അനുഭവം അതാണ് സത്യം: മണിവര്‍ണന്‍

”നിങ്ങള്‍ ഇന്നലെ കണ്ടതല്ല ഞാന്‍

ഇന്ന് കാണുന്നതുമല്ല ഞാന്‍

നാളെ കാണാനിരിക്കുന്നതാണ് ഞാന്‍…”

ആത്മവിശ്വാസം തുളുമ്പുന്ന ഈ വാക്കുകളുടെ ഉടമയ്ക്ക് പറയാനേറെയുണ്ട്. ഇന്നലെകളിലെ ഇരുട്ടിനെ ഇന്നിലാവാഹിച്ച് നാളെയുടെ കരുത്താക്കി മാറ്റിയവന്‍. ഒരു സിനിമക്കഥയോളം പോന്ന നാടകീയതയും ആകസ്മികതകളും ജീവിതത്തിലറിഞ്ഞവന്‍. ഇല്ലായ്മകളായിരുന്നു വിപ്ലവത്തിലേക്കുള്ള പടികള്‍. ആത്മാര്‍ത്ഥതയും പ്രതികരണശേഷിയും അവനെ പലര്‍ക്കും അനഭിമതനാക്കി. പിന്നീട് നേരിന്റെ നൂല്‍പ്പാലത്തിലൂടെ ജീവിതത്തിലേക്ക്. അതിനവന് കരുത്തായത് ഉള്ളിലെ കലയും. പേരുകൊണ്ടവന്‍ കാര്‍വര്‍ണനാണ്, അതിനൊപ്പംപോന്ന മനസിന്റെ ഉടമയാണെന്ന് സംസാരിക്കുമ്പോഴറിയാം. പ്രശസ്ത നാടകരചയിതാവും സംവിധായകനും നടനുമായ മണിവര്‍ണന്‍ ആമിയുമായി സംസാരിക്കുന്നു.

സ്വന്തമായൊരു ചിത്രം കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യാനൊരുങ്ങുന്ന പ്രതിഭയാണിന്ന് മണിവര്‍ണന്‍. തിരിഞ്ഞുനോക്കുമ്പോള്‍?

അനുഭവങ്ങളാണ് എന്റെ പാഠപുസ്തകം. ഞാനാകെ വായിച്ചിട്ടുള്ളത് എന്റെ ജീവിതമാണ്. ജീവിതത്തതില്‍ സംഭവിച്ചതെല്ലാം നാളെയിലേക്കുള്ള നന്മയാണെന്ന് വിശ്വസിക്കാനെണിനിക്കിഷ്ടം.

പത്താംക്ലാസ് തോറ്റുപോയ ഒരാളുടെ വാക്കുകളാണിതെന്ന് വിശ്വസിക്കാനാകുന്നില്ല. അത്രത്തോളം ഫിലോസഫി?

ഇല്ലായ്മകളുടെ നടുക്ക് അവഗണനയുടെ കൊടുമുടിയില്‍ തുടങ്ങിയതാണെന്റെ ജീവിതം. അഞ്ചാംവയസില്‍ അച്ഛന്റെ മരണം. വിദ്യാസമ്പന്നയായിട്ടും മക്കളെ വളര്‍ത്താന്‍ കൂലിപ്പണിചെയ്ത അമ്മയുടെ മകന്‍. ആ അമ്മ ജീവിതം കൊണ്ട് പറഞ്ഞുതന്നതാണ് എല്ലാവരെയും തുല്യമായി കാണാന്‍. അവിടെ തുടങ്ങുന്നു എന്നിലെ കമ്മ്യൂണിസ്റ്റുകാരന്‍.

ബാല്യകാലാനുഭവങ്ങള്‍ മണിവര്‍ണനെ സ്വാധീനിച്ചെന്ന് പറഞ്ഞു. വിപ്ലവത്തിലെക്കെത്തി. അക്കാലത്തെക്കുറിച്ച്?

