കാച്ചില് രവീന്ദ്രന്, ടെറസിലെ കൃഷി വിപ്ലവ നായകന്
വിഷം തൊടാത്ത മണ്ണും കൃഷിയും കാര്ഷികോല്പന്നങ്ങളും ഏതൊരു കേരളീയന്റേയും സ്വപ്നമാണ്. ചെറിയ സ്ഥലത്ത് ഭക്ഷ്യ വിളകളും നാണ്യ വിളകളും മികവുറ്റ രീതിയില്‍ വിളയിക്കുന്ന ധാരാളം പേരുണ്ട് നമുക്കു ചുറ്റിലും. എങ്കില്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തനാണ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ 2011-ല്‍ ഇടം നേടിയ തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം സ്വദേശി ആര്.രവീന്ദ്രന്. ഇരുനൂറ്റി എഴുപത്തിയഞ്ചു കിലോഗ്രാം ഭാരമുള്ള കാച്ചില് ഉത്പാദിപ്പിച്ചതിനാണ് ബഹുമതി നേടിയത്. വീടിനു ചുറ്റുമുള്ള ഒരിഞ്ചു സ്ഥലം പോലും വെറുതേയിടുന്നില്ല അദ്ദേഹം. എന്നുമാത്രമല്ല, വേറിട്ട മട്ടുപ്പാവ് കൃഷിയാണ് നമുക്കിവിടെ കാണാന്‍ കഴിയുക. മഴക്കാലത്ത് കൃഷി ചെയ്യാന്‍ പറ്റില്ല എന്ന് പറയുന്നവര്‍ക്കുള്ള ഉത്തരമാണ് ഇദ്ദേഹം. ഈ കൃഷി വിപ്ലവ നായകന് ആത്മയുടെ കീഴില്‍ നിരവധി ആളുകള്‍ക്ക് സൗജന്യമായി വീട്ടില്‍ വെച്ച് ക്ലാസ്സുകള്‍ എടുക്കുകയും ചെയ്യുന്നുണ്ട്. മഴക്കാലം കൃഷിയെ വളരാന്‍ അനുവദിക്കും എന്ന് ഉറച്ച് വിശ്വസിക്കുന്ന ഇദ്ദേഹം ഏതു കാലാവസ്ഥയിലും നന്നായി കൃഷി ചെയ്യാം എന്നതിന്റെ മറുപടിയാണ് നല്‍കുന്നത്. വളരെ ഭംഗിയാക്കി വെച്ചിരിക്കുന്ന ടെറസും അടുക്കും ചിട്ടയുമുള്ള കൃഷിരീതിയും അദ്ദേഹത്തിനെ തൊണ്ണൂറ്റി ഏഴോളം അവാര്‍ഡുകള്‍ക്ക് അര്‍ഹനാക്കിയിട്ടുണ്ട്. അദ്ദേഹം അലീഷ ഖാനുമായി സംസാരിക്കുന്നു.
ഈ കാച്ചില് രവീന്ദ്രന് എന്ന പേര് എങ്ങനെ ലഭിച്ചു. ഈ പേര് വിളിക്കുമ്പോള്‍ അതില്‍ ബുദ്ധിമുട്ടൊന്നും തോന്നാറില്ലേ?
(ചിരിച്ചുകൊണ്ട്) ആ വിളി കേള്‍ക്കുമ്പോള്‍ ഭയങ്കര സന്തോഷമാണ് തോന്നാറുള്ളത്. 10 പത്ത് വര്‍ഷം ഗള്‍ഫില്‍ ജോലി ചെയ്ത് തിരികെയെത്തി നാട്ടില്‍ അല്ലറ ചില്ലറ പണികള്‍ ചെയ്ത് നടന്നപ്പോള്‍ ബാറ്ററി രവി എന്നായിരുന്നു നാട്ടുകാര്‍ വിളിച്ച പേര്. എന്നാല്‍ കൃഷി ചെയ്ത് നേടിയ ബഹുമതിയുടെ പേരില്‍ എന്നെ അറിയപ്പെടുമ്പോള്‍ ഞാന്‍ അനുഭവിക്കുന്നത് വലിയ ഒരു ബഹുമാനം ആണ്. ഈ പേരില്‍ എന്നെ നാട്ടില്‍ അന്വേഷിച്ച് വിത്തുകള്‍ വാങ്ങാന്‍ പലരും എത്താറുണ്ട്. സന്തോഷപൂര്‍വം വിത്തുകള്‍ നല്കി വിടാറുമുണ്ട്. ഒപ്പം കൃഷി ഉപദേശങ്ങളും.
