കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കര പക്കിക്ക് കഥാഭാഷ്യം ചമച്ച കഥാകാരന് ഇവിടെയുണ്ട്; അവഗണനയുടെ മറവില്‍ സന്തോഷ് പ്രിയന്
ഇത്തിക്കര പക്കിയുടെ പ്രണയം, ജീവിതം ഇവയൊക്കെ കണ്ടും കേട്ടുമുള്ള അറിവുകളാണ് നമുക്കുള്ളത്. പക്ഷെ ആ അറിവുകള്‍ പലതും യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാത്തതായിരുന്നു. കേരളത്തെ ഒരു കാലത്ത് വിറപ്പിച്ച ഇത്തിക്കര പക്കിയുടെ വീര സാഹസികതകള്‍ക്ക് കഥാഭാഷ്യം ചമച്ചത് ഒരു മാദ്ധ്യമപ്രവര്‍ത്തകനാണ്, കൊല്ലത്തെ സന്തോഷ് പ്രിയന്. എന്നാല്‍ അദ്ദേഹത്തിന്റെ അനുമതി പോലും വാങ്ങാതെയാണ് കഥ കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിനായി എടുത്തത്. ഇന്ന് മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണി റിലീസ് ആകുമ്പോള്‍ സന്തോഷ് പ്രിയന് പറയും ആ അവഗണയുടെ കഥ. അനു തയ്യാറാക്കിയ അഭിമുഖം.
ഇത്തിക്കര പക്കിയുടെ കഥ കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തില്‍ തിരക്കഥയ്ക്ക് വേണ്ടി ഉപയോഗിച്ചു. എന്താണ് ഇതിനെ കുറിച്ച് പറയാനുള്ളത് ?
ഞാന്‍ മംഗളം ദിനപത്രത്തില്‍ ജോലി ചെയ്യുന്ന സമയത്താണ് ഇത്തിക്കര പക്കിയുടെ ഒരു ഫീച്ചര്‍ തയ്യാറാക്കാനായി പക്കിയുടെ നാട് തിരക്കി പോകുന്നത്. അവിടെ ഞാന്‍ കണ്ടത് മീരാ സാഹിബ് എന്ന പക്കിയുടെ അകന്ന ഒരു ബന്ധുവിനെയാണ്. അദ്ദേഹത്തിന് അന്ന് 85 വയസ്സോളം പ്രായം വരും. അദ്ദേഹമാണ് എന്നോട് ഇത്തിക്കര പക്കിയുടെ ജീവിതം പറയുന്നത്. പല തവണ അദ്ദേഹത്തെ പോയി കണ്ടാണ് ഞാന്‍ ഫീച്ചര്‍ തയ്യാറാക്കിയത്. അത് പ്രസിദ്ധീകരിച്ച് കഴിഞ്ഞ ശേഷമാണ് എന്നെ ബാലരമയില്‍ നിന്നും വിളിക്കുന്നത്. ഇത്തിക്കര പക്കിയുടെ അമര്‍ ചിത്രകഥ പ്രസിദ്ധീകരിക്കാന്‍ താല്പര്യമുണ്ട്. അത് ചെയ്യാമോ എന്ന് ചോദിച്ച്. ഞാന്‍ അത് സമ്മതിച്ചു. അങ്ങനെ മലയാളത്തില്‍ ഞാനാണ് ആദ്യമായി ഇത്തിക്കര പക്കിയുടെ കഥ പുസ്തക രൂപത്തില്‍ എഴുതുന്നത്. പക്ഷെ ഞാന്‍ അന്ന് എഴുതിയ ആ അമര്‍ കഥയില്‍ നിന്നാണ് കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ എഴുതിയ ബോബി-സഞ്ജയ് ഇത്തിക്കര പക്കിയുടെ കഥാതന്തു വികസിപ്പിച്ചതെന്ന് സിനിമാ മാദ്ധ്യമങ്ങളില്‍ നിന്നാണ് അറിയുന്നത്.
കായംകുളം കൊച്ചുണ്ണി സിനിമയുടെ തിരക്കഥാകൃത്തുക്കള്‍ വിളിച്ചിരുന്നില്ലേ?
