങനെ ഒരു രാജ്യത്തിന്റെ ഭരണത്തെ തന്നെ പിടിച്ചുലയ്ക്കാമെന്നതിനുള്ള തെളിവ്. ഇന്ത്യയെക്കുറിച്ചും അഴിമതിയെക്കുറിച്ചും ഇടനിലക്കാരെക്കുറിച്ചുമൊക്കെ പലതവണ പറഞ്ഞിട്ടും തീരാതെ മനസില്‍ കിടക്കുന്ന പലതും ആര്‍ജവത്തോടെ ലോകത്തോട് വിളിച്ചു പറയുകയാണ് ജോസി ജോസഫിന്റെ ‘ എ ഫീസ്റ്റ് ഓഫ് വള്‍ച്ചേഴ്സ്-ദി ഹിഡന്‍ ബിസിനസ് ഓഫ് ഡെമോക്രസി ഇന്‍ ഇന്ത്യ’ (A Feast of Vultures) എന്ന പുസ്തകം. പബ്ലിഷ് ചെയ്ത് ഒരു വര്‍ഷമായിട്ടും രാജ്യത്തെ ബെസ്റ്റ് സെല്ലറായി തുടരുന്നു. കേരളത്തില്‍ അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ ഇംഗ്ലീഷ് പുസ്തകമാണിത്. 15000 ത്തോളം ഡോക്യുമെന്റുകളാണ് ഈ പുസ്തകം എഴുതാനായി ജോസി ജോസഫ് ശേഖരിച്ചത്. ഈ ഡോക്യുമെന്റുകളും പബ്ലിക്ക് ആക്കികൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ വെബ്സൈറ്റില്‍ ഇപ്പോള്‍ തന്നെ പലതും പബ്ലിഷ് ചെയ്തിട്ടുണ്ട്. ദി ഹിന്ദുവിന്റെ നാഷണല്‍ സെക്യൂരിറ്റി എഡിറ്ററായി പ്രവര്‍ത്തിക്കുന്ന ജോസി ജോസഫുമായി രസ്യ രവീന്ദ്രന് സംസാരിക്കുന്നു.
രാജ്യത്തെ പ്രകമ്പനം കൊള്ളിച്ച നിരവധി അഴിമതിക്കഥകള്‍ പുറത്തുകൊണ്ടുവന്നിട്ടുള്ള ആളാണ്. ഇങ്ങനെയൊരു പുസ്തകം എഴുതണമെന്നു തോന്നാനുള്ള കാരണം?
ഇരുപതു വര്‍ഷത്തിലധികമായി മെയിന്‍സ്ട്രീം ജേണലിസ്റ്റാണ്. 1995 ലായിരുന്നു തുടക്കം. ഇതിനിടയില്‍ പത്തോളം ജോലികള്‍ മാറിയിട്ടുണ്ട്. ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസമെന്നു പറയപ്പെടുന്ന തരം ന്യൂസുകളിലാണ് കൂടുതലും ശ്രദ്ധിച്ചിരുന്നത്. അങ്ങനെ കണ്ടെത്തിക്കൊണ്ടുവന്ന റിപ്പോര്‍ട്ടുകളില്‍ മിക്കതും പബ്ലിഷ് ചെയ്യാനായിട്ടില്ല. എല്ലാ ന്യൂസ് റൂമുകളിലും അലിഖിതമായ അല്ലെങ്കില്‍ അപ്രഖ്യാപിതമായൊരു സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്നുണ്ടെന്നാണ് ഇതില്‍ നിന്ന് മനസിലാക്കാനായത്. പത്ര മുതലാളിമാരുടെ മറ്റു ബിസിനസ് താത്പര്യങ്ങളോ, പരസ്യക്കാരുടെ നിബന്ധനകളോ സര്‍ക്കാര്‍ താത്പര്യങ്ങളോ ഒക്കെയാവാം ഇതിനു പിന്നില്‍. അതിനോടൊക്കെയുള്ള അമര്‍ഷവും ഇന്ത്യന്‍ ജനാധിപത്യത്തില്‍ നടക്കുന്ന എനിക്കറിയാവുന്ന യാഥാര്‍ഥ്യങ്ങള്‍ പച്ചയായി പറയണമെന്ന വാശിയുമാണ് ഈ പുസ്തകം എഴുതാന്‍ പ്രേരിപ്പിച്ചതെന്നു പറയാം. പതിനാലു വയസുള്ള ഒരു മകളുണ്ടെനിക്ക്. അവള്‍ക്കും അവളുടെ തലമുറയിലുള്ളവര്‍ക്കും വേണ്ടിയാണ് ഈ പുസ്തകം ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നത്. എനിക്ക് സത്യസന്ധമായി കാര്യങ്ങള്‍ പറയണമെന്നു തോന്നി. അതിന് ഏറ്റവും നല്ല കാര്യം എന്റെ മകളോട് സത്യസന്ധമായി ഇന്ത്യയെക്കുറിച്ചുള്ള കഥകള്‍ യാതൊരു വാര്‍ണിഷും സെന്‍സര്‍ഷിപ്പുമില്ലാതെ പറയുകയാണ്.
