ആര്‍ രാജശ്രീ: കല്യാണിയുടേയും ദാക്ഷായണിയുടേയും “കതാകാരി”
ഒരിക്കല്‍ എഴുത്തും വായനയുമായി സാഹിത്യ ലോകത്ത് വ്യാപരിക്കുക. പിന്നീട് ജീവിതത്തിന്റെ തിരക്കുകളിലേക്ക് പോകുക. അതിലൂടെ എഴുത്തും വായനയും മാറ്റിവയ്‌ക്കേണ്ടി വരിക. 20 വര്‍ഷങ്ങള്‍ക്ക് ശേഷം മികച്ചൊരു നോവലുമായി സാഹിത്യ ലോകത്തിലേക്ക് തിരിച്ചുവരിക. കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത എന്ന നോവല്‍ എഴുതിയ ആര്‍ രാജശ്രീയുടെ ഇതുവരെയുള്ള ജീവിതത്തെ ഇങ്ങനെ എഴുതാം. പേനയും പേപ്പറുമില്ലാതെ സ്മാര്‍ട്ട് ഫോണിലെ നോട്ട് പാഡില്‍ എഴുതി ഫേസ് ബുക്കില്‍ ഓരോ അധ്യായങ്ങള്‍ ഓരോ ദിവസങ്ങളിലായി പോസ്റ്റ് ചെയ്ത് പിന്നീട് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചതാണ് ഈ നോവല്‍. കണ്ണൂരിലെ പഴയ ഗ്രാമീണ ഭാഷയും ഇന്നത്തെ ആധുനിക ഭാഷയും ഇഴചേര്‍ന്ന് നിരവധി ജീവിത ദര്‍ശനങ്ങള്‍ വായനക്കാരന് മുന്നില്‍ കല്യാണിയും ദാക്ഷായണിയും വയ്ക്കുന്നുണ്ട്. തലശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളെജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് രാജശ്രീ. കല്യാണിയുടേയും ദാക്ഷായണിയുടേയും കതാകാരി ആര്‍ രാജശ്രീ കെ സി അരുണുമായി സംസാരിക്കുന്നു.
എന്തുകൊണ്ട് ഈ നോവല്‍ ആദ്യം ഫേസ് ബുക്കില്‍ പ്രസിദ്ധീകരിച്ചു?
സോഷ്യല്‍ മീഡിയില്‍ കുറച്ച് കുറിപ്പുകള്‍ എഴുതുന്ന ശീലം നേരത്തെ എനിക്കുണ്ടായിരുന്നു. അതിന് നല്ല പ്രതികരണം ലഭിക്കുകയും ചെയ്തിരുന്ന സജീവമായ സോഷ്യല്‍ മീഡിയ ജീവിതം എനിക്കുണ്ട്. എല്ലാ ദിവസവും നമ്മളിത് തുറക്കുന്നു. അതിനുള്ളിലെ പുതിയ പുതിയ കാര്യങ്ങള്‍ അറിയുന്നുമുണ്ട്. രണ്ട് കൊല്ലം മുമ്പ് കല്യാണിയേച്ചിയെന്നൊരു കഥാപാത്രത്തെ ഞാന്‍ തന്നെ ഉണ്ടാക്കി വച്ചിരുന്നു. അവര്‍ ഗ്രാമീണ ഭാഷയില്‍ സംസാരിക്കുന്ന സ്ത്രീയാണ്. പിന്നെ ഞാന്‍ എന്ന ഒരു ആഖ്യാതാവിനേയും സൃഷ്ടിച്ചിരുന്നു. അത് സ്റ്റാന്‍ഡേര്‍ഡ് മലയാളത്തിലും സംസാരിക്കും. സമകാലീന വിഷയങ്ങള്‍ വരുമ്പോള്‍ അവയെ കുറിച്ച് കല്യാണിയേച്ചിയും ഞാനും തമ്മിലെ സംഭാഷണ രൂപത്തില്‍ എഫ് ബിയില്‍ എഴുതാറുണ്ടായിരുന്നു. അതിനുവേണ്ടി സൃഷ്ടിച്ച കഥാപാത്രങ്ങളായിരുന്നു അവരൊക്കെ.
കല്യാണി എന്നെഴുതിയിട്ട് രണ്ട് കുത്തിടുന്നതിന് പകരം, കല്യാണിയേച്ചിക്ക് ദാക്ഷായണിയെന്നൊരു കൂട്ടുകാരി ഉണ്ടായിരുന്നുവെന്ന് എഴുതി തുടങ്ങി. അങ്ങനെ അതൊരു കഥയുടെ രൂപത്തിലാകുകയായിരുന്നു. എഴുത്ത് തുടരണം എന്ന് ഒരു പ്ലാനും ഉണ്ടായിരുന്നില്ല. അതിന്റെ ഘടന നോവലായിട്ടോ കഥയായിട്ടോ മാറുമെന്ന ലക്ഷ്യമൊന്നുമില്ലാതെയാണ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. അതുകൊണ്ടാണ് അത് ആനുകാലികങ്ങള്‍ക്ക് അയച്ചു കൊടുക്കാതിരുന്നത്.
