കെപിഎസി സുലോചന: കോണ്‍ഗ്രസുകാരന്റെ മകള്‍ കമ്മ്യൂണിസ്റ്റായ ജീവിതം

0

‘ചെപ്പുകിലുക്കണ
ചങ്ങാതി നിന്റെ
ചെപ്പു തുറന്നൊന്നു കാട്ടൂല്ലേ….’
പലരുടെയും ചുണ്ടില്‍ തത്തിക്കളിക്കുന്ന ഈ ഗാനം പാടിയത് ആരാണെന്ന് അറിയാത്തവര്‍ ചുരുക്കം. പാട്ടിന്റെ വരികള്‍ മൂളുന്ന ഓരോരുത്തരുടെയും മനസ്സില്‍ കെ.പി.എ.സി. സുലോചന എന്ന ഗായിക നിറഞ്ഞുനില്‍ക്കും. തിളക്കം മാറാത്ത അഭിനയത്തികവിനും പതറാത്ത സ്വരശുദ്ധിക്കും ഉടമയായ സുലോചന നമ്മെ വിട്ടുപോയിട്ട് നാളുകള്‍ ഒരു പാട് ആയെങ്കിലും അവരെ മനസ്സിലാക്കാന്‍ ഒരു മുഖവുരയുടെ ആവശ്യമില്ല.
‘വെള്ളാരം കുന്നിലേ
പൊന്‍മുളം കാട്ടിലേ
പുല്ലാംകുഴലൂതും
കാറ്റേവാ….

ആയിരത്തിതൊള്ളായിരത്തി അറുപത്. സുലോചന പാടി അഭിനയിക്കുന്നു. രാവിന്റെ തണുപ്പറിയാതെ ഉറക്കം മറന്നിരിക്കുന്ന ആയിരക്കണക്കിന് മുഖങ്ങള്‍! ഒരു കുളിര്‍ മഴ പോലെ സുലോചനയുടെ സ്വരം അവരുടെയെല്ലാം ഹൃദയങ്ങളില്‍ പെയ്തിറങ്ങി. അങ്ങനെ ‘നിങ്ങളെന്നെ കമ്മ്യൂണിറ്റാക്കി’ യിലെ സുമാവലി ജനങ്ങള്‍ക്കും പാര്‍ട്ടിക്കും പ്രിയങ്കരിയായി.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു തലമുറയെ പിടിച്ചു കുലുക്കിയ ‘അശ്വമേധം ‘ എന്ന നാടകത്തിലെ സരോജത്തിന്റെ വൃഥകള്‍ കാണികളിലേക്ക് ഒരു കാട്ടുതീ പോലെ പടര്‍ത്താന്‍ സുലോചനയ്ക്ക് സാധിച്ചു. അമ്പിളി അമ്മാവാ…. , പൊന്നരിവാള്‍ അമ്പിളിയില്‍ …., തലയ്ക്കു മീതേ ശൂന്യാകാശം ….., മാമ്പൂക്കള്‍ പൊട്ടി വിരിഞ്ഞു….., മനസ്സില്‍ വിരിയും….., തുടങ്ങിയ നാടക ഗാനങ്ങളും, ആ മലര്‍ പൊയ്കയില്‍….(കാലം മാറുന്നു ) തുമ്പപ്പൂ പെയ്യണ പൂനിലാവെ …. (രണ്ടിടങ്ങഴി ) കഞ്ഞിക്കു കരയും കുഞ്ഞേ….(അരപ്പവന്‍) തുടങ്ങിയ ചലച്ചിത്രഗാനങ്ങള്‍ ഇവയെല്ലാം എന്നും മലയാളികളുടെ മനസ്സില്‍ മധുരിമയോടെ നിറഞ്ഞു നില്‍ക്കും.

മലയാളികളുടെ ഹൃദയത്തില്‍ ഊളിയിട്ടിറങ്ങുന്ന ഒരു പിടി ഗാനങ്ങള്‍ ആലപിച്ച മലയാളികളുടെ ഹൃദയത്തില്‍ പ്രതിഷ്ഠ നേടിയ അനേകം കഥാപാത്രങ്ങള്‍ക്ക് രൂപവും ഭാവവും നല്‍കിയ നാടകവേദിയുടെ വാനമ്പാടിയെക്കുറിച്ച് സുലോചനയുടെ ഭര്‍ത്താവ് കലേശന്‍ സംസാരിക്കുന്നു.

തിരുവനന്തപുരത്ത് പുത്തന്‍ ചന്ത റോഡിലെ കൊച്ചു വീട്ടിലിരുന്ന് ശാസ്ത്രീയ സംഗീതം അഭ്യസിച്ചു തുടങ്ങിയതോടെ പോലീസ് കോണ്‍സ്റ്റബിള്‍ എം.കെ. കുഞ്ഞുകുഞ്ഞിന്റെയും കല്ല്യാണി അമ്മയുടെയും മകള്‍ സുലോചന കലാരംഗത്തേയ്ക്ക് കടന്നു. പതിനാലു വയസ് തികയുന്നതിനു മുന്‍പ് മുന്‍ഷി പരമുപിള്ളയുടെ അദ്ധ്യാപകന്‍ എന്ന നാടകത്തിലും പ്രൊഫ.ആനന്ദകുട്ടന്‍, പി.കെ. വിക്രമന്‍ നായര്‍, പി.കെ. വേണുക്കുട്ടന്‍ നായര്‍ തുടങ്ങിയവരുടെ പ്രഹസനങ്ങളിലും നാടകങ്ങളിലും അഭിനയിച്ചു.