മുകേഷ് അംബാനിയുടെ വീടിനു മുന്നിലാണ് അവസാന അധ്യായമെത്തി നില്‍ക്കുന്നത്. അതുപോലെ നരേഷ് ഗോയല്‍, വിജയ് മല്യ, അദാനി അങ്ങനെ ഇന്ത്യയിലെ മുന്‍നിര ബിസിനസുകാരെല്ലാം ഇതില്‍ കഥാപാത്രങ്ങളായെത്തുന്നു. ഇവരൊക്കെ എങ്ങനെയാണ് ഈ പുസ്കത്തെയും എഴുത്തുകാരനെയും സ്വീകരിച്ചത്?
ഒരു ജേണലിസ്റ്റിനെതിരേ ഉണ്ടായിട്ടുള്ള ഒരു പക്ഷേ, ലോകത്തിലെ തന്നെ ഏറ്റവും വലിയ സിവില്‍ ഡിഫോമേഷന്റെ കേസ് ബോംബെ ഹൈക്കോടതിയില്‍ രണ്ടുകേസുകളിലാണ് എനിക്കെതിരേ നടന്നുകൊണ്ടിരിക്കുന്നത്. രണ്ടിലും ആയിരം കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജെറ്റ് എയര്‍വെയ്സും അതിന്റെ പ്രമോട്ടര്‍ നരേഷ് ഗോയലും ചേര്‍ന്നാണ് കേസു കൊടുത്തിരിക്കുന്നത്. ശക്തമായ തെളിവുകളോടു കൂടിത്തന്നെയാണ് ഓരോ കാര്യങ്ങളും പറഞ്ഞിരിക്കുന്നതെന്നതിനാല്‍ ഭയപ്പടേണ്ട ആവശ്യമില്ല. പ്രശാന്ത് ഭൂഷണെപ്പോലുള്ള അഭിഭാഷകരാണ് എനിക്കുവേണ്ടി വാദിക്കുന്നത്. പ്രത്യാഘാതങ്ങളുണ്ടാകുമെന്ന പ്രതീക്ഷയോടെയും അതിനെതിരേ പൊരുതാനുള്ള ധൈര്യത്തോടെയും തന്നെയാണ് പുസ്തകം എഴുതിയത്. പ്രമുഖ വ്യക്തികള്‍ക്കെതിരേ വിരല്‍ചൂണ്ടുമ്പോള്‍ ഒരിക്കലും നിരുത്തരവാദിത്വപരമായിരിക്കാന് പാടില്ല. അതുകൊണ്ടുതന്നെ പറയുന്ന കാര്യങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്ന വ്യക്തമായ രേഖകള്‍ സംഘടിപ്പിക്കേണ്ട വലിയ ഉത്തരവാദിത്വമുണ്ടായിരുന്നു. അതിനായി പത്തു വര്‍ഷത്തോളം വേണ്ടി വന്നു. 2007 ല്‍ പുസ്കതത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും 2016-ലാണ് പബ്ലിഷ് ചെയ്തത്.
പുസ്തകം പുറത്തുവരുന്നതിനെക്കുറിച്ച് നേരത്തെ പുറത്തുപറഞ്ഞിരുന്നോ?
സാധാരണയായി പുസ്തകമെഴുതുന്നവര്‍ ആദ്യം പബ്ലിഷറെ കണ്ടുപിടിച്ച് അവരില്‍ നിന്ന് ചെറിയ അഡ്വാന്‍സ് വാങ്ങിയ ശേഷമാണ് പുസ്തകമെഴുതാന്‍ തുടങ്ങുന്നത്. ഞാന്‍ കുറച്ചു വ്യത്യസ്തമായ രീതിയാണ് പിന്തുടര്ന്നത്. ആദ്യം പുസ്തകത്തിന്റെ ആശയം ഡെവലപ്പുചെയ്തു. അതിനുശേഷം പുസ്തകം എഴുതിത്തീരാറായപ്പോള് ലണ്ടനിലെ പ്രമുഖ ലിറ്റററി ഏജന്റായ ഗില്ലന്‍ ഏത്കനെ കണ്ടു. കണ്സപ്റ്റു കേട്ടപ്പോള്‍ അദ്ദേഹത്തിനു നല്ല താത്പര്യമായി. അഡ്വാന്‍സ് ഓഫര്‍ ചെയ്തിരുന്നെങ്കിലും അതു ഞാന്‍ നിരസിച്ചു. പൂര്‍ണമായി എഴുതി തീര്‍ത്ത ശേഷമാണ് പബ്ലിഷറെ കാണിച്ചത്. യാതൊരു സെന്ഷര്ഷിപ്പുമില്ലാതെ തന്നെ ഇല്ലാതെ തന്നെ പുസ്തകം പബ്ലിഷ് ചെയ്യാന്‍ ഹാര്‍പര്‍(കോളിന്‍സ്) തയാറായി.
