തട്ടീം മുട്ടീം അര്‍ജുനന്‍ സ്പീക്കിങ്‌

നടന്‍ ജയകുമാറിനെ അറിയുമോ എന്ന് ചോദിച്ചാല്‍ പലരും ഒന്ന് ആലോചിക്കും. കരുനാഗപ്പള്ളി പെരുമന പരമേശ്വരന്‍ പിള്ളയുടേയും ദേവകി അമ്മയുടേയും മകന്‍ ജയകുമാര്‍ എന്ന് പറഞ്ഞാല്‍ കരുനാഗപ്പള്ളിയിലുള്ള കുറച്ചുപേരും അദ്ദേഹത്തിന്റെ ബന്ധുക്കളും മാത്രം അറിയുമായിരിക്കും. എന്നാല്‍ മഴവില്‍ മനോരമ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടീം എന്ന സീരിയലില്‍ പൊട്ടക്കവിത എഴുതി ഒരു പണിയും ചെയ്യാന്‍ മനസ്സില്ലാതെ കഴിയുന്ന അര്‍ജുനന്‍ എന്ന കഥാപാത്രത്തെ അറിയാത്തവരായി ആരും കാണുകയില്ല.

അര്‍ജുനന്‍ മാത്രമല്ല, കറുത്തമുത്ത് എന്ന സീരിയലിലെ സദനം സദുവിനെ അറിയാത്തവരായി ആരും കാണുകയില്ല. ഇപ്പോള്‍ റിലീസ് ചെയ്ത നിങ്ങള്‍ ക്യാമറ നിരീക്ഷണത്തിലാണ് എന്ന സിനിമയിലെ മാമലക്കണ്ടം എന്ന മലയോരഗ്രാമത്തിലെ നിക്കോണ്‍ ജോസ് എന്ന മണ്ണിനോട് മല്ലടിച്ച് ജീവിക്കുന്ന നന്മയുള്ള ഫോട്ടോഗ്രാഫറായി ജയകുമാര്‍ എത്തുന്നുണ്ട്. വഴുതന, ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ തുടങ്ങിയ കുറെ ചിത്രങ്ങളിലൂടെ ഉടന്‍ തന്നെ നമുക്ക് ജയകുമാറിനെ കാണാന്‍ കഴിയും.

കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ ഇറക്കിയിരുന്ന അസാധു, ജനയുഗം തുടങ്ങിയ മാസികകളില്‍ ധാരാളം കാര്‍ട്ടൂണുകള്‍ ജയകുമാര്‍ വരച്ചിട്ടുണ്ട്. അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ജയകുമാര്‍ സര്‍വേ ഡിപ്പാര്‍ട്ട്‌മെന്റിലെ ഡെപ്യൂട്ടി ഡയറക്ടറായാണ് വിരമിച്ചത്. ജയകുമാറുമായി അഭിമുഖം.കോം പ്രതിനിധി രാജശേഖരന്‍ മുതുകുളംസംസാരിക്കുന്നു.

താങ്കള്‍ നാടകത്തിലൂടെയാണോ അഭിനയം തുടങ്ങുന്നത്?

അതെ. ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ അഭിനയം തുടങ്ങിയതാണ്. നാലാം ക്ലാസില്‍ വച്ച് ഏടാകൂടം എന്ന നാടകമാണ് ആദ്യം അഭിനയിക്കുന്നത്. സ്‌കൂള്‍ നാടകങ്ങളില്‍ ഞാന്‍ അഭിനയിക്കുമായിരുന്നു. നാടകാഭിനയത്തിന് സ്‌കൂളില്‍ വച്ച് എനിക്ക് ധാരാളം അവാര്‍ഡുകളും കിട്ടിയിട്ടുണ്ട്. ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളെജില്‍ പഠിക്കുമ്പോള്‍ എനിക്ക് മോണോആക്ടിനും നാടകത്തിനും പ്രൈസ് കിട്ടിയിരുന്നു. മോണോ ആക്ടിന് മൂന്നുവര്‍ഷവും എനിക്കായിരുന്നു ഒന്നാം സ്ഥാനം. നാടകത്തിലെ കോമേഡിയന്‍ ആയി ഫൈനല്‍ ഇയറില്‍ എനിക്ക് പ്രൈസ് കിട്ടിയിട്ടുണ്ട്.

