കേരളത്തിന്റെ ഭാവി സ്റ്റാര്‍ട്ട് അപ്പുകള്‍ തീരുമാനിക്കും: സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സി ഇ ഒ സജി ഗോപിനാഥ്

മനസ്സില്‍ തോന്നുന്ന ആശയങ്ങള്‍ സ്വപ്നങ്ങളായി കണ്ട് കൈവിട്ട് കളഞ്ഞ ഒരു കാലമുണ്ടായിരുന്നു, പണ്ടത്തെ യുവാക്കള്‍ക്ക്. മുടക്കാന്‍ പണമില്ലാതെ, വഴി കാട്ടാന്‍ ആളില്ലാത്ത ഒരവസ്ഥ. എന്നാല്‍ ഇന്ന് ഒരു ആശയം മനസ്സില്‍ രൂപം കൊണ്ടാല്‍ അത് നടപ്പാക്കി, വിജയം കാണുന്നവരെ ഒപ്പം നില്‍ക്കാന്‍ അവരുണ്ട് കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍. കേരളത്തിലെ യുവതയുടെ കര്‍മശേഷിക്ക് അതിരില്ലെന്ന് തെളിയിക്കുന്നതാണ് ഇവിടത്തെ സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ച. യുവതയുടെ പരിധിക്ക് അതിരില്ല. ആകാശം വരെയാണ് പരിധി. നൂതന ആശയങ്ങളുടെയും സംവാദങ്ങളുടെയും വഴികാട്ടിയായ കേരളാ സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ (കെ എസ് യു എം)
തലപ്പത്ത് ഇന്നുള്ളത് സജി ഗോപിനാഥ് ആണ്. കേരളത്തിന്റെ യുവത്വത്തിന്റെ കൈപിടിച്ച് നടത്തുന്ന വഴികളെ കുറിച്ച് മിഷന്‍ സി ഇ ഒ അനുവുമായി സംസാരിക്കുന്നു.

കേരളം വ്യവസായങ്ങള്‍ക്ക് പറ്റിയ സ്ഥലമല്ല എന്ന പഴി വ്യാപകമായ കാലത്താണ് യുവതലമുറയ്ക്കായി കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ മുന്നിട്ടിറങ്ങിയത്. എന്തുതോന്നുന്നു?

അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നൂതന സംരഭങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് തുടക്കമിട്ടത്. വിദ്യാര്‍ത്ഥികള്‍ക്ക് ഭാവിയില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനു ആവശ്യമായ കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാര്‍ സ്ഥാപനമാണിത്. സ്വന്തം ആശയങ്ങളെയും കഴിവുകളെയും വളര്‍ത്താന്‍ ഉള്ള അവസരം, സമൂഹത്തിനു ഗുണകരമായ സ്വന്തം ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഉള്ള അവസരം, ശാസ്ത്ര സാങ്കേതിക അഭിരുചി ഉള്ളവര്‍ക്ക് ഫാബ് ലാബ്, ആധുനിക സാങ്കേതിക ലാബുകള്‍ എന്നിവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനുള്ള അവസരം ഇതൊക്കെയാണ് സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ വാഗ്ദാനം ചെയ്യുന്നത്.

ഒരു കാലത്ത് കേരളത്തില്‍ നിക്ഷേപം നടത്താന്‍ സംരംഭകര്‍ ഭയപ്പെട്ടിരുന്നു?

കേരളത്തില്‍ ചട്ടങ്ങളും നയങ്ങളും കൂടുതലായി ഉണ്ടായിരുന്ന കാലമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പാണത്. ഇന്ന് വ്യവസായങ്ങള്‍ക്ക് സൗഹൃദ അന്തരീക്ഷമാണ് സംസ്ഥാനത്തുള്ളത്. സാമ്പത്തിക വളര്‍ച്ചയെക്കാള്‍ സാമൂഹികമായ വികസനത്തിന് ഊന്നല്‍ നല്‍കിയാണ് കേരളത്തിന്റെ ചുവട് വയ്പ്പുകള്‍. വിനോദസഞ്ചാര മേഖലയില്‍ സ്വകാര്യ മൂലധന നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ടൂറിസം റെഗുലേറ്ററി അതോറിറ്റിയും സംരംഭകത്വ ഫണ്ടും സജ്ജമാക്കിയിരുന്നു. ഇതൊക്കെ കേരളത്തിന്റെ പ്രതിച്ഛായ തന്നെ മാറ്റാന്‍ ഉതകുന്ന രീതികളാണ്. കേരളത്തിലെ വ്യവസായാന്തരീക്ഷത്തെക്കുറിച്ചുള്ള പ്രതിച്ഛായ കാരണമാണ് മുതല്‍ മുടക്കാന്‍ മറ്റിടങ്ങളിലുള്ളവര്‍ വിമുഖത കാണിക്കുന്നത്. ഇവിടെ വ്യവസായ സൗഹൃദാന്തരീക്ഷമാണെന്നു ബോധ്യപ്പെടുത്താതെ ഈ സ്ഥിതി മാറില്ല.

കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ രീതികളെ കുറിച്ച് കൂടുതല്‍ അറിയാന്‍ താല്പര്യമുണ്ട്. വിശദീകരിക്കാമോ?

