മുസ്ലിം തീവ്രവാദത്തെ എഴുത്തുകാര്‍ക്കും ബുദ്ധിജീവികള്‍ക്കും ഭയമാണ്: റഫീഖ് മംഗലശേരി
മതങ്ങള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടുന്ന കാഴ്ചയാണ് ഇന്ന് നാം കണ്ടു കൊണ്ടിരിക്കുന്നത്. സ്‌കൂള്‍ കലോല്‍സവ വേദികളിലും ഇതിന്റെ പ്രതിഫലനം നാം കണ്ടു. കോഴിക്കോട് ജില്ലയില്‍ നിന്നും മലയാള നാടകത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയിട്ടും മംഗലശേരിയുടെ കിതാബ് എന്ന നാടകത്തിന് സംസ്ഥാന കലോല്‍സവത്തില്‍ കളിക്കാനായില്ല.
വാങ്ക് വിളിക്കാന്‍ ആഗ്രഹിച്ച പെണ്‍കുട്ടിയുടെ കഥ പറഞ്ഞ കിതാബ് നാടകം വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചു. തന്റെ കഥയെ വികലമാക്കിയെന്ന് പറഞ്ഞ് കഥാകൃത്ത് ആര്‍ ഉണ്ണിയും രംഗത്തെത്തി. മതമൗലികവാദികള്‍ ശക്തമായി പ്രതിഷേധിച്ചതോടെ നാടകം കളിക്കുന്നില്ലെന്ന് സ്‌കൂള്‍ അധികൃതരും വ്യക്തമാക്കി.
കിതാബ് നാടകത്തില്‍ അഭിനയിച്ച കുട്ടികള്‍ക്ക് ആലപ്പുഴയില്‍ നടന്ന സംസ്ഥാന കലോല്‍ത്സവത്തില്‍ നാടക മത്സരം കാണാനേ കഴിഞ്ഞുള്ളൂ. കണ്ണീരോടെ നാടകം കണ്ടിരിക്കുന്ന കുട്ടികളുടെ ചിത്രങ്ങള്‍ ഏറെപ്പേരുടെ കണ്ണും നനയിച്ചു. കിതാബിന് സംഭവിച്ചത് എന്താണ്. സംവിധായകന്‍ റഫീഖ് മംഗലശേരി ഹരിപ്രസാദുമായി സംസാരിക്കുന്നു.
ആര്‍ ഉണ്ണിയുടെ വാങ്ക് എന്ന കഥ നാടകമാക്കാന്‍ റഫീഖ് മംഗലശേരി തെരഞ്ഞെടുത്ത സാഹചര്യം എന്തായിരുന്നു?
ഉണ്ണിയുടെ കഥ നാടകമാക്കാനല്ല ആദ്യം തീരുമാനിച്ചത്. മതത്തിനകത്തെ ലിംഗനീത വിഷയമാക്കി കൊണ്ട് നാടകം ചെയ്യാനാണ് തീരുമാനിച്ചത്. എല്ലാ മതങ്ങളിലും സ്ത്രീ രണ്ടാം സ്ഥാനക്കാരിയാണ്. ഈ സമയത്താണ് ഒരു സുഹൃത്ത് ഉണ്ണിയുടെ വാങ്ക് എന്ന കഥയെക്കുറിച്ച് പറയുന്നത്. അതില്‍ നിന്നും പ്രമേയം ഉള്‍ക്കൊണ്ടാണ് നാടകം തയ്യാറാക്കിയത്.
മുമ്പും റഫീഖ് മംഗലശേരിയുടെ നാടകങ്ങളില്‍ മുസ്ലിം അനാചാരങ്ങളെ വിമര്‍ശന വിധേയമാക്കിയിട്ടുണ്ടോ?
പെണ്‍വാങ്ക് എന്ന വിഷയം കിതാബിന് മുമ്പ് തന്നെ ഞാന്‍ നാടകമാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബദറുദ്ദീന്‍ നാടകമെഴുതുമ്പോള്‍ എന്ന നാടകത്തില്‍ ഈ വിഷയം തന്നെയാണ് ചര്‍ച്ച ചെയ്തത്. പിന്നെ കുട്ടികളുടെ നാടകത്തില്‍ കൃത്യമായ രാഷ്ട്രീയം അടയാളപ്പെടുത്തണം എന്ന അഭിപ്രായമുള്ളയാളാണ് ഞാന്‍. കുട്ടികളിലൂടെയാണ് ഭാവിയിലെ നല്ല മനുഷ്യരെ വാര്‍ത്തെടുക്കേണ്ടത്.
