സംഗീത സംവിധായകന്‍ എംജി രാധാകൃഷ്ണന്റെ മകന്‍ സൗണ്ട് എഞ്ചിനീയറായത് എങ്ങനെ?

മലയാള ചലച്ചിത്ര ഗാനശാഖയിലും മലയാള ലളിതഗാനശാഖയിലും ഒരുപാട് സംഭാവനകള്‍ നല്‍കിയ സംഗീത സംവിധായകന്‍ എം ജി രാധാകൃഷ്ണന്റെ മകന്‍ എം ആര്‍ രാജാകൃഷ്ണന്‍ പ്രശസ്തനായ സൗണ്ട് ഡിസൈനറാണ്. സംഗീത കുടുംബത്തില്‍ പിറന്ന അദ്ദേഹം സംഗീത സംവിധാനത്തിലും മിടുക്കനാണ്. സൗണ്ട് ഡിസൈനിംഗിന് പുറമേ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ചെയ്തിട്ടുണ്ട്.

അപരിചിതന്‍, അനന്തഭദ്രം, മഞ്ചാടിക്കുരു, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്‌മേറ്റ്‌സ്, കല്‍ക്കട്ട ന്യൂസ്, മിന്നാമിന്നിക്കൂട്ടം, നീലത്താമര, എല്‍സമ്മ എന്ന ആണ്‍കുട്ടി, മാസ്റ്റേഴ്‌സ്, സ്പാനിഷ് മസാല, കുഞ്ഞളിയന്‍, ചാപ്പാക്കുരിശ്, ഉറുമി, ട്രാഫിക്, ഡയമണ്ട് നെക്ലെസ്, അറബിയും ഒട്ടകവും പിന്നെ മാധവന്‍ നായരും, ഉസ്താദ് ഹോട്ടല്‍, ചാര്‍ലി, ടേക് ഓഫ്, ജോമോന്റെ സുവേശേഷങ്ങള്‍, കുഞ്ഞിരാമായണം, അമര്‍ അക്ബര്‍ ആന്റണി, ഗോദ, കലി തുടങ്ങിയ മലയാള ചിത്രങ്ങളും കാഞ്ചീവരം, ഇ, മദ്രസപട്ടണം, നവരസമോ, മായാ, 144 തുടങ്ങിയ തമിഴ് പടങ്ങളും കിരിക്ക് പാര്‍ട്ടി, പരമ്പ തുടങ്ങിയ കന്നട ചിത്രങ്ങളും ഉള്‍പ്പെടെ മുന്നൂറ്റിയമ്പതോളം ചിത്രങ്ങള്‍ക്ക് രാജാകൃഷ്ണന്‍ ശബ്ദലേഖനം നിര്‍വഹിച്ചിട്ടുണ്ട്.

സംഗീത സംവിധാനം കൊണ്ട് മലയാള സിനിമയെ മനുഷ്യ മനസ്സില്‍ പിടിച്ചു നിര്‍ത്തിയിരുന്ന എംജി രാധാകൃഷ്ണന്റെ പുത്രന്‍ സിനിമയിലെ ശബ്ദങ്ങളുടെ പ്രത്യേകത മനസ്സിലാക്കി കാണികളുടെ മനസ്സില്‍ തങ്ങി നില്‍ക്കും വിധം ലേഖനം ചെയ്യുന്നു. രാജാകൃഷ്ണനുമായി രാജശേഖരന്‍ മുതുകുളം സംസാരിക്കുന്നു.


സംഗീത സംവിധായകന്‍ എംജി രാധാകൃഷ്ണന്റെ മകന്‍ രാജാകൃഷ്ണന്‍ എന്തുകൊണ്ട് സംഗീത സംവിധായകന്‍ ആകാതെ സിനിമയിലെ സൗണ്ട് ഡിസൈനറായി മാറി?

ഞാന്‍ സംഗീത സംവിധായകന്‍ ആയില്ലെന്ന് പൂര്‍ണമായും പറയാന്‍ കഴിയില്ല. പാട്ടിനോടുള്ള അറ്റാച്ച്‌മെന്റ് തന്നെയാണ് എന്നെ സൗണ്ട് ഇന്‍ഡസ്ട്രിയിലേക്ക് കൊണ്ടുവന്നത്. ഒരു മ്യൂസിക്കല്‍ ഡയറക്ടറെ സംബന്ധിച്ച് സൗണ്ട് എഞ്ചിനീയറിംഗിലെ പ്രാവീണ്യം നല്ലതാണ്. സിനിമയാണെങ്കിലും സംഗീതമാണെങ്കിലും രണ്ടു തലത്തിലാണ് അതിന്റെ പ്രവര്‍ത്തി നടക്കുന്നത്. അതായത് ശബ്ദവും വെളിച്ചവും. എന്റര്‍ടെയിന്‍മെന്റ് ഇന്‍ഡസ്ട്രി ഏതുതലത്തില്‍ വളര്‍ന്നാലും ഈ രണ്ടു കാറ്റഗറികളിലൂടെ മാത്രമാണ് ജനങ്ങളിലേക്ക് അതത് മാധ്യമം എത്തിച്ചേരുന്നത്. പാട്ടുകാരന്‍ ഡയറക്ടറായി പോയി നിന്ന് ഏറെയൊന്നും പാടാറില്ല. ശബ്ദ സങ്കേതങ്ങളില്‍ക്കൂടി തന്നെയാണ് ആ പാട്ട് ജനങ്ങളിലേക്കെത്തുന്നത്. അതുകൊണ്ട് തീര്‍ച്ചയായും ശബ്ദമിശ്രമണത്തെ ടെക്‌നിക്കല്‍ വര്‍ക്ക് എന്ന് പറയുന്നത് വെറുതെയാണ്. ഓഡിയേഗ്രാഫിയെ ഒരിക്കലും ഒരു ടെക്‌നിക്കല്‍ വര്‍ക്ക് എന്ന് പറയാനാകില്ല.