ഏഴാം ക്ലാസിലെ വിജയം എന്നെ സത്യത്തില്‍ സന്തോഷിപ്പിച്ചില്ല. കാരണം സ്‌കൂളില്‍ ഹൈസ്‌കൂളുകാര്‍ക്ക് കഞ്ഞി കിട്ടില്ലായിരുന്നു. അപ്പോള്‍ ദാരിദ്യം എത്രയായിരിക്കുമെന്ന് ഊഹിക്കാം. എന്നിട്ടും ഉത്സാഹക്കമ്മറ്റിക്കാരനായതുകൊണ്ട് കേരളപുരം സ്‌കൂളില്‍ കഞ്ഞിവെക്കുന്ന സരസ്വതിച്ചേച്ചി എനിക്ക് കഞ്ഞിയെത്തിച്ചു തന്നിരുന്നു. അതുകൊണ്ടെനിക്ക് തൃപ്തിയായില്ല. സ്‌കൂള്‍ലീഡറായപ്പോള്‍, മറ്റ് ഹൈസ്‌കൂള്‍ കുട്ടികളടെ അവസ്ഥ എനിക്കറിയുന്നതുകൊണ്ടുതന്നെ അവര്‍ക്കൂംകുടി കഞ്ഞി നല്‍കണമെന്ന് ആവശ്യപ്പെട്ടിടത്ത് തുടങ്ങിയതാണന്റെ വിപ്ലവം. ഓരോ ക്ലാസിലും കയറിയിറങ്ങി കഞ്ഞിവേണ്ടവരുടെ പേരെടുത്ത്, അവര്‍ക്ക് കഞ്ഞിയെത്തിച്ച് നല്‍കുമെന്ന് ഉറപ്പുനല്‍കിയിയിടത്തുനിന്ന് സംഘാടനവും തുടങ്ങി.

പിന്നിടെപ്പോഴാണ് മണിവര്‍ണന്റെ വഴി മാറുന്നത്?

സ്‌കൂളിലെ കുറുമ്പനായ വിദ്യാര്‍ഥിയായിട്ടും സ്‌കൂള്‍ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്നിപ്പോള്‍ കാണുന്ന പല സംഭവങ്ങളുംപോലെ ദാരിദ്ര്യത്തിനിടയിലും വിപ്ലവം ഇരച്ചുകയറി. പഠിത്തം മുഴുവനായി ഉഴപ്പി. പത്താംതരത്തില്‍ നാല് മാര്‍ക്കിന്റെ കുറവുകൊണ്ട് തോറ്റു. പിന്നീട് സുഹൃത്തുക്കളായി ലോകം. അവര്‍ക്കുവേണ്ടി എന്തും ചെയ്യുമന്നൊരവസ്ഥയായി.

അയല്‍ക്കാരെയും സുഹൃത്തുക്കളെയും സഹോദരരായി കാണണമെന്ന് അമ്മ പകര്‍ന്നുതന്നത് അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ പാലിച്ചെന്ന് ഓര്‍ക്കാറുണ്ട്. അതുകൊണ്ടുതന്നെ അവരുടെ പ്രശ്‌നങ്ങള്‍ എന്റേതുമായി.

കലയിലേക്കെത്തുന്നത്?

കലയിലേക്കെത്തിയതല്ല. കുഞ്ഞുന്നാളിലെ നാടകമായിരുന്നു. 13-ാം വയസുമുതല്‍ സ്വന്തമായി നാടകം സംവിധാനം ചെയ്തു. പക്ഷെ ജീവിതസാഹചര്യങ്ങള്‍ മറ്റൊന്നായിരുന്നു. അച്ഛന്റെ വീട്ടുകാരുടെ അവഗണന, ഇതൊക്കെക്കൊണ്ടായിരിക്കും ശ്രദ്ധ നേടണമെന്നത് മനസിലെപ്പോഴും പതിഞ്ഞിരുന്നു. അതിനായി ജീവിതത്തിന്റെ പലകാലഘട്ടങ്ങളിലും പലതും കാട്ടിക്കൂട്ടി. ഒടുവില്‍ സ്വന്തം വഴിവെട്ടി.

സ്‌കൂളില്‍ നിന്നിറങ്ങിയിട്ട് പിന്നെ?