2019 മെയ് 14-നാണ് എഴുതി തുടങ്ങിയത്. പിറ്റേദിവസം അതിന്റെ തുടര്‍ച്ച എഴുതാന്‍ പറ്റുമെന്ന് ഉറപ്പുണ്ടായിരുന്നില്ല. തുടരുമോയെന്ന് അറിയില്ല എന്ന് പറഞ്ഞ് കൊണ്ടാണ് ആ കുറിപ്പ് അവസാനിപ്പിക്കുന്നത്. പിറ്റേദിവസം വായനക്കാര്‍ അതിന്റെ ബാക്കി എന്താണ് എന്ന് ചോദിച്ചത് കൊണ്ടാണ് വീണ്ടും എഴുതുന്നത്. അങ്ങനെ അത് തുടര്‍ന്ന് 75 ദിവസം കൊണ്ട് പൂര്‍ത്തിയായി.
ലിംഗ രാഷ്ട്രീയത്തെ കുറിച്ചൊക്കെ എഴുതിയിരുന്നു. കല്യാണി നാടന്‍ സ്ത്രീയായത് കൊണ്ട് അവര്‍ക്ക് അത്തരമൊരു ധാരണയൊന്നും ഉണ്ടാകില്ല. നമുക്ക് അതൊക്കെയുണ്ട് എന്നാണല്ലോ നമ്മള്‍ ധരിച്ചിരിക്കുന്നത്. അത്തരത്തിലുള്ള സംഭാഷണങ്ങള്‍ കണ്ണൂര്‍ മലയാളത്തില്‍ എഴുതുമായിരുന്നു.
നാടന്‍ സ്ത്രീകള്‍ ജീവിതത്തെ നേരിടുന്ന ഒരു രീതിയുണ്ട്. അത് വച്ച് നമ്മുടെ പ്രശ്‌നത്തെ അവര്‍ നിര്‍ദ്ധാരണം ചെയ്യുന്ന രീതിയിലാണ് ആ പോസ്റ്റുകള്‍ എഴുതിയത്. മാതൃഭൂമി ബുക്‌സ് ഈ നോവല്‍ പ്രസിദ്ധീകരിക്കുന്ന സമയത്ത് ഈ നോവലൊന്ന് പൊളിച്ചെഴുതാന്‍ ശ്രമിച്ചിരുന്നു. ആ സമയത്ത് അത്തരത്തിലെ ചില സംഭാഷണ ഭാഗങ്ങള്‍ ഞാന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
എഴുതാനുള്ള ആത്മവിശ്വാസ കുറവ്
നോവലായി മാറുമെന്ന പ്രതീക്ഷയില്ലായിരുന്നത് കൊണ്ട് ഭാരങ്ങള്‍ ഒന്നും ഇല്ലായിരുന്നു. പക്ഷേ, ഇതിന്റെ പ്രശ്‌നം എന്താണെന്ന് വച്ചാല്‍ ഞാന്‍ നേരത്തെ എഴുതിയിരുന്ന ഒരാളാണ്. ഒരു 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതി നിര്‍ത്തിയ ആളാണ് ഞാന്‍. ആ സമയത്ത് സജീവമായി എഴുതുകയും മത്സരങ്ങളില്‍ ഫസ്റ്റ് വാങ്ങിക്കുകയും ചെയ്തിരുന്നു. ആ എഴുത്ത് തുടര്‍ന്നിരുന്നുവെങ്കില്‍ ഇന്ന് അത്യാവശ്യം സ്‌പേസ് കിട്ടുമായിരുന്ന തരത്തില്‍ എഴുതിയിരുന്ന ഒരാളാണ്.
സാഹിത്യ ക്യാമ്പുകളൊക്കെ സജീവമായിരുന്ന കാലമായിരുന്നു അത്. ഇത്രയും എക്‌സ്‌പോഷര്‍ ആളുകള്‍ക്ക് ലഭിച്ചിരുന്നുമില്ല. സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുവാന്‍ മുഖ്യധാര മാസികകള്‍ മാത്രമേയുള്ളൂ. സമാന്തര പ്രസിദ്ധീകരണങ്ങള്‍ ഒന്നുമില്ല. അങ്ങനെയുള്ള ഒരു കാലത്ത് ഞാന്‍ എഴുതിയിരുന്നത്.
പക്ഷേ, ആ എഴുത്തിന് തുടര്‍ച്ചയുണ്ടായില്ല. ജീവിതത്തിന്റെ മുന്‍ഗണനകള്‍ മാറി. എഴുതാന്‍ പറ്റാതെയായി. അക്കാലത്ത് ഒരുപാട് പേര്‍ എഴുതുന്നുണ്ടായിരുന്നു. അവരില്‍ വളരെ കുറച്ച് പേര്‍ മാത്രമേ പിടിച്ച് നിന്നുള്ളൂ. ധാരാളം പേര്‍ ഒന്നും ആകാതെ പോയി.
അന്യഭാഷാ സിനിമകളുടെ മലയാള വിവര്‍ത്തകന്‍
എഴുതുന്നവര്‍ ഇടയ്ക്കിടെ നടത്തുന്ന ഒരു ആത്മവിമര്‍ശനം ഉണ്ട്. ഇത് ശരിയാകുമോ, നന്നാകുമോ, ഈ സ്ട്രീമിനൊത്ത് നമ്മള്‍ ഓടിയെത്തുന്നുണ്ടോ, നമ്മള്‍ അപ്‌ഡേറ്റാകുന്നുണ്ടോ, ഇതെല്ലാം പരിഹാസ്യമല്ലേ, എന്നൊക്കെ തോന്നും. പിന്നെ എഴുത്തുകാരന്‍ അന്തര്‍മുഖന്‍ കൂടെയാണെങ്കില്‍ ഒന്നും പറയാനുമില്ല.