ആദ്യകാലങ്ങളില്‍ അഭിനയിച്ച നാടകങ്ങളെ കുറിച്ച് പറയാമോ?

ഡിഗ്രി കഴിഞ്ഞ് ഞാന്‍ ബി എഡിന് ചേര്‍ന്നു. ബി എഡ് പാസായി കഴിഞ്ഞപ്പോല്‍ ജോണ്‍ എഫ് കെന്നഡി മെമ്മോറിയല്‍ സ്‌കൂളില്‍ ഗണിത അദ്ധ്യാപകനായി ജോലി കിട്ടി. ആറുമാസം കഴിഞ്ഞപ്പോള്‍ സര്‍വേയറായി ജോലി ലഭിച്ചു. 1985-ലാണ് ഞാന്‍ പ്രൊഫഷണല്‍ നാടകാഭിനയം തുടങ്ങുന്നത്. കരുനാഗപ്പള്ളി മോഹന്‍കുമാറിന്റെ യുവശക്തി തിയേറ്റേഴ്‌സിലായിരുന്നു തുടക്കം. അതിന് ശേഷം കൊല്ലം മുദ്രയില്‍ കുറെ നാള്‍ അഭിനയിച്ചു. പിന്നീട് ആറ്റിങ്ങല്‍ അനുഗ്രഹയിലായിരുന്നു. ഒടുവില്‍ തിരുവനന്തപുരം അതുല്യയില്‍ പ്രവര്‍ത്തിച്ചു. 1997 ആയപ്പോള്‍ പ്രൊഫഷണല്‍ നാടകാഭിനയം നിര്‍ത്തി. ജോലിയും നാടകവും ഒന്നിച്ചു കൊണ്ടു പോകാന്‍ ബുദ്ധിമുട്ടായതു കൊണ്ടാണ് നാടകാഭിനയം നിര്‍ത്തേണ്ടി വന്നത്.


സീരിയല്‍ അഭിനയം തുടങ്ങിയതിനെ കുറിച്ച്

നാടകാഭിനയം നിര്‍ത്തിയ ഉടനെ സീരിയലിലേക്ക് പോയതല്ല. തിരുവനന്തപുരം അതുല്യയുടെ നാടകത്തിലാണ് അവസാനം അഭിയനിച്ചത്. രാജന്‍ കിഴക്കനേല എഴുതിയ രാജശില്‍പി എന്ന നാടകത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് സിനിമ സംവിധായകനായ രാജസേനന്‍ ആയിരുന്നു. ആ നാടകത്തില്‍ എനിക്ക് മൂന്ന് വേഷങ്ങള്‍ ആയിരുന്നു. 1999-ല്‍ രാജസേനന്‍ ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന സിനിമ ചെയ്തപ്പോള്‍ എനിക്കും ഒരു വേഷം തന്നു. ആ വര്‍ഷം തന്നെ എത്തിയ ഭാഗ്യനക്ഷത്രം എന്ന സീരിയലിന്റെ പ്രൊഡ്യൂസറും ഡയറക്ടറും രാജസേനനായിരുന്നു. അതില്‍ എനിക്ക് മുഴുനീള വേഷവും കിട്ടി.

ആ വര്‍ഷം തന്നെ ഞാന്‍ ഇടുക്കിയിലേക്ക് ട്രാന്‍സ്ഫറായി. പിന്നെ കുറേനാള്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ല. 2001-ലാണ് പിന്നീട് അഭിനയിക്കുന്നത്. നീലാംബരി തുടങ്ങി ചല സീരിയലുകളില്‍ അഭിനയിച്ചു. ഇടയ്ക്ക് രാജസേനന്റെ നാടന്‍ പെണ്ണും നാട്ടുപ്രമാണിയും എന്ന സിനിമയിലും അഭിനയിച്ചു. 2002-ല്‍ രാജസേനന്റെ നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി എന്ന സിനിമയിലും എനിക്കൊരു വേഷം കിട്ടി. 2009-ല്‍ പ്രൊമോഷന്‍ കിട്ടി കാസര്‍കോഡ് പോയപ്പോള്‍ സീരിയല്‍ വീണ്ടും ബ്രേക്കായി.

