പി ഡേവിഡ്: മലയാള സിനിമയുടെ ചരിത്ര നിമിഷങ്ങളുടെ ഉടമ
മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്ന് വിശേഷിപ്പിക്കാവുന്ന പി ഡേവിഡ് ഇന്നൊരു ചരിത്രശേഖരത്തിന് ഉടമയാണ്. സിനിമയില്‍ ഫോട്ടോകള്‍ എടുക്കുന്ന ജോലിയില്‍ സജീവമായിരുന്ന കാലത്ത് പലപ്പോഴും സംവിധായകരും നിര്‍മ്മാതാക്കളും വാഗ്ദാനം ചെയ്ത അദ്ദേഹത്തെ പണം നല്‍കാതെ പറ്റിച്ചിട്ടുണ്ട്. എങ്കിലും കാലം അദ്ദേഹത്തിന്റെ കൈയില്‍ ഏല്‍പിച്ചത് ഫോട്ടോഗ്രാഫിയില്‍ ഡിജിറ്റല്‍ വിപ്ലവം വരുന്നതിന് മുമ്പുള്ള കാലഘട്ടത്തെ വിലമതിക്കാനാകാത്ത ചിത്രങ്ങളുടേയും നെഗറ്റീവുകളുടേയും ഉടമസ്ഥാവകാശമാണ്. സത്യനും പ്രേംനസീറും എംജിആറും മുതല്‍ മമ്മൂട്ടിയും മോഹന്‍ലാലും വരെ അഭിനയിച്ച ചിത്രങ്ങളിലെ അനശ്വര നിമിഷങ്ങള്‍ അദ്ദേഹത്തിന്റെ കാമറക്കണ്ണുകളില്‍ പതിഞ്ഞു. പി ഡേവിഡുമായി രാജശേഖരന്‍ മുതുകുളം സംസാരിക്കുന്നു.
ഫോട്ടോഗ്രാഫി രംഗത്ത് താങ്കള്‍ എത്തിച്ചേരുകയായിരുന്നോ? അതോ വീട്ടുകാര്‍ ഫോട്ടോഗ്രഫി രംഗത്തേക്ക് താങ്കളെ വിട്ടതാണോ?
എന്റ വീട്ടില്‍നിന്നും ആരും കലാരംഗത്തേക്ക് പോയിട്ടില്ല. എനിക്ക് ചെറുപ്പം മുതല്‍ ഫോട്ടോഗ്രാഫര്‍ ആകണമെന്നുള്ള ആഗ്രഹമായിരുന്നു. ഇരിങ്ങാലക്കുടയിലുള്ള പാട്ട്യാല സ്റ്റുഡിയോയിലാണ് ഞാന്‍ ഫോട്ടോഗ്രഫി പഠിച്ചത്. എന്റെ ഗുരു ലോനപ്പന്‍ ചിറയത്ത് എന്റെ ഒരു അങ്കിള്‍ കൂടിയാണ്. അദ്ദേഹം നന്നായി ഫോട്ടോഗ്രഫി പഠിപ്പിക്കുമായിരുന്നു. അങ്ങനെ അവിടെ നിന്ന് പഠിച്ച് കഴിഞ്ഞപ്പോള്‍ ആലുവയിലുള്ള ബാബു സ്റ്റുഡിയോയിലേക്ക് എന്നെ ജോലിയ്ക്ക് വിളിച്ചു. നൂറ് രൂപ ശമ്പളത്തില്‍ അവിടെ ജോലി ലഭിച്ചു. അന്നത്തെക്കാലത്ത് 100 രൂപ നല്ലൊരു തുകയായിരുന്നു. താമസസൗകര്യം ഫ്രീ. ഒരു മാസത്തേക്ക് എനിക്ക് 50 രൂപയേ ചെലവാകുകയുള്ളായിരുന്നു. ബാക്ക് എന്റെ കൈയില്‍ ഇരിക്കുമായിരുന്നു.