മ്യൂസിക് ഡയറക്ഷന്‍ ചെയ്യുന്ന ഒരാള്‍ക്കുണ്ടാകുന്ന ക്രിയേറ്റിവിറ്റി നൂറുശതമാനമാണെങ്കില്‍ നമ്മളും ഒരു 60 ശതമാനത്തോളം ആ പാട്ടിനോട് ക്രിയേറ്റീവ് ആസ്‌പെക്റ്റില്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. ബാക്കി 40 ശതമാനം ടെക്‌നിക്കല്‍ ആസ്‌പെക്റ്റുമാണെന്ന് ഞാന്‍ കരുതുന്നു. അങ്ങനെ ഒരു ക്രിയേറ്റീവ് മൈന്‍ഡ് ഇല്ലെങ്കില്‍ നമുക്കൊരു സൗണ്ട് ഒരാളിലേക്ക് എത്തിക്കുവാന്‍ കഴിയില്ല. ശബ്ദത്തില്‍ കൂടി നമ്മള്‍ ഇമോഷന്‍ കൊണ്ടു വരണം. ഇപ്പോള്‍ മ്യൂസിക്കില്‍ ഇമോഷന്‍ ഉണ്ട്. പക്ഷേ, അത് എത്രമാത്രം ജനങ്ങളിലേക്ക് എത്തുമെന്നൊരു തീരുമാനം എടുക്കേണ്ടത് ശബ്ദവുമായി ചേര്‍ന്ന് നില്‍ക്കുന്ന വ്യക്തിയാണ്. അതുകൊണ്ട്‌ തന്നെ ഞാന്‍ പൂര്‍ണമായും മ്യൂസിക് വീട്ടു എന്ന് എനിക്കൊരിക്കലും പറയാന്‍ കഴിയില്ല. മ്യൂസിക് എന്റെ രക്തത്തില്‍ കിടപ്പുണ്ട്. എനിക്ക് എന്നെങ്കിലും മ്യൂസിക് ഡയറക്ടറാകാന്‍ പറ്റുമോയെന്ന് ഞാന്‍ എന്നോടു തന്നെ പലപ്രാവശ്യം ചോദിച്ചിട്ടുണ്ട്. ചോദിക്കുമ്പോഴൊക്കെ എനിക്ക് കിട്ടുന്ന ഉത്തരവും മുന്നില്‍ വരുന്നതും എന്റെ അച്ഛന്റെ രൂപമാണ്. അങ്ങനെയുള്ള ഒരാളുടെ മകന്‍ എന്ന് പറയുമ്പോള്‍ അച്ഛന്‍ ചെയ്ത അത്രയെങ്കിലും ചെയ്യാന്‍ സാധിക്കണം. ആ ഒരു റേഞ്ചിലേക്ക് എത്താന്‍ കഴിയില്ല എന്നുള്ള ഒരു തിരിച്ചറിവ് എനിക്കുണ്ട്. ആ തിരിച്ചറിവ് ഉള്ളതു കൊണ്ടാണ് ഞാന്‍ ആ ഇന്‍ഡസ്ട്രിയില്‍ സജീവമാകാത്തത്. പക്ഷേ, എന്റെ മനസ്സില്‍ സംഗീതമുണ്ട്. അത് ഇപ്പോള്‍ സൗണ്ട് ഡിസൈനിങ്ങില്‍ ഞാന്‍ ഉപയോഗിക്കുന്നു.

രണ്ടു ചിത്രങ്ങള്‍ക്ക് താങ്കള്‍ സംഗീത സംവിധാനം ചെയ്തിട്ടുണ്ടല്ലോ. അതേ കുറിച്ചു പറയാമോ?

എന്റെ സുഹൃത്തുക്കളുടെ ചിത്രമായിരുന്നു രണ്ടും. അവര്‍ക്ക് എന്നെ നന്നായിട്ട് അറിയാം. എന്റെ ആഗ്രഹങ്ങളും സംഗീതത്തോടുള്ള സ്‌നേഹവും അടുപ്പവുമെല്ലാം. അവര്‍ സിനിമ ചെയ്യുന്ന സമയത്ത് എന്നെക്കൊണ്ട് സംഗീതം ചെയ്യിപ്പിച്ചതാണ്. ദീപു കരുണാകരന്‍ വിന്റര്‍ എന്ന സിനിമ ചെയ്തപ്പോള്‍ അതിന്റെ സംഗീത സംവിധാനം ഞാന്‍ തന്നെ ചെയ്യണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. ഞാന്‍ അതുവരെ ചെയ്തിട്ടില്ലാത്ത സംഗീത സംവിധാനം എന്ന ജോലി ദീപു എന്നെ കൊണ്ട് ചെയിച്ചു. അത് അച്ഛന്‍ ജീവിച്ചിരുന്ന സമയത്തായിരുന്നു. അതിന് കുറച്ചു മധുരം കൂടും.