ഇതിനിടയില്‍ പ്രൊമോഷന്‍ ലഭിച്ച് ഞാന്‍ സൂപ്രണ്ടായി ജോലി ചെയ്യുമ്പോള്‍ സര്‍ക്കാര്‍ അനുവാദത്തോടെയാണ് ഞാന്‍ അഭിനയം തുടര്‍ന്നത്. ആ സമയത്ത് നൊമ്പരപ്പൂവ്, കുഞ്ഞിക്കൂനന്‍, സൂര്യകാന്തി, ആലിപ്പഴം, ഓഹരി, ശ്രീഗുരുവായൂരപ്പന്‍, കുഞ്ഞാലിമരയ്ക്കാര്‍, ഓട്ടോഗ്രാഫ്, ചന്ദ്രലേഖ, പരിണയം, മാലാഖമാര്‍ തുടങ്ങിയ സീരിയലുകളില്‍ നല്ല കഥാപാത്രങ്ങളെ തന്നെ ലഭിച്ചു.

ഇപ്പോള്‍ എല്ലാവരും കാത്തിരുന്ന് കാണുന്ന തട്ടീംമുട്ടീം എന്ന സീരിയലില്‍ അഭിനയിച്ചു തുടങ്ങിയതിനെ കുറിച്ച്

മാലാഖമാര്‍ എന്ന സീരിയലില്‍ എനിക്ക് നല്ല വേഷമായിരുന്നു. ഒരു തിരികിട വേഷം അത് കോമഡിയോടൊപ്പം ഒരു വില്ലന്‍ ക്യാരക്ടര്‍ കൂടിയായിരുന്നു. 2012 ജൂലൈയിലാണ് തട്ടീംമുട്ടീം മഴവില്‍ മനോരമയില്‍ തുടങ്ങുന്നത്. അടുത്ത ജൂലൈ ആകുമ്പോള്‍ ഏഴ് വര്‍ഷമാകും. ആ സീരിയലില്‍ വന്നതോടെ ആളുകള്‍ എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഒരുപാട് സീരിയലുകളില്‍ അഭിനയിക്കുവാനായി എന്നെ വിളിക്കുന്നുണ്ട്. എല്ലാ സീരിയലിലും കൂടെ വേഷമെടുക്കാന്‍ പറ്റാത്ത അവസ്ഥയാണിപ്പോള്‍. തട്ടീംമുട്ടീം വന്നതിന് ശേഷം ധാരാളം സിനിമകളിലും വേഷം ലഭിച്ചു.

ഒരു സൂപ്പര്‍ഹിറ്റ് സിനിമയില്‍ അഭിനയിച്ച പ്രതീതിയാണ് തട്ടീംമുട്ടീം സീരിയല്‍ എനിക്ക് നല്‍കിയത്. അര്‍ജുനന്‍ എന്ന കഥാപാത്രത്തിന്റെ പേരിലാണ് ആളുകള്‍ എന്നെ തിരിച്ചറിയുന്നത്. ഞാന്‍ ഓഫീസില്‍ പോയിരുന്ന സമയത്ത് ഓഫീസില്‍ വരുന്നവര്‍ എന്നെ അത്ഭുതത്തോടെ നോക്കാറുണ്ട്. വസ്തുസംബന്ധമായ കാര്യത്തിന് വരുന്നവര്‍ എന്നെക്കണ്ട് വന്നകാര്യം പോലും മറന്ന് പോയിട്ടുമുണ്ട്.

സിനിമകള്‍ ഒരുപാട് വന്ന് തുടങ്ങി. കഥാന്തരം എന്ന ചിത്രത്തില്‍ എനിക്ക് പക്കാ സീരിയസ് വേഷമാണ് കിട്ടിയത്. പിന്നീട് സ്വര്‍ണ്ണക്കടുവ, അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഹദിയ, ചെമ്പരത്തിപ്പൂവ്, ലസാഗു ഉസാഗ, ഒരുവാതില്‍ക്കോട്ട, വിശ്വവിഖ്യാതന്മാരായ പയ്യന്‍മാര്‍, മിഡില്‍ ബഞ്ചര്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. സീരിയല്‍ കൂടാതെ സിനിമകളുടെ എണ്ണവും വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. വീട്ടില്‍ നില്‍ക്കാന്‍ സമയമില്ലാതെ ഷൂട്ടിങിന് പോകുന്നു.

