പ്‌ളാവ് ജയൻ: പ്രവാസത്തില്‍ നിന്നും പ്‌ളാവിലൊട്ടിയ ജീവിതം
മണമുണ്ട്, പശയുണ്ട്, മുള്ളുണ്ട്, ചുളയുണ്ട്, കുരുവുണ്ട്….അങ്ങനെ ചക്കയെക്കുറിച്ച് പറയാൻ വിശേഷങ്ങളേറെ. പറഞ്ഞ് കുഴഞ്ഞാൽ കൂഴച്ചക്കപോലെ എല്ലാം കുഴയും. പക്ഷേ കുടുംബമായി കൂടിയിരുന്നാൽ വെട്ടിമുറിച്ച് തിന്നാൻ ചക്കയേക്കാൾ വലിയ ഫലം വേറെ ഇല്ല തന്നെ. ബാല്യത്തിലേ തിന്നവരുടെ ഹൃദയത്തോടൊട്ടുന്ന ഒരു ചുനയുണ്ട്, പശയുണ്ട് ചക്കയ്ക്ക്. ഒട്ടിപ്പിടിച്ചേ ഇരിക്കും ആ ഓർമ്മകൾ. പക്ഷേ ചക്കയേക്കാൾ പ്‌ളാവിനെ തന്നെ ഹൃദയത്തിൽ ഒട്ടിച്ചുവച്ച് ജീവിതം തന്നെ പ്‌ളാവിനായ് ഉഴിഞ്ഞുവച്ച ഒരാളുണ്ട് തൃശൂർ കല്ലേറ്റുംകരയിൽ. പ്‌ളാവ് ജയൻ. പ്രവാസ ജീവിതം വിട്ട് പ്‌ളാവിലേക്ക് ഹൃദയം തന്നെ ഒട്ടിപ്പോയ ഒരാൾ. ഇപ്പോൾ പ്‌ളാവ് ഗ്രാമങ്ങൾ നിർമ്മിക്കാൻ തന്റെ രാത്രിയും പകലും ചെലവഴിക്കുന്ന ജയൻ പ്‌ളാവ് എന്ന കല്പവൃക്ഷത്തെക്കുറിച്ച് ജയശ്രീ പട്ടാഴിയോട് സംസാരിക്കുന്നു.
പ്‌ളാവ് എന്ന വൃക്ഷവുമായി ജയന്റെ ആത്മബന്ധം തുടങ്ങുന്നത് എന്നുമുതലാണ് ?
കുട്ടിക്കാലം മുതലേ പ്‌ളാവുമായി സദൃഢമായ ഒരു ബന്ധം എനിക്കുണ്ട്. വീട്ടുകാർക്കുമതെ. ദാരിദ്ര്യമുള്ള ഒരു കാലഘട്ടമായിരുന്നു അത്. ഗൾഫ് പണമൊക്കെ കേരളത്തിലേക്ക് ഒഴുകിയെത്തുന്നതിന് മുമ്പുള്ള 1970 കൾ ഒക്കെയാണത്. അന്നൊക്കെ പ്‌ളാവും മാവും ഒക്കെ ആശ്രയിച്ചാണ് ഒരു വിധത്തിലുള്ള ആളുകളൊക്കെ ജീവിച്ചുപോന്നിരുന്നത്. അതുപോലെ ഒക്കെ തന്നെയാണ് ഞങ്ങളുടെ കുടുംബവും കഴിഞ്ഞിരുന്നത്.
തെങ്ങ് ആണ് നമ്മുടെ കല്പവൃക്ഷം എന്നുള്ളത് നമുക്ക് അറിയാം. പക്ഷേ പ്‌ളാവ് എങ്ങനെയാണ് നമ്മുടെ കല്പവൃക്ഷമാകുന്നത് ? സ്വന്തം അനുഭവങ്ങളിൽ നിന്ന് അതൊന്ന് വിശദീകരിക്കാമോ ?.
തെങ്ങിന്റെ എല്ലാ ഭാഗങ്ങളും ഉപയുക്തമായത് കൊണ്ടാണ് നാം തെങ്ങിനെ അങ്ങനെ വിളിക്കുന്നത്. പിന്നെ കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുസൃതമായ രൂപമാണ് തെങ്ങിന്റേത്. കേരളം എന്ന പേര് തന്നെ അതിൽ നിന്ന് ഉണ്ടായതാണല്ലോ. അതുപോലൊക്കെ തന്നെയാണ് പ്‌ളാവിന്റെ കാര്യവും.