ഇല്ല, എന്റെ കഥ ആസ്പദമാക്കിയാണ് സിനിമയിലെ ഇത്തിക്കര പക്കിയുടെ ഭാഗം എഴുതിയതെന്ന് അവര്‍ സിനിമാ വാരികകളില്‍ പറഞ്ഞിരുന്നു. ആ ഒരു അറിവ് മാത്രമേ എനിക്കുള്ളൂ. അല്ലാതെ അവരാരും എന്നെ വിളിക്കുകയോ, ഇത്തിക്കര പക്കിയുടെ കഥകളെ കുറിച്ച് എന്തെങ്കിലും ചോദിക്കുകയോ ഉണ്ടായിട്ടില്ല.
സംവിധായകന് റോഷന് ആന്‍ഡ്രൂസ്, നിര്‍മ്മാതാവ് ഗോകുലം ഗോപാലന് ഇവരുടെ ആരുടെയെങ്കിലും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നോ ഇക്കാര്യം?
റോഷന് ആന്ഡ്രൂസിനെയൊന്നും വിളിച്ചില്ല. പിന്നെ ഞാന്‍ കോണ്ടാക്ട് ചെയ്തത് നിര്‍മ്മാതാവ് ഗോകുലം ഗോപാലനെയാണ്. അദ്ദേഹം അതിന്റെ രേഖകള്‍ ഒക്കെ അയക്കാന്‍ എന്നോട് പറഞ്ഞു. ഞാന്‍ ബാലരമയില്‍ എഴുതിയ ചിത്രകഥയുടെയും അതിനു പേയ്മെന്റ് വാങ്ങിയതിന്റെയുമൊക്കെ രേഖകള്‍ ഞാന്‍ അദ്ദേഹത്തിന് അയച്ചു കൊടുത്തു. പക്ഷെ അത് ഇതുവരെ കിട്ടിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
ഇത്തിക്കര പക്കിയെ പറ്റി കേട്ട അറിവുകള്‍ മാത്രമേ ഇപ്പൊ ഉള്ളൂ. അതില്‍ കൂടുതല്‍ എന്തെങ്കിലും അദ്ദേഹത്തിന്റെ ബന്ധുക്കളില്‍ നിന്നും അറിയാന്‍ കഴിഞ്ഞിട്ടുണ്ടോ?
സത്യത്തില്‍ ഇത്തിക്കര പക്കിയുടെ പേര് മുഹമ്മദ് അബ്ദു ഖാദര്‍ എന്നാണ്. അദ്ദേഹം നാട്ടുകാരെ ദ്രോഹിച്ച ഒരു വ്യക്തിയൊന്നും ആയിരുന്നില്ല. അദ്ദേഹത്തിന് ഒരു പ്രണയം പോലുമുണ്ടായിരുന്നു. അക്കാലത്ത് ജന്മിത്തം നിലനിന്നിരുന്നു. അടിമയെ പോലെ കീഴാളന്മരെക്കൊണ്ട് പണി ചെയ്യിപ്പിക്കുകയും കൂലി നല്‍കുകയും ചെയ്യാത്ത ജന്മിമാരില് നിന്നും കൊള്ളയടിച്ച് ആ പണം സാധുക്കള്‍ക്ക് നല്കുന്ന ഒരാളായിരുന്നു ഇത്തിക്കര പക്കിയും. കായംകുളം കൊച്ചുണ്ണിയെ പോലെ തന്നെ. ഒരിക്കല്‍ തിരുവനന്തപുരത്ത് നിന്ന് മടങ്ങിവരുന്ന കൊച്ചുണ്ണിയെ പക്കി തടഞ്ഞു നിര്‍ത്തി കൊള്ളയടിക്കാന്‍ ശ്രമിച്ചു. പിന്നെ യുദ്ധമായി. അതില്‍ ഇരുവരും ഒരേ പോലെ ബലവാന്മാരാണെന്ന് കാണുകയും സുഹൃത്തുക്കളാകുകയുമായിരുന്നു.
