തളരാന്‍ ഞാന്‍ തയ്യാറല്ല: മിനി ചാക്കോ പുതുശ്ശേരി
വിധിക്ക് മിനി ചാക്കോ പുതുശ്ശേരിയോട് അസൂയ തോന്നിയിട്ടുണ്ടാകണം. അതിനാലാണ് ഒരു ശലഭത്തെപ്പോലെ പാറിനടന്ന ആ കുഞ്ഞുപെണ്‍കുട്ടിയുടെ സൗഭാഗ്യങ്ങളെ അവളുടെ ഒന്‍പതാം വയസ്സില്‍തന്നെ വിധിയാല്‍ തല്ലിക്കെടുത്താന്‍ ശ്രമിച്ചത്. പക്ഷേ തോറ്റത് മിനിയല്ല, വിധിയാണ്. അവിടെ നിന്നങ്ങോട്ട് തോല്‍ക്കാന്‍ മിനി നിന്നുകൊടുത്തിട്ടേയില്ല. ജീവിതത്തില്‍ നേരിടേണ്ടിവന്ന എല്ലാ പ്രതിസന്ധികളും പുഞ്ചിരിയോടേറ്റു വാങ്ങി വീല്‍ചെയറിലിരുന്നുകൊണ്ട് അവര്‍ പുതിയ ഒരു ലോകത്തെത്തന്നെ സൃഷ്ടിച്ചു.
തന്നെക്കൊണ്ട് സാധിക്കാവുന്നതെല്ലാം ചെയ്തു. ആഭരണങ്ങള്‍, പേപ്പര്‍ സീഡ് പേനകള്‍, തുണിസഞ്ചികള്‍, ജൂട്ട് ബാഗുകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണങ്ങളിലൂടെ അവര്‍ ഉപജീവനമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി. അങ്ങനെ അവര്‍ ജീവിതത്തെ കൈപ്പിടിയിലൊതുക്കി. അവിടെയും വിധി ഒരു ട്വിസ്റ്റ് കരുതിയിട്ടുണ്ടായിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റിന്‍ കേരളക്കരയാകെ പ്രളയം വിഴുങ്ങിയപ്പോള്‍ അതിന്റെ നേര്‍സാക്ഷിയാകാനായിരുന്നു ഇത്തവണ മിനിയ്ക്കുള്ള വിധി. എല്ലാം പ്രളയജലം കൊണ്ടുപോയപ്പോള്‍ ഉപജീവനവും ആശങ്കയിലായി. എന്നാലതിനെയും സധൈര്യം നേരിട്ടുകൊണ്ട് മിനി പ്രളയാനന്തര ജീവിതത്തിലേക്ക് പിച്ചവയ്ക്കുകയാണ്. മിനിയുമായി ദേവി കൃഷ്ണ സംസാരിക്കുന്നു.
എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരിയ്ക്കടുത്ത് കുറ്റിപ്പുഴയില്‍ പുതുശ്ശേരി വീട്ടില്‍ ചാക്കപ്പന്‍ – ഏലമ്മ ദമ്പതികളുടെ അഞ്ചു മക്കളിലൊരാളായ മിനി എന്ന മിനി ചാക്കോ പുതുശ്ശേരി എല്ലാവര്‍ക്കുമൊരു പ്രചോദനമാണ്. പരിമിതികളൊന്നും പരിമിതികളേയല്ലെന്നോര്‍മ്മിപ്പിക്കുന്ന, വീല്‍ചെയറുകളിലും കിടക്കകളിലും ജീവിതം തള്ളിനീക്കേണ്ടി വന്നിട്ടും തങ്ങളെക്കൊണ്ടാവുന്നതെല്ലാം ചെയ്യുന്ന ഒട്ടനേകം ഭിന്നശേഷിക്കാര്‍ക്ക് അവര്‍ സഹോദരിയും മാര്‍ഗ്ഗദര്‍ശിയുമാണ്. പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ട് നീങ്ങുന്ന പ്രതീക്ഷയാണ് മിനിയുടെ ജീവിതം. പ്രളയജലം സ്പര്‍ശിച്ചതിന്റെ ശേഷിപ്പുകളായി വിത്തുകള്‍ മുളച്ച പേപ്പര്‍പേനകളുണ്ട്, നിറം മങ്ങി നശിച്ച ജൂട്ട് ബാഗുകളും, തുണിസഞ്ചികളുമുണ്ട്, ഒപ്പം സാമ്പത്തിക പ്രതിസന്ധിയുമുണ്ട്. എന്നിട്ടും തളരാത്ത പുഞ്ചിരിയോടെ മിനി പറഞ്ഞു തുടങ്ങി.
