തമാശ ചിരിക്കാനുള്ളതല്ല, ചിന്തിക്കാനുള്ളതാണ്

തമാശ എന്ന കാപട്യ മറയെ പൊളിച്ചെഴുതുകയും പൊതുബോധ രാഷ്ട്രീയതലങ്ങളെ വളരെ മികച്ചരീതിയില്‍ അവതരിപ്പിക്കുകയും ചെയ്യുന്ന സിനിമയാണ് തമാശ. തമാശയിലെ തമാശകളെ കുറിച്ച് സി പി ഹരിപ്രിയയുമായി സംവിധായകനും തിരക്കഥാകൃത്തുമായ അഷ്‌റഫ് ഹംസ സംസാരിക്കുന്നു.

തമാശ. കേള്‍ക്കുമ്പോള്‍ തന്നെ വളരെ കൗതുകം തോന്നുന്ന ഒരു പേരിലേക്ക് എത്തിച്ചേരുന്നതെങ്ങനെ ?

ഒരുപാട് ആലോചനകളുടെ ഫലമായി വന്ന ഒരു ടൈറ്റിലാണ് തമാശ. ഷൈജുവാണ് ഈ പേര് നിര്‍ദ്ദേശിക്കുന്നത്. ഫണ്‍ എന്നതിനപ്പുറം പൊതുബോധങ്ങളിലെ തമാശകള്‍ പറഞ്ഞുവെക്കുന്ന ഒരു സിനിമ ആയതുകൊണ്ട് തന്നെ ഈ ടൈറ്റില്‍ കൊള്ളാം എന്ന് തോന്നുകയും പിന്നീട് അത് ഉറപ്പിക്കുകയുമായിരുന്നു.

ഒരു റീമേക്ക് ചിത്രം എന്ന രീതിയില്‍ തമാശയെ നോക്കി കാണുമ്പോള്‍ എന്ത് തോന്നുന്നു?

ഒണ്ടു മൊട്ടയെ കഥ എന്ന സിനിമയുടെ റീമേക്കാണ് തമാശ. സിനിമയുടെ റീമേക്കിങ്ങിലേക്ക് വരുമ്പോള്‍ ആ സിനിമയുടെ വിഷയം മാത്രം എടുക്കുകയും പിന്നിട് അതിനെ കൂടുതല്‍ മനോഹരമാക്കാന്‍ ഞാന്‍ സൗകര്യപ്രദമായ കുട്ടിച്ചേര്‍ക്കലുകളും മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. എനിക്കതിനുള്ള സ്വാതന്ത്ര്യം പ്രൊഡ്യൂസേര്‍സ് നല്‍കി എന്ന് വേണം പറയാന്‍.

മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള പൊതുബോധ പൊളിച്ചെഴുത്തലുകള്‍ അപൂര്‍വമാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

എല്ലാകാലത്തും സിനിമ ഒരു തെറ്റായ ദിശ അല്ലെങ്കില്‍ നമുക്ക് ഇഷ്ടപ്പെടാത്ത രീതിലേക്ക് പൊയ്‌കൊണ്ടിരിക്കുമ്പോള്‍ അതിനെ മറികടന്നുകൊണ്ട് പുതിയ ആശയങ്ങളുടെ തരംഗം ഉണ്ടായിട്ടുണ്ട്. അതിന്റെ ഒരു തുടര്‍ച്ചയാണ് ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്ന് വിശ്വസിക്കുന്നു. ഇന്നത്തെ കാലഘട്ടത്തില്‍ നമ്മള്‍ കൃത്യമായൊരു രാഷ്ട്രീയബോധത്തില്‍ ജീവിക്കേണ്ടതും അതിന്റെ ഒരു മൂല്യം നമ്മുടെ പ്രവര്‍ത്തിയില്‍ സൂക്ഷിക്കേണ്ടതും ഉണ്ട്.

നമ്മള്‍ ചെയ്യുന്ന സിനിമ എന്നത് ഒരുപാട് ആളുകളിലേക്ക് എത്തുന്ന ഒന്നാണ്. പുതുതായൊന്ന് പറഞ്ഞു കൊടുക്കാന്‍ സാധിച്ചില്ലെങ്കിലും തെറ്റായ ഒന്ന് പറഞ്ഞ് വെക്കരുതെന്ന് ആഗ്രഹിക്കുന്നുണ്ട്.

തമാശ ഒരേ സമയം കോമേര്‍ഷ്യലും അതെ സമയം മൂല്യബോധങ്ങളുടെ കൃത്യമായ രാഷ്ട്രീയവും പറഞ്ഞുവെക്കുന്നുണ്ട്. ഇതും രണ്ടും കൂടി ഒരുമിച്ചു കൊണ്ടുപോവുക എന്നത് എളുപ്പമാണോ?