ഒട്ടും ആത്മവിശ്വാസം ഇല്ലാതെയാകും. അങ്ങനെയുള്ള കൂട്ടത്തിലായിരുന്നു ഞാന്‍. പിന്നെ എഴുത്ത് ഒരു തൊഴില്‍ ആക്കി ജിവിക്കാനുള്ള സാഹചര്യം ഇല്ല. നമുക്ക് മറ്റ് കാര്യങ്ങളിലേക്ക് പോയേ പറ്റൂ. അങ്ങനെ എഴുത്ത് രണ്ടാം സ്ഥാനത്തായി.
പിന്നെ ഇത്തരം കാര്യങ്ങളില്‍ സജീവമായി വ്യാപരിക്കാനുള്ള തടസ്സം സ്ത്രീകള്‍ക്കുണ്ട്. വായനപോലും ഇല്ലാണ്ടായ കാലമുണ്ട്. വിവാഹമായി. കുട്ടികളായി. തിരക്കായി. ട്രാന്‍സ്ഫറായി. ഓട്ടമായി. അപ്പോള്‍ സ്വാഭാവികമായും നമ്മള്‍ ഉപേക്ഷിക്കുന്നത്. എഴുത്തും വായനയുമാകും.
ഈ നോവലിന്റെ അടുത്ത ദിവസത്തേക്കുള്ള പോസ്റ്റ് തലേദിവസമാണ് എഴുതുന്നത്. നേരത്തെ എഴുതി വച്ചിട്ടേയില്ല. ഒരു ഖണ്ഡം എഴുതി മൂന്ന് നാല് ദിവസം ലഭിച്ച് ഇത് വായിച്ച് മിനുക്കാമെന്ന് വിചാരിച്ചിരുന്നുവെങ്കില്‍ ഈ നോവല്‍ സംഭവിക്കില്ലായിരുന്നു. സമ്മര്‍ദ്ദത്തിന്റെ ഭാഗമായി പിറ്റേന്ന് പോസ്റ്റ് ചെയ്തത് കൊണ്ട് മാത്രമാണ് ഇതുണ്ടായത്.
സോഷ്യല്‍ മീഡിയയിലെ പ്രതികരണം ഉത്തരവാദിത്വബോധമുണ്ടാക്കി
എന്നെ അറിയാത്ത ധാരാളം പേര്‍ ആദ്യ പോസ്റ്റിന് ചോട്ടില്‍ വന്ന് കമന്റ് ചെയ്തിരുന്നു. ഇവരൊക്കെ എന്നെ വായിക്കുന്നുവെന്ന് എനിക്ക് അറിയില്ലായിരുന്നു. എഫ് ബിയിലെ സൗഹൃദവലയം നമുക്ക് അത്ര വിശ്വാസ്യയോഗ്യമായ ഒന്നല്ലല്ലോ. പത്ത് നാലായിരം സുഹൃത്തുക്കള്‍ ഉണ്ടെങ്കിലും അവരെല്ലാം നമ്മളെ ഫോളോ ചെയ്യില്ല.
വളരെ കുറച്ച് പേര്‍ മാത്രമേ നമ്മുടെ പോസ്റ്റുകള്‍ നോക്കത്തുള്ളൂ. ചിലര്‍ ഫോട്ടോസ് മാത്രം നോക്കുന്നവരാണ്. ചിലര്‍ പോസ്റ്റ് വായിക്കാതെ ലൈക്ക് ചെയ്യുന്നവരാണ്. ഇതൊക്കെ നമുക്ക് അറിയാം. അതുകൊണ്ട് എഫ് ബിയിലെ വായന സമൂഹത്തെ കുറിച്ച് എനിക്ക് വിശ്വാസം ഉണ്ടായിരുന്നില്ല.
പക്ഷേ, ഞാന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ധാരാളം പേര്‍ മെസഞ്ചറിലും വാട്‌സ് ആപ്പിലും സന്ദേശങ്ങള്‍ അയച്ചു. ഇതൊക്കെ എഫ് ബിയിലെ കമന്റുകള്‍ക്ക് പുറമേയാണ്. എനിക്ക് നേരിട്ട് അറിയാവുന്നവര്‍ ശശിധരന്‍ മാഷ്, പ്രതിഭ ടീച്ചറ്, സാഹിറ ടീച്ചറ്, ലക്ഷ്മി തുടങ്ങി കുറെ പേര്‍ എന്നെ വിളിച്ചു. ഇവരൊക്കെ വായിക്കുന്നുവെന്ന ധാരണ വന്നതോട് കൂടി നമുക്കൊരു ഉത്തരവാദിത്വ ബോധം ഉണ്ടായി.
അന്ന് മോഹന്‍ ലാലിന്റെ സെക്യൂരിറ്റി തടഞ്ഞു, ഇന്ന് ഒപ്പം അഭിനയിക്കുന്നു
ഇത് ഫിക്ഷനാണ്. അതിന്റെ രൂപത്തിലേക്ക് മാറ്റിയാല്‍ നന്നാകും എന്ന് ശശിധരന്‍ മാഷിന്റെ കമന്റ് ഉണ്ടായിരുന്നു. അപ്പോഴാണ് ഞാന്‍ തുടങ്ങി കുടുങ്ങി എന്ന അവസ്ഥയിലേക്ക് എത്തിയത്. പിന്നെ എഴുതാതിരിക്കാന്‍ പറ്റാതെയായി. ഇത് പൂര്‍ത്തിയാകുന്നതില്‍ എഫ് ബിയിലെ സൗഹൃദവലയത്തിന് വലിയൊരു പങ്കുണ്ട്. അവരാണ് ഇത് ഉന്തിതള്ളി ഇതുവരെ എത്തിച്ചത്.
