സ്റ്റാന്‍ഡ് അപ്പിലെ രാഷ്ട്രീയം: സംവിധായിക വിധു വിന്‍സെന്റ് സംസാരിക്കുന്നു
മാന്‍ഹോള്‍ എന്ന ആദ്യ സിനിമയിലൂടെ മലയാള സിനിമയില്‍ ഒരിടം ഉറപ്പിച്ച സംവിധായികയാണ് വിധു വിന്‍സെന്റ്. മാനുവല്‍ സ്‌കാവഞ്ചിങ്ങിന്റെ പ്രശ്നം പറഞ്ഞ മാന്‍ഹോള്‍ അവാര്‍ഡുകള്‍ നേടി. അങ്ങനെ മാന്‍ഹോള്‍ ഒരു ഫെസ്റ്റിവല്‍ സിനിമയായി. എന്നാല്‍ ഒരു വാണിജ്യ സിനിമയുമായിട്ടാണ് വിധുവിന്റെ രണ്ടാമത്തെ വരവ്. നിമിഷയും രജിഷയും നായികമാരായി എത്തുന്ന സ്റ്റാന്‍ഡ് അപ്പ് എന്ന സിനിമയുടെ ട്രയ്‌ലര്‍ ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. നവംബറില്‍ തിയേറ്ററുകളില്‍ എത്തുന്ന സിനിമയെ കുറിച്ച് വിധു വിന്‍സെന്റ് കെ സി അരുണുമായി സംസാരിക്കുന്നു.
വിധു വിന്‍സെന്റ്, എന്താണ് സ്റ്റാന്‍ഡ് അപ്പ്?
മാന്‍ഹോളിന് ശേഷം ചെയ്യുന്ന സിനിമ. മാന്‍ഹോളില്‍ നിന്നും വ്യത്യസ്തമായ ട്രീറ്റ്മെന്റാണ്. കൊമേഴ്സ്യല്‍ സിനിമയാണ്. ഒരു കൂട്ടം സുഹൃത്തുക്കള്‍, അവരുടെ സൗഹൃദത്തിനിടയില്‍ സംഭവിക്കുന്ന ചില കാര്യങ്ങളാണ് സ്റ്റാന്‍ഡ് അപ്പ്. സ്റ്റാന്‍ഡ് അപ്പ് പ്രോഗ്രാം ചെയ്യുന്ന ഒരു കഥാപാത്രത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ വികസിക്കുന്നത്. നിമിഷ സജയനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
രജിഷ വിജയന്റെ കഥാപാത്രത്തെ കുറിച്ച്
അത് റിലീസിങ്ങ് ഡേറ്റിലേക്കുള്ളൊരു സസ്പെന്‍സാണ്.
രണ്ടാമത്തെ സിനിമയും അവാര്‍ഡ് സിനിമയാണെന്ന് പ്രേക്ഷകര്‍ ചിന്തിച്ചാലോ?
പ്രേക്ഷകര്‍ക്ക് അങ്ങനെ ചിന്തിക്കാനാകില്ല. എന്റെ ആദ്യ ചിത്രം മാന്‍ഹോള്‍ ആരും കണ്ടിട്ടില്ല. മാന്‍ഹോള്‍ കണ്ടത് അധികം ഫെസ്റ്റിവലുകളില്‍ സിനിമ കാണുന്നവരാണ്. അവര്‍ പക്ഷേ മുഖ്യധാര സിനിമയുടെ പ്രധാന പ്രേക്ഷകര്‍ അല്ലതാനും. മാത്രമല്ല, മാന്‍ഹോളിനെ തിയേറ്ററില്‍ എത്തിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. അതിന് നിരവധി കാരണങ്ങള്‍ ഉണ്ടായിരുന്നു. ഒരു സിനിമ ഫെസ്റ്റിവല്‍ സര്‍ക്കിളിലേക്ക്, പ്രത്യേകിച്ചും കേരളത്തിലെ ഫിലിം സൊസൈറ്റികള്‍ക്കിടയില്‍ പ്രചരിച്ചു കഴിയുമ്പോള്‍ വിതരണക്കാര്‍ക്ക് ആ സിനിമയിലുള്ള താല്‍പര്യം ഇല്ലാതാകും.