ആലുവയിലെ സ്റ്റുഡിയോയില്‍ നിന്നാണോ ചലച്ചിത്ര രംഗത്തെ സ്റ്റില്‍ ഫോട്ടോഗ്രഫി രംഗത്തേക്ക് പോയത്?
അല്ല. സ്റ്റുഡിയോയില്‍ പോകുമ്പോള്‍ ആദ്യ കാലങ്ങളില്‍ സ്റ്റുഡിയോയ്ക്കുള്ള പടമെടുക്കുകയും ഡെവലപ്പ് ചെയ്യുകയും പ്രിന്റ് അടിക്കുകയും ചെയ്യുമായിരുന്നു. പിന്നീടാണ് പുറത്ത് പോയി തുടങ്ങിയത്. അന്ന് കല്ല്യാണവും മറ്റും 120 ക്യാമറയില്‍ ഒരു റോള്‍ ഫിലിമിലെ എടുത്തിരുന്നുള്ളൂ. അന്നൊക്കെ കല്ല്യാണത്തിന്റെ ഫോട്ടോ എടുക്കാനും നന്നായി പാടുപെടണമായിരുന്നു. ഓരോ സ്‌നാപ്പ് ഫോട്ടോ എടുത്ത് കഴിയുമ്പോഴും ഫ്‌ളാഷിലെ ബള്‍ബ് മാറ്റിവയ്ക്കണമായിരുന്നു. അങ്ങനെ 12 ബള്‍ബ് മാറ്റിയിട്ടാണ് ഒരു റോള്‍ ഫിലിം എടുത്ത് തീരുന്നത്. അങ്ങനെ 120 ക്യാമറയില്‍ നന്നായി പഠമെടുക്കാന്‍ പഠിച്ചു. വലിയ ഫീല്‍ഡ് ക്യാമറ കൊണ്ടു പോയി സ്‌കൂളുകളിലെ ഗ്രൂപ്പ് ഫോട്ടോകളും എടുത്തു. ആ സ്റ്റുഡിയോയില്‍ നിന്ന് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഞാന്‍ മദ്രാസിലേക്ക് പോയി.
സിനിമയുടെ സ്റ്റില്‍ ഫോട്ടോഗ്രാഫിക്കുവേണ്ടിയാണോ മദ്രാസിലേക്ക് പോയത്?
എനിക്ക് സിനിമാട്ടോഗ്രഫി പഠിയ്ക്കണമെന്നുണ്ടായിരുന്നു. അതിലാണ് അവിടേക്ക് പോയത്. അവിടെ ശാരദാ സ്റ്റുഡിയോയില്‍ അപ്രന്റീസായി കയറി. ധാരാളം ചിത്രങ്ങളുടെ ഷൂട്ടിംഗ് അവിടെ നടക്കുമായിരുന്നു. തമിഴ്, തെലുങ്ക് സിനിമകളായിരുന്നു ആ സ്റ്റുഡിയോയില്‍ കൂടുതല്‍ ഷൂട്ട് ചെയ്തിരുന്നത്. ഒരു നേരത്തെ ചായ പോലും അവിടെ നിന്ന് തരില്ലായിരുന്നു. പട്ടിണി കിടന്ന് അനവധി വര്‍ഷം അവിടെ കഠിനാദ്ധ്വാനം ചെയ്താല്‍ നല്ലൊരു കാമറാമാനായി ജോലി ചെയ്യാന്‍ വയ്യാത്തതിനാല്‍ സിനിമാട്ടോഗ്രഫി ഞാന്‍ ഉപേക്ഷിച്ചു. പക്ഷേ, സിനിമയോടുള്ള ആഗ്രഹം എന്റെ മനസ്സില്‍ നിന്നും മാറിയില്ല.