എല്ലാ ഭാഗങ്ങളും ഉപയുക്തമായ ഒരു വൃക്ഷം തന്നെയാണ് പ്‌ളാവും. ഇല മുതൽ വേര് വരെ, തൊലി മുതൽ ചക്കമടൽ വരെ എല്ലാം ഉപയോഗിക്കാം. നമ്മുടെ ഭക്ഷ്യസുരക്ഷയെ കാത്ത് സംരക്ഷിച്ചു പോന്ന ഒരു വൃക്ഷം കൂടിയാണ് പ്‌ളാവ്. ഞാൻ പറഞ്ഞല്ലോ എന്റെ കുട്ടിക്കാലത്ത് 70കൾക്ക് മുമ്പ് പ്‌ളാവിനെ ആശ്രയിച്ച് പോന്നിരുന്ന ഒരു കൂട്ടമായിരുന്നു ഉള്ളത്.
തെങ്ങിനെപ്പോലെ തന്നെ മനുഷ്യർക്കും മറ്റ് ജീവജാലങ്ങൾക്കും ഉപയുക്തമായ ഒരു വൃക്ഷം. ഫലവൃക്ഷങ്ങളിൽ മുന്നിൽ നിൽക്കുന്ന ഒരു വൃക്ഷം. അന്ന് മലയാളിയെ പൂർണ്ണമായും തീറ്റിപ്പോറ്റിയിരുന്നു. ഒരു മലയാളിയുടെ ജീവിതചക്രത്തെ പ്‌ളാവ് സ്വാധീനിക്കുന്നുണ്ട്. അറബി നാടുകളിൽ നിന്നുള്ള പണവും മറ്റ് സാധനങ്ങളും വരാൻ തുടങ്ങിയ ശേഷമാണ് പ്‌ളാവിനെ നമ്മൾ ചവിട്ടിത്താഴ്ത്തിയതും പുറന്തള്ളിയതും.
അമ്മച്ചിപ്‌ളാവ്, പ്‌ളാവിൻ ചുവട്, പ്‌ളാമൂട്, പന്തപ്‌ളാവ് അങ്ങനെ കേരളത്തിൽ അങ്ങോളമിങ്ങോളമെടുത്താൽ പ്‌ളാവ് ദേശത്തിന്റെ അടയാളവും പ്രാദേശിക ചരിത്രത്തിന്റെ ഭാഗവുമായിരുന്നു. എവിടെ വച്ചാണ് ആ തുടർച്ച നമുക്ക് നഷ്ടമായത് ?.
ഞാൻ പറഞ്ഞല്ലോ, അറബിപ്പണം ഇങ്ങോട്ട് ഒഴുകാൻ തുടങ്ങിയശേഷം, മലയാളിക്ക് പെർഫ്യൂമിന്റെ മണം വരാൻ തുടങ്ങിയതിന് ശേഷം എല്ലാമാണ് നാട്ടുഫല വൃക്ഷങ്ങളിൽ മുന്നിൽനിൽക്കുന്ന പ്‌ളാവിനെ നാം ദാരിദ്ര്യത്തിന്റെ അടയാളമായി കണ്ടുതുടങ്ങിയത്.
പണ്ടൊക്കെ കല്യാണം നടക്കുമ്പോൾ, കല്യാണവീടുകളിലേക്ക് പരസ്പരം പോകുമ്പോൾ ചക്കയായിരുന്നു കൊണ്ടുപോയിരുന്നത്. നല്ല ചക്ക കിട്ടുമ്പോൾ അയൽപ്പക്കവുമായി പങ്കിടുക അങ്ങനെ ചക്കയിലൂടെ സൗഹാർദ്ദവും ആത്മബന്ധങ്ങളും നിലനിന്നിരുന്നു. പിൽക്കാലത്ത് അതൊക്കെ നാണക്കേടായി മാറി.
പണ്ടൊക്കെ ദാരിദ്ര്യം നിറഞ്ഞ വീടുകളിലൊക്കെ വരുമാനത്തിനായി ആടിനെയും വളർത്തിയിരുന്നു. അവിടെയൊക്കെ പ്‌ളാവും ഉണ്ടായിരുന്നു. തീറ്റയായി പ്‌ളാവിലയും. അത്തരം വീടുകളിലെ പ്രധാന പോഷകാഹാരം ചക്കയും ആട്ടിൻപാലുമായിരുന്നു. ഇന്നതൊക്കെ ഇല്ലാതായി. അതിന്റെ ഫലമാണ് നാം അനുഭവിക്കുന്നത്.