വിവാദം നിറഞ്ഞ കാര്യങ്ങളൊക്കെ പുറത്തുപറയുമ്പോള്‍ ഭയം തോന്നാറില്ലേ. അതിനെ എങ്ങനെയാണ് അതിജീവിക്കുന്നത്?
എല്ലാവരും ചോദിക്കാറുള്ള ഒരു ചോദ്യമാണിത്. സത്യത്തില്‍ ഇതിന് ഒരുത്തരം പറയാനാകില്ല. ഞാന്‍ ഇതിനെ കൈകാര്യം ചെയ്യുന്നത് വേറൊരു തലത്തിലാണ്. ഒരിക്കലും ഞാന്‍ എന്റെ സ്റ്റോറികളില്‍ കഥാപാത്രമാകാന്‍ ശ്രമിക്കാറില്ല. പത്രക്കാരെന്നു പറഞ്ഞാല്‍ കഥപറയുന്നവരാണ്. അവരൊരിക്കലും കഥയിലെ കഥാപാത്രങ്ങളല്ല. പല മാധ്യമപ്രവര്‍ത്തകരും ഒരു സ്റ്റോറി ചെയ്തുകഴിഞ്ഞാല്‍ പിന്നെ കഥയിലെ കഥാപാത്രങ്ങളായി മാറുകയാണ്. അവരു ചെയ്ത വീരകൃത്യങ്ങള്‍ സ്വയം പറഞ്ഞു നടക്കുന്നതുകൊണ്ടു തന്നെ രണ്ടാമതൊരു സ്റ്റോറി ചെയ്യാന്‍ അവര്‍ക്കു സമയം ലഭിക്കാതെ പോകുന്നു. ആ അവസ്ഥ ഒഴിവാക്കാന്‍ ഞാന്‍ എന്നെ ക്കുറിച്ച് പറഞ്ഞു നടക്കാറില്ല. വലിയ ബിസിനസുകാര്ക്കെതിരായി പോലും വാര്‍ത്തകള്‍ കൊടുക്കേണ്ടിവരുമ്പോള്‍ പലപ്പോഴും ഭീഷണികളായിരിക്കില്ല പ്രലോഭനങ്ങളായിരിക്കും നമുക്ക് മുന്നിലുള്ള വെല്ലുവിളി. അതു തള്ളിക്കളയുന്നതിലാണ് നമ്മുടെ പേഴ്സണാലിറ്റിയും വിശ്വാസ്യതയെയുമൊക്കെ നിര്ണയിപ്പെടുക. പബ്ലിക്കായി മൊറാലിറ്റിയെക്കുറിച്ച് വീരവാദം പറയുന്ന നിരവധിപ്പേരുണ്ട്. പക്ഷേ, ആരുമില്ലാത്ത സമയത്ത് നമ്മുടെ ജീവിതത്തെയും സാമ്പത്തികാവസ്ഥയെയും മാറ്റിമറിക്കാനാവുന്ന പ്രലോഭനങ്ങളുമായെത്തുന്നവരെ അവോയ്ഡ് ചെയ്യാനാകുകയെന്നതാണ് ബുദ്ധിമുട്ടേറിയ കാര്യം. നാം വളരാതിരിക്കാന്‍ കൂടിയാണ് ഇതു ചെയ്യുന്നതെന്ന് മനസിലാക്കുന്നതിലാണ് നമ്മുടെയൊക്കെ കാരക്ടര്‍ നിലനില്‍ക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഇതൊക്കെ ഒരുപക്ഷേ മാതാപിതാക്കളില്‍ നിന്നുപകര്‍ന്നു കിട്ടിയതോ സ്വന്തമായൊരു തീരുമാനത്തിലോ ഒക്കെ ഇങ്ങനെയായതാണ്. ആ ഒരു ഡിറ്റര്മിനേഷനു ള്ളതുകൊണ്ടായിരിക്കും ഇത്രയും സ്റ്റോറികള്‍ ചെയ്യാനായതും. ഇതുവരെ ആരും കുറ്റങ്ങളൊന്നും പറയാത്തതും. മോളും ഭാര്യയും എന്നേക്കാളും മെന്റലി സ്ട്രോങ്ങാണ്. അതുകൊണ്ട് അവരുടെ സ്പ്പോര്ട്ടിനും കുറവൊന്നുമില്ല. ആരുമറിയാത്ത സമയങ്ങളിലുണ്ടാകുന്ന പ്രലോഭനങ്ങള്‍ അതിജീവിക്കുകയെന്നതാണ് നമ്മുടെ രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ നേരിടേണ്ടിവരുന്ന പ്രധാന വെല്ലുവിളി.
അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തില്‍ പുതുതലമുറ ജേണലിസ്റ്റുകള്‍ക്കുള്ള പാഠപുസ്തകമാണ് ജോസി ജോസഫ്. ഇപ്പോഴത്തെ ന്യൂസ് ചാനലുകളുടെ ശൈലി എങ്ങനെ വിലയിരുത്തുന്നു.?
ഞാന്‍ ന്യൂസ് ചാനലുകളൊന്നും അധികം കാണാറില്ലായെന്നതാണ് യാഥാര്‍ഥ്യം. വലിയ ബ്രേക്കിംഗ് ന്യൂസുകളൊക്കെ വരുമ്പോഴാണ് അത്യാവശ്യം കാണുന്നത്. അതും ബിബിസി, സിഎന്‍എന്‍ തുടങ്ങിയവയായിരിക്കും. ഇന്ത്യയിലെ അവസ്ഥ പറയുകയാണെങ്കില്‍ ന്യൂസ് ചാനലെന്ന പേരില്‍ ഗവണ്മെന്റ് ലൈസന്‍സ് നേടി പ്രവര്‍ത്തിക്കുന്ന പല ചാനലുകളും എന്റര്‍ടെയിന്‍മെന്റ് ചാനലുകളോ പ്രൊപ്പഗാന്‍ഡ ചാനലുകളോ ആണ്. അതിനകത്ത് ന്യൂസ് ഒന്നുമില്ല. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ ‘ഞാനാണ് കഥ’ എന്ന ധിക്കാരപൂര്വമായൊരു തോന്നലുണ്ടായാല്‍ പിന്നെ അവര്‍ക്ക് അവരുടെ സമനില തന്നെ തെറ്റിപ്പോകും. അങ്ങനെ സമനില തെറ്റിയ ഒരുകൂട്ടമാളുകള്‍ നടത്തുന്ന ഡിലൂഷണല്‍ ന്യൂസ് റിപ്പോര്‍ട്ടിംഗ് ആണ് ചാനലുകളില്‍ കാണുന്നത്. അതിനകത്തു പല മണ്ടത്തരങ്ങളും വിവരക്കേടുകളുമൊക്കെയുണ്ടാകാം. പത്രപ്രവര്‍ത്തനമെന്നാല്‍ ഉറക്കത്തില്‍ കൂകി വിളിക്കുന്നതാണെന്ന് കരുതുന്ന ഡില്യൂഷണല്‍ ആയ ആളുകളാണ് ടിവിയില്‍ നിറഞ്ഞു നില്‍ക്കുന്നത്. നമ്മളും ഈ ഫീല്‍ഡില്‍ തന്നെയാണ് നില്‍ക്കുന്നതെന്നതിനാല്‍ സത്യത്തില്‍ ദുഖം തോന്നാറുണ്ട്. മാത്രമല്ല വളര്‍ന്നു വരുന്ന ചെറുപ്പക്കാരെ വഴിതെറ്റിക്കുകയും പത്രപ്രവര്‍ത്തനത്തിന്റെ റെസ്പെക്ടബിലിറ്റി തകര്‍ക്കുകയുമാണ് അവര്‍ ചെയ്യുന്നത്. ഇതിനെയൊക്കെ സമൂഹം ബോയ്കോട്ട് ചെയ്യുന്ന ഒരു കാലഘട്ടം വരുമെന്നു പ്രതീക്ഷിക്കാം.
കൂടുതല്‍ കാലവും പ്രിന്റ് മീഡിയയില്‍ പ്രവര്‍ത്തിച്ചയാളെന്ന നിലയില്‍ വരും കാലങ്ങളില്‍ പ്രിന്റ് മീഡിയയുടെ അവസ്ഥ എങ്ങനെ വിലയിരുത്തുന്നു?