സിനിമാട്ടോഗ്രഫി ഉപേക്ഷിച്ച് ഞാന്‍ എഗ്മൂറിലെ ഒരു സ്റ്റുഡിയോയില്‍ ഫോട്ടോഗ്രാഫറായി പ്രവേശിച്ചു. സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആകണം എന്ന ആശ എന്റെ മനസ്സിലില്‍ നിന്ന് മാറിയില്ല. എഗ്മൂറിലെ സ്റ്റുഡിയോയില്‍ ജോലി ചെയ്യുന്ന കാലത്താണ് എന്‍ എന്‍ പിഷാരടിയെ ഞാന്‍ പരിചയപ്പെടുന്നത്. എന്‍ എന്‍ പിഷാരടിയാണ് എന്ന മലയാളത്തിലെ ആദ്യ സ്റ്റില്‍ ഫോട്ടോഗ്രാഫറും നല്ല ചിത്രങ്ങളുടെ നിര്‍മ്മാതാവുമായ ശോഭന പരമേശ്വരന്‍ നായരെ പരിചയപ്പെടുത്തുന്നത്. പരിചയപ്പെട്ട് കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നോട് ചോദിച്ചു, നീ നന്നായി പടം എടുക്കുമല്ലോ. എന്റെ കൂടെ വര്‍ക്ക് ചെയ്യാമോ. എങ്കില്‍ നമുക്ക് ഒരുമിച്ച് ഒരുപാട് ചിത്രങ്ങളുടെ സ്റ്റില്‍സ് എടുക്കാം. എന്താ തയ്യാറാണോ. അങ്ങനെ അദ്ദേഹത്തിന്റെ കൂടെയാണ് സ്റ്റില്‍സ് എടുക്കാന്‍ തുടങ്ങിയത്.
ശോഭന പരമേശ്വരന്‍ നായരുടെ കൂടെ എത്രനാള്‍ ജോലി ചെയ്തു?
സ്റ്റുഡിയോയില്‍ നിന്ന് അവധി എടുത്താണ് സ്റ്റില്‍സ് എടുക്കാന്‍ ശോഭന പരമേശ്വരന്‍ നായരുടെ കൂടെ പോയി തുടങ്ങിയത്. ചില ദിവസങ്ങളില്‍ എന്നെക്കൊണ്ട് സ്റ്റില്‍ എടുപ്പിക്കുമായിരുന്നു. എടുക്കുന്ന എല്ലാ ഫോട്ടോകളും ഫിലിം ഡവലെപ് ചെയ്ത് ഞാന്‍ പ്രിന്റടിച്ച് കൊടുക്കണമായിരുന്നു. അദ്ദേഹം എടുക്കുന്ന എല്ലാ പടത്തിന്റേയും പ്രിന്റ് ഞാന്‍ അടിച്ച് കൊടുക്കണമായിരുന്നു. അദ്ദേഹത്തിന്റെ സഹായി എന്ന നിലയില്‍ പോലും ടൈറ്റിലില്‍ എന്റെ പേര് വയ്ക്കില്ലായിരുന്നു. പറയുന്ന പണമൊന്നും അദ്ദേഹം തരില്ലായിരുന്നു. പല ദിവസങ്ങളും അവധി എടുത്ത് സിനിമയുടെ പ്രിന്റ് അടിച്ച് കൊടുക്കാന്‍ പോയത് കാരണം സ്റ്റുഡിയോയില്‍ നിന്നും ശമ്പളം ലഭിച്ചതുമില്ല. അങ്ങനെയായപ്പോള്‍ സ്റ്റുഡിയോയിലെ ജോലി ഉപേക്ഷിക്കേണ്ടി വന്നു. ശോഭന പരമേശ്വരന്‍ നായരുടെ ഒരുപാട് ചിത്രങ്ങളുടെ സ്റ്റില്ലും പ്രിന്റും എടുത്ത് കൊടുക്കും. അതിനും കാശ് കിട്ടുകയില്ല.
