കടലിനു നടുവിലെ സൂഫികള്‍, ഉല്‍ക്ക വീണുണ്ടായ തടാകം: മഹാമാരി കാലത്ത് ഹരിയും ലക്ഷ്മിയും കണ്ടുതീര്‍ത്ത ഇന്ത്യ

ആധികളുടെ കാലമാണ് കൊറോണക്കാലം. ജോലി നഷ്ടപ്പെട്ടതിന്റെ, സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടതിന്റെ, അങ്ങനെ ആധികളാണ് എങ്ങും. എന്നാല്‍ മഹാമാരിക്കാലം അടിച്ചുപൊളിക്കാനുള്ള സമയമായി എടുത്ത രണ്ടുപേരുണ്ടെന്ന് അറിഞ്ഞാലോ! കൊറോണക്കാലത്ത് ‘കാര്‍ ലൈഫ്’ ലൂടെ ഇന്ത്യ ചുറ്റി നടക്കുന്ന ദമ്പതികളാണ് ഹരിയും ലക്ഷ്മിയും. തൃശൂര്‍ സ്വദേശികളായ ഇവര്‍ ഒക്ടോബര്‍ 28ന് തുടങ്ങിയ യാത്ര ഇപ്പോള്‍ എത്തിനില്‍ക്കുന്നത് ഗുജറാത്തിലാണ്. ഇതുവരെ ഏകദേശം 5000 കിലോമീറ്റര്‍ താണ്ടി ഹരിയും ലക്ഷ്മിയും ഇന്ത്യയുടെ പകുതിയോളം കണ്ടു. ഹരിയുടെയും ലക്ഷ്മിയുടെ യാത്രാജീവിതം ഇങ്ങനെ.

പ്രിയപ്പെട്ട ഹ്യൂണ്ടായ് ക്രെറ്റയില്‍ അല്ലറ ചില്ലറ മിനുക്ക് പണികള്‍ ഒക്കെ നടത്തിയെടുത്ത് തുടങ്ങിയ യാത്രയാണ്. പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ ഇവര്‍ക്ക് തോന്നിയ മോഹം ഒന്നുമല്ല ഇന്ത്യ ചുറ്റി കണ്ടു കളയാമെന്ന്. ഇരുവരുടെയും സ്‌നേഹ ബന്ധത്തിനോളം നീണ്ടതാണ് ഈ യാത്ര ജീവിതവും.

“രണ്ടാള്‍ക്കും പണ്ട് മുതലേ യാത്രകളോട് ഇഷ്ടമായിരുന്നു അങ്ങനെയാണ് ഒരുമിച്ചുള്ള യാത്രകളെ പറ്റി ചിന്തിക്കുന്നത്. കല്യാണം ഉറപ്പിച്ചത്തിനു ശേഷം ഞങ്ങള്‍ രണ്ടാളും കൂടി ആഗ്ര, ഋഷികേഷ് അങ്ങനെ കുറച്ച് സ്ഥലങ്ങളില്‍ ഒരു 10 ദിവസം യാത്ര പോയി. അതായിരുന്നു ആദ്യ യാത്ര. അന്നേ രണ്ടുപേരുടേയും വീട്ടുകാരും നല്ല സപ്പോര്‍ട്ടാണ്. കൊറോണ വന്നതിനു ശേഷം ഒന്നും ചെയ്യാനില്ലാതെ ഇരുന്നപ്പോഴാണ് ഒരുമിച്ചുള്ള യാത്രകളെ പറ്റി വീണ്ടും ചിന്തിക്കുന്നത്,” ഹരിയും ലക്ഷ്മിയും പറഞ്ഞു.

