ക്രിസ്തുവിന് ലഭിച്ച മരണം എന്നെയും കാത്തിരിക്കുന്നു: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിക്കൂട്ടില്‍ നിന്നപ്പോള്‍ മുതല്‍ നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയ പേരാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന്റേത്. ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ സമരത്തിനിറങ്ങിയപ്പോള്‍ പിന്തുണയുമായെത്തി, ചാനലുകളിലും മാധ്യമങ്ങളിലും എത്തി കത്തോലിക്ക സഭയുടെ ഇരട്ടത്താപ്പിനെതിരെ ശബ്ദമുയര്‍ത്തിയ സിസ്റ്ററിനെ ഉന്നം വെച്ച് സഭ നീക്കങ്ങള്‍ നടക്കുകയാണ്. ഒടുവിലിതാ കാരണം കാണിക്കല്‍ നോട്ടീസ്. സഭ ഇത്തരത്തില്‍ കടുത്ത നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ അനുവിനോടും മൈഥിലി ബാലയോടും തന്റെ പോരാട്ടത്തെക്കുറിച്ചും സഭയെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍.

അനു: സിസ്റ്റര്‍ ലൂസി കളപുരയ്ക്കല്‍, വാക്കുകൊണ്ടും പ്രവര്‍ത്തികൊണ്ടും കര്‍ത്താവിന്റെ വഴിയില്‍ സഞ്ചരിക്കുന്ന മണവാട്ടി. എങ്ങനെയാണ് ഈ ജീവിതത്തിലേക്കെത്തിയത്?

കുട്ടിക്കാലം മുതല്‍ തന്നെ ഒറ്റപ്പെടല്‍ അനുഭവിക്കുന്നവര്‍ക്കും ആരോരുമില്ലാത്തവര്‍ക്കും ഒപ്പം കഴിയാനായിരുന്നു ഇഷ്ടം. വീട്ടില്‍ അപ്പച്ചന്‍ വളരെ ദൈവ വിശ്വാസിയായിരുന്നു. വേദനിക്കുന്നവര്‍ക്കൊപ്പമാണ് ദൈവം എന്നായിരുന്നു അപ്പച്ചന്റെ വാക്കുകള്‍. അത് ഞാന്‍ അംഗീകരിച്ചു. സ്‌ക്കൂളില്‍ പഠിക്കുമ്പോഴും ക്ലാസ്സില്‍ ഏറ്റവും പിന്‍ ബഞ്ചില്‍ അധികം കൂട്ടുകാരില്ലാതെ ഇരിക്കുന്ന ഒരു വിദ്യാര്‍ത്ഥിയുമായിട്ടായിരുന്നു എനിക്ക് കൂട്ട്. മാത്രമല്ല പള്ളിപ്പറമ്പില്‍ കുടില്‍ കെട്ടി താമസിച്ചിരുന്ന ഒരു അമ്മച്ചിയുണ്ടായിരുന്നു. സമയം കിട്ടുമ്പോള്‍ അവരുടെ സമീപത്തേയ്ക്ക് പോകുകയും സഹായങ്ങള്‍ ചെയ്ത് കൊടുക്കുകയും ചെയ്യാറുണ്ടായിരുന്നു. അങ്ങനെയാണ് കന്യാസ്ത്രീ ജീവിതം എന്ന രീതിയിലേയ്ക്ക് ചിന്തകള്‍ പോയത്.

അനു: മഠത്തില്‍ ചേരാന്‍ തീരുമാനിച്ചപ്പോള്‍ ഉള്ള കാഴ്ച്ചപ്പാടുകള്‍ എന്തായിരുന്നു ?