സ്റ്റില്‍ എടുക്കുന്നത് നിര്‍ത്തി വേറെ സ്റ്റുഡിയോയില്‍ ജോലിക്ക് പോയി തുടങ്ങിയോ?
ഇല്ല. സിനിമയിലെ അനവധി ഷോട്ടുകളുടേയും പ്രശസ്ത നടീനടന്‍മാരുടേയും ഫോട്ടോകളുടെ നെഗറ്റീവ് എന്റെ കൈവശം ഉണ്ടായിരുന്നതിനാല്‍ അതില്‍ നിന്നും 12 X10 സൈസ് പ്രിന്റടിച്ച് കൊടുത്ത് പല പത്രങ്ങളില്‍ നിന്നും മാഗസീനില്‍ നിന്നും ഓരോ ചിത്രത്തിനും 10 രൂപ വച്ച് ഞാന്‍ വാങ്ങിയിരുന്നു. കാശില്ലാതെ ജോലി ചെയ്യുന്നതിനേക്കാള്‍ ജോലി ചെയ്തിട്ട് കാശ് വാങ്ങിച്ച് തുടങ്ങി.
അങ്ങനെ എത്രനാള്‍ ബുദ്ധിമുട്ടി?
അധികം നാള്‍ ബുദ്ധിമുട്ടിയില്ല. എന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയ എന്നെ സഹോദരനെ പോലെ സ്‌നേഹിക്കുന്ന എന്‍ എന്‍ പിഷാരടി സംവിധാനം ചെയ്ത അമ്മു എന്ന ചിത്രത്തില്‍ നിര്‍മ്മാതാവിനോട് സംവിധായകന്റെ ആവശ്യപ്രകാരം എന്നെ സ്റ്റില്‍ഫോട്ടോഗ്രാഫറായി എടുത്തു. അന്നൊക്കെ സിനിമ പല ഷെഡ്യൂളുകളായിട്ടാണ് എടുക്കുന്നത്. ഒരു ഷെഡ്യൂള്‍ കഴിഞ്ഞാല്‍ അടുത്ത ഷെഡ്യൂള്‍ മൂന്നും നാലും മാസം കഴിഞ്ഞായിരിക്കും എടുക്കുന്നത്. ഞാന്‍ സ്വന്തമായി സ്റ്റില്‍ എടുത്ത ചിത്രം അമ്മു ആണ്. അതിന്റെ ഒരു ഷെഡ്യൂള്‍ കഴിഞ്ഞപ്പോള്‍ പി എന്‍ മേനോന്‍ സംവിധാനം ചെയ്യുന്ന റോസി എന്ന ചിത്രത്തിന്റെ സ്റ്റില്‍ എടുക്കണമെന്ന് പറഞ്ഞു. പിഷാരടിയോട് അനുവാദം വാങ്ങി റോസിയുടെ സ്റ്റില്‍ എടുക്കാന്‍ പോയി. റോസിയാണ് ആദ്യം റിലീസ് അയാത്. അതിന് ശേഷം ഷൂട്ടിംഗ് കഴിഞ്ഞ് അമ്മുവും റിലീസ് ആയി. 1965-ലാണ് ഞാന്‍ വര്‍ക്ക് ചെയ്ത ചിത്രങ്ങള്‍ റിലീസായത്. തുടര്‍ന്ന് ചിത്രങ്ങള്‍ ലഭിച്ച് തുടങ്ങി.
താങ്കള്‍ ഏത് സംവിധായകന്റെ ചിത്രങ്ങള്‍ക്കാണ് കൂടുതല്‍ സ്റ്റില്‍സ് എടുത്തിരിക്കുന്നത്?
