ജെ എന്‍ യുവിന്‌ പറയാനുള്ളത്: ഇടത് ഐക്യം ശക്തിപ്പെടുത്തണം, നേതാക്കള്‍ ജനങ്ങളിലേക്ക് ഇറങ്ങണം: അമുത ജയദീപ് സംസാരിക്കുന്നു

അക്കാദമിക സ്വാതന്ത്രത്തിന്റേയും ഇന്ത്യന്‍ ജനാധിപത്യത്തിന്റേയും മാത്രമല്ല ലോക വിമോചന പോരാട്ടങ്ങളുടേയും കണ്ണികളുടെ ഒരറ്റത്ത് ജെ എന്‍ യു എന്ന മൂന്നരങ്ങളുണ്ടാകും. സമാധാനത്തിന്റേയും വിമോചനത്തിന്റേയും പതാകകളാണ് ജെ എന്‍ യുവില്‍ പഠിച്ചുയരുന്നത്. പലഘട്ടങ്ങളിലും അതിനുമേല്‍ ഇന്ത്യന്‍ ഭരണകൂടം ഉരുക്ക് മുഷ്ടി കൊണ്ട് അടിച്ചമര്‍ത്താന്‍ നോക്കിയിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്തായാലും മോദിത്വത്തിന്റെ അപ്രമാദിത്വത്തിന്റെ കാലത്തായാലും.

ഈ കൂടമര്‍ദ്ധനങ്ങളില്‍ ഇവിടെ നിന്നും പൊട്ടി ഒഴുകുന്നത് പുതിയ ചിന്തകളുടേയും പുതിയ ഐക്യനിരകളുടേയും നീരുറവകളാണ്. അങ്ങനെ രൂപപ്പെട്ടു വന്ന ഐക്യനിരകളിലൊരാള്‍ മലയാളി പെണ്‍കുട്ടിയാണ്. ഇത്തവണ ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജോയിന്റ് സെക്രട്ടറിയായി എ ഐ എസ് എഫിന്റെ ബാനറില്‍ മത്സരിച്ച് തെരഞ്ഞെടുക്കപ്പെട്ടത് മലയാളി വിദ്യാര്‍ഥിനിയായ അമുത ജയദീപ് ആണ്‌.

അമുത ജെ എന്‍ യുവിലെ രാഷ്ട്രീയത്തെക്കുറിച്ചും ഇന്ത്യ ഇന്ന് നേരിടുന്ന ഭീഷണികളെക്കുറിച്ചും ബി ജെ പി സര്‍ക്കാരിന് എതിരെ പ്രതിപക്ഷം ഒന്നിക്കേണ്ടതിനെക്കുറിച്ചും ഇടതുപ്രസ്ഥാനത്തിന്റെ ദൗര്‍ബല്യത്തെ കുറിച്ചും ജസ്റ്റിന്‍ അബ്രഹാമുമായി സംസാരിക്കുന്നു.


ജെ എന്‍ യുവില്‍ ഒരു ഇടതു ഐക്യനിര രൂപപ്പെട്ടതെങ്ങനെയാണ്?

ഇടതു സഖ്യമെന്നത് ജെ എന്‍ യുവില്‍ നിലനില്‍ക്കുന്ന ഒരു ഐഡിയയാണ്. വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പോലും ഈ ഐക്യം കാണാം. കഴിഞ്ഞ വര്‍ഷം എസ് എഫ് ഐ-എ ഐ എസ് എ-ഡി എസ് എഫ് കക്ഷികള്‍ ഒരുമിച്ചാണ് മത്സരിച്ചത്. അതുകൊണ്ടുതന്നെ ഇടത് ഐക്യമെന്നത് ജെ എന്‍ യുവില്‍ ഒരു പുതിയ ആശയമല്ല. എല്ലാത്തിലും ഉപരിയായി ഇക്കാലത്ത് ഇടത് ഐക്യത്തിനു വളരെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. 2019-ല്‍ ഇന്ത്യ പൊതുതെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായ തെരഞ്ഞെടുപ്പാണത്. ബിജെപിയുടെ ഫാസിസ്റ്റ് സര്‍ക്കാരിനെ താഴെയിറക്കാന്‍ പ്രതിപക്ഷ കക്ഷികളുടെ ഒരു കൂട്ടായ്മ രൂപം കൊള്ളേണ്ടത് ഈ കാലത്തിന്റെ അനിവാര്യതയാണ്. ജെ എന്‍ യുവിലെ ഇടതുസഖ്യം രാജ്യത്തിന് ഒരു മാതൃക കാണിക്കുകയാണു ചെയ്തത്. വലതുപക്ഷ-ഫാസിസ്റ്റ് ശക്തികളെ ചെറുത്തു തോല്‍പ്പിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന സന്ദേശമാണ് ജെ എന്‍ യുവിലെ ഇടതുപക്ഷ പുരോഗമന വിദ്യാര്‍ഥി സംഘടനകള്‍ ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നത്.