വീട്ടുകാര്‍ക്ക് ആര്‍ക്കും താല്പര്യമുണ്ടായിരുന്നില്ല. സ്‌ക്കൂള്‍ ജീവിതം കഴിഞ്ഞ് നിര്‍മ്മല ഗിരി കോളേജില്‍ ചേര്‍ന്നപ്പോള്‍ കന്യാസ്ത്രീകളുമായി അടുത്തിടപഴകാന്‍ അവസരം കിട്ടി. പക്ഷെ അപ്പോള്‍ മനസ്സിലായത് അവര്‍ക്കിടയില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടെന്നാണ്. അപ്പോള്‍ വീണ്ടും സംശയമായി, എന്തു വേണം. പിന്നെ ചിന്തിച്ചു, നമ്മള്‍ പോകേണ്ടത് കര്‍ത്താവിന്റെ വഴിയിലല്ലേ. അതിനു ഇവരെയൊക്കെ എന്തിനാ നോക്കുന്നതെന്ന്. അങ്ങനെയാണ് കര്‍ത്താവിന്റെ മണവാട്ടിയാകാനുള്ള തീരുമാനത്തിലെത്തിയത്.

അനു: ഇപ്പോള്‍ അതില്‍ എന്ത് മാറ്റം വന്നു?

ഞാന്‍ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നില്ല. നന്മകള്‍ അംഗീകരിക്കപ്പെടണം. കേവലം എട്ട് സന്യാസിനികളുമായി ആരംഭിച്ചതാണ് ഞങ്ങളുടെ കൂട്ടായ്മ. മനുഷ്യര്‍ക്കായാലും ആര്‍ക്കായാലും സുഖ സൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്നത് പല പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. മൊബൈല്‍, ഇന്റര്‍നെറ്റ് അങ്ങനെ അങ്ങനെ. ജോലി ചെയ്ത ശമ്പളം ഉപയോഗിച്ച് കാറ് വാങ്ങി, സഭയുടെ അനുവാദമില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ചു, സഭയുടേതല്ലാത്ത മാധ്യമങ്ങളില്‍ ലേഖനങ്ങള്‍ എഴുതി തുടങ്ങിയ കാര്യങ്ങളാണ് തെറ്റായി, പാപമായി വിശകലനം ചെയ്യുന്നത്. അത് അവരുടെ മനോധര്‍മ്മം. പക്ഷെ ഞാന്‍ ഭയപ്പെടുന്നില്ല.

മൈഥിലി ബാല: ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ സമരരംഗത്തേക്ക് ഇറങ്ങിയതിന്റെ പേരില്‍ പല തരത്തിലാണ് സഭയില്‍ നിന്നും സിസ്റ്ററിനെതിരെ നീക്കങ്ങള്‍ വരുന്നത്. സഭയ്ക്കെതിരെ ഒരു പോരാട്ടം. എങ്ങനെ കാണുന്നു ഈ പോരാട്ടത്തെ?

സഭയില്‍ നിന്നും നീക്കങ്ങള്‍ ഇങ്ങനെ ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുകയാണ്. സഭയ്ക്കെതിരെ ഞാനല്ല, എനിക്കെതിരെ സഭയാണ് നില്‍ക്കുന്നത്. അങ്ങനെയാണ് ഞാന്‍ മനസിലാക്കുന്നത്. അവര്‍ നിരത്തുന്ന കാരണങ്ങളും സൂചിപ്പിക്കുന്നത് അത് തന്നെയാണ്.

അനു: സിസ്റ്റര്‍ ലൂസിയെ അവര്‍ ഭയപ്പെടുന്നുണ്ടോ?

ഞാന്‍ 2003 മുതല്‍ അച്ചടക്കനടപടികള്‍ക്ക് വിധേയയാണ് എന്നാണ് കൊച്ചിയില്‍ കന്യാസ്ത്രീകളുടെ സമരപ്പന്തലില്‍നിന്നു തിരിച്ചുവന്നപ്പേള്‍ മുതല്‍ അവര്‍ പറയുന്നത്. ഞാന്‍ പ്രതികരിക്കുന്നത് കൊണ്ടും ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ ധാരാളം പേര്‍ക്ക് സ്വീകാര്യമാകുന്നത് കൊണ്ടും ഇവള്‍ ഇങ്ങനെ പോയാല്‍ വല്യ ആളായി പോകുമെന്നും കരുതിയാകാം അവര്‍ അങ്ങനെ ചെയ്യുന്നത്. എനിക്ക് ഒരുപാട് ആശയങ്ങള്‍ ഉണ്ട്. അത് കൂട്ടായ്മകളില്‍ പറയാനുള്ള അവസരം പോലും നിഷേധിക്കപ്പെട്ടു. അതാണ് 2003-ല്‍ എനിക്കെതിരെ ഉണ്ടായ നടപടി. അതുകൊണ്ട് തന്നെ ഞാന്‍ പറയുന്നു, അവര്‍ എന്നെ ഭയപ്പെടുന്നുണ്ട്. ഞാന്‍ ഒരിക്കലും തോല്‍ക്കില്ല. കാരണം ഞാന്‍ അവരെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല.

