കവിതയുടെ കൂട്ടുകാരി
കവിത മണക്കുന്ന വഴികളിലൂടെയാണ് ജ്യോതിബായ് പരിയാടത്തിന്റെ സ്‌നേഹ
സഞ്ചാരങ്ങള്‍. പ്ലാച്ചിമട സമരനായിക മയിലമ്മയെക്കുറിച്ചുള്ള മയിലമ്മ ഒരു ജീവിതം എന്ന ആത്മകഥാഖ്യാനം, പേശാമടന്ത, കൊടിച്ചി എന്നീ കവിതാസമാഹാരങ്ങള്‍ എന്നിവയ്ക്ക് പുറമെ ഈ പാലക്കാട്ടുകാരിയെ ഏറെ ശ്രദ്ധേയയാക്കിയത് കാവ്യം സുഗേയം ആണ്. ഇരുപതാംനൂറ്റാണ്ടിന്റെ മലയാള കവിതയെ ഈ കവിതാബ്ലോഗില്‍ ജ്യോതി ശ്രുതിമധുരമായി ചൊല്ലിവെയ്ക്കുന്നു. കാവ്യം സുഗേയം പത്തു വര്‍ഷം പിന്നിടുമ്പോള്‍ കവിതയോടുള്ള നിത്യപ്രണയത്തെക്കുറിച്ചും ബ്ലോഗിനെക്കുറിച്ചുമുളള ഓര്‍മ്മകള്‍ ജ്യോതി സി എന്‍ ശ്രീകലയുമായി പങ്കുവെയ്ക്കുന്നു.
കവിതാലഹരി ജീവിതത്തെ മാറ്റിയത് എങ്ങനെയാണ്?
ചെറുപ്പത്തിലേ കവിതയോട് വല്ലാത്ത ഒരിഷ്ടം ഉണ്ടായിരുന്നു. അങ്ങനെയാണ് കവിത ചൊല്ലിത്തുടങ്ങിയത്. പിന്നെയാണ് എഴുതാന്‍ തുടങ്ങിയത്. പിന്നീട് ബ്ലോഗ് തുടങ്ങിയതിന് ശേഷം കവിത ചൊല്ലലിലേക്ക് കൂടുതല്‍ ശ്രദ്ധിക്കുകയും ആഴത്തില്‍ കവിത പഠിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെ എഴുത്ത് കുറഞ്ഞു.
ജീവിതം മൊത്തം കാവ്യമയമാവുന്ന ഒരനുഭവം ഉണ്ടായി. ആ രീതിയിലാണ് കവിത ജീവിതത്തെ മാറ്റുന്നത്. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നതും ഇപ്പോള്‍ ഈ ബ്ലോഗിന് വേണ്ടി തന്നെയാണ്.
കവിതകളെ ഇഷ്ടപ്പെടുന്നവര്‍ക്കായി ഒരുക്കിയ കാവ്യം സുഗേയം ബ്ലോഗ് പത്ത് വര്‍ഷം പിന്നിടുമ്പോള്‍ ആസ്വാദകരുടെ പ്രോത്സാഹനവും പിന്തുണയും എത്രത്തോളമുണ്ട്?
കവിത കേള്‍ക്കുന്നവരുടെ കത്തുകളും മെയിലുകളും കിട്ടാറുണ്ട്. നല്ലതും മോശവുമായ അഭിപ്രായങ്ങള്‍ വരാറുണ്ട്. നല്ല അഭിപ്രായങ്ങളില്‍ സന്തോഷം തോന്നും. എന്നാല്‍ ഒരുപാട് അഭിരമിക്കാറില്ല. സര്‍ഗാത്മകമായ നിര്‍ദേശങ്ങള്‍ സ്വീകരിക്കാറുണ്ട്.
മോശം എന്നു പറയുകയാണെങ്കില്‍ എന്തു കൊണ്ട് മോശം അതിനെ എങ്ങനെ നന്നാക്കാം എന്നുള്ള നല്ല നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാറുണ്ട്. ചിലര്‍ അവരുടെ ജീവിതത്തില്‍ ഈ ബ്ലോഗിന്റെ ഇടപെടലിനെക്കുറിച്ചൊക്കെ എഴുതാറുണ്ട്. അതൊക്കെ ഏതു വലിയ അംഗീകാരത്തേക്കാളും സന്തോഷം തരുന്നവയാണ്.
