ഒരു സ്റ്റാര്‍ട്ട് അപ്പ് പ്രണയ കഥ

ഇത് സ്റ്റാര്‍ട്ട് അപ്പുകളുടെ കാലമാണ്. മറ്റൊരാളുടെ കീഴില്‍ പണിയെടുക്കാന്‍ മടിക്കുന്നവര്‍ക്ക്, സ്വന്തമായി ഒരു ബിസിനസ്. അത്തരത്തില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ നടത്തി വിജയം കൈവരിച്ച മലയാളി ദമ്പതികളാണ് അനീഷ് അച്യുതനും മേബിള്‍ ചാക്കോയും. ചെറുകിട, ഇടത്തരം സംരംഭകരെ ലക്ഷ്യം വച്ചുകൊണ്ടുള്ള ഇവരുടെ ഏറ്റവും പുതിയ സ്റ്റാര്‍ട്ട് അപ്പാണ് ‘ഓപ്പണ്‍ മണി’. ചെറിയ സമയത്തിനുള്ളില്‍ തന്നെ വന്‍വിജയമായി മാറിയ ഈ ധനകാര്യ സ്റ്റാര്‍ട്ട് അപ്പിനെ കുറിച്ച് കൂടുതല്‍ അറിയാം. ഓപ്പണ്‍ മണി അടുത്തിടെ 12 കോടി രൂപയുടെ നിക്ഷേപമാണ് നേടിയത്. ബംഗളുരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് ആസ്ഥാനം മാറ്റുന്ന കമ്പനിയുടെ വിശേഷങ്ങള്‍ സഹ സ്ഥാപകയും ചീഫ് ഓപറേറ്റിങ് ഓഫീസറുമായ മേബിള്‍ ചാക്കോ അഭിമുഖം ഓണ്‍ലൈന്‍ പ്രതിനിധി വിനീത രാജുമായി പങ്കുവയ്ക്കുന്നു.

എന്തുകൊണ്ട് സ്റ്റാര്‍ട്ട് അപ്പ് രംഗം

ഞങ്ങള്‍ രണ്ടുപേരും സ്വന്തം കാലില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അതുപോലെ, വ്യത്യസ്തമായ എന്തെങ്കിലുമായിരിക്കണം തൊഴില്‍ മേഖലയെന്നും തീരുമാനിച്ചുറപ്പിച്ചിരുന്നു. ഇതിന് മുന്നേ ഞങ്ങള്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ നടത്തിയിട്ടുണ്ട്. അവ വിജയിച്ച ചരിത്രം കൂടിയുള്ളതുകൊണ്ടാണ് ഇത് തന്നെയാണ് മുന്നോട്ടുള്ള വഴിയെന്ന് തീരുമാനിച്ചത്. നമുക്ക് മുന്നില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ തുറന്നു വയ്ക്കുന്ന ഒരുപാട് അവസരങ്ങളുണ്ട്. അല്പം ക്ഷമയും ബുദ്ധിയും ജോലി ചെയ്യാന്‍ മടിയില്ലാത്ത ഒരു മനസുമുണ്ടെങ്കില്‍ ആര്‍ക്കും സ്റ്റാര്‍ട്ട് അപ്പിലേക്ക് തിരിയാം.