അടുത്ത പത്തു പതിനഞ്ചുവര്‍ഷം കൂടി പ്രിന്റ് മീഡിയയ്ക്ക് ലോയല്‍റ്റി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് . അതിനപ്പുറത്തേക്ക് പോകുമോയെന്നു പറയാനാവില്ല. ഇന്നു ടെലിവിഷനില്‍ കാണിക്കുന്ന കോമാളിത്തത്തോടുള്ള പ്രതിഷേധം റെസ്പോണ്സിബിള് ജേണലിസമെന്ന നിലയില്‍ പ്രിന്റ് മീഡിയയെ സഹായിച്ചേക്കാം. ഹിന്ദുവിന്റെയൊക്കെ റീഡര്‍ഷിപ്പ് നോക്കുകയാണെങ്കില്‍ കുറവൊന്നും സംഭവിച്ചതായി കാണുന്നില്ല. ക്രെഡിബിളായ പ്രസ്ഥാനങ്ങള്‍ വന്നാല്‍ ഇതിനു മാറ്റം വരുമെന്നാണ് കരുതുന്നത്.
എല്ലാവരും ജേണലിസ്റ്റുകളാകുന്ന സൈബര്‍ കാലഘട്ടത്തില്‍ സൈബര്‍ ഗുണ്ടകളുടെ ആക്രമണം നേരിടേണ്ടി വരുന്നുണ്ടോ?
ഞാന്‍ സോഷ്യല്‍ മീഡിയയിലൊന്നും അത്ര ആക്ടീവല്ല. പിന്നെ ചില സ്റ്റോറികള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ചീത്തവിളികളും ഭീഷണികളുമൊക്കെ കമന്റിലുണ്ടാവാറുണ്ട്. ഇന്ത്യയില്‍ ഒരു പരിധിവരെ സോഷ്യല്‍ മീഡിയ റെവലൂഷന്റെ ശക്തി മനസിലാക്കിയത് നരേന്ദ്രമോദിയാണ്. അദ്ദേഹം അതു നന്നായി ഹൈജാക്കു ചെയ്തു. നന്നായി ഓര്ഗനൈസ്ഡാണവര്. 2014 ഇലക്ഷനില്‍, മോദിയുടെ ഇമേജ് ബില്ഡപ്പിനു പിന്നില്‍ നടന്ന കാര്യങ്ങള്‍ ഒരുപക്ഷേ ആരും തിരിച്ചറിയില്ലായിരിക്കും. എന്നാല്‍ വളരെ സിന്‍സിയറായ സ്ട്രാറ്റജിയുണ്ടായിരുന്നു. ആ ഒരു ഹൈജാക്കിന്റെ ഇഫക്ട് ഇപ്പോഴും തുടരുന്നുണ്ട്. മോദി കാമ്പെയിന്റെ ഭാഗമായുണ്ടായ ഇറെസ്പോണ്സബിളായ കുറേയാളുകള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ്. അവരു കമ്യൂണലിസവും മറ്റുള്ള ഇഷ്യുസുമെല്ലാം പ്രചരിപ്പിച്ചുകൊണ്ടിരിക്കും. സ്ത്രീകള്‍ക്കെതിരെ മോശം പ്രവര്ത്തനങ്ങളുമുണ്ടാകുന്നുണ്
യുപിഎ ഗവണ്മെന്റിന്റെ കാലത്താണ് പല അഴിമതിക്കഥകളും താങ്കള്‍ പുറത്തുകൊണ്ടു വന്നിട്ടുള്ളത്. യുപിഎ മാറി എന്‍ഡിഎ വന്നപ്പോള്‍ സാഹചര്യം മാറിയോ?