ഞാന്‍ ചെയ്ത സംഗീതത്തില്‍ എന്തെങ്കിലും പോരായ്കളുണ്ടെങ്കില്‍ അത് പറഞ്ഞു തരാന്‍ എനിക്ക് മുന്നില്‍ ഒരു വന്‍മരം നില്‍പ്പുണ്ട്. അപ്പോള്‍ ഞാന്‍ ഭയപ്പെടേണ്ട കാര്യമില്ലല്ലോ. എന്റെ ആഗ്രഹം ചിറ്റപ്പന്‍ തന്നെ (എം ജി ശ്രീകുമാര്‍) ആ പാട്ടു പാടണമെന്നായിരുന്നു. അദ്ദേഹം തന്നെ അത് പാടി.

അച്ഛന്‍ എന്റെ മ്യൂസിക് കേട്ടിട്ട് കറക്ട് ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ അദ്ദേഹം അത് കേട്ടപ്പോള്‍ ഇത് കൊള്ളാമല്ലോടാ എന്നാണ് പറഞ്ഞത്. ഞാന്‍ ഏറ്റവും സന്തോഷിച്ച നിമിഷമായിരുന്നു അത്. ആ മ്യൂസിക്കില്‍ വരികള്‍ എഴുതിക്കാന്‍ പോകുകയാണ് എന്ന് ഞാന്‍ പറഞ്ഞു. പരിചയമില്ലത്താതിന്റെ ചെറിയ മിസ്റ്റേക്കുകള്‍ അച്ഛന്‍ തിരുത്തി തന്നു. അനില്‍ പനച്ചൂരാനാണ് അതില്‍ വരികള്‍ എഴുതിയത്. ദീപു തന്നെയാണ് അനിലിനെ കൊണ്ടു വന്നത്. അതെന്റെ ഹൈപിച്ച് പാട്ടായിരുന്നു. അതിനുശേഷം ഞാന്‍ ശബ്ദകലയുടെ തിരക്കുകളിലായി. പിന്നീട് എല്ലാ ഭാഷകളിലുമുള്ള ചിത്രങ്ങള്‍ ഞാന്‍ ചെയ്യാന്‍ തുടങ്ങി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ എല്ലാ ഭാഷകളിലുമുള്ള ചിത്രങ്ങള്‍ ഞാന്‍ ചെയ്തു. ആ സമയത്ത് ഞാന്‍ രണ്ടോ മൂന്നോ സിനിമകളുമായി ബന്ധപ്പെട്ട് ജോലിത്തിരക്കിലായിരിക്കും.

ഒരു സിനിമ ചെയ്യാന്‍ തന്നെ പത്തു പതിനഞ്ച് ദിവസം എടുക്കും. മൂന്നു സിനിമ ഒരു മാസം ചെയ്യുമ്പോള്‍ കൂടുതല്‍ സമയം ജോലിയെടുത്ത് പതിനഞ്ചു ദിവസം കൊണ്ട് തീരേണ്ട സിനിമ പത്തു ദിവസം കൊണ്ട് തീര്‍ക്കേണ്ടതായ ഒരു അവസ്ഥയിലേക്ക് വരികയാണ്. മാസത്തില്‍ 30 ദിവസവും അവധിയില്ലാതെ ജോലി ചെയ്യേണ്ട ഒരവസ്ഥയിലേക്ക് എന്റെ തിരക്ക് കൂടി വന്നു. സിനിമയുടെ സംഗീത സംവിധാനത്തിന് പോകുമ്പോള്‍ ഈ തിരക്കില്‍ നിന്ന് മാറി നിന്നിട്ട് ഒരു സിനിമയിലായിരിക്കണം നമ്മുടെ ശ്രദ്ധ മുഴുവന്‍. ആ ശ്രദ്ധ ചെലുത്താനുള്ള സമയം എനിക്ക് പിന്നീട് ഉണ്ടായിരുന്നില്ല.

അവസരങ്ങള്‍ എന്നെ തേടി വന്നതു മുഴുവന്‍ ശബ്ദത്തിനുവേണ്ടിയാണ്. എന്റെ കഴിവ് കൂടുതല്‍ അവിടാണോ എന്നെനിക്ക് തോന്നുന്ന പല സംഭവങ്ങളുമുണ്ടായി. അതനുസരിച്ച് ഞാന്‍ ശബ്ദത്തിന്റെ തിരക്കലിായി. ഈ തിരക്കിലും മ്യൂസിക് എന്നോടൊപ്പമുണ്ട്. പല സുഹൃത്തുക്കളും വരുമ്പോള്‍ എന്നില്‍ നിന്നും സംഗീതം വരും.

പിന്നെ ഞാന്‍ മ്യൂസിക് ചെയ്തത് മിസ്റ്റര്‍ ബീന്‍ എന്ന സിനിമയ്ക്കാണ്. പാട്ടെഴുതിയത് എന്റെ അമ്മ (പത്മജാ രാധാകൃഷ്ണന്‍) ആണ്. നാലു പാട്ടുകള്‍ ആ ചിത്രത്തിനുവേണ്ടി അമ്മ എഴുതി. നീയൊരു വസന്തമായി, പകിട പകിട കളിച്ചു കളിച്ചു മദിച്ചു, പാട്ടുപാടാന്‍ കൂട്ടു കൂടാന്‍, വണ്ണാത്തിക്കിളിയേ വണ്ണാത്തിക്കിളിയേ എന്നിവ. ഈ നാലു ഗാനങ്ങള്‍ വിനീത് ശ്രീനിവാസന്‍, ശ്വേത മോഹന്‍, രവിശങ്കര്‍, വിധു പ്രതാപ്, അലക്‌സ് എന്നിവരെ കൊണ്ട് പാടിച്ചു.