ഫോട്ടോ: മനോരമഓണ്‍ലൈന്‍

ജോലിയ്ക്കു പൊയ്‌ക്കൊണ്ടിരുന്നപ്പോള്‍ അവിടേയും തമാശക്കാരനായിരുന്നോ?

അഭിനയവും ജോലിയും രണ്ടും രണ്ടാണ്. അഭിനയത്തില്‍ തമാശക്കാരനാണ്. പക്ഷേ, ഓഫീസില്‍ സഹപ്രവര്‍ത്തകരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഒരേപോലെ നല്ല പിന്തുണയാണ് തന്നത്. താലൂക്ക് സര്‍വേയര്‍ ആയിരുന്ന കാലത്ത് ചിരിക്കാന്‍ തോന്നിയപ്പോള്‍ പോലും ചിരിയൊതുക്കി നടക്കേണ്ടി വന്നിട്ടുണ്ട്.

വസ്തു തര്‍ക്കം പരിഹരിക്കാന്‍ ചെല്ലുമ്പോള്‍ ഒരക്ഷരം പോലും കൂടുതല്‍ ഉരിയാടാന്‍ പാടില്ല. അതില്‍ വളരുന്ന മരങ്ങളാണ് പ്രധാനമായും തര്‍ക്ക വിഷയമാകുന്നത്. മരം വളര്‍ന്നു പത്തു മുപ്പതു കൊല്ലം കഴിയുമ്പോഴായിരിക്കും തര്‍ക്കം മുളയ്ക്കുന്നത്. കക്ഷികള്‍ തമ്മില്‍ അടി തുടങ്ങിയാല്‍ പിന്നെ അടുത്തത് ആരെ കൈവയ്ക്കണം എന്ന ഭാവം കക്ഷിയുടെ മുഖത്ത് കണ്ടാല്‍ ഓടി രക്ഷപ്പെടുകയേ നിവൃത്തിയുള്ളൂ. അങ്ങനെ ഒന്നു രണ്ടു തവണ ഓടേണ്ടി വന്നിട്ടുണ്ട്.

തൊപ്പിയും ലാത്തിയും ഇല്ലാത്ത എസ് ഐയെപ്പോലെയാണ് സര്‍വേയര്‍. എന്തുകേട്ടാലും പ്രകോപിതനാകരുത്. ക്ഷമയും നര്‍മ്മബോധവും ജോലിക്കിടയിലെ അനുഭവങ്ങളില്‍ നിന്ന് വീണ് കിട്ടിയിട്ടുണ്ട്. പിന്നെ ഏറ്റവും താല്‍പര്യമുള്ള വിഷയത്തില്‍ തര്‍ക്കമുണ്ടാകുമ്പോഴാണ് ആളുകളുടെ തനിനിറം പുറത്തുവരുന്നത്. വസ്തു തര്‍ക്കം അതിന് ഒന്നാന്തരം ഉദാഹരണമാണ്.

സര്‍വേ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായി ഇരിക്കുമ്പോള്‍ സീരിയലിലെ അര്‍ജുനനെ ഓഫീസില്‍ കാണുമ്പോഴുള്ള പ്രതികരണം എങ്ങനെയായിരുന്നു?

നൂറുകണക്കിന് ആളുകള്‍ വരുന്ന ഓഫീസാണത്. ആദ്യമായി ഓഫീസില്‍ വരുന്നവര്‍ക്ക് ഡെപ്യൂട്ടി ഡയറക്ടറുടെ കസേരയില്‍ എന്നെ കാണുമ്പോള്‍ അമ്പരപ്പാണ്. ഇയാളെങ്ങെനെ ഇവിടെയെത്തി എന്ന മട്ടില്‍ തുറിച്ചു നോക്കും. ചിലര്‍ ചാടിക്കയറി മുറിയിലേക്ക് വരും. ആരിത് അര്‍ജുനനോ എന്ന് ചോദിക്കും.