കവിതയുടെ ആത്മാവറിഞ്ഞാണ് ആലാപനം. ആലാപനത്തിനായി ഒരു കവിത തിരഞ്ഞെടുക്കുമ്പോള്‍ എത്രമാത്രം പഠനം നടത്തുന്നുണ്ട്?
പഠിച്ചിട്ടു തന്നെയാണ് കവിത ആലാപനത്തിനായി തിരഞ്ഞെടുക്കുന്നത്. ഒരു കവി എന്നാണ് ആദ്യം മനസ്സില്‍ വരുന്നത്. അതില്‍ ഏറ്റവും നല്ല കവിത ഏതാണ് എന്നുള്ള തിരച്ചിലാണ് പിന്നീട്. അതിന് വേണ്ടി മലയാളം അധ്യാപകരുടെയും എഴുത്തുകാരുടെയും ഒക്കെ സഹായം തേടാറുണ്ട്. അതിന് ശേഷമാണ് കവിത തേടിപ്പിടിക്കുന്നത്.
കവിത വായിക്കുമ്പോള്‍ തോന്നുന്ന സംശയങ്ങള്‍ അറിവുള്ളവരോട് ചോദിച്ച് ആഴത്തില്‍ പഠിച്ചാണ് ഭാവമറിഞ്ഞ് ചൊല്ലുന്നത്. കവിത ചൊല്ലുന്ന സമയത്ത് സ്വാഭാവികമായ ഒരു താളം ഉരുത്തിരിയുകയാണ് പതിവ്. ശബ്ദവിന്യാസം ശ്രദ്ധിക്കും. അതില്‍ പ്രശ്‌നം തോന്നുകയാണെങ്കില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചൊല്ലി നോക്കും. വലിയ കവിതകളൊക്കെ പല തവണ ചൊല്ലിനോക്കിയതിന് ശേഷമാണ് ഒരു വിധം തൃപ്തിയുള്ള ഒരു താളത്തിലേക്ക് കൊണ്ടു വരുന്നത്.
മലയാള കവിതയുടെ ചരിത്ര വഴികളിലൂടെ യാത്ര ചെയ്യുമ്പോള്‍ അതിശയം തോന്നിയ എന്തെങ്കിലും അനുഭവം?
വളരെ അതിശയം തോന്നിയിട്ടുണ്ട്. രാമചരിതത്തിലെ വരികളൊക്കെ വായിക്കുമ്പോള്‍ തിരു നിഴല്‍മാല, കണ്ണശ്ശ രമായണം, ഉണ്ണിയച്ചി ചരിതം, ഉണ്ണിയാടി ചരിതം ഒെക്ക വിസ്മയിപ്പിച്ചിട്ടുണ്ട്. ഭാഷയിലൊക്ക വ്യത്യാസം വന്നിട്ടുണ്ടെങ്കിലും ആശയപരമായിട്ട് വളരെ മുമ്പു മുതല്‍ തന്നെ കവിത ഏറ്റവും ഉന്നതമായ ഒരു സ്ഥാനത്ത് നില്‍ക്കുന്നു എന്ന് തോന്നിയിട്ടുണ്ട്.
രാമചരിതത്തില്‍ സരസ്വതിദേവിയെ വര്‍ണ്ണിക്കാനായി ഇനിയ ചൊല്‍നായികേ എന്നാണ് ഉപയോഗിക്കുന്നത്. എത്രത്തോളം ദ്രാവിഡത്തനിമ നിറഞ്ഞ ഒരു വാക്കാണത്. വാക്കുകളുടെ വിന്യാസമൊക്കെ കാണുമ്പോള്‍ വളരെ അതിശയം തോന്നാറുണ്ട്.
കവിത എഴുത്തോ ആലാപനമോ കൂടുതല്‍ ആസ്വദിക്കുന്നത്?
