സിബിന്‍: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നല്ല ശമര്യാക്കാരന്‍
പാവങ്ങളെ ഇത്രമേൽ ഹൃദയത്തോട് ചേർത്ത് നിർത്തുന്ന മറ്റാരുണ്ടാകും? ജന്മം കൊണ്ട് ആലപ്പുഴക്കാരനാണെങ്കിലും, സിബിൻ തന്റെ കാരുണ്യപ്രവർത്തികൾ നടത്താൻ തിരഞ്ഞെടുത്തിരിക്കുന്നത് കോട്ടയം മെഡിക്കൽ കോളേജും അതിന്റെ പരിസര പ്രദേശങ്ങളുമാണ്. സിബിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ താങ്ങും തണലുമായി പ്രകാശത്തിന്റെ തിരിനാളങ്ങൾ പാവപ്പെട്ടവരിലേക്ക് എത്തിക്കാൻ തുടങ്ങിയിട്ടിപ്പോൾ വർഷങ്ങൾ പലത് കഴിഞ്ഞിരിക്കുന്നു.
എന്താണ് ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങൾ എന്ന് ചോദിച്ചാൽ നിറഞ്ഞ ചിരിയോടെ ഈ ചെറുപ്പക്കാരൻ പറയും, വിശന്നിരിക്കുന്നവർക്ക് അന്നം കൊടുക്കുന്നപോലെ മഹത്തായൊരു കാര്യമില്ലെന്ന്. അതെ, നൻമയുടെ പ്രതിരൂപമായ ഈ ചെറുപ്പക്കാരന്റെ വാക്കുകളിൽ തെളിയുന്നത് കറപുരളാത്ത സ്നേഹമാണ്. മറ്റുള്ളവരുടെ സങ്കടങ്ങളിൽ താങ്ങാകാനും, തണലാകാനും സിബിനുള്ളപ്പോൾ വേദനയുടെയും വിശപ്പിന്റെയും നാൾവഴികൾ അലിഞ്ഞ് പോയത് എത്രയെത്ര പേരിൽ നിന്നുമാണ്.
അത്ഭുതങ്ങൾ ആദരവായി മാറുന്നത് ഇത്തരം ചെറുപ്പക്കാരെ കാണുമ്പോഴാണ്. ഷോപ്പിംഗ് മാളുകളും, ബ്രാൻഡഡ് വസ്തുക്കളിലും ജീവിതം കണ്ടെത്താൻ ശ്രമിക്കുന്നവർക്ക് സിബിൻ ഒരു പാഠമാണ്. നൻമയുടെ പാതയിലൂടെ നടന്നും, ജീവിതത്തിൽ പാതിവഴിയിൽ കാലിടറി വീണവർക്കും സിബിൻ ദൈവമാണ്. 800 ൽ അധികം ആൾക്കാർക്ക് അന്നമേകുന്ന, എല്ലാ സഹായങ്ങൾക്കും കൂടെ നിൽക്കുന്ന സിബിനെ പാവപ്പെട്ടവന്റെ ദൈവമെന്നേ വിളിക്കാനാകൂ. സിബിന്‍ ശങ്കരി ഇസബെല്ലയുമായി സംസാരിക്കുന്നു.
എങ്ങനെയാണ് സിബിൻ ജീവകാരുണ്യ മേഖലയിലേക്ക് എത്തിയത്?