പ്രളയം തകര്‍ത്തെറിഞ്ഞ സ്വപ്നങ്ങള്‍, നശിച്ച പേപ്പര്‍ പേനകളും ബാഗുകളും തുണിസഞ്ചികളും. ഇവയൊക്കെ സൃഷ്ടിച്ച ആഘാതത്തില്‍ നിന്നുമുള്ള അതിജീവനത്തെക്കുറിച്ച്?
അതൊരു വലിയ കടമ്പയാണ്. അതിന്റെ ആഘാതത്തില്‍ നിന്നും ഇനിയും ആരും മുക്തരായിട്ടില്ല. കുഞ്ഞുങ്ങളെപ്പോലെ സ്‌നേഹിച്ചു സൂക്ഷിച്ചവയാണെല്ലാം. ഉണ്ടായ വിഷമമെത്രയെന്ന് പറഞ്ഞറിയിക്കാനാവില്ല. ഒരിക്കല്‍ നശിച്ചാല്‍ പിന്നെ ഒരുതരത്തിലും നമുക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുന്നതല്ലല്ലോ ഇതൊക്കെ. അതുകൊണ്ടുതന്നെ ഇനി ഒന്നേയെന്നു തുടങ്ങണം. പേപ്പര്‍ പേനകള്‍ നിര്‍മ്മിക്കാനാവശ്യമായ പേപ്പറുകള്‍, ശേഖരിച്ചു വച്ച വിത്തുകള്‍, പശ, റീഫില്ലുകള്‍, തുണിസഞ്ചികള്‍ക്കായി കരുതിവച്ച തുണികള്‍, ആഭരണ നിര്‍മ്മാണത്തിനാവശ്യമായ വസ്തുക്കള്‍, ഇതിനൊക്കെപ്പുറമെ നിര്‍മ്മാണം പൂര്‍ത്തിയായവ തുടങ്ങി വലിയ ഒരു നഷ്ടം തന്നെ സംഭവിച്ചിട്ടുണ്ട്. ചെറിയ ചെറിയ സഹായങ്ങളൊക്കെ കിട്ടുന്നുണ്ട്. എങ്കിലും നഷ്ടം വലുതാകുമ്പോള്‍ അതിജീവനം വലിയ പരീക്ഷണം തന്നെയാണ്. എന്നാല്‍ തളരാന്‍ പറ്റില്ലല്ലോ. മുന്നോട്ട് പോയല്ലേ പറ്റൂ?
പ്രളയാനന്തര ജീവിതമെന്നത് ഒരു വലിയ വെല്ലുവിളിയാണ്. സാമ്പത്തികമായി സംഭവിച്ച നഷ്ടത്തെക്കുറിച്ച്?
സാമ്പത്തിക സഹായങ്ങളൊക്കെ കുറവാണ്. അതിനൊക്കെ ഒരു പരിധിയില്ലേ, ശരിക്കും ഇത്തരമൊരവസ്ഥയില്‍ സാമ്പത്തികമായ പിടിച്ചുനില്‍പ്പ് ഉണ്ടായേ തീരൂ, എങ്കിലും നമുക്കങ്ങനെ ആവശ്യപ്പെടാന്‍ കഴിയില്ലല്ലോ. അറിഞ്ഞു ചെയ്യുന്ന സഹായങ്ങളൊക്കെ സ്വീകരിക്കാറുണ്ട്. പിന്നെ ഞങ്ങള്‍ക്കൊക്കെ വളരെച്ചെറിയ ഒരു തുകയാണ് പെന്‍ഷനായുള്ളത്. അതുകൊണ്ടുമാത്രം മുന്നോട്ട് പോകാനോ കുടുംബത്തെ സഹായിക്കാനോ സാധിക്കില്ല. ഉപജീവന മാര്‍ഗ്ഗങ്ങളടയുമ്പോള്‍ അതില്‍നിന്നുള്ള വരുമാനം തന്നെയല്ലേ ഇല്ലാതാകുന്നത്. ആദ്യംതൊട്ട് തുടങ്ങുമ്പോള്‍ മുതല്‍മുടക്കും വേണം. വല്ലാത്ത പ്രതിസന്ധിയില്‍ തന്നെയാണ്, എങ്കിലും നേരിട്ടല്ലേ പറ്റൂ? ഇത് ഞാന്‍ മാത്രം അഭിമുഖീകരിക്കുന്ന പ്രശ്‌നമല്ലല്ലോ, ഒട്ടേറെ ഭിന്നശേഷിക്കാര്‍ക്ക് ഇത്തരം അവസ്ഥകളെ നേരിടേണ്ടി വരുന്നുണ്ട്.