അതിനുശേഷം സിനിമയ്ക്ക് സംഗീതം ചെയ്യാനുള്ള അവസരങ്ങള്‍ നിരവധി ലഭിച്ചു. പക്ഷേ, ഞാന്‍ അവ ഏറ്റെടുത്തില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ ശബ്ദമേഖലയില്‍ നിന്ന് പൂര്‍ണമായും മാറി നില്‍ക്കാന്‍ എനിക്ക് കഴിയില്ല. സംഗീതം എന്നോടൊപ്പമുണ്ട്. അതിന് പ്രായപരിധിയില്ലല്ലോ. ഏത് സമയത്തും സംഗീതം എന്നില്‍ വരും. രക്തത്തില്‍ കിടക്കുന്നതല്ലേ. ഒരിക്കലും പോവുകയില്ല. ശബ്ദ സംവിധാനത്തിനിടെ എപ്പോഴെങ്കിലും എന്റെ സംഗീതം ജനങ്ങളിലെത്തും. ശബ്ദ സംവിധാനത്തിനിടെ എന്നെങ്കിലും എന്റെ സംഗീതം വീണ്ടും കേള്‍ക്കാം.

സൗണ്ട് എഞ്ചിനീയറിങ് പഠിച്ചത് എവിടെ നിന്നാണ്?

എന്റെ ഗുരുവും ഇന്‍സ്റ്റിറ്റ്യൂട്ടുമെല്ലാം ദീപന്‍ ചാറ്റര്‍ജിയാണ്. അദ്ദേഹം രണ്ടു തവണ ദേശീയ അവാര്‍ഡ് നേടിയ വ്യക്തിയാണ്. ആര്‍ ഡി ബര്‍മ്മന്റെ കൂടെ 25 വര്‍ഷം പിയാനിസ്റ്റായി ജോലി ചെയ്ത ആളുമാണ്. അദ്ദേഹത്തിന്റെ കീഴില്‍ ഞാന്‍ നാല് വര്‍ഷം പഠിച്ചു. അദ്ദേഹം ഏറ്റവും വലിയ ഒരു ഇന്‍സ്റ്റിറ്റ്യൂട്ടിന് തുല്യമായിരുന്നു. അദ്ദേഹത്തിന്റെ 40 വര്‍ഷത്തെ എക്‌സ്പീരിയന്‍സ് നാല് വര്‍ഷം കൊണ്ട് എനിക്ക് തന്നു. അത് ഒരു ഇന്‍സ്റ്റിറ്റ്യൂട്ടിലും കിട്ടാത്ത വിദ്യാഭ്യാസമാണ്.

പഴയ റിക്കാര്‍ഡിങ്ങിനെക്കുറിച്ചും ഇപ്പോഴത്തെ റിക്കാര്‍ഡിങ്ങിനെ കുറിച്ചും

സൗണ്ട് റെക്കോര്‍ഡിങ് എന്നത് ഭയങ്കര ബുദ്ധിമുട്ടുള്ള ജോലിയായിരുന്നു. 1999-ല്‍ എന്റെ ഡിഗ്രി പഠനം കഴിഞ്ഞയുടന്‍ ഞാന്‍ ദീപന്‍ ചാറ്റര്‍ജിയുടെ അസിസ്റ്റന്റായി ജോലി ചെയ്തു തുടങ്ങി. ആ കാലഘട്ടം സൗണ്ട് റെക്കോര്‍ഡിങ്ങില്‍ മാറ്റത്തിന്റേതായിരുന്നു. അനലോഗില്‍ നിന്നും ഡിജിറ്റലിലേക്ക് മാറുന്ന ഘട്ടം. അപ്പോള്‍ അനലോഗും ഡിജിറ്റലുമുണ്ട്. രണ്ടും പഠിക്കാന്‍ കഴിഞ്ഞു എന്നുള്ളത് എന്റെ ഏറ്റവും വലിയ നേട്ടമായി ഞാന്‍ കാണുന്നു. അനലോഗ് കഴിഞ്ഞിട്ട് ഡിജിറ്റല്‍ പഠിക്കുമ്പോള്‍ നമുക്കു തോന്നും ഛേ ഇത്രയേയുള്ളോയെന്ന്. പണ്ട് പെട്ടി ഓട്ടോയില്‍ റീല്‍ വരും. ഓട്ടോയില്‍ നിന്ന് റീല്‍ വന്ന പെട്ടി മുഴുവന്‍ തൂക്കി മുകളിലേക്ക് കൊണ്ടു പോകേണ്ടതും ഒരു സൗണ്ട് എഞ്ചിനീയറുടെ ജോലിയായിരുന്നു. റീല്‍ എല്ലാം തൂക്കിയെടുത്ത് മുകളില്‍ കൊണ്ടു പോയി പ്രൊജക്ടറില്‍ ത്രെഡ് ചെയ്തതിനുശേഷം അത് ഇന്റര്‍ ലോക്ക് ചെയ്തിട്ട് താഴെ വന്ന് പ്ലേ ചെയ്യും. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ വീണ്ടും ഓടി മുകളില്‍ പോയി പ്രൊജക്ടര്‍ ശരിയാക്കി പിന്നേയും താഴെ വന്നിരുന്ന് പ്ലേ ചെയ്യും.