ഈ നോവലിനെ സംബന്ധിച്ച് പിന്നെ മാതൃഭൂമി പ്രസിദ്ധീകരിക്കാം എന്ന് പറഞ്ഞ് വന്നതോട് കൂടി എഫ് ബിയിലെ പ്രസിദ്ധീകരണം പൂര്‍ത്തിയാക്കി മാതൃഭൂമിക്ക് കൊടുക്കുക എന്ന ഉത്തരവാദിത്വം കൂടെ വന്നു.
പേനയും കടലാസും എടുത്ത് എഴുതാന്‍ ഇരുന്നാല്‍ ഇത് നടക്കില്ല. കാരണം ഇതിന് മുമ്പ് ഞാനൊരു നോവല്‍ എഴുതാന്‍ ഇരുന്നിരുന്നു. അഞ്ച് അധ്യായങ്ങള്‍ കഴിഞ്ഞ് നിന്ന് പോയി. എന്റെ സ്വതസിദ്ധമായ മടിയും ആത്മവിശ്വാസക്കുറവും കൊണ്ട് നിന്ന് പോയതാണ്.
പുസ്തകമായപ്പോള്‍ വന്ന മാറ്റങ്ങള്‍
കല്യാണിയേച്ചിക്ക് നാരായണി എന്നൊരു കൂട്ടുകാരിയുണ്ടായിരുന്നു എന്നാണ് എഫ് ബിയിലെ തുടക്കം. അതിന് മുമ്പ് നോവലിന്റെ തുടക്കമായി കല്യാണിയും ഞാന്‍ എന്ന ആഖ്യാതാവും തമ്മിലെ സംഭാഷണങ്ങള്‍ പുസ്തകത്തില്‍ കൂട്ടിച്ചേര്‍ത്തു. ഇടയ്ക്ക് ഒന്ന് രണ്ട് അധ്യായങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും മാറ്റി.
ചിലതില്‍ സംഭവങ്ങള്‍ കൂട്ടിച്ചേര്‍ത്തു. പുസ്തകത്തില്‍ ആദ്യഭാഗത്ത് സൈക്കോ അനാലിസിസ് എന്നൊരു ഭാഗം ചേര്‍ത്തു. അതുമായി ബന്ധപ്പെടുത്തി അവസാന രണ്ട് അധ്യായങ്ങളും എഴുതി. പന്ത്രണ്ടോളം അധ്യായങ്ങള്‍ പൊളിച്ചെഴുതി ചേര്‍ത്തിട്ടുണ്ട്. അത് വളരെ എളുപ്പമായിരുന്നു. കാരണം എന്റെ കൈയില്‍ ടെക്സ്റ്റുണ്ട്.
ഞാന്‍ ഇതെഴുതിയത് മുഴുവന്‍ സ്മാര്‍ട്ട് ഫോണില്‍ നോട്ട് പാഡിലാണ്. ഒരു അക്ഷരം എഴുതാന്‍ പോലും പേനയും കടലാസും ഉപയോഗിച്ചിട്ടില്ല. അതുകൊണ്ടുണ്ടായ ഗുണം, നമുക്ക് ഡോക്ടറെ കാത്തിരിക്കുമ്പോള്‍ എഴുതാം, ട്രെയിനില്‍ ഇരുന്ന് എഴുതാം, കോളെജില്‍ ഫ്രീ ടൈം കിട്ടുമ്പോള്‍ എഴുതിയിട്ടുണ്ട്. ഈ നോവല്‍ പൂര്‍ത്തിയായതില്‍ വലിയൊരു ക്രഡിറ്റ് സ്മാര്‍ട്ട് ഫോണിന് കൂടെയുള്ളതാണ്.
സ്മാര്‍ട്ട് ഫോണ്‍ എപ്പോഴും കൈയിലുണ്ടാകും. അതുകൊണ്ട് ഇന്ന അധ്യായത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ നന്നാകും എന്നുള്ള ആലോചന വരുമ്പോള്‍ തന്നെ അത് എഡിറ്റ് ചെയ്യാനും കൂട്ടിച്ചേര്‍ക്കാനും സാധിക്കും. പേനയും കടലാസും ആകുമ്പോള്‍ ഇതൊന്നും അത്ര എളുപ്പമല്ല.
ടെക്‌നോളജി സ്ത്രീകള്‍ക്ക് തന്നിട്ടുള്ള ഏറ്റവും വലിയ നന്മയാണ് സ്മാര്‍ട്ട് ഫോണ്‍. നമുക്ക് ഇഷ്ടം പോലെ ആശയങ്ങളും ചിന്തകളും ഉണ്ട്. യാത്ര ചെയ്യുമ്പോള്‍ കഥയും കവിതയുമൊക്കെ മനസ്സില്‍ വരും. ഫോണ്‍ കൈയിലുണ്ടെങ്കില്‍ അതില്‍ കുറിക്കാം.
ആദ്യ ട്രാന്‍സ്‌മെന്‍ പൈലറ്റിന് തെരുവ് ഇനിയോര്‍മ്മ
നോവലിന്റെ പേരിലെ പഴമ
19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായ ഫുല്‍മോനിയെന്നും കോരുണയെന്നും പേരായ രണ്ട് സ്ത്രീകളുടെ കഥ എന്ന ആദ്യകാല നോവലിന്റെ പേരിന്റെ അനുകരണമാണ് ഈ നോവലിന്റേയും പേര്. രണ്ട് സ്ത്രീകളെ മുന്‍നിര്‍ത്തിയാണ് നമ്മുടെ നോവല്‍ ചരിത്രം തുടങ്ങുന്നത്. അത്തരത്തിലൊരു വിച്ഛേദം ആകും എന്ന തോന്നല്‍ എനിക്കുണ്ടായിരുന്നു.