ഒന്‍പതു വയസ്സുവരെ ഓടിച്ചാടി നടന്ന പെണ്‍കുട്ടി. ആ ലോകം കൊട്ടിയടയ്ക്കപ്പെട്ടതിനെ എങ്ങനെ നേരിട്ടു?
നമുക്ക് പ്രാപ്യമായ എല്ലാ സുഖങ്ങളും സൗഭാഗ്യങ്ങളും, സ്വാതന്ത്ര്യങ്ങളുമൊക്കെ പെട്ടെന്നൊരു ദിവസമവസാനിക്കുമ്പോള്‍ എന്തായിരിക്കും അവസ്ഥ? വല്ലാത്ത ഒരു മരവിപ്പ്, ഒരു പകച്ചുനില്‍പ്പ്, അതായിരുന്നു ആദ്യം. അതുവരെ കണ്ട, അനുഭവിച്ച കാഴ്ചകള്‍, ചെയ്ത പ്രവര്‍ത്തികള്‍, സന്തോഷിച്ച നിമിഷങ്ങള്‍ എല്ലാമിങ്ങനെ മനസ്സില്‍ മിന്നിമറഞ്ഞുകൊണ്ടേയിരിയ്ക്കും. അത്തരമൊരവസ്ഥയെ അംഗീകരിയ്ക്കാന്‍ കുറച്ച് സമയം വേണ്ടി വന്നു. ഓടിച്ചാടി നടക്കാന്‍ കഴിയുന്നില്ലല്ലോ എന്നതായിരുന്നു പ്രധാനവിഷമം. സന്ധിവാതം ശരീരത്തെ കാര്‍ന്നുതിന്നുകയായിരുന്നു. അതുകൊണ്ട് പിന്നീട് പഠിക്കാനും കഴിഞ്ഞില്ല. നാലാം ക്ലാസ്സ് പൂര്‍ത്തിയാക്കാനേ കഴിഞ്ഞുള്ളൂ. പിന്നെ കുടുംബത്തിന്റെ പ്രാര്‍ത്ഥനയും പിന്തുണയും മരുന്നുകളേക്കാള്‍ ഫലം ചെയ്തു. നമ്മളെപ്പോലെ ഒരുപാട് ജീവിതങ്ങളുണ്ടെന്ന അറിവ് ആത്മവിശ്വാസവും നല്‍കി. അതിന്റെ ശക്തിയിലായിരുന്നു പിന്നീടങ്ങോട്ടുള്ള ജീവിതം.
ഭിന്നശേഷിക്കാരോടുള്ള സമൂഹത്തിന്റെ സമീപനം?