അഴിമതിയുടെ കാര്യത്തില്‍ അധികാരത്തിലേറുന്ന പാര്‍ട്ടികള്‍ തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. കോണ്‍ഗ്രസിനേക്കാള്‍ ബിജെപിക്ക് ഇപ്പോള്‍ പണം അത്യാവശ്യമാണ്. തെരഞ്ഞെടുപ്പു പ്രചരണങ്ങള്‍ക്കും മറ്റും ധാരാളം പണം ചെലവഴിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടതുപോലെ എംഎല്‍എ മാരെ വിലയ്ക്കെടുക്കുന്നതുപോലെ എക്സ്പെന്‍സീവായ കാര്യങ്ങളാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ ബിജെപി അധികാരത്തിലേറിയപ്പോള്‍ അഴിമതി കുറഞ്ഞെന്നൊക്കെ പറയുന്നത് ശുദ്ധ അസംബന്ധമാണ്. സാധാരണ ഒരു സര്‍ക്കാര്‍ ഭരണത്തില്‍ വരുമ്പോള്‍ ഒരു ഗ്രാഫുണ്ട്. നല്ല ഭൂരിപക്ഷത്തില്‍ ജയിച്ചുവരുന്ന സമയത്ത് ആദ്യ തീരുമാനങ്ങളില്‍ ജനങ്ങളുടെ സപ്പോര്‍ട്ട് വളരെക്കൂടുതലായിരിക്കും. പിന്നീടുള്ള രണ്ടു മൂന്നുവര്‍ഷം സപ്പോര്‍ട്ട് സ്റ്റാറ്റസ് ക്യു ആയിരിക്കും. അതിനുശേഷം ഇത് കുറഞ്ഞു തുടങ്ങും. അതേപോലെ ഈ സര്‍ക്കാരിന്റെ അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ അഴിമതിക്കഥകളൊക്കെ പുറത്തുവന്നു തുടങ്ങും. ബിജെപി ഗവണ്മെന്റിന്റെ കാലത്ത് ഒരു അണ്‍നാച്വറല്‍ സൈലന്‍സ് കാണുന്നുണ്ട്. ഇന്ത്യയെന്ന പ്രഷര്കുക്കറിന് ഇതൊന്നും അധികകാലം അടച്ചുവയ്ക്കാനാവില്ല. അതു പൊട്ടിത്തെറിക്കും. അപ്പോള്‍ പലതും പുറത്തുവരും.
ബിജെപി ഭരണത്തിന് കീഴില്‍ ഇന്ത്യയില്‍ ജനാധിപത്യം സുരക്ഷിതമാണോ?
ജനാധിപത്യം വളരെ ക്രിട്ടിക്കല്‍ ജംഗചറിലെത്തി നില്‍ക്കുകയാണ്. രണ്ടുമൂന്നു വഴികളാണ് നമുക്കുമുന്നിലുള്ളത്. ആദ്യത്തേത് ഇന്ത്യ ഒരു മജോറിറ്റേറിയന്‍ സ്റ്റേറ്റായി മാറുമെന്നതാണ്. അതായത് മോദിയുടെ മാസ് നേതൃത്വത്തിലുള്ള ഒരവസ്ഥ. നിലവിലെ സാഹചര്യത്തില്‍ ഇതിലേക്കാണ് കൂടുതല്‍ സാധ്യതകള്‍ വിരല്‍ചൂണ്ടുന്നത്. ശക്തമായി എതിര്‍ത്തില്ലെങ്കില്‍ ഇന്ത്യയുടെ മള്‍ട്ടികള്‍ച്ചറല്‍ സ്പിരിറ്റ് ഇല്ലാതാകാന്‍ ഇതു കാരണമാകും. ഒരു ടേം കൂടി മോദി വരികയാണെങ്കില്‍ ഇതു പ്രത്യക്ഷമാകും. അടുത്തത് ഡെമോക്രസി നിലനില്ക്കുമ്പോള് തന്നെ ഒലിഗാര്‍ക്കി സ്റ്റേറ്റിലേക്ക് മാറാനുള്ള സാഹചര്യമാണ്.
നമ്മള് വളരെ യംഗായ രാജ്യമാണ്. ജനസംബഖ്യയുടെ അമ്പതു ശതമാനത്തിലധികവും 27 വയസില്‍ താഴെയുള്ളവരാണ്. അത്തരമൊരു രാജ്യത്ത് അഴിമതിയും വേണ്ടാത്ത കാര്യങ്ങളും നിലനിര്‍ത്തിക്കൊണ്ടുപോവുക ബുദ്ധിമുട്ടാണ്. യൂത്തിന്റെ ഡിമാന്‍ഡും മിഡില്‍ ക്ലാസിന്റെ പ്രഷറും കാരണം ഒരു മെച്വേര്‍ഡ് സ്റ്റേറ്റിലേക്ക് ഇന്ത്യന്‍ ഡെമോക്രസി പോയേക്കാം. മൂന്നാമത്തെ വഴിക്കുള്ള സാധ്യത വളരെക്കുറവാണെന്നു പറയാം.
നമ്മള് ഇത്രയും കാലം ജനാധിപത്യ അവകാശങ്ങള്‍ ആസ്വദിച്ചിരുന്നു, പരസ്പരം വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമൊക്കെ ഇല്ലാതാക്കികൊണ്ട് കണ്ട്രോള്ഡായുള്ള സമൂഹത്തില്‍ ജീവിക്കണോയെന്ന് എല്ലാവരും ആലോചിക്കണം. ഇത് പ്രതിപക്ഷത്തിന്റെയും മീഡിയയുടെയും മാത്രം റെസ്പോണ്സിബിലിറ്റിയല്ല. ഇടനിലക്കാരില്ലാതെ ഈ രാജ്യത്ത് ഒന്നും നടക്കില്ല. ശക്തമായൊരു പുഷ്ബാക്ക് ഉണ്ടായാല്‍ ഇതില്‍ മാറ്റമുണ്ടാകാം. പക്ഷേ അത്തരമൊരു പുഷ്ബാക്കിനുള്ള എനര്‍ജി ഇപ്പോള്‍ ഇവിടെയില്ല. കാരണം കറക്ഷന്റെ ബെനഫിഷ്യറിയായിരിക്കുമ്പോള് അതു മാറില്ല. യൂത്ത് പവര്‍ പുഷ്ബാക്ക് ചെയ്യുമെന്നു പ്രതീക്ഷിക്കാം.