ഇപ്പോ ഒരു വര്‍ഷം കഴിയുന്നു കല്ല്യാണം കഴിഞ്ഞിട്ട്. ഇതിനിടയില്‍ ഞങ്ങള്‍ റ്റിന്‍ പിന്‍ സ്റ്റോറീസ് എന്ന വ്‌ലോഗ് തുടങ്ങി. ലക്ഷ്മിക്ക് റ്റിന്‍ പിന്‍ സ്റ്റോര്‍ എന്ന ക്ലോത്തിങ് സ്റ്റോര്‍ ഉണ്ട്. ഞാന്‍ സെയില്‍സില്‍ ആയിരുന്നു. ഇപ്പോ ജോലി ഉപേക്ഷിച്ചാണ് യാത്രക്ക് ഇറങ്ങിത്തിരിച്ചത്. രണ്ട് മാസം കൊണ്ട് പോയി തിരിച്ചു വരാനാണ് തുടക്കത്തില്‍ തീരുമാനിച്ചിരുന്നത്. പക്ഷേ യാത്ര ഇനിയും നീളും. ഓരോ സ്ഥലങ്ങളിലും ഒരാഴ്ചയോളം തങ്ങും. രാത്രിയാകുമ്പോ ഏതെങ്കിലും പെട്രോള്‍ പമ്പില്‍ വണ്ടിയൊതുക്കും. വീണ്ടും രാവിലെ യാത്ര തുടങ്ങും. പാചകം ഒക്കെ ഞങ്ങള്‍ തന്നെയാണ്. അന്ന് കാര്‍ സെറ്റ് ചെയ്തപ്പോ ഒരു ചെറിയ ഗ്യാസ് സ്റ്റൗവ് ശരിയാക്കി വെച്ചിരുന്നു . ഇപ്പോ ഈ യാത്ര ഒരു ലഹരി ആയി മാറി. നിര്‍ത്താനേ തോന്നുന്നില്ല.’ ഹരി പറയുന്നു.

tinpin-stories-hari-and-lek

കടല്‍ പൂത്ത രാത്രിയോര്‍മ്മകള്‍

ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്ന് കാണാന്‍ സാധിച്ചത് ഗോകര്‍ണത്തെ കുഡില്‍ ബീച്ചിലാണ്. കവര് പൂത്ത് നില്‍ക്കുന്നത് മറക്കാനാകാത്ത കാഴ്ചയായിരുന്നു. കുമ്പളങ്ങി നൈറ്റ്സ് കണ്ട ആരും ആ കാഴ്ച മറക്കാന്‍ സാധ്യതയില്ല. ഇളം നീലനിറത്തില്‍ തിരയിലേക്ക് ഇരച്ചു കയറുന്ന തിരമാലകള്‍. ദൂരേക്ക് നോക്കുമ്പോള്‍ നീല ചായം കലര്‍ന്ന പോലെയുള്ള ഓളങ്ങള്‍.

നവംബറിന്റെ തുടക്കത്തില്‍ മാത്രമേ ഇവിടെ ഇത്തരത്തില്‍ ഒരു കാഴ്ച കാണാന്‍ സാധിക്കു. അതൊന്നു വ്യക്തമായി കാണാന്‍ രാത്രി വരെ ഞങ്ങള്‍ക്ക് കാത്തിരിക്കേണ്ടി വന്നു. ഒടുവില്‍ പ്രകാശം കുറയും തോറും കവര് കൂടുതല്‍ വ്യക്തമായി തുടങ്ങി. ഒപ്പം ഈ പ്രതിഭാസം ഞങ്ങളുടെ യൂട്യൂബ് ചാനലായ റ്റിന്‍ പിന്‍ സ്റ്റോറിസില്‍ അപ്ലോഡ് ചെയ്യാന്‍ വേണ്ടി കുറച്ച് വീഡിയോയും എടുത്തു.

ഓരോ സ്ഥലങ്ങളിലെയും പ്രത്യേകതകള്‍ അന്വേഷിച്ചറിഞ്ഞ് അതിന്റെ ചരിത്രം തിരഞ്ഞ് കണ്ടുപിടിക്കാറുണ്ട്. റ്റിന്‍ പിന്‍ സ്റ്റോറീസില്‍ ഇടാന്‍ വേണ്ടിയാണ്. വെറും കാഴ്ചകള്‍ മാത്രമല്ല ഒപ്പം ചരിത്രവും കൂടിയാകുമ്പോ ആളുകള്‍ക്ക് കൂടുതല്‍ രസകരമായി തോന്നും. അങ്ങനെ യാത്രക്കിടെ ഇട്ട വീഡിയോയില്‍ വന്ന കമന്റില്‍ നിന്നാണ് യെല്ലാപൂരെ ഗോത്ര വിഭാഗക്കാരായ സിദ്ദികളെ കുറിച്ച് അറിയുന്നതും കാണാന്‍ പോകാന്‍ തീരുമാനിക്കുന്നതും.

വഴിനീളെ സൂര്യ കാന്തി പൂക്കള്‍ വിരിയിച്ചാണ് യെല്ലാപ്പൂര്‍ ഞങ്ങളെ വരവേറ്റത്. ഒപ്പം വണ്ടി പോകുന്ന വഴി നീളെ പരുത്തി ചെടികളും. തേന്‍ ശേഖരണവും കൃഷിയുമായി ജീവിക്കുന്നവരാണ് സിദ്ദികള്‍. ഇന്ത്യയിലെ തന്നെ ആഫ്രിക്കന്‍ വംശജര്‍.

