മാദ്ധ്യമ ബഹിഷ്‌കരണം ജനാധിപത്യ രീതി : ഷാഹിന നഫീസ
വാര്‍ത്തകളില്‍ മഅദനിയും ബാംഗ്ലൂര്‍ സ്‌ഫോടനക്കേസും നിറഞ്ഞുനില്‍ക്കുന്ന കാലം. കേസുകളില്‍ നിന്ന് കേസുകള്‍, മഅദനിക്ക് നീണ്ട വിചാരണത്തടവിന്റെ കാലം. അന്ന് ഈ കേസുകളുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ നുണയുടെ ചീട്ടുകൊട്ടാരം തകര്‍ത്ത മാധ്യമപ്രവര്‍ത്തകയാണ് ഷാഹിന നഫീസ. മാധ്യമങ്ങളുടെ പക്ഷപാതിത്വവും വിധേയത്വവും ചോദ്യം ചെയ്യപ്പെടുന്ന വര്‍ത്തമാനകാലത്ത് താന്‍ ഉള്‍പ്പെട്ട മാധ്യമ സമൂഹത്തെക്കുറിച്ച് , മന്ത്രി കെ ടി ജലീലുമായുള്ള അഭിമുഖത്തെ കുറിച്ച്, വാഷിംഗ്ടണ്‍ പോസ്റ്റിലെ വാര്‍ത്തയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് എല്ലാം ഷാഹിന ധനശ്രീയുമായി മനസ് തുറക്കുന്നു. കേസുകളും വിവാദങ്ങളുമൊത്തുള്ള നീണ്ട പത്രപ്രവര്‍ത്തന ജീവിതത്തെ കുറിച്ച് ഷാഹിന സംസാരിക്കുന്നു.
ഏഷ്യാനെറ്റ് , തെഹൽക മുതൽ ദ ഫെഡറലിൽ വരെ എത്തി നിൽക്കുന്ന പത്രപ്രവർത്തന ജീവിതം. പലപ്പോഴും വിവാദങ്ങളും കേസുകളും നിറഞ്ഞ സംഭവബഹുലമായിരുന്നു ജീവിതം. പിന്തിരിഞ്ഞു നോക്കുമ്പോൾ കൈമുതലായി എന്താണുള്ളത്?
പിന്തിരിഞ്ഞുനോക്കുമ്പോൾ പൊതുവെ സംഭവബഹുലമാണ് കാര്യങ്ങൾ. പൊതുവിൽ എല്ലാ പത്രപ്രവർത്തകരുടെയും ജീവിതം സംഭവബഹുലമാണല്ലോ. ഓരോ ദിവസവും ഓരോ സംഭവങ്ങളുമായി ഇടപെടുന്നു. പലതരം മനുഷ്യരെ കാണുന്നു. പിന്നെ എനിക്ക് ശരിയെന്ന കാര്യങ്ങൾ ചെയ്യുക, സ്വന്തം ജോലിയിൽ സത്യസന്ധത പുലർത്തുക എന്നീ കാര്യങ്ങളിൽ വിശ്വസിക്കുന്നയാളാണ്.
എനിക്ക് ഒട്ടും ശരിയല്ല എന്ന് തോന്നുന്ന കാര്യം ഒരു സ്ഥാപനത്തിന്റെ ഭാഗമായി, അവരുടെ സമ്മർദ്ദത്തിന് വഴങ്ങി ചെയ്തിട്ടില്ല. അത് ഒരു കാലത്തും ചെയ്തിട്ടില്ല. ഒരു ട്രെയിനി ആയിരിക്കുന്ന കാലം മുതൽ അങ്ങനെയേ ഞാൻ നിന്നിട്ടുള്ളൂ.
അതിതീവ്രമായ രാഷ്ട്രീയവത്കരിക്കപ്പെട്ട ഒരിടം കൂടിയാണ് കേരളം. അതോടൊപ്പം അരാഷ്ട്രീയവത്കരിക്കപ്പെട്ട മാദ്ധ്യമസമൂഹവും യുവാക്കളും ഇക്കാലത്തെ പിന്തുടർന്നു വരികയും ചെയ്യുന്നു. ഷാഹിന രാഷ്ട്രീയജീവിയാകാനാണോ അരാഷ്ട്രീയവാദിയാകാനാണോ ഇഷ്ടപ്പെടുന്നത്. എന്തുകൊണ്ട് ?
അരാഷ്ട്രീയ വാദി എന്നൊരാൾ ഇല്ല എന്നാണ് ഞാൻ പറയുക. അങ്ങനെയൊരാൾ നിലനിൽക്കുന്നില്ല. നിങ്ങൾ, ഒരു രാഷ്ട്രീയവുമില്ല എന്ന് പറഞ്ഞ് സ്വന്തം കാര്യം നോക്കി ജീവിക്കുന്നെങ്കിൽ നിങ്ങൾ ഭരണകൂടത്തിന്റെ ഇച്ഛയ്ക്ക് അനുസരിച്ച് ജീവിക്കുന്നയാൾ എന്നേ അതിന് അർത്ഥമുള്ളൂ. അല്ലാതെ രാഷ്ട്രീയം ഇല്ല എന്നല്ല.
നമ്മുടെ ചുറ്റും രാഷ്ട്രീയമുണ്ട്. രാഷ്ട്രീയം നാം ശ്വസിക്കുന്ന വായുവിൽ പോലും നിറഞ്ഞ് നിൽക്കുന്ന കാലമാണിത്.സത്യത്തിൽ പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാർട്ടിയോട് അഭിമുഖ്യം ഇല്ല എന്നായിരിക്കും അവർ ഉദ്ദേശിക്കുന്നത്. പക്ഷേ ആ പ്രസ്താവന തെറ്റാണ്.
ഒന്നിനെയും എതിർക്കാതെ ഒന്നിനോടും പ്രത്യേകിച്ച് നിലപാടെടുക്കാതെ ജീവിക്കുന്നു എന്ന് പറഞ്ഞാൽ ഭരണകൂടം എന്താണ് നടപ്പിലാക്കുന്നത് അതിന്റെ ആജ്ഞാനുവർത്തികളായി, ആ നയം പിൻപറ്റി ജീവിക്കുന്നുവെന്നേ അർത്ഥമുള്ളൂ.
അതുകൊണ്ട് അരാഷ്ട്രീയവാദി എന്ന ഒരാളേ നിലനിൽക്കുന്നില്ല. എല്ലാ മനുഷ്യരും രാഷ്ട്രീയ ജീവിയാണ്. അത്തരത്തിൽ നോക്കിയാൽ അരാഷ്ട്രീയ ജീവി എന്ന വാദത്തിൽ അർത്ഥമൊന്നുമില്ല. അരാഷ്ട്രീയവാദിയായ ഒരാളും ഇല്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ഇതിനോട് ചേർത്ത് വയ്ക്കാവുന്ന ഒരു ചോദ്യവുമുണ്ട്. പലപ്പോഴും അഭിപ്രായം പറയുന്നവരെയെല്ലാം ചാപ്പയടിച്ച് കമ്മിയും കൊങ്ങിയും സംഘിയുമാക്കുന്ന ഒരു സാഹചര്യവും നിലനിൽക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റുന്നതിൽ വരെ ഇതേ പ്രവണത കാണാം. എന്തു തോന്നുന്നു ?.