വീട്ടിലെ നാലുചുവരുകള്‍ക്കുള്ളിലൊതുങ്ങിക്കൂടേണ്ടവരാണ് ഭിന്നശേഷിക്കാരെന്ന് പണ്ടൊക്കെ ചിലരെങ്കിലും കരുതിയിട്ടുണ്ടാകാം. എന്നാലിന്നത്തെ സമൂഹത്തില്‍ അതിന് പ്രസക്തിയില്ല. നമുക്ക് മുന്നില്‍ പരിമിതികള്‍ സൃഷ്ടിക്കുന്നത്, ഒരു തരത്തില്‍പറഞ്ഞാല്‍ നമ്മള്‍ തന്നെയല്ലേ? വൈകല്യങ്ങളും രോഗങ്ങളുമൊന്നും പ്രതിസന്ധികളേയല്ല, അവയെയൊക്കെ നമുക്ക് അതിജീവിക്കാന്‍ കഴിയും. ആത്മവിശ്വാസവും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനൊരു മനസ്സും വേണമെന്നേയുള്ളൂ. ഭിന്നശേഷിക്കാര്‍ക്കും സമൂഹത്തില്‍ ഒരു സ്‌പേസ് ഉണ്ടെന്ന് സമൂഹം അംഗീകരിച്ചു കഴിഞ്ഞു. നിങ്ങള്‍ക്കറിയുമോ, പലതരത്തിലുള്ള ഭിന്നശേഷിക്കാരാണ് ”ഹാന്‍ഡിക്രോപ്‌സി” നു കീഴില്‍ ഒന്നിച്ചിരിക്കുന്നത്. ഏകദേശം മുന്നൂറിലധികം മനുഷ്യര്‍. സാധാരണ മനുഷ്യരെപ്പോലെതന്നെ മജ്ജയും മാംസവുമുള്ളവര്‍, ആഗ്രഹങ്ങളും സ്വപ്നങ്ങളുമുള്ളവര്‍, അവയൊന്നും പാതിവഴിയ്ക്ക് നിലയ്ക്കാനുള്ളതല്ല. ഒന്നുമൊരു പരിമിതിയോ പ്രതിസന്ധിയോ അല്ല. ജീവിച്ചേ മതിയാകൂവെന്ന വാശി മാത്രം മതി. ആ വാശിയാണ് ഈ മനുഷ്യരെയെല്ലാം മുന്നോട്ട് കൊണ്ടുപോകുന്നത്. കമിഴ്ന്നു കിടക്കാന്‍ മാത്രം വിധിയ്ക്കപ്പെട്ടവരുണ്ട് ഞങ്ങള്‍ക്കിടയില്‍. അവര്‍ ആ കിടക്കയില്‍ കിടന്നുകൊണ്ടുതന്നെ പേപ്പര്‍ പേനകളുണ്ടാക്കുന്നു, ബാഗുകള്‍ തുന്നിയെടുക്കുന്നു, അവരുടേതായ രീതിയില്‍ വരുമാനം നേടുന്നു.
പിന്തുണകള്‍?
വിലമതിക്കാനാവാത്ത ഒന്നാണ് ഈ പിന്തുണകള്‍. വീടിന്റെയും നാടിന്റെയും വ്യക്തികളുടെയും സംഘടനകളുടെയുമൊക്കെ. ഒരര്‍ത്ഥത്തില്‍ ഇവരൊക്കെയാണെന്റ് ജീവനും ജീവിതവുമൊക്കെ. നമ്മള്‍ക്ക് എത്ര ആത്മവിശ്വാസം ഉണ്ടായാലും ചുറ്റുമുള്ളവര്‍ തളര്‍ത്താന്‍ ശ്രമിച്ചാല്‍ അതിജീവനം കല്ലുംമുള്ളും നിറഞ്ഞതാവും. എന്നാല്‍ എല്ലാവരും ഒപ്പംതന്നെയുണ്ട്. അതൊരു വലിയ അനുഗ്രഹമല്ലേ? ഒരു ഫോണ്‍ വിളിയ്ക്കപ്പുറം സാന്ത്വനമായി ചിലരുണ്ട്, പേപ്പര്‍ പേനകള്‍ നിര്‍മ്മിക്കാനാവശ്യമായ മാഗസിനുകളൊക്കെ എത്തിച്ചു തരുന്നവര്‍, വിത്തുകള്‍ അയച്ചുതരുന്നവര്‍, സുഹൃത്തുക്കള്‍, കുടുംബം, സഹോദരങ്ങള്‍, പകരം വയ്ക്കാനില്ലാത്ത ചില ബന്ധങ്ങള്‍ എല്ലാം. പിന്നെ സമൂഹത്തിന്റെ അംഗീകാരവും പിന്തുണയും. സധൈര്യം മുന്നോട്ട് പോകാന്‍ അവ നല്‍കുന്ന പ്രചോദനം വളരെ വലുതാണ്.
സോഷ്യല്‍ മീഡിയ ജീവിതത്തെ എത്രത്തോളം മാറ്റിമറിച്ചു?
