ഹൈദരാബാദ് ബലാല്‍സംഗ-കൊലക്കേസ്‌ പ്രതികളുടെ വധം ശരിയോ തെറ്റോ? മലയാളികള്‍ പ്രതികരിക്കുന്നു

ഹൈദരാബാദില്‍ വനിത മൃഗ ഡോക്ടറെ ബലാല്‍സംഗം ചെയ്തശേഷം തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികള്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പ്രതികളെ പുലര്‍ച്ചെ തെളിവെടുപ്പിനായി കൊണ്ട് പോയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടാണ് ഏറ്റുമുട്ടല്‍ ഉണ്ടായത് എന്ന് പൊലീസ് പറയുന്നു. ഡോക്ടര്‍ കൊല്ലപ്പെട്ടപ്പോള്‍ ഏറെ പ്രതിഷേധം രാജ്യമെമ്പാടും ഉയര്‍ന്നിരുന്നു. പ്രതികള്‍ കൊല്ലപ്പെട്ടതിലും രാജ്യത്ത് രണ്ട് അഭിപ്രായം ഉയര്‍ന്നിരിക്കുന്നു. ഒരു വിഭാഗം പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചുവെന്ന് പറയുമ്പോള്‍ പൊലീസ് അല്ല ശിക്ഷ വിധിക്കുന്നതും നടപ്പിലാക്കുന്നതും എന്ന് മറ്റൊരു വിഭാഗവും പറയുന്നു. ഈ വിഷയത്തില്‍ മലയാളികള്‍ പ്രതികരിക്കുന്നു.

ekalawya.com

പരിഷ്‌കൃത സമൂഹത്തിന് ഏറ്റുമുട്ടല്‍ കൊലപാതകം അംഗീകരിക്കാന്‍ കഴിയില്ല

സാധാരണക്കാരെ പോലെ ഇത്തരം ക്രൂര കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ കിട്ടണമെന്ന് ഞാനും ആഗ്രഹിക്കുന്നുണ്ട്. പക്ഷെ നിയമവാഴ്ചയുള്ള ഒരു പരിഷ്‌കൃത ജനാധിപത്യ സമൂഹത്തിന് പോലീസിന്റെ ഏറ്റുമുട്ടല്‍ കൊലപാതങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. സാങ്കേതികമായി, ഈ ചൊല്ലപെട്ട നാലുപേരും കുറ്റാരോപിതര്‍ മാത്രമാണ്, കോടതി അവര്‍ കുറ്റക്കാരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇത് നമ്മുടെ പോലീസിന്റെയും നീതിന്യായ വ്യവസ്ഥയുടെയും പൂര്‍ണമായ പരാജയം മാത്രമാണ്. അത്തരം കുറ്റവാളികള്‍ക്ക് നിയമാനുസൃതമായ പ്രക്രിയയിലൂടെ കാലതാമസമില്ലാതെ കടുത്ത, മാതൃകാപരമായ ശിക്ഷ നല്‍കണം. അതില്‍ രാജ്യം നിരന്തരമായി പരാജപെടുന്നതുകൊണ്ടാണ് ജനങ്ങള്‍ പൊതുവെ ഇത്തരം നടപടികളെ ആഘോഷിക്കുന്നത്.

അമല്‍ ചന്ദ്ര
വിദ്യാര്‍ത്ഥി
തിരുവനന്തപുരം

ശരികേടുകള്‍ അന്വേഷിക്കരുത്

ചില ശരികളില്‍ ശരികേടുകള്‍ അന്വേഷിച്ചു പോകരുത്. റേപ്പ് ചെയ്യപ്പെട്ടു വെന്തുനീറി മരിച്ചതു വല്ലവന്റേയും മകളും സഹോദരിയുമൊക്കെയാകുമ്പോഴേ, നീതി, നിയമം എന്നിത്യാദി പരിചകള്‍ കൊണ്ട് പ്രതിരോധിക്കാന്‍ പറ്റൂ. സ്വന്തം കൂടപ്പിറപ്പുകള്‍ക്കു സംഭവിക്കുമ്പോഴേ ഇപ്പോള്‍ നടപ്പാക്കിയ ശരി മനസിലാക്കാന്‍ കഴിയൂ.

അനൂപ് കെഎം
നാടക പ്രവര്‍ത്തകന്‍
ആലുവ

ഇത് ഗോത്ര നീതിയുടെ കാലമല്ല

നാളെ ഭരണകൂടത്തിന് ഇഷ്ടമില്ലാത്തവരെ വകവരുത്താനുള്ള ഒരു മാതൃകയായി ഇത് മാറിയേക്കാം. ഇന്ത്യ നിയമ സംവീധാനം ഇല്ലാത്ത ഒരു ബാര്‍ബാറിക് സ്റ്റേറ്റ് ആയി മാറാന്‍ പാടില്ല. ഗോത്ര നീതിയുടെ കാലമല്ല. അപകടകരമായ ഒരു കീഴ് വഴക്കമാണ് ഇത്. നമ്മുടെ നാട്ടിലെ നിയമസംവിധാനങ്ങള്‍ വേഗത്തിലാവേണ്ടതുണ്ട്. ഇത്തരം ക്രൂരമായ പാതകങ്ങള്‍ക്ക് വിചാരണ അതിവേഗം നടത്തി ശിക്ഷിക്കുകയാണ് വേണ്ടത്. ഗൗരവമനുസരിച്ച് വധശിക്ഷ തന്നെ കൊടുക്കുകയും ചെയ്യണം.