എഴുതി വന്നപ്പോള്‍ ഈ രണ്ട് കഥാപാത്രങ്ങളുടേയും മിഴിവും മറ്റും വായനക്കാര്‍ പറഞ്ഞപ്പോള്‍ ഞാന്‍ തന്നെ കഥാപാത്രങ്ങളുമായി ഇഷ്ടത്തിലായി. രണ്ട് കഥാപത്രങ്ങള്‍ക്കും മിഴിവുണ്ടാകട്ടേയെന്ന് കരുതിയാണ് ആ പേരിട്ടത്. നമ്മുടെ നോവല്‍ പാരമ്പ്യരത്തില്‍ എമ്പാടും ഉള്ളത് സ്ത്രീകളാണ്. അതിന്റെയൊരു ഓര്‍മ്മ പുതുക്കല്‍ കൂടിയായിട്ടാണ് ഞാന്‍ നോവലിന് കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത എന്ന പേരിട്ടത്.
കല്യാണിയേച്ചിയുടെ ജനനം
ഞാന്‍ താമസിക്കുന്നത് ഒരു നാട്ടിന്‍പുറത്താണ്. കല്യാണിയേയും ദാക്ഷായണിയേയും ചേയിക്കുട്ടിയേയും പോലുള്ള ഒരുപാട് സ്ത്രീകള്‍ ആ നാട്ടിലുണ്ട്. ചില കാര്യങ്ങളെ കുറിച്ചൊക്കെ അവര്‍ക്കൊക്കെയൊരു ജീവിത ദര്‍ശനമുണ്ട്.
എനിക്ക് വ്യക്തിപരമായൊരു അനുഭവം ഉണ്ട്. ഞാന്‍ വളരെ ശ്രമപ്പെട്ട് ഒരു ജോലി ചെയ്ത് പൂര്‍ത്തിയാക്കിയപ്പോള്‍ അതിന് ഇല്ലാത്ത കുറ്റമില്ല. അതില്‍ ടെന്‍ഷന്‍ അടിച്ച് ഡെസ്പായിട്ട് ഇരിക്കുമ്പോള്‍ ഒരു അയല്‍വാസി സ്ത്രീ എന്താ സംഭവം എന്ന് ചോദിച്ചു. ഞാന്‍ ചേച്ചീ ഇന്നതാ സംഭവം എന്ന് പറഞ്ഞു.
നമ്മുടെ ആത്മാര്‍ത്ഥയ്‌ക്കൊന്നും വിലയില്ലെന്നൊക്കെ പറഞ്ഞു. അവര്‍ പെട്ടെന്ന് ചിരിച്ചോണ്ട് പറഞ്ഞത്, എടുത്ത പണിക്കേ കുറ്റമുള്ളൂ എന്ന് നീ കേട്ടിട്ടില്ലേ എന്നാണ്. ഉഴുന്ന എരുതിന്റെ മുതുകിലേ നുകം വയ്ക്കുള്ളൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.എന്നിട്ട് അവര്‍ അങ്ങ് പോയി.
ബൈജു എന്‍ നായര്‍: മലയാള ഓട്ടോമൊബൈല്‍ ജേര്‍ണലിസത്തിന്റെ പിതാവ്
ചില സാധനങ്ങള്‍ കേള്‍ക്കുമ്പോള്‍ നമുക്ക് ബള്‍ബ് കത്തുന്നത് പോലെ മനസ്സില്‍ കത്തുമല്ലോ. അത് കേട്ടപ്പോള്‍ ഭയങ്കര സമാധാനമായി. ആ ഒരു നിമിഷത്തിലാണ് കല്യാണിയെന്ന കഥാപാത്രം ഉണ്ടായത്. അതിനെയാണ് എഫ് ബിയില്‍ കൊണ്ട് വന്ന് രണ്ട് കൊല്ലം ആഘോഷിച്ചത്. അതിന് ശേഷമാണ് അവരെ ചുറ്റിപ്പറ്റി കഥ രൂപപ്പെട്ടത്.
നോവലിലെ പഴയകാല ഭാഷയുടെ പ്രാധാന്യം
ആ ഒരു അനുഭവം എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. അതിനെ അനുസ്മരിക്കുന്ന പല സന്ദര്‍ഭങ്ങള്‍ ഉണ്ടായി. അപ്പോഴൊക്കെ എന്തുകൊണ്ടാണ് അത് നമ്മളെ ആശ്വസിപ്പിച്ചത് എന്ന് ഞാനാലോചിച്ചു. ആ വാക്യം എന്നെ വല്ലാണ്ട് സമാധാനിപ്പിച്ചിരുന്നു. അതൊരു അച്ചടി ഭാഷയില്‍ പറഞ്ഞാല്‍ നമ്മളാ സെന്‍സില്‍ എടുക്കില്ല.
പലപ്പോഴും അച്ചടി ഭാഷയ്ക്ക് നമ്മുടെ മനസ്സിലേക്ക് കയറാനുള്ള കഴിവില്ല. ആ സ്ത്രീ നടത്തം നിര്‍ത്താതെ അത്രയും സ്വാഭാവികമായും നാടന്‍ ഭാഷയില്‍ പറഞ്ഞ് പോകുകയായിരുന്നു. അങ്ങനെയാണ് നോവലിലും ഭാഷ ഇത് മതിയെന്ന് ഞാന്‍ തീരുമാനിച്ചത്.