പ്രായമായ സ്ത്രീകള്‍ വന്നാല്‍ പിന്നെ ഉപദേശമാണ്. ഇങ്ങനയായാല്‍ പറ്റില്ല. കുടുംബത്തോട് ഉത്തരവാദിത്വബോധം വേണം. ഭാര്യയെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ പഠിക്കണം. ചെറുപ്പക്കാര്‍ക്ക് അറിയേണ്ടത് സീരിയലില്‍ കോമാണിത്തരങ്ങള്‍ കാണിച്ചിട്ട് എങ്ങനെ ഇതുപോലൊരു ഓഫീസും കീഴ് ജീവനക്കാരേയും നയിച്ചു കൊണ്ട് പോകാന്‍ പറ്റുന്നു എന്നാണ്. ഇരുന്നൂറിലേറെ ജീവനക്കാരുണ്ടായിരുന്നു എന്റെ കീഴില്‍. പക്ഷേ, ഒരാള്‍ പോലും അഭിനയത്തെ കുറിച്ചോ സീരിയലിനെ കുറിച്ചോ അഭിപ്രായം പറയാറില്ല.

ഓഫീസില്‍ ഞാന്‍ സ്ട്രിക്ടാണ്. ജോലിക്കാര്യത്തിലും കുടുംബകാര്യത്തിലും ചിരിതമാശകള്‍ കുറവാണ്. വഴക്കു പറയേണ്ടിടത്ത്ത വഴക്കു പറയാനും നടപടി എടുക്കേണ്ടിടത്ത് നടപടിയെടുക്കാനും എനിക്ക് സാധിക്കുന്നത് അതുകൊണ്ടാണ്.

കെ പി എ സി ലളിതയും മഞ്ജുവും ഹാസ്യറോളുകള്‍ നന്നായി ചെയ്യുന്നവരാണ്. ഷൂട്ടിംഗിനിടയില്‍ നിങ്ങള്‍ തമാശകള്‍ കാട്ടിയിട്ടുണ്ടോ?

ലളിത ചേച്ചിയുടേയും മഞ്ജുവിന്റേയും അഭിനയ മികവ് ബോധ്യപ്പെട്ട ഒരു അനുഭവം പറയാം. ടേക്ക് ഇറ്റ് ഈസി എന്ന ചാനല്‍ പ്രോഗ്രാമിന്റെ ഒരു എപ്പിസോഡില്‍ തട്ടീംമുട്ടീം സീരിയലില്‍ അഭിനയിക്കുന്ന നടീനടന്‍മാര്‍ എന്ന നിലയില്‍ പങ്കെടുക്കാന്‍ അവസരം കിട്ടി. അത് ഒളിക്യാമറ വച്ച് ഷൂട്ട് ചെയ്യുന്ന പരിപാടിയാണ്. പരിപാടിയില്‍ പങ്കെടുക്കാന്‍ വന്ന ലളിതചേച്ചിയും മഞ്ജുവും വഴക്കിട്ടു കൊണ്ടാണ് വന്നത്. വഴക്കെന്ന് പറഞ്ഞാല്‍ അതിഭയങ്കര വഴക്ക്. ആര് ശ്രമിച്ചിട്ടും അവര്‍ വഴക്ക് നിര്‍ത്തുന്നില്ല.

ഞങ്ങളെല്ലാം പകച്ചു പോയി. തട്ടീംമുട്ടീം സീരിയല്‍ തന്നെ നിന്നു പോകുന്ന രീതിയിലാണ് രണ്ടുപേരും കൂടി വഴക്കിടുന്നത്. എല്ലാവരും ലളിതചേച്ചിയും മഞ്ജുവും കെട്ടിപ്പിടിച്ചു. ചേച്ചിയാണെങ്കില്‍ ഭയങ്കര ചിരി. ഞങ്ങളെയെല്ലാം പറ്റിച്ചതിന്റെ സന്തോഷമായിരുന്നു അവരുടെ മുഖത്ത്. വഴക്കും വക്കാണവുമെല്ലാം അവര്‍ അഭിനയിക്കുകയായിരുന്നു. വഴക്ക് അഭിനയിക്കുന്നതില്‍ ഇവരെ കഴിഞ്ഞേ ലോകത്താരുമുള്ളൂവെന്ന് തോന്നിപ്പോയി.

