പ്രകൃതിയുടെ ചിത്രകാരന്‍
പ്രകൃതിയുടെ ആത്മാവിനെ തന്റെ ചായക്കൂട്ടുകളിലേക്ക് ആവാഹിക്കുന്ന ചിത്രകാരനാണ് ആര്‍.ബി.ഷജിത്ത്. ഉറവവറ്റാത്ത പ്രകൃതി സൗന്ദര്യം വലിയ ക്യാന്‍വാസുകളില്‍ വരച്ച് ഒട്ടനവധി അനുമോദനങ്ങളും പുരസ്‌കാരങ്ങളും ഇതിനോടകം അദ്ദേഹം സ്വന്തമാക്കി. കൂട്ടത്തിലേക്ക് കേരള ലളിതകലാ അക്കാഡമിയുടെ ഇത്തവണത്തെ സംസ്ഥാന അവാര്‍ഡും. യുവ ചിത്രകാരന്മാരില്‍ ശ്രദ്ധേയനായ ആര്‍.ബി.ഷജിത്തുമായി അനുജ സംസാരിക്കുന്നു.
താങ്കളുടെ ചിത്രങ്ങളില്‍ കൂടുതലും പ്രകൃതി തന്നെ വിഷയമായി വരുന്നവയാണ്. അത് എന്തുകൊണ്ടാണ്?
കണ്ണൂരിലെ ഗ്രാമാന്തരീക്ഷത്തിലാണ് ഞാന്‍ ജനിച്ചുവളര്‍ന്നത്. അവിടെ വീടുകള്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ്. ഒരു കുന്നിന്റെ താഴെയായിരുന്നു എന്റെ വീട്. അവിടെ നിന്നും അടുത്ത വീട്ടിലേക്ക് എത്താന്‍ ഒരുപാട് ദൂരം നടക്കണം. ഇടയിലെ വിജനമായ ഇടങ്ങള്‍ നല്‍കുന്ന സന്തോഷവും ഭയവുമെല്ലാം കുട്ടിക്കാലത്തിന്റെ മാത്രം ഓര്‍മ്മകളാണ്.
ഓരോ സമയത്തും പ്രകൃതിക്ക് ഓരോ ഭാവങ്ങളാണ്. രാവിലെ ഓടാനും കളിക്കാനും പോകുമ്പോള്‍ കാണുന്ന പ്രകൃതിക്ക് കവുങ്ങ് പൂവിന്റെ മണം ഉണ്ടാകും. മഞ്ഞിന്റെ കുളിരുമായി വയല്‍ വരമ്പിലൂടെ നടന്നിരുന്നതൊക്കെ പറഞ്ഞറിയിക്കാനാകാത്ത അനുഭവങ്ങളാണ്. വൈകുന്നേരങ്ങളില്‍ ഇവയ്ക്കെല്ലാം മറ്റൊരു ഭാവമാകും.
തെളിഞ്ഞൊഴുകുന്ന പുഴയിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരങ്ങളിലെല്ലാം പലമണവും നിറവുമുള്ള പൂക്കളാകും. കാടും കുന്നും മലയും പുഴയും അന്ന് മുതല്‍ തന്നെ വൈകാരികമായി ഏറെ അടുപ്പം തോന്നിയവയാണ്. പലനിറത്തിലെ ആകാശവും നീന്തിത്തുടിച്ച പുഴകളും ഒക്കെയാണ് ചിത്രങ്ങളിലേക്ക് പകരുന്നത്.
വാട്ടര്‍ കളറാണ് ചിത്രങ്ങളില്‍ പ്രധാന മാധ്യമമായി ഉപയോഗിക്കുന്നത്. ഇത്രയും വലിയ ക്യാന്‍വാസില്‍ വാട്ടര്‍ കളര്‍ ഉപയോഗിക്കുന്ന ചിത്രകാരന്മാര്‍ അധികം ഉണ്ടാകാനിടയില്ല.