മൈഥിലി ബാല: സഭയിലെ ലൈംഗികാതിക്രമങ്ങള്‍ കൂടുതലായി വന്നപ്പോള്‍ പോപ് നേരത്തെ സഭയിലെ പുരോഹിതരോട് വിലക്കിയിരുന്നതാണ്. നിര്‍ദ്ദേശിച്ചിരുന്നതാണ്. സഭയോ പുരോഹിതരോ അത് മുഖവിലയ്ക്കെടുന്നുണ്ടോ.

തെറ്റ് മൂടി വെക്കുമ്പോഴാണ് സഭയ്ക്ക് സുരക്ഷിതത്വമെന്ന് അവര്‍ കരുതുന്നു. പക്ഷേ തെറ്റ് ഒരിക്കലും മൂടിവെക്കരുത്. അത് സ്വാഭാവികമാണ്. അത് അംഗീകരിക്കുക. അതിനുള്ള ശിക്ഷ സ്വീകരിക്കുക. അത് തിരുത്തുക. സ്വയം മാറുക. ഇതല്ലാതെ തെറ്റ് ഒളിപ്പിക്കുമ്പോഴാണ് ശരിയായ വെളിച്ചം സഭയില്‍ നിന്ന് നഷ്ടമാകുന്നത്. സഭാ അധികാരികളില്‍ നിന്ന് നഷ്ടമാകുന്നത്. അപ്പോഴാണ് കടുംപിടുത്തങ്ങളിലേക്കും ചെയ്യുന്നതൊക്കെ തെറ്റായും മാറുന്നത്.

അനു: മാര്‍പ്പാപ്പയുടെ ദര്‍ശനങ്ങളെ പോലും മാനിക്കാതെയാണ് പലപ്പോഴും കേരളത്തിലെ കത്തോലിക്കാ സഭ പ്രവര്‍ത്തിക്കുന്നത്?

സാധാരണ കാര്യങ്ങള്‍ സഭാതലത്തില്‍ തീരുമാനിക്കുമ്പോള്‍ മെത്രാന്മാരെ അറിയിച്ചിട്ടാണ് തീരുമാനിക്കുന്നത്. പുരോഹിതന്മാരുമായി പരസ്പര ധാരണയോടെയേ ചെയ്യാറുള്ളു. എന്നാല്‍ തെറ്റുകള്‍ ആര് കാണിച്ചാലും അത് ഏറ്റു പറയണം. അല്ലാതെ അതില്‍ തന്നെ വാസമുറപ്പിക്കുകയല്ല വേണ്ടത്. എന്തു പറഞ്ഞാലും യെസ് എന്നു പറയുന്നതാണ് അനുസരണം എന്നാണ് പലരുടെയും വിചാരം. അനുസരണം എന്നു പറയുന്നത് ഫലപ്രദമായിരിക്കണം. അതുകൊണ്ട് സമൂഹത്തിന് ഗുണം ലഭിക്കണം. അങ്ങനെയുള്ള യെസ് ആണ് അനുസരണം. അല്ലാതെ ഇഷ്ടമല്ലാത്തതിനെ തലകുലുക്കി സ്വീകരിക്കുന്നതല്ല.

മൈഥിലി ബാല: ആദ്യ ഒളിമ്പിക്സില്‍ ഇറങ്ങാന്‍ ഒരുങ്ങുന്ന വത്തിക്കാന്‍ ടീമില്‍ ഒരു സിസ്റ്ററുമുണ്ട്. സിസ്റ്റര്‍ മേരി തിയോ. അപ്പോള്‍ ഇവിടെ കേരളത്തില്‍ സിസ്റ്റര്‍ കാറോടിക്കുന്നത് വരെ കുറ്റവും. ഈ ഒരു വ്യത്യാസത്തെ എങ്ങനെ കാണുന്നു?