ഈ ഗോത്ര വിഭാഗത്തില്‍ നിന്ന് ആദ്യമായി എം എല്‍ എ ആയ വ്യക്തിയെയും ഞങ്ങള്‍ യാത്രക്കിടെ പരിചയപെട്ടിരുന്നു. കാട്ടില്‍ പോയി ഉറുമ്പിനെ കൊണ്ടുവന്ന് തേങ്ങയും ചേര്‍ത്ത് ഒരു തരം ചമ്മന്തി ഉണ്ടാക്കും ഇവിടത്തുകാര്‍. ഇത് രോഗം തടയാന്‍ സഹായിക്കും എന്നണ് ഇവരുടെ വിശ്വാസം.എന്തായാലും ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ അത് തീര്‍ന്നു പോയിരുന്നു.

കടലിനു നടുവിലെ സൂഫികള്‍

പിന്നീടുള്ള യാത്ര ഹാജി അലി ദര്‍ഗയിലേക്കായിരുന്നു. കടലിനു നടുവില്‍ ഒരു ചെറിയ ദ്വീപ്, അവിടെയാണ് ദര്‍ഗ. ഇവിടേക്ക് പോകാന്‍ കടലിന് നടുവില്‍ കൂടി ഒരു പാലം ഉണ്ട് . വലിയ തിരകള്‍ വന്നാല്‍ പിന്നെ അങ്ങോട്ട് പോകാന്‍ പറ്റില്ല. വരുന്ന വഴിയിലൊക്കെ ചെറിയ ചാറ്റല്‍ മഴയുണ്ടായിരുന്നു. വേലിയേറ്റം ഉണ്ടാകുമോ എന്ന പേടിയുണ്ടായിരുന്നു. പക്ഷേ കുഴപ്പമില്ലായിരുന്നു. അവിടെ ഒക്കെ നടന്നു കണ്ട് പിന്നെ പോയത് ധോബി ഘാട്ടിലേക്കാണ്.

മുംബൈ നഗരത്തിലെ വസ്ത്രങ്ങള്‍ മുഴുവന്‍ അലക്കുന്നത് ഇവിടെയാണ്. ഏഴ് ഏക്കറോളം വിശാലമായി കിടക്കുന്ന ഇടം. അലക്കിയതും അലക്കാനുള്ളതുമായ നിറയെ തുണികള്‍. 800ഓളം കുടുംബങ്ങള്‍ അലക്കു പണി ജീവിതമാര്‍ഗമായി സ്വീകരിച്ചു ഇവിടെ പണിയെടുക്കുന്നുണ്ട്. ഒരുപാട് സിനിമകളുടെ ചിത്രീകരണം ഇവിടെ നടന്നിട്ടുണ്ട്.

ഉല്‍ക്ക വീണുണ്ടായ തടാകവും കവാടങ്ങളുടെ നഗരവും

ലോണാര്‍ തടാകം ആയിരുന്നു ഞങ്ങളുടെ അടുത്ത ലക്ഷ്യം. ഉല്‍ക്ക പതിച്ചുണ്ടായ കുഴി പിന്നീട് തടാകമായി മാറി. ചുറ്റും യാദവ ക്ഷേത്രങ്ങള്‍. പക്ഷി നിരീക്ഷണത്തിന് താല്പര്യമുള്ളവര്‍ക്ക് പറ്റിയ സ്ഥലമാണിത്. ഇതുപോലത്തെ തടാകങ്ങള്‍ ലോകത്ത് ആകെ നാല് എണ്ണം മാത്രമാണ് ഉള്ളത്. ഈ ജൂണില്‍ ഇതിലെ വെള്ളം മുഴുവന്‍ ചുവപ്പ് നിറമായി മാറിയതായിരുന്നു. തടാകത്തിന്റെ ചുറ്റും ചതുപ്പ് നിലമാണ്.