പ്രൈവറ്റ്ബസിലെ കണ്ടക്ടറായി. ബസിനുള്ളില്‍ നിന്ന് ലോകത്തെ അറിഞ്ഞു. പല ആളുകളും കാഴ്ചപ്പാടുകളും ജീവിതത്തെ മനസിലാക്കാന്‍ സഹായിച്ചു.ആയിടയ്ക്ക് വിവാഹവും നടന്നു.

വിവാഹവും വിപ്ലവമായിരുന്നോ?

ഉറപ്പായും. നൃത്തം പഠിപ്പിക്കാന്‍ കോളേജിലെത്തിയതാണ്. കണ്ടിഷ്ടമായി. എന്നിലെ എന്നെയറിഞ്ഞ്, പ്രതിബന്ധങ്ങളെയെല്ലാം തകര്‍ത്ത് ഒപ്പം ജീവിക്കാന്‍ അവളെന്റെയൊപ്പം കൂടി. പേര്- സിന്റ, ടീച്ചറാണ്.

മിടുക്കിയായ ഒരു മകളുടെ അച്ഛനല്ലേ?

മകള്‍ അഗ്‌നിമ ഒമ്പതില്‍ പഠിക്കുന്നു. അവളെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല. ഞാനെഴുതിക്കൂട്ടിയ ഏറ്റവും നല്ല ഗ്രന്ഥമെന്നാണവളെ എനിക്ക് വിശേഷിപ്പിക്കാന്‍ തോന്നുന്നത്. കാരണം എന്റെ ജീവിതപാഠപുസ്‌കത്തില്‍ നിന്നുള്ള പാഠങ്ങള്‍ അവളോളം അറിഞ്ഞ മറ്റൊരാളില്ല. മകള്‍, ഭാര്യ, അമ്മ ഈ മൂന്നുസ്ത്രീകള്‍ക്ക് എന്റെ ജീവിതത്തിലുള്ള പ്രാധാന്യം പറഞ്ഞറിയിക്കാനാകില്ല.

മണിവര്‍ണന്റെ വാക്കുകള്‍ക്ക് ഭംഗിയും അര്‍ത്ഥവും ഏറെയുണ്ട്. ഇതെങ്ങനെയാണ്?

നേരത്തെ പറഞ്ഞതുതന്നെയാണ് എന്റെ ജീവിതമാണെന്റെ നിഘണ്ടുവും പാഠപുസ്‌കവും എല്ലാം. ഞാന്‍ നാടകം പഠിപ്പിച്ച കുട്ടികളും ചോദിക്കാറുണ്ട്, എങ്ങനെയാണ് ഈ സൈക്കോളജിയും ഫിലോസഫിയും പറയുന്നതെന്ന്. അവരോടും ഞാനീ മറുപടിയാണ് പറയുന്നത്. ജീവിതപാഠങ്ങളായതുകൊണ്ടുതന്നെ ഞാന്‍ പറയുന്നതിലെ യുക്തി ജീവിതസാഹതര്യങ്ങളുമായി ചേര്‍ത്തുവായിക്കണമെന്നും പറയും. കഥാപാത്രങ്ങളളെ ഉള്‍ക്കൊള്ളാനും കുട്ടികളെയിത് സഹായിക്കാറുണ്ട്.

കുട്ടികളുടെ നാടകങ്ങളിലേക്കെത്തുന്നത് എങ്ങനെയാണ്?

മകള്‍ ജനിച്ചതോടെ ജീവിതമാകെ മാറി. ഒരുമാറ്റം അനിവാര്യമാണെന്ന് തോന്നി. പലരെയും സമീപിച്ചു. പക്ഷെ ആര്‍ക്കും അഭിമതനാകുന്നതായിരുന്നില്ല എന്റെ ചുറ്റുപാട്. അങ്ങനെ പഞ്ചായത്തിലും മറ്റുമൊക്കെ നാടകങ്ങളില്‍ സ്വയം മത്സരിക്കാന്‍ തുടങ്ങി. പതിയെ കുട്ടികളെ നാടകം പഠിപ്പിച്ചു. ആദ്യകാലങ്ങളിലൊക്കെ സ്വന്തം ചെലവില്‍ കുട്ടികളെ പഠിപ്പിച്ചു. രംഗസജ്ജീകരണമടക്കം ചുരുങ്ങിയ ചെലവില്‍ സ്വയംചെയ്തു. പക്ഷെ അംഗീകാരങ്ങള്‍ വരാന്‍ തുടങ്ങിയപ്പോള്‍ സ്‌കൂളധികൃതരുടെയും മനോഭാവം മാറി. ഇരട്ടിയായി അവര്‍ എന്നെ അംഗീകരിച്ചു തുടങ്ങി. പിന്നെ ഉപജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളില്‍ മത്സരിക്കുമ്പോള്‍ എന്റെ കുട്ടികള്‍ക്കും നാടകങ്ങള്‍ക്കും സമ്മാനമില്ലാത്ത അവസ്ഥയായി. സോപാനമടക്കം പല നാടകക്കളരികളുടെയും ഭാഗമായി. പല കുട്ടി പ്രതിഭകളെയും കണ്ടെത്തി.