ചൂടും വെയിലൊക്കെ മാറി മഴയുടെ കുളിരിലാണ് കേരളം. മഴക്കാലത്ത് കൃഷി ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണെന്നു പറയുന്നതില്‍ എന്തെങ്കിലും വാസ്തവം ഉണ്ടോ? അനുഭവം എങ്ങനെയാണ്?
സാധാരണ കേരളീയര്‍ മഴയെ ആശ്രയിച്ചാണ് കൃഷി ചെയ്ത് വരുന്നത്. അതില്‍ നിന്നും മാറ്റം വരുത്തിയ രീതിയിലാണ് ഞാന്‍ ചെയ്ത് വരുന്നത്. ഈ സമയത്ത് കൃഷി ചെയ്യാന്‍ പറ്റില്ല എന്നും പറഞ്ഞു ഒഴിഞ്ഞുനില്ക്കേണ്ട കാര്യമില്ല. നല്ല വേനല്‍ സമയത്തും നമുക്ക് ഒന്നും പുതുതായി ചെയ്യാന്‍ പറ്റില്ല. എന്നാല്‍ അതിനുമുന്പേ ഇതിനൊക്കെയായുള്ള ഒരുക്കങ്ങള്‍ നമ്മള് നമ്മുടെ കൃഷിയില്‍ ചെയ്ത് വരണം. നമുക്കാവശ്യമുള്ള അറുപത് ശതമാനം ഭക്ഷ്യ ഉത്പാദനത്തിന് കാലാവസ്ഥയെ ആശ്രയിച്ചിരിക്കേണ്ട കാര്യമില്ല എന്നാണ് എന്റെ അഭിപ്രായം.
മഴക്കാലത്ത് ചെയ്യാന്‍ പറ്റാത്ത പച്ചക്കറി കൃഷി എന്ന് പറയുന്നത് പ്രധാനമായും ചീരയാണ്.ഇലപ്പുള്ളി രോഗം വരുന്നതാണ് ഇതിന്റെ കാരണം. ഇനി ബാക്കിയുള്ളതിന്റെ കാര്യമാണെങ്കില്‍ മഴയ്ക്ക് മുന്‍പുള്ള പത്തോ ഇരുപതോ ദിവസത്തിനുള്ളില്‍ വിത്തിട്ട് പാകപ്പെടുത്തി വെക്കുകയാണെങ്കില്‍ മഴ വളരെ നല്ലതാണ്.
നമ്മള് നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നാണ് കാലം തെറ്റി പെയ്യുന്ന മഴ.അങ്ങനെ എങ്കില്‍ ഈ രീതിയില്‍ വിത്തുകളെ എങ്ങനെ പാകപ്പെടുത്തും?
കാലവര്‍ഷം അല്ലെങ്കില്‍ പെയ്യാന്‍ പോവുന്ന മഴയെ മുന്‍കൂട്ടി മനസ്സില്‍ കണ്ട് വിത്തിടുക. കൃഷിയെ സ്നേഹിച്ചു തുടങ്ങുമ്പോള്‍ ഇതൊക്കെ നമുക്ക് താനേ അറിയാന്‍ പറ്റും. പ്രകൃതി നമുക്കുവേണ്ടി കനിയാന്‍ തുടങ്ങും.അതിനുള്ള ഉത്തരമാണ് എന്റെ കൃഷിയും നിലനില്‍പ്പും. പഴവര്‍ഗം, കിഴങ്ങുകള്‍, പച്ചക്കറിയൊക്കെ കൃഷി ചെയ്യാന്‍ വളരെ നല്ലതാണ് മഴക്കാലം. നല്ല കാറ്റ് വീശും ഈ സമയങ്ങളില്‍. കഴിഞ്ഞ ദിവസം കാറ്റില്‍ ആടിയുലയുന്ന നനകിഴങ്ങ് തീര്‍ന്നു എന്നാണ് ഞാന്‍ ഓര്‍ത്തത്. എന്നാല്‍ മഴയ്ക്ക് ശേഷം ഒരു താങ്ങൊക്കെ കൊടുത്തു സ്നേഹിച്ചപ്പോള്‍ അത് ഉഷാറായി. അത്രയേ ഉള്ളൂ, എല്ലാം. ഒന്നും ചെയ്യാന്‍ പറ്റില്ല എന്നും പറഞ്ഞു വിഷമിച്ചിരിക്കുന്നത് ശരിയല്ല.