ഞാനും ഷട്ടിലും ക്രിക്കറ്റുമൊക്കെ കളിക്കാറുള്ളതാണ്. കുറേ നാളുകള്‍ക്ക് ശേഷം ഞാന്‍ കുട്ടികളുടെ ഒപ്പം കളിച്ചപ്പോള്‍ അവര്‍ ആഘോഷമാക്കി മാറ്റി. എന്റെ ഈ പ്രായത്തിലും ഞാന്‍ അവരോട് മത്സരിച്ച് നിന്നതിന്. വരട്ടെ. ഒരു കളിക്ക് ഞാനും റെഡിയാണ്.

അനു: വൈദികരില്‍നിന്ന് എപ്പോഴെങ്കിലും മോശം പെരുമാറ്റം നേരിട്ടിട്ടുണ്ടോ?

ഉണ്ടായിട്ടുണ്ട്. മോശമായി പെരുമാറാനുള്ള ശ്രമങ്ങള്‍ പലപ്പോഴും ചെറുത്ത് തോല്‍പ്പിച്ചു. അങ്ങനെയുള്ളത് കൊണ്ടാണല്ലോ ധൈര്യമായി നില്‍ക്കാന്‍ പറ്റുന്നത്. പല കന്യാസ്ത്രീമാര്‍ക്കും അതു പറ്റില്ല. അച്ചന്മാരോട് എതിര്‍ത്ത് ഒന്നും പറയേണ്ട. നമുക്ക് കുമ്പസാരവും കുര്‍ബാനയും വേണ്ടതല്ലേ എന്ന് അവര്‍ പറയും. അങ്ങനെ നോക്കിയാല്‍ തെറ്റുകള്‍ കൂടുകയേ ഉള്ളൂ.

അനു: പുസ്തകം എഴുതിയിരുന്നല്ലൊ. അതിനെ പറ്റി?

മൂന്ന് വര്‍ഷമാണ് ഞാന്‍ എഴുതിയ പുസ്തകം പ്രസിദ്ധീകരിക്കാന്‍ അധികൃതരോട് അനുവാദം ചോദിച്ച് കാത്തിരുന്നത്. അത്രയുമായപ്പോഴാണ് ഞാന്‍ മദര്‍ ജനറാലിനോട് എഴുതി അറിയിച്ചത്. ഞാന്‍ ചെയ്യുന്ന ജോലിയുടെ ഭാഗമായി എനിക്കു ലഭിക്കുന്ന ശമ്പളം ഞാന്‍ ഉപയോഗിക്കുന്നു എന്ന് തന്നെയാണ് ഞാന്‍ അറിയിച്ചത്.

എന്തുകൊണ്ടാണ് അവര്‍ ഇങ്ങനെയുള്ള അവകാശങ്ങള്‍ നിഷേധിക്കുന്നതെന്ന് അറിയില്ല. പ്രോവിന്‍ഷ്യലിനു മുന്നില്‍ സമര്‍പ്പിച്ചു. ഞാന്‍ കള്ളത്തരമൊന്നുമല്ല കാണിക്കുന്നത്. എന്നെ അവര്‍ ആ അവസ്ഥയില്‍ എത്തിച്ചതാണ്. അതുകൊണ്ടാണ് എനിക്ക് സ്വന്തമായി പണം എടുത്തു ഉപയോഗിക്കേണ്ടി വന്നത്. അല്ലാതെ അഹങ്കാരം കൊണ്ടല്ല .

അനു: കത്തോലിക്കാ സഭയിലെ പുരോഹിതന്മാര്‍ വിവാഹം കഴിക്കണമെന്ന് പറഞ്ഞിരുന്നല്ലൊ? അതിനെ പറ്റി?