അദ്ധ്യാപകന്‍ എന്ന നാടകത്തില്‍ പ്രേംനസീറിനൊപ്പമാണ് അഭിനയിച്ചത്. ആ നാടകത്തില്‍ പ്രേംനസീറിനെ അടിക്കേണ്ട ഒരു സന്ദര്‍ഭത്തില്‍ ചാടി അടിച്ച രംഗം സുലോചനയുടെ മനസ്സില്‍ നിന്നും മാറിയിട്ടില്ലായിരുന്നു. ഓരോ അഭിമുഖത്തിലും സുലോചന ഇത് എടുത്തു പറയുമായിരുന്നു.

മനസ്സിന്റെ ആമലര്‍ പൊയ്കയില്‍ നിന്ന് കൈക്കുടന്ന നിറയെ പൂക്കളിറുത്തെടുത്ത് അഭിമുഖത്തിന് എത്തിയവരെ പൂക്കള്‍ കൊണ്ടു മൂടുന്നത് അഭിമുഖം കേട്ടുകൊണ്ടിരുന്ന എന്റെ മനസ്സില്‍ ഉണ്ട്. നാടകാഭിനയത്തിന്റെ തുടക്കം മുതല്‍ സുലോചന പറഞ്ഞ രീതിയില്‍ നമുക്ക് അറിയാം

കെപിഎസി സുലോചന: കോണ്‍ഗ്രസുകാരന്റെ മകള്‍ കമ്മ്യൂണിസ്റ്റായ ജീവിതം 1

സുലോചനയ്ക്ക് 14 വയസ്സുള്ളപ്പോഴാണ് കെ.പി.എ.സി.യില്‍ നിന്ന് ക്ഷണം വരുന്നത് അഡ്വ. ജനാര്‍ദ്ദനക്കുറുപ്പും രാജഗോപാലന്‍ നായരും മറ്റും ചേര്‍ന്നു വന്നാണ് വിളിച്ചത്. അച്ഛന് തീരെ സമ്മതമില്ലായിരുന്നു. കാരണം കെ. പി. എ. സി. എന്നു പറഞ്ഞാല്‍ കറകളഞ്ഞ കമ്മ്യൂണിസ്റ്റുകാര്‍. അച്ഛന്‍ തികഞ്ഞ കോണ്‍ഗ്രസുകാരന്‍ ആയിരുന്നു. എന്നാല്‍ അച്ഛന്‍ ഒഴികെ വീട്ടില്‍ എല്ലാവരും കമ്മ്യൂണിസ്റ്റുകാര്‍ ആയിരുന്നു. അതിനു കാരണക്കാരന്‍ സുലോചനയുടെ അണ്ണനാണ്.

അണ്ണന്‍ (പി.കെ.കൃഷ്ണന്‍കുട്ടി) തിരുവനന്തപുരത്ത് സംസ്‌കൃത കോളേജില്‍ പഠിക്കുന്ന കാലത്ത് പോലീസില്‍ നിന്ന് ഒരുപാട് പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ‘ഇടിയന്‍ നാറാപിള്ള ‘എന്ന പോലീസ് ഉദ്യോഗസ്ഥന്‍ അണ്ണന്റെ മുന്‍നിരയിലെ തലമുടി മുഴുവന്‍ പിഴുതെടുത്തിട്ടുണ്ട്. പോലീസില്‍ നിന്ന് അണ്ണന്‍ ഏറ്റുവാങ്ങിയ ക്രൂരമായ പീഡനങ്ങള്‍ കാരണം പോലീസുകാരനായ അച്ഛനൊഴികെ വീട്ടില്‍ എല്ലാവരേയും കമ്മ്യൂണിസ്റ്റാക്കി.

അച്ഛനു കിട്ടുന്ന ശ്രീപത്മനാഭന്റെ നാലു ചക്രം കൊണ്ടുമാത്രം കുടുംബച്ചെലവിന് തികയാത്ത അവസ്ഥ.വീട്ടില്‍ കടുത്ത സാമ്പത്തിക ഞെരുക്കം. കലാപ്രവര്‍ത്തനം പെണ്‍കുട്ടികള്‍ക്ക് നിഷേധിച്ചിരിക്കുന്ന കാലഘട്ടവും. അണ്ണന്റെയും ചേച്ചി സരസ്വതിഅമ്മയുടെയും പ്രോല്‍സാഹനത്തോടെയാണ് ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വവും പേറി വീട്ടിലും നാട്ടിലും കോളിളക്കമുണ്ടാക്കിക്കൊണ്ട് സുലോചന. കെ.പി.എ.സിയില്‍ എത്തുന്നത്. സുലോചന കെ.പി.എ.സി.യില്‍ നടിയും ഗായികയുമായി.