പരമ്പരാഗതമായി ജെ എന്‍ യു ഒരു ഇടത് കോട്ടയാണ്. പക്ഷേ വലത് പക്ഷ ആശയങ്ങളോട് ആഭിമുഖ്യമുള്ളവര്‍ സര്‍വകലാശാലയില്‍ വര്‍ധിച്ചുവരുന്നുണ്ടോ?

ഹിന്ദു കമ്മിറ്റി ശുപാര്‍ശകള്‍ പ്രകാരം രാജ്യത്തെ മിക്കവാറും കാമ്പസുകളില്‍ വന്‍തോതിലുള്ള അരാഷ്ട്രീയവത്ക്കരണം നടക്കുന്നുണ്ട്. എ ബി വി പി പോലുള്ള വലതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ ഈ സാഹചര്യം മുതലെടുക്കാന്‍ അവരുടെ പണക്കൊഴുപ്പും കായിക ശക്തിയും ഉപയോഗിക്കുന്നു. അതുകൊണ്ടുതന്നെ രാജ്യത്തെ കാമ്പസുകളില്‍ വലതുപക്ഷ ആശയങ്ങളുടെ നുഴഞ്ഞുകയറ്റമുണ്ടാകുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. എങ്കിലും ജെ എന്‍ യുവെന്നത് ഇന്ന് ഇടതുപക്ഷ ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്ന വിദ്യാര്‍ഥികളുടെ കാമ്പസാണ്. ജെ എന്‍ യുഎസ് യു തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഇടതു സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം ഈ വസ്തുത അടിവരയിടുന്നു. ജെ എന്‍ യുവിലെ സയന്‍സ് സ്‌കൂളുകള്‍ എ ബി വി പിയുടെ ശക്തി കേന്ദ്രമാണ്. അവിടെപ്പോലും ഇത്തവണ ഇടതുസഖ്യ സ്ഥാനാര്‍ഥികളാണ് ജയിച്ചുകയറിയത്.

വന്‍ ഭൂരിപക്ഷത്തോടെയാണ് ഇടതുസഖ്യ സ്ഥാനാര്‍ഥികള്‍ വിജയിച്ചിട്ടുള്ളത്. പക്ഷേ സഖ്യമില്ലാതെ മത്സരിച്ചിരുന്നെങ്കില്‍ എ ബി വി പി വിജയിക്കാനുള്ള സാധ്യത ഉണ്ടായിരുന്നില്ലേ. വോട്ട് ഷെയറിലുള്ള മുന്നേറ്റം ആശങ്കജനകമല്ലേ. ഇടതുകോട്ടയെന്നു പറയുമ്പോഴും ജെ എന്‍ യുവില്‍ എബിവിപി വളരുകല്ലേ?

അങ്ങനെ സംഭവിക്കുമെന്നു ഞാന്‍ കരുതുന്നില്ല. ജെ എന്‍ യുവിലെ എല്ലാ വിദ്യാര്‍ഥികളും ശക്തമായ രാഷ്ട്രീയബോധമുള്ളവരാണ്. അവര്‍ ഒരിക്കലും എ ബി വി പി ജയിക്കാന്‍ വോട്ടു ചെയ്യില്ല. നേരത്തേ പറഞ്ഞപോലെ, എ ബി വി പിക്ക് സ്വാധീനമുണ്ടായിരുന്ന സയന്‍സ് സ്‌കൂളികളില്‍പ്പോലും ഇത്തവണ ജയിച്ചത് ഇടതുസഖ്യ സ്ഥാനാര്‍ഥികളാണ്. അതുകൊണ്ടുതന്നെ വിദ്യാര്‍ഥികള്‍ വളരെ ആലോചിച്ചാണ് വോട്ട് ചെയ്തതെന്ന കാര്യം വ്യക്തമാണ്. എ ബി വി പിയെ തോല്‍പ്പിക്കാന്‍ തന്നെയാണ് അവര്‍ വോട്ടു ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ എ ഐ എസ് എഫ് ഒറ്റയ്ക്ക് നിന്നിരുന്നെങ്കിലും എ ബി വി പി ജയിക്കില്ലായിരുന്നു. വിദ്യാര്‍ഥികള്‍ കൃത്യമായും ആലോചിച്ചുമാണ് വോട്ടു ചെയ്തത്.