അതെ അത് ഞാന്‍ മുന്‍പും പറഞ്ഞിട്ടുണ്ട്. സന്യാസ വ്രതങ്ങള്‍ ബാധകമല്ലെങ്കില്‍ അവര്‍ക്ക് കല്യാണം കഴിച്ചുകൂടായിരുന്നോ? എന്നാല്‍ മറ്റ് സ്ത്രീകളുടെ അടുത്ത് പോവേണ്ടതില്ലല്ലോ. അവര്‍ക്ക് ഒരു ബുദ്ധിമുട്ടും അറിയേണ്ട. കുടുംബത്തിന്റെ ബുദ്ധിമുട്ട് അറിയണ്ട. മക്കളെ വളര്‍ത്തുന്ന ബുദ്ധിമുട്ട് അറിയണ്ട, കഷ്ടപ്പാട് അറിയണ്ട. എന്നാല്‍ സുഖിച്ച് ജീവിക്കുകയും വേണം. അത് വേണ്ട. കുടുംബം മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ബുദ്ധിമുട്ട് അവരും അറിയട്ടെ.

അനു: പെണ്‍കുട്ടികളെ സഭയിലേയ്ക്ക് അയക്കാന്‍ ഇപ്പൊ കുടുംബങ്ങള്‍ വിസമ്മതിക്കുകയാണല്ലൊ?

സ്വന്തം മക്കളുടെ കാര്യത്തില്‍ അവര്‍ക്ക് ആകാംക്ഷ ഉണ്ടാകും. അതിന് അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പിന്നെ ഇതൊക്കെ ഇനി എത്രനാള്‍ നിലനില്‍ക്കാനാ. ഇപ്പൊ ഗോവയില്‍ തന്നെ പകുതിയോളം കന്യാസ്ത്രീ മഠങ്ങള്‍ പൂട്ടിക്കഴിഞ്ഞു. കൂടി പോയാല്‍ ഒരു മുപ്പത് കൊല്ലം. അതിനപ്പുറം നിലനില്‍ക്കില്ല. പുരോഹിതന്മാര്‍ വിവാഹം കഴിക്കട്ടെ. അവരുടെ ഭാര്യയുമായി ഈ ജീവിതത്തിലേയ്ക്ക് വരട്ടെ. അവര്‍ കര്‍ത്താവിന്റെ വഴിയിലേയ്ക്ക് വരട്ടെ. അതല്ലെ നല്ലത്.

മൈഥിലി ബാല: ഇടവകയിലെ, സഭയിലെ വിശ്വാസികളുടെ പിന്തുണ എത്രത്തോളമുണ്ടെന്നാണ് കരുതുന്നത്?

സഭയ്ക്കുള്ളില്‍ ഉള്ളവരും പുറത്തുള്ളവരും എനിക്ക് പിന്തുണ അറിയിച്ച് വരുന്നുണ്ട്. പക്ഷേ അവര്‍ക്ക് എന്റെ ഈ വിഷയത്തില്‍ എങ്ങനെ ഇടപെടാന്‍ കഴിയുമെന്ന് അറിയില്ല. എങ്കിലും സന്തോഷമുണ്ട്.

മൈഥിലി ബാല: സഭയെ കുറ്റപ്പെടുത്തിയെന്ന് ലെറ്ററില്‍ പറയുന്നല്ലോ. എന്താണ് പ്രതികരണം.

സഭയുടെ നീക്കങ്ങള്‍ കാണുമ്പോളും ഇപ്പോള്‍ വന്നിരിക്കുന്ന കത്തിലെ കാരണങ്ങള്‍ വായിക്കുമ്പോഴും പ്രതികാര നടപടികള്‍ പോലെയാണ് തോന്നുന്നത്. സഭ എന്താണ് ലക്ഷ്യം വെക്കുന്നതെന്നോ കാനോന്‍ നിയമമൊക്കെ പറഞ്ഞ് എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നോ അറിയില്ലാ. എന്തായാലും അവര്‍ പറഞ്ഞതുപോലെ എല്ലാം ഞാന്‍ ചെയ്യാനുദ്ദേശിക്കുന്നില്ല. എനിക്ക് ഞാന്‍ ചെയ്യുന്നതിനെല്ലാം വ്യക്തമായ കാഴ്ചപ്പാടുണ്ട്. ശരിയായിട്ടുള്ളതേ ഞാന്‍ ചെയ്തിട്ടുള്ളൂ. തെറ്റ് ചെയ്തവരൊക്കെ മൗനമായിട്ടിരിക്കുകയും തെറ്റല്ലാത്ത കാര്യങ്ങളെ തെറ്റാണെന്ന് പബ്ലിസിറ്റി കൊടുക്കുകയും ചെയ്യുകയാണ് അവര്‍.

