ശബരിമല പ്രവേശനം; അന്ധവിശ്വാസം സംരക്ഷിക്കാന്‍ സ്ത്രീകളെ ആയുധമാക്കുന്നു: നോവലിസ്റ്റ് ഉഷാ കുമാരി

പ്രകൃതിയുടെ എല്ലായിടവും പുരുഷനെപ്പോലെതന്നെ സ്ത്രീയ്ക്കും അവകാശപ്പെട്ടതാണെന്നും ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും നോവലിസ്റ്റായ ഉഷാ കുമാരി. ഇച്ഛാശക്തിയുള്ള സര്‍ക്കാര്‍ അവരുടെ സകല നിയമ സംവിധാനങ്ങളും പ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ച് കോടതി വിധിയെ സംരക്ഷിക്കേണ്ടതുണ്ട്. സ്ത്രീയുടെയും പുരുഷന്റെയും മേഖലകള്‍ വ്യത്യസ്ഥമല്ല. ശരീര പ്രകൃതിയിലുള്ള മാറ്റങ്ങള്‍ മാത്രമാണ് ആകെയുള്ള വ്യത്യാസം. ശബരിമല വിഷയത്തെക്കുറിച്ച് 2015 ലെ ഒ വി വിജയന്‍ പുരസ്‌കാര ജേതാവും നോവലിസ്റ്റുമായ ഉഷാകുമാരി ഉദയരവിയുമായി സംസാരിക്കുന്നു.

ശബരിമലയിലെ സ്ത്രീ പ്രവേശനം കോടതിവിധിയുടെ അടിസ്ഥാനത്തില്‍ മാത്രം നടപ്പിലാക്കാന്‍ സാധിക്കുമോ?

അന്ധവിശ്വാസത്തിനാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരവേഗമുള്ളത്. പുരുഷമാരെക്കാള്‍ കൂടുതല്‍ സ്ത്രീകളെയാണ് ഈ അന്ധവിശ്വാസങ്ങള്‍ സംരക്ഷിക്കുന്നതിന് ഇവിടുത്തെ ഒരു വിഭാഗം ജനത ആയുധമാക്കിമാറ്റുന്നത്. അതുകൊണ്ടുതന്നെ വിധി നടപ്പിലാക്കുകയെന്നത് സാഹസികമായ കാര്യം തന്നെയാണ്. സ്ത്രീ അവിടെ കയറിയാല്‍ എന്തു സംഭവിക്കാനാണ്; ഒന്നും സംഭവിക്കില്ല. ജാതീയമായ അടിമത്തത്തില്‍ നിന്നെല്ലാം ഉയര്‍ത്തെഴുന്നേറ്റവരാണ് നമ്മള്‍. ഏത് അനാചാരങ്ങളായാലും അത് കാലഘട്ടങ്ങള്‍ക്കനുസരിച്ച് ഉന്‍മൂലനം ചെയ്യപ്പെടേണ്ടതാണ്.

സതി, മുതലായ അനാചരങ്ങളില്‍ നിന്ന് നമ്മളെ രക്ഷപ്പെടുത്തിയത് മനുഷ്യന്റെ ഇച്ഛാശക്തി കൊണ്ടുതന്നെയാണ്. ക്ഷേത്രപ്രവേശന വിളംബരം പോലുള്ള വിപ്ലവകരമായ മാറ്റങ്ങള്‍ വന്നതും ഈ ഇച്ഛാശക്തി കൊണ്ടുതന്നെയാണ്. ഈശ്വര കോപം എന്നൊരു വലിയ അസംബന്ധം പ്രചരിപ്പിച്ചുകൊണ്ടുള്ള മനുഷ്യന്റെ സങ്കല്‍പ്പങ്ങള്‍ക്കെല്ലാം മാറ്റങ്ങളുണ്ടാകേണ്ടതുണ്ട്. വായു നമ്മള്‍ ശ്വസിക്കുന്നതു പോലെ തന്നെ, അല്ലെങ്കില്‍ ജലം നമ്മള്‍ ഉപയോഗിക്കുന്നതു പോലെ തന്നെ പ്രകൃതിയുടെ എല്ലായിടവും പുരുഷനെപ്പോലെ സ്ത്രീയ്ക്കും അവകാശപ്പെട്ടതാണ്.


ഈശ്വര വിശ്വാസിയാണോ, വിശ്വാസങ്ങളെ പറ്റിയുള്ള കാഴ്ചപ്പാട് എന്താണ്?