ഈ സമയത്ത് നമുക്ക് ഒരുപാട് മഴവെള്ളം ശേഖരിക്കാം. എന്റെ പുരയിടത്തെ ഒരു തുള്ളി വെള്ളം പോലും ഞാന്‍ പുറത്ത് വിടില്ല. കാലാവസ്ഥ അനുകൂലമോ പ്രതികൂലമോ എന്ന് നോക്കാതെ മനസ്സറിഞ്ഞു ചെയ്യുക. വെള്ളം അധികം ആവശ്യമില്ലാത്ത ചേന, ചേമ്പ് ഒക്കെ വേനല്‍ കാലത്ത് കൂടുതല്‍ കൃഷി ചെയ്യുക. കൃഷിയെ മനസ്സിലാക്കി കഴിഞ്ഞാല്‍ പിന്നെ വേറൊന്നും പേടിക്കാനില്ല. വാഴകളൊക്കെ നന്നായി കായ്ക്കും. മുന്‍കൂട്ടി കാണുക, അറിയുക എന്നതാണ് പ്രധാനം. വാണിജ്യ അടിസ്ഥാനത്തില്‍ ചെയ്യുന്നവര്‍ക്ക് ഇത് പലപ്പോഴും പ്രശ്നമാവുമെങ്കിലും അതിനുള്ള പരിഹാരങ്ങള്‍ നേരത്തെ കണ്ടുവെയ്ക്കുക എന്നതാണ് അതിന്റെ ശരിയായ രീതി.
മഴക്കാല കൃഷി, വേനല്‍ക്കാല കൃഷി എന്നിങ്ങനെയൊന്നും വേര്‍തിരിവില്ല എന്നാണോ പറഞ്ഞുവരുന്നത്?
അങ്ങനെയൊരു വേര്‍തിരിവില്ല.എന്റെ അനുഭവത്തില്‍ ഇതുവരെ അങ്ങനെയൊന്ന് ഉണ്ടായിട്ടുമില്ല. ഉദാഹരണമായി കുംഭ മാസ ചൂടില്‍ കിഴങ്ങുവര്ഗങ്ങളായ കാച്ചില്, നനകിഴങ്ങ് ഒക്കെ കൃഷി ചെയ്യാം. എന്തായിരുന്നാലും ശരി എത്ര ചൂടാണെങ്കിലും കുറച്ചെങ്കിലും മഴ പെയ്യാതിരിക്കില്ല. ഒരു പഴഞ്ചൊല്ല് വരെയുണ്ട്, കുംഭത്തില്‍ മഴപെയ്താല്‍ കുപ്പയിലും മാണിക്യം. ആ പെയ്യുന്ന മഴയില്‍ വിത്തുകള്‍ പൊട്ടിയിരിക്കുo. പിന്നെ ഒരു മാസത്തേക്ക് മഴ പെയ്തില്ലെങ്കിലും കുഴപ്പം വരുന്നില്ല.അത് കൂടുതല്‍ ഉപയോഗപ്രദമാണ് ആവുക.
പച്ചക്കറിയെ സംബന്ധിച്ച് നല്ല മഴ സമയത്ത് വിത്ത് കുഴിച്ചിടാന്‍ പറ്റില്ല. അതുകൊണ്ട് ഇടവപ്പാതി മഴ വരുന്നതിനു മുന്‍പ് മുളപ്പിച്ചു നിര്‍ത്തുക എന്നതാണ് നമ്മള് ചെയ്യേണ്ടത്. ഇതില്‍ നിന്നും നല്ല രീതിയില്‍ എനിക്ക് ആദായം ലഭിക്കുന്നുണ്ട്. ഉദാഹരണത്തിന് ഇഞ്ചി, കസ്തൂരി മഞ്ഞള്‍, ചീരയൊക്കെ തളിര്‍ത്തിട്ടുണ്ട് ഇവിടെ. ഇതൊക്കെ ഞാന്‍ നേരത്തെ മുന്‍കൂട്ടി ചെയ്തതുകൊണ്ടാണ് ഇത്തരത്തില്‍ ആദായം ലഭിക്കുന്നത്. ഒരുപാട് പേര്‍ക്ക് ഞാന്‍ ഇതൊക്കെ വിതരണം ചെയ്യുന്നുണ്ട്.കാലാവസ്ഥയെ ആശ്രയിക്കാതെയാണ് ഞാന്‍ ഇതൊക്കെ ചെയ്യുന്നത്.