കുഞ്ഞുനാൾ മുതലേ മറ്റുള്ളവരുടെ വേദനകളും വിഷമങ്ങളും കാണുമ്പോൾ സഹായിക്കണമെന്ന് ഉള്ളുകൊണ്ട് ഒരുപാട് ആശിച്ചിട്ടുണ്ട്. എന്നാൽ കഴിയുന്ന പോലെയൊക്കെ ചെറിയ സഹായങ്ങളും നൽകാൻ ശ്രമിച്ചിരുന്നു. പക്ഷേ എന്റെ ജീവിതത്തെ മാറ്റി മറിച്ച സംഭവം എന്നു പറയുന്നത് നടക്കുന്നത് ഞാൻ പ്ലസ്ടുവിന് പഠിക്കുമ്പോഴാണ്. ഞാൻ സ്കൂൾ വിട്ട് വൈകുന്നേരം നടന്ന് വരുന്ന വഴിക്ക് ഒരു മൂന്ന് വയസ് പ്രായം വരുന്ന ആൺകുഞ്ഞ് എന്റെ മുൻപിൽ കൈ നീട്ടി, വല്ലാതെ വിശക്കുന്നുണ്ടെന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. അന്ന് ആ കുഞ്ഞ് ഒരുപാട് പ്രതീക്ഷയോടെ, വിശപ്പോടെ എന്നെ നോക്കിയ നോട്ടം കാലമെത്ര കഴിഞ്ഞാലും എന്നെ ഞാനാക്കി മാറ്റിയ അഗ്നിയായി എന്റെ ഉള്ളിൽ ഉണ്ടാകും. അന്നു മുതലാണ് വിശപ്പിന്റെ വിളി ഒന്നുമില്ലാത്തവരെ എത്രമാത്രം വേദനിപ്പിക്കുകയും, നിസഹായരാക്കുകയും ചെയ്യുന്നുണ്ടെന്ന് എനിക്ക് മനസിലായത്. അന്നെന്റെ മുന്നിൽ ആ കുഞ്ഞു വന്നു നിന്നത് ഒരു നിമിത്തമായി ഞാൻ കരുതുന്നു. നാളിത് വരെയും എനിക്ക് പ്രവർത്തിക്കാൻ ഊർജം നൽകിയത് ഞാനന്നു കണ്ട ആ രണ്ട് കുഞ്ഞിക്കണ്ണുകളിലെ ദൈന്യതയാണ്.
സാമൂഹിക സേവനത്തിന് സിബിൻ ആദ്യമായി തിരഞ്ഞെടുത്തത് എവിടെയായിരുന്നു?
ഞാൻ അനാഥ മന്ദിരങ്ങളിലൊക്കെ സഹായിക്കാൻ പോകുമായിരുന്നു. ആരോരുമില്ലാത്ത പാവപ്പെട്ടവർക്ക് ഒരു നേരത്തെയെങ്കിലും സഹായം എത്തിക്കാൻ എന്നെക്കൊണ്ട് പറ്റുന്ന പോലെ ശ്രമിച്ചിരുന്നു. ഭക്ഷണം കൊടുക്കാനും, വൃത്തിയാക്കാനും എല്ലാം സഹായിക്കുമായിരുന്നു. എന്റെ മുന്നിൽ മറ്റൊരു ജീവൻ ദുരിതത്തിലായിരിക്കുന്നത് കണ്ട് എനിക്ക് തിരിഞ്ഞ് നടക്കാൻ സാധിക്കില്ല. എന്നെ സംബന്ധിച്ച് ആരുടെ ദുഖമായിക്കൊള്ളട്ടേ, അതെന്റെയും കൂടി ദുഖമാണ്. ശാന്തിഭവനിലുമെല്ലാം ഞാൻ നിന്നിട്ടുണ്ട്. എനിക്ക് മനസിലാക്കണമായിരുന്നു മറ്റുള്ളവരുടെ ദുഖങ്ങളെ അലിയിച്ച് അവരെ സന്തോഷവും, സമാധാന പൂർണ്ണവുമായ ഒരു ജീവിതത്തിലേക്ക് എങ്ങനെ തിരികെ കൊണ്ടുവരാം എന്ന്. ഇപ്പോഴും തിരിഞ്ഞ് നോക്കുമ്പോൾ മനസിന് ആത്മസംതൃപ്തിയുണ്ട്. അതായത് ഞാൻ എന്റെ പാതയിൽ നിന്നു വ്യതിചലിക്കാതെ ന്യായത്തിന്റെയും, സ്നേഹത്തിന്റെയും കാരുണ്യ വഴികളിലൂടെ നടന്നത് വ്യർഥമായില്ല എന്ന സന്തോഷമുണ്ട്.