അത്തരം ധാരണകളെല്ലാം പണ്ടേ ഉണ്ട്. പക്ഷേ ഔദ്യോഗികമായ വിശദീകരണം അങ്ങനെയല്ല. ട്രാൻസ്ഫർ ഓർഡറിൽ അത് പറയുന്നില്ല. അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് അങ്ങനെയുള്ള കാര്യങ്ങളാണെന്ന് തോന്നാം. എല്ലാക്കാലത്തും തങ്ങളുടെ ഇച്ഛയ്ക്ക് അനുസരിച്ച് അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്ന രീതി എല്ലാ സർക്കാരിന്റെ കാലത്തും ഉണ്ട്. ഇപ്പോഴും ഉണ്ട്. എൻഫോഴ്‌സ് മെന്റ് ഡയറക്ടറേറ്റിനെ അങ്ങനെയൊക്കെ ഉപയോഗിക്കുന്ന രീതി പൊതുവെ ഉണ്ട്. അതൊരു ഫാക്ടാണ്.
സാമൂഹിക മാദ്ധ്യമങ്ങളിൽ ഈ രീതി പണ്ടേ ഉണ്ട്. പക്ഷേ ബി.ജെ.പി നേതാക്കളൊക്കെ ചാനലുകളിൽ അതൊക്കെ പരസ്യമായി പറയുന്നു. അവരെ പുറത്താക്കുന്നതിന് കാരണമായി തന്നെ. അവരവരുടെ രാഷ്ട്രീയം ഡിസ്‌ക്വാളിഫിക്കേഷനായി മാറുന്നു. അതിനെ ചോദ്യം ചെയ്യാനുള്ള പൊതുബോധം പോലും ഉയർന്നുവരുന്നില്ല ? എന്താകും കാരണം ?
സമൂഹം അങ്ങേയറ്റം പോളറൈസ്ഡ് ആണ്. പുതിയ ഒരു സാഹചര്യത്തിന്റെ സൃഷ്ടിയാണത്. അതിന്റെ ഫലമാണ് ഈ വിവാദങ്ങളും.
പപ്പടം പോലെ പൊട്ടുന്ന സ്റ്റോറികൾ എന്ന് പത്രപ്രവർത്തക സുഹൃത്തുക്കളുടെ ചില സ്റ്റോറികളെ വർത്തമാനകാലത്തെ സംഭവങ്ങളോട് ചേർത്ത് വച്ച് പ്രതികരിച്ചിരുന്നു. മഅ്ദനിയ്‌ക്കെതിരെയുള്ള കേസിലെ സാക്ഷികളുമായുള്ള അഭിമുഖം അക്കാലത്ത് വിവാദമായിരുന്നു. അതുമായി ബന്ധപ്പെട്ട് ഒരു കേസും ഷാഹിനക്കെതിരെ നിലവിലുണ്ടായിരുന്നു. മഅ്ദനി ഇപ്പോഴും വിചാരണത്തടവുകാരനാണ്. എന്ത് ഇംപാക്ടാണ് ആ അഭിമുഖം സമൂഹത്തിൽ ഉണ്ടാക്കിയത് ?
അതിന് മുമ്പ് പത്രങ്ങളിലൊക്കെ അബ്ദുൾ നാസർ മഅദനിക്കെതിരെ ഒരു പാട് കഥകൾ പ്രചരിച്ചിരുന്നു. അന്നത്തെ ആർക്കൈവ്‌സ് പരിശോധിച്ചിട്ട് അതൊക്കെ എവിടെ, അതിന്റെ ഫാക്ട് എവിടെ, ഫോളോ അപ് എവിടെ എന്നൊക്കെ ചോദിച്ചാൽ പത്രക്കാർക്ക് പോലും ഇന്ന് ഉത്തരം പറയാൻ പറ്റില്ല. അത്രയേറെ പൊലീസ് പ്‌ളാൻ ചെയ്ത കഥകൾ അതേ പോലെ വരികയായിരുന്നു.
ഈ പറയുന്ന വ്യക്തി ഒരു ഭീകരനാണ് എന്ന ഇമേജാണ് അന്ന് മീഡിയ ഉണ്ടാക്കിയത്. ജസ്റ്റിസ് ഫോർ മഅദനി ഫോറം പോലെയുള്ളവ അന്നും മഅദനിയുടെ മനുഷ്യാവകാശങ്ങൾക്കായി പ്രവർത്തിച്ചിരുന്നു. മുഖ്യധാരാ മാദ്ധ്യമത്തിലൂടെ എന്റെ സ്റ്റോറി വന്ന ശേഷമാണ് കൂടുതൽ ആളുകളിലേക്ക് അക്കാര്യങ്ങൾ എത്തുന്നത്.
അയാൾക്ക് പറയാനുള്ളത് കേൾക്കണമെന്നും അയാളോട് നീതി അല്ല പ്രവർത്തിക്കുന്നതെന്നും ഒരാളെ അനന്തമായി വിചാരണത്തടവുകാരനായി സൂക്ഷിക്കുക അനീതിയാണെന്നും ഒരു ബോധം ഉരുത്തിരിഞ്ഞുവന്നു.
മഅദനിക്കെതിരെ കള്ളസാക്ഷികളാണ് ഉള്ളതെന്ന പൊതുബോധത്തിലേക്കെത്തിക്കാൻ ആ വാർത്തയ്ക്കായി. ഒരു പക്ഷേ മുഖ്യധാരാ മാദ്ധ്യമങ്ങൾ, ബുദ്ധിജീവികൾ എന്നിവർ അദ്ദേഹത്തിനായി രംഗത്ത് വരുന്നത് അതിന് ശേഷമാണ്.
ജന്മഭൂമി ഇതുമായി ബന്ധപ്പെട്ട കേസിനെ തെറ്റായി പരാമർശിക്കുന്ന സാഹചര്യം വർത്തമാന കാലത്തുണ്ടായി. അതിലെന്തെങ്കിലും നടപടികൾ ?
അവരാദ്യമായല്ല ഇങ്ങനെയാക്കെ ചെയ്യുന്നത്. ഇതിനു മുമ്പും ചെയ്യുന്നുണ്ട്. ബാംഗ്‌ളൂർ സ്‌ഫോടനക്കേസിലെ പ്രതി എന്ന് മന:പൂർവം തെറ്റായി പരാമർശിച്ച് പലപ്പോഴും കണ്ടിട്ടുണ്ട്. അത് വായിക്കുന്നവർക്ക് ഓഹോ അങ്ങനെയാണല്ലേ അത് ശരി എന്ന പ്രതീതി ഉണ്ടാക്കാനാണത്.
കള്ളം മാത്രം പ്രചരിപ്പിച്ച് പിടിച്ചു നിൽക്കുന്നവരാണ് ജന്മഭൂമി പോലുള്ള ഇത്തരം മാദ്ധ്യമങ്ങൾ. എറണാകുളത്തെ വക്കീലായ സുഹൃത്തുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിൽ വക്കീൽ നോട്ടീസ് അയക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.