1975-ലെ അടിയന്തരാവസ്ഥ കാലഘട്ടത്തിന് ശേഷം ജെ എന്‍ യുവിലെ വിദ്യാര്‍ഥി സമരങ്ങളും രാഷ്ട്രീയവും ഇത്രയും കലുഷിതമാകുന്നത് 2016-ല്‍ കനയ്യകുമാര്‍ ജെ എന്‍ യു എസ് യു പ്രസിഡന്റായ കാലം മുതലാണ്. ജെ എന്‍ യു രാജ്യദ്രോഹികളായ ഒരു പറ്റം വിദ്യാര്‍ഥികളുടെ മടയാണെന്നാണ് ബി ജെ പി നേതാക്കള്‍ പറയുന്നത്. താങ്കളുടെ അഭിപ്രായത്തില്‍ ജെഎന്‍യു എന്താണ്?

ജെ എന്‍ യുവെന്നത് എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്ന എല്ലാവരെയും അംഗീകരിക്കുന്ന ഒരിടമാണ്. ഇവിടെ വിവേചനങ്ങളില്ല. ഇടതെന്നോ വലതെന്നോയുള്ള വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും അവരുടെ ആശയങ്ങള്‍ പങ്കുവയ്ക്കാനാവുന്ന ഒരു സര്‍വകലാശാലയാണ് ജെ എന്‍ യു. അക്രമത്തിനു തീരെ സ്‌പേസില്ലാത്ത ഇടം. ഇവിടെ ആശയങ്ങളുടെ സംവാദമാണ് നടക്കുന്നത്. ആരും ആരെയും ആക്രമിക്കുന്നില്ല. വലതുപക്ഷ സംഘടനകള്‍ പോലും ഇതേ രീതിയാണ് അവലംബിക്കുന്നത്. വ്യക്തിപരമായി പറഞ്ഞാല്‍ ജെ എന്‍ യുവിനെ എനിക്ക് പ്രിയപ്പെട്ടതാക്കുന്നത് സര്‍വകലാശാലയുടെ ഇന്‍ക്ലൂസീവ് പോളിസിയാണ്. ഒരു മിനി ഇന്ത്യയാണ് ജെ എന്‍ യു. രാജ്യത്തെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന സ്ഥലങ്ങളില്‍നിന്നു പോലും ഒട്ടനവധി വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കാനത്തുന്നു. ഇവിടുത്തെ സബ്‌സിഡൈസ്ഡ് എഡ്യൂക്കേഷന്‍ സിസ്റ്റം എല്ലാവര്‍ക്കും വിദ്യാഭ്യാസത്തിനുള്ള അവസരമൊരുക്കുന്നു. ഏതാണ്ട് 65 ശതമാനം സ്ത്രീകള്‍ പഠിക്കുന്ന യൂണിവേഴ്‌സിറ്റിയാണ് ജെ എന്‍ യു. രാജ്യത്തെ അറിയാന്‍ സ്വന്തം ക്ലാസ് മുറികളില്‍നിന്നു തന്നെ കഴിയുന്നുവെന്നതും എടുത്തു പറയേണ്ടതുണ്ട്.


വൈസ് ചാന്‍സലറായി ജഗദീഷ് കുമാര്‍ സ്ഥാനമേറ്റ ശേഷമാണല്ലോ വിദ്യാര്‍ഥി സമരങ്ങള്‍ ശക്തമാകുന്നത്. ജഗദീഷ് കുമാര്‍ വന്നശേഷം സര്‍വകലാശാലയിലുണ്ടായ മാറ്റങ്ങള്‍ എന്തെല്ലാമാണ്?