വിന്‍സെന്റ് മാഷിന്റെ ചിത്രങ്ങള്‍ക്ക് മിക്കതിനും ഞാന്‍ തന്നെയായിരുന്നു സ്റ്റില്‍ ഫോട്ടോഗ്രാഫര്‍. ലൈറ്റുകള്‍ ക്രമീകരിക്കുന്ന രീതിയും ഓരോ ചിത്രങ്ങള്‍ക്കും ഭംഗി കൂടാന്‍ ചെയ്യേണ്ട മാര്‍ഗ്ഗങ്ങളും വിന്‍സെന്റ് മാഷ് എനിക്ക് പറഞ്ഞ് തന്നു. ഓരോ ചിത്രമെടുക്കുമ്പോഴും സ്റ്റില്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അദ്ദേഹം പഠിപ്പിക്കുമായിരുന്നു.
വിന്‍സെന്റ് മാഷിന്റെ ഓരോ ചിത്രങ്ങളുടെ ഷൂട്ടിംഗും നമ്മളെ അത്ഭുതപ്പെടുത്തുമായിരുന്നു. നദി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് എവിടെ വച്ചായിരുന്നു എന്ന് ചോദിച്ചാല്‍ പലരും പറയും ആലുവയില്‍ വച്ചായിരുന്നുവെന്ന്. എന്നാല്‍ സിനിമയില്‍ ആലുവ പുഴ കാണിക്കുന്ന ദൃശ്യങ്ങള്‍ ആലുവയില്‍ വച്ച് എടുത്തതും പുഴയില്‍ കിടക്കുന്ന വള്ളങ്ങളുടെ ദൃശ്യങ്ങളും അതിന്റെ ഭാഗങ്ങളും എല്ലാം മദ്രാസില്‍ സ്റ്റുഡിയോയില്‍ സെറ്റിട്ട് ഷൂട്ട് ചെയ്തതുമാണ്. അതുപോലെ ആ കഥയിലെ കുട്ടി ആലുവ പുഴയുടെ അക്കരയ്ക്ക് നടന്ന് പോകുമ്പോള്‍ മുങ്ങി മരിക്കുന്ന ദൃശ്യങ്ങള്‍ മദ്രാസിലെ സ്റ്റുഡിയോയിലെടുത്ത ദൃശ്യങ്ങളാണ്.
വിന്‍സെന്റ് മാഷിന്റെ ചിത്രങ്ങള്‍ക്കെല്ലാം ഇത്തരം പ്രത്യേകതകള്‍ കാണും. നദി എന്ന ചിത്രത്തിലാണ് ഞാന്‍ ആദ്യമായി കളര്‍ സ്റ്റില്‍ എടുക്കുന്നത്. വിന്‍സെന്റ് മാഷ് കഴിഞ്ഞാല്‍ ശശി കുമാര്‍ സാറിന്റെ ചിത്രങ്ങളും ഞാന്‍ ധാരാളം സ്റ്റില്‍സ് എടുത്തിട്ടുണ്ട്. അവര്‍ രണ്ട് പേരും കൂടെ വര്‍ക്ക് ചെയ്യുന്നവരോട് ആത്മാര്‍ത്ഥതയുള്ളവരായിരുന്നു. അന്നുള്ള മിക്ക സംവിധായകരുടേയും ചിത്രങ്ങള്‍ക്ക് ഞാന്‍ സ്റ്റില്‍സ് എടുത്തിട്ടുണ്ട്. എ ബി രാജ്, ഭരതന്‍, ഐ വി ശശി, ശ്രീകുമാരന്‍ തമ്പി, കെ എസ് സേതുമാധവന്‍, ഹരിഹരന്‍ തുടങ്ങി ഒരുപാട് സംവിധായകരുടെ ചിത്രങ്ങളില്‍ സ്റ്റില്‍സ് എടുക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു.
സ്റ്റില്‍സിന് അന്നത്തെക്കാലത്ത് വളരെ ആവശ്യമുണ്ടായിരുന്നു. അല്ലേ?