എൻ.ഐ.എയുടെ ഒരു രാജ്യദ്രോഹക്കേസിന്റെ മുന്നിലാണ് സർക്കാർ. പിന്നാലെ മാദ്ധ്യമങ്ങളും. അത് ഏഷ്യാനെറ്റ് ചാനലിന്റെ രാത്രിച്ചർച്ചകളെ ബഹിഷ്‌കരിക്കുന്നതിൽ വരെയെത്തി നിൽക്കുന്നു. എൻ.ഐ.എയുടേതെന്ന പേരിൽ പല വാർത്തകളും അന്തരീക്ഷത്തിൽ പരക്കുകയും ചെയ്യുന്നു. മാദ്ധ്യമവിചാരണ പരിധി വിടുന്നുവെന്ന രീതിയിൽ സി.പി.എം ആക്ഷേപമുന്നയിക്കുന്നു. എങ്ങനെയാണ് ഈ പരിതസ്ഥിതിയെ വിലയിരുത്തുന്നത് ?
മാദ്ധ്യമത്തെ ബഹിഷ്‌കരിക്കുക എന്നത് ജനാധിപത്യ രീതിയാണ് എന്നാണ് ഞാൻ കരുതുന്നത്. അവർ അത്തരം ഒരു തീരുമാനം എടുത്തിട്ടുണ്ട്. അത് തുടർന്ന് പോരുന്നുണ്ട്. ഏത് രാഷ്ട്രീയപാർട്ടിയാണെങ്കിലും ആരോട് സംസാരിക്കണം, ആരോട് സംസാരിക്കണ്ട എന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പാർട്ടിക്കോ ആ വ്യക്തിക്കോ ഉണ്ട്. വ്യക്തിപരമായ തെരഞ്ഞെടുപ്പാണത്.
സി.പി.എമ്മോ ആരോ ആകട്ടെ, വാർത്ത കൊടുത്തതിന്റെ പേരിൽ സ്ഥാപനം തല്ലിപ്പൊളിക്കുകയോ ആക്രമിക്കുകയോ ചെയ്യുന്നത് കുറ്റമാണ്. ബഹിഷ്‌കരിക്കുക എന്നത് ജനാധിപത്യപരമായ പ്രതിഷേധമാണ്. ഒരു പാർട്ടിയുടെ അത്തരം തീരുമാനത്തിൽ തെറ്റൊന്നുമില്ല.
മഅദനി വിഷയത്തിലെന്ന പോലെ എൻ.ഐ.എയുടേതെന്ന പേരിൽ കുറെ വാർത്തകൾ വരുന്നു. അത്തരം സ്‌റ്റോറികളെയാണോ പപ്പടം പൊടിയുന്നത് പോലെ എന്ന് വിശേഷിപ്പിച്ചത് ?
ഇത് സോഷ്യൽ മീഡിയയുടെ കാലമല്ലേ. എല്ലാ വാർത്തകളും ചോദ്യം ചെയ്യപ്പെടും. അതിനാൽ വസ്തുതകളുടെ അടിസ്ഥാനത്തിലല്ലാത്ത ഒരു വാർത്തയ്ക്കും നിലനിൽപ്പുണ്ടാകില്ല. അതുകൊണ്ട് വാർത്തകളെല്ലാം ക്രോസ് ചെക്കിംഗിന് വിധേയമാക്കണം.
തെറ്റായ വാർത്തകൾ അധികം നിലനിൽക്കില്ല. 24 മണിക്കൂറിൽ പൊളിയും. എൻ.ഐ.എയുടേതെന്ന പേരിൽ സ്വർണ്ണക്കടത്ത് വിഷയത്തിൽ തന്നെ നിലനിൽക്കുന്ന എത്ര വാർത്തയുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിച്ചു എന്ന വാർത്ത സ്ഥിരീകരിക്കാനോ ഫോളോ അപ് ചെയ്യാനോ മാദ്ധ്യമങ്ങൾക്ക് പറ്റിയിട്ടുണ്ടോ. അപ്പോൾ അങ്ങനെ കുറെ തെറ്റായ വാർത്തകൾ വരുന്നുണ്ട്. അത് പൊളിയുന്നുമുണ്ട്.
വാഷിംഗ്ടൺ പോസ്റ്റിലെ ഇന്റർവ്യൂവുമായി ബന്ധപ്പെട്ട് ‘മൂന്ന് പതിറ്റാണ്ട് കമ്മ്യൂണിസ്റ്റ് ഭരണം’ എന്ന പരാമർശവുമായി ബന്ധപ്പെട്ടും ഷാഹിന നഫീസയുടെ പേര് ഉയർന്നു വന്നിരുന്നു. ഷാഹിനയുടെ പ്രേരണയാൽ ഉടലെടുത്ത പി.ആർ വർക്കായിരുന്നു അതെന്ന പ്രതിപക്ഷ വിമർശനവുമുണ്ടായി. അതിന് പിന്നിലെ വസ്തുകൾ വിശദീകരിക്കാമോ ?
ഫ്രസ്റ്റേഷൻ കൊണ്ടുണ്ടാകുന്നതാണ് അത്. ഇതുമായി ബന്ധപ്പെട്ട് കേരളത്തെക്കുറിച്ച് 20 ഓ 25ഓ മാദ്ധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. അതിൽ ഞാൻ ആകെ കോൺട്രീബ്യൂട്ട് ചെയ്യുന്നത് വാഷിംഗ്ടൺ പോസ്റ്റിൽ മാത്രമാണ്. എന്നാൽ വാഷിംഗ്ടൺ പോസ്റ്റിൽ ഞാൻ ആദ്യമായി കോൺട്രിബ്യൂട്ട് ചെയ്യുന്നതുമല്ല. മൂന്നോ നാലോ വർഷമായി ചെയ്യുന്നതാണ്.
അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ ഓരോ പ്രദേശത്തും പല മാദ്ധ്യമപ്രവർത്തകരുമായി സഹകരിച്ചാണ് മുന്നോട്ടുപോകുന്നത്. അവർക്ക് ആവശ്യം വരുമ്പോൾ ഞാൻ സഹകരിക്കാറുമുണ്ട്. ഞാൻ അവരെ സഹായിക്കാറുണ്ട്. അതാണ് ഇതിലും സംഭവിച്ചത്. വാഷിംഗ്ടൺ പോസ്റ്റിന്റെ സ്‌റ്റോറി എഴുതുന്നത് ഞാനൊന്നുമല്ല. അത് അവർതന്നെ ചെയ്യുന്നതാണ്.
നമ്മൾ അവർക്ക് വേണ്ടി എന്തെങ്കിലും അഭിമുഖങ്ങൾ എടുത്ത് നൽകുകയോ ഡീറ്റെയിൽസ് കളക്ട് ചെയ്ത് നൽകുകയോ ആണ് ചെയ്യുക. ഇക്കാര്യത്തിൽ വാർത്തയെഴുതിയത് ആ റിപ്പോർട്ടറാണ്. വാർത്ത എഴുതിയതിൽ എനിക്ക് വലിയ റോളൊന്നും ഇല്ല. എന്റെ കോൺട്രിബ്യൂഷൻ ഉണ്ട്. ഇത് അറിയാതെ ഒന്നുമല്ല ആളുകൾ വിവാദമുണ്ടാക്കുന്നത്. ആളുകളെ ടാർണിഷ് ചെയ്യുക എന്നതാണ് ലക്ഷ്യം.