രണ്ടും ആസ്വദിക്കുന്നുണ്ട്. രണ്ടും രണ്ട് രീതിയില്‍ സര്‍ഗാത്മകമാണ്. എഴുത്ത് സ്വന്തം സര്‍ഗാത്മകതയെ തൃപ്തിപ്പെടുത്തുന്നുണ്ട്. ഭാവാത്മകമായി ഒരു കവിത അറിഞ്ഞ് ചൊല്ലുമ്പോള്‍ അത് മറ്റൊരു തരം സര്‍ഗാത്മകമായ അനുഭവമായി മാറുന്നുണ്ട്.
മലയാള പാഠപുസ്തകങ്ങളിലെ കവിതകള്‍ ബ്ലോഗില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടല്ലോ, അധ്യാപകരും വിദ്യാര്‍ത്ഥികളും എന്തെങ്കിലും നിര്‍ദേശങ്ങള്‍ തരാറുണ്ടോ?
സ്‌കൂള്‍ പാഠഭാഗങ്ങളിലെ കവിതകള്‍ ഉള്‍പ്പെടുത്താനാവശ്യപ്പെട്ടത് ഒരു അധ്യാപകനാണ്്. പ്രതികരണം കൂടുതലും വിദ്യാര്‍ത്ഥികളുടെ ഭാഗത്തു നിന്നുമാണ് കിട്ടുന്നത്. ചില കവിതകള്‍ വേണമെന്ന് ആവശ്യപ്പെടാറുണ്ട്. പാഠഭാഗങ്ങളിലെ കവിതകള്‍ കേട്ട് സന്തോഷം അറിയിക്കാറുണ്ട്. എന്നാല്‍ അധ്യാപകരുടെ ഭാഗത്തു നിന്നും സര്‍ഗാത്മകമായ ഇടപെടലുകള്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അധികമുണ്ടാവാറില്ല.
പുതുതലമുറ കവിതകള്‍ ഇഷ്ടപ്പെടുന്നുണ്ടോ?
പുതു തലമുറയക്ക് കവിതകള്‍ ഇഷ്ടമാണ്.എളുപ്പത്തില്‍ കിട്ടുന്ന കാര്യങ്ങള്‍ അവര്‍ ഉപയോഗിക്കുന്നുണ്ട്. കാസറ്റ്് കവിതകളും ഇന്റര്‍നെറ്റില്‍ കിട്ടുന്ന കവിതകളൊക്കെയും അവര്‍ പഠിക്കുകയും മത്സരങ്ങളില്‍ ചൊല്ലുകയും ഒക്കെ ചെയ്യുന്നുണ്ട്. കവിത മനസ്സിലാക്കി കാര്യങ്ങള്‍ ഉള്‍ക്കൊള്ളണം എന്നുള്ള നിര്‍ദേശം അവര്‍ക്ക് കിട്ടുന്നില്ല. സമ്മാനം കിട്ടുന്നതിന്റെ പുറകേ പോവുന്ന ഒരു പ്രവണതയാണ് കാണുന്നത്. ശരിയായതേതാണ് എന്ന ഒരു മാര്‍ഗനിര്‍ദേശം പലപ്പോഴും അവര്‍ക്ക് കിട്ടുന്നില്ല.
മാറുന്ന ലോകത്ത് ശ്രദ്ധേയരായ കവികള്‍ ഉണ്ടാകുന്നില്ലേ?
പണ്ടത്തെ പോലെ വലിയ വലിയ കവിതകളുടെ കാലം കഴിഞ്ഞു. ഖണ്ഢകാവ്യങ്ങള്‍ പോലും ഇപ്പോള്‍ എഴുതപ്പെടുന്നില്ല. ക്യാപ്‌സൂള്‍, ഹൈക്കു, ഒറ്റവരി കവിതകളിലേക്കും ഒക്കെയാണ് പോവുന്നത്. ധ്വന്യാത്മകത കൂടുതലുള്ള കവിതകള്‍ വരുന്നുണ്ട്.