നാം നട്ടതല്ല, മറിച്ച് പണ്ടെങ്ങോ വലിച്ചെറിയപ്പെട്ട കുരുക്കളാണ് ഇന്ന് നമുക്ക് ഫലം തരുന്ന പല പ്‌ളാവുകളുമായത്. ജനനം മുതൽ എന്തൊക്കെ അതിജീവനത്തിന്റെ കഥകളാണ് പ്‌ളാവിന് പറയാനുള്ളത് ?.
പ്‌ളാവിന്റെ ഗതി തന്നെ മാറ്റിവിട്ടതിന്റെ ഉത്തരവാദി ഇന്നത്തെ കാർഷിക സംസ്‌കാരമാണ്. രണ്ട് കാർഷിക സംസ്‌കാരമുണ്ട് നമുക്ക്. ഒന്ന് പരമ്പരാഗതമായിട്ടുള്ള കാർഷിക സംസ്‌കാരം. അതിലാണ് മേൽപ്പറഞ്ഞ പ്‌ളാവുകളൊക്കെ വന്നിട്ടുള്ളത്.
ഇതിനെ ഉന്മൂലനം ചെയ്ത് കൊണ്ട് പുതിയ സംസ്‌കാരം വരികയായിരുന്നു. ഇത് കാർഷികമേഖലയിൽ ഒരുനേട്ടവും ഉണ്ടാക്കിയില്ല. മറിച്ച് പലദോഷങ്ങളും അത് മൂലം ഉണ്ടായി. ഉദാഹരണത്തിന് പണ്ടത്തെ പ്‌ളാവുകളൊന്നും ഒട്ടിച്ചുണ്ടാക്കിയതല്ല. ബഡ്ഡിങോ ഗ്രാഫ്റ്റിങോ ഇല്ലാതെ വിത്ത് കുഴിച്ചിട്ട് ഉണ്ടായവയായിരുന്നു.
ചെടിച്ചട്ടിയിൽ വരെ ചക്ക കായ്ച്ചു കിടക്കുന്നതാണ് ഇന്നത്തെ വലിയകാഴ്ച. ഇതെല്ലാം പ്രകൃതിവിരുദ്ധമായ കൃഷിരീതിയാണ്. ശരിയായ കൃഷിയെന്നു പറഞ്ഞാൽ വിത്ത് മുളപൊട്ടി ഉണ്ടാകുന്നതാണ്. ഇങ്ങനെയുണ്ടാകുന്ന പ്‌ളാവുകളാണ് തള്ളപ്‌ളാവുകളായി നാം കാണുന്നത്.
ആ ഒരുകൃഷി രീതി ഇന്ന് കേരളത്തിൽ പിന്തുടരുന്നത് എന്റെ അറിവിൽ ഞാൻ മാത്രമാണ്. മുതുമുത്തച്ഛന്മാർ നട്ടു വളർത്തിയവയാണ് ഇന്ന് നാലാള് പിടിച്ചാലും എത്താത്ത മരമായി വളർന്നുപൊങ്ങിയത്. ഇന്ന് നമ്മളിൽ പലരും അത് വെട്ടിവിൽക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നു. അതാണ് പ്രശ്‌നം. വിത്തില്ലാതെ സൃഷ്ടി നടത്തുന്നതുകൊണ്ടാണ് ഇത് പ്രകൃതി വിരുദ്ധമെന്ന് പറയാൻ കാരണം.
ഒരു വിത്ത് മുളപൊട്ടി പ്‌ളാവായി അതിൽ ഫലമൂലാദികൾ മനുഷ്യരും പക്ഷിമൃഗാദികളും ഭക്ഷിച്ച് അതിൽ കൂടുകൂട്ടി നൂറ് നൂറ്റമ്പത് വർഷം ജീവിക്കുമ്പോഴാണ് ജീവിതചക്രം പൂർത്തിയാകുന്നത്. അതിലേക്കാണ് നാം മടങ്ങിപ്പോകേണ്ടത്.
എങ്ങനെയാണ് ഒരു കുരു നട്ട് മുളപ്പിച്ച് നല്ലൊരു പ്‌ളാവിനെ വളർത്തിയെടുക്കേണ്ടത് ?
നല്ലൊരു വിത്ത് തെരഞ്ഞെടുക്കണമെങ്കിൽ അതിന് അനുഭവജ്ഞാനം വേണം. പോളിനേഷൻ (പരാഗണം) ഏറ്റവും കൂടുതൽ നടക്കുന്നത് പ്‌ളാവിലാണ്.
