ട്രാന്‍സ്‌ജെന്ററുകളുടെ ആദ്യ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുമായി കോഴിക്കോട്ടുകാര്‍
ഒരു തൊഴിലും കിടക്കാനൊരിടവും. ട്രാന്‍സ്‌ജെന്റര്‍ സമൂഹത്തെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങള്‍ ഇത് രണ്ടുമാണ്. വളരെ ചെറുപ്രായത്തിലേ വീട്ടില്‍ നിന്നും പുറംതള്ളപ്പെടുന്നവരാണ് ഭൂരിപക്ഷം ട്രാന്‍സ്‌ജെന്ററുകളും. അതിനാല്‍ തന്നെ നല്ലൊരു തൊഴില്‍ എന്നത് അവരുടെ സ്വപ്‌നത്തില്‍ മാത്രം അവേശഷിക്കും. ഈ സാഹചര്യത്തിലാണ് കോഴിക്കോട്ടുള്ള വിദ്യാഭ്യാസപരമായി മുന്നോക്കം നില്‍ക്കുന്ന ആറ് ട്രാന്‍സ്‌ജെന്റര്‍ വ്യക്തികള്‍ ചേര്‍ന്നൊരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി രൂപീകരിക്കാന്‍ ഒരുങ്ങുന്നത്.
ജ്വാല ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പ് എന്ന് പേരിട്ടിട്ടുള്ള ഈ സംഘത്തില്‍ ആറ് പേരാണുള്ളത്. വൈഗ സുബ്രഹ്മണ്യന്‍, അനുരാധ, അനുപമ, തന്‍സി, സഞ്ജന ചന്ദ്രന്‍, സാനിയ. ജ്വാല കുടുംബശ്രീ സംഘത്തിലെ അംഗങ്ങള്‍ കൂടിയാണ് അവര്‍. അവരുടെ പ്രധാന്യ ലക്ഷ്യം സ്വന്തമായൊരു ഷെല്‍ട്ടര്‍ നിര്‍മ്മിക്കുക എന്നതാണ്. കേരള സര്‍ക്കാര്‍ ട്രാന്‍സ്‌ജെന്റേഴ്‌സിനായി ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കുന്നുണ്ടെങ്കിലും തങ്ങളുടേതായ സ്ഥിരമായ ഒന്ന് സ്ഥാപിക്കണം എന്ന ആഗ്രഹമാണ് ഈ ആറുപേരേയും നയിക്കുന്നത്. ഷെല്‍ട്ടര്‍ പണിയുന്നതിന് സ്ഥലം വാങ്ങുന്നതിനായി 10 ലക്ഷം രൂപയോളം വേണ്ടി വരും. അതിന്റെ ധനസമാഹരണാര്‍ത്ഥവും ജ്വാല ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിന് അനുഭവ പരിജ്ഞാനവും ഉണ്ടാക്കുന്നതിനായും കോഴിക്കോട് വച്ച് ഗായകന്‍ കെ ജി മാര്‍ക്കോസിന്റെ ഒരു ഗാനനിശ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഈ ആറ് പേരും.
Advt: Click here to buy Sony EXTRA BASS Headphones (Black)
ഈ ഇവന്റില്‍ മാപ്പിള പാട്ടുകള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് വൈഗ പറയുന്നു. 10 ലക്ഷം രൂപ ഈ പരിപാടിക്കായി കണ്ടെത്തണം. സ്‌പോണ്‍സര്‍ഷിപ്പുകള്‍ വഴിയാണ് പണം കണ്ടെത്തുന്നത്. മിച്ചം വയ്ക്കുന്ന പണം ഷെല്‍ട്ടര്‍ നിര്‍മ്മിക്കുന്നതിനുള്ള ഭൂമി വാങ്ങുന്നതിനും ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പ് തുടങ്ങുന്നതിനും ഉപയോഗിക്കും. ഇവന്റുകള്‍ നടത്തി കിട്ടുന്ന പണം കൊണ്ട് വീട് നിര്‍മ്മിക്കാം എന്ന ആഗ്രഹമാണുള്ളത്.
ഇപ്പോള്‍ ഞങ്ങളെല്ലാവരും വലിയൊരു തുക വാടക നല്‍കിയിട്ടാണ് കോഴിക്കോട് താമസിക്കുന്നത് വൈഗ പറയുന്നു. 18,000 രൂപ മാസം വാടക രണ്ട് പേര്‍ക്ക് താമസിക്കാനായി നല്‍കണം. ട്രാന്‍സ്‌ജെന്റേഴ്‌സിന് വീട് കിട്ടാന്‍ ബുദ്ധിമുട്ടാണ് എന്നത് മനസ്സിലാക്കിയുള്ള ചൂഷണമാണ് നടക്കുന്നത്. ഈ തുക ഞങ്ങള്‍ക്ക് താങ്ങാനാകുന്നതിന് അപ്പുറമാണ്. കൂടാതെ ഈ തുക കൊടുക്കാന്‍ ആരും തയ്യാറാകത്തുമില്ല. സാധാരണ ഒരു കുടുംബത്തിനാണെങ്കില്‍ 8000 രൂപയൊക്കെ കൊടുത്താല്‍ വീട് കിട്ടും.