ഇതിനിടയില്‍ എപ്പോഴാണ് വെള്ളിത്തിരയിലേക്കെത്തിയത്?

പലതവണ ചെറിയ അവസരങ്ങള്‍ കിട്ടിയെങ്കിലും പലതും തെന്നിമാറി പിന്നീട് കൂട്ടുകാരനെടുത്ത, ദൂരദര്‍ശനിലെ ചതുരംഗം എന്ന സീരിയലില്‍ പ്രതിനായകവേഷത്തില്‍ അഭിനയിച്ചു. അനുശ്രീയായിരുന്നു ഒപ്പമഭിനയിച്ചത്. പ്രതിനായകവേഷമായതുകൊണ്ടുതന്നെ സത്യത്തില്‍ അഭിനയിക്കേണ്ടിവന്നില്ലെന്നത് സത്യം. അപ്പോഴും കലോത്സവങ്ങളായാലും ഉത്സവങ്ങളായാലും നാകടവേദികളിലെ സ്ഥിരം സാന്നിധ്യമായരുന്നു ഞാന്‍. ഇല്ലായ്മകള്‍ക്കിടയിലും പണം കണ്ടെത്തി നാടകങ്ങള്‍ക്കൊപ്പം സഞ്ചരിച്ചു. പല വാതിലുകളും മുട്ടിയിട്ടും അവസരങ്ങള്‍ നിഷേധിക്കപ്പെട്ടു.

ഛായാമുഖി നാടകത്തിന്റെ കലാസംവിധാകന്‍ ഷെന്‍ലെയുമായുള്ള ബന്ധംഎന്നെ സോപാനത്തിന്റെ നാടകക്കളരിയിലെത്തിച്ചു. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പ്രൊഫസര്‍ ശ്രീജിത് രമണനായിരുന്നു ക്യാമ്പ് നയിച്ചത്. സത്യത്തില്‍ അവിടെവെച്ചാണ് ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്. ക്യാമ്പില്‍ ഞാനൊന്നും അവതരിപ്പിച്ചില്ല. അവസാനദിവസം ശ്രീജിത് എന്നോത് തിരക്കി. മണീ. താനെന്താ ഒന്നും ചെയ്യാതിരുന്നത്. ഒരു ഡോക്ടറെപ്പോലെ എഞ്ചിനീയറെപ്പോലെ മണിയും ഒരു ബിരുദധാരിയാണ്. ജീവിതത്തിലാണ് തന്റെ ബിരുദം. അവരൊക്കെ നാലുമഞ്ചും വര്‍ഷംകൊണ്ടാണ് ബിരുദം നേടിയതെങ്കില്‍ താന്‍ കാലങ്ങളായി ബിരുദപഠനത്തിലാണ്.

തന്റെ വിഷയം ജീവിതമാണെന്നേയുള്ളൂ. അതുകൊണ്ടുതന്നെ തനിക്കാണ് അനുഭവജ്ഞാനം കൂടുതല്‍. ഇതുമതി സംവിധാനത്തിലെക്കിറങ്ങാനെന്ന് അദ്ദേഹമെന്നെ പ്രേരിപ്പിച്ചു. അവിടുന്നാണ് നാടകമാണെമെന്റെ ജീവിതമെന്ന് ഞാറിയുന്നത്. അങ്ങനെ ശിവദാസ് പോയ്ല്‍കാവിന്റെ ഊശാന്‍താടി രാജാവെന്ന നാടകം ചെയതു. പിന്നിടങ്ങോട്ട് നാടകവും ജീവിതവും ഒന്നായി.