മുപ്പത് വർഷത്തെ ഭരണം എന്നത് സംബന്ധിച്ച് സ്റ്റോറി പ്രസിദ്ധീകരിച്ച ശേഷം അവരോട് ചോദിച്ചതാണ്. അപ്പോൾ അവർ പറഞ്ഞു തുടർച്ചയായി എന്ന് എഴുതിയിട്ടില്ലല്ലോ. ഇറ്റ് മീൻസ് ദാറ്റ്, ലെഫ്റ്റ് ഈസ് പ്രസന്റ് ഹിയർ ഓവർ തേർട്ടി ഇയർ എന്ന അർത്ഥത്തിലാണ് അത് വന്നത്.
മുപ്പത് വർഷമായി ഭരണത്തിൽ ശക്തമായി സാന്നിദ്ധ്യമുള്ള എന്ന അർത്ഥമാണ് അതിനുള്ളതെന്ന് അവർ വിശദീകരിക്കുകയും ചെയ്തു. ഓകെ, ഫൈൻ എന്ന് ഞാൻ മറുപടി പറയുകയും ചെയ്തു. ഒന്നാമത് വാഷിംഗ്ടൺ പോസ്റ്റ് പോലൊരു അന്താരാഷ്ട്ര മാദ്ധ്യമത്തിന് സി.പി.ഐ-സി.പി.എം എന്ന വേർതിരിവൊന്നും ഇല്ലല്ലോ.
Advt: To Download Kerala PSC Question Bank Click Here
അവരതിനെ കണക്കാക്കുന്നത് ഇടത് ഭരണം എന്ന അർത്ഥത്തിലാണ്. 30 വർഷമായി ഭരണത്തിലുണ്ട് എന്നല്ലാതെ മുപ്പത് വർഷം തുടർച്ചയായി ഭരണത്തിലുണ്ട് എന്ന് അവർ അതിൽ എഴുതിയിട്ടുമില്ല. ഇക്കാര്യം എഴുതിയതും അവരാണ്, ഇങ്ങനെ വിശദീകരിച്ചതും അവരാണ്. എന്നെ സംബന്ധിച്ചിടത്തോളം അത് അവിടെ തീർന്നൊരു കാര്യമാണ്.
ഇതൊക്കെ ഞാൻ ചെയ്യുന്നതാണെന്ന് വരുത്തിത്തീർക്കുക, പി.ആർ ആണെന്നൊക്കെ പറയുക തുടങ്ങിയ കാര്യങ്ങളിൽ എനിക്ക് വലിയ ഉത്കണ്ഠ ഒന്നുമില്ല. ഒരാളെക്കുറിച്ച് നല്ലത് പറയണമെങ്കിൽ കാശ് കൊടുത്താലേ നടക്കൂ എന്നാണ് കോൺഗ്രസുകാരുടെയും ബി.ജെ.പിക്കാരുടെയുമൊക്കെ വിശ്വാസം.
കാശ് കൊടുക്കാതെ ഒരാളും മറ്റൊരാളെക്കുറിച്ച് നല്ലത് പറയില്ല എന്നാണ് അവർ കരുതുന്നത്. അത് അവർ ശീലിച്ചതാകും. പിന്നെ കേരളത്തിലേക്ക് ഇത്രയേറെ അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ വണ്ടിയും പിടിച്ച് വന്ന് , നല്ലത് പറയുന്നത് കേരളം ചെയ്ത പി.ആർ വർക്കിനാലാണെന്ന് അവർ തെറ്റിദ്ധരിച്ചാൽ കുറ്റം പറയാൻ പറ്റില്ല.
അന്താരാഷ്ട്ര മാദ്ധ്യമങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊക്കെ വലിയ വാർത്തയാണ്. കേരളം ഒരു യൂണീക് മോഡലാണ്. ഇതിപ്പോ മീഡിയ മാത്രമല്ലല്ലോ, എത്രയോ ഗവേഷണ സ്ഥാപനങ്ങൾ കേരളത്തെ കുറിച്ച് പഠിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം പോലും കേരളത്തിന് ആരോഗ്യമേഖലയിലെ മികവിന് അന്താരാഷ്ട്രതലത്തിലെ അവാർഡ് കിട്ടി. ഇതൊന്നും ഷാഹിന ഉണ്ടാക്കിയ പി.ആർ വർക്കല്ലല്ലോ. ഇതൊക്കെ ആരോപണങ്ങളാണ്. അതിനെ ആ അർത്ഥത്തിൽ തള്ളിക്കളയേണ്ട ആവശ്യമേ ഉള്ളൂ.
ജലീലിന്റെ അഭിമുഖവുമായി ബന്ധപ്പെട്ടും വിവാദമുണ്ടായിരുന്നു. ഒരു അവതാരക മോഡിയുടെ ആജ്ഞാനുവർത്തികളായ മാദ്ധ്യമപ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയോടായിരുന്നു അതിനെ താരതമ്യപ്പെടുത്തിയത്. എന്ത് തോന്നുന്നു ?
അതിനെ ഒറ്റ വാക്കിൽ അല്പത്തരം എന്നാണ് ഞാൻ പറയുക. മോഡിയെപോലെ ഒരു ഭരണാധികാരിയെ അടുത്ത് കാണാത്തതിന്റെയും യഥാർത്ഥ ഭരണകൂട ഭീകരത അടുത്ത് കാണാത്തതിന്റെയും നേരിട്ട് അനുഭവിക്കാത്തതിന്റെയും പ്രശ്‌നമാണ്. അത് നേരിട്ട് കാണുകയും ഇതിലൂടെ കടന്നുപോയിട്ടുമുള്ളയാളാണ് ഞാൻ.
അപ്പോ ആരെക്കുറിച്ചാണ് ഇവർ പറയുന്നത്. സംഘപരിവാറിന്റെ മടയിൽ ചെന്ന് , അവരുടെ സർക്കാർ ഭരിക്കുന്ന ഇടത്ത് , അവരുടെ പൊലീസിന്റെ കള്ളക്കഥ പൊളിച്ച എന്നെക്കുറിച്ചാണ് ഭരണകൂടത്തിന്റെ ആജ്ഞാനുവർത്തി എന്ന് പറയുന്നത്. വൻ കോമഡിയാണത്.
അതിനെ പ്രൊഫഷണൽ ജെലസി, കൊതിക്കെറുവ് എന്നേ പറയേണ്ടൂ. വ്യക്തിപരമായി അതിലെനിക്ക് പ്രശ്‌നമൊന്നുമില്ല. അതിനുള്ള പക്വതയേ അവർക്കുള്ളൂ. കേരളത്തിലെ ഒരു മാദ്ധ്യമസ്ഥാപനത്തിന്റെ ഫ്‌ളോറിലിരുന്ന് ന്യൂസ് ആങ്കർ ചെയ്യുന്ന പരിചയമേ അവർക്കുള്ളൂ. അതിനപ്പുറം ഒന്നുമില്ല.