എന്നാല്‍ കൂടി ഉന്നോവയിലെയും കത്വയിലെയും എന്തിനു നമ്മുടെ വാളയാറില്‍ പോലും കുഞ്ഞുങ്ങളെ വരെ ക്രൂരമായ റേപ്പ് നടത്തി കൊന്നവര്‍ ചിരിച്ചും കൊണ്ടു നടക്കുന്ന കാണുമ്പോള്‍ മഹാ ഭൂരിപക്ഷം വരുന്ന സാധാരണ ജനം ഹൈദരാബാദിലെ പോലീസ് നടപടിയില്‍ സന്തോഷിക്കുക സ്വാഭാവികമാണ്. അതിലവരെ തെറ്റുപറയാനാവില്ല. സ്വാഭാവികമായ ഒരു പ്രതികരണത്തിന് സാധാരണ ജനം മുഴുവന്‍ ജനാധിപത്യവിരുദ്ധരാണ് എന്ന് പരിഹസിക്കുന്നതൊക്കെ ചില ഇന്റലക്ച്വല്‍സ് എന്ന് കരുതുന്നവരുടെ ബൗധിക മേധാവിത്ത പ്രവണതയാണ്. ജനങ്ങളെ ആകെ അടച്ചാക്ഷേപിക്കാതെ തന്നെ ഇതിലെ അപകടം ജനങ്ങളോട് കമ്മ്യൂണിക്കേറ്റ് ചെയ്യാവുന്നതാണ്.

ശ്രുതി എസ് പങ്കജ്
തിരുവനന്തപുരം

ആ പോലീസ് ഓഫീസർ നടപ്പിലാക്കിയ വധ ശിക്ഷ ശരി

ഇന്ത്യൻ നീതി ന്യായ നിയമപ്രകാരം തെറ്റാണെങ്കിലും ആ നാലു പീഡനക്കേസ് കൊലയാളികളെ തീറ്റി പോറ്റി ചീർപ്പിച്ചു വളർത്തുന്നതിനേക്കാൾ നന്നായി ജനകീയ മനസാക്ഷി കോടതി വിധിപ്രകാരം ആ പോലീസ് ഓഫീസർ നടപ്പിലാക്കിയ വധ ശിക്ഷ വളരെ ശരിയാണെന്നു വിശ്വസിക്കുന്നു .

ബിജു ഉമ്മന്‍
ഷാര്‍ജ

പൊലീസ് ജഡ്ജിയാകരുത്

പൊലീസ് പൊലീസിന്റെ ജോലി ചെയ്യണം. ജഡ്ജി ആകരുത്. വിധിക്കുക, എക്‌സിക്യൂഷന്‍ എല്ലാം അതാത് ഡിപ്പാര്‍ട്ട്‌മെന്റ് ചെയ്യുകയെന്നതാണ് ജനാധിപത്യം. ഇത് ജനാധിപത്യത്തെ വലുതായി ബാധിക്കും. പൊതുജനം ഇടപെടുന്നത് വിഷയങ്ങളുടെ തീവ്രത എത്രത്തോളം വലുത് എന്ന ബോധ്യത്തോട് കൂടിയല്ല. ഇത് റേപ്പ് കേസാണെങ്കിലും പ്രതികള്‍ കുറ്റാരോപിതരാണ്. കൊലപ്പെടുത്തുക എന്നതിനും ഞാന്‍ എതിരാണ്.

കെ മിര്‍ഷാദ്
കോഴിക്കോട്

അവര്‍ ആ ശിക്ഷ അര്‍ഹിക്കുന്നു

നീതിക്കുവേണ്ടി ജുഡീഷ്യല്‍ സംവിധാനത്തെ കാത്തിരുന്നാല്‍ അത് വൈകും. ഈ കേസിലെ പ്രതികള്‍ ചെയ്തത് ഹീനമായ കുറ്റകൃത്യമാണ്. അതിനാല്‍ അവര്‍ ഈ ശിക്ഷ അര്‍ഹിക്കുന്നു. എന്നാല്‍ അതിനെ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ആഘോഷിക്കുന്നത് ശരിയല്ല.