പലതിനെയും ആലംബമാക്കിയുള്ള വിശ്വാസമാണ് എനിക്കുള്ളത്. ഈ പ്രകൃതിയിലാണ് ഞാന്‍ ജനിച്ചത്. അത് ഈ മണ്ണാണ്, ഞാന്‍ ചവിട്ടുന്ന ഈ മണ്ണില്‍ വിശ്വസിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. അതായത് ഞാന്‍ എവിടെ നില്‍ക്കുന്നുവോ ആ പ്രതലത്തെയാണ് ഞാന്‍ സ്നേഹിക്കുന്നത്. തത്ത്വമസി എന്നാണ് ശബരിമലയില്‍ എഴുതിവെച്ചിട്ടുള്ള വാക്യം. ഭാരതീയ ദര്‍ശനത്തില്‍ കര്‍മങ്ങള്‍ക്ക് അതിയായ പ്രാധാന്യമുണ്ട്.

കര്‍മങ്ങളുടെ ഫലമാണ് ഒരു വ്യക്തിയുടെ ജീവിതമെന്നാണ് ആ ദര്‍ശനം. ഭഗവാന്‍ കൃഷ്ണന്‍തന്നെ പറഞ്ഞിട്ടുണ്ട്; നിനക്ക് എന്തു കര്‍മ്മവും തിരഞ്ഞെടുക്കാം. അപ്പോള്‍ ശബരിമലയില്‍ പോകുന്ന ഒരു സ്ത്രീ പാപമാണ് ചെയ്യുന്നതെന്ന് പൊതുസമൂഹം മുഴുവന്‍ പറഞ്ഞാലും അവളെ പോകുന്നതില്‍ നിന്ന് തടയാതിരുന്നാല്‍ ആ പാപം അവളേറ്റെടുത്താല്‍ പോരേ? പിന്നെന്തിനാണ് അവളുടെ പാപം വേറൊരാള്‍ ഏറ്റെടുക്കാന്‍ നില്‍ക്കുന്നത്, അല്ലെങ്കില്‍ അത് തടസ്സപ്പെടുത്തുന്നതെന്തിനാണ്.

പരമ്പരാഗതമായി തുടര്‍ന്നു വരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ് ശബരിമലയില്‍ കാലങ്ങളായി നിലനില്‍ക്കുന്നത്. അത് തുടര്‍ന്നും സംരക്ഷിക്കേണ്ടത് ആവശ്യമുള്ള ഒന്നല്ലേ? പരമ്പര്യം എന്നത് വളരെയധികം പ്രാധാന്യമുള്ള ഒന്നല്ലേ?

പാരമ്പര്യമെന്നത് എക്കാലവും നിലനില്‍ക്കുന്ന ഒന്നാണെന്ന് പറയാന്‍ കഴിയില്ല. കാലഘട്ടങ്ങള്‍ കൊണ്ട് മാറ്റങ്ങള്‍ വന്നു പോകുന്ന ഒന്നാണ് പരമ്പരാഗതമായ പലതും. അത് ആചാരങ്ങളായാലും മനുഷ്യന്റെ ചിന്തയായാലും. എന്റെ അച്ഛന്റെ ചിന്തയല്ല എന്റെ ചിന്ത, എന്റെ ചിന്തയായിരിക്കില്ല എന്റെ മകന്റെയോ മകളുടെയോ ചിന്ത.

നമ്മള്‍ കേട്ടു വളര്‍ന്ന, ശ്വസിച്ചു വളരുന്ന അന്തരീക്ഷം ഒരോ തലമുറയിലും കുറച്ചൊക്കെ പകര്‍ന്നു പോകുന്നുണ്ട്. ഇതിഹാസങ്ങളും പുരാണങ്ങളും വേദോപനിഷത്തുക്കളുമൊക്കെ ഇവിടെ സ്ഥിരമായി നിലനില്‍ക്കുന്നതുപോലെ ഒന്നല്ലല്ലോ ഈ പരമ്പരാഗതമായ ആചാരങ്ങള്‍.

ഇന്നത്തെ സ്ത്രീ സ്വതന്ത്രയാണെന്ന് വിശ്വസിക്കുന്നുണ്ടോ?

സ്ത്രീ സ്വതന്ത്രയല്ല, അതുപോലെ ഒരു ജീവി പോലും ഇവിടെ സ്വതന്ത്രമല്ല. ഒരു കുഞ്ഞുപോലും അസ്വാതന്ത്ര്യങ്ങളുടെ നടുവിലാണ് പിറന്നു വീഴുന്നത്. ഒരമ്മയുടെ വയറ്റില്‍ ഒരു കുട്ടി ജനക്കുമ്പോള്‍ മുതല്‍ അന്ധതയിലാണ് നമ്മള്‍ ആ കുഞ്ഞിനെ കൊണ്ടിടുന്നത്. സ്വാതന്ത്ര്യമെന്നു പറയുമ്പോള്‍ അത് അസ്വതന്ത്രതയെ മനസിലാക്കാനുള്ള ശേഷിയാണ്.