തെക്കരും വടക്കരും തമ്മിലെ സംഘര്‍ഷം
നോവലിനെ കുറിച്ച് വന്ന വിമര്‍ശനങ്ങളില്‍ ഒന്നാണിത്. നോവല്‍ പൂര്‍ണമായും വായിക്കാതെ പറഞ്ഞ വിമര്‍ശനം ആണെന്ന് ഞാന്‍ പറയും. അതുകൊണ്ട് അതിന് മറുപടി പറഞ്ഞിരുന്നില്ല.
എന്റെ അച്ഛനും അമ്മയും പത്തനംതിട്ട, ആലപ്പുഴ സ്വദേശികളാണ്. അവര്‍ കണ്ണൂര് ജോലിയായിട്ട് വന്നവരാണ്. 40 വര്‍ഷങ്ങളായി അവര്‍ ഇവിടെ സെറ്റില്‍ഡാണ്. അച്ഛന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനാണ്. നാട്ടില്‍ അത്യാവശ്യം അറിയപ്പെടുന്ന ഒരാളാണ്. മറ്റൊരു സ്ഥലത്ത് നിന്ന് വന്നവരാണ് എന്ന ഫീല്‍ ഇല്ലാതെയാണ് അവര്‍ അവിടെ ജീവിക്കാന്‍ ശ്രമിക്കുന്നത്. പക്ഷേ, അവരെ ഉള്‍ക്കൊള്ളാനുള്ള വിസമ്മതം ഈ നാടിനുണ്ട്.
ഞാന്‍ ഈ നാട്ടില്‍ ജനിച്ച് വളര്‍ന്നതാണ്. അസലായി കണ്ണൂര്‍ ഭാഷ പറയും. അവധിക്കാലത്ത് അച്ഛന്റേയും അമ്മയുടേയും നാട്ടില്‍ പോകുമ്പോള്‍ കണ്ണൂര്‍ ഭാഷ പറയുമ്പോള്‍ നമ്മള്‍ മഹാമോശക്കാരായി. അപരിഷ്‌കൃതരുടെ ഭാഷയെന്ന് പറഞ്ഞ് ആക്ഷേപിക്കും. അവരുടേതാണ് നല്ലതെന്ന ചിന്ത തെക്കോട്ടുള്ളവര്‍ക്ക് ഉണ്ട്. മേന്മാവാദം അവര്‍ക്കുണ്ട് എന്നത് സ്ത്യമാണ്. അതുകൊണ്ട് അപ്പുറത്തേക്ക് പോകുമ്പോള്‍ തെക്കന്‍ ഭാഷ പറയും. ഇവിടെ വരുമ്പോള്‍ വടക്കന്‍ ഭാഷയും പറയും.
കാലിച്ചാംപൊതിയുടെ സിനിമാക്കാരന്‍
പ്രശ്‌നം എന്താണെന്ന് വച്ചാല്‍ വടക്കര് നമ്മളെ ഒരുകാരണവശാലും അംഗീകരിക്കില്ല. കാരണം നമ്മള്‍ തെക്കരാണ്. തെക്ക് ചെല്ലുമ്പോള്‍ അവിടെയുള്ളവരും അംഗീകരിക്കില്ല. നമ്മള് വടക്കരായി. ഞങ്ങള്‍ വടക്കരാണോ തെക്കരാണോ എന്നറിയാത്ത കണ്‍ഫ്യൂഷനിലാണ് വളര്‍ന്നത്.
ആ നോവലില്‍ പറഞ്ഞിരിക്കുന്നത് പോലെ തെക്ക് നിന്ന് വന്നവര്‍ റിട്ടയര്‍ ആകുമ്പോള്‍ തിരിച്ച് പോകും. വളരെ കുറച്ച് പേര്‍ മാത്രമേ ഇവിടെ പിടിച്ച് നിന്നിട്ടുള്ളൂ. കുടിയേറ്റക്കാര്‍ കൃഷിയുമൊക്കെയായി അവരുടേതായ സാമ്രാജ്യം പണിത് അവിടെ നില്‍ക്കും.
ഈ കത ഫിക്ഷനല്ല, യാഥാര്‍ത്ഥ്യം
നോവലില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശരിക്കും സംഭവിച്ചിട്ടുള്ളതാണ്. ഭാര്യയും മക്കളും ഉള്ളവര്‍ ഇവിടെ വന്ന് വേറെ കല്ല്യാണം കഴിക്കും. ഇവിടെ വന്ന് പറഞ്ഞ് പറ്റിച്ചാണ് കല്ല്യാണം കഴിക്കുന്നത്. അത്തരം സംഭവങ്ങള്‍ കുട്ടിക്കാലത്ത് ഞാന്‍ കണ്ടിട്ടുണ്ട്. അവരില്‍ പലരും ജീവിച്ചിരിക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരുപാട് സ്ത്രീകളുടെ സങ്കടങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. സത്യത്തില്‍ അതിലൊന്നും ഒരു ഫിക്ഷനും ഇല്ല.
ഭര്‍ത്താവ് നാട്ടിലേക്ക് പോയാല്‍ തിരിച്ച് കണ്ണൂരിലേക്ക് വരില്ല. വിവാഹം കഴിക്കാതെ നില്‍ക്കുന്നവരാണ് അത്തരത്തിലെ ബന്ധങ്ങളില്‍ അകപ്പെടുന്നത്. പഴശി കനാലിന്റെ നിര്‍മ്മാണം നടക്കുന്ന സമയത്ത് ഇഷ്ടംപോലെ അത്തരം കേസുകള്‍ ഉണ്ടായിട്ടുണ്ട്. അന്ന് എനിക്കൊരു പത്ത് വയസ്സ് വരും. ഞങ്ങള്‍ വളര്‍ന്ന സമയത്ത് ഈ സംഘര്‍ഷം രൂക്ഷമാണ്.