ഗോപിക വി
തൃശൂര്‍

രണ്ടും ന്യായീകരിക്കാനാകില്ല

നിയമപരമായി തെറ്റാണ്. പ്രതികളെ വെടിവച്ച് കൊല്ലാന്‍ ആരാണ് പൊലീസിന് അധികാരം കൊടുത്തത്. ഏറ്റുമുട്ടല്‍ ആണെങ്കില്‍ പോലും കാല്‍മുട്ടിന് താഴെ മാത്രമേ വെടിവയ്ക്കാവൂ. വെടിവച്ച് കൊല്ലാനുള്ള അധികാരം ഇന്ത്യന്‍ ഭരണഘടന പൊലീസിന് കൊടുത്തിട്ടില്ല. രണ്ടും കൊലപാതകങ്ങളാണ് പൊലീസ് ചെയ്തതും പ്രതികള്‍ ചെയ്തുവെന്ന് ആരോപിക്കപ്പെടുന്നതും. രണ്ടും ന്യായീകരിക്കാന്‍ ആകില്ല.

കിരണ്‍ ദീപു
സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍
ചെന്നൈ

സമൂഹത്തിന്റെ കൈയടിക്കൊപ്പം നില്‍ക്കുന്നു

വ്യാജ ഏറ്റമുട്ടലിന് എതിരാണ്. പക്ഷേ നീതി നിരന്തരം നിഷേധിക്കപ്പെടുന്ന, നിരന്തരം അപമാനിക്കപ്പെടുന്ന സ്ത്രീ സമൂഹത്തിന്റെ കൈയ്യടിക്കൊപ്പം നിൽക്കാനേ മന സാക്ഷിക്ക് കഴിയുന്നുള്ളു. നിയമ വിരുദ്ധ പ്രവർത്തിക്ക് കൈയ്യടിക്കാനിട ഇനിയെങ്കിലും ഉണ്ടാവാതിരിക്കട്ടെ.

വിമല്‍ കൃഷ്ണന്‍
തിരുവനന്തപുരം

നീതി നടപ്പിലാക്കേണ്ടത് തെരുവിലല്ല

ഇതില്‍ രണ്ട് പ്രധാന കാര്യങ്ങളുണ്ട്. പൊലീസ് നടപ്പിലാക്കിയത് ജനവികാരം ആണെന്ന രീതിയില്‍ സംസാരമുണ്ട്. പക്ഷേ, നമുക്ക് നീതിന്യായ കോടതികളും ഭരണഘടനയുമുണ്ട്. കോടതിയില്‍ വിശ്വാസമുണ്ട്. അവിടെനിന്ന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് പകരം പൊലീസ് തന്നെ നീതി നടപ്പിലാക്കുന്നത് കാട്ടുനീതിക്ക് ഇടയാക്കും. മാത്രമല്ല പൊലീസ് പറയുന്ന വിശദീകരണവും തെറ്റാണ്. അറസ്റ്റ് ചെയ്ത് പ്രതികളെ തെളിവെടുപ്പിന് കൊണ്ട് പോയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ വെടിവച്ച് കൊന്നുവെന്നാണ്. അത് വിശ്വസനീയമായി തോന്നുന്നില്ല. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നയാളെ കാലില്‍ വെടിവച്ചാല്‍ മതി. രണ്ടാമത്തെ കാര്യം, നീതി നടപ്പിലാക്കേണ്ടത് തെരുവിലല്ല. കോടതികള്‍ തന്നെയാണ്.

പ്രേംശങ്കര്‍ സി
തിരുവനന്തപുരം

റേപ്പ് ആയാലും, എൻകൌണ്ടർ ആയാലും അംഗീകരിക്കാനാകില്ല

അന്നും ഇന്നും എന്നും നിലപാട് ഒന്നുതന്നെയാണ്… മറ്റൊരാളുടെ ശരീരത്തിന് നേരെയുള്ള അതിക്രമം, അത് റേപ്പ് ആയാലും, എൻകൌണ്ടർ ആയാലും, ആൾക്കൂട്ടക്കൊല ആയാലും. അംഗീകരിക്കാനാകില്ല… എല്ലാ മനുഷ്യർക്കും ജീവിക്കാൻ അവകാശമുണ്ട്.

ശാലിനി സരസ്വതി
എറണാകുളം

പ്രിവിലേജുള്ള പ്രതികള്‍ക്ക് മറ്റൊരു നീതി

വ്യാജ ഏറ്റുമുട്ടലിനെ ശക്തമായി എതിര്‍ക്കുന്നു. നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്നു. ഇതുപോലുള്ള കേസുകളില്‍ വിചാരണ വേഗത്തിലാക്കി പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കുകയാണ് വേണ്ടത്. പ്രിവിലേജുകള്‍ ഉള്ള പ്രതികളോട് പൊലീസ് എങ്ങനെയാണ് പെരുമാറുന്നത് എന്ന് ഉനാവോ അടക്കമുള്ള കേസുകളില്‍ കണ്ടതാണ്.

വാണി നാഥ് ജി എസ്
ബംഗളുരു

ഹൈദരാബാദ് ബലാല്‍സംഗ-കൊലക്കേസ്‌ പ്രതികളുടെ വധം ശരിയോ തെറ്റോ? മലയാളികള്‍ പ്രതികരിക്കുന്നു 1

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More