അതെ. അന്ന് ഓരോ ചിത്രങ്ങളും പല ഷെഡ്യൂള്‍ ആയി ആണല്ലോ ഷൂട്ട് ചെയ്യുന്നത്. ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ് രണ്ടും മൂന്നും മാസങ്ങള്‍ കഴിഞ്ഞായിരിക്കും അടുത്ത ഷെഡ്യൂള്‍ തുടങ്ങുന്നത്. കഥാപാത്രങ്ങളുടെ മേയ്ക്കപ്പും ഡ്രസ്സും പശ്ചാത്തലവും പശ്ചാത്തലത്തിലെ ഉപകരണങ്ങള്‍ എല്ലാം അറിയണമെങ്കില്‍ ആദ്യ ഷെഡ്യൂളിന്റെ ചിത്രങ്ങള്‍ കാണണം. ഇല്ലെങ്കില്‍ അടുത്ത ഭാഗം എടുക്കാന്‍ ബുദ്ധിമുട്ട് വരും. പലരും ബുക്കിലും മറ്റും എഴുതിയും വരച്ചുമൊക്കെ വയ്ക്കുമെങ്കിലും സ്റ്റില്ലിലെ പോലെ വ്യക്തമായി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പറ്റില്ല. സ്റ്റില്‍ അന്ന് വളരെ അത്യാവശ്യമായിരുന്നു. നായിക ഇട്ടിരുന്ന ബ്ലൗസ് മുതല്‍ പൊട്ട്, കഥാപാത്രങ്ങളുടെ മുഖത്ത് മറുകോ മുഴയോ എന്തെങ്കിലും ഉണ്ടെങ്കില്‍ അതിന്റെ സ്ഥാനം എല്ലാം അറിയാന്‍ സ്റ്റില്‍ അത്യാവശ്യമാണ്.
ഇന്നത്തെ കാലത്ത് പരസ്യ കലയ്ക്ക് മാത്രം മതി സ്റ്റില്‍. മറ്റ് കാര്യങ്ങളൊക്കെ ഡിജിറ്റല്‍ കാമറയില്‍ എടുക്കുന്നത് പിന്നീട് റീവൈന്‍ഡ് ചെയ്ത് നോക്കിയാല്‍ മനസ്സിലാക്കാന്‍ പറ്റും. അന്നത്തെ കാലത്ത് സ്റ്റില്‍ ഫോട്ടോഗ്രാഫര്‍മാര്‍ നന്നായി കഷ്ടപ്പെടണമായിരുന്നു. പകല്‍ മുഴുവന്‍ ഷൂട്ടിംഗിന്റെ തിരക്ക് കഴിഞ്ഞിട്ട് രാത്രിയില്‍ ഫോട്ടോ എടുത്ത റോളുകള്‍ ഡവലപ്പ് ചെയ്ത് പ്രിന്റ് അടിക്കണമായിരുന്നു. രാവിലെ ഷൂട്ടിംഗിന് ചെല്ലുമ്പോള്‍ തലേന്ന് എടുത്ത ചിത്രങ്ങള്‍ എല്ലാം കൊണ്ട് ചെല്ലണം. ഇപ്പോള്‍ അങ്ങനെയൊന്നുമില്ല.
സ്റ്റില്‍ ഫോട്ടോഗ്രാഫിയില്‍ ഇഷ്ടമില്ലാത്ത രീതിയില്‍ ആരെങ്കിലും പെരുമാറിയിട്ടുണ്ടോ?