അങ്ങനെ കുറെ ആളുകള്‍ ഈ സിനിമ കണ്ടിരുന്നു. വിതരണക്കാരെ സംബന്ധിച്ച് ഈ സിനിമ എടുത്തേ മതിയാകൂവെന്ന് ഇല്ല. നമുക്കൊരു ബാര്‍ഗെയ്ന്‍ കപ്പാസിറ്റിയും ഇല്ല. അതുകൊണ്ടാണ് സിനിമയെ തിയേറ്ററില്‍ എത്തിക്കാന്‍ കഴിയാഞ്ഞത്. തിയേറ്ററില്‍ ഓടുക, ആളുകള്‍ കാണുക എന്നത് വലിയൊരു കാര്യമാണ്. എനിക്കത് ഇപ്പോഴും സങ്കടമായി അവശേഷിക്കുന്നു.
Advt: Online Kerala PSC Coaching: Visit www.theRevision.co.in
എന്റെ രണ്ടാമത്തെ ചിത്രം ആദ്യത്തേതില്‍ നിന്നും വ്യത്യസ്തമാണ്. സ്റ്റാന്‍ഡ് അപ്പ് കോമഡിയെന്ന മേമ്പൊടിയുണ്ടെങ്കിലും ഈ സിനിമയൊരു തമാശപ്പടമല്ല. ഈ സിനിമയില്‍ കൃത്യമായി സ്ത്രീകളോടും പെണ്‍കുട്ടികളോടും സംസാരിക്കുന്ന ഒരു എലമെന്റ് ഉണ്ട്. അത് കമ്മ്യൂണിക്കേറ്റ് ചെയ്യാണ് എന്റെ ശ്രമം. ഒരു സ്ത്രീയും പുരുഷനും ഈ സിനിമ കാണാതെ പോകരുത്. നമ്മുടെ ചിന്തയിലും ജീവിതത്തിലും നമ്മള്‍ കടന്ന് പോയ, നമുക്ക് സംഭവിച്ച ചില സംഭവങ്ങളെ ഈ സിനിമ ഓര്‍മ്മപ്പെടുത്തും.
മാന്‍ഹോളും സ്റ്റാന്‍ഡ് അപ്പും പിന്നെ ഉമേഷും
സ്റ്റാന്‍ഡ് അപ്പിന്റെ ത്രെഡ് തിരക്കഥയെഴുതിയ ഉമേഷിന്റെ സംഭാവനയാണ്. പത്രം വായിക്കുകയും ടിവി കാണുകയും ചെയ്യുന്നൊരാള്‍ക്ക് വേഗം ലഭിക്കുന്ന ത്രെഡാണ്. ഈ ത്രെഡ് എങ്ങനെ ചെയ്യണം എന്നതിനെ കുറിച്ച് ഞങ്ങള്‍ക്ക് ഇടയില്‍ ഒരു ചര്‍ച്ച നടന്നിരുന്നു. ആളുകള്‍ തമ്മിലെ ബന്ധത്തെ കുറിച്ചും ആ ബന്ധങ്ങള്‍ക്കിടയിലെ അപഭ്രംശങ്ങളെ കുറിച്ചും അത് സോഷ്യല്‍ സിസ്റ്റത്തില്‍ എന്ത് തരത്തിലെ പ്രതിഫലനങ്ങള്‍ ഉണ്ടാക്കുമെന്നും ചിന്തിക്കുന്നൊരാളാണ് ഉമേഷ്.
എന്റെ ആദ്യ ചിത്രത്തിലെ തിരക്കഥയും ഉമേഷായിരുന്നു. എനിക്ക് ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ പറ്റുന്നൊരാളാണ്. അദ്ദേഹം ജെ എന്‍ യുവില്‍ ഗവേഷണം ചെയ്യുകയാണ്. വളരെ യുക്തിസഹമായിട്ടാണ് ഉമേഷ് ഓരോ കാര്യങ്ങളും പ്ലേസ് ചെയ്യുന്നത്. യുക്തിയില്ലായ്മയുടെ ആഘോഷം ആണ് സിനിമകള്‍ പലപ്പോഴും. ഒരിക്കല്‍ കണ്ട് ആസ്വദിച്ച് കൈയടിക്കുമെങ്കിലും പിറ്റേന്ന് അതേ കുറിച്ച് ആലോചിക്കുമ്പോള്‍ എന്തൊരു യുക്തിയില്ലായ്മയാണിത് എന്ന് ആലോചിക്കും.