അസ്വാതന്ത്ര്യം എന്താണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് നമ്മുടെ ചുറ്റുപാടുകളെ സമീപിക്കുകയും അതിലൂടെ സ്ത്രീ സ്വാതന്ത്ര്യം ആര്‍ജിച്ചെടുക്കുകയുമാണ് വേണ്ടത്. എന്താണ് ഈ സമൂഹത്തില്‍, എന്റെ പരിചയത്തില്‍, എന്റെ സത്തയില്‍ ഞാന്‍ ചെയ്യേണ്ടത്. അത് വേറൊരു പുരുഷനോ, വേറൊരു സ്ത്രീയോ, വ്യക്തിയോ പറഞ്ഞാല്‍ അത് മാറ്റേണ്ടതുണ്ടോ, അവര്‍ പറയുന്നത് ഞാന്‍ പിന്തുടരേണ്ടതു തന്നെയാണോ എന്ന് എതൊരു സ്ത്രീയിക്കും വിലയിരുത്താന്‍ കഴിയണം. അവിടെയാണ് ഒരു സ്ത്രീയുടെ സ്വാതന്ത്ര്യം എന്ന് ഞാന്‍ കരുതുന്നു.

ഏതെല്ലാം മേഖലകളിലാണ് ഇനി സ്ത്രീ സ്വാതന്ത്ര്യം ആര്‍ജിക്കേണ്ടത്‌?

ആ സ്വാതന്ത്ര്യം എല്ലാ മേഖലകളിലും വേണം. സ്ത്രീക്കും പുരുഷനും ആ മേഖലകള്‍ വ്യത്യസ്ഥമല്ല. ശരീര പ്രകൃതിയിലുള്ള മാറ്റം മാത്രമാണ് ആകെയുള്ള വ്യത്യാസം. സ്ത്രീയുടെ ശാരീരിക ധര്‍മങ്ങള്‍ പുരുഷന്റേതല്ല. അത് പ്രകൃതിയിലെ സര്‍വ്വ ജീവജാലങ്ങളിലും ഉള്ള ശാരീരിക വ്യത്യാസങ്ങള്‍ മാത്രമാണ്.

പ്രകൃതിയില്‍ നിന്ന് ലഭിക്കുന്നതാണത്. സ്ത്രീയ്ക്ക് ആവശ്യമുള്ള വസ്തുക്കളെ പുരഷന്‍ നിശ്ചയിക്കരുത്. ഇങ്ങനെയായിരിക്കണം സ്ത്രീ എന്ന നിബന്ധനകളോ, ചട്ടങ്ങളോ പുരുഷന്‍ സൃഷ്ടിക്കേണ്ട ഒന്നല്ല. തിരിച്ചും. അതായത് രണ്ടുകൂട്ടരുടെയും ജീവിതം അസ്വതന്ത്രമാക്കേണ്ടതല്ല. അത് പൂര്‍ണമായും പ്രകൃതിക്ക് അനുരൂപമായിരിക്കണം.

സോഷ്യല്‍ മീഡിയയില്‍ ശബരിമല വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പോസ്റ്റുകള്‍ കാണുന്നു. സോഷ്യല്‍ മീഡിയയുടെ ഒരു കടന്നു കയറ്റം വളരെ പ്രധാനപ്പെട്ട ഈ വിഷയത്തിനെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു എന്ന് അഭിപ്രായമുണ്ടോ?

സോഷ്യല്‍ മീഡിയയില്‍ പലരും ഒരു അഭിപ്രായം പറയുന്നത് യാഥാര്‍ത്ഥ്യങ്ങളുടെ പത്തുശതമാനം പോലും അറിയാതെയാണ്. വളരെ കുറച്ച് ആളുകള്‍ മാത്രമാണ് കാര്യങ്ങള്‍ കൃത്യമായി അറിഞ്ഞ് അതിനോട് പ്രതികരിക്കുന്നത്. നിരീക്ഷങ്ങളില്ലാതെ, ധാര്‍മികതയില്ലാതെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നു ഒരു വലിയകൂട്ടം. ശബരിമല വിഷയത്തില്‍ സ്ത്രീകളെ ചീത്ത വിളിക്കുന്നു, അവഹേളിക്കുന്നു. അതില്‍ ഒരു വലിയൊരുകൂട്ടം സ്ത്രീകളും മുന്‍നിരയിലുണ്ട്.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് ശരിവെയ്ക്കുന്നുണ്ടോ? പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനങ്ങളെ എങ്ങനെ നോക്കി കാണുന്നു…