ഇപ്പോൾ ചെയ്യുന്നതിൽ ഏറെ പരിശ്രമകരമായത് എന്നൊന്നുണ്ടോ?
എല്ലാം ശ്രമങ്ങൾ തന്നെയാണ്. എങ്കിലും മനസിനെ ഏറെ സന്തോഷിപ്പിക്കുന്നതും, അതേ സമയം കുറച്ചധികം കഷ്ടപ്പാട് നേരിടേണ്ടിയും വരുന്നത് ഭക്ഷണം നൽകുന്നതിനാണ്. എങ്കിലും ഇതുവരെയും മുടക്കമില്ലാതെ ആഴ്ച്ചയിൽ ചൊവ്വ, ബുധൻ,വ്യാഴം, വെള്ളി എന്നിങ്ങനെ നാല് ദിവസം 800 ലധികം ആൾക്കാർക്ക് ഭക്ഷണം നൽകുന്നുണ്ട്. പലരും ചെറിയ സംഭാവനകൾ തരാറുണ്ട്. പച്ചക്കറി കടക്കാരും, അരി നൽകുന്നവരും കാശ് കൊടുത്തില്ലെങ്കിലും ഇവയൊക്കെ തരാറുണ്ട്. കാശ് കയ്യിൽ വന്നു ചേരുന്നതനുസരിച്ച് കടക്കാർക്ക് പണം എത്തിക്കാറുണ്ട്. പാവപ്പെട്ടവർക്ക് നൽകുന്ന ഭക്ഷണം ഒരിക്കലും മുടക്കം വരാതെ അവർക്ക് വിശപ്പടങ്ങുവോളം നൽകണം എന്നതാണ് ആഗ്രഹം. അതിനായി ആരുടെ മുൻപിലും കൈ നീട്ടാൻ എനിക്ക് മടിയില്ല, കാരണം കൈ നീട്ടി സഹായം ചോദിക്കുവാൻ പോലുമാകാതെ കഷ്ട്ടപ്പെടുന്നവർ നമ്മുടെ സമൂഹത്തിലുണ്ട്. അന്നം നൽകുന്നത് തുടരാനായി എത്ര കഷ്ട്ടപ്പാട് സഹിക്കാനും എനിക്ക് യാതൊരു മടിയുമില്ല.
ജൻമം കൊണ്ട് ആലപ്പുഴക്കാരനായ സിബിൻ എങ്ങനെ കോട്ടയം മെഡിക്കൽ കോളേജ് ജീവകാരുണ്യ പ്രവർത്തനത്തിനായി തിരഞ്ഞെടുത്തു? എന്തുകൊണ്ട്?
പണ്ടൊരിക്കൽ കോട്ടയം മെഡിക്കൽ കോളേജിലുള്ള ബന്ധുവിനെ കാണാൻ ഞാനിവിടെ എത്തിയിരുന്നു. കണ്ട കാഴ്ച്ചകൾ ഒരിക്കലും മനസിൽ നിന്നും മാഞ്ഞ് പോകില്ല. കാൻസർ ബാധിച്ചവർ അനുഭവിക്കുന്ന വിഷമങ്ങൾ, അവർ നേരിടുന്ന വെല്ലുവിളികൾ ഇതൊക്കെ എന്നെ വല്ലാതെ അലട്ടി. കൂട്ടിരിപ്പുകാരായി പലർക്കും ആരും ഉണ്ടായിരുന്നില്ല, പരസഹായമില്ലാതെ കഷ്ട്ടപ്പെടുന്നവർ കണ്ടു നിൽക്കുന്നവരെപ്പോലും നൊമ്പരപ്പെടുത്തുന്ന കാഴ്ച്ചയാണ്. ഇനി വേറെ ചിലരുണ്ട് , ഏറെ ദൂരം യാത്ര ചെയ്ത്, യാത്രാതുക കൊടുത്ത് കഴിഞ്ഞ് കയ്യിൽ കാര്യമായൊന്നും ഇല്ലാതെ നരകിക്കുന്നവർ, ചിലർക്ക് ഭക്ഷണം കഴിക്കാനോ, താമസിക്കാനോ ഉള്ള പണം പോലും ഉണ്ടാകാറില്ല ഇവരൊക്കെ വിശപ്പിന്റെ വിളിയെ പച്ചവെള്ളം മാത്രം കുടിച്ച് അടക്കുന്ന കാഴ്ച്ച ഉള്ളുലക്കുന്നതാണ്. ആ ഒരൊറ്റ യാത്രയിലൂടെ ഞാൻ തീരുമാനിച്ചു ആരോരും ഇല്ലാത്തവർക്കും ,എല്ലാരും ഉണ്ടായിട്ടും ആരും ഇല്ലാത്തവരെപോലെ ജീവിക്കേണ്ടി വന്നവർക്കുമൊക്കെ താങ്ങാകണമെന്ന്.