ജഗദീഷ് കുമാര്‍ ജെ എന്‍ യു വൈസ് ചാന്‍സിലറായി എത്തിയ ശേഷം നിരവധി മാറ്റങ്ങളാണ് യൂണിവേഴ്‌സിറ്റിയിലുണ്ടായത്. അദ്ദേഹം ചാര്‍ജെടുത്ത ശേഷമാണ് ഫെബ്രുവരി 9 സംഭവം അരങ്ങേറുന്നത്. അടിയന്തരാവസ്ഥയ്ക്കു ശേഷം ആദ്യമായാണ് ക്യാമ്പസില്‍ പോലീസ് കയറുന്നത്. ഇതിനുമുമ്പ് വരെ സര്‍വകലാശാലയില്‍ പോലീസ് ഇടപെടലുകള്‍ ഉണ്ടായിട്ടില്ല. കൂടാതെ വിദ്യാര്‍ഥികളുടെ ശബ്ദം എങ്ങനെ അഡ്മിനിസ്ട്രീരിയല്‍ പവറുപയോഗിച്ച് അടിച്ചമര്‍ത്താമെന്നാണ് അവരുടെ നോട്ടം. ഈൃളലം െമിറ മളലേൃ ഈൃളലം െഎന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഏതുവിധേനയും വിദ്യാര്‍ഥികളെ അരാഷ്ട്രീയവത്കരിക്കാനാണ് വിസിയുടെ ശ്രമം. പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന വിദ്യാര്‍ഥികളെ അടിച്ചമര്‍ത്തുന്നു. സര്‍വകലാശാലയില്‍ പ്രതിഷേധം വിലക്കുകയും നിയന്ത്രണങ്ങള്‍ കൊണ്ടുവരികയും ചെയ്യുന്നു. രാഷ്ട്രീയമായി സജീവമായ വിദ്യാര്‍ഥികളെ ലക്ഷ്യം വയ്ക്കുക, അവരെ കേസുകളില്‍ പെടുത്തുക, അവര്‍ക്കെതിരേ അച്ചടക്ക നടപടികള്‍ സ്വീകരിക്കുക, ഭീമമായ പിഴകള്‍ ഈടാക്കുക തുടങ്ങിയവയും അരങ്ങേറുന്നുണ്ട്. കഴിഞ്ഞവര്‍ഷം മാത്രം ഏതാണ്ട് മൂന്നുലക്ഷം രൂപയാണ് ജെ എന്‍ യു അഡ്മിനിസ്‌ട്രേഷന്‍ വിദ്യാര്‍ഥികളില്‍ നിന്നു പിഴയായി ഈടാക്കിയത്. സീറ്റുകള്‍ വെട്ടിക്കുറയ്ക്കാനുള്ള നടപടിയും ജഗദീഷ് കുമാര്‍ വിസിയായ ശേഷമാണ് ആരംഭിച്ചത്. സ്റ്റുഡന്റ്‌സ് കൗണ്‍സിലിന്റെ അഭിപ്രായങ്ങളെ മാനിക്കാതെ ഏകപക്ഷീയമായ തീരുമാനങ്ങളാണ് വിസി എടുക്കുന്നത്.

വിസിയുടെ മാറ്റങ്ങള്‍ ചെറുക്കുന്നതില്‍ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ എത്രത്തോളം വിജയിച്ചു?

ജെ എന്‍ യു സര്‍വകലാശാലയുമായി ബന്ധപ്പെട്ട് വിസിയെടുക്കുന്ന ഏകപക്ഷീയ തീരുമാനങ്ങള്‍ക്കെതിരേ ശക്തമായ പ്രതിഷേധമാണ് കാമ്പസില്‍ അരങ്ങേറുന്നത്. വിദ്യാര്‍ഥികള്‍ എല്ലാവരും ഒറ്റക്കെട്ടായി വിസിയുടെ ഏകാധിപത്യ ഭരണം എതിര്‍ക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നു. പക്ഷേ എല്ലാ പ്രതിഷേധങ്ങളുടെയും പ്രതിരോധങ്ങളുടെയും റിസള്‍ട്ട് ഒറ്റ ദിവസം കൊണ്ട് ഉണ്ടാകണമെന്നില്ല. ഒരു വ്യവസ്ഥയ്‌ക്കെതിരേയാണ് ജെ എന്‍ യു വിദ്യാര്‍ഥികളുടെ സമരം. നെറികെട്ട വ്യവസ്ഥിതിക്കെതിരേ നടക്കുന്ന സമരങ്ങള്‍ വിജയത്തിലെത്താന്‍ സമയമെടുക്കും. ആ കാലതാമസം മാത്രമാണ് ജെ എന്‍ യുവിലും. അല്ലാതെ വിദ്യാര്‍ഥികള്‍ സംഘടനകള്‍ ജെ എന്‍ യുവില്‍ വിസിയുടെ ഏകാധിപത്യ ഭരണം ചെറുക്കുന്നതില്‍ പരാജയപ്പെട്ടിട്ടില്ല. നിരവധി നിയന്ത്രണങ്ങളാണ് ഇപ്പോള്‍ ജെ എന്‍ യുവിലുള്ളത്. ഒന്നോ രണ്ടോ ദിവസംകൊണ്ട് ഇതിനെ പിഴുതെറിയാനാവില്ല. ഞങ്ങള്‍ പോരാട്ടം തുടരുകയാണ്. വിജയം ഞങ്ങളുടെ ഒപ്പമായിരിക്കും.

നജീബ് അഹമ്മദ് എന്ന വിദ്യാര്‍ഥി കാമ്പസില്‍നിന്നു അപ്രത്യക്ഷമായിട്ട് രണ്ടു വര്‍ഷം കഴിയുന്നു. ഇപ്പോഴത്തെ സ്ഥിതിയെന്താണ്?