അഞ്ചു വയസ്സു മുതല്‍ കുട്ടികളെ മതം പഠിപ്പിക്കാന്‍ വിടുന്നു. മതവും ജാതിയുമൊക്കെ ചെറുപ്പ മുതല്‍ പഠിച്ചു വളര്‍ന്ന് 15 വയസ്സൊക്കെ ആകുന്ന സമയത്താണ് അവരോട് ലിംഗ സമത്വത്തെ കുറിച്ചും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ചുമൊക്കെ പറയുന്നത്. അത് അവനിലേക്ക് എത്തണമെങ്കില്‍ നാടകങ്ങളില്‍ കാര്യമായ രാഷ്ട്രീയം പറയേണ്ടതുണ്ട്. അത് ഞാന്‍ പറഞ്ഞു കൊണ്ടിരിക്കുന്നു. ചുംബന സമരം നടക്കുന്ന സമയത്താണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ഭര്‍ര്‍ര്‍ എന്ന ചെറുകഥയെ നാടകമാക്കി കളിക്കുന്നത്.
കപടസദാചാരവാദികള്‍ക്കു നേരെ പുറംതിരിഞ്ഞു നിന്ന് വളിയിടുകയായിരുന്നു. അത് ഒരു പ്രതിഷേധമാകുന്നു. സവര്‍ണഫാസിസത്തിന് എതിരേയും നാടകം കളിച്ചു. കൊട്ടേം കരിയും എന്ന നാടകം. പിന്നെ അന്നപെരുമ. ഇപ്പോള്‍ കിതാബില്‍ എത്തി നില്‍ക്കുന്നു.
കിതാബ് യഥാര്‍ത്ഥത്തില്‍ ആരെയാണ് അസ്വസ്തപ്പെടുത്തുന്നത്?
എന്റെ നാടകങ്ങളൊക്കെ മുസ്ലിം സമൂഹത്തിലെ അനാചാരങ്ങളെ തുറന്നു കാണിച്ചിട്ടുണ്ട്. ഞാന്‍ ജീവിച്ച ചുറ്റുപാടില്‍ നിന്നാണ് എന്റെ നാടകങ്ങളൊക്കെ ഉണ്ടായത്. ചിലപ്പോള്‍ മീര, ചിലപ്പോള്‍ സമീറ, റാബിയ, ജിന്ന് കൃഷ്ണന്‍, സുഹറ സി 10 ബി. ഈ നാടകങ്ങളൊക്കെത്തന്നെ മുസ്ലിം അനാചാരങ്ങള്‍ക്കെതിരെ ഞാന്‍ എഴുതി അവതരിപ്പിച്ച നാടകങ്ങളാണ്. ഇതുകൊണ്ടുതന്നെ എന്റെ എല്ലാ നാടകങ്ങളും അസ്വസ്തപ്പെടുത്തുന്നത് പൗരോഹിത്യത്തെയാണ്. പെണ്‍കുട്ടി വാങ്ക് വിളിക്കണമെന്ന് പറയുമ്പോള്‍ ഹാലിളകുന്നത് ഇവിടത്തെ പൗരോഹിത്യത്തിനാണ്.
പുരുഷ മേധാവിത്വമുള്ള മതങ്ങള്‍ക്കാണ്. ഇത്തരം ചോദ്യങ്ങളെ പുരോഹിതന്മാര്‍ ഭയപ്പെടുന്നു. നാളെ ഒരു പെണ്‍കുട്ടി പള്ളിയില്‍ വാങ്ക് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പോയാല്‍ എന്ത് സംഭവിക്കും. ഇതിനെയൊക്കെ അവര്‍ ഭയപ്പെടുന്നു. നാടിന് മാറ്റങ്ങള്‍ ഉണ്ടാക്കിയ നാടകങ്ങളേയും അവര്‍ ഭയപ്പെടുന്നു. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം കേരളത്തില്‍ വലിയ മാറ്റം ഉണ്ടാക്കിയില്ലേ. വിടി ഭട്ടതിരിപ്പാടിന്റെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് സമാനമായ മാറ്റം ഉണ്ടാക്കി.
ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി കിതാബിനെ കൂട്ടിവായിക്കാന്‍ ശ്രമം നടത്തുന്നു.
ശബരില വിഷയമൊക്കെ വരുന്നതിന് മുമ്പ് തന്നെ നാടക റിഹേഴ്‌സല്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. റിഹേഴ്‌സല്‍ ക്യാമ്പില്‍ നിന്ന് ചില മാറ്റങ്ങള്‍ നാടകത്തിന് ഉണ്ടാകുന്നുണ്ട്. ശബരിമല വിഷയവും അത്തരത്തില്‍ ചില മാറ്റങ്ങള്‍ക്ക് പ്രേരകമായിട്ടുണ്ട്. ശബരിമല വിഷയത്തിന് പാരലലായി വന്നതൊന്നുമല്ല കിതാബ്.
ഒരു നോവല്‍ പ്രസിദ്ധീകരിച്ചതിലൂടെ എഡിറ്റര്‍ക്ക് മാധ്യമ സ്ഥാപനം വിടേണ്ടി വന്നിരിക്കുന്നു. തന്റെ ജേര്‍ണലിസം താന്‍ തുടരുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നു. റഫീക്കിന്റെ അവസ്ഥയെന്താണ്?
മലയാളിയുടെ പൊതുബോധത്തെ സ്വാധീനിച്ച മാതൃഭൂമി പത്രം സംഘപരിവാര്‍ പോലുള്ള സംഘടനകള്‍ക്ക് കീഴ്‌പ്പെടുകയെന്നത് ഏറെ ദുഖകരമായ കാര്യമാണ്. കേരളത്തിലെ പല എഴുത്തുകാര്‍ക്കും ബുദ്ധിജീവികള്‍ക്കും ഞാന്‍ ഇസ്ലാമോഫോബിക് ആണെന്നാണ് പറയുന്നത്. ഇസ്ലാമിക തീവ്രവാദികളുടെ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കുന്നവരാണിവര്‍.
മാധ്യമം പോലുള്ള ഇസ്ലാമിക പത്രങ്ങളില്‍ എഴുതിയും ഗള്‍ഫില്‍ നടക്കുന്ന പുസ്തകോത്സവങ്ങളിലൊക്കെ പങ്കെടുത്തും ആനുകൂല്യങ്ങള്‍ പറ്റുന്നവരാണ് ഈ കൂട്ടര്‍. തിയേറ്ററില്‍ ദേശീയ ഗാനം ആലപിക്കുന്ന കപടദേശീയതയ്ക്ക് എതിരെ ഞാനൊരു ഷോര്‍ട്ട് ഫിലിം ചെയ്തിരുന്നു. ജയഹേ എന്നായിരുന്നു അതിന്റെ പേര്. ഞാന്‍ ഇസ്ലാമോ ഫോബിക് ആണെന്ന് പറയുന്നവര്‍ ഇതു കൂടിയൊക്കെ ഒന്നു കാണണം.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്നവര്‍ കിതാബിനെ കണ്ടില്ലെന്ന് നടിച്ചോ?
മീശക്കുവേണ്ടി ഘോരഘോരം വാദിച്ചവര്‍ കിതാബിനുവേണ്ടി രംഗത്ത് വന്നില്ല. സത്യമാണ്. കാലങ്ങളായി മുസ്ലിം തീവ്രവാദത്തെ ഇവിടത്തെ എഴുത്തുകാര്‍ക്കും ബുദ്ധിജീവികള്‍ക്കും ഭയമാണ്. അത് രണ്ട് അര്‍ത്ഥത്തിലാണ് ഞാന്‍ പറയുക. ഒന്ന് എല്ലാ സുഖലോലുപതയും അനുഭവിക്കാനുള്ള ഒരു വേദി ഇവര്‍ക്കുണ്ട്. സംഘപരിവാര്‍ സംഘടനകളെ കുറ്റം പറഞ്ഞാല്‍ നൂറ് കണക്കിന് വേദികളില്‍ സംസാരിക്കാനും വിദേശങ്ങളില്‍ പോകാനും സാമ്പത്തിക സഹായങ്ങളും ഒക്കെ ലഭിക്കും.