എന്നാണ് കോട്ടയം മെഡിക്കൽ കോളേജിൽ സേവനത്തിനായി എത്തുന്നത്?
അന്നു ഈ കാഴ്ച്ചകളൊക്കെ കണ്ട് തിരിച്ച് പോയ ഞാൻ വീട്ടിൽ നിന്നുകൊണ്ട് തന്നെ പലർക്കും എന്നാലാവുന്ന സഹായങ്ങൾ എത്തിച്ചിരുന്നു. പക്ഷേ എന്റെ വഴി തുറന്നു കിടക്കുന്നത് കോട്ടയം മെഡിക്കൽ കോളേജിലെ പാവപ്പെട്ടവർക്ക് സഹായം എത്തിക്കാനാണെന്ന് അത്രമേൽ ഉറപ്പിച്ചൊരു ദിവസം വീടു വിട്ടിറങ്ങി. പൂർണ്ണമായും കോട്ടയം മെഡിക്കൽ കോളേജിൽ എത്തുന്നവർക്ക് സഹായം നൽകാനായി തുടങ്ങി.
പ്ലസ്ടു മാത്രം കൈമുതലായുള്ള, ജോലിയില്ലാത്ത സിബിൻ എങ്ങനെ സേവനത്തിനുള്ള പണം കണ്ടെത്തി?
അത് വളരെ വിഷമം പിടിച്ച കാലമായിരുന്നു. പറയത്തക്ക വിദ്യാഭ്യാസം ഇല്ല, ജോലിയില്ല, എന്നിരുന്നാലും ഞാൻ മുന്നിട്ടിറങ്ങിയത് നൻമയുടെ പാതയിലൂടെയാണെന്നുള്ള വിശ്വാസം എന്റെ മുന്നോട്ടുള്ള യാത്രയെ ഒരിക്കലും പിറകോട്ട് വലിച്ചില്ല. തട്ടുകടയിൽ പണിക്കാരനായും, മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടിയും എന്റെ മുന്നിൽ എത്തിയവരെ ഞാൻ സഹായിച്ചു. പലപ്പോഴും വിശപ്പ് എന്തെന്ന് നന്നായി അറിഞ്ഞിട്ടുണ്ട്. കഞ്ഞിവെള്ളത്തിനു പോലും കൊതിച്ചിട്ടുണ്ട്. കുറെ കഷ്ട്ടപ്പെട്ടു പക്ഷേ ലക്ഷ്യങ്ങൾ നിറവേറ്റുക എന്നത് എനിക്ക് അത്രമേൽ പ്രധാനമായിരുന്നു എന്ന് വേണം പറയാൻ.