എൻ.ആർ.സി – സി.എ.എ വാർത്തകളിൽ നിറയുന്ന കാലത്ത് ആസാമിലെ സുഹൃത്തിന്റെ ജീവിതകഥ പറഞ്ഞ് ഷാഹിന പറഞ്ഞ ഒരു കാര്യമുണ്ട്. കാശ്മീരിലെയും ആസാമിലെയും സുഹൃത്തുക്കളോട് ബന്ധപ്പെട്ടാൽ രാജ്യദ്രോഹി ആകുമെങ്കിൽ താൻ രാജ്യദ്രോഹിയാകാൻ തയ്യാറാണെന്ന് പ്രതികരിച്ചിരുന്നു. രാജ്യദ്രോഹിപട്ടം പെട്ടെന്ന് ചാർത്തിക്കിട്ടാൻ സാദ്ധ്യതയുള്ള ഇക്കാലത്തെ ആ പ്രതികരണം വൈകാരികമായുള്ളതാണോ? അതോ പ്രത്യാഘാതങ്ങളെ വിലയിരുത്താതെയുള്ളതാണോ ?
അതൊരു ഫാക്ടല്ലേ. ആ സംസ്ഥാനങ്ങളൊക്കെ ഇന്ത്യയുടെ ഭാഗമല്ലേ. അവരെല്ലാം ഇന്ത്യൻ പൗരന്മാരല്ലേ. അവരോട് ബന്ധപ്പെട്ടത് കൊണ്ട് രാജ്യദ്രോഹിയാകുമെങ്കിൽ നമുക്ക് വേറെ ഒപ്ഷനില്ല.
പിന്നെ നമ്മളൊക്കെ പത്രപ്രവർത്തകരാകുമ്പോൾ രാജ്യത്തെ എല്ലായിടങ്ങളിലും സുഹൃത്തുക്കളുമുണ്ടാകും. എല്ലാ സംസ്ഥാനങ്ങളിലും ബന്ധങ്ങളുണ്ട്. അതെന്റെ പ്രൊഫഷന്റെ ആവശ്യമാണ്.
അതൊരു വൈകാരിക പ്രകടനമൊന്നുമല്ല. ഇന്ത്യ എന്ന് പറയുന്ന മഹാരാജ്യത്തെ, എല്ലാ സംസ്ഥാനങ്ങളിലുമുള്ള ആളുകളെ ബന്ധപ്പെടാൻ മൗലികമായി നമുക്ക് അവകാശവുമുണ്ട്.
എൻ.ആർ.സി.- സി.എ.എ എന്നത് ആസാമിൽ മാത്രം ഒതുങ്ങുന്നതാണോ ? എന്ത് തോന്നുന്നു ?
ആസാമിൽ കൊണ്ടുവന്ന് രാജ്യം മുഴുവൻ വ്യാപിപ്പിക്കാനുള്ള ശ്രമത്തിനിടയിലാണല്ലോ ഈ പ്രതിഷേധങ്ങളൊക്കെ ഉണ്ടായത്. ആ നിയമം പാസാക്കുകയും ചെയ്തിരുന്നു. അത് ഇന്ത്യ മുഴുവൻ പാസാക്കാനാണ് ശ്രമം. അപ്പോഴാണ് സമരങ്ങളൊക്കെ ഉണ്ടായത്. അതിനിടയ്ക്ക് കൊവിഡൊക്കെ വന്നു.
പക്ഷേ ഇന്ത്യ പോലൊരു രാജ്യത്ത് ഒരു വിഭാഗം ആളുകളെ പൗരന്മാരല്ലാതെ ആക്കാൻ അവർക്ക് എളുപ്പത്തിൽ നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഇനിയും ആ നടപടിയുമായി മുന്നോട്ട് പോയാൽ സർക്കാർ ഇനിയും ഏറെ പ്രതിഷേധങ്ങൾ നേരിടേണ്ടി വരുമെന്നാണ് ഞാൻ കരുതുന്നത്.
ദേശീയ മാദ്ധ്യമങ്ങളുടെ പക്ഷപാതിത്വം ഏറെ വിമർശനങ്ങൾ നേരിടുന്ന കാലഘട്ടമാണിത്. കേന്ദ്രഭരണത്തിനെതിരെയുള്ള പല കാര്യങ്ങളും ചർച്ചയ്‌ക്കെടുക്കുന്നു പോലുമില്ല. സ്വർണ്ണക്കടത്ത് കേസിലും മലയാള മാദ്ധ്യമങ്ങൾ ചിലതെങ്കിലും കേന്ദ്രഭരണത്തോട് ചോദിക്കേണ്ട ചോദ്യങ്ങൾ ഒഴിവാക്കുന്നുവെന്ന് വിമർശനമുണ്ടോ ?
നൂറ് ശതമാനം. ജി.ഡി.പി കുത്തനെ താഴേക്ക് പോകുന്നത് നമുക്ക് വാർത്തയല്ല. ഇത്തരത്തിൽ കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട് ജനങ്ങളെ ഏറെ ബാധിക്കുന്ന നിരവധി വിഷയങ്ങളും കേരളത്തിൽ വാർത്തയാകുന്നില്ല.
ഞാനൊരു ടെലിവിഷൻ ചർച്ച ഓർക്കുന്നു. സ്വർണ്ണക്കടത്ത് ചർച്ച ചെയ്യുമ്പോൾ, എം.ബി രാജേഷാണെന്ന് തോന്നുന്നു ഈ വിഷയം ഉന്നയിക്കുന്നുണ്ട്. ഇന്ന് ജി.ഡി.പി ഏറെ ഇടിഞ്ഞ ദിവസമാണ്, നിങ്ങൾ അത് എന്തുകൊണ്ട് ചർച്ചയാക്കുന്നില്ല എന്നാണ് ചോദ്യം. അത് കേട്ട അവതാരക ചോദിക്കുന്നത് കേട്ട് സത്യത്തിൽ സഹതാപം തോന്നി. രാജേഷിന് ഇഷ്ടപ്പെട്ട വിഷയം ചർച്ച ചെയ്യാനാണോ ഞാനിവിടെ ഇരിക്കുന്നതെന്നായിരുന്നു മറുചോദ്യം.
അത്രയും പതറ്ററിക് ആണ് അവസ്ഥ. അത് രാജേഷിന്റെ വിഷയമല്ല, രാജ്യത്തെ മുഴുവൻ ബാധിക്കുന്ന ഗൗരവമുള്ള വിഷയമാണെന്ന് അവർ തിരിച്ചറിയുന്നില്ലേ. കർഷ ബിൽ വന്നു. എത്ര പേർ പ്രൈം ടൈമിൽ അത് ഗൗരവമായി ചർച്ച ചെയ്തു. നമ്മുടെ ഭക്ഷ്യസുരക്ഷയെ ബാധിക്കുന്നതാണ്. കേരളം ഇത്രയും നാൾ ആർജ്ജിച്ച നേട്ടങ്ങളുടെ കടയ്ക്കൽ കത്തിവയ്ക്കുന്ന നിയമമാണത്.