സംവിധായകന്‍ രഞ്ജിത്തിനെ എവിടെവെച്ചാണ് കണുന്നത്?

കുട്ടികളുടെ നാടകസംവിധാനത്തിനിടെ ഒരിക്കല്‍ ഒരു സുഹൃത്തുവഴി അവിചാരിതമായി രഞ്ജിത്തേട്ടനെ കാണാന്‍ അവസരംകിട്ടി. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴവരെ അദ്ദേഹത്തോടൊപ്പം കാറില്‍ യാത്ര ചെയ്യാനായി . മഹാഭാരതത്തിലുടനീളം രഥംതെളിച്ച കൃഷ്ണനെന്നോണം വേറെരു ലോകത്തായിരുന്നു ഞാനത്രയും സമയം. അന്നുതുടങ്ങിയ ബന്ധം ഇപ്പോഴും തുടരുന്നുണ്ട്.

ഒരുപക്ഷെ ജീവിതങ്ങളൊരുപാടറിയുന്ന വ്യക്തിയായതുകൊണ്ടാകും ഞാന്‍ പറയാതെതന്നെ എന്നെയറിഞ്ഞ എന്നിലെ കലാകാരനെയരിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന പ്രിയപ്പെട്ടവരില്‍ പ്രഥമസ്ഥാനീയനാണദ്ദേഹം. ഇപ്പോഴും കാണുമ്പോള്‍ സിനിമ സംവിധാനം ചെയ്യാത്തതെന്തെന്ന് ചോദിക്കാറുണ്ട് രഞ്ജിത്തേട്ടന്‍.

ഇതിനിടയില്‍ അഭിനയം, ഹ്രസ്വചിതങ്ങളുടെ സംവിധാനം?

മകന്റെ അച്ഛന്‍, ഡോ പത്മശ്രീ സരോജ് കുമാര്‍, കൊന്തയും പൂണുലും, ഡാര്‍വിന്റെ പരിണാമം, പോക്കിരി സൈമണ്‍ അങ്ങനെ കുറെ ചിത്രങ്ങളിലഭിനയിച്ചു. ഇതിനിടയിലെപ്പോഴോ ഒരിക്കല്‍ ഭാര്യയോടും മകളോടും ഒരു കഥ പറഞ്ഞത് വഴിത്തിരിവായി. അവരിരുവരും നിര്‍ബന്ധിച്ച് ഞാനത് ഹ്രസ്വചിത്രമാക്കാനിറങ്ങി.

പത്തുരൂപ നോട്ടിന്റെ കഥ പറയുന്ന വണ്‍ സര്‍ക്കിള്‍. സ്റ്റോറി ബോര്‍ഡില്ലാതെ തിരക്കഥയില്ലാതെ സീന്‍ ഡിവൈഡിംഗറിയാതെ, ഷോര്‍ട്ട് ഡിവൈഡിംഗറിയാതെ മനസുകൊണ്ട്, ചുരുങ്ങിയ ചുറ്റുപാടില്‍ ഹ്രസ്വചിത്രമായി. സംസ്ഥാന ചില്‍ഡ്രന്‍സ് ഫിലിംഫെസ്റ്റിവലില്‍ മികച്ച തിരക്കഥകൃത്തിനുള്ള പുരസ്‌കാരം വണ്‍ സര്‍ക്കിള്‍ എനിക്ക് നേടിത്തന്നു. കേന്ദ്രമന്ത്രിയില്‍ നിന്നാ പുരസ്‌കാരമേറ്റു വാങ്ങിയ നിമിഷം ഇപ്പോഴും മനസിലുണ്ട്.