എനിക്ക് വിശക്കുന്നത് ഞാനത്ര കാര്യമാക്കിയില്ല, ഒാരോരുത്തരും നമുക്ക് മുന്നിൽ അഴിച്ച് വയ്ക്കുന്ന സങ്കടങ്ങളുടെ ഭാണ്ഡക്കെട്ട് അത്രമേൽ വലുതായിരുന്നു. എന്റെ കാലുകളെ മുന്നോട്ട് എടുത്ത് വയ്ക്കാൻ എന്നെ പ്രേരിപ്പിച്ച വലിയൊരു ഘടകവും ഇതൊക്കെയാണ്. ഒരു കാൻസർ വാർഡിൽ കണ്ടുമുട്ടുന്ന പലരും ചികിത്സക്കായും മറ്റും ഉള്ളതെല്ലാം നഷ്ട്ടപ്പെടുത്തേണ്ടി വന്ന് ഇനിയെന്ത് എന്ന് ചിന്തിക്കുന്നവരാണ്. ഒരു നേരത്തെ ആഹാരം എങ്ങനെ കണ്ടെത്തും എന്നത് ഇവരെ സംബന്ധിച്ച് ആധിപിടിപ്പിക്കുന്ന ഒന്നാണ്. തട്ടുകടകളിൽ ജോലി ചെയ്തു കിട്ടിയ ചെറിയ വരുമാനവും, മറ്റുള്ളവർ നൽകിയ ചെറിയ സംഭാവനയും ഒക്കെ മുന്നോട്ടുള്ള ജീവിതത്തെ സഹായിച്ചവയാണ്.
ജീവിതത്തിലെ നേരിട്ട മറക്കാനാവാത്ത പ്രതിസന്ധി ?
അത് ആദ്യനാളിൽ കോട്ടയം മെഡിക്കൽ കോളേജിൽ മറ്റുള്ളവരെ സഹായിക്കൻ നിൽക്കുന്ന സമയത്ത് എന്റെയൊരു ബന്ധു എന്നെ കാണാനിടയായി. അവർ വഴിയാണ് എന്റെ വീട്ടുകാർ ഞാൻ ജോലി ചെയ്യുകയല്ലെന്നും പാവങ്ങളെ സഹായിക്കുകയാണെന്നും അറിഞ്ഞത്. തുടർന്ന് എന്റെ കുടുംബത്തിലെ എല്ലാവരും എന്നെ ഉപേക്ഷിച്ചു. ആരും കാണാനോ, സംസാരിക്കാനോ അനുവദിച്ചില്ല. പൂർണ്ണമായും ഞാനുമായുള്ള ബന്ധം വേർപെടുത്തി. കല്ല്യാണങ്ങൾക്കോ മറ്റു ചടങ്ങുകൾക്കോ വിളിക്കാതായി. പക്ഷേ ഇവരൊക്കെ മറന്ന മറ്റൊരു കാര്യമുണ്ട് അതായത് ഒരു വ്യക്തിക്ക് എന്തിലാണോ താത്പര്യം അതിന് അനുവദിക്കണം, എന്റെ മകനായതിനാൽ നീ ഞാൻ പറയുന്നത് മാത്രമേ അനുസരിക്കാവൂ എന്ന് പറയുന്നത് ക്രൂരതയാണ്. ചെയ്യാൻ പോകുന്ന കാര്യങ്ങൾ എത്രമാത്രം നല്ലതാണെന്നും, നേരായ വഴിക്കുള്ളതാണെന്നും ഉത്തമ ബോധ്യമുണ്ടായിരുന്നതിനാൽ കുടുംബക്കാരുടെ ഇത്തരം പിണക്കങ്ങൾ ഞാൻ എന്നെ തകർക്കുന്ന, അല്ലെങ്കിൽ എന്റെ ലക്ഷ്യത്തെ വ്യതിചലിപ്പിക്കേണ്ടുന്ന ഒന്നായി കണ്ടില്ല, മറിച്ച് എനിക്കെന്തു ചെയ്യാനാണു ഇഷ്‌ടമെന്നും, എന്റെ പാത എന്താണെന്നും നിരന്തരം അവരെ മനസിലാക്കി കൊടുക്കാൻ ശ്രമിച്ചു. അങ്ങനെ വർഷങ്ങൾ വേണ്ടിവന്നു സ്വന്തം വീട്ടുകാരെ എന്റെ പ്രവർത്തന മേഖല എന്താണെന്നും , മറ്റുള്ളവർ പറഞ്ഞാൽ മാറ്റിക്കളയാവുന്നത്ര നിസാരമല്ല എനിക്ക് എന്റെയീ പ്രവർത്തനങ്ങളെന്നും തെളിയിക്കാൻ. അങ്ങനെ വെറുത്ത് വെറുത്ത് അവരിപ്പം എന്നെ സ്നേഹിക്കാൻ തുടങ്ങി.
ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത വ്യക്തികൾ? എല്ലാവരെയും സ്നേഹിക്കുന്ന നിങ്ങൾ അത്ര കണ്ട് സ്നേഹിക്കുന്നവർ ആരൊക്കെയാണ്?
കടത്തിണ്ണകളിലുറങ്ങിയും, മഞ്ഞും മഴയുമേറ്റും ആയിരുന്നു എന്റെ ആദ്യകാല പ്രവർത്തനങ്ങൾ നടത്തിയത്. ഒരുപാട് വിശപ്പ് സഹിക്കേണ്ടി വന്നിട്ടുണ്ട്. കയ്യിൽ ഒരു രൂപയില്ലാത്ത, ആരും കൂട്ടിനില്ലാത്ത എനിക്ക് ആശുപത്രിയിലേക്ക് ചായ നൽകുന്നൊരു ചേച്ചി ദിവസവും ചായയും, എന്തെങ്കിലും പലഹാരമോ നൽകിയിരുന്നു. എന്റെ ആരുമല്ലാതിരുന്നിട്ടും എന്നെ സംരക്ഷിക്കാൻ സന്നദ്ധയായ മാലാഖ. ഉറ്റവരും ഉടയവരും ഉപേക്ഷിച്ച എന്നെ ഈ ഞാനാക്കി മാറ്റുന്നത് മറ്റൊരാളുടെ വരവോടെയാണ്. ലിസമ്മ എന്നാണ് അവരുടെ പേര്. ആശുപത്രിയിലെ എല്ലാവരും എന്നെ സഹായിച്ച് ഡിഗ്രിക്ക് ചേർത്തിരുന്നു. പക്ഷേ കിടക്കാൻ ഇടം ഇല്ലാത്ത എന്റെ ബുക്കും, പുസ്തകങ്ങളും ഒക്കെ നഷ്ടമായിക്കൊണ്ടിരുന്നു. അങ്ങനെ ഉള്ള സമയത്താണ് ലിസമ്മ താമസിക്കാനൊരിടവും , അവർ ഹോട്ടൽ നടത്തിയിരുന്ന കുഞ്ഞു കെട്ടിടവും എനിക്ക് തന്നു. എന്റെ വഴികാട്ടിയായി, എന്റെ വഴികളിൽ വെളിച്ചമായി ലിസമ്മയും ഭർത്താവും മൂന്നു പെൺ മക്കളും എന്റെ കൂടെ നിന്നു. സ്വന്തം വീട്ടുകാരുപേക്ഷിച്ച എന്നെ അവർ കൂടെ നിർത്തി. ദൈവമുണ്ടെന്ന് ഉറപ്പിക്കുന്നത് ഇത്തരം സാഹചര്യങ്ങളിലാണ്. ഇവരുടെ ഒരു ബന്ധു ആശുപത്രിയിലായപ്പോൾ ഞാൻ തന്നെയാണ് നോക്കിയത്. ആ ചേട്ടനാണ് ഇതൊരു ട്രസ്റ്റാക്കി മാറ്റാൻ പറഞ്ഞതും സഹായിച്ചതും. അങ്ങനെയാണ് അഭയം ചാരിറ്റബിൾ ട്രസ്റ്റ് 2015 ൽ പിറന്നത്. പിന്നെ ആശുപത്രിയിലെത്തുന്നവരും അവിടെയുള്ള എല്ലാവരും എന്റെ ജീവനാണ്. കൂടാതെ ലിസമ്മയും മറ്റ് രണ്ട് അമ്മമാരുമാണ് എല്ലാവർക്കും ഉള്ള ഭക്ഷണം പാകം ചെയ്ത് തരുന്നത്. അവരോടുള്ള കടപ്പാട് എനിക്ക് വാക്കുകൾക്കും മേലെയാണ്. എന്നെ ഒരുപാട് സഹായിക്കുന്നവരാണവർ എല്ലാവരും എന്നത് തന്നെ എനിക്ക് മുൻപോട്ട് ഒാടാനുള്ള ഊർജം പകരുന്ന ഒന്നാണ്.