സി ബി ഐ നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസ് ക്ലോസ് ചെയ്യുന്നുവെന്നാണ് വിവരം. നജീബിന്റെ തിരോധാനത്തിനുശേഷം ജെ എന്‍ യുവിലെ മുസ്ലീം വിദ്യാര്‍ഥകളില്‍ ഭീതി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. സര്‍വകലാശാലയിലെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പേടിയോടെ ജീവിക്കുന്നുവെന്നത് ഭീകരമായ പ്രശ്‌നമാണ്. ജെ എന്‍ യുവിലെ വിദ്യാര്‍ഥി സംഘടനകളെന്നും ഈ വിഷയത്തിനെതിരേ സമരത്തിലാണ്. നജീബിന് എന്തു സംഭവിച്ചുവെന്ന് ഉത്തരം ലഭിക്കുന്നതു വരെ സമരം തുടരും. നജീബ് എക്കാലവും ഞങ്ങളിലെ ജീവിക്കുന്ന ഓര്‍മയും നൊമ്പരവുമാണ്. നജീബിന്റെ വിഷയത്തില്‍ അടുത്തത് എന്തു ചെയ്യണമെന്നത് യൂണിയന്‍ ചര്‍ച്ച ചെയ്യും. എന്താണ് വേണ്ടതെന്നും ആലോചിക്കും. രാഷ്ട്രീയപരമായും നിയമപരമായും ഞങ്ങള്‍ ഇടപെടും.

ഈ വര്‍ഷത്തെ ജെ എന്‍ യു എസ് യു തെരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതായിരുന്നു. എന്താണ് അന്നു സംഭവിച്ചത്?

തെരഞ്ഞെടുപ്പ് നടന്നശേഷം വോട്ടെണ്ണല്‍ ആരംഭിച്ചപ്പോഴാണ് എ ബി വി പി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്. ഏതാണ്ട് രണ്ടു മണിയോടെയോ മൂന്നുമണിയോടെയോ ആയിരുന്നു സംഭവം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടിംഗ് ഏജന്റുമാരോട് വോട്ടെണ്ണല്‍ മുറിയില്‍ എത്താന്‍ നിര്‍ദേശം നല്‍കുന്നു. സാധാരണ ഗതിയില്‍ മൂന്നു കോളാണ് ഏജന്റുമാര്‍ക്കായി നല്‍കുന്നത്. മൂന്നാമത്തെ കോള്‍ ലാസ്റ്റ് ആന്‍ഡ് ഫൈനല്‍ കോളാണ്. മൂന്നാമത്തെ കോളിനു ശേഷവും എ ബി വി പിയുടെ ഏജന്റ്‌സ് കൗണ്ടിംഗിന് എത്തുന്നില്ല. സ്വാഭാവികമായും സമയത്തിനുശേഷം വോട്ടെണ്ണല്‍ മുറി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടയ്ക്കുന്നു. അതിനുശേഷമാണ് എ ബി വി പിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെയും ജോയിന്റ് സെക്ട്രട്ടറിയുടെയും നേതൃത്വത്തില്‍ ഒരു വിഭാഗം എ ബി വി പി പ്രവര്‍ത്തകര്‍ കൗണ്ടിംഗ് റൂമിലേക്ക് ഇരച്ചുകയറുന്നത്. അവര്‍ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുന്നു. തുടര്‍ന്ന് വോട്ടെണ്ണലില്‍ അനിശ്ചിതത്വമുണ്ടായി. എതാണ്ട് പതിനാലു മണിക്കൂറിലേറെ വോട്ടെണ്ണല്‍ തടസപ്പെട്ടു. അതിക്രമിച്ചു കയറിയ എ ബി വി പി പ്രവര്‍ത്തകര്‍ പിന്‍വാങ്ങിയ ശേഷമാണ് വോട്ടെണ്ണല്‍ പുനരാരംഭിച്ചത്.

തെരഞ്ഞെടുപ്പിന് ശേഷം ക്യാമ്പസില്‍ എ ബി വി പി അക്രമങ്ങള്‍ അഴിച്ചുവിടുന്നുവെന്നും വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് എന്‍ സായ് ബാലാജി ഉള്‍പ്പടെയുള്ളവര്‍ ആക്രമിക്കപ്പെടുന്നുവെന്നും വിവരമുണ്ട്. നിലവിലെ അവസ്ഥ?