കോണ്‍ഗ്രസിന്റെ മുന്നോട്ടുള്ള പോക്ക് പ്രയാസകരമായിരിക്കുമോ?
ആളുകള്‍ പറയുന്നതു പോലെ അത്ര മോശമൊന്നുമല്ല കോണ്‍ഗ്രസിന്റെ അവസ്ഥയെന്നാണ് എന്റെ നിഗമനം. അവരെല്ലാക്കാലത്തും 20 ശതമാനം പാര്‍ട്ടിയാണ്. അതില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. കോണ്‍ഗ്രസിന് എളുപ്പത്തില്‍ തിരിച്ചു വരാനാകും. നാം കാണുന്നതു പോലെ അത്ര നല്ല കാര്യങ്ങളൊന്നുമല്ല രാജ്യമെമ്പാടും നടക്കുന്നത്. അതുകൊണ്ടുതന്നെ അത്ര ജനസമ്മിതിയൊന്നും മോദി ഗവണ്മെന്റിനില്ല. കഴിഞ്ഞ ഇരുപതു വര്‍ഷമായി രാജ്യത്ത് ഇല്ലാതായിരുന്ന പ്രത്യേക പൊളിറ്റിക്സാണ് നരേന്ദ്രമോദി കൊണ്ടുവരുന്നത്. അടല്‍ ബിഹാരി വാജ്പേയിയുടെ കാലഘട്ടം തൊട്ട് ഇന്ത്യയുടെ നാഷണല്‍ പൊളിറ്റിക്സില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടാരുന്ന ഒന്നായിരുന്നു ആയാറാം ഗയാറാം പൊളിറ്റിക്സ്. അക്കാലമൊക്കെ കഴിഞ്ഞു റിലേറ്റീവ്ലി ഡിഗ്നിഫൈഡ് പൊളിറ്റിക്സിലേക്ക് ഇന്ത്യ കടന്നതായിരുന്നു. എന്നാല്‍ അതിനു തിരിച്ചടികിട്ടിയിരിക്കുകയാണ് മോദി ഭരണത്തില്‍. ഒരുപക്ഷേ,മോദിക്കൊരു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്ലാത്തതു കൊണ്ടായിരിക്കാം അത്.
എ ഫീസ്റ്റ് ഓഫ് വള്ച്ചേഴ്സില് കൂടുതലും കേരളത്തിനു പുറത്തുള്ള അഴിമതികളും രാഷ്ട്രിയവുമൊക്കെയാണ് പറയുന്നത്. വെസ്റ്റ്കോസ്റ്റ് എയര്‍ലൈന്‍സ് വിവാദവുമായി ബന്ധപ്പെട്ട് മാത്രമാണ് കേരളത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത്. മലയാളിയെന്ന നിലയില്‍ കേരളത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്താണ്?
കേരളം വളരെ അഡ്വാന്‍സ്ഡായ സോഷ്യോ പൊളിറ്റിക്കല്‍ ഇവോള്‍വ്ഡ് ആയിട്ടുള്ള സ്റ്റേറ്റ് തന്നെയാണ്. അതില്‍ സംശയം വേണ്ട. നോര്‍ത്തില്‍ നിന്നുള്ള നേതാക്കളൊക്കെ കേരളത്തെ അവഹേളിക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ അതിന്റെ കുശുമ്പാണ്. കേരളത്തെ ഗുജറാത്ത് പോലെയാക്കാമെന്ന തരത്തിലുള്ള ബിജെപിയുടെ കാമ്പെയിനൊക്കെ ശുദ്ധ മണ്ടത്തരവും വിഡ്ഢിത്തവുമാണ്. കേരളത്തില്‍ ബിജെപിക്കൊരു സ്പെയ്സുണ്ട്. പക്ഷേ നുണപറഞ്ഞും പ്രൊപ്പഗാന്ഡയായുമെല്ലാം അതു നേടിയെടുക്കാമെന്ന് അവര്‍ കരുതേണ്ട. അവിടെയാണ് ബിജെപിക്ക് അടികിട്ടുന്നത്. ഇവിടെ കമ്മ്യൂണലിസം പറഞ്ഞ് രാഷ്ട്രീയം കളിച്ച് അധികകാലം നിലനില്‍ക്കാനാകില്ല.