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി മദ്ധ്യതിരുവിതാംകൂറില്‍ നിരോധിച്ചിരുന്ന കാലഘട്ടം ഒരിക്കലും മറക്കാന്‍ സാധിക്കുകയില്ല. വളരെ കഷ്ടപ്പെട്ടാണ് അന്ന് നാടകം നടത്തിയിരുന്നത് നാടക പ്രവര്‍ത്തകര്‍ ത്യാഗം ചെയ്യാന്‍ മനസ്സുള്ളവര്‍ ആയിരുന്നു. അന്ന് മുണ്ടക്കയത്ത് ഒരു പ്രോഗ്രാമിന് അവിടെ ചെന്ന് വാനില്‍ നിന്ന് അവിടെ ചെന്ന് ഇറങ്ങിയ ഉടന്‍ ഒരാള്‍ സുലോചനയുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പി. അവര്‍ സ്റ്റേജിന്റെ പിന്നില്‍ എത്തുന്നതുവരെ തെറിപ്പാട്ടിന്റെ അഭിക്ഷേകമായിരുന്നു. സ്റ്റേജില്‍ കയറുന്നതിനു മുന്‍പ് അവര്‍ക്ക് കല്ലേറും കിട്ടി. വാനില്‍ കയറി ഇരുന്നാലും വടി ഇട്ട് കുത്തുക, കല്ലേറ്, തെറി വിളി ഇവ നിത്യ സംഭവങ്ങളായിരുന്നു. കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ ശല്യം കൂടാതെ പോലീസിന്റെ ശല്ല്യവും അന്നുണ്ടായിരുന്നു. സുലോചനയുടെ അച്ഛന്‍ പോലീസുകാരനായതുകൊണ്ട് പോലീസുകാരുടെ ശല്ല്യം അവര്‍ക്ക് ഏല്‍ക്കേണ്ടി വന്നിട്ടില്ല. ‘

ഇത്ര ക്രൂരമായ ആക്രമണങ്ങളെല്ലാം ഏല്‍ക്കേണ്ടിവന്നാലും അന്നുള്ള കലാകാരന്മാര്‍ക്ക് ആത്മാര്‍ത്ഥത ഉണ്ടായിരുന്നു. അന്ന് തുച്ഛമായ വരുമാനം കൊണ്ട് നാടകത്തിലേക്ക് വേണ്ട ഡ്രസ് ഉള്‍പ്പടെ എല്ലാം അഭിനേതാക്കള്‍ കൊണ്ടുചെല്ലണമായിരുന്നു. എന്നാല്‍ ഇന്നത്തെ സ്ഥിതി അതല്ല. ഉയര്‍ന്ന വരുമാനം തരും. എല്ലാ സംഗതികളും നാടക സമിതി നോക്കും. എന്നാല്‍ പോലും പുതിയ തലമുറയിലെ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും ആത്മാര്‍ത്ഥതയുണ്ടോ എന്നാണ് സംശയം.

ഒത്തിരി അനുഭവങ്ങള്‍ ഉള്ളതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. മലയാള നാടകതറവാടായ കെ.പി.എ.സിയില്‍ തന്നെ ഒരു അനുഭവം ഉണ്ടായി. തോപ്പില്‍ഭാസി അനുസ്മരണം പി.കെ.വി. , ഒ.എന്‍.വി, കണിയാപുരം തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുന്ന അനുസ്മരണയോഗത്തിനു ശേഷം തോപ്പില്‍ ഭാസിയുടെ ഒരു നാടകം അവതരിപ്പിക്കുവാന്‍ കെ.പി.എ.സി. ക്ക് സാധിച്ചില്ല.

അതിനുകാരണക്കാരന്‍ ഒരു നടനാണ്. തോപ്പില്‍ഭാസി വളര്‍ത്തി കൊണ്ടുവന്ന ഒരു നടന്‍ തന്നെയാണ് ആചാര്യന്റെ സ്മരണയ്ക്കുവേണ്ടി നടത്താനിരുന്ന നാടകം മുടക്കിയത്. ട്രൂപ്പിലെ മറ്റ് അംഗങ്ങളെല്ലാം രാവിലെ മുതല്‍ കെ.പി.എ.സി.യില്‍ ഉണ്ടായിരുന്നു. ഈ വിദ്വാന്‍ ഒരു സിനിമയിലോ സീരിയലിലോ അഭിനയിക്കുവാന്‍ പോയിരുന്നു. 6.30 ന് നാടകം തുടങ്ങേണ്ടതാണെന്ന് നന്നായി അറിയാവുന്ന അയാള്‍ 5.30 ന് കായംകുളത്ത് എത്തിക്കോളാം എന്ന് ഏറ്റിരുന്നതുമാണ്. അനുസ്മരണയോഗത്തില്‍ പങ്കെടുത്തവര്‍ നാടകം കാണാന്‍ കാത്തിരുന്നു. മറ്റു നടീനടന്മാര്‍ മേക്കപ്പ് വരെ ചെയ്ത് കാത്തിരുന്നു. 8.30 വരെ നടന്‍ സ്ഥലത്തെത്തിയില്ല. നാടകം നടക്കില്ലെന്ന് ഖേദപൂര്‍വ്വം അറിയിച്ചിട്ട് ജനങ്ങളെ പിരിച്ചു വിടേണ്ടതായിവന്നു. ഒരു നടന്‍ മുഖാന്തിരം നാടകതറവാടിന് ഈ അവസ്ഥ ഉണ്ടാക്കുക എന്ന ഗതികേട് വന്നാലത്തെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കുക. ആത്മാര്‍ത്ഥതയുടെ കണികയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ആ നടന്‍ ഇത്ര നെറികേട് കാട്ടുമായിരുന്നോ? ഇത്തരം ഒരുപാടു കാര്യങ്ങള്‍ സുലോചനയുടെ മനസ്സില്‍ പതിഞ്ഞു കിടപ്പുണ്ടായിരുന്നു.