ചില നടന്‍മാര്‍ക്ക് പോസ് ചെയ്യാന്‍ പറയുമ്പോള്‍ തീരെ ഇഷ്ടപ്പെടുകയില്ല. ഷൂട്ടിംഗ് സമയത്ത് വേണമെങ്കില്‍ എടുത്തോളണം. അല്ലാതെ നിങ്ങളുടെ സൗകര്യത്തിന് എടുക്കാന്‍ ഞങ്ങളെ കിട്ടില്ല എന്നൊക്കെ പറയുമായിരുന്നു. സിനിമയുടെ ആവശ്യത്തിലാണ് ഇതെന്ന് അവര്‍ മനസ്സിലാക്കുകയില്ലായിരുന്നു. ആ നടന്‍മാര്‍ പലരും മരിച്ച് പോയത് കാരണം ആളിനെ പറയുന്നില്ല. പിന്നെ ഒരു സംവിധായകന് എന്നോട് ഇഷ്ടം തോന്നിയിട്ടില്ല. അദ്ദേഹം വലിയ സംവിധായകനാണ്. അദ്ദേഹം സംവിധായകനാകുന്നതിന് മുമ്പ് ചെന്നൈയില്‍ ഉണ്ടായിരുന്നു. അദ്ദേഹം ജേര്‍ണലിസ്റ്റ് ആയിരുന്നു. നല്ലൊരു സിനിമ വാരികയ്ക്കുവേണ്ടി അദ്ദേഹം വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു. അന്ന് എന്നെ വല്യ കാര്യമായിരുന്നു. വാരികയ്ക്ക് ആവശ്യമുള്ള ഫോട്ടോകളൊക്കെ അദ്ദേഹം എന്റെ കൈയില്‍ നിന്ന് വാങ്ങിയിട്ടുണ്ട്. ഫോട്ടോയ്ക്കുവേണ്ടി പല പ്രാവശ്യം അദ്ദേഹം എന്റെ വീട്ടില്‍ വന്നിട്ടുണ്ട്.
അദ്ദേഹം അന്ന് വളരെ നല്ല ജെന്റില്‍മാന്‍ ആയിരുന്നു. അദ്ദേഹം സംവിധാനം ചെയ്യുന്ന ഒരു സിനിമയുടെ സ്റ്റില്‍ എടുക്കാനായി ഞാന്‍ പോയി. അദ്ദേഹം വിളിച്ചിട്ട് പോയതല്ല. ആ സിനിമയുടെ നിര്‍മ്മാതാവ് വിളിച്ചിട്ട് പോയതാണ്. എന്നെ വിളിക്കുന്നതില്‍ അദ്ദേഹത്തിന് വലിയ താല്‍പര്യമൊന്നും ഇല്ലായിരുന്നു. ഷൂട്ടിംഗ് സ്ഥലത്തും പഴയത് പോലുള്ള താല്‍പര്യമൊന്നും അദ്ദേഹത്തിന് ഇല്ലായിരുന്നു. എന്റെ ഒരു കാലിന് വേദനയുണ്ടായിരുന്ന സമയമായിരുന്നു അത്. ഷൂട്ടിംഗ് സ്ഥലത്ത് ദൂരെ മാറി നില്‍ക്കാതെ ലൈറ്റ് ബോയ്‌സിന്റെ സ്റ്റൂളില്‍ കാലുവേദന കാരണം ഇരുന്നാലും അദ്ദേഹത്തിന് ഇഷ്ടപ്പെടില്ലായിരുന്നു. ഷൂട്ടിംഗ് തീരുന്നതിന്റെ തലേദിവസം എനിക്ക് ചെന്നൈയിലേക്ക് പോകണമായിരുന്നു. ഒരു ദിവസത്തെ ഷൂട്ടിംഗേയുള്ളൂ. പ്രധാനപ്പെട്ട സ്റ്റില്‍ എല്ലാം എടുത്ത് കഴിഞ്ഞാണ്.