ഉമേഷ് കൃത്യമായ റിയാലിറ്റിയില്‍ നിന്ന് കഥയെ കണ്ടെത്തി ഉചിതമായ ചേരുവകളാടെ ഒരു കോണ്‍ടെക്സ്റ്റില്‍ പ്ലേസ് ചെയ്യും. അത്തരത്തില്‍ കഥ പറയുന്ന തിരക്കഥാകൃത്തുക്കള്‍ കുറവാണ്. മാന്‍ഹോളിനേയും അദ്ദേഹം നോണ്‍ ലീനിയര്‍ ആയിട്ടാണ് എഴുതിയിരുന്നത്. ഞാനാണ് അത് ലീനിയര്‍ രീതിയില്‍ മതിയെന്ന് തീരുമാനിച്ചത്.
പാട്ടെഴുതാന്‍ കവയിത്രി ബിലു
എന്റെ ദീര്‍ഘകാല സുഹൃത്താണ് കവയിത്രി കൂടിയായ ബിലു. ബിലുവും ഞാനും മലയാളം മിഷനില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. കുറച്ച് കാലത്തിനുശേഷം ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടി. ഞാന്‍ ഈ സിനിമയുടെ കാര്യം പറഞ്ഞു. നിനക്ക് പാട്ടെഴുതാമോയെന്ന് ചോദിച്ചു. സിനിമയിലെ സിറ്റുവേഷന്‍ പറയുമ്പോള്‍ അതിന് കൃത്യമായി ഇണങ്ങുന്ന വരികള്‍ അവര്‍ എഴുതി.
സിനിമ റിലീസ് ചെയ്തശേഷം പുറത്ത് വിടാന്‍ ഇരിക്കുന്ന ഒരു പാട്ടുണ്ട്. അടുത്ത കാലത്ത് ആ പാട്ടുപോലൊന്ന് മലയാളത്തില്‍ വന്നിട്ടില്ലായെന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും. ഒരു സ്ത്രീയുടെ കാഴ്ച്ചപ്പാടിലാണ് ആ വരികള്‍. സ്ത്രീയുടെ കനലും വിങ്ങലും പ്രകാശിപ്പിക്കുന്ന രീതിയിലാണ് അവര്‍ പാട്ടെഴുതിയിരിക്കുന്നത്.
അവസരം കിട്ടുന്ന പക്ഷം അവരുടെ മികച്ച വരികള്‍ മലയാളം കാണാന്‍ ഇരിക്കുന്നതേയുള്ളൂ. സ്ത്രീയുടെ കാഴ്ചപ്പാടില്‍ പാട്ടെഴുതുന്ന എഴുത്തുകാര്‍ നമുക്ക് ഇല്ല. മുദ്രാവാക്യം വിളികളല്ലാതെ എങ്ങനെ സൗന്ദര്യാത്മകമായി വരികളെഴുതാം എന്ന് ബിലു കാണിച്ച് തരുന്നു.
സ്ത്രീകള്‍ക്ക് സിനിമ എടുക്കുന്നത് ബുദ്ധിമുട്ടാണോ?
ഉറപ്പായിട്ടും. നമുക്കൊരു പ്രശ്നം തന്നെയുണ്ടായിരുന്നു. മാന്‍ഹോള്‍ കഴിഞ്ഞിട്ട് പുതിയൊരു സിനിമയിലേക്ക് എത്താന്‍ മൂന്ന് വര്‍ഷം കഴിഞ്ഞു. പല പ്രൊഡ്യൂസര്‍മാരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. 2018-ലെ പ്രളയ സമയത്ത് സിനിമ തുടങ്ങാന്‍ പോകുന്നുവെന്ന സ്ഥിതിയില്‍ എത്തിയിരുന്നു. പക്ഷേ, ഓരോരോ കാരണങ്ങളാല്‍ അത് മാറിമാറിപ്പോയി. സ്ത്രീ സംവിധായകരെ അക്കോമഡേറ്റ് ചെയ്യാന്‍ ആളുകള്‍ക്ക് ബുദ്ധിമുട്ടാണെന്ന് ഒരു ഘട്ടത്തില്‍ തോന്നിയിരുന്നു.