ജയകുമാറും ഭാര്യയും (ഫോട്ടോ: രാജശേഖരന്‍ മുതുകുളം)

ആടുകളും താങ്കളുമായി വലിയ സ്‌നേഹമാണ് എന്ന് കേട്ടിട്ടുണ്ട്. ശരിയാണോ?

അതെ. ഞാന്‍ നാല്‍പത് ആടുകളെ വളര്‍ത്തിയിട്ടുണ്ട്. ആടിനെ വളര്‍ത്തുന്നത് വളരെ രസകരവും ശ്രമകരവുമാണ്. മനുഷ്യരെ പോലെ ആടുകള്‍ക്കും വ്യത്യസ്ത സ്വഭാവമാണ്. ചില ആടുകള്‍ വീട്ടിലൊക്കെ കയറി ഇറങ്ങി നടക്കും. അടുക്കളയില്‍ വന്ന് ആഹാരം തപ്പും. ചിലതിനെ എത്ര സ്‌നേഹിച്ചാലും തിരിഞ്ഞു നോക്കാറില്ല. ആടിനെ വളര്‍ത്തുന്നത് ലാഭം കണ്ടിട്ടല്ല. വീട്ടിലേക്ക് ആവശ്യമുള്ള പാല്‍ എടുത്തിട്ട് ബാക്കി ആടിന്റെ കുട്ടികള്‍ക്കു തന്നെ കൊടുക്കുമായിരുന്നു. ഇപ്പോള്‍ വീട്ടില്‍ ഭാര്യ മാത്രമേയുള്ളൂ. അതുകാരണം ആടിനെയെല്ലാം വിറ്റു.

നാടക രംഗത്ത് രസകരമായ അനുഭവം വല്ലതും ഉണ്ടായിട്ടുണ്ടോ?

ഒരിക്കല്‍ പറവൂര്‍ ക്ഷേത്രത്തില്‍ നാടകത്തിനുപോയി. രാത്രി പതിനൊന്ന് മണിക്കാണ് പ്രോഗ്രാം. അന്ന് അവിടെ സ്റ്റേജൊന്നും ഉണ്ടായിരുന്നില്ല. പെട്ടെന്ന് തടിപിടിച്ചിട്ട് വലയ തടികള്‍ വച്ചു കെട്ടി പലകകള്‍ നിരത്തി ഒരു സ്റ്റേജ് ഉണ്ടാക്കി. സ്റ്റേജിന്റെ പുറത്ത് ചവിട്ട് വിരി ഒന്നും ഇട്ടിട്ടില്ല. ഞാനും കൂട്ടുകാരും സ്റ്റേജില്‍ കയറി നാടകം ആരംഭിച്ചു. നാടകത്തിനിടയ്ക്ക് നൃത്ത അവതരണമുണ്ട്. സ്റ്റേജില്‍ ചില ഭാഗങ്ങളില്‍ കാല് വയ്ക്കുമ്പോള്‍ മുള്ളു കൊള്ളുന്നതു പോലെ സ്റ്റേജിലുള്ളവര്‍ക്കെല്ലാം തോന്നി തുടങ്ങി.

ഞങ്ങള്‍ നാടകം നിര്‍ത്തിയിട്ട് സ്റ്റേജിന്റെ മുകള്‍ ഭാഗം പരിശോധിച്ചു ഒന്നും കാണുന്നില്ല. സ്‌റ്റേജില്‍ നിന്നിറങ്ങി സ്‌റ്റേജിന്റെ അടിവശം പരിശോധിച്ചപ്പോള്‍ കുറച്ചു കുട്ടികള്‍ സ്റ്റേജിന് അടിയിലിരുന്ന് ഈര്‍ക്കില്‍ കൊണ്ട് തടിയുടെ വിടവിലൂടെ കുത്തുകയാണ്. ഞങ്ങളുടെ കാലുകളില്‍ മുഴുവന്‍ ആ കുട്ടികള്‍ ഈര്‍ക്കില്‍ കുത്തിക്കയറ്റി. സംഘാടകര്‍ വന്ന് കുട്ടികളെ ഓടിച്ചു. നാടകത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ കാലില്‍ കുത്തു കൊണ്ട സംഭവം രസകരമായി തോന്നാറുണ്ട്.