അകറ്റിയോടിച്ചവരുടെയൊക്കെ മുന്നില്‍ തലവിവര്‍ത്തി നിന്ന നിമിഷം. പത്രമാധ്യമങ്ങളിലുമൊക്കെ വലിയ വാര്‍ത്തയായി. പിന്നീട് ഒരു പ്രാവ് പറഞ്ഞ കഥ, മേഘനാഥനെ നായകനാക്കി മിഴി, ക്യാപ്റ്റന്‍ രാജുവിനെ നായകനാക്കി ആത്മായനം, ഇന്ദ്രന്‍സിനെ നായകനാക്കി നിഴലാണെന്റെ അച്ഛന്‍ വരെയുള്ള ഹ്രസ്വചിത്രങ്ങള്‍. ഒടുവിലിറങ്ങിയ നിഴലാണെന്റെ അച്ഛന്‍ ഒരു സിനിമയോളംപോന്ന ഹ്രസ്വചിത്രമാണ്. ലാഭമുണ്ടാകില്ലെന്നറിഞ്ഞിട്ടും ഏഴ് ലക്ഷം മുടക്കി ഡോ. ശ്രീകുമാര്‍ ജനാര്‍ദ്ദനന്‍പിള്ളയാണത് നിര്‍മിച്ചത്.

മത്സരിച്ചയിടങ്ങളിലെല്ലാം ഇന്ദ്രന്‍സ് മികച്ച നടനായി. രചനയ്ക്കും സംവിധാനത്തിനും ചില അംഗീകാരങ്ങള്‍ എന്നെയും തേടിയെത്തി. ഇതിനിടയില്‍ ചുങ്കത്ത് ജുവലറിക്കുവേണ്ടി പരസ്യചിത്രം ചെയ്തത് ഏറെ ശ്രദ്ധിക്കപ്പെട്ടു. മറ്റൊരു ജുവലറിയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട പരസ്യവാചകത്തിനൊപ്പം അല്ലെങ്കില്‍ അതിനുമപ്പുറം നില്‍ക്കുന്ന മറ്റൊന്ന് എന്നതായിരുന്നു ഞാന്‍ നേരിട്ട വെല്ലുവിളി. എന്തായാലും ”അനുഭവം അതാണ് സത്യം”എന്ന പരസ്യവാചകം ഏറെ ശ്രദ്ധിക്കപ്പെട്ടു. അക്ഷരാര്‍ത്ഥത്തില്‍ ആ വാക്കുകള്‍ എന്റെ ജീവിതം തന്നെയാണെന്നത് മറ്റൊരാകസ്മികത.

ബിരാന്റെ കിണര്‍, ഇക്രഹ്, പുട്ട്, മണ്ണിന്‍മരത്തിലെ മലയാളക്കൊമ്പിലൊരു നാടകക്കൂട്, പ്രിയപ്പെട്ട ഷോലഹ് തുടങ്ങി നിരവധി നാടകങ്ങളുടെ രചനയും സംഭാഷണവും സംവിധാനവും. ഇതിലെല്ലാം മികച്ച നടനും നടിയുമൊക്കെ പിറന്നു. ഇവരിലേക്ക് എങ്ങനെയാണ് എത്തുക?

സൗന്ദര്യമോ പാരമ്പര്യമോ ഒന്നും നോക്കാറില്ല. എന്തെങ്കിലുമുണ്ടായാല്‍ അത് മിനുക്കിയെടുക്കാന്‍, ശേഷിയിലേക്കെത്തിക്കലാണ് ഒരധ്യപകനെന്ന നിലയില്‍ എന്റെ ചുമതല. കുട്ടികളെ കാണുമ്പോള്‍ത്തന്നെ കഥാപാത്രങ്ങള്‍ മനസിലേക്കെത്തും. ഇതുവരെ കണ്ടെത്തിയവരൊന്നും തെറ്റിയിട്ടില്ല.

എടുത്തുപറയാവുന്ന ശിഷ്യര്‍?

എന്നും എന്നെ അതിശയിപ്പിച്ചിട്ടുള്ള പ്രതിഭ മുംതാസ് എന്ന എന്റെ ശിഷ്യയാണ്. ബീരാന്റെ കിണര്‍ എന്ന എന്റെ ആദ്യ നാടകത്തിലെ നായിക. പിന്നെയുമുണ്ട് ഒരുപാടുപേര്‍… മേഘ്‌ന, നാടകക്കളരിയിലൂടെ ഞാന്‍ കണ്ടെത്തിയ ദീപു മോഹന്‍ദാസ്, പുത്തന്‍പണം എന്ന ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പമഭിനയിച്ച സ്വരാജ്.