വളരെ ബുദ്ധിമുട്ടേറിയ പണിയാണ് സിനിമാ സംവിധാനം. സിനിമ പൂര്‍ത്തിയാക്കാന്‍ അവരെക്കൊണ്ട് സാധിക്കുമോ. ഒരുപാട് പുരുഷന്‍മാരുള്ള മേഖലയാണ്, എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകുമോ, എന്നൊക്കെയുള്ള സംശയങ്ങള്‍ കാശ് മുടക്കുന്നവര്‍ക്ക് ഉണ്ടാകും. പക്ഷേ, സ്റ്റാന്‍ഡ് അപ്പിന്റെ നിര്‍മ്മാതാക്കള്‍ക്ക് ഒരിക്കലും സംശയങ്ങള്‍ ഉണ്ടായിരുന്നില്ല. പൂര്‍ണ വിശ്വാസത്തോടെയാണ് അവര്‍ ഞങ്ങളോടൊപ്പം നിന്നത്. ഉല്‍ക്കണ്ഠയേറിയ ഗഹനമായ ചര്‍ച്ചകളും നടന്നില്ല. ഇതാണ് നമ്മുടെ ബജറ്റ്. ഇതിനുള്ളില്‍ നിര്‍ത്തണം എന്ന് മാത്രമേ ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫും പറഞ്ഞിട്ടുള്ളൂ. അതൊരു വലിയ ആശ്വാസമായിരുന്നു.
വിയോജിക്കേണ്ടിടത്ത് വിയോജിപ്പും യോജിക്കേണ്ടിടത്ത് യോജിപ്പും വേണം
ഡബ്ല്യു സി സി യുടെ രൂപീകരണ സമയത്ത് ഹൃദ്യമായി അതിനെ സ്വാഗതം ചെയ്തയാളാണ് ബി ഉണ്ണികൃഷ്ണന്‍. ഞങ്ങള്‍ ഈ പ്രോജക്ടുമായി അദ്ദേഹത്തെ സമീപിച്ചപ്പോള്‍ വളരെ സ്‌നേഹത്തോടെയും സൗഹാര്‍ദ്ദത്തോടെയുമാണ് അതിനെ അദ്ദേഹവും ആന്റോ ജോസഫും സമീപിച്ചത്. നമ്മള്‍ വിയോജിച്ച് നില്‍ക്കുമ്പോള്‍ തന്നെ യോജിക്കാവുന്ന പല മേഖലകളും ഉണ്ടെന്നും അങ്ങനെ യോജിക്കുമ്പോഴാണ് സിനിമയില്‍ നമുക്ക് അത്ഭുതം സൃഷ്ടിക്കാന്‍ കഴിയുകയെന്നും മാറ്റം ഉണ്ടാക്കാന്‍ കഴിയുകയെന്നും അവരിരുവരും കരുതുന്നുണ്ട്. ഫെഫ്കയുടെ നേതൃത്വം വഹിക്കുന്നയാളാണ് ബി.ഉണ്ണികൃഷ്ണന്‍ അതുപോലെ തന്നെയാണ് ആന്റോ ജോസഫും. അദ്ദേഹം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയാണ്.
ഞങ്ങള്‍ക്ക് കിട്ടാവുന്ന ഏറ്റവും നല്ല ബ്രാന്റാണ് ഇരുവരുടേയും ബാനറുകള്‍. അവര്‍ സിനിമ ചെയ്യാമെന്ന് സമ്മതിച്ചശേഷം പലരും വിളിച്ച് ഞങ്ങളോടൊന്ന് ചോദിച്ചില്ലല്ലോ എന്ന് പറഞ്ഞിരുന്നു. മമ്മൂട്ടിയടക്കമുള്ളവര്‍ സ്റ്റാന്‍ഡ് അപ്പിന്റെ ലോഞ്ചിലേക്ക് വരുന്നത് ഉണ്ണികൃഷ്ണനും ആന്റോ ജോസഫും വഴിയാണ്. അങ്ങനെ വളരെ വ്യത്യസ്തമായൊരു എക്സ്പോഷര്‍ ആണ് ഞങ്ങള്‍ക്ക് കിട്ടിയത്. അവരുടെ വിശ്വാസം ആണ് ഈ സിനിമ. ബി.ഉണ്ണിക്കൃഷ്ണനെ കുറിച്ചാണെങ്കില്‍ അദ് ദേഹം സംവിധായകനും നിര്‍മ്മാതാവും ആവും മുമ്പേ എനിക്ക് പരിചയമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച നവസിദ്ധാന്തങ്ങളുടെ സീരീസില്‍ ഒരു പുസ്തകം ബി.ഉണ്ണികൃഷ്ണന്റെതായിരുന്നു. സിനിമക്ക് പുറത്തുള്ള വായനയുടെയും എഴുത്തിന്റെയും ഒരു ലോകമുള്ള ആളാണ് അദ്ദേഹം.