അതെ. ഇന്ത്യന്‍ കലാകാരന്മാര്‍ക്കിടയില്‍, പ്രത്യേകിച്ചും പുതിയ തലമുറയില്‍ ഇത്തരം ശ്രമങ്ങള്‍ കുറവാണ്. ഓയിലിലോ അക്രിലിക്കിലോ ചിത്രം വരയ്ക്കുമ്പോള്‍ തിരുത്തലുകള്‍ വരുത്തണമെങ്കില്‍ അതിനുള്ള അവസരമുണ്ട്. എന്നാല്‍ വാട്ടര്‍ കളറില്‍ അത് സാധ്യമല്ല. നിരന്തരമായ പരിശീലനം കൊണ്ട് മാത്രമേ വാട്ടര്‍ കളറില്‍ വലിയ ക്യാന്‍വാസില്‍ വരയ്ക്കാന്‍ സാധിക്കൂ.
മുഗള്‍ മിനിയേച്ചറില്‍ നിന്നാണ് ഞാന്‍ വാട്ടര്‍ കളര്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പഠിക്കുന്നത്. വാട്ടര്‍ കളറിന് ഒരു അബ്സ്ട്രാക്ട് സ്വഭാവം ഉണ്ട്. വൈകാരികമായ ഭാവം നല്‍കുന്നതിന് ഏറ്റവും അധികം സാധ്യത നല്‍കുന്ന മാധ്യമമാണിത്. പണ്ട് മുതല്‍ തന്നെ ഉപയോഗിച്ച് പരിചിതമായതിനാല്‍ ഈ മാധ്യമം നന്നായി പ്രയോജനപ്പെടുത്താനാകുമെന്ന ആത്മവിശ്വാസം ഉണ്ട്.
ചൈനീസ് ആര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് വാട്ടര്‍ കളര്‍ ആണ്. വെള്ളവും നിറവും പേപ്പറും കൃത്യമായ അനുപാതത്തില്‍ വച്ച് ചെയ്യുമ്പോഴാണ് പലപ്പോഴും അവ മികച്ചതാകുന്നത്. വാന്‍ഗോഗിന്റെ ആദ്യകാല വര്‍ക്കുകളില്‍ ചൈനീസ് ചിത്രങ്ങളുടെ സ്വാധീനമുണ്ട്. എന്റെ പ്രിയപ്പെട്ട വിഷയവുമാണ് ചൈനീസ് ചിത്രരചനാ രീതി.
വളരെ വേഗതയിലാണ് ഞാന്‍ ചിത്രം വരയ്ക്കുന്നത്. ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കുന്നതാണ് എന്റെ രീതി. നിരന്തരം ശ്രമിച്ചാല്‍ മാത്രമേ ആ വേഗത ലഭിക്കുകയുള്ളൂ.
കലാകാരന് സമൂഹത്തോടുള്ള ഉത്തരവാദിത്വത്തെ എങ്ങനെ കാണുന്നു?
ഞാന്‍ കൂടുതലും പാരിസ്ഥിതികമായ കാര്യങ്ങളാണ് പറയാന്‍ ശ്രമിക്കുന്നത്. എന്റെ നാട്ടിലെ തന്നെ പല സ്ഥലങ്ങളുമാണ് ചിത്രങ്ങളായി വരുന്നത്. വളരെ വൈകാരികമായി എനിക്ക് ഉണ്ടായ തോന്നലുകളാണവ. ഇന്നുള്ള പ്രകൃതിയല്ല നാളെ ഉണ്ടാവുക, അവിടെയൊരു കോണ്‍ക്രീറ്റ് കെട്ടിടം ഉയര്‍ന്നേക്കാം. ഞാന്‍ കണ്ട കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന രേഖയായി എന്റെ ചിത്രം മാറുകയാണ്. അത്രയും നല്ലൊരു കാലം ഉണ്ടായിരുന്നു എന്ന് ഞാന്‍ ഓര്‍മ്മിപ്പിക്കുകയാണ് അതിലൂടെ. ആ ചുറ്റുപാടുകളെ വച്ച് നോക്കുമ്പോള്‍ നാം വളരെ ചെറുതാണ് എന്ന രാഷ്ട്രീയം തന്നെയാണ് ഞാന്‍ പറയുന്നത്.