ജി.എസ്.ടി വിഷയം, സംസ്ഥാനങ്ങൾക്ക് അർഹമായ വിഹിതം കിട്ടുന്നില്ല ഇങ്ങനെ എത്രയോ വിഷയങ്ങൾ. സ്വർണ്ണക്കടത്ത് എടുത്താൽ തന്നെ. അതിൽ പല കാര്യങ്ങളിലും ഉത്തരം പറയേണ്ടത് കേന്ദ്രസർക്കാരാണ്. കോൺസുലേറ്റിന്റെ വിഷയമെടുത്താലും വിമാനത്താവളത്തിന്റെ കാര്യത്തിലും കേന്ദ്രം നേരിട്ട് മറുപടി പറയേണ്ട വിഷയങ്ങളാണ്. കോൺസുലേറ്റ് വഴി സ്വർണ്ണം എങ്ങനെ വന്നു എന്നത് സംബന്ധിച്ചും ചോദ്യം ചോദിക്കേണ്ടത് ബി.ജെ.പിക്കാരനോടാണ്. പക്ഷേ ചർച്ചയിൽ ഇരിക്കുന്ന ഒരു ബി.ജെ.പിക്കാരനോടും ഈ ചോദ്യം ചോദിക്കുന്നില്ല. അവരെല്ലാം ആ ഭരണകൂടത്തിന് വിധേയരാണ്.
ഞാൻ ആജ്ഞാനുവർത്തിയാണെന്ന് ആരോപിക്കുന്ന അവതാരക പോലും പരിഹാസ്യമായ ഭരണകൂട വിധേയത്വമാണ് പ്രകടിപ്പിക്കുന്നതെന്ന് ഇക്കാര്യത്തിൽ പറയേണ്ടി വരും. കേരളത്തിലെ മീഡിയ നേരത്തെ അങ്ങനെയായിരുന്നില്ല. പക്ഷേ ഇപ്പോൾ കേന്ദ്രഭരണത്തിന് അവർ വിധേയരാകുന്നു.
എന്തുകൊണ്ടാകും അങ്ങനെ പെരുമാറുന്നത്. സാമൂഹിക മാദ്ധ്യമങ്ങളിൽ ബി.ജെ.പിയുടെ ഐ.ടി ടീം വളരെ ശക്തമാണ്. അവർ അത്തരത്തിൽ പൊതുജനാഭിപ്രായത്തെ മാനിപ്പുലേറ്റ് ചെയ്യുന്നുണ്ടോ. പ്രത്യേകിച്ചും കേന്ദ്രഭരണത്തെ അനുകൂലിക്കുന്ന വാർത്തകളെ ഹൈപ് ചെയ്യുന്നത് മാദ്ധ്യമങ്ങളുടെ അജണ്ടകളെ മാറ്റിമറിക്കുന്നുണ്ടോ ?
തെറ്റിദ്ധാരണ കൊണ്ടൊന്നുമല്ല. ഭയപ്പെട്ട് കീഴടങ്ങുകയാണ് മാദ്ധ്യമങ്ങൾ. നിലനിൽപ്പിനായാണ് പലതും. കേന്ദ്രത്തെ വെറുപ്പിച്ചാൽ നിലനിൽക്കാനാകില്ലെന്ന ഭയം അവർക്കുണ്ട്. യു.പി.എ സർക്കാരിനെതിരെ എന്ത് വിമർശനങ്ങൾ ഉന്നയിക്കുമ്പോഴും ഉന്നയിക്കുന്ന മാദ്ധ്യമങ്ങളെ പൂട്ടിച്ച് കളയും എന്ന നിലപാട് എടുത്തിട്ടില്ല.
ഇന്ത്യയിലെ ജനാധിപത്യത്തിന്റേതായ കീഴ്വഴക്കം അവർ ലംഘിക്കാൻ പലപ്പോഴും മുതിർന്നിരുന്നില്ല. ഇതിന് മുമ്പുള്ള മിക്ക സർക്കാരുകളും അങ്ങനെയാണ്. എക്‌സെപ്ഷണൽ കേസുകളുണ്ടാകാം. പക്ഷേ പൊതുവായ ഒരു കാര്യമാണ് ഞാൻ പറയുന്നത്. പക്ഷേ ഇന്നത്തെ സംവിധാനത്തിന് ഏകാധിപത്യ സ്വഭാവമുണ്ട്.
ഹിന്ദുരാഷ്ട്രത്തിലേക്കുള്ള സഞ്ചാരത്തിലാണത്. അവരെ പ്രീതിപ്പെടുത്താനുള്ള ശ്രമത്തിലാണ് പല മാദ്ധ്യമങ്ങളും. ഞങ്ങളാണ് ഏറ്റവും വലിയ വിശ്വസ്തനെന്ന് തെളിയിക്കാനുള്ള ഓട്ടത്തിലാണവർ. അല്ലാത്തവരും ഉണ്ട്, പക്ഷേ വളറെ കുറച്ചേ ഉള്ളൂ എന്ന് മാത്രം.
ഫാക്ട്‌സ് ആർ സേക്രഡ്, കമന്റ്‌സ് ആർ ഫ്രീ എന്നതാണ് ജേണലിസത്തിന്റെ മോട്ടോ. ചാനൽ അവതാരകരുടെ കാര്യത്തിലെടുത്താൽ കമന്റ്‌സ് ആർ സേക്രഡ് എന്ന പരുവത്തിലെത്തി നിൽക്കുന്നു. പലപ്പോഴും അത് അതിർവരമ്പുകൾ ലംഘിച്ച് വ്യക്തിപരമായി അപമാനിക്കുന്നതിൽ വരെയെത്തി നിൽക്കുന്നു. അതേ അവസരത്തിൽ മാദ്ധ്യമപ്രവർത്തകരും സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യക്തിപരമായി വിചാരണ ചെയ്യപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നു. ആകെ കലങ്ങിമറിഞ്ഞ ഈ സാഹചര്യത്തിൽ എങ്ങനെയാണ് മാദ്ധ്യമപ്രവർത്തകർക്ക് നിഷ്പക്ഷരായും ക്രെഡിബിളായും തുടരാനാകുക ?.
രണ്ട് കാര്യങ്ങളുണ്ട് ഇക്കാര്യത്തിൽ പറയാൻ. ഒന്ന് ടെലിവിഷൻ ജേണലിസം എന്ന് പറയുന്നത് കാമറയ്ക്ക് മുന്നിൽ കൈകെട്ടി നിന്ന് സിനിമകളിലെ സുരേഷ് ഗോപി ഡയലോഗ് ഡെലിവറി പോലെ സ്വന്തം അഭിപ്രായം പറയാനുള്ളതാണെന്നാണ് പലരും കരുതുന്നത്.
ഫീൽഡ് റിപ്പോട്ടിംഗ് എന്നത് അന്യം നിന്ന കലാരൂപമായി. കുറച്ച് റിപ്പോർട്ടർമാർ പോയി സ്റ്റോറികൾ ചെയ്യുന്നുണ്ടാകാം. അതല്ല. പക്ഷേ ടെലിവിഷന്റെ മുഖമായും ജേണലിസമായുമെല്ലാം മുന്നിലെത്തുന്നത് പ്രൈം ടൈം ചർച്ചയും അവതാരകരുടെ എഡിറ്റോറിയൽ പ്രോഗ്രാമുകളുമാണ്. എനിക്ക് അത് പറയാനുണ്ട് ഞാൻ പറയുന്നതിതാണ് എന്നിങ്ങനെ ഒട്ടും ആഴവും പരപ്പും ഇല്ലാതെയാണ് അവരുടെ അവതരണമെല്ലാം.