ചുറ്റുവട്ടത്തുള്ള പ്‌ളാവുകളിൽ നിന്ന് പൂമ്പൊടി വന്ന് വീണ് അത് മാതൃവൃക്ഷത്തിന്റെ സ്വഭാവങ്ങളിൽ നിന്ന് പാടേ മാറിപ്പോകും. പ്‌ളാവിന്റെ പിന്നാലെ നടന്ന് അറിവ് നേടണം. എന്നാലേ വിത്ത് തെരഞ്ഞെടുക്കാനാകൂ.
നമ്മുടെ കാർഷിക ചരിത്രത്തിൽ പ്‌ളാവിന് ഏറെ പങ്കുണ്ട്. പ്‌ളാവിന് കേരളം വിട്ടാൽ എത്രത്തോളം സ്വീകാര്യതയുണ്ട്. ?
കേരളത്തിൽ നിന്ന് ചക്ക ഇന്ത്യയ്ക്ക് അകത്തേക്കും പുറത്തേക്കും കയറ്റി അയക്കുന്നുണ്ട്. കർണാടകത്തിലാണ് ഏറ്റവും കൂടുതൽ പ്‌ളാവുകളുള്ളത്. തമിഴ്‌നാട്ടിൽ പ്‌ളാവിനെ മാത്രം ആശ്രയിച്ച് കഴിയുന്ന ഒരു ഗ്രാമമുണ്ട്.
പാൺട്രുത്തി എന്ന പ്‌ളാവ് ഗ്രാമം. പശ്ചിമഘട്ട മലനിരകൾ ഏറ്റവും കൂടുതൽ കടന്നുപോകുന്ന സ്ഥലമാണ് കേരളം. ചെമ്മണ്ണും മലയോര മണ്ണുമൊക്കെയാണ് പ്‌ളാവിന് അനുയോജ്യം. വെയിലും ചൂടും തണുപ്പും എല്ലാം വേണം.
അങ്ങനെ പ്‌ളാവിന് എല്ലാം കൊണ്ടും അനുയോജ്യമാണ് കേരളം. എന്നാൽ കാർഷിക രീതികളൊക്കെ മാറി ഒട്ടിക്കലും (ബഡ്ഡിങ്) മറ്റും വന്നതോടെ തനത് പ്‌ളാവിനങ്ങളൊക്കെ നശിച്ചു. പകരം റബ്ബറും അക്വേഷ്യയും പോലെയുള്ള മരങ്ങളായി നാട്ടിലാകെ. ഇതാണ് പരിസ്ഥിതിയെയും ദുഷിപ്പിച്ചത്.
കേരളത്തിലെ ജനങ്ങൾ അത് വർത്തമാനകാല അനുഭവത്തിലൂടെ തിരിച്ചറിയുന്നുണ്ട്. ഇതേപ്പറ്റി വിശദമായി ഞാൻ പ്‌ളാവ് എന്ന ബുക്കിലൂടെ പറയുകയും കേരളമത് ചർച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്. അതിന്റെ ചുവടുപിടിച്ച് ചക്ക മഹോത്സവങ്ങൾ വരാൻ തുടങ്ങി.
ഇങ്ങനെ ജനങ്ങളും ഈ വിഷയം ഏറ്റെടുത്തതോടെ സംസ്ഥാനഫലമായി ചക്കയെ പ്രഖ്യാപിക്കുന്നതിൽ വരെയെത്തി കാര്യങ്ങൾ. അതിനൊക്കെ എന്റെ പ്രവർത്തനങ്ങളും സഹായകമായിട്ടുണ്ട്. സർക്കാർ അതെല്ലാം അംഗീകരിച്ചിട്ടുമുണ്ട്.
മറ്റ് ഫലങ്ങളെ അപേക്ഷിച്ച് കഴിക്കാൻ ഏറെ തയ്യാറെടുപ്പ് വേണ്ട ഒന്നാണ് ചക്ക. മുറിക്കൽ മുതൽ കഴിക്കൽ വരെ നീളുന്ന ഒരു പ്രക്രിയ. പണ്ട് കുടുംബങ്ങളുടെ ഒത്തുചേരൽ വരെ ചക്കയ്ക്ക് ചുറ്റും സംഭവിച്ചിരുന്നു. കുടുംബഫലം എന്ന് വരെ വിളിക്കാവുന്ന ചക്കയുടെ ഇപ്പോഴത്തെ സ്റ്റാറ്റസ് (പ്രത്യേകിച്ച് ഈലോക്ക് ഡൗണിൽ) എന്താണ്. ?