ഇനി സുലോചന അണ്ണന്റെ മരണത്തെക്കുറിച്ച് പലരോടും പറഞ്ഞത് എന്റെ മനസ്സില്‍ കിടപ്പുണ്ട്. സുലോചനയെ വളര്‍ത്തി വലുതാക്കിയ അണ്ണന്റെ ചിതയുടെ തീ ആളിക്കത്തുമ്പോള്‍ നാടകം കളിക്കാന്‍ പോയവളാണ് അവര്‍. ഒരു ദിവസം രണ്ട് വ്യത്യസ്ഥ നാടകങ്ങള്‍ അണ്ണന്റെ മരണ ദുഃഖം കാണികളെ അറിയിക്കാതെ ഡയലോഗുകള്‍ ഓര്‍ത്തു പറഞ്ഞ് അഭിനയിക്കേണ്ട അവസ്ഥ ആലോചിച്ചുനോക്കൂ. മാദ്ധ്യമത്തിനോട് ആത്മാര്‍ത്ഥതയില്ലാത്ത ഒരാള്‍ക്ക് ഇങ്ങനെ ചെയ്യാന്‍ പറ്റില്ല. കണ്ണൂര്‍ ഭാഗത്ത് രണ്ടു ദിവസം നാടകം കഴിഞ്ഞ് തിരികെ വന്ന് അണ്ണന്റെ ചിതക്കരികിലിരുന്ന് പൊട്ടിക്കരഞ്ഞു. പ്രസ്ഥാനത്തോട് കൂറുള്ളവര്‍ക്ക് ബന്ധങ്ങളൊന്നും ബന്ധനങ്ങളാവില്ല. ‘

ഇതുപോലെയുളള ഒത്തിരി സംഭവങ്ങള്‍ സുലോചനക്ക് പറയാനുണ്ട് എന്നുള്ളത് എനിക്കറിയാം. മറ്റൊരു സംഭവമുണ്ട്. ‘നാഷണല്‍ തീയേറ്റേഴ്‌സിന്റെ ‘സീമന്തിനി ‘ എന്ന നാടകത്തില്‍ അഭിനയിക്കുന്ന അവസരത്തിലാണത് നടക്കുന്നത്. ഗൂഡല്ലൂരിനടുത്ത്
ദേവാര്‍ഷോള എന്ന സ്ഥലത്താണ് നാടകം. ഹൈറേന്‍ജ് ഏരിയയാണ് തോട്ടം തൊഴിലാളികളാണ് അവിടെ . അങ്ങോട്ടുള്ള യാത്രയില്‍ 2000 അടി പൊക്കത്തില്‍ നിന്ന് വണ്ടി മറിഞ്ഞു. എല്ലാവര്‍ക്കും നല്ലതുപോലെ പരിക്ക്. വണ്ടിക്കകം മുഴുവന്‍ രക്തം തളംകെട്ടി. അകത്തുണ്ടായിരുന്നവരുടെ എല്ലാം വസ്ത്രം ചോരയില്‍ കുളിച്ചു. നടി കൂത്താട്ടുകുളം ലീലയുടെ മൂക്കില്‍ നിന്ന് പൈപ്പില്‍ നിന്ന് ചാടുന്നതുപോലെ രക്തപ്രവാഹം! ഉടന്‍ തന്നെ പലരേയും ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍ എല്ലാവരോടും രണ്ടു ദിവസത്തെ വിശ്രമം ആവശ്യമാണെന്നു പറഞ്ഞു. പക്ഷെ നാടകം മാറ്റി വയ്ക്കാന്‍ ആരും തയ്യാറായില്ല. അന്ന് നാടകം അവതരിപ്പിച്ചു. ഓരോ രംഗം കഴിയുമ്പോഴും കൂത്താട്ടുകുളം ലീല മൂക്കില്‍ നിന്ന് രക്തത്തില്‍ കുതിര്‍ന്ന പഞ്ഞി മാറ്റിക്കൊണ്ടിരുന്നു.

പിറ്റേ ദിവസം തൃശൂരാണ് നാടകം. നാടക വണ്ടി അപകടത്തില്‍ തകര്‍ന്നു കിടക്കുകയാണല്ലോ? തൃശ്ശൂര്‍ പോകന്‍ വാന്‍ കിട്ടാനില്ല. ഒടുവില്‍ സംഘാടകര്‍ ഒരു ബെന്‍സ് ലോറി ഇടപെടുത്തി തന്നു. അതിന്റെ നടുവില്‍ കയര്‍ വലിച്ചു കെട്ടിയിട്ട് ആ കയറില്‍ പിടിച്ചിരുന്ന് കുംഭമാസത്തെ കത്തിജ്വലിക്കുന്ന സൂര്യന്റെ പൊള്ളുന്ന ചൂടും കൊണ്ട് സര്‍ക്കസ് മൃഗങ്ങളെപ്പോലെ യാത്ര ചെയ്ത് ഞങ്ങള്‍ തൃശൂരെത്തി. അവിടെ എത്തിയപ്പോഴേക്കും വെയിലിന്റെ ചൂടും തലേ ദിവസത്തെ അപകടവും ഞങ്ങളെ തളര്‍ത്തിയിരുന്നു. എന്നിട്ടും അന്നും ഞങ്ങള്‍ നാടകം അവതരിപ്പിച്ചു. ഈ അനുഭവങ്ങള്‍ വെച്ചിട്ട് ഇന്നത്തെ കലാകാരന്മാരുടെ ആത്മാര്‍ത്ഥത അളക്കുക. ബന്ധുക്കളുടെ മരണമോ ഭൂകമ്പമോ ഒന്നും യഥാര്‍ത്ഥ കലാകാരനേയും കലാകാരിയേയും അവരുടെ പ്രവര്‍ത്തനത്തില്‍ നിന്ന് പിന്‍തിരിപ്പിക്കുകയില്ല.