അതാണ് ടെലിവിഷൻ ജേണലിസം നേരിടുന്ന അധ:പതനം . മനുഷ്യരിലേക്ക് തിരിച്ച് നടക്കുക എന്നതാണ് പ്രതിവിധി. ഗ്രൗണ്ട് റിപ്പോർട്ടിംഗിലേക്ക് മടങ്ങുക. ബർഖ ദത്ത് ഫീൽഡ് റിപ്പോർട്ടിംഗിൽ മാതൃകയാണ്. കൊവിഡ് കാലത്തും അവർ കർമ്മപഥത്തിലാണ്. അവരെക്കുറിച്ച് വിയോജിപ്പുകളുണ്ടാകാം. പല കാര്യത്തിലും എനിക്കും അതുണ്ട്. പക്ഷേ ഷീ സ്റ്റിൽ ബിലിവ്‌സ് ഇൻ ഫീൽഡ് റിപ്പോർട്ടിംഗ്. അത് തിരിച്ചുപിടിക്കുന്നതാകും ടെലിവിഷന്റെ ശക്തി. സാമൂഹിക മാദ്ധ്യമങ്ങൾ ഒരു വിപരീത ധ്രുവത്തിലാണ് നിൽക്കുന്നത്.
അതിനെ നേരിടാൻ ടെലിവിഷൻ ചെയ്യേണ്ടത് ഫാക്ട്‌സ് റിപ്പോർട്ടിംഗിലേക്ക് മടങ്ങിപ്പോകുക എന്നതാണ്. സോഷ്യൽ മീഡിയയും ട്രഡീഷണൽ മീഡിയയും രണ്ട് സെപറേറ്റഡ് എന്റിറ്റി അല്ല എന്നാണ് ഞാൻ കരുതുന്നത്. രണ്ടും പരസ്പരം ഇടകലർന്നാണ് നിൽക്കുന്നത്. ഒന്നിന്റെ തുടർച്ചയാണ് മറ്റൊന്ന്. ഉദാഹരണം പറഞ്ഞാൽ മനസിലാകും. നിങ്ങൾ ഒരു മുഴുവൻ ദിവസം ടി.വി കാണുന്നില്ല എന്ന് വിചാരിക്കുക.
ഞാൻ തീരെ ടി.വി കാണാറില്ല. ടി.വി കണ്ടില്ലെങ്കിലും ഒന്നും നമുക്ക് മിസാകില്ല. എല്ലാം ഫേസ് ബുക്കിലോ മറ്റോ വരും. ചെറിയ ചെറിയ ക്‌ളിപിംഗ്‌സായി. ഒന്ന് ഒന്നിന്റെ തുടർച്ചയാണ്. അതേ സമയം ജേണലിസ്റ്റുകൾ സോഷ്യൽ മീഡിയയിൽ എന്ത് വരുന്നു എന്ന് നോക്കി അതിനനുസരിച്ച് ചെയ്യുന്ന രീതിയുമുണ്ട്. അത് ടോക്‌സിക് ആയി മാറുന്ന അവസ്ഥയുണ്ട്. ഇത് അങ്ങോട്ടും ഇങ്ങോട്ടുമുള്ള വലിയ വെല്ലുവിളിയായി സൈബർ ബുള്ളിയിംഗായി മാറുന്നു.
മാദ്ധ്യമങ്ങളിലാണെങ്കിൽ ഞാൻ വിളിച്ചിട്ട് സംസാരിക്കാത്ത രാഷ്ട്രീയ നേതാവിനെ പാഠം പഠിപ്പിക്കും എന്ന തരത്തിൽ മാദ്ധ്യമപ്രവർത്തകർ വിചാരിക്കുന്നത് വലിയ അധ:പതനമാണ്. വിളിച്ചിട്ട് എന്നോട് സംസാരിച്ചോ ഇല്ലയോ എന്നതല്ല അതിന്റെ മാനദണ്ഡം. അയാളെന്താണ് ചെയ്തത് എന്നതാണ് പ്രധാനം.
നിങ്ങൾക്ക് ഒരാളോട് വ്യക്തിപരമായി വിരോധമുണ്ടെങ്കിൽ അത് പ്രകടിപ്പിക്കാനുള്ള പ്‌ളാറ്റ്‌ഫോമല്ല നിങ്ങളുടെ പണി. നിങ്ങൾക്ക് ഒരു നേതാവിനെ ഇഷ്ടമല്ല, ഒരു മന്ത്രിയെ ഇഷ്ടമല്ല എന്നതിനാൽ അയാൾക്കെതിരെ എന്തെങ്കിലും എഴുതിപ്പിടിക്കുക എന്നുള്ളത് ജേണലിസമല്ല.
മറിച്ച് അത് പ്രൊപ്പഗാണ്ടയാണ്. മറിച്ച് നിങ്ങൾക്ക് ഒരു കാര്യം ചെയ്യാം. കഷ്ടപ്പെട്ട് കുത്തിയിരുന്ന് പണിയെടുത്ത് അയാൾക്കെതിരെ സബ്സ്റ്റൻസുള്ള സാധനങ്ങൾ കൊണ്ടുവരാം. ഈ ഗവൺമെന്റിനെ വിമർശിക്കാൻ എത്രയോ കാര്യങ്ങളുണ്ട്. അത് ഉയർത്തിക്കൊണ്ടുവരികയാണ് വേണ്ടത്. അത് കണ്ടെത്തുകയാണ് ചെയ്യേണ്ടത്. അതിന് പണിയെടുക്കണം. അതിന് മെനക്കേടണം.
ഒരാളെക്കൊണ്ട് സർക്കാരിനെ തെറി വിളിക്കുക. എന്നിട്ട് അതിന് മുഖ്യമന്ത്രിയുടെ പ്രതികരണം തേടുക. പിന്നെ അതിന്റെ പ്രതികരണം മറ്റൊരാളോട് ചോദിക്കുക. ലൈഫ് മിഷൻ ആയിക്കോട്ടെ, സ്വർണ്ണക്കടത്ത് ആയിക്കോട്ടെ. ഇവിടത്തെ മീഡിയ കൊണ്ടുവന്ന ബ്രേക് ത്രൂ എന്താണ്.
എൻ.ഐ.എയുടെ സോഴ്‌സ് ഇട്ട് കൊടുക്കുന്നത് തന്നെ 24 മണിക്കൂറിലേറെ നിൽക്കാത്ത കള്ളസ്‌റ്റോറികളാണ്. അത്രയും മോശമായിരിക്കുന്നു സാഹചര്യം. മാദ്ധ്യമപ്രവർത്തനം വലിയ വിപ്‌ളവപ്രവർത്തനമായി കരുതുന്ന ആളല്ല ഞാൻ. എന്തെങ്കിലും ചെയ്ത് ഇപ്പോഴേ രാജ്യം നന്നാക്കാം എന്ന് വിചാരിക്കുന്ന ആളുമല്ല. എനിക്കിത് ജോലിയാണ്. അത് തെറ്റില്ലാതെ ചെയ്യാൻ ശ്രമിക്കുന്നു.