India is a rich country with too many poor people എന്ന് ഒരിക്കല്‍ താങ്കള്‍ പറഞ്ഞിരുന്നു. കേരളത്തിന്റെ അവസ്ഥയും വിഭിന്നമല്ലല്ലോ?
കേരളമുള്പ്പെടെയുള്ളവ ഇന്ത്യയുടെ യാഥാര്‍ത്ഥ്യമാണ്. ഒരു വശത്ത് സ്വിറ്റ്സര്‍ലന്‍ഡും മറുവശത്ത് അട്ടപ്പാടിയുമുള്ളതാണ് നമ്മുടെ സംസ്ഥാനം. ഇത്തരം സോഷ്യോ പൊളിറ്റിക്കല്‍ ഇംബാലന്‍സ് ഉള്ള നിരവധി റീജിയനുകള്‍ കാണാനാവും. പക്ഷേ ശരിക്കും ഇതേക്കുറിച്ച് നാം ലജ്ജിക്കേണ്ടതാണ്. ഒരുവശത്ത് ഇന്ത്യ ലോകത്തിലെ ഏറ്റവും ആയുധ ഇറക്കുമതിക്കാരാണ്. മറുവശത്ത് ഏറ്റവും കൂടുതല്‍ ദാരിദ്ര്യം അനുഭവിക്കുന്ന ആളുകള്‍ വസിക്കുന്ന രാജ്യവും. വല്ലാത്തൊരു കോണ്ട്രാഡിക്ഷനാണിത്. ഒരു സ്റ്റേറ്റിന്റെ വികസനത്തില്‍ അല്‍പ്പം അനുകമ്പയൊക്കെ വേണം. എന്നാല്‍ ഇതിനു പകരം കിട്ടുന്ന മുഴുവന്‍ പൈസയും ആര്‍ത്തിയോടെ വാങ്ങിപോക്കറ്റിലാക്കുന്ന വര്‍ഗമാണ് നമ്മുടേത്. അത്തരമൊരു ഇമ്മോറാലിറ്റിയാണ് ഇന്നു നിലനില്‍ക്കുന്നത്. അതിനു പറ്റിയ ഏറ്റവും നല്ല ഉദാഹരണമാണ് കേരളം. വീട്ടില്‍ നിന്ന് ഒരു മണിക്കൂര്‍ അകലെയല്ലാത്ത അട്ടപ്പാടിയില്‍ കുട്ടികള്‍ മരിക്കുന്നത് കണ്ട് കൊട്ടാരത്തില്‍ കിടന്നുറങ്ങുന്നവരാണ് നാം. ഒരു പഞ്ചായത്ത് മാത്രം വിചാരിച്ചാല്‍ പോലും അട്ടപ്പാടിയിലെ അല്ലെങ്കില്‍ ട്രൈബല്‍ ബെല്‍റ്റിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകും. പക്ഷേ അതൊന്നും ചെയ്യുന്നില്ലെന്നു മാത്രം. ഒരു വശത്ത് മീഡിയ അഗ്രസീവ് ആയിട്ടുണ്ടെങ്കിലും മറുവശത്ത് അത്ര സ്ട്രോംഗായ ഇടപെടലില്ല. അതുകൊണ്ടുതന്നെ പലതും പുറത്തുവരുന്നില്ല.
പത്രപ്രവര്‍ത്തന രംഗത്തേയ്ക്കു കടന്നു വരുന്നവരോടു പറയാനുള്ളത്?
പത്രപ്രവര്‍ത്തനമെന്നത് സിനിമയില്‍ കാണുന്ന സംഭവമല്ല. മിടുക്കരായ കുറെ ചെറുപ്പക്കാര്‍ ഈ മേഖലയിലേക്കു വരുന്നുണ്ട്. ഒറ്റ രാത്രികൊണ്ട് ഹീറോ ആകാമെന്നു വിചാരിച്ചാണ് പലരും വരുന്നത്. പലപ്പോഴും നമ്മുടെ സ്കില്ലും അംബീഷനും കൂടി മാച്ച് ചെയ്തെന്നു വരില്ല. മികച്ച ജേണലിസ്റ്റുകളാകാന്‍ ക്ഷമയോടെ മറ്റുള്ളവരെ കേള്‍ക്കാനും ധാരാളം വായിക്കാനും പരിശ്രമിക്കണം.
(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)
Comments are closed.