ഓപ്പണ്‍മണി എന്ന ധനകാര്യ സ്റ്റാര്‍ട്ട് അപ്പ്

പേര് സൂചിപ്പിക്കുന്നതു പോലെ ഓപ്പണ്‍മണി ഒരു ധനകാര്യ സ്റ്റാര്‍ട്ട് അപ്പ് ആണ്. ചെറുകിട, ഇടത്തരം സംരംഭകരെ ലക്ഷ്യം വച്ചുകൊണ്ടാണ് ഞങ്ങളിത് തുടങ്ങിയിരിക്കുന്നത്. ചെറുകിട സംരംഭകര്‍ക്കായി ഡിജിറ്റല്‍ കറന്റ് അക്കൗണ്ട് ലഭ്യമാക്കുകയാണ് ഓപ്പണ്‍ മണി ചെയ്യുക. സാധാരണ ഗതിയില്‍ ബാങ്കുകളില്‍ കയറിയിറങ്ങിയാണ് ഇതെല്ലാം ചെയ്യേണ്ടി വരുന്നത്. അവിടെ ചെല്ലുമ്പോള്‍ നൂറ് നൂലാമാലകളുണ്ടാകും. ആ പേപ്പര്‍ എവിടെ, മറ്റേ പേപ്പര്‍ എവിടെ തുടങ്ങി നൂറ് ചോദ്യങ്ങളും. എന്നാല്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നത് വെറും അഞ്ചു മിനിട്ട് സമയം മാത്രമാണ്. അതിനുള്ളില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയും. സാധാരണഗതിയില്‍ ബാങ്കില്‍ പോയി രേഖകള്‍ സമര്‍പ്പിച്ചാലും ഏതാനും ദിവസം കൊണ്ടു മാത്രമേ കറന്റ് അക്കൗണ്ട് തുറക്കാനാകൂ. പക്ഷേ, ഓപ്പണ്‍ മണി അങ്ങനെയല്ല. അഞ്ചു മിനിട്ടിനുള്ളില്‍ നിങ്ങള്‍ക്ക് കറന്റ് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ കഴിയും. മാത്രവുമല്ല, ഞങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന ചില ഓഫറുകളുണ്ട്. അത് കൂടി അറിഞ്ഞിരിക്കണം. വെറും അക്കൗണ്ട് എന്നതിനപ്പുറം, ജിഎസ്ടി റിട്ടേണ്‍സ് ഫയല്‍ ചെയ്യുന്നത് ഉള്‍പ്പെടെ പല സേവനങ്ങളും ലഭ്യമാകും. ആവശ്യക്കാരുടെ താത്പര്യാര്‍ത്ഥം എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ വഴിയാക്കുകയാണ്. ഹ്രസ്വകാല വായ്പകള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുമെന്നതാണു മറ്റൊരു സവിശേഷത.

കേരളത്തില്‍ ഇതുപോലൊരു സ്റ്റാര്‍ട്ട് അപ്പ് തുടങ്ങാന്‍ ഉദ്ദേശിച്ചപ്പോള്‍ ആശങ്കകളുണ്ടായിരുന്നില്ലേ?

തീര്‍ച്ചയായിട്ടും ഉണ്ടായിരുന്നു. ആകെയുള്ള ധൈര്യം മുമ്പ് ചില സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങി വിജയിപ്പിച്ചുവെന്നത് മാത്രമാണ്. എന്നാല്‍ ഇപ്പോള്‍ ആ ആശങ്കകളെല്ലാം മാറി. ഏകദേശം ഒരു വര്‍ഷമായി ഓപ്പണ്‍ മണി തുടങ്ങിയിട്ട്. ചെറിയ കാലയളവിനുള്ളില്‍ തന്നെ വളരെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. തുടങ്ങിയ സമയത്ത് ഇതിന്റെ വിജയത്തെ കുറിച്ചും ഭാവിയെ കുറിച്ചുമൊക്കെ നല്ലതുപോലെ ടെന്‍ഷനടിച്ചിട്ടുണ്ട്. പക്ഷേ, ഇപ്പോള്‍ ഈ വിജയം ആ ടെന്‍ഷനെയെല്ലാം മറികടിക്കുന്ന സന്തോഷമാണ് സമ്മാനിക്കുന്നത്.

എങ്ങനെയാണ് ഓപ്പണ്‍ മണിയുടെ പ്രവര്‍ത്തനം? എവിടെയാണ് ഓഫീസ്?

ബെംഗളൂരു ആസ്ഥാനമായിട്ടാണ് ഞങ്ങള്‍ കമ്പനി തുടങ്ങിയത്. ഇപ്പോള്‍ തിരുവനന്തപുരത്തേക്ക് മാറ്റുകയാണ്. കൂടുതല്‍ ക്ലയന്റ്‌സും ഇവിടെ നിന്നാണ് കിട്ടുന്നത്. അതുപോലെ മലയാളികള്‍ തന്നെയാണ് കൂടുതല്‍ പേരും. ഏഴു ബാങ്കുകളുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഒറ്റ ബാങ്കിന്റെ സഹകരണം മാത്രം മതി, പക്ഷേ ഞങ്ങള്‍ക്ക് മറ്റു ബാങ്കുകളുടെ സേവനം ഇങ്ങോട്ടേക്ക് ലഭിക്കുകയായിരുന്നു. സ്റ്റാര്‍ട്ട് അപ്പ് തുടങ്ങിയപ്പോള്‍ തന്നെ സപ്പോര്‍ട്ട് തരാന്‍ ബാങ്കുകളുണ്ടായിരുന്നു. അതും ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ഡിജിറ്റല്‍ പേയ്മെന്റ് കമ്പനിയായ പേ യു ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ അമരീഷ് റാവു, മാനേജിങ് ഡയറക്ടര്‍ ജിതേന്ദ്ര ഗുപ്ത തുടങ്ങിയ പ്രമുഖരാണ് ഓപ്പണ്‍ മണിയിലെ പ്രാരംഭ നിക്ഷേപകര്‍.