കല പൂര്‍ണമായും രാഷ്ട്രീയപരമാകണം എന്നതാണ് ഇവിടുത്തെ പൊതുവായൊരു കാഴ്ചപ്പാട്. എപ്പോഴും പ്രതികരിക്കുന്നതാകണം കല. എന്നാല്‍ പ്രതികരണം എങ്ങനെയും ആകാം. അത് കാലഘട്ടത്തെ അടയാളപ്പെടുത്തുന്നതിലൂടെയും ആകാം. വലിയ ലോകത്തിലെ മനുഷ്യര്‍ ഉള്‍പ്പെടെയുള്ള ചെറിയ ജീവികളും അവയുടെ ആകുലതകളുമാണ് എന്റെ രാഷ്ട്രീയം. സാഹിത്യത്തിലൂടെയോ പ്രസംഗത്തിലൂടെയോ നാടകത്തിലൂടെയോ നടക്കുന്ന സമൂഹിക പരിഷ്‌കരണം ചിത്രകലയിലൂടെ സാദ്ധ്യമാകുമെന്ന് തോന്നുന്നില്ല.
തെരുവില്‍ ബാനര്‍ കെട്ടി വരച്ച് പ്രതിഷേധിക്കുന്നത് ഏറ്റവും ക്ലീഷേ ആയിത്തീര്‍ന്ന നാടാണ് ഇത്. ചിത്രകല എല്ലാകാലത്തും അതിന്റേതായ സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുന്നുണ്ട്. കാലഘട്ടത്തെ സാംസ്‌കാരികമായി അടയാളപ്പെടുത്തുക എന്നതാണ് അത് ചെയ്യുന്നത്.
ലളിതകലാ അക്കാഡമിയുടെ ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് നേടിയ ‘ലവര്‍’ എന്ന ചിത്രത്തെക്കുറിച്ച്…
വാട്ടര്‍ കളറില്‍ ചെയ്ത ‘ലവര്‍’ സീരീസിലെ ‘ലവര്‍ 24’ എന്ന ചിത്രത്താണ് ഇപ്പോള്‍ അവാര്‍ഡ് ലഭിച്ചത്. അഞ്ച് അടി വീതിയും നാലടി ഉയരവുമുള്ള ചിത്രമാണത്. നാട്ടിലെ തന്നെ സ്ഥലമാണ് വരച്ചിരിക്കുന്നത്. ഓടുന്ന ഒരു മയിലും പുഴയും പാലവും ചിത്രത്തില്‍ ഉണ്ട്. മയില്‍ അതിന്റെ ഇണയെ തേടുന്നതാകാം… ഞാന്‍ പ്രകൃതിയെ തേടുന്നതാകാം… പ്രകൃതിയോടുള്ള എന്റെ തന്നെ പ്രണയമാണ് എന്റെ ചിത്രങ്ങള്‍. ഇതിന് മുന്‍പ് ചെയ്ത ‘മഴയ്ക്ക് ശേഷം’ (ആഫ്റ്റര്‍ റെയിന്‍) എന്ന സീരീസിലെ ചിത്രത്തിനാണ് ആദ്യം (2014-15ല്‍) ലളിതകലാ അക്കാഡമിയുടെ അവാര്‍ഡ് ലഭിച്ചത്.
ചിത്രകലയില്‍ മാത്രമല്ല, നാടകരംഗത്തും സജീവമാണ്…
ചിത്രകല പോലെ നാടകവും കുട്ടിക്കാലം മുതല്‍ തന്നെ ഒപ്പമുണ്ട്. ബാലസംഘം പോലെയുള്ള കുട്ടികളുടെ സംഘങ്ങളില്‍ സജീവമായിരുന്നു. കലകള്‍ പരസ്പര പൂരകങ്ങളായി നില്‍ക്കുന്ന ഒരുപാട് ഇടങ്ങളുണ്ട്. നാടകത്തില്‍ തന്നെ ഓരോ രംഗവും ഓരോ ചിത്രങ്ങളാണ്. സംഗീതവും അഭിനയവും എല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു.