നാടകവും സിനിമയുമായുള്ള വ്യത്യാസം

സിനിമ ഷോട്ട് ബൈ ഷോട്ടായി കുറേശെയാണ് എടുക്കുന്നത്. നാടകം കാണാതെ പഠിച്ച് രണ്ടുരണ്ടര മണിക്കൂര്‍ കാണാന്‍ ഇരിയ്ക്കുന്നവരുടെ മുന്നിലാണ് അവതരിപ്പിക്കേണ്ടത്. കാണാനിരിക്കുന്നത് അനേകായിരം ആള്‍ക്കാര്‍ ആയിരിക്കും. നാടകം നല്ലതാണൈങ്കിലും ചീത്തയാണെങ്കിലും ഇടന്‍ പ്രതികരണം കിട്ടും. കാണികള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ അതിന്റെ അനുഭൂതി അവിടെ വച്ച് കിട്ടും.

സീരിയലോ സിനിമയോ ആണെങ്കില്‍ ആ സമയത്തൊന്നും നമ്മള്‍ അറിയില്ല. സിനിമയിലും സീരിയലിലും തെറ്റുപറ്റിയാല്‍ മാറ്റിയെടുക്കാം. നാടകത്തില്‍ അഭിനയിക്കുമ്പോള്‍ തെറ്റു പറ്റാതെ സൂക്ഷിക്കണം. സിനിമയിലും നാടകത്തിലും അഭിനിയിക്കുന്നതിന് വലിയ വ്യത്യാസമുണ്ട്. നാടകത്തില്‍ കൊടുക്കുന്ന ഓവര്‍ എക്‌സ്പ്രഷനും കാര്യങ്ങളും നമുക്ക് സിനിമയിലും സീരിയലിലും ആവശ്യമില്ല. നാടകത്തില്‍ ഞെട്ടുന്നതുപോലെയുള്ള ഞെട്ടല്‍ സിനിമയിലും സീരിയലിലും ആവശ്യമില്ല. രണ്ടിലേയും അഭിനയം വ്യത്യസ്ത രീതിയില്‍ ചെയ്യണം.

അര്‍ജുനന്‍ എന്ന കഥാപാത്രത്തെ എല്ലാവരും ഇഷ്ടപ്പെട്ടോ?

അര്‍ജുനന്‍ എന്ന കഥാപാത്രത്തെ ഓരോ മലയാളിയും സ്വന്തം കുടുംബാംഗമായാണ് കാണുന്നത്. ആദ്യകാലങ്ങളില്‍ അര്‍ജുനന്‍ ആഴ്ചയില്‍ കുറച്ചു ദിവസമേ വരികയുള്ളായിരുന്നു. ഇപ്പോള്‍ ആഴ്ച മുഴുവന്‍ അര്‍ജുനന്‍ എത്തും. ഞാന്‍ പുറത്തേക്ക് പോകുമ്പോള്‍ അര്‍ജുനാ എന്ന് വിളിച്ചു കൊണ്ട് ഓടിവന്ന് കൈകളില്‍ പിടിക്കും. ഈയിടെ കോഴിക്കോട്ടുള്ള ഒരു കുടുംബത്തില്‍ നിന്നും ഒരാള്‍ വിളിച്ച് ഇങ്ങനെ പറഞ്ഞു. നിങ്ങളുടെ ജീവിതത്തിലെ അര മണിക്കൂര്‍ മാത്രമാണ് ഞങ്ങള്‍ കാണുന്നത്. അപ്പോള്‍ ബാക്കിയുള്ള സമയങ്ങളില്‍ എന്തെല്ലാം പ്രശ്‌നങ്ങള്‍ സംഭവിക്കും.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More