ആരൊക്കെയാണ് ഓപ്പണ്‍ മണിയ്ക്ക് കീഴില്‍ വരുന്നത്. സാധാരണക്കാര്‍ക്ക് എത്രത്തോളം അവസരം കിട്ടുന്നുണ്ട്?

ചെറിയ ചെറിയ സംരംഭകരാണ് ഞങ്ങളുടെ ക്ലയന്റ്‌സ്. അവരെ ലക്ഷ്യമാക്കിയാണ് ഞങ്ങള്‍ ഈ സ്റ്റാര്‍ട്ട് അപ്പ് തുടങ്ങിയതു പോലും. ഇതില്‍ ട്യൂഷന്‍ ടീച്ചര്‍മാരുണ്ട്, സ്വന്തമായി കേക്ക് ഡിസൈന്‍ ചെയ്യുന്നവരുണ്ട്, ബേക്കറി നടത്തുന്നവരുണ്ട്, പെയിന്റ് ചെയ്യുന്നവരുണ്ട്, ബ്യൂട്ടി പാര്‍ലറും സ്റ്റിച്ചിംഗ് സെന്റേഴ്‌സും നടത്തുന്നവരുണ്ട്.. ചെറിയ വരുമാനമായാല്‍ കൂടി അത് നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഓരോ മലയാളിയും. അത് തിരിച്ചറിഞ്ഞാണ് ഞങ്ങളും ഇങ്ങനെയൊരു തീരുമാനമെടുത്തത്. ഇവരൊക്കെ പലപ്പോഴും വലിയ വലിയ ബാങ്കുകളെ സമീപിക്കാന്‍ മടിക്കുന്നവരാകും, മാത്രവുമല്ല അതിന്റെ പിന്നാലെ കയറിയിറങ്ങി നടക്കാന്‍ അവര്‍ക്ക് വേണ്ട സമയവുമുണ്ടാകില്ല. ഇതില്‍ പ്രായവ്യത്യാസമോ ലിംഗ വ്യത്യാസമോയില്ല. ഏകദേശം ആയിരത്തിയഞ്ഞൂറ് ക്ലയന്റ്‌സ് ഞങ്ങള്‍ക്കിപ്പോഴുണ്ട്.

മേബിള്‍ ചാക്കോയും അനീഷ് അച്യുതനും ഓപ്പണ്‍ മണിയുടെ സ്ഥാപകര്‍ എന്നതിലുപരി ഭാര്യാഭര്‍ത്താക്കന്മാര്‍ കൂടിയാണ്. എങ്ങനെയാണ് ജീവിതത്തില്‍ ഈ കൂട്ട് ഒരുമിച്ചത്?

