മോഹന്ലാല് നല്ല ഗായകനാണ്. പക്ഷേ: ടി കെ രാജീവ് കുമാര് പറയുന്നു
മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായ നിരവധി സിനിമകളുടെ സംവിധായകൻ ആണ് ടി കെ രാജീവ് കുമാർ. നാല് പതിറ്റാണ്ടോളമായി അദ്ദേഹം സംവിധായകനായി ഇവിടെ നിൽക്കുന്നു. ബർമൂഡ എന്ന രാജീവ് കുമാർ ചിത്രം തീയറ്ററുകളിലേക്ക് എത്തുകയാണ്. ബർമൂഡയെ പറ്റിയും തന്റെ സിനിമാ ജീവിതത്തെ പറ്റിയും രാജീവ് കുമാർ അഭിമുഖം പ്രതിനിധി അപര്ണ പ്രശാന്തിയോട് സംസാരിക്കുന്നു.
ബർമൂഡ എന്ന വ്യത്യസ്തമായ ടൈറ്റിൽ ആണല്ലോ…
സിനിമയുടെ ടൈറ്റിലിൽ തന്നെ പറയുന്നുണ്ട്, മിസ്റ്റേറിസ് ഓഫ് മിസ്സിംഗ് എന്ത്… മിസ്സിംഗ് ആയ എന്തിന്റെയോ മിസ്ട്രി എന്ന രീതിയിൽ പറയുന്നുണ്ട്. കഥയുടെ പ്രധാനപ്പെട്ട ഒരു തീം അത് തന്നെ ആണ്… അങ്ങനെയാണ് ഈ പേരിലേക്ക് എത്തിയത്.
സസ്പെൻസ് ത്രില്ലറിന്റെ ചില സാധ്യത ഉള്ള ടീസർ ശ്രദ്ധ നേടിയല്ലോ… ഇത് അത്തരം യോണറിൽ ഉള്ള സിനിമയാണോ
അത്തരം ഒരു യോണറിന്റെ അടരിൽ പെടുത്താൻ പറ്റുമോ എന്ന് സംശയമാണ്. ഹ്യൂമർ ഇലമന്റ് വളരെ അധികം ഉള്ള സിനിമയാണ് നേരത്തെ സൂചിപ്പിച്ച പോലെ സസ്പെൻസ് സാധ്യതയും സിനിമയിൽ ഉണ്ട്. പക്ഷെ ഇതിനൊക്കെ അപ്പുറം മനുഷ്യരുടെ മനസ്സിൽ നിലനിൽക്കുന്ന കുറച്ചു ഇമോഷൻസ് പറയുന്നുണ്ട്… അത് കൊണ്ട് എല്ലാ ഗണത്തിന്റെയും സാധ്യതകൾ ഉള്ള സിനിമ കൂടി ആണിത്.
താങ്കളുടെ സിനിമകളിൽ താരങ്ങളെ തിരഞ്ഞെടുക്കുന്നത് എപ്പോഴും വലിയ ശ്രദ്ധ നേടാറുണ്ട്. ബർമൂഡയിലും വലിയൊരു താര നിര തന്നെയുണ്ടല്ലോ….
നമ്മൾ ചില കഥകൾ ചെയ്യാൻ ആലോചിക്കുമ്പോൾ തന്നെ ചില താരങ്ങളുടെ മുഖങ്ങൾ നമ്മുടെ മനസിലേക്ക് കയറി വരും. ഒരിക്കലും മറ്റൊരാളെ ആലോചിക്കാൻ പറ്റാത്ത വിധം അവർ നമ്മുടെ കൂടെ വരും. ചിലപ്പോൾ മറ്റൊരു രീതിയിലും അത് വരാം.. എന്റെ അനുഭവം പറയുകയാണെങ്കിൽ കണ്ണെഴുതി പൊട്ടു തൊട്ട് എന്നാലോചിക്കുമ്പോൾ മഞ്ജു വാര്യർ അല്ലാതെ മറ്റൊരു സാധ്യത അന്ന് ആലോചിക്കാൻ പോലും കഴിയുമായിരുന്നില്ല.