ഡിജിറ്റലിലേക്ക് വന്നപ്പോള്‍ എല്ലാം വിരല്‍ തുമ്പിലേക്ക് വന്നു. ഞാന്‍ എന്റെ ഗുരുവിന്റെ കൂടെ നിന്ന് രണ്ടും പഠിച്ചു. അത് എന്റെ ജീവിതത്തില്‍ എനിക്ക് കിട്ടിയ ഒരു പ്ലസ് ആയിരുന്നു. രണ്ടും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ട്. ആദ്യത്തേതിന് മനുഷ്യന്റെ പവറായിരുന്നു കൂടുതല്‍ വേണ്ടത്. ഇപ്പോള്‍ മെഷീന്‍ പവറാണ്.

എന്റെ പേഴ്‌സണല്‍ ഒപ്പീനിയന്‍ എന്താണെന്ന് ചോദിച്ചാല്‍ ആ പഴയ കാലഘട്ടം തന്നെ നമുക്ക് നഷ്ടപ്പെട്ടു. പഴയ കാലത്ത് ഉണ്ടായിരുന്ന ക്വാളിറ്റി ഇന്നില്ല. പണ്ട് ശബ്ദം റെക്കോര്‍ഡ് ചെയ്യപ്പെടുന്നത് സൗണ്ട് നെഗറ്റീവിലേക്കാണ്. ശബ്ദത്തിനെ വെളിച്ചത്തിന്റേതാക്കി മാറ്റി ക്യാമറ ഉപയോഗിച്ച് സൗണ്ടിനെ എക്‌സ്‌പോസ് ചെയ്യുകയാണ്. സൗണ്ട് നെഗറ്റീവിലേക്ക് അത് പ്ലേ ചെയ്യുമ്പോഴാണ് നമ്മള്‍ എന്താണ് ചെയ്യേണ്ടതെന്ന് റിയലായി അറിയാന്‍ കഴിയുന്നത്. ഇപ്പോള്‍ അതെല്ലാം മാറി. ഞാന്‍ അനലോഗ് തന്നെയാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്. ഇപ്പോഴത്തേത് മോശമാണെന്നല്ല. എന്റെ കഴിവ് കാണിക്കണമെങ്കില്‍ അനലോഗ് തന്നെ വേണം. ഡിജിറ്റലിന് നമ്മുടെ കഴിവ് അത്ര ആവശ്യമില്ല.

ഇന്നത്തെ സൗണ്ട് റെക്കോര്‍ഡിങ്ങും ഫോട്ടോഗ്രാഫിയും എഡിറ്റിങ്ങും എല്ലാം പഴയതിലും വേഗത്തിലാണല്ലോ?

ഇന്നത്തെ കാര്യങ്ങളെല്ലാം പഴയതിലും വേഗത്തിലാണ്. ടെക്‌നിക് പഠിച്ചു കഴിഞ്ഞാല്‍ ചെയ്യുവാന്‍ ഒരു പ്രശ്‌നവുമില്ല. ഇന്ന് ഫിലിം ഇല്ലല്ലോ, എല്ലാം ഡിജിറ്റലാണ്. ഡിജിറ്റല്‍ വര്‍ക്ക് ചെയ്യുവാന്‍ വളരെ എളുപ്പമാണ്. ഇപ്പോള്‍ ക്യാമറയുടെ വര്‍ക്ക് കൂടുതലും കമ്പ്യൂട്ടര്‍ ചെയ്തു കൊള്ളും. ശബ്ദലേഖനത്തിന് വിരലുകള്‍ കൊണ്ട് കണ്‍സോളില്‍ നിര്‍ദ്ദേശം കൊടുത്താല്‍ മാത്രം മതിയാകും. ഞാന്‍ ട്രാവല്‍ ചെയ്യുമ്പോള്‍ ലാപ് ടോപ്പില്‍ സോഫ്റ്റ് വെയറുണ്ടെങ്കില്‍ കണക്ട് ചെയ്തു ഹെഡ് ഫോണ്‍ വച്ച് ശ്രദ്ധിച്ച് രണ്ട് കുത്തു കുത്തിയാല്‍ എഡിറ്റഡ് സാധനം റെഡിയാകും. എന്റെ യാത്രയും മുടങ്ങില്ല. പണ്ടുള്ളവരാണ് ശരിക്കും കഷ്ടപ്പെട്ടു കൊണ്ടിരുന്നത്. ഇപ്പോള്‍ ടെക്‌നോളജി പഠിച്ചാല്‍ കാര്യങ്ങളെല്ലാം എളുപ്പമാണ്.

അനലോഗിനെ ഇത്രമേല്‍ ഇഷ്ടപ്പെടാനുള്ള കാരണം?