കെ.പി.എ.സി.യുടെ നാടകങ്ങള്‍ ഹിറ്റായിക്കൊണ്ടിരുന്നു. സുലോചന എന്ന നടിയുടെ അഭിനയ സവിശേഷതയും തേന്‍ മഴ ചൊരിയുന്ന സ്വരവും നാട്ടില്‍ പാട്ടായി! ഇന്നൊക്കെ റിക്കാര്‍ഡ് ചെയ്ത പാട്ടാണ് നാടകത്തില്‍. പണ്ട് അങ്ങനെ അല്ലായിരുന്നു അഭിനയിക്കേണ്ടത് അഭിനയിക്കുകയും പാടേണ്ടത് കൃത്യമായ രാഗത്തില്‍ പാടുകയും വേണമായിരുന്നു. സുലോചനയുടെ പല ഗാനങ്ങളുടെയും വാദ്യോപകരണങ്ങള്‍ ഞാന്‍ കൈകാര്യം ചെയ്തതാണ്. സുലോചനയുടെ ഒത്തിരി കാര്യങ്ങള്‍ ഉണ്ട് ഇങ്ങനെ പറയാന്‍. ‘അശ്വമേധ ‘ ത്തിലെ സരോജത്തെ കണ്ടിട്ടുള്ളവര്‍ക്ക് ആര്‍ക്കും മറക്കാന്‍ സാധിക്കുകയില്ല. അത്രയ്ക്കും ഉള്ളില്‍ തട്ടിയ കഥാപാത്രമായിരുന്നു അത്. ആ നാടകം അഭിനയിക്കുന്നതിനു മുന്‍പ് ഭാസിസാര്‍ ഞങ്ങളെ നൂറനാട് സാനിട്ടോറിയത്തില്‍ കൊണ്ടുപോയി. കുഷ്ഠരോഗികളെ ഞങ്ങള്‍ക്ക് കാണിച്ചു തന്നു. ഹോ മനസ്സ് മരവിച്ചു പോയി. മുരടിച്ച ശരീരവും മുരടിക്കാത്ത മനസ്സുമായി നടക്കുന്ന അവരുടെ വേദന സുലോചനയിലൂടെ പുറത്തു വരികയായിരുന്നു. നാടകത്തിലെ കഥാപാത്രം സരോജത്തിന് കുഷ്ഠരോഗം ബാധിച്ചത് തള്ളവിരലുകളിലായിരുന്നു. സുലോചന തള്ളവിരല്‍ മടക്കി വെച്ചു കൊണ്ടായിരുന്നു അഭിനയിച്ചു കൊണ്ടിരുന്നത്. മൂന്നു മൂന്നര മണിക്കൂര്‍ അഭിനയിച്ചു കഴിയുമ്പോള്‍ വിരല്‍ നിവര്‍ത്താന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. അന്നൊരിക്കല്‍ ഏതോ ഒരു സാനിട്ടോറിയത്തില്‍ ആശ്വമേധം നാടകം അവതരിപ്പിച്ചപ്പോള്‍ രോഗിയായ ഒരു സ്ത്രീ വന്ന് സരോജത്തെ കെട്ടിപ്പിടിച്ച് ഇത് ഞങ്ങളുടെ സരോജം തന്നെയാണെന്ന് പറഞ്ഞ് അവര്‍ പൊട്ടിക്കരഞ്ഞു.

നാട്ടില്‍ പലരും സുലോചനയ്ക്ക് കുഷ്ഠരോഗമാണെന്ന് പറഞ്ഞു പരത്തി. ഈ പരദൂഷണം കാരണം സുലേചനയുടെ കല്ല്യാണവും മുടങ്ങിയിട്ടുണ്ട്. എം. എന്‍. രാമചന്ദ്രന്റെ ബന്ധത്തിലുളള ഒരാള്‍ സുലോചനയെ പെണ്ണുകാണാനെത്തി. പയ്യന് ഡല്‍ഹിയിലായിരുന്നു ജോലി. ചായയുമായി എത്തിയ സുലേചനയെ അദ്ദേഹം സൂക്ഷിച്ചു നോക്കി. ഈ നോട്ടം കണ്ടിട്ട് എന്തിനാണ് എന്നെ ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നത് എന്ന് സുലോചന ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു ‘നാട്ടുകാരൊക്കെ കുഷ്ഠരോഗമാണെന്നു പറന്നുന്നത് വെറുതെയാണെന്ന് എനിക്ക് മനസ്സിലായി. ‘ എന്നദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകേട്ടപ്പോള്‍ സുലോചനയ്ക്ക് ദ്ദേഷ്യം വന്നു. ‘ ഇപ്പോഴിങ്ങന്നെ സംശയം തോന്നിയ സ്ഥിതിക്ക് കല്ല്യാണം കഴിഞ്ഞാലും പലരും പലതും പറയും ചിലപ്പോള്‍ ഈ രോഗം വന്നെന്നുമിരിക്കും അതുകൊണ്ട് എനിക്ക് ഈ കല്ല്യാണം വേണ്ട.’ എന്ന് തീര്‍ത്തു പറഞ്ഞു വിട്ടു.

നാടക ചലച്ചിത്രനടി ഗായിക എന്നതിലുപരി കലയ്ക്കു വേണ്ടി കേരളത്തില്‍ ആദ്യമായി അറസ്റ്റു വരിച്ച കലാകാരി എന്ന ബഹുമതി കൂടി സുലോചനയ്ക്കുണ്ട് 1962- ല്‍ നടന്ന അറസ്റ്റു വരിക്കലിന്റെ ഫലമായി സുലോചനയുടെ വിവാഹം വീണ്ടും മുടങ്ങി.