അക്രമമെന്നത് ജെ എന്‍ യുവില്‍ ഇല്ലാത്ത സംഭവമാണ്. പക്ഷേ എ ബി വി പി ജെ എന്‍ യുവിലെ സമാധാന അന്തരീക്ഷം ഇല്ലാതാക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലം വന്നശേഷം പുറത്തുനിന്നുള്ള എ ബി വി പിക്കാരെ വിളിച്ചു കാമ്പസില്‍ കൊണ്ടുവന്നാണ് അവര്‍ അക്രമം അഴിച്ചുവിടുന്നത്. ആക്രമിക്കേണ്ടവരുടെ പട്ടിക തയാറാക്കി ആ വിദ്യാര്‍ഥികളെ അവരുടെ റൂമിലെത്തി ആക്രമിക്കുകയാണ് എ ബി വി പിയുടെ പരിപാടി. യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷന്റെയും പോലീസിന്റെയും സഹായത്തോടെയാണ് അക്രമങ്ങള്‍ അഴിച്ചുവിടുന്നത്. ആശയപരമായി നേരിടാനാവാതെ വന്നതോടെയാണ് എ ബി വി പി ഞങ്ങളെ കായികമായി ആക്രമിക്കാന്‍ തീരുമാനിച്ചത്.

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നില്‍നില്‍ക്കുന്നുവെന്നു പറയുന്നു. രാജ്യത്തെ കലാലയങ്ങളില്‍ ഇത്തരം സാഹചര്യമുണ്ടോ?

യൂണിവേഴ്‌സിറ്റികളിലെ അവസ്ഥ ഒട്ടും വിഭിന്നമല്ലെന്നാണ് തോന്നുന്നത്. ജെ എന്‍ യുവിന്റെ മാത്രം കാര്യമല്ലിത്. അസം, ഒറീസ, മണിപ്പൂര്‍, ഐ ഐ ടികള്‍ എന്നിവിടങ്ങളില്‍ എല്ലാം ഇത്തരം നിയന്ത്രണങ്ങളുണ്ട്. പ്രഖ്യാപിതമല്ലെങ്കിലും അടിയന്തരാവസ്ഥയ്ക്കു സമാനമായ സാഹചര്യത്തിലൂടെയാണ് സര്‍വകലാശാലകള്‍ കടന്നുപോകുന്നത്. ജെ എന്‍ യുവിലും മറ്റും അധികൃതര്‍ സ്വീകരിക്കുന്ന വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ ഈ അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ പ്രതിഫലനങ്ങളാണ്. പൊതുവിദ്യാഭ്യാസ സംവിധാനം തകര്‍ത്തു സ്വകാര്യവല്‍ക്കരണം കൊണ്ടുവരാനാണ് അവരുടെ ശ്രമം. ഐ ഐ ടികളിലെല്ലാം ഇതിന്റെ ഭാഗമായി ഫീസ് വര്‍ധിപ്പിക്കുകയാണ്. ഇതിനെതിരേ വിദ്യാര്‍ഥികള്‍ നിരന്തരമായി സമരത്തിലാണ്.

തിരുവനന്തപുരത്ത് ശശി തരൂരിനെതിരേ സി പി ഐ സ്ഥാനാര്‍ത്ഥിയായി അമുത മത്സരിക്കുമെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു?

അത്തരം യാതൊരു തീരുമാനങ്ങളുമില്ലായെന്നു മാത്രമല്ല ഇതില്‍ വസ്തുതയുമില്ല. അത്തരം ചര്‍ച്ചകള്‍ നടന്നിട്ടില്ല.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ജയദീപാണ്‌ അച്ഛന്‍. രാഷ്ട്രീയ പാരമ്പര്യവുമുണ്ട്. മാധ്യമപ്രവര്‍ത്തനത്തിലേക്കോ രാഷ്ട്രീയത്തിലേക്കോ തിരിയാന്‍ താത്പര്യമുണ്ടോ? ജെഎന്‍യുവിലെ തന്നെ മൊഹമ്മദ് മുഹ്‌സിന്‍ പട്ടാമ്പി എം എല്‍ എയാണ്?

ജേര്‍ണലിസത്തിലേക്ക് വരാന്‍ ആഗ്രഹമില്ല. സജീവ രാഷ്ട്രീയവും ലക്ഷ്യമിടുന്നില്ല. എല്ലാ ജീവികള്‍ക്കും രാഷ്ട്രീയമുണ്ട്. എല്ലാ മേഖലകളിലും അനുദിന ജീവിതത്തിലും രാഷ്ട്രീയമുണ്ട്. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തെ ഒഴിച്ചുനിര്‍ത്താനാവില്ല. പക്ഷേ നിലവില്‍ എന്റെ ആഗ്രഹം അധ്യാപികയാവുകയെന്നതാണ്.