ഒരു ഹിന്ദി ചിത്രം. ആ ചിത്രത്തില്‍ ഒരാളിന്റെ തലയില്‍ തണ്ണിമത്തന്‍ അടിച്ചു പൊട്ടിക്കുന്നുണ്ട്. പൊട്ടിച്ചു കഴിയുമ്പോള്‍ അയാള്‍ തലകറങ്ങി വീഴുന്നതാണ് സീന്‍. തണ്ണിമത്തന്‍ അടിച്ചു പൊട്ടിയ്ക്കുന്ന സൗണ്ട് വേണം. അത് പൊട്ടുമ്പോഴുള്ള സൗണ്ട് എല്ലാവര്‍ക്കും അറിയാമല്ലോ. ഞാന്‍ അത് മിക്‌സ് ചെയ്യാന്‍ ഇരുന്നു. സൗണ്ട് എഫക്ട് ചെയ്യുന്ന ടീമിനെ വിളിച്ചിട്ട് തണ്ണിമത്തന്‍ അടിച്ചു പൊട്ടിക്കുന്ന ശബ്ദം റെക്കോര്‍ഡ് ചെയ്ത് അയച്ചു തരാനും പറഞ്ഞു. ഉടന്‍ തന്നെ അവര്‍ അയച്ചു തന്നു. ഞാനത് പരിശോധിച്ചപ്പോള്‍ കേട്ടത് ടിപ്പ് എന്നാണ്. തണ്ണിമത്തന്‍ പൊട്ടുന്ന ശബ്ദം അങ്ങനെ വരില്ലല്ലോ. എന്താ ചെയ്തു വച്ചിരിക്കുന്നത്. ഞാന്‍ അവരെ വിളിച്ചു ചോദിച്ചു. അവര്‍ വീണ്ടും റെക്കോര്‍ഡ് ചെയ്തത് അയച്ചു തന്നു. അതിന്റെയും ശബ്ദം ടിപ്പ് എന്നു തന്നെ. വീണ്ടും അവരെ വിളിച്ചപ്പോള്‍ അവര്‍ റെക്കോര്‍ഡ് ചെയ്തിട്ട് ഇങ്ങനെയാണ് കിട്ടുന്നതെന്നും തണ്ണിമത്തനുമായി ഇവിടേക്ക് ആള്‍ വന്നിട്ടുണ്ടെന്നും ഞാന്‍ തന്നെ റെക്കോര്‍ഡ് ചെയ്‌തോളാനും പറഞ്ഞു.

ഞാന്‍ കമ്പ്യൂട്ടറിലേക്ക് മൈക്ക് ഡയറക്ടായി കണക്ട് ചെയ്തു അവിടെ വച്ചു തന്നെ തണ്ണിമത്തന്‍ പൊട്ടിച്ചു റെക്കോര്‍ഡ് ചെയ്തു പരിശോധിച്ചു. വീണ്ടും ടിപ്പ് എന്നു തന്നെ. തണ്ണിമത്തന്‍ പൊട്ടിച്ചപ്പോള്‍ ഒറിജിനല്‍ ശബ്ദം കേട്ടതാണ്. പക്ഷേ, റെക്കോര്‍ഡ് ചെയ്യുമ്പോള്‍ സിസ്റ്റത്തിലെത്തുന്നത് ടിപ്പ് എന്ന ശബ്ദമാണ്. ക്ലാരിറ്റിയുള്ള സിസ്റ്റവും മൈക്കും ഉപയോഗിച്ചിട്ടും ഒറിജനില്‍ ശബ്ദം കിട്ടുന്നില്ല. എന്റെ ഗുരുവിന്റെ അനലോഗ് റെക്കോര്‍ഡര്‍ ഉണ്ടായിരുന്നു. ഞാന്‍ അതുപയോഗിച്ച് വീണ്ടും റെക്കോര്‍ഡ് ചെയ്തു. അപ്പോള്‍ ഞാന്‍ എന്തുകേട്ടുവോ അതേശബ്ദം തന്നെ റെക്കോര്‍ഡ് ആയി. അനലോഗ് ഇത്രയും മികച്ചതായിരുന്നുവെന്ന് അന്നെനിക്ക് മനസ്സിലായി.

അന്നത്തെ സിനിമയുടെ സൗണ്ട് ക്രിയേറ്റ് ചെയ്യാന്‍ വേണ്ടി ആദ്യം തണ്ണിമത്തന്‍ പൊട്ടിച്ചു. അതിനുശേഷം അതിനകത്തെ ജ്യൂസ് വരുന്ന ഭാഗം എടുത്ത് കയ്യില്‍ ഞെക്കി ആ ശബ്ദം കൂടി റെക്കോര്‍ഡ് ചെയ്തു. എന്നിട്ട് രണ്ടും മിക്‌സ് ചെയ്ത് തണ്ണിമത്തന്‍ പൊട്ടുന്ന ശബ്ദം ഉണ്ടാക്കിയെടുത്തു. നമ്മള്‍ റിയലായിട്ട് കേള്‍ക്കുന്ന പല ശബ്ദങ്ങളും ഇന്ന് കേള്‍ക്കുന്നില്ല. അനലോഗില്‍ ഒര്‍ജിനല്‍ ശബ്ദം കിട്ടുമായിരുന്നു. ഡിജിറ്റലില്‍ അത് കിട്ടുന്നില്ല. നമ്മള്‍ ഉണ്ടാക്കിയെടുക്കണം. അനലോഗം ഡിജിറ്റലുമായി പാലും പാല്‍പ്പൊടിയും പോലെയുള്ള വ്യത്യാസമുണ്ട്. അന്നത്തെ കാലത്ത് റിയലായിട്ടുള്ള ശബ്ദം നന്നായി റെക്കോര്‍ഡ് ചെയ്യാമായിരുന്നു.

ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങള്‍ ഏതൊക്കെയാണ്?