മറ്റൊന്ന് ഇസ്ലാം ഒരു ഭീതിയായി ഇവര്‍ക്കിടയില്‍ നിലനില്‍ക്കുന്നു. ഇസ്ലാമിനെ കുറ്റം പറഞ്ഞാല്‍ ചേകന്നൂരിനെ പോലെയോ ജോസഫ് മാഷിനെ പോലെയോ ഒക്കെ ആയിത്തീരുമെന്ന് ഭയം. മറ്റ് മതങ്ങളെ വിമര്‍ശിക്കുന്നതു പോലെ ഇസ്ലാമിനെ വിമര്‍ശിക്കാനാകില്ല. യഥാര്‍ത്ഥത്തില്‍ സോഷ്യല്‍ മീഡിയയെയാണ് കിതാബിനു വേണ്ടി വാദിച്ചത്. പിന്നീട് മിണ്ടാതിരിക്കാനാകില്ല എന്ന അവസ്ഥയില്‍ അവര്‍ പ്രതികരിച്ചു തുടങ്ങി.
കൃത്യമായ സമയത്ത് ഈ ബുദ്ധിജീവികളൊക്കെ പ്രതികരിച്ചിരുന്നുവെങ്കില്‍ ഈ കുട്ടികളുടെ കണ്ണീര്‍ കാണേണ്ടി വരില്ലായിരുന്നു. ഒരു കലോല്‍സവ വേദിയില്‍ ഒരിക്കലും സംഭവിക്കരുതാത്തത് കിതാബിന് സംഭവിച്ചു. ഇതിന് കാരണക്കാര്‍ ഇവിടത്തെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തന്നെയാണ്.
കെ ടി മുഹമ്മദൊക്കെ പറഞ്ഞതിന്റെ ബാക്കിയാണ് റഫീക്ക് മംഗലശേരി ഒക്കെ പറയുന്നത്. കാലം കഴിഞ്ഞിട്ടും ഒരു മാറ്റവുമില്ലെന്ന് തോന്നുന്നുണ്ടോ. ഭീഷണിയുണ്ടോ?
അവരൊക്കെ പറഞ്ഞതിന്റെ തുടര്‍ച്ച ഇന്നും പറയേണ്ടി വരുന്നു. 50 വര്‍ഷമായിട്ടും മാറ്റങ്ങള്‍ വരുന്നില്ല. അവര്‍ പറഞ്ഞു വച്ചതൊക്കെ മറന്ന ഒരു അവസ്ഥ. നാടകത്തെ ഒരു വിനോദോപാധിയായി മാത്രം എടുത്തതിന്റെ അവസ്ഥ. അതാണിന്ന് അനുഭവിക്കുന്നത്. പുരോഗമന ചിന്താഗതിയുള്ളവരുടെ വേദിയില്‍ പോലും സിനിമാറ്റിക് ഡാന്‍സും ഗാനമേളയും നടക്കുന്നു. നാടക ചരിത്രത്തെ നമ്മള്‍ മറക്കുന്നു.
നാടകത്തിന് ശക്തിയുണ്ടെന്ന് കിതാബ് തെളിയിച്ചു. ഭീഷണികളെ ഭയമില്ല. അത് കാര്യമാക്കുന്നുമില്ല. അറുത്തുമാറ്റപ്പെടുമെന്ന് കരുതി ഒരു നാവും പാടാതെയും പറയാതെയും പോകരുതെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.
നാടകം കളിക്കേണ്ടതില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ തീരുമാനിച്ചത് എന്തുകൊണ്ടായിരിക്കാം?