നടക്കാതെ പോയ ആഗ്രഹങ്ങൾ ഉണ്ടോ?
ഉണ്ട്. അഗതികൾക്കായൊരു കെട്ടിടം പണിയണം. പലപല കാരണങ്ങൾ കൊണ്ട് വളർത്താൻ കഴിയാതെ പോകുന്ന ഒരുപാട് കുഞ്ഞുങ്ങളെ എന്നെ ഏൽപ്പിക്കാറുണ്ട്. നല്ലൊരു കെട്ടിടമോ ഒന്നുമില്ലാത്ത എനിക്ക് ആ കുഞ്ഞുങ്ങളെ ഏറ്റെടുക്കാനുള്ള ശേഷിയില്ല. പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് അഭയമൊരുക്കാനും, നല്ല ഭക്ഷണം നൽകാനും, വിദ്ധ്യാഭ്യാസം കൊടുക്കാനും ആയുള്ള എന്റെ ആഗ്രഹങ്ങൾ ഇപ്പോഴും ആഗ്രഹങ്ങളായി തന്നെ നിലനിൽക്കുകയാണ്. എത്രയും വേഗം അത് പ്രാവർത്തികമാക്കി മാറ്റണം എന്നതാണ് ആഗ്രഹം.
സിബിന്റെ ഭാവി സ്വപ്നം എന്താണ്?
അഭയം ചാരിറ്റബിൾ ട്രസ്റ്റിനായി ഒരു കെട്ടിടം എന്നത് എന്റെ സ്വപ്നമാണ്. പാവപ്പെട്ടവർക്ക് അഭയമാകാനൊരിടം. വെറുമൊരിടമല്ല സുരക്ഷിതമായൊരിടം.
വർഷങ്ങളായി ചെരിപ്പിടാതെ നടക്കുന്നതിന്റെ പിന്നിലെ ലക്ഷ്യം ഒന്നു വ്യക്തമാക്കാമോ?
കുറച്ച് രോഗികൾക്ക് മാത്രമേ ഇപ്പോൾ താമസിക്കാനിടം കൊടുക്കാനാവുന്നുള്ളൂ. ചെയ്യുന്ന സഹായങ്ങളേക്കാൾ എത്ര മടങ്ങ് വലുതാണ് സഹായം ആവശ്യമുള്ളവർ എന്ന തിരിച്ചറിവ് ഉണ്ട്. ചെരിപ്പിടാതെ നടക്കുമ്പോൾ ഉണ്ടാകുന്ന വേദന എന്റെ പ്രാർഥനയായി ദൈവത്തിന് സമർപ്പിക്കുകയാണ്. കഷ്ട്ടപ്പെടുന്നവർക്ക് അഭയമേകാൻ ഒരു അഗതി മന്ദിരം ഉണ്ടാകുന്നതുവരെയും എനിക്ക് ചെരിപ്പ് വേണ്ട.
കുടുംബം?
ആലപ്പുഴ കൈനകരിയിലാണ് ഞാൻ ജനിച്ചത്. അച്ഛൻ സാബു, അമ്മ സൂസമ്മ, രണ്ട് സഹോദരങ്ങൾ സോബിൻ,സാജൻ.
(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ശങ്കരി ഇസബെല്ല)
Comments are closed.