ആദ്യത്തെ സിനിമ എന്നത് ഏതൊരാള്‍ക്കും പ്രിയപ്പെട്ടതാകുമല്ലോ. ഞാന്‍ അസിസ്റ്റന്റായി വര്‍ക്ക് ചെയ്തശേഷം സ്വന്തമായി ചെയ്യുന്ന ആദ്യ ചിത്രം അപരിചിതന്‍ ആണ്. അതൊരു ഹൊറര്‍ ബേസ്ഡ് മൂവി ആയിരുന്നു. ഹൊറര്‍ ബേസ്ഡ് ആകുമ്പോള്‍ ശബ്ദമാണ് ആ സിനിമയുടെ നട്ടെല്ല് എന്ന് പറയുന്നത്. അതുകൊണ്ട് എന്റെ ആദ്യ ചിത്രത്തിന്റെ വര്‍ക്ക് എനിക്ക് ഒരിക്കലും മറക്കുവാന്‍ സാധിക്കുകയില്ല. എല്ലാ സമയത്തും എനിക്ക് നല്ല പടങ്ങള്‍ വരുന്നുണ്ട്. അനന്തഭദ്രം എനിക്ക് അതുപോലെ ബ്രേക്ക് തന്ന സിനിമയാണ്. അതിനുശേഷം വന്ന കീര്‍ത്തിചക്ര എന്നെ തിരിച്ചറിഞ്ഞ സിനിമകളില്‍ ഒന്നാണ്. പിന്നീടുള്ള കാലഘട്ടങ്ങള്‍ നോക്കുകയാണെങ്കില്‍ ചാപ്പാക്കുരിശ് എന്ന സിനിമ, അതിനുശേഷം ഉറുമി. അതോടെ പ്രേക്ഷകര്‍ എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി. അതുപോലെ തമിഴ് സിനിമയായ മദ്രാസപട്ടണത്തിലൂടെയാണ് അവിടെയുള്ള ജനങ്ങള്‍ എന്നെ തിരിച്ചറിഞ്ഞത്. അതിനുശേഷം പിസ, സുഗതം എന്നിങ്ങനെ ചില തമിഴ് പടങ്ങള്‍ ലഭിച്ചു. തെലുങ്കിലും കന്നടയിലും ഹിന്ദിയിലുമെല്ലാം ശബ്ദ സംവിധാനം ചെയ്തു.

ദൈവം തന്നത്. പിന്നെ അച്ഛന്റെ അനുഗ്രഹവുമാണ് എനിക്ക് ലഭിച്ച നല്ല സിനിമകള്‍. പ്രേമം എന്ന സിനിമ അത്ഭുതത്തോടെയാണ് ആളുകള്‍ കണ്ടത്. അതൊരു പരീക്ഷണ ചിത്രമായിരുന്നു. ഏത് അന്ധനും ആ സിനിമ കണ്ടാല്‍ അവര്‍ എവിടെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടാകണം എന്നതായിരുന്നു ഡയറക്ടര്‍ അല്‍ഫോണ്‍സിന്റെ ഒരാവശ്യം. ഒരു അന്ധന്‍ ഇരുന്ന സിനിമ കാണുകയാണെങ്കില്‍ ഇത് അകത്തുള്ളതാണോ അതോ പുറത്തുള്ളതാണോ എന്ന തിരിച്ചറിവ് അയാള്‍ക്കുണ്ടാകണം. മിക്‌സിംഗിന് വന്നിരുന്നപ്പോള്‍ അല്‍ഫോണ്‍സ് കണ്ണടച്ച് മുകളിലേക്ക് നോക്കിയിരുന്നു. അദ്ദേഹം ആവശ്യപ്പെട്ട കാര്യം ലഭിക്കുന്നുണ്ടോ എന്ന് അറിയാനാണ് ആ ഇരിപ്പ്.

പ്രേമം, കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ഇംപാക്ട് ഉണ്ടാക്കി. ഇപ്പോള്‍ തെലുങ്കില്‍ അര്‍ജുന്‍ റെഡ്ഡി എന്ന സിനിമ നന്നായി ഓടുന്നു. പ്രേമത്തിന് മലയാളത്തില്‍ കിട്ടിയ സ്വീകരണമാണ് അര്‍ജുന്‍ റെഡ്ഡിക്ക് തെലുങ്കില്‍ കിട്ടിയിരിക്കുന്നത്. പ്രേമത്തിന്റെ സൗണ്ട് പാറ്റേണ്‍ എല്ലായിടത്തും ഡിസ്‌കസ് ചെയ്യപ്പെട്ടു എന്നുള്ളത് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്.


അവാര്‍ഡുകളെക്കുറിച്ച്

എനിക്ക് ആദ്യം അവാര്‍ഡ് കിട്ടുന്ന ചിത്രം അനനന്തഭദ്രം. അത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ അവാര്‍ഡ് ആയിരുന്നു. എന്റെ ആദ്യത്തെ അവാര്‍ഡ് അച്ഛനോടൊപ്പം സ്റ്റേജില്‍ നിന്ന് വാങ്ങുവാനുള്ള അവസരമുണ്ടായി. സംഗീത സംവിധാനത്തിന് അച്ഛനും സൗണ്ട് ഡിസൈനിംഗിന് എനിക്കും അച്ഛന്റെ കൂടെ അവാര്‍ഡ് വാങ്ങാന്‍ കഴിഞ്ഞു എന്ന വാല്യു മറ്റൊരു അവാര്‍ഡിനും കിട്ടിയില്ല. അച്ഛനോടൊപ്പം വാങ്ങിയ അവാര്‍ഡ് ഞാനൊരിക്കലും മറക്കുകയില്ല.