ഇതിനൊക്കെ പുറമേയല്ലേ, നെല്ലും ടെറസ് പരിപാലനവും. മഴക്കാലവും നെല്‍ കൃഷിയും നമുക്കെങ്ങനെ ഒരുമിച്ച് നന്നായി മുന്നോട്ട് കൊണ്ടുപോവാo?
മഴക്കാലത്ത് ചെയ്യാന്‍ പറ്റുന്ന ഏറ്റവും നല്ല കൃഷിയാണ് നെല്ല്. ഈ സമയമാണ് നെല്ല് ഞാറായി മാറുന്നത്. ചെടിച്ചട്ടിയില്‍ വിത്തായി ഞാന്‍ ഇടാറില്ല. വേറെ പാകിയിട്ട് ഞാറാവുമ്പോളാണ് ഇളക്കി ഞാന്‍ ചെടിച്ചട്ടിയിലേക്ക് മാറ്റുന്നത്. പതിനഞ്ചു ദിവസം കൊണ്ട് ഇത് ചെയ്യാന്‍ പറ്റും. വയലില്‍ ആണെങ്കില്‍ മുപ്പത് ദിവസത്തോളം എടുക്കും.
രണ്ടാഴ്ചയ്ക്ക് മുന്‍പ് കണ്ട പച്ചപ്പല്ല ഇപ്പൊ ഇവിടെ. അതിലും ഒരുപാട് ഭംഗി ആയിരിക്കുന്നു. മനസിന് ഭയങ്കര ആനന്ദമാണ് ഇതൊക്കെ കാണുമ്പോള്‍. പാവല്‍, പടവല്‍, കത്തിരിക്ക എല്ലാം ചുറ്റും നിന്ന് സ്വാഗതം ചെയ്യുകയാണ്.
ഇടവപാതിയില്‍ വയലില്‍ ഇറങ്ങുന്നതും മഴ നനയുന്നതും ചെളിയില്‍ കളിക്കുന്നതുമൊക്കെ ഓര്‍മയില്‍ വരുന്നു.അങ്ങനത്തെ ഭാഗ്യം കുട്ടികള്‍ക്ക് ഇപ്പൊ കിട്ടുന്നുണ്ട് എന്ന് തോന്നുന്നില്ല. അന്ന് മുതല്‍ ഇന്നുവരെ എന്റെ കൃഷിക്ക് നഷ്ടമില്ല. വിത്തുകള്‍ ഞാന്‍ വില്‍ക്കാറുണ്ട്.
സൗജന്യമായി എടുക്കുന്ന കൃഷി ക്ലാസ്സുകളില്‍ ഏത് മേഖലയിലുള്ള ആളുകളാണ് ധാരാളമായി എത്തുന്നത്?
ഈ മഴക്കാലത്തും കൃഷി ക്ലാസ്സുകള്‍ നടത്തുന്നുണ്ട്.എനിക്ക് തോന്നുന്നത് ക്ലാസ്സുകള്‍ എടുക്കാനും കാണിച്ചു കൊടുക്കാനൊക്കെ പറ്റിയ സമയം ഇതാണെന്ന്. 2016-ല്‍ തുടങ്ങിയ ആത്മയുടെ കീഴിലുള്ള സ്കൂളില്‍ പല ജില്ലകളില്‍ നിന്നും ആളുകള്‍ എത്താറുണ്ട്. കുട്ടികള്‍, ജോലിയില്‍ നിന്നും വിരമിച്ചവര്‍ എന്നിവരാണ് പ്രധാനമായും വരുന്നത്. ആളുകള്‍ കൂടുതല്‍ കൃഷി ചെയ്തു തുടങ്ങിയിരിക്കുന്നു എന്നതാണ് എനിക്ക് പറയാനുള്ളത്. ഒരുപാട് മാറ്റങ്ങള്‍ ഇന്നത്തെ തലമുറയ്ക്ക് വന്ന് തുടങ്ങിയിട്ടുണ്ട്.