ചക്ക, മൂല്യത്തിൽ ലോകത്ത് മുൻപന്തിയിൽ തന്നെയാണ് നിന്നിട്ടുള്ളത്. ഏറ്റവും വലിയ ഫലമെന്നതിനേക്കാൾ കവിഞ്ഞ് അതിന്റെ രുചിയിലും ഗുണത്തിലും അതിന് അതിന്റേതായ സ്ഥാനമുണ്ട്. പിന്നെ നാമത് തട്ടിത്തെറിപ്പിച്ചതാണ്. പക്ഷേ ഇന്നതൊന്നും ഇല്ലാതെ പറ്റില്ലെന്ന അവസ്ഥ വന്നതിനാൽ തിരിച്ചുവരുന്നു എന്നേയുള്ളൂ.
ചക്ക അതേ സ്റ്റാറ്റസിൽ തന്നെ നിലനിൽക്കുന്നു. കേരളത്തിൽ മാത്രമേ ഇങ്ങനെ മാറിയിട്ടുള്ളൂ. മറ്റുള്ള ഇടങ്ങളിൽ ചക്കയ്‌ക്കെന്നും മൂല്യമുണ്ട്. ലോക്ക് ഡൗൺ വന്നില്ലെങ്കിലും ചക്കയെ തിരിച്ചുപിടിക്കാതെ ജനങ്ങൾക്ക് പറ്റില്ല. കൈയിൽ കാശുണ്ടെങ്കിലും ഭക്ഷണം കിട്ടാത്ത ഒരവസ്ഥയിലേക്കാണ് നാംലോക് ഡൗണിന് മുമ്പും പതിയെ നീങ്ങിക്കൊണ്ടിരുന്നത്. തമിഴ്‌നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നും വരുന്ന പച്ചക്കറിയും അരിയും കൊണ്ട് കൈയിലുള്ള കാശും വച്ച് ജീവിച്ച് വരികയായിരുന്നു ഇത്രയും നാളും.
കീടനാശിനി നിറഞ്ഞ അവയെല്ലാം കഴിച്ച് വന്ധ്യതയും കാൻസറും വിലയ്ക്കു വാങ്ങുകയായിരുന്നു നമ്മൾ. രോഗങ്ങൾക്ക് കാരണം ഇതാണെന്ന തിരിച്ചറിവ് ചക്കയുടെ പ്രസക്തി വർദ്ധിപ്പിക്കുകയായിരുന്നു.
ലോക് ഡൗൺ ആയതോടെ ആളുകൾക്ക് കൂടുതൽ സമയം ലഭിക്കുകയും ചക്ക കൊണ്ടുള്ള നാടൻവിഭവങ്ങൾക്ക് പ്രിയമേറുകയും ചെയ്തു. തിരക്കിട്ട ജീവിതം നയിച്ചവർ ഇങ്ങനെയും ഒരു ലോകവും ജീവിതവും ഉണ്ടെന്ന് ഇക്കാലയളവിൽ മനസിലാക്കി.
തീറ്റതേടി കാടിറങ്ങുന്ന മൃഗങ്ങളിന്ന് നിത്യ സംഭവമാണ്. ശരിക്കും പ്‌ളാവ് പോലെയുള്ള ഫലവൃക്ഷങ്ങളെ ഒഴിഞ്ഞ് സാമ്പത്തിക ലാഭത്തിനായി എണ്ണപ്പനകളും അക്വേഷ്യയും പോലുള്ള മരങ്ങൾക്ക് പിന്നാലെ വനംവകുപ്പും പോയത് കൊണ്ടുള്ള ദുരന്തമല്ലേ ഇത്തരം ദുരിതങ്ങൾക്ക് കാരണം ?.
നമ്മുടെ നാട്ടിലെ കാർഷികമേഖലയെ തകിടം മറിക്കുക എന്ന അജണ്ടയുമായി എവിടെയൊക്കെയോ ആരൊക്കെയോ ഭരണചക്രങ്ങൾ തിരിക്കുന്നുണ്ട്. പല ഘട്ടത്തിലും പല രൂപത്തിലും ഭാവത്തിലും അങ്ങനെ നടക്കുന്നുണ്ട്.
അവരുടെ ഉദ്ദേശം കേരളത്തെ ഈ അവസ്ഥയിലേക്ക് എത്തിക്കുക എന്നത് തന്നെയായിരുന്നു. ഒരു പാട് മരുന്നുകളൊക്കെ ഉണ്ടാക്കുമ്പോൾ അവ ചെലവാകണമെങ്കിൽ ഇവിടെ രോഗികളൊക്കെ ഉണ്ടാകണമല്ലോ. ജൈവഗുണ സമ്പന്നമായ ചക്കയും മാങ്ങയും പോലുള്ളവ നമ്മുടെ ശരീരത്തിലെത്തിയാൽ രോഗപ്രതിരോധശേഷി വർദ്ധിക്കുകയേ ഉള്ളൂ. അപ്പോൾ മരുന്നുകൾ ചെലവാകുകയേ ഇല്ല.