ഇത്തിക്കര പക്കിക്ക് ഒരു പ്രണയമുണ്ടായിരുന്നുവെന്ന് പറഞ്ഞല്ലോ അതിനെ പറ്റി
അതുപോലെ തന്നെ ഇത്തിക്കര പക്കിക്ക് ഒരു പ്രണയമുണ്ടായിരുന്നു. അത് കൊല്ലത്തിനടുത്ത് നീരാവില്‍ എന്നു പറയുന്ന സ്ഥലത്ത് ഒരിക്കല്‍ പക്കിയും കൂട്ടുകാരും കൊള്ളയടിക്കാന്‍ പോയി. അവിടെ തോട്ടക്കാവല്ക്കാര് പക്കിയെ പിടിക്കുകയും കെട്ടിയിടുകയും ചെയ്തു. പക്ഷെ അവര്‍ ഈ വിവരം ജന്മിയെ അറിയിക്കാന്‍ പോയ സമയത്താ് സമീപത്തെ ഖദീജ എന്ന യുവതി വന്ന് പക്കിയുടെ കെട്ടഴിച്ച് രക്ഷപ്പെടുത്തി. അന്നുമുതലാണ് ആ യുവതിയുമായി അദ്ദേഹം പ്രണയത്തിലാകുന്നത്. വിവാഹം കഴിക്കാമെന്ന് വാക്ക് നല്‍കിയാണ് അന്ന് അദ്ദേഹം അവിടെ നിന്നും തിരികെ പോയത്. പിന്നീട് അദ്ദേഹം ഇടക്കിടയ്ക്ക് അവരെ കാണാന്‍ പോകുമായിരുന്നു. എന്നാല്‍ ഒരിക്കല്‍ ചെന്നപ്പോ അവരുടെ വിവാഹം കഴിഞ്ഞിരുന്നു. ഇത്തിക്കര പക്കി പിന്നെ വിവാഹം കഴിച്ചിട്ടില്ല. നാല്പത്തിയാറാമത്തെ വയസ്സില്‍ മരിക്കുന്നതുവരെ അദ്ദേഹം ഇക്കാര്യങ്ങളൊക്കെ സുഹൃത്തുക്കളോട് പറയുമായിരുന്നു. സിനിമയില്‍ ഇതൊക്കെ കാണുമോയെന്ന് അറിയില്ല.
അനുമതി വാങ്ങാന്‍ പോലും അവര്‍ തയ്യാറാകാതിരുന്ന അവസരത്തില്‍ സ്റ്റേ പോലെയുള്ള നിയമനടപടികള്‍ സ്വീകരിക്കാമായിരുന്നില്ലേ?
45 കോടി രൂപ ചെലവില്‍ ഒരു സിനിമ നിര്‍മ്മിക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ കൂടി നമ്മള് കണക്കിലെടുക്കേണ്ടതുണ്ടല്ലോ. പ്രളയം മൂലം ഒരിക്കല്‍ ഇതിന്റെ ചിത്രീകരണം മാറ്റിവച്ചിരുന്നു. ഇനി ഒരു നിയമനടപടികള്‍ക്ക് കൂടി പോയാല്‍ അത് നിര്‍മ്മാതാവിന് വളരെ ബുദ്ധിമുട്ടുണ്ടാക്കും. അതുകൊണ്ടാണ് ഞാന്‍ അത്തരം നടപടികള്‍ക്ക് മുന്നോട്ട് പോകാതിരുന്നത്. പിന്നെ സിനിമയില്‍ ഇത് ആദ്യ സംഭവമല്ലല്ലൊ. മാത്രമല്ല ഞാന്‍ എഴുതിയ കഥയുടെ പകര്‍പ്പവകാശം ആ മാദ്ധ്യമം എനിക്ക് തന്നിരുന്നില്ല.
പിന്നെ എന്തുകൊണ്ടാണ് ഇപ്പൊ തുറന്നു പറയാന്‍ കാരണം
ഇത് യാതൊരു അവകാശവാദത്തിനുമല്ല. ഗോകുലം ഗോപാലന് സാറിന്റെ മുന്നില്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം പരിഗണിക്കാം എന്ന് പറഞ്ഞു. അത് ഒരു പക്ഷെ സാമ്പത്തികം ഉദ്ദേശിച്ചാകാം അദ്ദേഹം പറഞ്ഞത്. പക്ഷെ ഞാന്‍ പറഞ്ഞത് ആ അര്‍ത്ഥത്തിലല്ല. ചിത്രത്തില്‍ അരമണിക്കൂറോളം ഇത്തിക്കര പക്കിയുടെ കഥ കാണിക്കുന്നുണ്ട്. അപ്പോള്‍ അംഗീകാരം നല്കിയില്ലെങ്കിലും തന്റെ പ്രവര്‍ത്തിയെ അംഗീകരിക്കുകയെങ്കിലും വേണം. ഇത് ഒരു അഭ്യര്‍ത്ഥനയാണ്.
(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)
Comments are closed.