എനിക്ക് വിവാഹാലോചന വരുന്ന സമയത്ത് തെക്കന്‍ കണക്ഷന്‍ വളരെ പ്രശ്‌നമായിരുന്നു. അത് ബുദ്ധിമുട്ടാണ് എന്ന് ഞങ്ങളോട് പറഞ്ഞ വീട്ടുകാരുണ്ട്. പെണ്‍കുട്ടിക്ക് കുഴപ്പമില്ല. ജോലിയൊക്കെയുണ്ട്. കല്ല്യാണത്തിന് തയ്യാറാണ്. പക്ഷേ, തെക്ക്. അത് ശരിയാകില്ല എന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ വടക്ക് നിന്ന് കല്ല്യാണം കഴിക്കുന്നതില്‍ തെക്കുള്ളവര്‍ക്ക് പ്രശ്‌നം ഉണ്ടായിരുന്നില്ല. സ്ത്രീധനം പോലുള്ള സാധനങ്ങള്‍ കിട്ടില്ല എന്ന ടെന്‍ഷന്‍ മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. സാംസ്‌കാരിക ഭേദം അത്ര വലിയ പ്രശ്‌നമായി തെക്കര്‍ കണ്ടിട്ടില്ല.
വടക്കിന് തെക്കരെ അത്ര വിശ്വാസം പോര. അതിന് കാരണം കുറച്ച് കൈയിലിരുപ്പുമാണ്. അതൊരു സത്യമാണ്. നമ്മള്‍ അതിന് നേരെ കണ്ണടച്ചിട്ട് കാര്യമില്ല. കഴിഞ്ഞ പ്രളയത്തിന് തെക്ക് നിന്ന് സഹായം കിട്ടിയില്ലെന്ന് പറഞ്ഞ് പെട്ടെന്നൊരു വിവാദം ഉണ്ടായത് ഓര്‍ക്കുന്നില്ലേ. ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല. ഉള്ളില്‍ കിടക്കുന്ന സാധനം പുറത്തേക്ക് ചാടിയതാണ്. ഒരു അവിശ്വാസം വടക്കരുടെ മനസ്സില്‍ ഉണ്ടെന്നത് നേരാണ്. അതിന് ഒരുപാട് സംഭവങ്ങള്‍ കാരണമായിട്ടുണ്ട്.
തെക്കരുടെ കുടുംബ സ്‌നേഹം
വടക്കന്‍ മലബാറില്‍ സ്വാതന്ത്ര്യത്തോടെ കഴിഞ്ഞിരുന്ന ദാക്ഷായണിയെന്ന സ്ത്രീയെ തെക്കനായ ഭര്‍ത്താവിന്റെ കീഴിലേക്ക് ആക്കുന്നതിന്റെ ഭാഗമാണ്. ഭര്‍ത്താവ് ഭാര്യയുടെ സര്‍വാധികാരിയാണ്. കണ്ണൂരുകാരെ സംബന്ധിച്ചിടത്തോളം കുടുംബത്തില്‍ അധികാരം സ്ത്രീയ്ക്കുണ്ട്. ഇവിടെ മോള്‍ക്ക് വീട് കൊടുക്കും. സ്ത്രീധനം പ്രത്യക്ഷത്തില്‍ ഇല്ല. തെക്കുകാര്‍ക്ക് കുടുംബത്തെ കുറിച്ചുള്ള ചിന്താഗതി വേറെയാണ്. ഞാനും എന്റെ ഭാര്യം മക്കളും. അതില്‍ ഒതുങ്ങുന്നു കുടുംബം എന്ന സംഗതി. ചിലപ്പോള്‍ അച്ഛനേയും അമ്മയേയും വരെ വേണ്ടാന്ന് വച്ച് കളയും. പെണ്ണിനെ കുടുംബ വ്യവസ്ഥിതിയില്‍ കര്‍ശനമായി ഉള്‍ക്കൊള്ളിക്കും.
പുതുപ്പെണ്ണിന് സ്വത്വബോധമുണ്ടോ, ജനാധിപത്യ ബോധമുണ്ടോ എന്നൊന്നും നോക്കില്ല. ഭര്‍ത്താവിന്റെ ഘടനയിലേക്ക് ഉള്‍ക്കൊള്ളിക്കാനാണ് ശ്രമിക്കുക. അത് അവരുടെ ചിന്താഗതി അങ്ങനെ ആയത് കൊണ്ട് ആകാം.
കാര്‍ട്ടൂണിസ്റ്റിന്റെ ഫ്രീഡം എഡിറ്റര്‍ തളികയില്‍ വച്ച് തരുന്ന ഒന്നല്ല
ഭാര്യയുടെ കൈയിലെ പണം വാങ്ങുന്നത് സ്‌നേഹം കൊണ്ടാണെന്നാണ് ആണിക്കാരന്‍ ആവര്‍ത്തിച്ച് പറയുന്നത്. അതിലൊരു തെറ്റുണ്ടെന്ന് അയാള്‍ കരുതുന്നില്ല. നമ്മുടെ കുടുംബത്തിന് വേണ്ടിയിട്ടാണ് എന്നാണ് അയാള്‍ പറയുന്നത്. കുടുംബം എന്നത് രണ്ട് വ്യക്തികളുടെ സ്വത്വബോധത്തേയും ഇച്ഛാശക്തിയേയും നശിപ്പിച്ച് കളയുന്ന ഒന്നാണ്. ആ ഒരു കോണ്‍സെപ്റ്റില്‍ നിന്നാണ് ആ സാധനം ചെയ്യുന്നത്.