വിത്ത് പ്‌ളാവുകൾക്ക് പകരം ചട്ടിയിൽ കായ്ച്ച് കിടക്കുന്ന ചെറിയ ഒട്ടുപ്‌ളാവുകൾക്ക് പിറകെപോയതും ഇത്‌പോലെയാണ്. കാർഷികമേഖലയെ ഇവ്വിധം തകിടം മറിക്കാൻ ഇതൊക്കെ കാരണമായി. പൂർവികർ ചെയ്തത് പോലെ വിത്ത് മുളപ്പിച്ച് പ്‌ളാവ് വളർത്തുന്ന പഴയ കാർഷിക രീതിയിലേക്ക് പിൻവാങ്ങണമെന്നാണ് കർഷകനായ എന്റെ അഭിപ്രായം.
പ്‌ളാവ് അടിമുടി ജൈവമാണ്. പ്‌ളാവിന്റെ ഔഷധഗുണങ്ങളും പോഷകമൂല്യങ്ങളും എത്രത്തോളമുണ്ട്?.
1964ൽ രാസവളം വരും മുമ്പ് ഇവിടെയെല്ലാം ജൈവമായിരുന്നു. പ്‌ളാവിന്റെ വേര് മുതൽ ചക്കപ്പശ വരെ എല്ലാം ഔഷധഗുണമുള്ളതാണ്. അതെല്ലാം വിശദമായി ഞാൻ എഴുതിയിട്ടുണ്ട്. എഴുതിയപ്പോഴെല്ലാം പലരും എന്നെ തലയ്ക്ക് സുഖമില്ലാത്തവൻ എന്ന് വിളിച്ചിരുന്നു. പുസ്തകം ചർച്ച ചെയ്യപ്പെട്ടതോടെയാണ് എന്നെ എല്ലാവരും അംഗീകരിക്കുന്നത്. പിന്നെ എഴുതിയതെല്ലാം ഞാൻ നടപ്പിലാക്കുകയും ചെയ്തു. പത്തിരുപത് കൊല്ലം മുമ്പ് തന്നെ വഴിയരികിലും പുറമ്പോക്കിലും ഞാൻ പ്‌ളാവ് നട്ടുതുടങ്ങി.
ചക്കക്കുരു ഷേക്കായിരുന്നു ലോക് ഡൗൺ താരം. ചക്കയുടെ മൂല്യവർദ്ധിത വിപണന സാദ്ധ്യത ഏറെയുണ്ടെന്ന് കണ്ടിട്ടും കേരളം സൗകര്യപൂർവം തഴയുകയാണെന്ന് തോന്നുന്നുണ്ടോ ?.
വയനാട്ടിലെ ഉറവ് എന്ന സംഘടന, 242 വിവിധ തരം ഉത്പന്നങ്ങൾ ചക്കയിൽ നിന്ന് ഉണ്ടാക്കിയിട്ട് ലിംക ബുക് ഒഫ് റെക്കോർഡിൽ സ്ഥാനം പിടിച്ചു. ചക്കപ്പശയിൽ നിന്ന് ച്യൂയിംഗം വരെ ഉണ്ടാക്കുന്നുണ്ട്. ചക്കയിൽ നിന്ന് വിവിധതരം ഉത്പന്നങ്ങൾ ഉണ്ടാക്കി വിൽക്കുന്നവരും വിദേശത്തേക്ക് കയറ്റി അയക്കുന്നവരും നമ്മുടെ നാട്ടിലുണ്ട്.
അത്തരം തൊഴിലിനെ ആശ്രയിച്ച് ജീവിക്കുന്നവരും അന്നാട്ടിലുണ്ട്. ഇങ്ങനെയൊക്കെ മുന്നോട്ടുപോയാൽ ധാരാളം തൊഴിൽ സാദ്ധ്യതകളും അത് തുറന്നുതരും. പക്ഷേ ഇതിനൊക്കെ ചക്ക വേണ്ടേ. ചക്ക വേണമെങ്കിൽ പ്‌ളാവ് വളർത്തിയെടുക്കണം. അതിനാണ് ഇവിടെ ആളില്ലാത്തത്. ഇവിടെ ധാരാളം കാർഷിക സർവകലാശാലകളും കൃഷി വിജ്ഞാനകേന്ദ്രങ്ങളും ഇല്ലേ ?. ഇവിടെ എവിടെയാണ് ചക്കക്കുരു കുഴിച്ചിട്ട് പ്‌ളാവ് വളർത്തിയെടുക്കുന്നത് കാണാൻ കഴിയുക.
മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കാമെന്ന് പറഞ്ഞത് കൊണ്ട് മാത്രമായില്ല, ചക്കക്കുരു നട്ട് പ്‌ളാവ് വളർത്തിയെടുക്കുന്ന കൃഷി സംസ്‌കാരം തിരിച്ചുപിടിക്കണം. മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ ടാപൊളിയിൽ ഡോ. ബാലാസാഹെബ് സാവന്ത് കൊങ്കൻ കൃഷി വിദ്യാപീഠ് എന്ന കാർഷിക സർവകലാശാലയുണ്ട്. രണ്ട് ദിവസം അവിടെ പ്രത്യേക ക്ഷണിതാവായി താമസിക്കാൻ ഇടയായി. 18 തരം നാടൻ പ്‌ളാവ് ഇനങ്ങൾ സർവകലാശാല വളപ്പിൽ ഞാൻ നട്ടു. ഭാവിയിൽ വിദ്യാർത്ഥികൾക്ക് പഠിക്കുന്നതിന് ആ പ്‌ളാവുകൾ ഉപകരിക്കും.
തനത് വിത്തിനങ്ങളെ സംരക്ഷിക്കുന്ന പരമ്പരാഗത കർഷകരെ അത്തരത്തിൽ ആദരിക്കുകയായിരുന്നു അവർ. എല്ലാക്കാലത്തും അവരത് ചെയ്യുന്നുണ്ട്. പക്ഷേ നമ്മുടെ സർവകലാശാലയോ കൃഷി വകുപ്പുകളോ ഞങ്ങളെപോലെയുള്ള കർഷകർക്ക് വേണ്ടത്ര അംഗീകാരം നൽകുന്നുണ്ടോ എന്ന് അവർ ചിന്തിക്കേണ്ടതുണ്ട്. പുരസ്‌കാരങ്ങളൊക്കെ ഇത്തരം കർഷകർക്ക് അവർ നൽകുന്നുമുണ്ട്.
പുതുക്കാട് നടപ്പിലാക്കിയ ജൈവഗ്രാമം പദ്ധതിയിൽ സഹകരിക്കുന്നുണ്ടല്ലോ. അതിൽ ജയന്റെ സംഭാവന എന്താണ് ?.
പുതുക്കാട് നിയോജകമണ്ഡലത്തിലെ ഓരോ സ്‌കൂളിലും 24 തരത്തിലുള്ള നൂറ് തൈകളും അതിന്റെ പരിരക്ഷണത്തെക്കുറിച്ചുള്ള നിർദ്ദേശങ്ങളും ഞാൻ തന്നെ നൽകി. സ്‌കൂളിന്റെ സ്ഥലപരിമിതി അനുസരിച്ച് ചിലയിടത്ത് ഒന്നും രണ്ടുമൊക്കെയേ നടാനാകൂ. പരിസ്ഥിതി ദിനം മുതൽ അതവിടെ പരിപാലിച്ച് പോരുന്നു.
എന്റെ ഓരോ പ്‌ളാവുകളും മരങ്ങളായി മാറണമെന്ന് എനിക്ക് നിർബന്ധമുണ്ട്. അങ്ങനെ ഉള്ളിടത്തേ ഞാൻ നൽകാറുമുള്ളൂ. എനിക്ക് നഴ്‌സറിയുമില്ല, കച്ചവടക്കണ്ണോടു കൂടി വരുന്നവരെ ഞാൻ അടുപ്പിക്കാറുമില്ല. എന്നാൽ ചിലർക്ക് എന്റെ കൈകൾ കൊണ്ട് തന്നെ നടണമെന്ന് നിർബന്ധമുള്ളപ്പോൾ ഞാൻ അത് ചെയ്ത് കൊടുക്കും. എനിക്ക് ഇത് കച്ചവടമല്ല, എന്റെ ജീവിതമാണ്. എന്റെ ജീവിതം വിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
പ്‌ളാവുമൊത്തുള്ള ജയന്റെ സഹജീവിതത്തിൽ വ്യക്തിപരവും സാമൂഹികപരവുമായ എന്തൊക്കെ ഉയർച്ചയും നേട്ടങ്ങളുമാണ് ഉണ്ടായിട്ടുള്ളത് ?.