ഇവിടെ ക്ലാസ്സില്‍ ഓരോ ബാച്ചിലും ഒത്തിരി ആളുകള്‍ എത്താറുണ്ട്. ആദ്യത്തെ ദിവസം മണ്ണ് തരപ്പെടുത്തുന്നതിനെ കുറിച്ചു പറഞ്ഞു കൊടുക്കും. രാസവള പ്രയോഗങ്ങള്‍ ഇല്ല. ശനിയാഴ്ച തോറും ക്ലാസ്സുകള്‍ എടുത്ത് അവര്‍ക്ക് പരീക്ഷിക്കാനുള്ള സമയം കൊടുക്കും. ഞാന്‍ സ്വയം ഉണ്ടാക്കി എടുത്ത ഹൃദയാമൃതം എന്ന വളമുണ്ട്. അതിന്റെ പ്രാധാന്യം പറഞ്ഞു കൊടുക്കും. ഒപ്പം മനുഷ്യന്റെ മുടി ഉപയോഗിച്ച് വെര്‍മി കമ്പോസ്റ്റ് ഉണ്ടാക്കി. അത് കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. മൂന്നാമത്തെ ക്ലാസ്സില്‍ വള പ്രയോഗം, പ്രാണികളെ എങ്ങനെ അകറ്റി നിര്‍ത്താം എന്നൊക്കെ പറഞ്ഞു കൊടുക്കും. എല്ലാം സ്വായത്തമാക്കി എന്നെക്കാളും നന്നായി അവരൊക്കെ കൃഷി ചെയ്ത് കാണുമ്പോള്‍ വല്ലാത്ത ആനന്ദമാണ് മനസ്സിന്. ഇപ്പൊ ഏഴു ബാച്ച് കഴിഞ്ഞു. എട്ടാമത്തിന്റെ രജിസ്ട്രേഷന് പൂര്‍ത്തി ആയി. സത്യത്തില്‍ കൃഷിയെ കുറിച്ച് പഠിക്കാനും അറിയാനും ഉള്ള ആഗ്രഹം എന്തെന്നില്ലാതെ വര്‍ധിച്ചിട്ടുണ്ട് എല്ലാവര്ക്കും.
കൃഷി വിപ്ലവം നന്നായിട്ട് മുന്നോട്ട് പോവുമ്പോള്‍ സമൂഹത്തിനോട് ഞാന്‍ ചെയ്യേണ്ടത് ചെയ്യുന്നുണ്ട് എന്ന തോന്നല്‍ മനസ്സിന് ഒരുപാട് ശക്തി പകരുന്നുണ്ടെന്നു ഞാന്‍ പറഞ്ഞാല്‍ എത്രത്തോളം സത്യമായിരിക്കും?
ഒരു മനുഷ്യന് ജീവിച്ചിരിക്കുമ്പോള്‍ നാടിനും ലോകത്തിനും എന്തെങ്കിലും ചെയ്യാന്‍ പറ്റുമെങ്കില്‍ ചെയ്യുക എന്നുള്ള ലക്ഷ്യത്തോട് കൂടിയാണ് ഞാന്‍ ഇത്തരത്തില്‍ ചെയ്യുന്നത്. അതില്‍ എനിക്ക് ചെയ്യാന്‍ പറ്റുന്നത് ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്നതാണ്.ഇനിയുള്ള തലമുറയെങ്കിലും വിഷമില്ലാത്ത ഭക്ഷണം കഴിക്കുകയും ക്യാന്‍സര്‍ പോലുള്ള മാരകമായ രോഗങ്ങള്‍ വരാതെയും ഇരിക്കാന്‍ വേണ്ടിയുള്ള സമ്പ്രദായമാണ് ഞാന്‍ ചെയ്ത് വരുന്നത്. എന്നെ സഹായിക്കാനായി രവീന്ദ്രന് സര് വരാറുണ്ട്. ക്ലാസ്സുകള്‍ക്ക് ഒരിക്കലും ഞാന്‍ പൈസ വാങ്ങാറില്ല. ഏറ്റവും നല്ല സ്കൂള്‍ എന്ന ബഹുമതി കിട്ടി എന്ന് മാത്രമല്ല, ഇതിനെ അനുബന്ധിച്ചു പുസ്തകവും ഇറങ്ങിയിട്ടുണ്ട്. എല്ലാം ദൈവ അനുഗ്രഹം എന്നാണ് പറയാന്‍ ആഗ്രഹിക്കുന്നത്. ഒരു ടെന്‍ഷനും ഇല്ലാത്ത ജീവിതമാണ് എനിക്കിവിടെ. മഴയെന്നോ വെയിലൊന്നോ ഇല്ലാതെ നല്ല മനസുമായി കൃഷിയിലേക്ക് ഇറങ്ങാന്‍ തയ്യാറാവണം എന്നാണ് എനിക്ക് പറയാനുള്ളത്. നല്ല മനസിന്റെ ഉടമകളെ പ്രകൃതി കൈവിടില്ല എന്ന ഉറപ്പ് ഞാന്‍ നല്‍കാം.
(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)
Comments are closed.