സമൂലമാറ്റത്തിന്റെ ഈ കാലത്ത് ഏതു സാങ്കേതികവിദ്യയും വളരെ പ്പെട്ടെന്ന് മാറിക്കൊണ്ടിരിക്കുന്നു. കേരളത്തിന്റെ ഭാവി നിര്‍ണ്ണയിക്കാന്‍ പോകുന്നത് സ്റ്റാര്‍ട്ടപ്പുകളിലൂടെയുണ്ടാവുന്ന ചെറുകമ്പനികളാണ്. നവീന ആശയങ്ങളുള്ളതും സമൂഹത്തിന്റെ ആവശ്യങ്ങളോട് പ്രതികരിക്കുന്നതും പരിസ്ഥിതി മലിനീകരണമുണ്ടാക്കാത്തതുമായ സംരംഭങ്ങളാണ് നമുക്ക് വേണ്ടത്. ലോകത്തെ ഏത് ഇന്‍കുബേഷന്‍ സംവിധാനത്തോടും കിടപിടിക്കാവുന്ന ഒന്നായി കേരള സ്റ്റാര്‍ട്ട് അപ്പ്‌ മിഷനെ വളര്‍ത്തിയെടുക്കുക എന്ന ബൃഹത്തായ ദൗത്യമാണ് എന്റെ മുന്നിലുണ്ടായിരുന്നത്. അത് ഏറെക്കുറെ നേടിയെന്ന് തന്നെ പറയാം. നൂറുകണക്കിന് യുവ പ്രതിഭകളാണ് സ്വന്തം ആശയത്തെ സ്റ്റാര്‍ട്ട് അപ് മിഷന്റെ ഇന്‍കുബേഷന്‍ സൗകര്യങ്ങളുപയോഗിച്ച് മികച്ച ഉത്പന്നങ്ങളാക്കി മാറ്റിയിരിക്കുന്നത്.


കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്ന സംരംഭങ്ങള്‍ കാലക്രമേണ കേരളം വിടുന്നതായി കാണുന്നു. എന്തുകൊണ്ട്?

നേരത്തെ അങ്ങനെയുള്ള അവസ്ഥ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ആ രീതിയ്ക്ക് മാറ്റം വന്നു. അന്യസംസ്ഥാനങ്ങളില്‍ ആരംഭിച്ച സംരംഭങ്ങള്‍ പലതും കേരളത്തിലേയ്ക്ക് പറിച്ചു നടുന്ന അവസ്ഥ വന്നിട്ടുണ്ട്. വിവരസാങ്കേതികമേഖല മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അതുള്‍ക്കൊണ്ടാണ് സംസ്ഥാനത്തിന്റെ വികസനപദ്ധതികള്‍. അതുകൊണ്ട് തന്നെ ഈ പറഞ്ഞ അവസ്ഥയ്ക്ക് ഏറെ മാറ്റം ഇപ്പോള്‍ വന്നിട്ടുണ്ട്.

കേരളത്തെ സംബന്ധിച്ച് സമൂഹത്തിന്റെ മാറ്റത്തിന് ഈ സ്റ്റാര്‍ട്ടപ്പുകള്‍ കാരണമായിട്ടുണ്ടോ?

തീര്‍ച്ചയായും. പല വിദ്യാര്‍ത്ഥികള്‍ക്കിടയിലും സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ കഴിഞ്ഞു. കുടിവെള്ളം, മാലിന്യ സംസ്‌കരണം എന്നീ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാകും വിധത്തിലുള്ള നൂതന പദ്ധതികള്‍ക്കാണ് നമ്മള്‍ ഏറെ മുന്‍ തൂക്കം നല്‍കുന്നത്. എല്ലാ തലത്തിലും ഊര്‍ജ്ജസ്വലമായിട്ടുള്ള സ്റ്റാര്‍ട്ട് അപ്പ് ഇക്കോസിസ്റ്റത്തെ വികസിപ്പിച്ചെടുക്കുന്നതില്‍ സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ ഗണ്യമായ ഒരു സ്ഥാനം കൈയാളുന്നുണ്ട്.

പുതിയ പദ്ധതികള്‍?

ഭൗതികപശ്ചാത്തലം, സാമ്പത്തിക സഹായം, മാര്‍ഗനിര്‍ദേശം, എക്സ്പോഷര്‍ പ്രോഗ്രാം തുടങ്ങി സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ചക്ക് എല്ലാവിധ പിന്തുണയും സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ നല്‍കുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ സംസ്ഥാന സ്റ്റാര്‍ട്ട് അപ്പ് മിഷനു കീഴില്‍ ആരംഭിച്ച കേരള സ്‌പെഷ്യല്‍.ഇന്‍ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് നല്‍കുന്നത് നാടന്‍ ഉത്പന്നങ്ങളുടെ വിശാലമായ ഷോറൂമാണ്.

കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ഫെലോഷിപ്പ് പദ്ധതി വളരെയേറെ ശ്രദ്ധയാകര്‍ഷിച്ച ഒന്നാണ്. ഫെലോഷിപ്പിന് അര്‍ഹതനേടുന്നവര്‍ക്ക് കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍, സംസ്ഥാന സര്‍ക്കാരിന്റെ മറ്റു വകുപ്പുകള്‍, പ്രമുഖ വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും അവസരം ലഭിക്കുമെന്നതാണ് ആകര്‍ഷകമായ ഘടകം. ഭാവി എന്താകണമെന്ന് തീരുമാനിക്കും വിധത്തിലുള്ള പദ്ധതികളാണിവ.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More