ബർമൂഡയിലേക്ക് വരുമ്പോൾ ഇന്ദുഗോപൻ എന്ന കഥാപാത്രത്തെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ ഷൈൻ നിഗത്തിന്റെ മുഖം മനസിലേക്ക് വന്നു. ഒരുപാട് പ്രത്യേകതകൾ ഉള്ള ആ കഥാപാത്രത്തെ അദ്ദേഹത്തിന് നന്നായി ചെയ്യാൻ കഴിയും എന്ന് തോന്നി. അത് പോലെ തന്നെ ആണ് വിനയ് ഫോർട്ടിന്റെ കഥാപാത്രവും. ഒരുപാട് പ്രത്യേകതകൾ ഉള്ള പോലിസ് കഥാപാത്രം ആണത്. സത്യത്തിൽ യാദൃശ്ചികമായി പോലീസുകാരനായ ഒരു കഥാപാത്രം ആണത്. അയാളുടെ ശരീര ഭാഷയും ഉപയോഗിക്കാം എന്ന് തോന്നി.
കാസ്റ്റിംഗ് കഥാപാത്രത്തോട് ചേർന്ന് നിൽക്കുന്നതാവണം എന്ന് ശ്രദ്ധിക്കാറുണ്ട്. പിന്നെ ഈ സിനിമയിൽ വന്നു പോകുന്ന എല്ലാ കഥാപാത്രങ്ങൾക്കും ഒരു റോളുണ്ട്… അങ്ങനെ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട്.
താങ്കളുടെ കണ്ണെഴുതി പൊട്ടും തൊട്ടിൽ മോഹൻലാൽ പാടിയ ഒരു പാട്ടുണ്ട്. ബർമൂഡയിൽ മോഹൻലാൽ വീണ്ടും പാടാൻ വരുമ്പോൾ…
മോഹൻലാൽ നല്ല ഗായകനാണ്. സംഗീതവുമായി നല്ല ബന്ധമുണ്ട്. പക്ഷെ സംഗീതത്തിന്റെ ആലാപനത്തിന്റെ ഒക്കെ സൂക്ഷ്മതക്ക് അപ്പുറം മോഹൻലാൽ ഒരു നടൻ എന്ന നിലയിൽ പാട്ടിനു നൽകുന്ന സൂക്ഷ്മമായ ഭാവങ്ങൾ ഉണ്ട്. അദ്ദേഹത്തെ പോലൊരു നടൻ തീർച്ചയായും എക്സ്പ്രസീവ് ആണല്ലോ… ആ സാധ്യത ആണ് ഉപയോഗിക്കാൻ ശ്രമിച്ചത്
പൊതുവെ വളരെയധികം അഭിനയ സാധ്യത ആവശ്യപ്പെടുന്ന കഥാപാത്രങ്ങളാണ് താങ്കളുടെ സിനിമയിൽ കണ്ടുവരാറുള്ളത്…
ബർമൂഡയെ കുറിച്ചു തന്നെ പറഞ്ഞു തുടങ്ങാം എന്ന് തോന്നുന്നു. സിനിമയിൽ ഉടനീളം നല്ലവണ്ണം പെർഫോമൻസ് ആവശ്യപ്പെടുന്ന കഥാപാത്രങ്ങൾ ആയിരുന്നു ഷെയിൻ നിഗവും വിനയ് ഫോർട്ടും ചെയ്തത്. അങ്ങനെ ഉള്ള പ്രകടനങ്ങൾ എന്നും കാണുന്നവരുടെ മനസ്സിൽ നിലനിൽക്കും എന്നാണ് എന്റെ അനുഭവം… അവർ കഥാപാത്രങ്ങളായി തന്നെ നില നിൽക്കുന്നത് കാണുമ്പോൾ സന്തോഷവും തോന്നാറുണ്ട്.