സ്വരാജ് എന്റെ ഹ്രസ്വചിത്രത്തിലഭിനയിച്ചിരുന്നു. പിന്നീട് രഞ്ജിത്തേട്ടന്‍ ചിത്രത്തിലേക്ക് ഒരു കുട്ടിയെ വേണമെന്ന് പറഞ്ഞപ്പോള്‍ ഞാനാണ് സ്വരാജിന്റെ പേര് പറഞ്ഞത്. കലാസംവിധാനരംഗത്തുള്ള വൈഷ്ണവ് അങ്ങനെ ഏറെപ്പേരുണ്ട് ശിഷ്യരായി. കൂടാതെ എന്റെ കലാപ്രവര്‍ത്തനത്തിലുടനീളം എന്നെ അനുഗമിക്കുന്ന സഹസംവിധായകര്‍ നാലുപേരുണ്ട്, അനന്തു, റെജി, വിനീത്, അനീഷ്.

എന്താണിനി?

എന്തായാലും പുതിയ സിനിമയ്ക്കായി തിരക്കഥയെഴുതുകയാണിപ്പോള്‍. കെഎസ്ആര്‍ടിസി കാഞ്ഞങ്ങാട് ഡിപ്പോയിലെ ഡ്രൈവറായി ജോലി നോക്കുന്നു.

പത്താംതരം തോറ്റ്, ഒന്നുമാകില്ലെന്ന് വിധിയെഴുതിയ ചെറുപ്പക്കാരന്‍. ഇന്നയാള്‍ സര്‍ക്കാരുദ്യോഗസ്ഥനാണ്. അതും പണ്ട് കല്ലെറിഞ്ഞുനടന്ന കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവര്‍. മുന്‍പ് മറ്റുള്ളവര്‍ തന്നെ ശ്രദ്ധിക്കണമെന്ന് വാശിപിടിച്ചവന്‍, ഇപ്പോള്‍ ലോകമറിയുന്ന കലാകാരനാണ്. അന്ന് സ്‌നേഹം കൊണ്ട് മുറിവേറ്റവന്‍ ഇന്ന് നല്ലൊരു കുടുംബനാഥനാണ്. എല്ലാം തികഞ്ഞൊരു അച്ഛനാണ്, മകനാണ്, ഭര്‍ത്താവാണ്.

ഒരു മനുഷ്യന്‍ എന്തായിത്തീരുമെന്ന് വിധിയെഴുതാന്‍ ആര്‍ക്കുമാകില്ലെന്ന് മണിവര്‍ണന്‍ കാണിച്ചുതരുന്നു. ഇന്നലെകളുടെ മുന്‍വിധികളെ തിരുത്തിയെഴുതി ഇന്നിലൂടെ ആയാള്‍ സര്‍വശക്തിയുമെടുത്ത് നടക്കുകയാണ്, നാളെയിലേക്കെത്തിച്ചേരാന്‍. കഥയുടെ, മനുഷ്യമനസുകളുടെ നിശ്വാസങ്ങളുംപേറി , കലയുടെ -സിനിമയുടെ ഗിരിശൃംഗമേറാന്‍.

ഉച്ചത്തില്‍ സംസാരിക്കുകയും നിഷ്‌കളങ്കമായി പൊട്ടിച്ചിരിക്കുകയും തുറന്ന് പെരുമാറുകയും ചെയ്യുന്ന മണിവര്‍ണന്‍- ദൈവമെഴുതിയ അതിനാടകീയകഥയിലെ ലക്ഷണമൊത്ത നടനല്ലേ ഇയാള്‍ ഇനിയും ആടിത്തീര്‍ക്കാന്‍ ഏറെ അഭിനയമൂഹുര്‍ത്തങ്ങളും സ്വന്തമാക്കാന്‍ ഒട്ടേറെ നേട്ടങ്ങളുമുള്ള നായകന്‍- നിങ്ങള്‍ക്കായി ലോകം ഇനിയുമേറെ നിഗൂഡതകള്‍ ബാക്കിവെച്ചിട്ടുണ്ട് മണിവര്‍ണന്‍. കാത്തിരിക്കാം.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More