മഞ്ചാടിക്കുരുവിനാണ് ആദ്യത്തെ സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. അതിനുശേഷം ഉറുമി എന്ന ചിത്രം ചാപ്പാക്കുരിശ്, ചാര്‍ലി എന്നീ സിനിമകള്‍ക്കും സംസ്ഥാന അവാര്‍ഡ് കിട്ടി കുക്കു എന്ന തമിഴ് ചിത്രത്തിന് തമിഴ്‌നാട് സംസ്ഥാന അവാര്‍ഡുകളും കിട്ടിയിട്ടുണ്ട്. ഹൈദരാബാദില്‍ നിന്നുമുള്ള അവാര്‍ഡ് വരെ കിട്ടിയിട്ടുണ്ട്.

മറക്കാനാവാത്ത കാര്യങ്ങള്‍

ഞാന്‍ എല്ലാ അവാര്‍ഡുകളും വാങ്ങുമ്പോഴും ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്ന ഫാക്ടര്‍ അച്ഛന്‍ തന്നെയാണ്. എടാ എന്നെങ്കിലും ഒരു പ്രാവശ്യം രാജാകൃഷ്ണന്റെ അച്ഛനാണ് എംജി രാധാകൃഷ്ണന്‍ എന്ന് ആരെങ്കിലും പറഞ്ഞാല്‍ മതി ഞാന്‍ സന്തോഷവാനാകും എന്ന് അച്ഛന്‍ പറയുമായിരുന്നു. അത് ഇപ്പോഴും എന്റെ മനസ്സില്‍ എക്കോ ചെയ്യുന്ന കാര്യമാണ്. ഞാന്‍ ഈ ഇന്‍ഡസ്ട്രിയിലേക്ക് വന്നപ്പോള്‍ എല്ലാവരും പറയുന്നത് എംജി രാധാകൃഷ്ണന്റെ മകനാനാണ്‌ കേട്ടോ എന്നാണ്.

പലര്‍ക്കും എന്റെ പേര് അറിയാമോ എന്ന് സംശയമാണ്. ഞാന്‍ മലയാളം സിനിമ ചെയ്തു. അതിനുശേഷം തമിഴും തെലുങ്കും കന്നഡയും ഹിന്ദിയും ചിത്രങ്ങളിലും ചെയ്തു മലയാളത്തില്‍ നിന്നു മാറി മറ്റു ഭാഷകള്‍ ചെയ്തപ്പോഴാണ് ഞാന്‍ എന്തൊക്കെയോയ ചെയ്തു എന്നൊരു തോന്നല്‍ ഉണ്ടാകുന്നത്. അവിടെ ഞാന്‍ രാജാകൃഷ്ണനായേ അറിയൂ. 2014-ന്റെ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ ഞാന്‍ വര്‍ക്കു ചെയ്ത കുക്കു എന്ന ചിത്രത്തിന് എനിക്ക് പുരസ്‌കാരം കിട്ടി. അന്ന് ഒരു പത്രത്തിലും അത് എംജി രാധാകൃഷ്ണന്റെ മകനാണ് കിട്ടിയത് എന്ന് എഴുതിയില്ല.

രാജാകൃഷ്ണന്‍ എന്ന സൗണ്ട് എഞ്ചിനീയര്‍ക്ക് കിട്ടി എന്നാണ് എഴുതിയിരുന്നത്. അച്ഛനോട് പറഞ്ഞ വാക്ക് പാലിച്ചപ്പോഴേക്കും അച്ഛന്‍ പോയി. അച്ഛന്റെ ആത്മാവ് അതുകണ്ട് സന്തോഷിക്കുന്നുണ്ടായിരിക്കും. അച്ഛന്‍ പോയതിന്റെ ദുഖം നികത്താനാവാത്തതാണ്.

അച്ഛന്‍ ആശുപത്രിയിലായിരിക്കുമ്പോള്‍ റൂമില്‍ നിന്ന് വീല്‍ ചെയറില്‍ ഐ സി യുവിലേക്ക് പോകുമ്പോള്‍ ടിവിയില്‍ സത്യന്‍ അന്തിക്കാടിന്റെ അഭിമുഖം കണ്ടു. ഓ..മൃദുലേ… എന്ന ഗാനം എംജി രാധാകൃഷ്ണനാണ് സംഗീതം ചെയ്തതെന്നതും എന്റെ വേറൊരു ഭാഗ്യം അദ്ദേഹത്തിന്റെ പുത്രന്‍ രാജാകൃഷ്ണനോടൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചു എന്നുള്ളതാണെന്നും പറഞ്ഞു. അച്ഛന് സന്തോഷമായി.

അച്ഛന്‍ കരഞ്ഞു കൊണ്ടാണ് ഐ സി യുവിലേക്ക് പോയതെന്ന് അമ്മ പറഞ്ഞു. അന്നുതന്നെ അച്ഛന്‍ ഞങ്ങളെ വിട്ടുപോയി. അമ്മ പത്മജ രാധാകൃഷ്ണന്‍ തിരുവനന്തപുരത്ത് താമസിക്കുന്നു. ഞാനും ഭാര്യ മഞ്ജുവും മകള്‍ ഗൗരി പാര്‍വതിയും ചെന്നൈയില്‍ താമസിക്കുന്നു. സഹോദരി കാര്‍ത്തികയും കുടുംബവും ദുബായില്‍ താമസിക്കുന്നു. സംഗീത സംവിധാന രംഗത്ത് ഇടയ്‌ക്കൊക്കെ ഞാന്‍ വരും. സംഗീതം ഒരിക്കലും എന്നില്‍ നിന്നും പോവുകയില്ല.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More