നാല് ദശാബ്ദത്തോളമായി താങ്കൾ സിനിമയുടെ ഭാഗമാണ്. പല ഭാഷകളിൽ വ്യത്യസ്തമായ സിനിമകൾ ചെയ്തു. ഷോകളും മറ്റുമായി മിനി സ്ക്രീനിലും നില നിൽക്കുന്നു. ഇതിനിടയിൽ ഈ മേഖലയിൽ വന്ന മാറ്റങ്ങളെ എങ്ങനെ അടയാളപ്പെടുത്തുന്നു?
സിനിമയിൽ കാലങ്ങളായി വരുന്ന മാറ്റം പ്രധാനമായും സാങ്കേതിക വിദ്യയിൽ വന്ന മാറ്റമാണ് എന്ന് തോന്നിയിട്ടുണ്ട്. ഞാൻ വന്ന കാലം മുതൽ ഇങ്ങോട്ട് നോക്കുകയാണെങ്കിൽ സാങ്കേതിക വിദ്യകളെല്ലാം അടിമുടി മാറി എന്ന് പറയാം. അതിനപ്പുറം നോക്കുകയാണെങ്കിൽ മനുഷ്യരുടെ കാഴ്ചപാടുകളിൽ വന്ന മാറ്റങ്ങൾ ഓരോ കാലങ്ങളിലും അടയാളപ്പെടുത്തി കൊണ്ടാണ് സിനിമ മുന്നോട്ട് പോകുന്നത്. ഏത് വിഷയവുമായി ബന്ധപ്പെട്ടും മനുഷ്യരുടെ ചിന്തകളിൽ മാറ്റങ്ങൾ വന്നു കൊണ്ടേ ഇരിക്കുമല്ലോ. സിനിമ പോലൊരു മാധ്യമത്തിനു അത് കണ്ടില്ലെന്നു നടിക്കാൻ കഴിയില്ല.
അങ്ങനെയാണെങ്കിൽ ഇത്രയും കാലമായും സിനിമയിൽ മാറാതെ നിൽക്കുന്നത് എന്താണെന്നാണ് തോന്നിയിട്ടുള്ളത്?
സിനിമ ഉണ്ടാക്കുന്ന മാജിക്… ഇപ്പോൾ മാർവെൽ സീരിസ്, ജുറാസിക് പാർക്ക് പോലുള്ള സിനിമകൾ സാങ്കേതികമായി ഒരുപാട് മുന്നേറിയ സിനിമകൾ ആണെന്ന് പറയാം. പക്ഷെ ഓസ്കാർ അടക്കമുള്ള വലിയ വേദികൾ 8 കൊല്ലം ആയെങ്കിലും എപ്പോഴും മനുഷ്യരുടെ വികാരങ്ങളെ അടയാളപ്പെടുത്തുന്ന സിനിമകളെ ആണ് ആദരിക്കുന്നത്.
മനുഷ്യരോട് ചേർന്നാണ് എപ്പോഴും സിനിമ നിൽക്കുന്നത്. അങ്ങനെ നോക്കിയാൽ സിനിമക്ക് വലിയ മാറ്റം വന്നു എന്ന് വിശാലമായ അർത്ഥത്തിൽ പറയാൻ പറ്റില്ല. ഞാൻ വന്നത് മുതൽ ഇന്ന് വരെ എനിക്ക് എന്റെ സിനിമയുടെ കണ്ടന്റിനെ പറ്റി ഒരു ആശയക്കുഴപ്പവും ഉണ്ടായിട്ടില്ല.
അത് ഈ കണക്ഷൻ കൊണ്ടാണ്. ഇടക്ക് ആളുകൾ പറഞ്ഞു കേട്ടിരുന്നു, റിയലിസ്റ്റിക് സിനിമകൾ ആണ് പുതിയ ട്രെൻഡ് എന്നൊക്കെ… പക്ഷെ ഓളവും തീരവും പി എൻ മേനോൻ സംവിധാനം ചെയ്യുന്ന കാലം മുതൽ തന്നെ അത്തരം സിനിമകൾ മലയാളത്തിൽ ഉണ്ട്. ഭരതനും പദ്മരാജനും കെ ജി ജോർജും ഒക്കെ ആ പാതയിൽ കാലങ്ങൾക്ക് മുൻപേ സഞ്ചാരിച്ചവരും ആണ്.