ഇടതു സര്‍ക്കാര്‍ ഇന്ന് അധികാരത്തിലുള്ളത് കേരളത്തില്‍ മാത്രമാണ്. ഇന്ത്യയിലെ ഇടതു പ്രസ്ഥാനത്തിന് എവിടെയാണ് തെറ്റു പറ്റിയത്. രാജ്യത്ത് ഇടത് ബദലിനുള്ള സാധ്യത എത്രത്തോളമാണ്?

ഇന്ത്യയിലെ ഇടതു പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ അടിത്തട്ടിലേക്ക് എത്തുന്നില്ലായെന്നാണ് തോന്നുന്നത്. ഗ്രാസ്‌റൂട്ട് ലെവലില്‍ പ്രവര്‍ത്തനം കാര്യക്ഷമമല്ലായെന്നതാണ് ഇടതു പാര്‍ട്ടികള്‍ക്ക് സംഭവിച്ച അപചയത്തിനു കാരണമെന്നു ഞാന്‍ വിലയിരുത്തുന്നു. ഇടതു പാര്‍ട്ടികളുടെ കേഡര്‍ സിസ്റ്റം തന്നെയാണ് ആര്‍ എസ് എസിനും. പക്ഷേ അവരുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി താഴേത്തട്ടിലേക്കെത്തുന്നുവെന്നതാണ് അവരുടെ വിജയത്തിനു കാരണം. ഇടതുപാര്‍ട്ടി നേതാക്കള്‍ സമൂഹത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങിച്ചെന്ന് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കണം. നിര്‍ഭാഗ്യവശാല്‍ അതു സംഭവിക്കുന്നില്ല. രണ്ടാമതായി, ഭരണകൂടം മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തെ പ്രതിരോധിക്കുക മാത്രമാണ് ഇടതുകക്ഷികള്‍ ചെയ്യുന്നതെന്നു തോന്നുന്നു. ഒരു പൊതു അജണ്ടയുണ്ടാക്കി പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടികള്‍ക്ക് കഴിയുന്നില്ല.

2019-ലെ തെരഞ്ഞെടുപ്പ് പ്രധാനപ്പെട്ടതാണല്ലോ, എങ്ങനെ വിലയിരുത്തുന്നു?

ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാന്‍ എന്ന ആശയം അംഗീകരിക്കാന്‍ കഴിയില്ല. ബി ജെ പിയും ആര്‍ എസ് എസും മുന്നോട്ടുവയ്ക്കുന്നത് ഒരു വര്‍ഗീയതയുടെ മുഖമാണ്. ഇതിനെ പ്രതിരോധിക്കാന്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി മുന്നോട്ടുവരണം. അല്ലാത്തപക്ഷം രാജ്യം വലിയ അപകടമാവും അഭിമുഖീകരിക്കേണ്ടി വരിക.

ബിജെപിയെ തോല്‍പ്പിക്കാന്‍ പ്രതിപക്ഷം ഒന്നിക്കണം. ഇത് എത്രത്തോളം പ്രായോഗികമാണ്?

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷേ പ്രയോറിട്ടി എന്താണെന്ന് മനസിലാക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ തയാറാവണം. ഈഗോ മാറ്റിവച്ച് എല്ലാവരും ഒന്നിക്കണം. അതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. അതൊരു നല്ല സൂചനയാണു തരുന്നത്.

ഇത്തരമൊരു പ്രതിപക്ഷ സഖ്യം ഉണ്ടായാല്‍ അതില്‍ ഇടതു പാര്‍ട്ടികളുടെ റോള്‍ എത്രത്തോളം പ്രധാനമാണ്? ഒപ്പം തന്നെ ഇതിന് എത്രത്തോളം പ്രായോഗികതയുണ്ട്?

ഇടതുപാര്‍ട്ടികള്‍ക്ക് രാജ്യത്ത് വലിയൊരു ഇടമുണ്ട്. അതിനുവേണ്ടി അവര്‍ പ്രയത്നിക്കണം. പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കാന്‍ ഇടതുപാര്‍ട്ടികള്‍ മുന്നിട്ടിറങ്ങണം. അല്ലാത്ത പക്ഷം നാം പരാജയപ്പെട്ടേക്കാം. ബി ജെ പി വീണ്ടും അധികാരത്തില്‍ വരാനുള്ള സാധ്യത കൂടുതലാണ്.

എ ബി വി പി പരത്തുന്ന ഇസ്ലാമോഫോബിയ, ജാതീയത, വര്‍ഗീയത ഈ വിപത്തുകള്‍ക്കെതിരേ എന്തു പ്രതിരോധാണ് ഇടത് ഐക്യത്തിന്റെ പക്കലുള്ളത്?