അവന്‍ അവളായി, അവള്‍ അവനും: ഒടുവില്‍ അവര്‍ ഒന്നായി
സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും അനുകൂലമായ പ്രതികരണങ്ങളാണ് ലഭിക്കുന്നതെങ്കിലും അവര്‍ക്ക് ഒരു പരിധിയുണ്ട്. പ്രത്യാശ എന്നൊരു പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മിഷന്‍ രണ്ടരലക്ഷം രൂപ ജ്വാലയ്ക്ക് ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പ് ആരംഭിക്കുന്നതിനായി നല്‍കിയിട്ടുണ്ട്. മിഷന്‍ നന്നായി പിന്തുണയ്ക്കുന്നുണ്ടെന്ന് അവര്‍ ഒറ്റ സ്വരത്തില്‍ പറയുന്നു.
ഈ പരിപാടി ടിക്കറ്റ് വിറ്റാല്‍ ഞങ്ങള്‍ക്ക് പരമാവധി കിട്ടുക മൂന്ന് ലക്ഷം രൂപയാണ് വൈഗ വ്യക്തമാക്കി. കുടുംബശ്രീയുടെ ഫണ്ടും കൂടെ ചേര്‍ക്കുമ്പോള്‍ അഞ്ചരലക്ഷം രൂപയാകും. വീണ്ടും ഞങ്ങള്‍ക്ക് നാലരലക്ഷം രൂപ വേണ്ടിവരും. ഈ ഇവന്റിന്റെ നടത്തിപ്പിനായി ഞങ്ങള്‍ ഫണ്ടിനായി പലരേയും സമീപിച്ചെങ്കിലും നെഗറ്റീവ് റെസ്‌പോണ്‍സാണ് ലഭിക്കുന്നത്. പലരും സംശയത്തോടെയാണ് കാണുന്നത്. പണം പിരിക്കുന്നത് മറ്റെന്തിനോ ആണെന്ന ഭാവമാണ് അവര്‍ക്കുള്ളത്. കൂടാതെ രാത്രി കാലങ്ങളില്‍ അസാന്മാര്‍ഗിക പ്രവര്‍ത്തികളിലൂടെ ഞങ്ങള്‍ കാശുണ്ടാക്കുന്നുണ്ടെന്നും അവര്‍ ആരോപിക്കുന്നുണ്ട്.
അതിജീവനമാണ് ജീവിതം: ട്രാന്‍സ്‌ജെന്റര്‍ സംരംഭക തൃപ്തി ഷെട്ടി സംസാരിക്കുന്നു
ട്രാന്‍സ്‌ജെന്റേഴ്‌സില്‍ ഭൂരിപക്ഷം പേരും ചെയ്യുന്ന അതൊന്നും ഞങ്ങള്‍ക്ക് ചെയ്യാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ് ഞങ്ങള്‍ ഈ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പ് സ്ഥാപിച്ച് വരുമാനം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതെന്ന് വൈഗ പറയുന്നു. ഞങ്ങളെ മനസ്സിലാക്കാന്‍ സമൂഹം തയ്യാറാകുന്നില്ല. ഭൂരിപക്ഷമായ സമൂഹത്തെ മാറ്റിയെടുക്കാന്‍ ഞങ്ങളെ കൊണ്ട് ആകുകയില്ല. നമ്മള്‍ മാറുകയെന്നതാണ് വഴി. അങ്ങനെ മാറാന്‍ ഉദ്ദേശിക്കുന്ന സമയത്ത് ഞങ്ങള്‍ക്കൊരു കൈത്താങ്ങാകാന്‍ ആരും വരുന്നില്ല. ഈ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ ഞങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയതാണ് വൈഗ കൂട്ടിച്ചേര്‍ത്തു.