അന്നേ ഈ സങ്കൽപം ഇവിടെയുണ്ട്. അപ്പോൾ സൗന്ദര്യാത്മകമായി ഭയങ്കരമായ മാറ്റം ഇവിടെ സിനിമകൾക്ക് വന്നോ എന്ന് ചോദിച്ചാൽ സമൂഹം അത്രക്കൊന്നും മാറിയിട്ടില്ലല്ലോ. സിനിമ നിൽക്കുന്നത് അവിടെ തന്നെ ആണ്. ദൃശ്യ ഭാഷയ്ക്ക് വന്ന, മേക്കിങ്ങിൽ വന്ന മാറ്റം ആണ് നമുക്ക് ഈ വലിയ കാര്യമായി തോന്നുന്നത്.
ആ ഒരു ദൃശ്യ ഭാഷയോട് അപ്ഡേറ്റഡ് ആയിരിക്കാൻ ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട്. പ്രേക്ഷക ർക്ക് മനസിലാവുന്ന രീതിയിൽ സ്റ്റോറി ടെല്ലിങ് നടത്തുന്ന ആളാണ് നല്ല സംവിധായകൻ. അത്തരം സ്റ്റോറി ടെല്ലിംഗിന് പുതിയ സാങ്കേതിക വിദ്യകൾ വന്നിട്ടുണ്ട്. ഇവിടെ ഇതൊന്നും ഇല്ലാത്ത സമയത്തും നല്ല ബോൾഡ് ആയ സിനിമകൾ ഉണ്ടായിട്ടും ഉണ്ട്…
എന്താണ് അല്ലെങ്കിൽ എന്തൊക്കെയാണ് ഒരു സിനിമ ചെയ്യാം എന്ന് തോന്നിക്കുന്നത്?
പെട്ടന്നായിരിക്കാം പണ്ട് എപ്പോഴോ ശ്രദ്ധിച്ച എന്തൊക്കെയോ നമ്മുടെ മനസിലേക്ക് ഓടി വരിക. അങ്ങനെ ഓർമ വരുത്തുന്ന എന്തെങ്കിലും നമ്മളെ സിനിമ ചെയ്യാൻ വല്ലാതെ പ്രേരിപ്പിക്കും. കമൽ ഹാസനെ വച്ച് ചാണക്യൻ ചെയ്തപ്പോൾ കോളേജ് കാലത്ത് ശബ്ദം മാറ്റി രാഷ്ട്രീയക്കാരുടെ ശബ്ദത്തിൽ വിളിച്ചു ടിക്കറ്റ് ബുക്ക് ചെയ്ത കുസൃതി ആണ് ഓർമ വന്നത്.
എനിക്കറിയാവുന്ന ഒന്നിലധികം പേരുടെ കഥയാണ് പവിത്രം. ബർമൂഡ ഞാൻ രണ്ട് വർഷങ്ങൾക്ക് മുൻപേ വായിച്ച ഒരു വാർത്തയാണ്. അന്നതിൽ ഒരു സിനിമക്കുള്ള സാധ്യത തോന്നിയില്ല. പക്ഷെ ആ സംഭവം വീണ്ടും വീണ്ടും എന്നീ ഹോണ്ട് ചെയ്ത് കൊണ്ടേ ഇരുന്നു.
അങ്ങനെ ആ വാർത്തയെ പറ്റി വീണ്ടും അന്വേഷിച്ചു. അനുഭവങ്ങൾ, എവിടെയോ കണ്ടതോ കേട്ടതൊ ആയ നിമിഷങ്ങൾ ഒക്കെ നമ്മളെ ആവേശത്തിലാക്കും. ഒരുപക്ഷെ ആദ്യം കേൾക്കുമ്പോൾ ആവില്ല അത് ഉണ്ടാവുന്നത്. സാധ്യതകൾ അപ്പോൾ തെളിഞ്ഞു വരും.