സമൂഹത്തിനായി എന്റെ അറിവുകളെല്ലാം സമാഹരിച്ച് ഒരു പുസ്തകം സമ്മാനിച്ചു. ഇക്കാലയളവിൽ പരിസ്ഥിതിയെ സംബന്ധിച്ചും ഒരു പുസ്തകം എഴുതാനായി. സാമ്പത്തികമായ നേട്ടങ്ങളൊന്നും പ്‌ളാവിലൂടെ എനിക്ക് ഉണ്ടായിട്ടില്ല. പക്ഷേ പ്‌ളാവ് എനിക്ക് പൊസിറ്റീവ് എനർജിയാണ് എന്നും പകർന്നത്. പണ്ട് പല നാട്ടുപണികളും ചെയ്തിട്ടുണ്ട്.
പിന്നെ 11 വർഷക്കാലം നല്ല ശമ്പളത്തോടെയാണ് പ്രവാസജീവിതം നയിച്ചത്. അതെല്ലാം ഇട്ടെറിഞ്ഞാണ് മനസിന് സന്തോഷം കിട്ടുന്ന ഈ ജീവിതത്തിലേക്ക് എത്തിയത്. ഇപ്പോൾ ഞാൻ നൂറു ശതമാനം സന്തോഷവാനാണ്. 2016-17 ലെ നാഷണൽ പ്‌ളാന്റ് ജീനോം സേവ്യർ അവാർഡ് എനിക്കായിരുന്നു ലഭിച്ചത് . വി.ആർ കൃഷ്ണയ്യരിൽ നിന്ന് സംസ്ഥാന പരിസ്ഥിതി അവാർഡ് ഏറ്റുവാങ്ങാനായി.
സിവിൽ സൊസൈറ്റി നാഷണൽ അവാർഡ് കൃഷിശാസ്ത്രജ്ഞൻ സ്വാമിനാഥനിൽ നിന്നാണ് ഏറ്റുവാങ്ങിയത്. സംസ്ഥാനസർക്കാരിന്റെ വനമിത്ര പുരസ്‌കാരം, ഹരിതമിത്ര പുരസ്‌കാരം തുടങ്ങി ഏറെ പുരസ്‌കാരങ്ങൾ കിട്ടിയിട്ടുണ്ട്. പിന്നെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പേരിലുള്ള വാർധ സേവാഗ്രാമിലെത്തി എന്റെ പ്‌ളാവുകൾ നടാനായി.
അവിടെ ആശ്രമത്തിന്റെ സൂക്ഷിപ്പുകാരിലൊരാൾ കുസും തായിക്കും മറ്റും ഒപ്പം കഴിഞ്ഞ ദിനങ്ങളും മറക്കാനാവില്ല. നിരവധി പ്രവർത്തനങ്ങളിലും ഇക്കാലയളവിൽ ഏർപ്പെട്ടിട്ടുണ്ട്. സർക്കാറിന്റെ കീഴിലുള്ള എം.ജി യൂണിവേഴ്‌സിറ്റി കാമ്പസ്, ചിറ്റൂർ ഗവ. കോളേജ്, തൃശൂർ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പ്‌ളാവുകൾ നട്ടിട്ടുണ്ട്.
പത്തര ഏക്കറിൽ ഭാരതപ്പുഴയുടെ തീരത്തുണ്ടാക്കിയ പ്‌ളാവ് ഗ്രാമം മറ്റൊരു ഉദ്യമമാണ്. മണ്ണാർക്കാട് സ്വദേശിയും മുൻ ഡി.ഇ.ഒയുമായ ബഷീർ ഇക്കയുടേതാണ് ആ സ്ഥലം. 20 വർഷമായി തരിശായി കിടന്നിരുന്നതാണത്. ഷൊർണൂർ റെയിൽവേസ്റ്റേഷനിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ പരുത്തിപ്രയിലെ മുണ്ടായ എന്ന സ്ഥലത്താണത്.
ഏഴ് വർഷത്തെ പ്രയത്‌നത്തെ തുടർന്ന് അതിൽ ചക്ക വിളഞ്ഞ് തുടങ്ങി. അതിന്റെ ചെറിയമാതൃക വേളൂക്കര മുരിയാട് അതിർത്തിയിൽ തീർക്കാനായി. ഇരിങ്ങാലക്കുട മുരിയാട് പഞ്ചായത്തിലെ പ്രവാസിയായ രജിതേട്ടന്റെ തരിശായി കിടന്ന മൂന്നര ഏക്കറിലാണ് ഒരു വർഷമായി അതിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇപ്പോഴത് പന്ത്രണ്ട് അടി പൊക്കത്തിൽ വളർന്നു കഴിഞ്ഞു.
Comments are closed.