ആര്‍ എസ് എസും ബി ജെ പിയും അവരുടെ വിദ്യാര്‍ഥി സംഘടനയായ എ ബി വി പിയും ഒരേ രാഷ്ട്രീയമാണ് കാട്ടുന്നത്. മതന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് മുസ്ലീമുകളെ അവര്‍ ടാര്‍ഗറ്റ് ചെയ്ത് ആക്രമിക്കുകയാണ്. നജീബ് അഹമ്മദ് എന്ന വിദ്യാര്‍ഥിയുടെ തിരോധാനം തന്നെ ഇതിനൊരു ഉദാഹരണമാണ്. രാജ്യത്ത് മുസ്ലീമുകള്‍ വേണ്ടായെന്നാണ് മോഹന്‍ ഭാഗവതും ബി ജെ പിയും പറയുന്നത്. ഇത് വലിയ ഭീതി ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടുണ്ട്. ഈ ഭീതിയെ അഡ്രസ് ചെയ്‌തേ മതിയാകൂ. അല്ലാത്തപക്ഷം ആരോഗ്യമുള്ള ഒരു ഇന്ത്യയെ വളര്‍ത്തിയെടുക്കുന്നതില്‍ നാം പരാജയപ്പെടും.

കര്‍ഷക സമരങ്ങളുമായി ഇടതുസംഘടനകള്‍ ഇന്ത്യയിലെ ഗ്രാമങ്ങളില്‍ സജീവമാണ്. രാജ്യത്തെ വിവിധ കോളെജുകളില്‍ ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ ചരിത്രത്തില്‍ ആദ്യമായി വിജയം നേടുന്നുണ്ട്. ഈ സാഹചര്യം എങ്ങനെ വിലയിരുത്തുന്നു.

വോട്ടു ലഭിക്കാന്‍ അടിസ്ഥാന വര്‍ഗത്തിന്റെ പ്രശ്‌നങ്ങളില്‍ ഇടപെടേണ്ടതും അതിനു പരിഹാരം കാണേണ്ടതും അനിവാര്യമാണ്. കര്‍ഷക സമരം വലിയ വിജയമാകുന്നതും അതുകൊണ്ടുതന്നെയാണ്. നേരത്തേ പറഞ്ഞപോലെ ഇടതുകക്ഷികളുടെ പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടിലേക്കെത്താത്തത് വോട്ട് കുറയാനുള്ള വലിയ കാരണമാണെന്നാണ് ഞാന്‍ വിലയിരുത്തുന്നത്.

ജെ എന്‍ യുവില്‍ നിരവധി ഇടതുപക്ഷക്കാര്‍ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചിട്ടുണ്ട്. പക്ഷേ, പഠനം കഴിയുമ്പോള്‍ അവരൊക്കെ സജീവ രാഷ്ട്രീയത്തിലേക്ക് വരാതെ അക്കാദമിക അല്ലെങ്കില്‍ മറ്റേതും രംഗങ്ങളിലെ തൊഴിലുകളിലേക്ക് മാറിപ്പോകുന്ന പ്രവണതയാണല്ലോ?

വിദ്യാര്‍ഥി കാലഘട്ടത്തിലെ രാഷ്ട്രീവും പൊതുരാഷ്ട്രീയവും തമ്മില്‍ വ്യത്യാസമുണ്ട്. മാത്രമല്ല വിദ്യാഭ്യാസ കാലം കഴിയുന്നതോടെ വിദ്യാര്‍ഥികള്‍ പലവഴി തിരിഞ്ഞുപോകുന്നു. കലാലയങ്ങളിലും സര്‍വകലാശാലകളിലും ഉള്ളപോലെ ഒരു പൊളിറ്റിക്കല്‍ സ്‌പേസ് ജോലി ചെയ്യുന്ന ഇടങ്ങളിലുണ്ടാവണമെന്നു നിര്‍ബന്ധമില്ല. അതുകൊണ്ടു അവിടെ രാഷ്ട്രീയ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുന്നില്ല. അനുദിന ജീവിതത്തില്‍ ആളുകളുടെ പ്രയോറിട്ടി മാറുന്നതും മറ്റൊരു കാരണമാണ്. അതുമല്ല പൊതുരാഷ്ട്രീയം ഇന്ത്യയില്‍ മണി ആന്‍ഡ് മസില്‍ പവര്‍ നിയന്ത്രിക്കുന്ന ഒരു സംവിധാനം മാറിക്കൊണ്ടിരിക്കുന്നു. അവിടേക്ക് എല്ലാവരും എത്തിപ്പെടണമെന്നില്ലല്ലോ.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More