മനസ്സില്‍ അവ നില്‍ക്കാത്തതിന് കാരണം അതിന് ഒരു താള നിബദ്ധതയോ വൃത്തനിബദ്ധതയോ ഒന്നുമില്ലാത്തോണ്ടായിരിക്കും. ചൊല്ലാനുള്ള ബുദ്ധിമുട്ട് കാരണമാവാം അവ മനപാഠമാക്കാന്‍ പറ്റാത്തത്. അതുകൊണ്ട് അവയില്‍ നല്ലതില്ല എന്നില്ല.
എപ്പോഴും മൂളുന്ന വരികള്‍?
എപ്പോഴും മനസ്സിലുള്ള വരികള്‍ എഴുത്തച്ഛന്റേത് തന്നെയാണ്. രാമായണത്തിന്റെ ഭക്തിപരമായ പ്രസക്തി മാറ്റി നിര്‍ത്തുന്നു. ചൊല്ലാന്‍ സുഖം സുന്ദര കാണ്ഡത്തിലെ വരികളാണ്
” സകലശുകകുലവിമലതിലകിതകളേബരേ
സാരസ്യപീയൂഷസാരസര്‍വ്വസ്വമേ
കഥയമമ കഥയമമ കഥകളതിസാദരം
കാകുല്‍സ്ഥലീലകള്‍ കേട്ടാല്‍ മതിവരാ”
ഊര്‍ജ്ജം പകരുന്ന കൃതി ഏതാണ്?
പ്രത്യേകിച്ചെടുത്ത് പറയാന്‍ ബുദ്ധിമുട്ടാണ്. വൈലോപ്പിള്ളി, ആശാന്‍, വള്ളത്തോള്‍, ഉളളൂര്‍ ഒക്കെ ഒരുപാട് പ്രചോദനമായിട്ടുണ്ട്.
സ്വപ്‌ന പദ്ധതികള്‍ എന്തെങ്കിലും..
സ്വപ്നങ്ങളൊക്കെ ബ്ലോഗിനെ ചുറ്റിപറ്റിയാണ്. വായിച്ച നല്ല കവിതകള്‍ മുഴുവനായിട്ടും മറ്റുള്ളവരിലേക്ക് എത്തിക്കണമെന്നാഗ്രഹമുണ്ട്. അതിന് ഒരു ജന്മം മതിയാവില്ല എന്ന ഒരു സങ്കടം മാത്രേയുള്ളൂ. വായിച്ച് വളര്‍ന്ന ഒരു തലമുറയെയല്ല, വായിച്ച് വളരേണ്ട ഒരു തലമുറയെ ലക്ഷ്യമാക്കിയാണ് ഈ ബ്ലോഗ്. അവരിലേക്ക് എത്തിക്കാന്‍ പറ്റുന്നത്രയും. പിന്നീട് ആരെങ്കിലും ഇത് തുടരുമായിരിക്കും. എന്നൊരു വിശ്വാസം
കവിത കഴിഞ്ഞാലുള്ള ഇഷ്ടങ്ങള്‍ എന്തൊക്കെ?
വായന തന്നെയാണ സംശയമില്ല. ജീവിതത്തില്‍ ഇപ്പോള്‍ ഒരുപാട് ഇടപെടുന്ന ഒരാള്‍ മകന്റെ മകള്‍ അവനിയാണ്. പലതും ചെയ്യുന്നത് അവള്‍ക്ക് വേണ്ടി കൂടിയാണ് എന്ന തോന്നലുണ്ടിപ്പോള്‍. എന്നാലും കവിത കഴിഞ്ഞ് എന്താണ് ഇഷ്ടമെന്ന് ചോദിക്കുമ്പോള്‍ തമാശക്കെങ്കിലും കെ.ജി.എസിന്റെ കവിത ഓര്‍മ്മ വരുന്നുണ്ട്. ‘ആരെയാണ് ഇഷ്ടം… എന്നെ… അത് കഴിഞ്ഞാല്‍ അത് കഴിയുന്നേയില്ലല്ലോ… അതു പോലെ കവിതയോടുള്ള ഇഷ്ടം കഴിയുന്നേ ഇല്ല.
(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)
Comments are closed.