സ്ത്രീപക്ഷ നോവല്‍ എന്ന നിലയിലെ ലേബല്‍
അങ്ങനെ ലേബല്‍ ചെയ്യപ്പെടേണ്ടായിരുന്നുവെന്ന് എനിക്ക് തോന്നലുണ്ട്. എഴുതിക്കഴിഞ്ഞൊരു സാധനം അങ്ങനെ ആകരുതെന്ന് പറയാന്‍ നമുക്ക് സ്വാതന്ത്ര്യം ഇല്ലല്ലോ. കല്യാണിയുടേയും ദാക്ഷായണിയുടേയും തലമുറ ആണിനെ തങ്ങളില്‍ നിന്നും വേറിട്ട ഒന്നായി കരുതിയിരുന്ന ഒന്നായിരുന്നില്ല. കാരണം, പുരുഷനെ അവരുടെ കൂട്ടത്തില്‍ കൂട്ടിയ ആളുകളാണ്.
സകല ദൗര്‍ബല്യത്തോടും സ്‌നേഹത്തോടും വെറുപ്പിനോടും കൂടിത്തന്നെയാണ് അവര്‍ ഉള്‍ക്കൊണ്ടിരുന്നത്. മണ്ണും ചാണകവും എന്ന് പറയുന്നത് പോലെ. സ്ത്രീയുടെ സ്വേച്ഛാ, സ്വത്വബോധം എന്ന നിലയില്‍ അല്ല. മൊത്തത്തില്‍ മനുഷ്യര്‍ എന്ന നിലയിലെ പ്രസന്റേഷനാണ്. സ്ത്രീയെന്ന നിലയില്‍ ചുരുക്കേണ്ടതില്ല. ഇങ്ങനെയൊക്കെ തന്നെയാണ് മനുഷ്യര്‍. ആണായാലും പെണ്ണായാലും മനുഷ്യന്റെ ഒരു തുറസ്സുണ്ട്. ആ തുറസ്സിനെ മറച്ചു വയ്ക്കാതെ പെരുമാറുന്ന മനുഷ്യ ജീവികള്‍ എന്നേയുള്ളൂ.
ഇത്രയും കാലം നമ്മള്‍ സ്ത്രീയുടെ നോട്ടവും ചിന്തയും പുരുഷന്റെ കണ്ണിലൂടെയാണ് കണ്ടത്. അതിന്റെയൊരു പ്രശ്‌നം ഉണ്ടാകും ചിലപ്പോള്‍. അതിന് അപ്പുറത്തേക്ക് ചിന്തിക്കുമ്പോള്‍ വിപ്ലവകാരികളായ സ്ത്രീകളായി മാറ്റപ്പെട്ടേക്കാം. മൊത്തത്തില്‍ സ്ത്രീപക്ഷയെഴുത്ത് എന്ന ചിന്ത ഉണ്ടായിരുന്നില്ലെന്നതാണ് എന്റെ വ്യക്തിപരമായ അനുഭവം.
എന്റെ ബേഡഡുക്കന്‍ ജീവിത കാലം
വായന, സ്വാധീനിച്ച എഴുത്തുകാര്‍
തൊഴിലിന്റെ ഭാഗമായി ധാരാളം വായിക്കണം. അത് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പുതുതായി ഉണ്ടാകുന്നതെല്ലാം വായിക്കണം. ഇഷ്ടം എന്നൊരു തരത്തില്‍ ഇല്ല. ഇഷ്ടമുള്ള എഴുത്തുകാര്‍ എന്നത് ഡിഗ്രി തലത്തില്‍ വച്ച് മറന്നിട്ടുണ്ട്. അക്കാലത്ത് ഒവി വിജയന്‍, മുകുന്ദന്‍, എംടി എല്ലാം ഇഷ്ടമായിരുന്നു. നമ്മുടെ വായനയെ രൂപപ്പെടുത്തുന്നവര്‍ അവരൊക്കെ ആയിരുന്നല്ലോ. ഇക്കാലത്തേക്ക് വരികയാണെങ്കില്‍ മീശ, സൂസന്നയുടെ ഗ്രന്ഥപ്പുര തുടങ്ങിയ നോവലൊക്കെ ഇഷ്ടത്തോടെ വായിച്ചിട്ടുണ്ട്.
ആദ്യം നമ്മള്‍ എഴുത്തുകാരെ കണ്ടു. പിന്നെ നമ്മള്‍ എഴുത്ത് മാത്രം നോക്കാന്‍ തുടങ്ങി. ഒരു എഴുത്തുകാരന്റെ ഒരു പുസ്തകം നമുക്ക് ഇഷ്ടമാകാം. വേറൊന്ന് ഇഷ്ടമില്ലാതിരിക്കാം. അതിനാല്‍ ആ വിവേചനം ഒഴിവാക്കിയിട്ട് നല്ല വര്‍ക്ക് എന്ന് നമുക്ക് തോന്നുന്നതും മറ്റുള്ളവര്‍ അഭിപ്രായപ്പെടുന്നതുമായ പുസ്തകങ്ങളാണ് ഇപ്പോള്‍ വാങ്ങുന്നത്.
Comments are closed.