ഡബ്ല്യു സി സിയുമായി ബന്ധപ്പെട്ട നിലപാടുകള്‍ കാരണം സിനിമയില്‍ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടോ?
അങ്ങനെ ഉണ്ടാകരുത് എന്നാണ് ആഗ്രഹിക്കുന്നത്. ഡബ്ല്യു സി സിയുമായി ബന്ധപ്പെട്ട് ഞങ്ങള്‍ പലഘട്ടങ്ങളില്‍ എടുത്തിട്ടുള്ള നിലപാടുകള്‍ ഉണ്ട്. ആ നിലപാടുകള്‍ തുടരുക തന്നെ ചെയ്യും. ഞങ്ങളെല്ലാവരും തന്നെ സിനിമയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. സിനിമ ചെയ്തു കൊണ്ടു മാത്രമേ ഞങ്ങള്‍ക്ക് ഡബ്ല്യു സി സിയുടെ ഭാഗമാകാനും പറ്റൂ. അപ്പോള്‍ നമുക്ക് പ്രവര്‍ത്തിക്കാന്‍ അവസരങ്ങളുണ്ടാകുക എന്നത് പ്രധാനമാണ്. സിനിമ ഒരു വ്യവസായമാണ്. കേരളം പോലൊരു ചെറിയ സ്ഥലത്ത് അതിന് ഒരു പാട് പരിമിതികളുണ്ട്. നമുക്ക് ഒരു പാട് ചോയ്‌സില്ല. അതു കൊണ്ട് വിയോജിച്ചു കൊണ്ട് തന്നെ യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തേണ്ടതുണ്ട്. എല്ലാ ഡബ്ല്യു സി സി അംഗങ്ങളും ഈ നിലപാടിനോട് യോജിക്കുന്നുണ്ടോയെന്ന് അറിയില്ല. പക്ഷേ, എന്റെ പക്ഷമിതാണ്.
സംവിധായികയുടെ രാഷ്ട്രീയം സിനിമയെ സ്വാധീനിക്കാറുണ്ടോ?
സ്വാധീനിക്കണം എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. അടിസ്ഥാനപരമായി ഞാന്‍ മനുഷ്യപക്ഷത്ത് നില്‍ക്കുന്നൊരാളാണ്. അപ്പോള്‍ ആ പക്ഷത്ത് നിന്ന് കൊണ്ട് വേണം നമ്മുടെ കഥകള്‍ പറയാനും ഒരു ആര്‍ഗ്യുമെന്റ് പ്ലേസ് ചെയ്യാനും. ഒരു സംവിധായിക എന്ന നിലയില്‍ ഞാന്‍ എന്താണോ ചിന്തിക്കുന്നത്, വിശ്വസിക്കുന്നത് അത് സ്വാഭാവികമായും എന്റെ സിനിമകളില്‍ പ്രതിഫലിക്കും. എല്ലാവര്‍ക്കും അങ്ങനെ ആയിക്കൊള്ളണമെന്നില്ല.
ഞാനൊരു ഇടത് അനുഭാവിയാണ്. കാര്‍ഡ് മെമ്പര്‍ അല്ലെങ്കിലും കൃത്യമായ സഖാത്വം സൂക്ഷിക്കുന്നൊരാളാണ്. അതേസമയം ഇടതുപക്ഷം ചില വിഷയങ്ങളിലെങ്കിലും സ്വീകരിച്ചിട്ടുള്ള നിലപാടുകള്‍ ശരിയല്ലെന്ന് വിചാരിക്കുന്നുമുണ്ട്. പക്ഷേ, അതൊന്നും എന്നെ ഇടതുപക്ഷ അനുഭാവി അല്ലാതാക്കുന്നില്ല. മനുഷ്യരെ അകറ്റിയിട്ടല്ല, അടുത്തു നിര്‍ത്തിയിട്ടു വേണം രാഷ്ട്രീയം പറയാനെന്നാണ് ഞാന്‍ വിചാരിക്കുന്നത്. അടിസ്ഥാനപരമായി എന്റെ ജീവിതത്തിന്റെ ഒരു താളം ഇതാണ്.
Comments are closed.