ന്യൂസ് ചാനലിലെ ചർച്ചകളെ സ്പിരിറ്റ് ഓഫ് ടൈം എന്ന പരാമർശം കൊണ്ട് സാധൂകരിക്കാനുള്ള ശ്രമവുമുണ്ടായി. പത്രങ്ങളുടെ ക്ഷീണകാലത്ത് ഓൺലൈൻ മീഡിയകളെ പിൻപറ്റി സാമൂഹിക മാദ്ധ്യമങ്ങളുടെ പൊട്ടൻഷ്യൽ ഉപയോഗപ്പെടുത്തുക എന്ന രീതിയുമുണ്ട്. പ്രത്യേകിച്ച് ബി.ജെ.പി അനുകൂല സാദ്ധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുക എന്ന തന്ത്രവും മാദ്ധ്യമങ്ങൾ പരിഗണിക്കുന്നുണ്ടോ ?
കേരളം വളരെ ധ്രുവീകരിക്കപ്പെടുന്നുണ്ട്. ശബരിമല പ്രശ്‌നത്തിൽ നാമത് കാണുന്നുണ്ട്. പ്രത്യേകിച്ച് ആദ്യം ഭരണഘടനയുടെ പക്ഷത്ത് നിലയുറപ്പിച്ച മാദ്ധ്യമങ്ങൾ പിന്നീട് ഷിഫ്റ്റ് ചെയ്തിട്ട് വിശ്വാസ മുഷ്‌കിന്റെ ഒപ്പമാണ് നിന്നത്. പക്ഷേ അത് വിശ്വാസത്തിന്റെ ഒപ്പമല്ല വിശ്വാസമുഷ്കിന്റെ ഒപ്പമായിരുന്നു.
ശബരിമല ഒരു ക്‌ളാസിക് ഉദാഹരണമാണ്. അപ്പോൾ അതൊരു വസ്തുതയാണ്. എന്റെ അഭിപ്രായത്തിൽ അതൊരു കച്ചവടമാണ്. മാദ്ധ്യമങ്ങൾ അത് അംഗീകരിക്കുകയാണ് ആദ്യം വേണ്ടത്. ഞങ്ങൾ സമൂഹത്തെ മാറ്റി മറിക്കുന്ന വിപ്‌ളവപ്രവർത്തനമാണ് ചെയ്യുന്നതെന്ന് പറയാതിരിക്കുക. ഞങ്ങൾ ചെയ്യുന്നത് കച്ചവടമാണ്. ഞങ്ങൾ ഭൂരിപക്ഷത്തിന്റെ താൽപ്പര്യത്തിന് ഒപ്പമാണ്.
പക്ഷേ അപ്പോഴൊരു ചോദ്യമുണ്ട്. ഈ ഭൂരിപക്ഷത്തിന്റെ താൽപ്പര്യം എന്താണ്. അത് അളക്കാൻ വല്ല മാനദണ്ഡമുണ്ടോ, യന്ത്രമുണ്ടോ ?. ഇതിന്റെയെല്ലാം ശാസ്ത്രീയത എന്താണ്. ചില തരം സീരിയലുകൾ, ഇതാണ് ഇഷ്ടം എന്ന് തീരുമാനിച്ച് സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഇഷ്ടം ആര് തീരുമാനിച്ചു. ഈ തിരഞ്ഞെടുപ്പിന്റെ രീതിശാസ്ത്രമെന്താണ് ? അത് പഠിച്ചിട്ടുണ്ടോ. വ്യവസായമാണോ എങ്കിൽ അതിനെ ആ രീതിയിൽ കാണണം.പിന്നെ സ്പിരിറ്റ് ഒഫ് ടൈം എന്ന് പറഞ്ഞല്ലോ.
ആ പ്രയോഗത്തോട് വിയോജിപ്പൊന്നുമില്ല. പക്ഷേ അത് ജേണലിസം ആണ് എന്നതിനോട് യോജിപ്പില്ല. അത് ശുദ്ധ വിനോദപരിപാടിയാണ്. അതിന് സീരിയലിന്റെ മൂല്യം കൊടുക്കുകയാണെങ്കിൽ പ്രശ്‌നമില്ല. അപ്പോൾ എന്താണ് നടക്കുന്നത് അതിന് പ്രാധാന്യം കൊടുക്കുക എന്ന് പറഞ്ഞാൽ അതിന് എന്റർടെയിൻമെന്റ് വാല്യൂ ആണുള്ളത്. അല്ലാതെ വസ്തുതകളുടെ മൂല്യമില്ല.
ലവ് ജിഹാദുമായി ബന്ധപ്പെട്ട് ഏറെ വിവാദം സൃഷ്ടിച്ച കേസാണ് ഹാദിയ കേസ്. എൻ.ഐ.എ ഇക്കാര്യത്തിൽ അന്വേഷണവും നടത്തിയിരുന്നു. പക്ഷേ ഇപ്പോഴും ലവ് ജിഹാദ് സംഘപരിവാറും ഒരളവ് വരെ ചില ക്രിസ്ത്യൻ പാതിരിമാരും ചർച്ചയിലേക്ക് കൊണ്ടുവരികയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിമർശനം ഉന്നയിച്ച ആളെന്ന നിലയിൽ ലവ് ജിഹാദിനോടുള്ള പ്രതികരണമെന്താണ് ?.
ലവ് ജിഹാദ് എന്ന ഒന്നില്ല എന്ന് ആദ്യം മുതലേ നിലപാടെടുത്ത ഒരാളാണ് ഞാൻ. രണ്ടു മതത്തിലുള്ള ആളുകൾ പരസ്പരം പ്രണയിച്ച് വിവാഹം കഴിക്കുന്നതിന് ജിഹാദ് ചിത്രീകരിക്കുന്നത് സംഘപരിവാർ താൽപര്യമാണ്. ഹൈന്ദവ കേരളം എന്ന വെബ്സൈറ്റിലാണ് ആദ്യമായി ആ വാക്ക് കണ്ടതെന്നാണ് എന്റെ ഓർമ്മ. പിന്നീട് പല പത്രങ്ങളും അത് ഏറ്റു പിടിക്കുകയായിരുന്നു.
ഒരു വസ്തുതയും ഇല്ലാതെ പിന്നീട് ഒരു ഹൈക്കോടതി ജഡ്ജി ലവ് ജിഹാദ് ഉണ്ടെന്ന് തരത്തിൽ അതിൽ ഒരു വിധി പുറപ്പെടുവിക്കുകയും ചെയ്തു. കർണാടകയിലും ഉത്തർപ്രദേശിലും ഇത്തരം ആരോപണങ്ങൾ ഉയർന്നതോടെ പോലീസ് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ അവിടങ്ങളിൽ അതിൽ എല്ലാ അന്വേഷണ ഏജൻസികളും അവസാനം എത്തിച്ചേർന്ന ഫൈൻഡിംഗ് തന്നെ അങ്ങനെ ഒന്നുമില്ല എന്ന് തന്നെയായിരുന്നു. പൂർണ്ണമായും സംഘപരിവാർ സൃഷ്ടിയാണ് ആ പ്രയോഗവും സങ്കല്പവും .
Comments are closed.