നാടകത്തിലേക്ക് ഗൗരവമായി കടന്നുവരുന്നത് കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ പഠിക്കുമ്പോഴാണ്. രമേശ് വര്‍മ്മ, ഗോപന്‍ ചിദംബരം തുടങ്ങിയ പ്രശസ്തരായ പലരോടുമൊപ്പം നാടകസംഘങ്ങള്‍ ഉണ്ടാക്കുന്നതിലൂടെയാണ് ഇതില്‍ സജീവമായി. കഴിഞ്ഞ പത്ത് വര്‍ഷമായി കൊല്ലത്ത് നാടകരംഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. കൊല്ലം നീരാവില്‍ പ്രകാശ് കലാകേന്ദ്രം ആന്റണ്‍ ചെക്കോവിന്റെ ‘ബെറ്റ്’ എന്ന കഥയെ ആസ്പദമാക്കി ചെയ്ത് ശ്രദ്ധ നേടിയ ‘ഏകാന്തം’ എന്ന നാടകത്തിലാണ് ഏറ്റവും ഒടുവില്‍ പ്രവര്‍ത്തിച്ചത്. വീഡിയോ ആര്‍ട്ടാണ് അതില്‍ ചെയ്യുന്നത്.
നാടകവും സംഗീതവും അഭിനയവും ചിത്രകലയും എല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നത് കൊണ്ട് അതില്‍ ഇടപെടാന്‍ എളുപ്പമാണ്. പ്രകാശ് കലാകേന്ദ്രവുമായി ബന്ധപ്പെട്ട് തന്നെ 20 ഓളം നാടകങ്ങള്‍ ചെയ്യാനായി. അഭിനയത്തിലും സാങ്കേതിക മേഖലയിലും എല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്. കല മനുഷ്യനെ ഉണര്‍ത്തുന്ന ഇടമായതിനാല്‍ അത് നല്‍കുന്ന ഊര്‍ജ്ജം മറ്റെന്തിനെങ്കിലും നല്‍കാനാകുമോ എന്ന് സംശയമുണ്ട്.
ജനിച്ചത് കണ്ണൂരാണെങ്കിലും ഇപ്പോള്‍ താമസിക്കുന്നത് കൊല്ലത്താണ്. കലാകാരനെന്ന നിലയില്‍ ഈ രണ്ട് സ്ഥലങ്ങളുടേയും സ്വാധീനം എങ്ങനെയാണ്?
സ്ഥലത്തിന്റെയും രാജ്യത്തിന്റേയുമെല്ലാം അതിര്‍ത്തിക്ക് അപ്പുറത്താണ് കലാകാരന്റെ മേഖല. നാം എവിടെ നിന്നാലും അതിന്റെ ഭാഷ ലോകത്താകമാനം ഒന്നാണ്. കണ്ണൂരില്‍ നിന്നും ഇവിടേക്ക് എത്തുമ്പോള്‍ ശൈലികളില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. ചിത്രകാരന്‍ അയാളുടെ രാഷ്ട്രീയ നിലപാടുകള്‍ കൈക്കൊള്ളേണ്ടതും അന്വേഷണങ്ങള്‍ നടത്തേണ്ടതും ഒറ്റയ്ക്ക് തന്നെയാണ്. അതിനാല്‍ ഇടങ്ങള്‍ ബാധിക്കുന്നതായി തോന്നിയിട്ടില്ല. സാഹചര്യങ്ങള്‍ വ്യത്യസ്തമായേക്കാം. എങ്കിലും ഉള്ളടക്കം നാം സ്വയം ആര്‍ജ്ജിച്ചെടുക്കേണ്ടതാണ്.
കുടുംബം
ഭാര്യ സ്മിത എം.ബാബു തിയേറ്റര്‍ ആര്‍ട്ടിസ്റ്റും ചിത്രകാരിയും നര്‍ത്തകിയുമാണ്. ‘ഛായാമുഖി’ അടക്കമുള്ള നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ‘ഏകാന്തം’ എന്ന നാടകത്തില്‍ പ്രധാന റോള്‍ ചെയ്യുന്നു. ഓയില്‍ പെയിന്റില്‍ സെല്‍ഫ് പോര്‍ട്രെയ്റ്റ് രീതിയിലുള്ള ചിത്രങ്ങളാണ് കൂടുതല്‍ ചെയ്യുന്നത്. മക്കള്‍ അകിരയും റിവേരയും വിദ്യാര്‍ത്ഥികളാണ്.
(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)
Comments are closed.