മോശം അനുഭവങ്ങള്‍ എന്നെ ഞാനാക്കി: ട്രാന്‍സ്‌ജെന്റര്‍ സിനിമ താരം അഞ്ജലി അമീര്‍ സംസാരിക്കുന്നു
കെ ജി മാര്‍ക്കോസിനുള്ള അഡ്വാന്‍സ് തുകയായ 50,000 രൂപ ഇവര്‍ സ്വന്തം കൈയില്‍ നിന്നും എടുത്ത് നല്‍കിയതാണ്. ആ സമയത്ത് കുടുംബശ്രീയുടെ ഫണ്ട് ലഭിച്ചിരുന്നില്ല. പരിപാടിക്കായി മാര്‍ക്കോസിന്റെ സാധാരണ ഫീസ് 7.5 ലക്ഷം രൂപയാണ്. ജ്വാലയുടെ ലക്ഷ്യം എന്താണെന്ന് മനസ്സിലാക്കിയ അദ്ദേഹം 3.5 ലക്ഷം രൂപയ്ക്ക് പരിപാടി നടത്താമെന്ന് അവര്‍ക്ക് വാക്ക് നല്‍കിയിട്ടുണ്ട്. ടിക്കറ്റ് വച്ച് പരിപാടി നടത്തുന്നതിനാല്‍ 1.8 ലക്ഷം രൂപ നികുതിയിനത്തില്‍ കോര്‍പറേഷന് അടയ്ക്കണം. അതില്‍ ഇളവ് നല്‍കാമെന്ന് കോര്‍പറേഷന്‍ അധികൃതരും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ട്രാന്‍സ്‌ജെന്ററുകളെ ഉള്‍ക്കൊള്ളാന്‍ സമൂഹം ഇനിയും ഏറെ മാറേണ്ടതുണ്ട് നന്ദന
പരസ്പരമുള്ള മാനസികമായ അടുപ്പമാണ് ഈ ആറുപേരേയും ഒരുമിപ്പിച്ചതെന്ന് വൈഗ പറയുന്നു. ട്രാന്‍സ്‌ജെന്റേഴ്‌സിന്റെ ഒരു പ്രശ്‌നം ഇവരാരും പരസ്പരം യോജിക്കുകയില്ല. വിദ്യാഭ്യാസം ലഭിച്ചിട്ടുള്ളവര്‍ക്ക് കുറച്ച് കൂടെ നന്നായി പരസ്പരം ഇടപെടാന്‍ കഴിയും. പറയുന്ന കാര്യങ്ങള്‍ അവര്‍ക്ക് വ്യക്തമായി മനസ്സിലാകും. എന്നാല്‍ ഭൂരിപക്ഷം പേരും നന്നേ ചെറുപ്പത്തിലേ വീട് വിട്ട് സമൂഹത്തിലേക്ക് ഇറങ്ങിത്തിരിച്ചപ്പോള്‍ അവര്‍ക്ക് സമൂഹത്തില്‍ നിന്നും വളരെയധികം മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അങ്ങനെ അവരുടെ മനസ്സ് മാറിയിട്ടുണ്ടാകും. അവരെ ഇത്രയും പ്രായമായശേഷം വേറൊരു വഴിയിലേക്ക് മാറ്റിയെടുക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിന് വേണ്ടയൊരു കാര്യം വിദ്യാഭ്യാസമാണ്.
ഇനി ആണായിട്ട് ഇങ്ങോട്ട് തിരിച്ച് വന്നാല്‍ മതി, ഭാര്യ പറഞ്ഞു
ഇവരുടെ കൂട്ടത്തില്‍ ഒരാള്‍ മലബാര്‍ ക്രിസ്ത്യന്‍ കോളെജില്‍ (എം സി സി) ബിഎ ഫങ്ഷണല്‍ ഇംഗ്ലീഷിന് പഠിക്കുന്നു. ഒരാള്‍ ബി കോം ഫൈനാന്‍സിന് പഠിക്കുന്നു. ഒരാള്‍ എംബിഎ കഴിഞ്ഞതാണ്. മറ്റുള്ളവരൊക്കെ ഡിഗ്രി കഴിഞ്ഞവരാണ്. അങ്ങനെ വിദ്യാഭ്യാസമുള്ളൊരു ടീമാണ് ഞങ്ങളുടേത്. പരസ്പരം മനസിലാക്കാനും പറയുന്നത് കൃത്യമായി മനസിലാക്കാനും ഞങ്ങള്‍ക്ക് കഴിയും. അങ്ങനെ ട്രാന്‍സ്‌ജെന്റേഴ്‌സില്‍ വിദ്യാഭ്യാസമുള്ള കൂട്ടര്‍ ഒരു ഗ്രൂപ്പായി മാറി. ഒരേ തൂവല്‍ പക്ഷികള്‍ എന്നപ്പോലെ ഞങ്ങള്‍ ഒന്നായപ്പോള്‍ ആ ഗ്രൂപ്പില്‍ നിന്നും ഉണ്ടായ ആശയമാണ് ജ്വാല ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പെന്നത്. ഞങ്ങളുടെ ജ്വാല കുടുംബശ്രീ ഗ്രൂപ്പ് തുടങ്ങിയിട്ട് അഞ്ചാറ് മാസങ്ങളായി. വിവിധ ഇവന്റുകള്‍ കോഡിനേറ്റ് ചെയ്ത് കഴിയുമ്പോള്‍ വിവിധ രംഗങ്ങളിലുള്ള ആളുകളുമായി ഞങ്ങള്‍ക്ക് പരിചയപ്പെടാന്‍ സാധിക്കും. നല്ലതരത്തിലെ വ്യക്തിബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കാനും കഴിയും. അത് ഞങ്ങളുടെ വ്യക്തിത്വ വികസനത്തിനും ഞങ്ങളുടെ സമൂഹത്തിന്റെ വികസനത്തിനും മുതല്‍ക്കൂട്ടാകുമെന്നും ടീം ജ്വാല പ്രതീക്ഷിക്കുന്നു.
നജീബില്‍ നിന്നും നാദിറയിലേക്ക് ചരിത്രം വഴിമാറിയപ്പോള്‍
Comments are closed.