അവിടെ നിന്നും ഹരിയും ലക്ഷ്മിയും പോയത് ഔറംഗാബാദിലേക്കാണ്. കവാടങ്ങളുടെ നഗരം എന്നാണ് ഔറംഗാബാദിനെ വിശേഷിപ്പിക്കുന്നത്. 52 ഓളം കവാടങ്ങള്‍ ഇവിടെ ഉണ്ട്. അതില്‍ കുറെ ഒക്കെ നശിച്ചു പോയിരിക്കുന്നു. എല്ലാം കാണാന്‍ പറ്റില്ലെങ്കിലും അവിടത്തെ ഏറ്റവും വലുപ്പമുള്ളതും പഴക്കം ചെന്നതുമായി ബട്കല്‍ ഗേറ്റില്‍ പോകാന്‍ സാധിച്ചു. മുകള്‍ ചക്രവര്‍ത്തിമാര്‍ യുദ്ധം ജയിച്ചതിന്റെ പേരിലും സുരക്ഷക്കും വേണ്ടിയും കെട്ടിയതാണ് ഭൂരിഭാഗം കവാടങ്ങളും. അതില്‍ ഡല്‍ഹി ഗേറ്റ് ആണ് ഏറ്റവും ഫേമസ്.

നൂറ്റിയമ്പത് അടി പൊക്കമുള്ള ക്ഷേത്രം

ഔറംഗാബാദില്‍ നിന്ന് പിന്നെ എല്ലോറയിലേക്കാണ് പോയത്. പോകുന്ന വഴി നീളെ ഇഞ്ചിയുടെയും കരിമ്പിന്റെയും പാടങ്ങളാണ്. എല്ലോറയില്‍ ഏകദേശം നൂറോളം ഗുഹകള്‍ ഉണ്ട്. അതില്‍ കുറച്ച് മാത്രമാണ് പൊതുജനത്തിന് കയറാന്‍ തുറന്ന് കൊടുത്തിട്ടുള്ളത്. ഞങ്ങള്‍ അവിടത്തെ ഏറ്റവും വലിയ കൈലാസ ക്ഷേത്രത്തില്‍ പോയി.

കൊറോണ ആയിട്ടും നല്ല തിരക്കായിരുന്നു അവിടെ. 150 അടിയോളം പൊക്കമുണ്ട്. അങ്ങനെ രണ്ട് മാസം നീണ്ട ഈ യാത്ര ഇപ്പോ ഗുജറാത്തില്‍ എത്തി നില്‍ക്കുന്നു. ഇനിയും ഒരുപാട് പോണം. പുതിയ വഴികള്‍ ഒക്കെ തിരഞ്ഞു പിടിച്ച് പോകുമ്പോ വല്ലാത്തൊരു ത്രില്ലാണ്.

കടലിനു നടുവിലെ സൂഫികള്‍, ഉല്‍ക്ക വീണുണ്ടായ തടാകം: മഹാമാരി കാലത്ത് ഹരിയും ലക്ഷ്മിയും കണ്ടുതീര്‍ത്ത ഇന്ത്യ 1

ബോംബെയുടെ നൊസ്റ്റാള്‍ജിയ

ഓരോ നാടിന്റെയും സംസ്‌കാരം പൂര്‍ണമായി അറിയണം എങ്കില്‍ അവരുടെ ഭക്ഷണവും രുചിച്ചറിയേണ്ടതുണ്ട്. ഞങ്ങള്‍ പോകുന്ന സ്ഥലത്ത് നിന്നെല്ലാം അവിടത്തെ ഭക്ഷണ വിഭവങ്ങളും പരീക്ഷിക്കാറുണ്ട്. മഹാരാഷ്ട്രിയന്‍ താലി, കോല്‍ഹാപ്പൂര്‍മിസ്സല്‍ .കോലാപ്പൂരുകാരുടെ പ്രഭാത ഭക്ഷണമാണ് മിസ്സല്‍ പാവ്. പയറും തേങ്ങയും ഒക്കെ ചേര്‍ത്ത ഒരു രസികന്‍ സാധനം. ബ്രെഡിന്റെ കൂടയാണ് ഇത് കഴിക്കുന്നത്. ബദാമിയില്‍ നിന്ന് ഘടക്ക് റൊട്ടി കഴിച്ചു. അവിടെ മാത്രം കിട്ടുന്ന അവിടത്തെ സ്പെഷ്യല്‍ ആണത്.