പി.ടി. ചാക്കോ പോലീസ് മന്ത്രിയായിരിക്കുന്ന കാലത്തായിരുന്നു സംഭവം. നാടകം നടത്തുന്നതിന് സര്‍ക്കാര്‍ ടാക്‌സ് ഏര്‍പ്പെടുത്തി. ഇത് നാടക പ്രവര്‍ത്തകരെയെല്ലാം വളരെ ബുദ്ധിമുട്ടിച്ചു. ടാക്‌സിനെതിരെ സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ചെയ്യാന്‍ കെ.പി.എ.സി. പ്രവര്‍ത്തകര്‍ തീരുമാനിച്ചു. ട്രൂപ്പില്‍ നാടക നടിമാര്‍ വേറെ ഉണ്ടായിരുന്നെങ്കിലും സമരത്തില്‍ പങ്കെടുക്കാന്‍ സ്ത്രീയായി സുലോചന മാത്രമേ ഉണ്ടായിരുന്നുള്ളു. കരമന സോമന്‍, തോപ്പില്‍ ഭാസി തുടങ്ങിയവര്‍ പ്രകടനം നയിച്ചു. പ്രകടനം സെക്രട്ടറിയേറ്റു പടിക്കല്‍ എത്തുന്നതിനു മുന്‍പ് പോലീസ് ലാത്തിചാര്‍ജ് തുടങ്ങി. കരമന സോമന്റെ തല അടിച്ചു പൊട്ടിച്ചു. രക്തത്തില്‍ കുളിച്ചു നില്‍ക്കുന്ന സോമനെ അവര്‍ വീണ്ടും മൃഗീയമായി മര്‍ദ്ദിച്ചു, ലാടം തറച്ച ബൂട്ടിട്ട് തോപ്പില്‍ ഭാസിയെ ചവിട്ടിമെതിച്ചു.

സുലോചനയെ അറസ്റ്റു ചെയ്യാന്‍ എസ്.ഐ. ഗോപിനാഥന്‍പിള്ള എത്തി. വനിതാ പോലീസ് വരാതെ അറ്റുചെയ്യാന്‍ സമ്മതിക്കില്ലെന്ന് തോപ്പില്‍ ഭാസി തറപ്പിച്ചു പറഞ്ഞു. അല്‍പ്പം കഴിഞ്ഞപ്പോള്‍ വനിതാ പോലീസ് എത്തി. എന്നെ അറസ്റ്റു ചെയ്ത് ആദ്യം പൂജപ്പുരയിലേക്കും പിന്നീട് കന്റോണ്‍മെന്റ് സ്റ്റേഷനിലേക്കും കൊണ്ടുപോയി. എട്ടുമണിക്കൂര്‍ എന്നെ പോലീസ് സ്റ്റേഷനില്‍ നിര്‍ത്തി. പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നപ്പോള്‍ മുതല്‍ അവിടെയുള്ള പോലീസുകാര്‍ സുലോചന പാടിയിട്ടുള്ള പാട്ടുകള്‍ പാടാന്‍ തുടങ്ങി. സുലോചനയെ സ്റ്റേഷനില്‍ നിര്‍ത്തിക്കൊണ്ട് അവര്‍ പാട്ടുപാടി കേള്‍പ്പിക്കുകയായിരുന്നു.

എട്ടുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കാമ്പിശ്ശേരിയും മറ്റുമെത്തി. സുലോചനയെ സ്റ്റേഷനില്‍ നിന്ന് ഇറക്കാന്‍ രണ്ടു പേരുടെ ജാമ്യം കൂടി വേണമായിരുന്നു. ഈ വിവരം പുറത്തു പറഞ്ഞപ്പോള്‍ പതിനായിരങ്ങള്‍ സ്റ്റേഷനിലേയ്ക്ക് ഇരച്ചുകയറി. സുലോചനയെ അറസ്റ്റു ചെയ്തപ്പോള്‍ മുതല്‍ ജലപാനം പോലും ചെയ്യാതെ സ്റ്റേഷനു വെളിയില്‍ തടിച്ചു കൂടി നിന്ന ജനസഹസ്രങ്ങളെ അപ്പോഴാണ് സുലോചന കാണുന്നത് .ഒരു കലാകാരി എന്ന നിലയില്‍ സുലോചനയെ ഏറ്റവും കൂടുതല്‍ സംതൃപ്തമാക്കിയ നിമിഷമായിരുന്നു അത്. സുലോചനയെ അംഗീകരിക്കാന്‍ ഇത്രമാത്രം ആള്‍ക്കാര്‍ ഉണ്ടല്ലോ എന്നോര്‍ത്ത് സുലോചന ഏറെ സന്തോഷിച്ചു.