ഒരു ഇന്‍ഡസ്ട്രി നിലനില്‍ക്കുന്നത് പലതരം കൊടുക്കല്‍ വാങ്ങലിലാണ്. സിനിമ എന്നത് ചെലവേറിയ ഒരു പരിപാടിയും. അതുകൊണ്ട് തന്നെ പല അഭിരുചികള്‍ ഉള്ള ഒരു സമൂഹത്തിലേക്ക് വില കൂടിയ പ്രൊഡക്ട് പോലെ ഒരു സിനിമ എത്തുമ്പോള്‍ അതിന്റെ തിരിച്ചു വരവിനെ കുറിച്ച് ആശങ്കകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ആ ആശങ്കപുറത്ത് എടുക്കുന്ന സിനിമകളില്‍ കൂടിയും കുറഞ്ഞും ഒരുപാട് വിഷയങ്ങള്‍ ഉണ്ടാവാം. മൂല്യബോധത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ എന്ന രീതിയില്‍ ഇത്തരം കാര്യങ്ങളില്‍ ഞാന്‍ ശ്രദ്ധിക്കാറില്ല.

തമാശ

ബോഡി ഷെയ്മിങ്, സോഷ്യല്‍ മീഡിയ കമന്റ് ബോക്‌സുകള്‍ തുടങ്ങിയ വിഷയങ്ങള്‍ രാഷ്ട്രീയമായും ലളിതമായും അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്ന് തോന്നുന്നുണ്ടോ ?

എനിക്ക് തോന്നുന്നു നമ്മള്‍ ഇങ്ങനെ ഒരു സ്‌ക്രിപ്റ്റ് തയ്യാറാക്കുമ്പോള്‍ തന്നെ ഒരു ഫേസ്ബുക് പോസ്റ്റ് വൈറല്‍ ആകുന്നതിന്റെ സര്‍ക്കിള്‍ എത്ര ആയിരിക്കണം,എത്ര ലൗഡ് ആയിട്ടായിരിക്കും അത് പോവുക എന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു. ബോഡി ഷെയ്മിങ്ങിന്റെ ഭാഗമായി ചുറ്റും നില്‍ക്കുന്നവര്‍ കളിയാക്കിയാല്‍ പതറിപോവുന്ന ഒരു മനുഷ്യനാണ് ശ്രീനിവാസ് (വിനയ് ഫോര്‍ട്ട്) അതുകൊണ്ട് തന്നെ ആ സാഹചര്യങ്ങള്‍ അവതരിപ്പിക്കാന്‍ ചില സൂചകങ്ങളാണ് കൂടുതല്‍ നല്ലത് എന്ന് തോന്നുന്നു.

രണ്ടാമത്, ചിന്നുവിന്റെയും ശ്രീനിവാസിന്റെയും കഥയാണ് തമാശ. അവര്‍ക്കിടയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ അവര്‍ക്കിടയില്‍ തന്നെ ഒതുക്കാം എന്ന് തീരുമാനിച്ചതും അതുകൊണ്ടാണ്. സോഷ്യല്‍ മീഡിയ കമെന്റുകള്‍ എത്രത്തോളമാണ് ഒരു വ്യക്തിയെ മാനസികമായി തകര്‍ക്കുന്നത്, ഒരാളുടെ ആത്മധൈര്യത്തെ അതെത്രത്തോളം ബാധിക്കുന്നു എന്ന് കൃത്യമായ സൂചനകളിലൂടെ അവതരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.

പ്രേമത്തിലെ വിമല്‍ സാര്‍ ആണോ തമാശയിലെ ശ്രീനിവാസന്‍ സാറിലെക്ക് വിനയ് ഫോര്‍ട്ടിനെ നിശ്ചയിക്കാന്‍ കാരണമായത്?

വിനയ് ഫോര്‍ട്ട് വളരെ മികച്ച നടനാണ്. അദ്ദേഹത്തിന്റെ സിനിമകളിലൂടെ അത് അദ്ദേഹം തെളിയിച്ചതുമാണ്. അത് മാത്രമല്ല മുടി ഇല്ലാത്തതിന്റെ ഒരു പ്രശ്‌നം വ്യക്തി ജീവിതത്തില്‍ അനുഭവിച്ചിട്ടുള്ളതുമാണ്. ഇത് രണ്ടും ഉള്ള ഒരാള്‍ എന്തുകൊണ്ടും ശ്രീനിവാസ് എന്ന കഥാപാത്രത്തിന് അനുയോജ്യനവും എന്ന് തോന്നി. ശ്രീനിവാസ് എന്ന കഥാപാത്രം ഉണ്ടായപ്പോള്‍ മുതലേ മനസ്സില്‍ വന്ന മുഖം അദ്ദേഹത്തിന്റേതായിരുന്നു. പ്രേമത്തിലെ വിമല്‍സാറിന്റെ ശരീരഭാഷ ഒരുരീതിയിലും ശ്രീനിവാസിനെ ബാധിക്കരുതെന്നായിരുന്നു ആദ്യം നല്‍കിയ നിര്‍ദ്ദേശം. അദ്ദേഹം അതിന് വേണ്ടി നിരന്തരം പ്രയത്‌നിച്ചതിന്റെ ഫലമാണ് ശ്രീനിവാസന്‍ എന്ന കഥാപാത്രത്തിന്റെ വിജയവും.