ഞങ്ങളെപ്പോലുള്ളവരുടെ ജീവിതം ഒന്നു പച്ചപിടിപ്പിച്ചത് സോഷ്യല്‍ മീഡിയയാണെന്ന് നിസ്സംശയം പറയാം. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒട്ടും പരിമിതികളില്ലാത്ത ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് രംഗത്തേക്കു തിരിയുമ്പോള്‍ ഒന്നുമറിയില്ലായിരുന്നു എനിക്ക്. ഇരുപത്തിയേഴ് വര്‍ഷത്തിലേറെയായി പൂര്‍ണ്ണമായും വീല്‍ചെയറില്‍ കഴിയേണ്ടിവന്ന എനിയ്ക്ക് വലിയൊരു തുടക്കമായിരുന്നു അത്. ഞാന്‍ കൈകൊണ്ട് നിര്‍മ്മിച്ച ഫാന്‍സി ആഭരണങ്ങളൊക്കെ അതുവഴിയായിരുന്നു വിറ്റഴിച്ചത്. അതുപോലെതന്നെ ആദ്യമായി രണ്ട് സീഡ്‌പെന്‍ ഉണ്ടാക്കിയ ശേഷം ഒരു ഫോട്ടോയെടുത്ത് ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്തു. അതാണ് ഇവിടെവരെയെത്തി നില്‍ക്കുന്ന എന്റെ യാത്രയില്‍ സംഭവിച്ച പ്രധാന നിമിത്തം. ആ ഫോട്ടോ അപ്‌ലോഡ് ചെയ്തു ദിവസങ്ങള്‍ക്കുള്ളില്‍ എനിയ്ക്ക് ധാരാളം ഓര്‍ഡറുകള്‍ കിട്ടി. ഇന്നിപ്പോള്‍ വാട്‌സാപ്പും ഒരു വലിയ പങ്കു വഹിക്കുന്നുണ്ട്.
ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗില്‍ ഇപ്പോഴും സജീവമാണോ?
തുടക്കത്തില്‍ അതൊരു വലിയ വിജയമായിരുന്നു. എന്റെ ബുദ്ധിമുട്ടുകള്‍ കണ്ടറിഞ്ഞ തിരുവനന്തപുരം ആസ്ഥാനമായുള്ള സീയേഴ്‌സ് ലെഗ് കമ്പനിയാണ് തികച്ചും സൗജന്യമായി ഒരു ഓണ്‍ലൈന്‍ ഷോപ്പ് ചെയ്തുതന്നത്. www.sachooscollections.com എന്ന വെബ്‌പേജും അതിന്റെ ഫെയ്‌സ്ബുക്ക് പേജും വഴി വരുമാനം നേടാന്‍ കഴിഞ്ഞു. ഡിജിറ്റലൈസേഷന്റെ കാലമല്ലേ, അത്തരം ഇടപാടുകള്‍ തന്നെയാണ് നല്ലത്. മാത്രമല്ല, ഞങ്ങളെപ്പോലുള്ളവര്‍ക്കും അതായിരുന്നു സൗകര്യം. നല്ല നല്ല ഇടപാടുകള്‍ നടത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കുറച്ച് നാളുകള്‍ക്കു മുമ്പ് അത് ഹാക്ക് ചെയ്യപ്പെട്ടു. അതിനാല്‍ത്തന്നെ അത് വഴിയുള്ള വരുമാനം നിലച്ചു. ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ട്. അതിനെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിയ്ക്കുന്നു.
വിത്തുകളൊളിപ്പിച്ച പേപ്പര്‍ പേനകളിലൂടെ, തുണിസഞ്ചികളിലൂടെ, മിനി നടപ്പിലാക്കാനുദ്ദേശിക്കുന്ന ആശയം പൂര്‍ണ്ണവിജയമാകുമെന്ന പ്രതീക്ഷയുണ്ടോ?