സര്‍ക്കാര്‍ തീരുമാനം ശരിവെയ്ക്കുന്നു. സുപ്രീംകോടതി വിധിയെന്നാല്‍ അത് തമാശയല്ല. മാസങ്ങളോളം വാദപ്രതിവാദങ്ങളിലൂടെ കോടതിയില്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആചാരങ്ങളേക്കാള്‍ ലിംഗസമത്വം ആവശ്യമാണ് എന്ന ആ വിധി വന്നത്. പുരുഷനു പോകാവുന്ന ഒരു സ്ഥലത്ത് സ്ത്രീയ്ക്കും പോകാം.

അതിനെ ഒരാചാരവും തടസ്സപ്പെടുത്താന്‍ പാടില്ല. ജൈവപരമായ യാതൊരു പ്രക്രിയകളും സ്ത്രീയെ അവിടെ തടസ്സപ്പെടുത്താന്‍ പാടില്ല. സ്ത്രീ ആഗ്രഹിക്കുന്നു എങ്കില്‍ അവിടെ പോകണമെന്നു തന്നെയാണ് ഞാനും പറയുന്നത്.

സര്‍ക്കാരിന് വിധി നടപ്പിലാക്കാന്‍ സാധിക്കുമെന്ന് കരുതുന്നുണ്ടോ?

സര്‍ക്കാര്‍ ഇത് നടപ്പാക്കണം. സമൂഹം ഏറ്റെടുത്ത് വ്യാപിപ്പിച്ച ഒരു അന്ധവിശ്വാസമാണ് ശബരിമലയില്‍ സ്ത്രീകളെ കയറ്റരുതെന്നത്. സര്‍ക്കാര്‍ അത് ഏറ്റെടുക്കുകയെന്നാല്‍ ഇതില്‍ ഒരുപാട് രാഷ്ട്രീയ കരുനീക്കങ്ങളുണ്ട്. പല കക്ഷി രാഷ്ട്രീയക്കാരും ഇതിനെ ഒരു ആയുധമാക്കിയെടുക്കുന്നു.

അന്ധത ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ച് അതൊരു രാഷ്ട്രീയ വിജയമാക്കാം എന്നാണ് അവര്‍ കരുതുന്നത്. നഷ്ടപ്പെട്ട രാഷ്ട്രീയ പാപ്പരത്തം ഇവിടെ അവര്‍ പ്രകടിപ്പിക്കും. വിധിയെ ഇച്ഛാശക്തിയുള്ള സര്‍ക്കാര്‍ സകല നിയമ സംവിധാനങ്ങളും പ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ച് സംരക്ഷിക്കേണ്ടതുണ്ട്.

എഴുതിയ രണ്ടു നോവലുകളിലും സത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തു. അത് എന്തുകൊണ്ടാണ്?

ഒരു സ്ത്രീ എന്താണെന്ന് ഒരു സ്ത്രീയ്ക്കു തന്നെയാണ് മനസ്സിലാകുന്നത്. സ്ത്രീയെ നായികയാക്കുക എന്നൊന്നുമല്ല എന്റെ എഴുത്തിന്റെ ഉദ്ദേശ്യം. സ്ത്രീ എങ്ങനെ ചിന്തിക്കുന്നു, സ്ത്രീ എങ്ങനെ പ്രണയിക്കുന്നു, അവളെങ്ങനെ ദുഖിക്കുന്നു, സ്ത്രീയെങ്ങനെ ആഹ്ലാദിക്കുന്നു, ഇതൊന്നും പുരുഷന് കണ്ടെത്താന്‍ കഴിയുന്നില്ല. അങ്ങനെ ഏറ്റവും സൂക്ഷ്മവും ഏറ്റവും സ്വകാര്യവുമായ സ്ത്രീയുടെ ചലനങ്ങളുണ്ട്. അവളുടെ ഉള്‍ക്കാമ്പുകളില്‍ ഇരിക്കുന്ന ചില വിഷയ സമീപനങ്ങളുണ്ട്.