എട്ടുമണിക്കൂര്‍ പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞു എന്ന കാരണത്താല്‍ സുലോചനയെകല്യാണം കഴിക്കാനിരുന്ന ആള്‍ ഒഴിഞ്ഞു മാറി .എട്ടു മണിക്കൂര്‍ പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞപ്പോള്‍ എന്തെങ്കിലും സംഭവിച്ചു കാണുമെന്ന സംശയമായിരുന്നു വരനും വരന്റെ വീട്ടുകാര്‍ക്കും. സുലോചനക്കും വലിയ സന്തോഷമായി. സംശയം വെച്ചു കൊണ്ടുള്ള ദാമ്പത്യ ജീവിതം എത്രനാള്‍ നീണ്ടുനില്‍ക്കാനാണ് അങ്ങനെ രണ്ടുതവണ മുടങ്ങിയ വിവാഹം നടക്കുന്നത് 1981-ലാണ്. വരന്‍ കലാകാരനും കെ.എസ്.ആര്‍.ടി.സി.യിലെ ഉദ്യോഗസ്ഥനുമായ കലേശന്‍ വാദ്യോപകരണങ്ങളും സംഗീതവും നാടകവുമൊക്കെയായി ആത്മബന്ധമുളള സുലോചനയുടെ ബന്ധു തന്നെയാണ് കലേശന്‍. സഹോദരങ്ങളുടെ വിവാഹം. കുടുംബത്തിലുള്ള ഉത്തരവാദിത്വം ഇവ മൂലം അദ്ദേഹവും വിവാഹം മാറ്റിവെച്ചിരുന്നതാണ്. തന്നെ സംശയിക്കാത്ത ; തന്നെ മനസ്സിലാക്കുന്ന കലാകാരനായ ഒരു ഭര്‍ത്താവിനെ കിട്ടിയതില്‍ സുലോചന സംതൃപ്തയായി. എന്റെയും സുലോചനയുടെയും ജീവിതം വളരെ നല്ല ജീവിതമായിരുന്നു.

മലയാള ചലച്ചിത്ര രംഗത്ത് ഒരിക്കല്‍ കത്തിജ്വലിച്ചു നിന്ന വില്ലന്‍ കെ. പി. ഉമ്മര്‍ കെ.പി.എ.സി.യിലെത്താന്‍ കാരണക്കാരി സുലോചനയാണ്. ഒ. മാധവന്‍ കെ.പി.എ.സി.യില്‍ നിന്ന് പിരിഞ്ഞു പോയി. കൊല്ലത്ത് കാളിദാസ കലാകേന്ദ്രം തുടങ്ങി. കെ. പി എ. സി. യില്‍ നല്ലൊരു നടനെ ആവശ്യമുണ്ടായിരുന്നു.

ശരശയ്യ നാടകം കഴിഞ്ഞപ്പോള്‍ സുലോചന കെ.പി.എ.സി. യില്‍ നിന്നു മാറി. 1964-ല്‍ ആയിരുന്നു. സിപിഐ രണ്ടായ സമയമാണ് അപ്പോള്‍. സുലോചന സി.പി.ഐ (എം) ആയി. കെ.പി.എ.സി. യിലെ കൂടുതലും പേര്‍ സിപിഐക്കാരാണ്. അതുകൊണ്ടാണ് സുലോചന രണ്ടു വര്‍ഷത്തേക്ക് അവധി എടുത്തത്. നാടകത്തിനു പോകാതെ ഗാനമേള ട്രൂപ്പുമായി സുലോചന പോയി.

അപ്പോഴേക്കും കോട്ടയം നാഷണല്‍ തീയേറ്റേഴ്‌സ് ഉടമ എന്‍.കെ. ജോര്‍ജ് എത്തി. പി.ജെ. ആന്റണിയുടെ നിര്‍ബന്ധ പ്രകാരം സുലോചനയെ വിളിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. പി. ജെ. ആന്റണിയുടെ ‘രാഗം ‘ എന്ന നാടകത്തില്‍ സുലോചന അഭിനയിച്ചു. കോട്ടയം ചെല്ലപ്പന്‍, അച്ചന്‍കുഞ്ഞ്, ഡി. ഫിലിപ്പ് തുടങ്ങിയവരായിരുന്നു ആനാടകത്തിലെ മറ്റ് അഭിനേതാക്കള്‍. പിന്നീട് കായംകുളം കേരളാ ആര്‍ട്ട് തീയേറ്റേഴ്‌സ് വീണ്ടും കോട്ടയം വീണ്ടും കോട്ടയം നാഷണല്‍ തീയേറ്റേഴ്‌സ് എന്നിങ്ങനെ നാടക സമതികള്‍ മാറിക്കൊണ്ടിരുന്നു. ഈ കാലഘട്ടത്തില്‍ തോപ്പില്‍ ഭാസിക്ക് സിനിമയില്‍ തിരക്കേറുകയും കെ.പി.എ.സി. ക്ക് നല്ല നാടകങ്ങള്‍ ഇല്ലാതെ വരികയും ചെയ്തു. അപ്പോഴാണ് നാടകാചാര്യന്‍ എന്‍.എന്‍ .പിള്ള കെ.പി.എ.സി. യെ സഹായിക്കുന്നത്. ‘മന്വന്തരം’ എന്ന നാടകം എഴുതി സംവിധാനം ചെയ്തു കൊടുത്തു. ആ സമയത്തു തന്നെ കെ.പി.എ.സി. എ. എന്‍. ഗണേശന്റെ ‘ഭരതക്ഷേത്രം’ എന്ന നാടകവും ഒരുമിച്ച് കെ.പി.എ.സി. ചെയ്തു. രണ്ടിലും സുലോചന ഉണ്ടായിരുന്നു. ‘ മന്വന്തരം’ ഗംഭീര വിജയമായി.