അതൊരു പൊതു വിഷയമാണ്. എല്ലാ മതത്തിലും ജാതിയിലും പെട്ടവര്‍ പഠിക്കുന്നു. തുടര്‍ച്ചയായി മതസംഘടനകളുടെ മാര്‍ച്ചും ഭീഷണിയുമായിരുന്നു. മഹല്‍ കമ്മിറ്റികള്‍ സ്‌കൂളിലേക്ക് വരുന്നു. നാടകം കളിക്കരുതെന്ന് പറയുന്നു. 19 കുട്ടികളെ വച്ച് നാടകം കളിച്ചോ പക്ഷേ, 100 കുട്ടികളെ പിന്‍വലിക്കും എന്നൊക്കെയുള്ള ഭീഷണിക്ക് മുന്നില്‍ നാടകം പിന്‍വലിക്കുകയായിരുന്നു.
മത്സരം നടക്കുന്ന ആ ദിവസം തന്നെയായിരുന്നു വിധി വന്നതും. നിര്‍ഭാഗ്യവശാല്‍ വിധി അനുകൂലമായില്ല. തോപ്പില്‍ ഭാസിയെ പോലുള്ള നാടക കലാകാരന്‍മാര്‍ ജനിച്ച നാട്ടില്‍ നാടകം ഉഴുതു മറിച്ചിട്ട ആലപ്പുഴയില്‍ ആ കുട്ടികളുടെ കണ്ണീര്‍ വീണുവെന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണ്.
മുസ്ലിം പ്രമാണങ്ങളില്‍ പറയാത്തത് പറഞ്ഞാല്‍ ഭൗതികമായി നേരിടും. പടച്ചോന്റെ കിതാബ് വായിക്കുന്നവരാണ് ഞങ്ങള്‍. എന്നൊക്കെയാണ് ചില മത സംഘടനകള്‍ പറയുന്നത്.
പ്രമാണങ്ങളില്‍ പറയാത്തത് എന്താണ് നാടകത്തില്‍ പറഞ്ഞിരിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കണം. പിന്നെ നാലു കെട്ടിനെ കുറിച്ച് പറഞ്ഞിരിക്കുന്നു എന്നാണ്. ശരിയത്ത് പ്രകാരം മുസ്ലിമിന് നാല് കെട്ടാം. അത് തന്നെയെ നാടകത്തില്‍ പറഞ്ഞിട്ടുള്ളൂ. ആധുനിക കാലത്ത് നാല് കെട്ടം എന്നൊക്കെ പറയുന്നത് നാണക്കേടാണ് എന്നത് മത സംഘടനകള്‍ക്ക് തോന്നി തുടങ്ങി എന്നാണ് എനിക്ക് തോന്നുന്നത്.
പ്രമാണങ്ങളില്‍ പറയുന്നത് അതേപടി പകര്‍ത്തലല്ല നാടകം. അത് ഭാവനയാണ്. പിന്നൊന്ന് പുരുഷന്റെ വാരിയെല്ലില്‍ നിന്നാണ് സ്ത്രീയെ സൃഷ്ടിച്ചത് എന്ന് പറഞ്ഞതാണ്. ഞാനടക്കമുള്ള ആണുങ്ങള്‍ മദ്രസയില്‍ പഠിച്ചത് അതാണ്. ഇനി അത് തെറ്റാണെങ്കില്‍ അത് തിരുത്തപ്പെടേണ്ടത് മദ്രസകളില്‍ തന്നെയാണ്. ഇത്തരം അബദ്ധങ്ങള്‍ പഠിപ്പിക്കുന്ന മദ്രസകളിലേക്കാണ് മാര്‍ച്ച് നടത്തേണഅടത്. അല്ലാതെ എനിക്കു നേരെയോ എന്റെ കിതാബ് നാടകത്തിനു നേരെയോ അല്ല.
പട്ടാപ്പകല് ചൂട്ടും മിന്നിട്ട് മനുഷ്യനെ തേടി നടന്നു. നാടകത്തിലെ ഗാനമാണിത്. എങ്ങോട്ടാണീ പോക്ക്
നല്ല പച്ചയായ മനുഷ്യരെ കാണുന്നതു വരെ ഈ പോക്ക് തുടരും. കിതാബ് പോലെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന നാടകങ്ങളുമായി മതമൗലികവാദികളെ ഞാന്‍ അസ്വസ്തപ്പെടുത്തും.
(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)
Comments are closed.