പേപ്പര്‍ പേനകളിലൊളിച്ചിരിക്കുന്നത് പുതുജീവനുകളാണ്. നാളത്തെ തലമുറയുടെ നിലനില്‍പ്പിന് അത് അനിവാര്യവുമാണ്. നമ്മള്‍ സാധാരണ ചിന്തിയ്ക്കാത്ത ഒരു കാര്യം പറയാം. കുറേനാള്‍മുമ്പ് ഒരു സ്‌കൂളില്‍ പേപ്പര്‍ പേനകളെക്കുറിച്ചും അവയുടെ നിര്‍മ്മാണത്തെക്കുറിച്ചും ക്ലാസ്സെടുക്കാന്‍ പോയി. അവിടെ, ഒരു കുട്ടി പറഞ്ഞ കാര്യമെന്നെ അത്ഭുതപ്പെടുത്തി. ഒരു പേന വാങ്ങിയാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ അത് ഉപയോഗശൂന്യമാകുമത്രേ. 1300 ലധികം കുട്ടികള്‍ പഠിക്കുന്ന ഒരു സ്‌കൂളിന്റെ പശ്ചാത്തലത്തില്‍ പുറന്തള്ളപ്പെടുന്ന പ്ലാസ്റ്റിക്ക് പേനകളുടെ എണ്ണമൊന്നോര്‍ത്തു നോക്കൂ. നമ്മളൊക്കെ സാധാരണ എന്താ ചെയ്യുന്നത്? റീഫില്ലുകള്‍ മാറിയിടലൊന്നും ഇപ്പോഴില്ല. പകരം ഒരു പേന വാങ്ങും, പഴയത് വലിച്ചെറിയുകയും ചെയ്യും. അത് ഭൂമിയ്ക്ക് അത്യന്തം ദോഷം വരുത്തി വയ്ക്കുന്നു. എന്നാല്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് പേനയുടെ സ്ഥാനത്ത് ഒരു പേപ്പര്‍ സീഡ്‌പെന്‍ ആണെങ്കിലോ? അത് ഭൂമിയ്ക്കു നല്‍കുന്നത് ഒരു പുത്തനുണര്‍വ്വും പുതുജീവനുമാണ്. അതുപോലെ തന്നെയാണ് തുണിസഞ്ചികളും. അവയൊക്കെ എത്രത്തോളം പ്ലാസ്റ്റിക് ഉപയോഗത്തെ കുറയ്ക്കുമെന്ന് ഒന്നു ചിന്തിച്ചു നോക്കൂ. പ്രളയശേഷം നദികളും മറ്റും തിരിച്ചു മനുഷ്യര്‍ക്കു നല്‍കിയ പ്ലാസ്റ്റിക് മാലിന്യങ്ങളൊക്കെ എല്ലാവര്‍ക്കും ഓര്‍മ്മ കാണുമല്ലോ. അത്തരം ഓര്‍മ്മകള്‍ സൂക്ഷിക്കുന്നവര്‍ക്ക് ഞങ്ങളുടേത് വരുമാനത്തിന് വേണ്ടി മാത്രമുള്ള മുറവിളികളായി തോന്നില്ല. മറിച്ച് പ്രകൃതിയ്ക്ക് ഒരു താങ്ങാകാം എന്നേ ചിന്തിയ്ക്കൂ. അങ്ങനെ ഒരാള്‍, ഒരാളെങ്കിലും ആ നന്മ മനസ്സിലാക്കിയാല്‍ അതുമതി. അതാണ് വിജയത്തിലേക്കുള്ള ഞങ്ങളുടെ പ്രതീക്ഷയും പ്രാര്‍ത്ഥനയും.
കേരളം കണ്ട മഹാപ്രളയത്തെ അതിജീവിച്ചവരിലൊരാളെന്ന നിലയ്ക്ക്, ഇത് ഒരു മനുഷ്യനിര്‍മ്മിത ദുരന്തമാണെന്ന അഭിപ്രായമുണ്ടോ?
നമ്മള്‍ സാധാരണ മനുഷ്യരാണ്. പ്രകൃതി തന്ന സുഖസൗകര്യങ്ങളിലും കായ്കനികളിലുമൊക്കെ ജീവിതം പടുത്തുയര്‍ത്തിയവര്‍. കാലാന്തരത്തില്‍ പണവും പ്രശസ്തിയുമൊക്കെ ഭരിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ മനുഷ്യരല്ലാതായി മാറിയെന്നു മാത്രം. ആര്‍ത്തിപൂണ്ടെല്ലാം പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടയില്‍ അടിത്തറ പാകിയ പ്രകൃതിയെ ആരുമോര്‍ത്തില്ല. ഞാനിവിടെത്തന്നെയുണ്ട് എന്ന് ഈ പ്രളയത്തിലൂടെ ഒരു സൂചന നല്‍കിയതാണീ പ്രകൃതി. വയലുകളും കുന്നുകളുമൊക്കെ വെട്ടിനിരത്തി ബഹുനിലക്കെട്ടിടങ്ങള്‍ പണിയുമ്പോള്‍ നാം ഒരു മരത്തൈയ്യെങ്കിലും നട്ടോ? പരിസ്ഥിതിയെക്കുറിച്ച് ചിന്തിച്ചോ? ഒന്നുമില്ല. പരിസ്ഥിതിയ്ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിദിനത്തില്‍ മാത്രം നടക്കുന്ന ചില പ്രവൃത്തികളായി ചുരുങ്ങി. അതിനൊക്കെയുള്ള ഒരു മറുപടിയാണിത്. ഈ ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍ മനുഷ്യനും പങ്കാളിയാണെന്നതിനുള്ള സൂചന. ജീവനെങ്കിലും ബാക്കി വെച്ചല്ലോ. അതിനു നന്ദി പറയാം.