ബോംബെയില്‍ വന്നവര്‍ക്ക് ഒരു നൊസ്റ്റാള്‍ജിയ ആണ് വട പാവ്. ഔറംഗാബാദിലെ ഫുഡ് നല്ല ടേസ്റ്റിയാണ്. അവിടത്തെ സ്പെഷ്യല്‍ നാന്‍ ഖാലിയ ആണ്. ഞങ്ങള്‍ അവിടത്തെ മൂണ്‍ ലൈറ്റ് എന്ന ഒരു പേരുകേട്ട റസ്റ്റോറന്റില്‍ പോയാണ് അത് കഴിച്ചത്. 1981 തുടങ്ങിയ അന്ന് മുതല്‍ ഇന്ന് വരെയും ദിവസവും 10 കിലോ നാന്‍ ഖാലിയ ഇവര്‍ വില്‍ക്കുന്നുണ്ട്. മുഗള്‍ ചക്രവര്‍ത്തിമാരുടെ കാലത്ത് പട്ടാളക്കാര്‍ക്ക് കഴിക്കാനായിരുന്നു പ്രധാനമായും ഇതുണ്ടാക്കിയിരുന്നത്.

ബോംബയില്‍ പാനുകള്‍ക്ക് പേരുകേട്ട താരാ പാന്‍ ഷോപ്പിലും ഞങ്ങള്‍ പോയി. ഏഴ് രൂപ മുതല്‍ 50,000 രൂപ വരെയുള്ള പാന്‍ ഇവിടെ വില്‍ക്കുന്നുണ്ട്. അതിലെ കൂട്ടുകള്‍ ഒക്കെ രഹസ്യമാണ്. ഹണിമൂണ്‍ പാന്‍ ആണ് അതില്‍ ഏറ്റവും വിലകൂടിയത്. ഇതില്‍ ചേര്‍ക്കുന്ന ഒരു കിലോ കസ്തൂരിക്ക് ഏകദേശം 70 ലക്ഷം വില വരും.

സ്ഥലങ്ങള്‍ തീരുമാനിക്കാത്ത യാത്ര

ഞങ്ങള്‍ അങ്ങനെ പോകനുള്ള സ്ഥലങ്ങള്‍ ഒന്നും തീരുമാനിച്ചിട്ടില്ല. ഓരോ സംസ്ഥാനങ്ങള്‍ കടക്കുമ്പോഴും അവിടത്തെ പ്രധാന സ്ഥലങ്ങള്‍ കാണാന്‍ ശ്രമിക്കാറുണ്ട്. ആളുകള്‍ പറയുന്ന പോലെ യാത്രക്കിടെ വലിയ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നു. അതിര്‍ത്തികളില്‍ പരിശോധന നടത്തുമ്പോള്‍ മാസ്‌ക് നോക്കും. ഒപ്പം വിവാഹ സര്‍ട്ടിഫിക്കറ്റ് ചോദിക്കും.

പിന്നെ താലി എവിടെ, സിന്ദൂരം എവിടെ എന്ന കുറെ ചോദ്യങ്ങളും. ഗ്രാമങ്ങളിലൂടെയാണ് ഞങ്ങളുടെ അധികവും യാത്രകള്‍. ഉള്‍പ്രദേശങ്ങളിലെ കുറേ ആളുകള്‍ മാസ്‌ക് ഒന്നും വയ്ക്കാറില്ല. കാറില്‍ ആയത് കൊണ്ട് ഞങ്ങള്‍ക്ക് കോറോണയെ പറ്റി പേടിയില്ലായിരുന്നു. രണ്ട് മാസം കൊണ്ട് തീര്‍ക്കണം എന്ന് പ്ലാന്‍ ചെയ്ത് ട്രിപ്പായിരുന്നു ഇത് . ഇപ്പോ അതൊക്കെ കഴിഞ്ഞു. ഇനിയും നീളും. ഈ യാത്ര ഒരുപാട് സന്തോഷം തരുന്നുണ്ട്.

അതുകൊണ്ട് ഇനിയിപ്പോള്‍ പ്ലാന്‍ ഒന്നുമില്ല പറ്റുന്നിടത്തോളം പോകണം എന്നാണ്. റ്റിന്‍ പിന്‍ സ്റ്റോറില്‍ നിന്നും റ്റിന്‍ പിന്‍ സ്റ്റോറീസില്‍ നിന്നും ഇപ്പോ കുറച്ച് വരുമാനമൊക്കെ കിട്ടുന്നുണ്ട് . ഇതുവരെ ഏകദേശം 20000 രൂപക്ക് പെട്രോള്‍ അടിച്ചിട്ടുണ്ടാകും. ഇനിയും ദൂരങ്ങള്‍ ഒരുപാടുണ്ടല്ലോ. ഇത് കഴിഞ്ഞു ഇന്ത്യക്ക് പുറത്തും പോകണം എന്നും ആഗ്രഹമുണ്ട്.

# ഹരിയും ലക്ഷ്മിയും

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More