കെ. പി. എ. സി .യുടെ അതുവരെയുള്ള നഷ്ടങ്ങള്‍ എല്ലാം മാറുകയും ചെയ്തു. സ്വന്തം നാടക സമിതിയായ വിശ്വകേരളകലാസമതിക്കു മാത്രം നാടകമെഴുതി സംവിധാനം ചെയ്യുന്ന എന്‍. എന്‍. പിള്ള കെ.പി.എ.സി. ക്കു വേണ്ടി എഴുതി സംവിധാനം ചെയ്ത നാടകം അതിഗംഭിരമായി. മന്വന്തരവും, ഭരതക്ഷേത്രവും ഒരു വര്‍ഷം ഒരുമിച്ചുള്ള നാടകങ്ങള്‍ ആയിരുന്നു. ആനാടകങ്ങള്‍ കഴിഞ്ഞ പ്പോള്‍ സുലോചന കെ.പി.എ.സി. യില്‍ നിന്നു മാറി. നാഷണല്‍ തീയേറ്റേഴ്‌സിലെ ‘കേളി ‘ നാടകത്തില്‍ അഭിനയിച്ചു. രണ്ടു കൊല്ലം ആ നാടകം കളിച്ചു. അതിനു ശേഷം കാദംബരിയുടെ ‘കടിഞ്ഞാണ്‍ ‘ എന്ന നാടകത്തില്‍ ഒരു വര്‍ഷം അഭിനയിച്ചു.

അതിനു ശേഷം സംസ്‌ക്കാര എന്ന സ്വന്തം ട്രൂപ്പ് തുടങ്ങി. ആദ്യ നാടകം എഴുതിയത് വെണ്‍കുളം ജയകുമാര്‍ ആണ്. സംവിധാനം ചെയ്തത് തോപ്പില്‍ഭാസി ആയിരുന്നു. സംഗീതം ചെയ്യാന്‍ എത്തിയത് ദേവരാജന്‍ മാഷ് ആയിരുന്നു. ഗാനരചന നടത്തിയത് കണിയാപുരം രാമചന്ദ്രന്‍. നാടകത്തിന്റെ പേര് ‘ഭ്രാന്തന്മാരുടെലോകം’ നാടകം അതിഗംഭീരം ആയിരുന്നു. കാണികള്‍ക്കെല്ലാം വളരെ ഇഷ്ടപ്പെട്ടു. അതു കഴിഞ്ഞ് ‘ സരസ്വതീയാമം ‘ എന്ന നാടകമായിരുന്നു. സുലോചനയുടെ നാടകത്തിന്റെ റിഹേഴ്‌സല്‍ നടന്നുകൊണ്ടിരുന്നപ്പോള്‍ മമ്മൂട്ടി അഭിനയിക്കുന്ന സിനിമയില്‍ അഭിനയിക്കാന്‍ മമ്മൂട്ടി സുലോചനയെ വിളിച്ചു. നാടകത്തിന്റെ റിഹേഴ്‌സല്‍ നടക്കുന്നതുകാരണം സുലോചനയ്ക്ക് പോകാന്‍ സാധിച്ചില്ല. ഫ്രാന്‍സിസ് ടി മാവേലിക്കര ആദ്യമായി നാടകം എഴുതുന്നതും സുലോചനയുടെ സംസ്‌കാരയ്ക്കു വേണ്ടിയാണ്. 12നാടകങ്ങള്‍ സംസ്‌ക്കാര അവതരിപ്പിച്ചു. 1996 ല്‍ ‘സൗവര്‍ണ്ണഭൂമി’ എന്ന നാടകത്തോടെ സുലോചന അഭിനയം നിര്‍ത്തി. അഡ്വക്കേറ്റിന്റെ വേഷമായിരുന്നു
അവസാനവേഷം. സംസ്‌കാര പഴയ നാടക ഗാനങ്ങള്‍ അവതരിപ്പിച്ചു. സുലോചനയോടൊപ്പം ഗാനമേള ട്രൂപ്പിന്റെ മേല്‍നോട്ടം കലേശനായിരുന്നു. സുലോചനയുടെ സഹോദരന്‍ കൃഷ്ണന്‍കുട്ടിയുടെ മക്കള്‍ വിനോദ് കുമാറും മനോജ് കുമാറും ട്രൂപ്പിലുണ്ട്. സംസ്‌കാര യുടെ ഓര്‍ക്കസ്ട്രയില്‍ ഗാനങ്ങളുടെ ചുമതല അവര്‍ക്കായിരുന്നു. സുലോചനക്ക് മക്കള്‍ ഇല്ല. സുലോചനയും ഭര്‍ത്താവുമായി ഒരുപാട് വിദേശ രാജ്യങ്ങളില്‍ ഗാനമേളയ്ക്ക് പോയിട്ടുണ്ട്.

കാലംമാറുന്നു, അരപ്പവന്‍, കൃഷ്ണകുചേല എന്നീ സിനിമകളില്‍ സുലോചന അഭിനയിച്ചിട്ടുണ്ട്. നാടക ഗാനങ്ങള്‍ കൂടാതെ 14 സിനിമാ ഗാനങ്ങളും സുലോചന പാടിയിട്ടുണ്ട്. 1999-ല്‍ പ്രൊഫഷണല്‍ നാടകരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള കേരള സര്‍ക്കാരിന്റെ അവാര്‍ഡ് , പി. ജെ. ആന്റണി സ്മാരക ഫൗണ്ടേഷന്‍ അവാര്‍ഡ്, 1975-ല്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, 1997- ല്‍ കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്, 2000-ത്തില്‍ കേരള സര്‍ക്കാരിന്റെ മനവീയം അവാര്‍ഡ്, 2005- ഏപ്രിലില്‍ കേരള ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി യുടെ അവാര്‍ഡ് എന്നിവ സുലോചനയ്ക്ക് ലഭിച്ച പ്രധാന ബഹുമതികളാണ്. അരങ്ങിലെ അനുഭവങ്ങള്‍ എന്ന ഒരു പുസ്തകം കെ.പി.എ.സി. സുലോചന പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2005 ഏപ്രില്‍ 17 ന് സുലോചന നമ്മെ വിട്ടുപോയി.

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More