പുതുതലമുറയോട് എന്താണ് പറയാനാഗ്രഹിക്കുന്നത്?
പ്രളയത്തെ അതിജീവിച്ച ഒരാളാണു ഞാന്‍. പ്രളയത്തില്‍ താങ്ങായി, തണലായി, നന്മ മരങ്ങളായി നിന്ന ഒട്ടേറെ യുവതീ യുവാക്കളെ അടുത്തു കണ്ട, അവരിലെ നന്മ അനുഭവിച്ചറിഞ്ഞ ഒരാള്‍. അങ്ങനെയൊരാള്‍ എന്ന നിലയ്ക്ക് യുവതലമുറയുടെ കൈയ്യില്‍ സമൂഹത്തിന്റെ ഭാവി ഭദ്രമാണെന്നു പറയാം. ധാരാളം മാറ്റങ്ങള്‍ സമൂഹത്തിലുണ്ടാക്കാന്‍ അവര്‍ക്ക് കഴിയും. ഒട്ടേറെ സ്വപ്നങ്ങളും പറന്നുയരാന്‍ ചിറകുകളുമുള്ളവരാണവര്‍. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരില്‍ ഏറിയ പങ്കും അവരാണ്. അതിനാല്‍ത്തന്നെ ഒട്ടേറെ നന്മകള്‍ ചെയ്യാനവര്‍ക്കു കഴിയും. എനിക്കവരോട് മറ്റൊന്നും പറയാനില്ല. പേപ്പര്‍ പേനകള്‍ മുന്നോട്ട് വയ്ക്കുന്ന പ്രകൃതിയ്‌ക്കൊരു പുതുജീവനെന്ന ആശയവും പിന്നെ ‘ഞാന്‍’ എന്നതില്‍ നിന്നും എല്ലാവരും ‘നമ്മള്‍’ എന്ന് ചിന്തിക്കണമെന്ന ആശയവും മാത്രം പങ്കു വയ്ക്കുന്നു. ഇവ വാക്കുകളിലൊതുക്കപ്പെടാതെ പ്രവര്‍ത്തികളിലൂടെ മാതൃകയാകേണ്ടവയാണ്. അതിന് യുവതലമുറയ്ക്ക് തീര്‍ച്ചയായും കഴിയും. അവരുടെ സ്വപ്നങ്ങള്‍ക്കും, ആഗ്രഹങ്ങള്‍ക്കും, പ്രതീക്ഷകള്‍ക്കും പിന്തുണ നല്‍കുക. മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് അവസരം നല്‍കുക. അത്രയേ വേണ്ടൂ…
മിനി സന്തുഷ്ടയാണ്. മറ്റുള്ളവര്‍ക്ക് താനൊരു പ്രചോദനമാകുന്നു എന്നറിയുമ്പോള്‍ ചിലരുടെയെങ്കിലും സ്വപ്നങ്ങള്‍ക്കു നിറം പകരാന്‍ തനിയ്ക്കു കഴിഞ്ഞുവെന്നറിയുമ്പോള്‍, തൊടിയിലെ ചെടികളോടും പൂക്കളോടും കുശലം പറയുമ്പോള്‍, അങ്ങനെ മിനി ആഘോഷിക്കുകയാണ്… വിധിയെ തോല്‍പ്പിച്ച ജീവിതം കൊണ്ട്…
(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ദേവി കൃഷ്ണ)
Comments are closed.