സിനിമയിലെ ഫ്രെയിമുകളും സമീര്‍ താഹിര്‍ എന്ന ക്യാമറമാനും എങ്ങനെയാണ് സിനിമയെ സ്വാധിനിച്ചത്?

സമീര്‍ താഹിര്‍ എന്ന എന്ന ക്യാമറാമാന്‍ സിനിമയിലെ ഓരോ സീനും വായിച്ച് അത് എങ്ങനെ ചെയ്യണം എന്ന് മുന്നേ നിശ്ചയിച്ചിരുന്നു. ഒരു ലൊക്കേഷനില്‍ എത്തിയാല്‍ നമ്മള്‍ അദ്ദേഹത്തിന്റെ മാജിക് കണ്ട് അങ്ങനെ നിന്നും പോവും എന്നതാണ് യാഥാര്‍ഥ്യം. മൂന്ന് പുലര്‍ച്ചകള്‍ കാത്തുനിന്ന് കിട്ടിയ ഫ്രെയിമുകള്‍ വരെ സിനിമയില്‍ ഉണ്ട്.

തമാശ

റെക്‌സ് വിജയന്‍ (മ്യൂസിക്), മുഹ്‌സിന്‍ പരാരി (വരികള്‍), ഷഹബാസ് അമന്‍ (പാടിയത്) ഈ കോമ്പിനേഷനെ കുറിച്ച്… പാടി ഞാന്‍…

പുലിക്കൂട്ടില്‍ ഹൈദര്‍ എന്ന കവി എഴുതിവെച്ച രണ്ട് വരി ശകലങ്ങള്‍ ആയിരുന്നു പാടി ഞാന്‍ എന്ന പാട്ട്. ഷഹബാസ് അമന്‍ കഥ വായിച്ചപ്പോള്‍ തന്നെ ഈ പാട്ടിനെ കുറിച്ച് പറയുകയും മുഹ്‌സിന്‍ പരാരി വരികള്‍ കൂട്ടിച്ചേര്‍ക്കുകയുമായിരുന്നു. പിന്നെ റെക്‌സ് വിജയന്റെ മ്യൂസികും .എല്ലാം കൂട്ടിക്കുഴച്ച ഒരു കോമ്പിനേഷന്‍ ആയി പാട്ടുകളെല്ലാം.

ചാന്ദിനിയില്‍ ചിന്നുവിന്റെ കണ്ടെത്തിയത് എങ്ങനെ?

ചിന്നുവിന് വേണ്ടി ഒരുപാട് അന്വേഷണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചോദിച്ച് ചോദിച്ച് ഒരുപാട് നടന്നിട്ടുണ്ട്. അവസാനം റഹ്മാന്‍ ഖാലിദ് ആണ് ചാന്ദിനിയെ നിര്‍ദ്ദേശിച്ചത്. ചാന്ദിനി നല്ലൊരു നടിയാണ്. ചിന്നുവിന്റെ മാക്‌സിമം നന്നായി ചെയ്യാന്‍ ചാന്ദിനിക്ക് സാധിച്ചിട്ടും ഉണ്ട് എന്ന് വിശ്വസിക്കുന്നു.

ഹാപ്പി അവേഴ്സിന്റെ പ്രൊഡക്ഷന്‍. ആ നാലുപേരുടെ സപ്പോര്‍ട്ട് എത്രത്തോളം സഹായിച്ചിട്ടുണ്ട്?

അവര്‍ നാലുപേരും സത്യസന്ധതയുടെ ഭികരന്മാരാണ്. സിനിമയിലായാലും സൗഹൃദത്തിലായാലും വളരെയധികം വിശ്വസിക്കുന്നവരും. എനിക്ക് അവരുടെ സുഹൃത്താവാന്‍ ഭാഗ്യം ലഭിച്ചത് കൊണ്ടാണ് ഈ സിനിമ സംഭവിക്കുന്നത്. സിനിമയിലെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ഒപ്പം നില്‍ക്കുന്നവരായിരുന്നു. എല്ലാവരുമായി ഒരു സുഹൃത്ബന്ധം ഉള്ളത് കൊണ്ട് ഒരു തുടക്കകാരന്റെ പേടിയും ആശങ്കയും ഇല്ലാതെ സിനിമ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു എന്നതില്‍ സന്തോഷമുണ്ട്.

(മാധ്യമ വിദ്യാര്‍ത്ഥിനിയാണ് ലേഖിക)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More