വേണമെങ്കില്‍ ഞങ്ങളുടേത് ഒരു സ്റ്റാര്‍ട്ട് അപ്പ് പ്രണയം ആണെന്ന് പറയാം. രണ്ട് പേരും രണ്ട് സ്ഥലങ്ങളില്‍ നിന്നുള്ളവരാണ്. അനീഷ് പെരിന്തല്‍മണ്ണ സ്വദേശിയാണ്. ഞാന്‍ അഹമ്മദാബാദിലാണ് ജനിച്ചു വളര്‍ന്നത്. കുടുംബവേരൊക്കെ തിരുവല്ലയിലുണ്ട്. കൂടുതല്‍ സ്റ്റാര്‍ട്ട് അപ്പ് ഐഡിയകളുള്ള ആള് അനീഷാണ്. അനീഷിനെക്കുറിച്ചു മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച സ്റ്റാര്‍ട്ട് അപ്പ് വാര്‍ത്തകളൊക് ഞാന്‍ ശ്രദ്ധിക്കുമായിരുന്നു. അങ്ങനെയാണ് പരിചയപ്പെടുന്നത്. അന്ന് ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും രണ്ട് കമ്പനികളായിരുന്നു. പുള്ളിക്കാരന് നല്ല മീഡിയ ബന്ധമുണ്ട്. അതുപോലെ ഈ മേഖലയെ കുറിച്ച് നല്ല ധാരണയും. അങ്ങനെയാണ് സമാന ചിന്താഗതിക്കാരായതു കൊണ്ട് ഒരുമിച്ച് നിന്നാലോയെന്ന് തോന്നിയത്. അങ്ങനെ മൂന്ന് സ്റ്റാര്‍ട്ട് അപ്പുകള്‍ ഒരുമിച്ച് ചെയ്തു. മൂന്നും വിജയമായിരുന്നു. ഓപ്പണ്‍ മണി ഞങ്ങളുടെ നാലാമത്തെ സ്റ്റാര്‍ട്ടപ്പാണ്. ഇതിനിടയല്‍ ജീവിതത്തിലും ഒരുമിച്ചാല്‍ കൊള്ളാമെന്ന് തോന്നുകയായിരുന്നു. പരസ്പരം ആലോചിച്ചപ്പോള്‍ മുന്നോട്ടുള്ള വഴികളില്‍ ഒരുമിച്ച് നില്‍ക്കുന്നത് നല്ലതാണെന്ന് തോന്നി.

ഏതൊക്കെയായിരുന്നു ആദ്യകാല സ്റ്റാര്‍ട്ട് അപ്പുകള്‍?

കാഷ്നെക്സ്റ്റ്, നിയര്‍റ്റിവിറ്റി വയര്‍ലെസ്, സ്വിച്ച്. ഇത് മൂന്നും നല്ല രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് അവയെല്ലാം മറിച്ചു വില്‍ക്കുകയായിരുന്നു. അവയും ധനകാര്യ സ്റ്റാര്‍ട്ടപ്പുകള്‍ തന്നെയായിരുന്നു. ആ ധൈര്യത്തിലാണ് പുതുതായി ഒരു ധനകാര്യ സ്റ്റാര്‍ട്ടപ്പ് കൂടി തുടങ്ങാന്‍ തീരുമാനിച്ചത്. ഡിജിറ്റല്‍ നിയോ ബാങ്കുകള്‍, മൊബൈല്‍ ആപ്, വെബ്സൈറ്റ് എന്നിവ വഴിയാണു സേവനം ലഭ്യമാക്കുന്നത്. വിദേശത്താണ് ഇതിന് നല്ല മാര്‍ക്കറ്റുള്ളത്. ആ സാഹചര്യം മുന്നില്‍ കണ്ടിട്ടാണ് ഇവിടെയും നിയോ ബാങ്കുകള്‍ അവതരിപ്പിച്ചത്. ജനങ്ങള്‍ക്ക് എത്രയും ഈസിയായി കാര്യങ്ങള്‍ നടത്താന്‍ കഴിഞ്ഞാല്‍ അവരതില്‍ ആയിരിക്കില്ലേ സന്തോഷം കണ്ടെത്തുക. അതുപോലെ, എപ്പോഴും ജനങ്ങള്‍ ബുദ്ധിമുട്ടുന്നത് ബാങ്കിംഗ് കാര്യങ്ങളിലാണല്ലോ. കയറിയിറങ്ങി മടുക്കുന്നവരും കുറവല്ല. ഈ ഓണ്‍ലൈന്‍ കാലത്ത് ജനങ്ങള്‍ എത്രയും പെട്ടന്ന് ഓരോ കാര്യങ്ങളും ചെയ്തു തീര്‍ക്കാനല്ലേ ആഗ്രഹിക്കുക. അത് തന്നെയാണ് ഞങ്ങള്‍ ലക്ഷ്യം വച്ചിരിക്കുന്നതും. ആര്‍ക്കാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ സേവനങ്ങളെ കുറിച്ച് അറിയാന്‍ പാടില്ലാത്തത്. അഞ്ചു മിനിട്ടില്‍ നിങ്ങളുടെ ആവശ്യം ഞങ്ങള്‍ക്ക് നിറവേറ്റാന്‍ കഴിയും. അത് തന്നെയാണ് ഈ ഒരു വര്‍ഷത്തിനിടയിലെ വിജയം സൂചിപ്പിക്കുന്നതും.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More