അതിനെയാണ് ഞാന്‍ ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നത്. അത് ചിത്തിരപുരത്തെ ജാനകിയെന്ന നോവലില്‍ ആണെങ്കിലും താരയും കാഞ്ചനയും രണ്ട് പോരാളികളിലാണെങ്കിലും ആ രീതിയിലാണ് ഞാന്‍ സ്ത്രീയെ അവതരിപ്പിച്ചിരിക്കുന്നത്.

എഴുത്തില്‍ പലപ്പോഴും ഇടതുപക്ഷത്തോടുള്ള ഇഷ്ടങ്ങളും അതില്‍തന്നെ ഇടതു രാഷ്ട്രീയത്തിന്റെ വിമര്‍ശനങ്ങളും പതിവായി കണ്ടിരുന്നു. സ്വന്തം രാഷ്ട്രീയ നിലപാടിനെക്കുറിച്ച് ഒന്നു വിശദീകരിക്കാമോ?

ഇടതുപക്ഷമെന്നു പറഞ്ഞാല്‍ അത് പിണറായി വിജയനോ കാറല്‍ മാക്സോ ലെനിനോ എന്നല്ല അര്‍ത്ഥം. അതൊരു പുരോഗമന ആശയമാണ്. സമത്വസുന്ദരമായ ഒരന്തരീക്ഷമാണ്. നരേന്ദ്രമോദി ഏകീകൃത സിവില്‍ കോഡ് ഇവിടെ കൊണ്ടവരണം എന്ന് പറഞ്ഞു. മറ്റ് അജണ്ടകളൊന്നും അതിനു പിന്നില്‍ ഇല്ലെങ്കില്‍, അത് ഒരു ഇടതുപക്ഷ ആശയമാണ്. അത് നരേന്ദ്രമോദി പറഞ്ഞതുകൊണ്ട് ഒരു ബി ജെ പി ആശയമല്ല. ആശയപരമായി ഞാന്‍ ഇടതുപക്ഷ കാഴ്ചപാടുകളില്‍ വിശ്വസിക്കുന്നു. അതൊരു കക്ഷി രാഷ്ട്രീയമല്ല.

പുതിയ രചന ഉടനെ ഉണ്ടാകുമോ? നോവല്‍ തന്നെയാണോ? അതും സ്ത്രീപക്ഷ രചനകളുടെ പട്ടികയില്‍ ഉള്‍പെടുത്താന്‍ കഴിയുമോ?

അതെ. പുതിയ എഴുത്തിലും സ്ത്രീകളുണ്ട്. എന്നു കരുതി പുരുഷന്‍ എന്റെ എഴുത്തിന്റെ ഭാഗമല്ലാതാകുന്നില്ല. നോവല്‍ പൂര്‍ത്തിയായി. ഇവിടെ സ്ത്രീകളുടെ കഥയെത്ര എഴുതിയാലും അവസാനിക്കുന്നില്ല. സ്ത്രീകള്‍ ഉണ്ടായികൊണ്ടിരിക്കുന്നതുപോലെതന്നെ സ്ത്രീകളുടെ കഥകളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. അവള്‍ക്ക് പുതിയ പ്രശ്നങ്ങള്‍ ഉണ്ടായികൊണ്ടിരിക്കുന്നു. ആ പ്രശനങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. വ്യക്തിതലത്തിലാണ് ഓരോ സ്ത്രീയും അവളുടെ ജീവിതത്തെ നോക്കി കാണുന്നത്.

അവളാ ജീവിതത്തിലൂടെ കടന്നു പോകുമ്പോള്‍ ഉണ്ടാകുന്ന അവളുടെ വേദനകള്‍, അവഹേളനങ്ങള്‍, അതിനെയെല്ലാം ചെറത്തുനില്‍ക്കാനുപയോഗിക്കുന്ന പ്രകാശങ്ങള്‍ക്കൊണ്ട് അവള്‍ ഉണ്ടാക്കുന്നൊരു തുരുത്തുണ്ട്. ആ തുരുത്തിലാണ് എന്റെ സ്ത്രീ കയറി നില്‍ക്കുന്നത. അവള്‍ ഉണ്ടാക്കുന്ന, അവള്‍ സങ്കല്‍പ്പിക്കുന്ന, അവളെ മുന്നോട്ട് നടത്താന്‍ ആശിപ്പിക്കുന്ന ആ തുരുത്ത് മാത്രമാണ് സ്ത്രീയെ കുറിച്ചുള്ള എന്റെ പ്രതീക്ഷ, ആ പ്രതീക്ഷയില്‍ നിന്നുകൊണ്ടാണ് ഞാന്‍ എഴുതുന്നത്.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ആര്‍ ഉദയന്‍)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More