മൈഥിലി ബാല: സിസ്റ്റര്‍ സഭാവസ്ത്രം ധരിക്കാതെയുള്ള ഫോട്ടോ പങ്കുവെച്ചതൊക്കെ സഭ കാരണമായി എടുത്തുകാട്ടുന്നുണ്ടല്ലോ കത്തില്‍.

ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സാധാരണ വസ്ത്രധാരണത്തിലേക്ക് മാറണമെന്നാണ് എന്റെ പക്ഷം. വസ്ത്രധാരണം കൊണ്ടല്ല സന്യാസം. പെരുമാറ്റമാണ്. വസ്ത്രത്തിന്റെ കാര്യം പരിശോധിച്ചാല്‍ ആദ്യകാലങ്ങളില്‍ ഞങ്ങള്‍ ധരിച്ചിരുന്ന വസ്ത്രം ഇന്ന് കാണുന്നത് പോലയല്ലാ. മുഖം മാത്രം കുറച്ച് കാണുന്ന തരത്തില്‍ ബ്രൗണ്‍ നിറത്തിലെ വസ്ത്രമായിരുന്നു. മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടല്ലോ. അപ്പോള്‍ അടുത്ത കാലഘട്ടം എത്തുമ്പോള്‍ മാറ്റം അനിവാര്യമാണ്. യാത്രകളിലുമൊക്കെ നമ്മുടെ കംഫര്‍ട്ട് പ്രധാനമാണ്. വസ്ത്രവും മാറണം. എപ്പോഴും സഭാ വസ്ത്രം മാത്രം ധരിക്കണമെന്ന് വെച്ചാല്‍ നടക്കുന്നതല്ല. ഇതേ മദര്‍ ജനറലിനോട് ഞാന്‍ മുമ്പും ആവശ്യപ്പെട്ടിട്ടുള്ളതാണ്. ഒരു മൂന്ന് നര്‍ഷം മുമ്പ്. അസമയത്തും യാത്രകളിലുമൊക്കെ സാധാരണ വേഷം ധരിക്കാനനുവദിക്കണമെന്ന്. അപ്പോഴൊക്കെയും അവ നിഷേധിക്കപ്പെട്ടു.

പുരോഹിതര്‍ക്ക് ഈ വസ്ത്രധാരണം ബാധകമല്ല. അവര്‍ യാത്രയിലും പഠിപ്പിക്കുന്നതിനിടയിലുമൊക്കെ ളോഹ ധരിക്കാറില്ലല്ലോ. അതിന് നിയമമുണ്ടോ. ഇല്ല. അവര്‍ മാറ്റങ്ങള്‍ സ്വന്തമായി വരുത്തി. അതുപോലെ നമ്മളും ആ ഒരു രീതിയിലേക്ക് അങ്ങ് വരണം.

മൈഥിലി ബാല: ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തതിനെയും സഭ ചൂണ്ടിക്കാട്ടുന്നു. ഇതിനെക്കുറിച്ച് സിസ്റ്ററിന് എന്താണ് പറയാനുള്ളത്?

ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് വിലക്കുന്നതിന് മുമ്പ് ആദ്യം സഭ സ്മാര്‍ട്ട് ഫോണുകളും ലാപ്ടോപ്പും നെറ്റ് ഉപയോഗിക്കുന്നതുമൊക്കെ വിലക്കട്ടെ. ചാനലുകളേക്കാള്‍ ശക്തം സാമൂഹ്യ മാധ്യമങ്ങള്‍ ആണ്. സഭ ഇതൊക്കെ കളയട്ടേ. പഴയ രീതിയിലേക്ക് മാറട്ടെ. ഫോണും ലാപ്ടോപ്പുമെന്നും എനിക്കും നിര്‍ബന്ധമല്ല. എല്ലാവരുടെയും മൊബൈല്‍ ഒക്കെ സഭ കളയട്ടെ. ആദ്യം ഞാന്‍ മാറ്റുന്നതെന്തിനാണ്. എന്നോട് വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ നില്‍ക്കാതെ. മൊത്തത്തില്‍ മാറ്റങ്ങള്‍ വരുത്തട്ടെ.


മൈഥിലി ബാല: രാത്രി വൈകിയെത്തുന്നുവെന്ന സഭ പറയുന്നു. ഈ പരാമര്‍ശത്തോട് എങ്ങനെ പ്രതികരിക്കുന്നു?

ഞാന്‍ രാത്രി വൈകി കയറുന്നതിനെയും പരാമര്‍ശിക്കുന്നുണ്ട്. അതൊക്കെയും ചാനലുകള്‍ക്ക് മുന്നില്‍ വരാനാണ്. അല്ലാതെ മറ്റൊന്നിനും അല്ലാ. സഭയിലെ എത്രയോ പേര്‍ പ്രാര്‍ത്ഥനാ കൂട്ടായ്മക്കൊക്കെ രാത്രി മഠത്തില്‍ നിന്നും പോകുന്നവരുണ്ട്. ആവശ്യങ്ങള്‍ വരുമ്പോള്‍ പുറത്തുപോകും. അതിനൊക്കെ അല്ലാത്ത മോശം വ്യാഖ്യാനങ്ങള്‍ നല്‍കരുതെന്നേ പറയാനുള്ളൂ.

മൈഥിലി ബാല: എന്തായാലും ഫെബ്രുവരിയില്‍ വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണല്ലോ. അത് നല്‍കാന്‍ ആണോ തീരുമാനം?

സഭ ആവശ്യപ്പെട്ടതാണല്ലോ. അതുകൊണ്ട് എന്തായാലും എഴുതി നല്‍കും. പക്ഷേ ഈ പറയുന്ന തീയതിക്ക് തന്നെ നല്‍കണമെന്നില്ലാ. പതിമൂന്നോളം കാര്യങ്ങളാണ് സഭ പറഞ്ഞിരിക്കുന്നത്. ഇതിനൊക്കെയും എനിക്ക് എന്റേതായ കാഴ്ച്ചപ്പാടുണ്ട്. എന്താണ് നടന്നതെന്ന് എഴുതും. അത് എഴുതണം. എനിക്ക് പഠിപ്പിക്കാന്‍ പോകണം. പ്രാര്‍ത്ഥനയ്ക്ക് പോകണം. ഒരുപാട് ജോലികളുണ്ട്. ഇതെല്ലാം കഴിഞ്ഞുള്ള സമയം എഴുതും. ഞാന്‍ മെഷീന്‍ അല്ലല്ലോ. മനുഷ്യന്‍ അല്ലേ. ഇതിന്റെയൊക്കെ ഇടയില്‍ നില്‍ക്കുമ്പോ മാനസിക സമ്മര്‍ദ്ദവുമുണ്ട് എനിക്ക്. മറുപടി നല്‍കും. അത് സഭയോടുള്ള ബഹുമാനത്തിന്റെ പേരിലാണ്. ആരോടും ദേഷ്യമില്ല.

അനു: ഭയമുണ്ടോ?

ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. സത്യങ്ങള്‍ തുറന്നു പറഞ്ഞും അനീതികള്‍ ചൂണ്ടിക്കാട്ടിയുമല്ലേ ക്രിസ്തു ജീവിച്ചത്. അതിനു കിട്ടിയ ശിക്ഷ മരണമായിരുന്നു. ഒരു പക്ഷെ നാളെ എന്നെയും കാത്തിരിക്കുന്നത് അതാകും. പക്ഷെ അതുവരെ എനിക്ക് പോരാടാമല്ലൊ. അതുമതി.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകരാണ് അനുവും മൈഥിലി ബാലയും)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More