അവസാന ദിവസം ഷൂട്ട് ചെയ്യുന്ന ഭാഗത്തിന്റെ സ്റ്റില്‍ ആവശ്യമുള്ളതെല്ലാം എടുക്കാന്‍ ഒരാളെ നിര്‍ത്തിയിട്ടേ ഞാന്‍ അവിടെ നിന്ന് പോകാവൂ എന്ന് സംവിധായകന്‍ പറഞ്ഞു. ഒടുവില്‍ ഞാന്‍ ആ സ്ഥലത്ത് നിന്നും ഒരു ഫോട്ടോഗ്രാഫറെ ഇടപാട് ചെയ്ത് കൊടുത്തിട്ടാണ് അവിടെനിന്ന് പോന്നത്. അയാള്‍ എടുത്ത ഫോട്ടോകള്‍ ഡയറക്ടര്‍ വാങ്ങിച്ചിട്ടുമില്ല. കാരണം സ്റ്റില്ലിന്റെ ആവശ്യമില്ലായിരുന്നു. അങ്ങനെയൊക്കെ ചിലരുടെ മനസ്സ് മാറും. എനിക്ക് ആരോടും വെറുപ്പില്ല. എന്നെ ഇത്രയുമൊക്കെ ആക്കിയ എല്ലാവരേയും ഞാന്‍ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു.
താങ്കള്‍ എത്ര സിനിമയുടെ സ്റ്റില്‍സ് എടുത്തിട്ടുണ്ട്. മലയാള സിനിമയ്ക്ക് മാത്രമേ സ്റ്റില്‍സ് എടുത്തിട്ടുള്ളോ?
ഞാന്‍ 150 മലയാള ചിത്രങ്ങളുടെ സ്റ്റില്‍സ് എടുത്തിട്ടുണ്ട്. മലയാളം മാത്രമല്ല മൂന്ന് തമിഴ് പടങ്ങളുടേയും രണ്ട് ഹിന്ദി പടങ്ങളുടേയും രണ്ട് തെലുങ്ക് പടങ്ങളുടേയും സ്റ്റില്‍ എടുത്തിട്ടുണ്ട്.
സത്യന്‍, പ്രേംനസീര്‍ മുതല്‍ മോഹന്‍ലാലും മമ്മൂട്ടിയും വരെ
ഉണ്ട്. അതിനുള്ള ഭാഗ്യവും എനിക്കുണ്ടായി. സത്യന്‍, പ്രേംനസീര്‍, കെപി ഉമ്മര്‍, തിക്കുറിശി, എംജി രാമചന്ദ്രന്‍, കമലാഹസന്‍, രജനീകാന്ത്, മോഹന്‍ ലാല്‍, മമ്മൂട്ടി എന്നിവരുടെയെല്ലാം സ്റ്റില്‍സ് ഞാനെടുത്തിട്ടുണ്ട്. പ്രേംനസീറിന്റെ വീട്ടുകാരുടെ എല്ലാം സ്റ്റില്‍സ് എന്റെ കൈയില്‍ ഉണ്ട്. അതുപോലെ തന്നെ സത്യന്റെ സ്റ്റില്ലും. ഞാനും സത്യനും പ്രേംനസീറും എല്ലാം വലിയ ലോഹ്യത്തിലായിരുന്നു. അതുപോലെ യേശുദാസുമായും നടന്‍ മധുവുമായും വലിയ അടുപ്പമുണ്ട്. അക്കാലത്തെ എല്ലാ കലാകാരന്‍മാരുടേയും കലാകാരികളുടേയും സാഹിത്യകാരന്‍മാരുടേയും സംഗീതക്കാരുടേയും എല്ലാം സ്റ്റില്‍ എന്റെ കൈവശമുണ്ട്. ഇത്രയും പടങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും പറഞ്ഞ കാശ് മുഴുവന്‍ കിട്ടിയിട്ടുള്ളത് വിരലില്‍ എണ്ണാവുന്ന പടങ്ങള്‍ക്കാണ്. എന്റെ കൈയില്‍ അന്നത്തെ അറുപത്തിനാലായിരം രൂപയുടെ ചെക്ക് ഇപ്പോഴും ഇരിപ്പുണ്ട്.
Comments are closed.